അറിയാതെ ഞാനൊന്നു ഞെട്ടി. പെട്ടെന്ന് തന്നെ എന്റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു…..

എഴുത്ത്:-ഹക്കീം മൊറയൂർ

കൂരിരുട്ടാണ് ചുറ്റും. കോരിച്ചൊരിയുന്ന പെരും മഴ മാത്രമാണ് കൂട്ടിന്. ഒരാവേശത്തിനു രാത്രി രണ്ട് മണിക്ക് യാത്ര തിരിക്കണ്ടായിരുന്നു എന്നെനിക്ക് തോന്നി.

കൂട്ടുകാരന്റെ പെങ്ങളെ കല്യാണമാണ് നാളെ. അവിടെ കിടന്നു രാവിലെ പോയി വരാൻ എല്ലാവരും പറഞ്ഞതാണ്. പക്ഷെ രാത്രി തന്നെ പോവണം എന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. അവിടുന്ന് ഇറങ്ങാൻ നേരം നല്ല കാലാവസ്ഥയായിരുന്നു. എടക്കര നിന്നും ഒന്നര മണിക്കൂറോളം യാത്ര ചെയ്താൽ മതി എനിക്ക് വീട്ടിലെത്താൻ.

നിലമ്പൂർ എത്താൻ നേരമാണ് മഴ പെയ്യാൻ തുടങ്ങിയത്. അതോടെ കറന്റും പോയി. ഭീതിപ്പെടുത്തുന്ന കാറ്റും പെരും മഴയും. റോഡിലൊന്നും ഒരൊറ്റ വണ്ടി പോലുമില്ല.

എനിക്ക് പേടി തോന്നാൻ തുടങ്ങിയിരുന്നു. നിലമ്പൂർ ടൗണിൽ റോഡിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. നഗരം പിന്നിട്ടു അല്പം മുന്നോട്ട് നീങ്ങിയപ്പോഴാണ് പെട്ടെന്ന് എന്റെ സ്കൂട്ടർ ഒരു കുഴിയിൽ ചാടിയത്. അടുത്ത നിമിഷം ഹെഡ് ലൈറ്റ് അണഞ്ഞു. നിയന്ത്രണം വിട്ട വണ്ടിയിൽ എന്തോ ഒരു ജീവി വന്നിടിച്ചു. ബാലൻസ് നഷ്‌ടമായ സ്‌കൂട്ടർ എന്നെയും കൊണ്ട് ചെരിഞ്ഞു റോഡിലൂടെ നിരങ്ങി നീങ്ങി.

കുറച്ചു നേരത്തേക്ക് ഞാൻ റോഡിൽ തന്നെ മലർന്നു കിടന്നു. ഹെൽമെറ്റ്‌ ഉള്ളത് കൊണ്ട് തല ഇടിച്ചിട്ടും കാര്യമായ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

അഞ്ചു മിനുട്ടോളം ഞാൻ റോഡിൽ തന്നെ കിടന്നിരിക്കണം. പത്തോ മുപ്പതോ കാട്ടു പന്നികൾ ആ സമയം കൊണ്ട് എന്റെ അടുത്തുകൂടി ധൃതിയിൽ പാഞ്ഞു പോയി.

വേദന കടിച്ചു പിടിച്ചു ഞാൻ എഴുന്നേറ്റു നിന്നു. എന്റെ കോട്ട് റോഡിൽ ഉരസി നീങ്ങിയത് കാരണം കീറിയിരുന്നു. മേലാ സകലം ഉരഞ്ഞു പൊട്ടിയ മുറിവുകളിൽ നിന്നും ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു.

എങ്ങനെയൊക്കെയോ ഞാൻ വീണു കിടക്കുന്ന സ്കൂട്ടർ താങ്ങി സ്റ്റാൻഡിലിട്ടു. വിറച്ചു കൊണ്ട് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. എന്റെ ഭാഗ്യത്തിന് ഒറ്റയടിക്ക് സ്കൂട്ടർ സ്റ്റാർട്ട്‌ ആയി. ആശ്വാസത്തോടെ ഞാൻ സ്കൂട്ടറിൽ കയറി. വളരെ പതുക്കെയാണ് പിന്നീട് ഞാൻ വണ്ടി ഓടിച്ചത്.

