അവനു വേണ്ടി എൻ്റെ കൈപ്പടയിൽ ഞാൻ എഴുതിച്ചേർത്തു. അവനൊരിക്കലും, ശൃംഗാരങ്ങളുടെ വക്താവായിരുന്നില്ല. അവനു പറയാനുള്ളതെല്ലാം………

അവനും ഞാനും

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അവനും ഞാനും ഏറ്റവുമടുത്ത കൂട്ടുകാരായിരുന്നു. ഇണപിരിയാത്ത സുഹൃത്തുക്കൾ. ഒരിക്കൽ അവൻ എന്നോടു പറഞ്ഞു.

”രഘൂ, ഞാനൊരു പെൺകുട്ടിയേക്കുറിച്ചു നിന്നോടു പറയാറില്ലേ? അവളോട്, എൻ്റെയിഷ്ടം പറയണം. നേരിട്ടു പറയാൻ വയ്യാ. നീ, ഭംഗീല് ഒരെഴുത്തെഴുത്. നമുക്ക്, എങ്ങനെയെങ്കിലും അത് അവളുടെ കയ്യിലെത്തിക്കാം”

പത്തൊൻപതു വർഷം മുൻപ്, ഒരു തുലാമാസ രാത്രിയിലാണ്, ഞാനും അവനും ഒന്നിച്ചിരുന്ന്, ഒരു കത്തു ചമയ്ക്കുന്നത്..വരയില്ലാത്ത കടലാസും,.വരണ്ട മഷിയുള്ള പേനയുമായി ഞങ്ങൾ ഉമ്മറത്തിരുന്നു..മഴ ആർത്തിരമ്പി പെയ്യുന്നുണ്ട്.. ചീറിയടിച്ച കാറ്റിൽ, മണ്ണെണ്ണ വിളക്കണഞ്ഞു..ഒന്നല്ല, ഒട്ടനവധി തവണ!!.മഴപ്പിശറിൽ വെളുത്ത കടലാസിൽ, ഈറൻ പടർന്നു.

“ഡാ ഉത്തമാ, നീയെന്തൂട്ടെങ്കിലും എഴുതി,.തുടക്കം വയ്ക്ക്. ‘നോക്കൗട്ട് ബി യർ’ കഴിയാറായിട്ടാ, ഇതു കഴിയുമ്പോളേക്കും,.നമ്മള് മിക്കവാറും ഇടിവെട്ടു കൊണ്ടു ചാവും”

ഞാനതിനു മറുപടി പറഞ്ഞില്ല. പൊട്ടക്കവിതക്കളും, കഥകളും എഴുതി പുസ്തകത്താളുകൾ തീർത്തിട്ടുണ്ട്എ ന്നല്ലാതെ, ഞാനൊരു പ്രണയലേഖനം ഇതുവരേ എഴുതിയിട്ടില്ല, എങ്ങനെ ആയിരിക്കണം ആദ്യവരികൾ??

തണുപ്പു നഷ്ട്ടപ്പെട്ടു കയ്ച്ച ബി യറിൽ നിന്നും, ഒരു കവിൾ കൂടി നുകർന്നു, വീണ്ടും ചിന്തകളിലമർന്നു. വുഅവൻ്റെ ബി യറായിരുന്നിട്ടും, അവൻ പ്രതിഷേധിച്ചില്ല. എൻ്റെ സിരകളിൽ നേർത്ത ല ഹരി പടരുമ്പോൾ, കടലാസിലേക്കു പകരുന്നത് തീഷ്ണവും, ജീവിതഗന്ധിയുമായ ഒരു പ്രേമാഭ്യർത്ഥനയാകുമെങ്കിലോ. അവൻ പ്രതീക്ഷയോടെ കാത്തിരുന്നു.

ഞാൻ ആദ്യത്തെ വരിയെഴുതി. അവളുടെ പേരെഴുതി അഭിസംബോധന ചെയ്തു കൊണ്ട്. അമിതമായ ആശങ്ക കൊണ്ടാകാം, ആദ്യത്തെ അക്ഷരം, തീർത്തും തെളിഞ്ഞില്ല. പേന ഒന്നുകൂടി കുടഞ്ഞ്, വീണ്ടുമെഴുതി. അക്ഷരങ്ങൾ പ്രവഹിക്കയായി.

