എഴുത്ത്:- സൽമാൻ സാലി
ഇക്കു…. ങ്ങക്ക് കൊറച്ചീസം കൂടി കഴിഞ്ഞിട്ട് പോയാ പോരെ…?
തിരിച്ചു ഗൾഫിലേക്ക് പോരാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഓള് നെഞ്ചിൽ തലവെച്ചു കിടന്നുകൊണ്ട് ചോദിക്കുമ്പോൾ എല്ലാ വർഷവും കൊടുക്കുന്നു അതെ മറുപടി തന്നെ അവൾക് കൊടുത്തു…
“”എന്ത് ചോദ്യ ഫിദു… നിനക്കറിഞ്ഞൂടെ കമ്പനിയിൽ ഒരു ദിവസം പോലും ലേറ്റ് ആയാൽ ഉള്ള അവസ്ഥ…
വർഷത്തിൽ എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ഒരു മാസത്തെ ലീവ് ഒരാഴ്ച്ചയുടെ വേഗത്തിലാണ് കഴിഞ്ഞു പോകുന്നത്…
തിരിച്ചു പോക്ക് അടുത്താൽ പിന്നെ രാത്രി ഇങ്ങനെ ആണ്.. സങ്കടം പറഞ്ഞു സമയം പോകുന്നത് അറിയൂല.. ഒന്ന് കണ്ണടക്കുമ്പോളേക്കും സുബഹി ബാങ്ക് കൊടുത്തിട്ടുണ്ടാകും…
അല്ല ഓളെ പറഞ്ഞിട്ടും കാര്യമില്ല.. ഒരു വർഷം കാത്തിരുന്നാൽ കിട്ടുന്നത് ഒരു മാസമാണ്…
അതിൽ തന്നെ ഒന്നടുത്ത് കിട്ടുന്നത് കുറച്ചു നേരം മാത്രം…
രാവിലെ സുബഹി നിസ്കാരം കഴിഞ്ഞാൽ പിന്നെ ഓള് പണിക്ക് കേറും.. ഞാൻ പിന്നേം മോളെ അടുത്ത് കിടന്നുറങ്ങി എണീക്കുമ്പോളേക്കും രാവിലെക്ക് ഉള്ള ചായ റെഡിയാക്കണം… അത് കഴിച്ചു കഴിഞ്ഞാൽ പത്രങ്ങൾ ഒക്കെ കഴുകി അടുക്കള തുടച്ചു വൃത്തിയാക്കിയ ശേഷം മാത്രമേ ചോറിനുള്ള പണി തുടങ്ങൂ …
അതെങ്ങനാ എല്ലാം ഒന്നിച്ചു ചെയ്താൽ പോരെ എന്ന് ചോദിച്ചാൽ അത് ശരിയാവൂല.. ഇച്ചിരി വെടുപ്പും വൃത്തിയും കൂടുതൽ ആണ് ഓൾക്ക്
ലീവിന് വന്ന് അടുക്കളെന്ന് തിരിഞ്ഞു കളിക്കുന്ന എന്നേ കണ്ട് പുറത്തേക്ക് പോയ ഉമ്മ ഒരിക്കൽ വീട്ടിലെ കോഴിയോട് ചോദിക്കുന്നത് കേട്ടിരുന്നു “”അല്ല കോഴിയെ ഇയ്യും പോയിനോ അബുദാബില് എന്ന്.. വെറുതെ തല പുറത്തിട്ടു നോക്കിയപ്പോൾ വീട്ടിലെ പൂവൻ പിടയുടെ പിന്നാലെ നടക്കുന്നു…. അതോടെ ഉമ്മ എനിക്കിട്ട് ട്രോളിയതാണെന്ന് മനസിലായി.. അന്ന് മുതൽ ചുറ്റിക്കളി വല്ലപ്പോഴും മാത്രമാണ്..
ഓളെ ചോറ് വെപ്പും അലക്കലും തുടക്കലും കഴിഞ്ഞു വരുമ്പോഴേക്കും മൂന്ന് മണി കഴിഞ്ഞിട്ടുണ്ടാകും..
അല്ലെങ്കിലും കെട്ട്യോൾമാർക്ക് ശമ്പളം ഇല്ലെങ്കിലും പണിക്ക് ഒരു കുറവും ഉണ്ടാവാറില്ലലോ..
ആദ്യത്തെ കുറച്ചു ദിവസം കുടുംബക്കാരുടെ വീട്ടിൽ പോക്കും വരവും ഒക്കെയായി കഴിഞ്ഞു പോകും.. പിന്നെ ഉള്ളത് ഒന്നോ രണ്ടോ ആഴ്ച ആണ്.. അതിൽ തന്നെ എവിടേക്കെങ്കിലും പോകാന്നു വെച്ചാൽ രാവിലെ ഇറങ്ങണം എന്ന് പറഞ്ഞാലും ഉമ്മക്കും ഉപ്പക്കും ഉച്ചക്ക് വരെ ഉള്ള ഭക്ഷണം റെഡി ആക്കി ഓള് ഇറങ്ങുമ്പോഴേക്കും രണ്ട് മണി കഴ്ഞ്ഞിട്ടുണ്ടാകും….