സാധാരണ ഞാൻ പോകുന്ന വഴി ആയിട്ടും മഴയും ഇരുട്ടും കാരണം എവിടെ എത്തി എന്ന് പോലും വ്യക്തമായിരുന്നില്ല. വീശി അടിക്കുന്ന കാറ്റിൽ സ്കൂട്ടർ ഒരു ഭാഗത്തേക്ക്‌ തെന്നി പോവുന്നുണ്ടായിരുന്നു.

ഏകദേശം മൂന്നോ നാലോ കിലോ മീറ്റർ കൂടെ പോയപ്പോ വണ്ടിക്ക് എന്തോ ഒരു വലിവ്. പെട്രോൾ ഇല്ലാത്തത് പോലെ ഒരു ഫീൽ. എന്റെ നെഞ്ചിലൂടെ ഒരു കാളൽ കടന്നു പോയി. കുറച്ചേറെ പെട്രോൾ അടിക്കാത്തത്തിൽ ഞാൻ എന്നെ തന്നെ ശപിച്ചു.

പത്തു മുപ്പത് മീറ്റർ കൂടെ പോയപ്പോഴേക്കും വണ്ടി ഓഫായി. എഡ്ജ് ഇറക്കി റോഡരികിലേക്ക് ഞാൻ വണ്ടി ഒതുക്കി. സീറ്റിനടിയിൽ ഭദ്രമായി വെച്ച 50 രൂപയുടെ പെട്രോൾ ഓർമ ഉള്ളത് കൊണ്ട് എനിക്കു വലിയ ഭയമൊന്നും തോന്നിയില്ല.

സ്റ്റാൻഡിൽ വെച്ച് ഞാൻ ഇറങ്ങിയതും തൊട്ടടുത്ത വീട്ടിൽ ലൈറ്റ് തെളിഞ്ഞു. ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടിയെത്തി. എന്താണെന്നു മനസ്സിലാവുന്നതിനു മുൻപേ നെഞ്ചിനു ഒരു ചവിട്ട് കിട്ടി. നിലത്തു കിടത്തി അവരെന്നെ ചവിട്ടി കൂട്ടി.

‘നിനക്ക് കയറാൻ എന്റെ വീട് മാത്രേ കണ്ടുള്ളൂ ‘.

‘കാ മഭ്രാന്താ ‘.

‘നാ യിന്റെ മോനേ ‘.

തെറി വിളിച്ചു കൊണ്ടാണ് അവരെന്നെ അടിച്ചത്. അപ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു. എന്റെ ഹെൽമെറ്റ് ആരോ എടുത്തു മാറ്റി മൂക്കിന് ഒരൊറ്റ ഇടി. മൂക്ക് പൊട്ടി ചോര ഒലിക്കാൻ തുടങ്ങി.

വീണു കിടക്കുന്ന എന്നെയും കൊണ്ട് അവർ ആ വീടിന്റെ മുറ്റത്തേക്ക് കയറി.

‘കുറെ കാലായി അന്നേ നോക്കി നിക്കാ ഞങ്ങൾ ‘.

പ്രായമായ ഒരാൾ വന്നു എന്നെ അടിക്കാനോങ്ങി. പെട്ടെന്നാണ് അയാൾ എന്റെ മുഖത്തേക്ക് നോക്കി അന്തം വിട്ടത് പോലെ നിന്നത്.

‘അടി മൂത്താപ്പാ അടി ‘.

പിറകിൽ നിന്നും ആരോ വിളിച്ചു കൂവി.

‘ആള് മാറിന്നു തോന്നുന്നു ‘.

അയാളുടെ മറുപടി കേട്ട് എല്ലാവരും അന്തം വിട്ട് പരസ്പരം നോക്കി.

‘അപ്പൊ പിന്നെ ഇതാരാ?’

അല്ല കുട്ട്യേ. ഇജ്ജ് ഏതാ.?

പേടിച്ചിട്ട് എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ആരോ എനിക്ക് വെള്ളം കൊണ്ട് തന്നു. അത് കുടിച്ചു ഞാൻ അന്തം വിട്ട് ചുറ്റും നോക്കി.

‘പെട്രോൾ തീർന്നപ്പോൾ സൈഡ് ആക്കിയതാ ‘.

എന്റെ മറുപടി കേട്ട് അവരൊക്കെ പരസ്പരം നോക്കി. പിന്നെ ഒരാൾ എന്റെ അടുത്ത് വന്നു തോളിൽ കൈ വെച്ചു.