” ഇഷ്ടമാണ്, ഏറെ…. തിരിച്ചും അങ്ങനേത്തന്നേ എന്നു കരുതുന്നു. ഇഷ്ടം നേടാൻ, എന്തു ത്യാഗത്തിനും ഒരുക്കമാണ്”

ഇത്രമാത്രം ഇതിവൃത്തമുള്ള, കാര്യപ്രസക്തമായ വരികളിൽ, കത്തു പൂർത്തിയാക്കി. കീഴേ, അവൻ്റെ പേരും ചേർത്തു..എഴുത്തിനിടയിൽ ബിയറിറ്റു വീണോ എന്ന സംശയം ദൂരികരിക്കാൻ, ‘കുട്ടിക്കൂറാ’ പൗഡർ കടലാസിലിട്ടു, ഊതിപ്പറത്തിയ ശേഷം അസ്സലായി മടക്കി വച്ചു. മഴ തിമിർത്തു പെയ്തു കൊണ്ടിരുന്നു..അവൻ്റെ മോഹങ്ങളിലും, പുതുമഴ വീണു നിറവഴിഞ്ഞു.

എഴുത്തിനേക്കാൾ കേമമായ പരിശ്രമം വേണ്ടി വന്നു, അത് ഉദ്ദേശിച്ച കരങ്ങളിലെത്തിക്കാൻ. അവൻ്റെ നെഞ്ചിലെ തുടിപ്പുകൾക്ക് ആവേഗം പകർന്ന്, പ്രഭാതം നട്ടുച്ചയിലേക്കും, സായന്തനത്തിലേക്കും സഞ്ചരിച്ചു..മൂടിക്കെട്ടിയ, ഏതു നിമിഷവും പെയ്യാൻ വിങ്ങിയ ഒരാകാശത്തിൻ കീഴെ ഞങ്ങൾ നിന്നു. അകലേ നിന്നും, മറുപടിയുമായി അവളുടെ പ്രിയ ബന്ധു അരികിലെത്തി..ഒരു കടലാസു തുണ്ട് അവനു നേർക്കു നീട്ടി. ദൂതും പേറി വന്നയാൾ മടങ്ങിയിട്ടേ, ഞങ്ങൾ ആ കടലാസു തുണ്ടു നിവർത്തിയുള്ളൂ. നാലാക്കി മടക്കിയ ആ പേപ്പറിൽ, ഇളംനീല മഷികൊണ്ട് വെടിപ്പുള്ള കയ്യക്ഷരത്തിൽ ഇത്രമാത്രം എഴുതിയിരിക്കുന്നു.

“എനിക്കും, ഇഷ്ടമാണ്… ഒരുപാട്, ഒരുപാടൊരുപാട്”

സ്വതേ സുന്ദരനായ അവൻ്റെ മുഖത്ത്, അന്തിച്ചുവപ്പ് മൊത്തമായി പടരുന്നതായി എനിക്കു തോന്നി. അവൻ നിന്ന നിൽപ്പിൽ, ഒരു ചെന്താരകമായിരിക്കുന്നു. പ്രണയിക്കപ്പെടുന്നു എന്നറിയുമ്പോൾ, ഒരാൾ ഇത്രയധികം ചാരുതയേന്തുമോ? ഞങ്ങൾ, നാട്ടുപാതയിലൂടെ തിരികേ നടന്നു. അവൻ അശ്വമേധം പൂർത്തിയാക്കിയവനേപ്പോലെ ഉൻമത്തനായിരുന്നു. അവൻ്റെ ഹർഷങ്ങളുടെ സാരഥിയായി ഞാനും ഒപ്പം സഞ്ചരിച്ചു. തുലാമഴ പെയ്തു. ഉടലിനേ പെരുമഴ പൊതിഞ്ഞപ്പോഴും, അവൻ്റെ പഴ്സിലെ ഭദ്രതയിൽ ആ മറുപടിക്കത്തിരിപ്പുണ്ടായിരുന്നു.

“എടാ, നീയൊരു കത്തെഴുതിത്തരണം”

ഒരാഴ്ച്ചയ്ക്കു ശേഷം, അവൻ ആവശ്യപ്പെട്ടു.

