അറിഞ്ഞാ… നമ്മുടെ രാകേഷിന്റെ വൈഫിനെ ചിലര് ടൗണിലെ ലോഡ്ജിൽ വച്ച് കണ്ടെന്ന്…….

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ

ഇത്തോ.. .. കൂയ്….

എന്താണ് രതീഷേ…..

അറിഞ്ഞാ… നമ്മുടെ രാകേഷിന്റെ വൈഫിനെ ചിലര് ടൗണിലെ ലോഡ്ജിൽ വച്ച് കണ്ടെന്ന്…. കൂടെ രണ്ടാണുങ്ങളും ഇണ്ടാരുന്നെന്ന്…

സത്യാണോ നീയീ പറയണത്…??

സത്യം ഇത്താ… എന്നോട് ബീരാനിക്ക പറഞ്ഞതാണ്…

അള്ളോ… ആ പെണ്ണിനിതു എന്തിന്റെ കേടാർന്നു….

അതെ… വീട്ടിലെ ആണുങ്ങള് ശരിയല്ല… അതാണ്‌…. ശരിയിത്ത… വീട്ടിലേക്കു കേറട്ടെ.. പിന്നെ കാണാം…

ശരി രതീഷേ…..

*************

ഡി മഹി… നീയറിഞ്ഞോ നിന്റെ കൂട്ടുകാരിയെ ടൗണിലെ ലോഡ്ജിൽ വച്ച് കണ്ടെന്ന്…. ഞാൻ പറഞ്ഞതാണ് അവളോട്‌ കമ്പനി വേണ്ടെന്ന്… ഇനി അവളോട്‌ ഒരു കുന്തത്തിനും പോയേക്കരുത്…

എന്തിനാണ് രതീഷേട്ട ഓരോ പെണ്ണുങ്ങളെ കുറിച് ആവശ്യമില്ലാത്തത് പറഞ്ഞുനടക്കുന്നത്… നമ്മുക്കുമുണ്ട് രണ്ട് പെൺപിള്ളേർ… നിങ്ങൾക്കിത്തിരി പരദൂഷണം കൂടുതലാണ്… അപ്പുറത്തെ ഇത്തക്കും അതുപോലെ… രണ്ടാളും ചേർന്നാൽ നാട്ടിലുള്ള പെണ്ണുങ്ങളുടെ കാര്യങ്ങൾ പറയാനല്ലേ സമയമുള്ളൂ… നിർത്തിക്കൂടെ രതീഷേട്ട ഈ പരദൂഷണം…

പരദൂഷണമല്ല… സത്യാണ്…

ആ ശരി.. നിങ്ങളെന്തെലും കാണിക്…

**************

ഡി മഹി… ഡീ…

എന്താ രതീഷേട്ട…

ഡി ഒരു കാര്യം….

നിങ്ങൾ അവിടെകിടന്ന് അലക്കാതെ വണ്ടിയവിടെ വച്ചിട്ട് വീട്ടിലേക്ക് കയറു ആദ്യം…

ആ… ദേ വരണു…

രതീഷിന്റെ സൗണ്ട് കേട്ടിട്ട് അപ്പുറത്തെ ഇത്ത വന്ന്…

എന്താ രതീഷേ…എന്താ നീ കാര്യമുണ്ടെന്നു പറഞ്ഞത്…

ഇത്ത… അതുപിന്നെ പുതുതായി കല്യാണം കഴിഞ്ഞ പെണ്ണില്ലേ… ആ വളവിലുള്ള,, കെട്ടിയോൻ ഗൾഫിൽ പോയ ആ പെണ്ണ് ..

ആ സുൽഫി….

ആ പെണ്ണ്തന്നെ…

അവൾക്കെന്തുപറ്റി??

അവളുടെ വീട്ടിൽ രാത്രി ചില വണ്ടികൾ വന്നുപോകുന്നുണ്ടത്രേ…

സത്യാണോ രതീഷേ…??

സത്യാണ് ഇത്താ… നാട്ടുകാർ പിടിക്കാനിരിക്കുകയാണ്..