പലപ്പോഴും നാട്ടിൽ വരുമ്പോൾ അവിടെ പോകാം ഇവിടെ പോകാം എന്നൊക്കെ പ്ലാൻ ഇട്ടിട്ടാണ് വരുക പക്ഷെ എവിടേം പോക്ക് നടക്കൂല എന്ന് മാത്രം…
തിരിച്ചു പോരാൻ ഉള്ള ദിവസം അടുക്കും തോറും പിന്നെ വയറ്റിൽ ഒരു എരിച്ചിൽ ആണ്.. സമയം പെട്ടെന്ന് തീരുന്നത് പോലെ തോന്നും.. ഭക്ഷണം കഴിക്കാൻ ഇരുന്നാൽ തൊള്ളയിൽ കുരുങ്ങുന്നത് പോലെയുണ്ടാകും…
വന്ന് ഒരാഴ്ച കഴിയും മക്കൾ ഒന്ന് അടുക്കാൻ.. അവർ ഒന്നടുത്ത് വന്നു നല്ല സന്തോഷത്തിൽ ഇരിക്കുമ്പോൾ പാസ്സ്പോര്ട്ടും എടുത്ത് ഇറങ്ങി പോരുന്ന അവസ്ഥ ആലോചിച്ച് പലപ്പോഴും കണ്ണ് നിറച്ചിട്ടുണ്ട്…
ഇക്കു… യ്ക്കു… ഇങ്ങള് എന്താ അലോയിക്കുന്നെ…
ഓൾടെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…
“”ഒന്നൂല്ലെടി… നാളെ കഴിഞ്ഞാൽ പിന്നെ പോകണമല്ലോ എന്നോർത്തതാ…
“”ഇങ്ങക്ക് ഗൾഫ് മതിയാക്കി എവിടെ എന്തേലും ജോലി നോക്കിയാ പോരെ…
കല്യാണം കഴിഞ്ഞു ആദ്യമായി തിരിച്ചു പോരുമ്പോൾ മുതൽ ചോദിക്കുന്ന ചോദ്യമാണ് ഇത്..
“”ഇന്ഷാ അല്ലാഹ്.. ഈ ഒരു വട്ടം കൂടി.. കഴിഞ്ഞിട്ട് ഞാൻ നിർത്തും…
അവൾക്കുള്ള സ്ഥിരം മറുപടി തന്നെ കൊടുത്തു.. അവൾക്കും അറിയാം എനിക്കും അറിയാം അത്ര പെട്ടെന്നൊന്നും ഇത് നിർത്താൻ പോകുന്നില്ല എന്ന്..
കാരണം പ്രവാസം എന്നത് ഒരു ചുഴിയാണ്.. ഒരിക്കൽ അതിൽ പെട്ടാൽ പിന്നെ അത്ര പെട്ടെന്നൊന്നും തിരിച്ചു കേറാൻ പറ്റൂല…
സംസാരത്തിൽ എപ്പോഴോ ഉറങ്ങിപോയിരുന്നു….
രാവിലെ ബഹളം കേട്ടാണ് ഉറക്കം ഉണർന്നത്..
എന്റെ പോക്ക് പ്രമാണിച്ചു പെങ്ങന്മാരും കുട്ട്യോളും വന്നിട്ടുണ്ട്..
ഉമ്മ രാവിലെ തന്നെ എനിക്ക് കൊണ്ട് പോകാനുള്ള പലഹാരം ഉണ്ടാകുന്ന തിരക്കിലാണ്..
ഇന്ന് ഓൾക് അടുക്കള ഡ്യൂട്ടി ഇല്ല.. എനിക്ക് കൊണ്ട് പോകാനുള്ള ഡ്രസ്സ് ഒക്കെ എടുത്ത് വെക്കുന്നതിനിടയിൽ ഓളെ ഒരു തട്ടവും മക്കളെ രണ്ട് കുഞ്ഞുടുപ്പും പെട്ടിയിൽ വെക്കുന്നത് ഓളെ സ്ഥിരം ഏർപ്പാടാണ്.. വല്ലാതെ അവരെ കാണണം എന്ന് തോന്നുമ്പോൾ ആ കുഞ്ഞുടുപ്പുകളും തട്ടവും കെട്ടിപിടിച്ച മതീന്ന് പറഞ്ഞു എടുത്ത് വെക്കുന്നത അത്…
സമയം പോകുന്നത് കണ്ടാൽ ചിലലപ്പോൾ തോന്നും ക്ലോക്കിന്റെ സൂചിക്ക് പെട്ടന്ന് കറങ്ങിയിട്ട് എങ്ങോട്ടോ പോകാനുണ്ടെന്ന്.. പോകാനുള്ള സമയം അടുക്കുംതോറും അവളുടെ മുഖത്ത് കാർമേഘം ഉരുണ്ടു കൂടും…
കുളിച്ചു വന്ന് ഡ്രസ്സ് ഇടുമ്പോ ബട്ടൻസ് ഇടുന്നത് ഓളെ പണിയാണ്.. അതോടെ പെരുമഴക്ക് തുടക്കമാവും.. കണ്ണുകൾ ചുവന്നു കവിളിലോടെ കണ്ണീർ വാർക്കുന്ന അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി യാത്ര പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി മക്കളെ എടുത്ത് മുഖത്ത് ഉമ്മകൾ കൊണ്ട് മൂടുമ്പോൾ അതുവരെ പിടിച്ചു നിന്ന മനസ്സ് കൈവിട്ടുപോയിട്ടുണ്ടാകും… ഉമ്മാനെ കെട്ടിപിടിച്ചു ഓര്മ്മയും നൽകി എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങിയാൽ പിന്നെ തിരിഞ്ഞു നോക്കാതെ വണ്ടിയിൽ കയറി ഇരുന്നു യാത്ര തുടങ്ങും….
പെട്ടി നിറയെ സമ്മാനങ്ങളുമായി വന്നു മനസ്സ് നിറയെ നല്ല ഓർമകളുമായി മടങ്ങുന്ന എല്ലാ പ്രവാസികളെയും പോലെ ഞാനും…
ഇനി കാത്തിരിപ്പാണ്.. അടുത്ത അവധി വരെ….