“ഇനി ഞാനെന്തിനെഴുതണം, നീയെഴുതിക്കോ, ഇനി ഭാവനയുടെ കാര്യങ്ങളില്ലല്ലോ; നാട്ടുവർത്തമാനങ്ങളും, വിശേഷങ്ങളുമെഴുതാൻ പ്രത്യേകിച്ച് ഒരു ഭാഷ വേണ്ടല്ലോ, നീ ധൈര്യമായി എഴുതൂ”

അവൻ, ഒന്നാലോചിച്ചു. എന്നിട്ട് പതിയേ പറഞ്ഞു. ഇപ്പോളവൻ്റെ സ്വരത്തിൽ, മിതത്വവും കാര്യഗൗരവവും സമന്വയിച്ചിരുന്നു.

“ഡാ ഉത്തമാ, നിൻ്റെ കയ്യക്ഷരം നിന്നേപ്പോലെ ഉരുണ്ടതല്ലേ? എൻ്റേതോ? കോഴി, നെല്ലു ചികഞ്ഞ മാതിരിയും. ഇനി ഞാനെഴുതിയാൽ പിടിക്കപ്പെടും, തുടക്കത്തിലേത്തന്നേ ‘ഫ്രോഡ്’ ആകും. നീ തന്നെ എഴുതണം.”

അതൊരു ആരംഭമായിരുന്നു നാട്ടുവിശേഷങ്ങളും, ഹൃദയനന്മകളും, ഭാവി വിചിന്തനങ്ങളും, അവൻ പറഞ്ഞതെല്ലാം, അവനു വേണ്ടി എൻ്റെ കൈപ്പടയിൽ ഞാൻ എഴുതിച്ചേർത്തു. അവനൊരിക്കലും, ശൃംഗാരങ്ങളുടെ വക്താവായിരുന്നില്ല. അവനു പറയാനുള്ളതെല്ലാം, നടന്ന സംഭവങ്ങളേ ക്കുറിച്ചായിരുന്നു. അതിൽ, ഭാവനകളും, അതിശയോക്തിയും തെല്ലുപോലും കലർന്നിരുന്നില്ല.

ഋതുക്കൾ എത്രയോ മാറി വന്നു, കാലവർഷം, നിദാഘത്തിലേക്കും, ശിശിരക്കുളിരിലേക്കും, ആവണിയുടെ സമൃദ്ധിയിലേക്കു മെല്ലാം മാറി മാറി സഞ്ചരിച്ചു. നീണ്ട കാലങ്ങൾ. അവനു കൂട്ടായി എന്നും ഞാനുണ്ടായിരുന്നു. ചിലപ്പോൾ ഞാനവനോടു പറയാറുണ്ട്,

“ഞാൻ കൂടെയുള്ളപ്പോൾ നിൻ്റെ മാറ്റു കൂടുന്നുവെന്ന്”

ചില മോഹൻലാൽ ചിത്രങ്ങളിലെ ശ്രീനിവാസൻ കണക്കേ, ജുവല്ലറിയിലെ ആഭരണത്തട്ടിലേ ഇരുണ്ട വെൽവെറ്റു തുണി കണക്കേ, അവൻ്റെ മാറ്റു കൂട്ടി ഞാനെന്നും കൂടെയുണ്ടായിരുന്നു.

അവൻ, ആ കയ്യക്ഷരത്തിൻ്റെ ഉടമയേ ഭദ്രമായി മറച്ചു വച്ചു..

ആ രഹസ്യം, പുറത്തു പറഞ്ഞതും ഞാനാണ്. അവരുടെ വിവാഹദിനത്തിൻ്റെ സന്ധ്യയിൽ, കൂട്ടുകാരുടെ ഹർഷങ്ങൾക്കും, ല ഹരികൾക്കുമിടയിൽ അവളോടു ഞാൻ പറഞ്ഞു.

“ആ നിരയില്ലാത്ത കയ്യക്ഷരങ്ങൾ എൻ്റേതാണ്”

അവളതു കേട്ട്, അവനെ നോക്കിച്ചിരിച്ചു. ഏറെ ഹൃദ്യമായി. അവനൊന്ന് ചമ്മിയെങ്കിലും, പുഞ്ചിരിച്ചു.

നീണ്ട പത്തൊമ്പതു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. അവരിപ്പോഴും സുഖമായി വാഴുന്നു. മക്കളുമൊത്ത്. പുഞ്ചിരി വാടാതെ, മിഴിനീരിൽ വീഴാതെ, സ്വസ്ഥം, സുഭദ്രം.

ഇവിടെ ഞാനും,അതുപോലെത്തന്നേ…..