‘ഇവിടെ ഒരു ചെങ്ങായി ഇടക്കിടെ വന്നു വാതിലിൽ മുട്ടും. പെണ്ണുങ്ങളെ കണ്ടാൽ കയറി പിടിക്കും. ഓനാണെന്ന് വിചാരിച്ചാണ്. ഒന്നും വിചാരിക്കരുത് ‘.

എന്തോന്ന് വിചാരിക്കാൻ. എല്ലാം കഴിഞ്ഞില്ലേ. എന്ന് മനസ്സിൽ പറഞ്ഞു ഞാൻ വണ്ടിയുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും ആരോ കുപ്പിയിൽ പെട്രോൾ കൊണ്ട് വന്നു വണ്ടിയിൽ ഒഴിച്ച് തന്നു.

കിട്ടിയതും വാങ്ങി ഞാൻ വണ്ടിയും എടുത്തു പോന്നു. എനിക്ക് ആരോടൊക്കെയോ ദേഷ്യം തോന്നി.

മഞ്ചേരി വരെ നല്ല മഴയായിരുന്നു. ടൗണിൽ എത്തിയപ്പോഴാണ് മഴ അല്പമൊന്നു കുറഞ്ഞത്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ സുന്ദരിയായ ഒരു യുവതി മഴയിൽ കുതിർന്നു എന്റെ വണ്ടിക്ക് നേരെ കൈ കാണിക്കുന്നത് ഞാൻ കണ്ടു. തൊട്ടടുത്തു തന്നെ ഒരു സ്കൂട്ടർ കിടക്കുന്നുണ്ടായിരുന്നു.

‘ എന്നെ ഒന്ന് ആലുക്കൽ ഇറക്കാമോ. സ്കൂട്ടർ ഓഫായി. മൊബൈലും ചാർജ് തീർന്നു. ഞാൻ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവായിരുന്നു ‘.

.. ഒറ്റ ശ്വാസത്തിൽ അവൾ പറയുന്നത് കേട്ട് ഞാൻ വിശ്വാസം വരാതെ അവളെ നോക്കി. പ്രെസ്സ് എന്നെഴുതിയ ഐഡന്റിറ്റി കാർഡ് അവൾ എന്നെ കാണിച്ചു തന്നു. താല്പര്യമില്ല എങ്കിലും ഒരു പെൺകുട്ടിയെ ആ സമയത്ത് അവിടെ നിർത്തുന്നതിലെ പന്തികേട് മനസ്സിലോർത്തു ഞാനവളെ പിറകിൽ കയറ്റി.

അവൾ വാ തോരാതെ സംസാരിക്കാൻ തുടങ്ങി. ഇടക്ക് അവളുടെ കൈകൾ എന്നെ ചുറ്റി പിടിച്ചു. അറിയാതെ ഞാനൊന്നു ഞെട്ടി. പെട്ടെന്ന് തന്നെ എന്റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു. ഞെട്ടിപ്പോയ ഞാൻ പെട്ടെന്ന് വണ്ടി ഒതുക്കി നിർത്തി.

തിരിഞ്ഞു നോക്കിയ ഞാൻ പേടിച്ചു പോയി. എന്റെ പിറകിൽ ഇരുന്നിരുന്നത് സുന്ദരിയായ ആ പെണ്ണ് ആയിരുന്നില്ല. പകരം പൊള്ളിയത് പോലെയുള്ള ശരീരമുള്ള.

‘മതി മതി. നിർത്ത്. എന്തൊരു ഊള കഥയാണ്. ഇതൊക്കെ എങ്ങനെ സിനിമയാക്കും.’.

‘സാർ. പ്ലീസ്. ഞാൻ ബാക്കി കൂടെ പറയാം. ഇത് ഫഹദ്നെ വെച്ചെടുത്താൽ പൊളിക്കും സാർ ‘.

‘എണീറ്റ് പോടാ സമയം കളയാതെ ‘.

പ്രൊഡ്യൂസരുടെ ആട്ട് കേട്ട് ഒന്നും മിണ്ടാതെ ഞാൻ എണീറ്റ് പുറത്തേക്ക് നടന്നു.

എന്ത് ചെയ്യാം. പുതുമുഖ എഴുത്തുകാരുടെ വിധി.

നിങ്ങൾ പറയൂ. ഈ കഥ കൊള്ളില്ലേ?. ഇത് ഫഹദ് ഫാസിലിനെ വെച്ചെടുത്താൽ പൊളിക്കില്ലേ??.