ദേ രതീഷേട്ട…നിങ്ങൾ ആവശ്യമില്ലാത്ത കാര്യം പറഞ്ഞുനടക്കുന്നത് നിർത്തിക്കോ…. ദേ ഇത്താ നിങ്ങളും… ഇത്രയും പറഞ്ഞു ദേഷ്യപ്പെട്ട് മഹി അടുക്കളയിലേക്കു പോയി…

അവള് പോട്ടെ… ഇത്താ ഇത് കേൾക്കു .. അവളുടെ കോളേജിലെ കാമുക നാണെന്നാണ് കേട്ടത്… എന്തായാലും പൊക്കും… വീട്ടിലെ ആണുങ്ങൾക്ക് കഴകത്തില്ലെങ്കിൽ പെണ്ണുങ്ങൾ ഇങ്ങനെ പോകും…

അത് സത്യാണ് രതീഷേ….

ന്നാലും ആ പെണ്ണിന്റെ കാര്യം…

****************

ഡാ രതീഷേ…നിന്റെ ഫോൺ ബെല്ലടിക്കുന്നു… കൂടെ ജോലിചെയ്യുന്ന ഒരാളാണ് വിളിച്ച് പറഞ്ഞത്…

അവൻ ഫോണെടുത്തു…

ഹലോ എന്താണ് ഇത്താ….

രതീഷേ…നീ വീട്ടിലേക്കു വാ പെട്ടെന്ന്…

അയ്യോ ഇത്താ 5 മണി അല്ലെ ആയുള്ളൂ… രാത്രി 7 മണിവരെ പണിയുണ്ട്… താമസിക്കും… എന്താ ഇത്താ കാര്യം…??

ഒരു സംശയം… ബീരാനിക്ക ടൗണിൽ പോയപ്പോൾ നിന്റെ ഭാര്യയെപോലുള്ള ഒരാളെ ഒരുത്തന്റെ ബൈക്കിൽ കണ്ടുന്ന് പറഞ്ഞു… ഞാൻ നിന്റെ വീട്ടിൽ പോയി നോക്കി .. വീട് പൂട്ടിയിരുന്നു… രാവിലെ തൊട്ട് അനക്കവുമില്ല…. പിള്ളേര് സ്കൂളിൽനിന്നും വന്നിട്ടുണ്ട്… ഇവിടുണ്ട് അവർ…

ഒന്ന് പോ ഇത്താ… ഹഹഹഹ… ഇപ്പോൾ വന്ന് വന്ന് അവളെക്കുറിച്ചും പരദൂഷണം പറഞ്ഞുതുടങ്ങിയല്ലേ??? ശരി ഞാനൊന്നു വിളിക്കട്ടെ അവളെ…. അവൻ ഫോൺ കട്ട്‌ ചെയ്യ്തു…

പലവട്ടം വിളിച്ചുനോക്കി…. ഓഫാണ് ഫോൺ…. അവന്റെ മനസ്സിൽ ടെൻഷൻ ആയിത്തുടങ്ങി… പണി അവിടിട്ടിട്ട് അവൻ വീട്ടിലേക്കു പാഞ്ഞു….

അവന്റെ വരവ് കണ്ടു ബീരാനിക്കയും ഇത്തയും എല്ലാരും ഓടിവന്നു… അവൻ പെട്ടെന്ന് വീടിന്റെ വാതിൽ തുറന്നതും… ദേ കിടക്കുന്നു ഒരു ലെറ്റർ….. പകച്ചുപോയി ലവന്റെ ബാല്യം….

” പ്രിയപ്പെട്ട രതീഷേട്ട…..ഞാൻ പോകുന്നു… എനിക്കു ഇഷ്ടമുള്ള ആളുടെകൂടെ…. എനിക്ക് വേണ്ടതെല്ലാം രതീഷേട്ടൻ തന്നു… പക്ഷെ എന്തോ എനിക്ക് രമണിച്ചേച്ചിയുടെ മകൻ രാഹുലിനെ ഒരുപാട് ഇഷ്ടായി…. ഞങ്ങൾ പോകുന്നു… എന്റെ ഓർമ്മക്കായിട്ട് നമ്മുടെ രണ്ട് മക്കളെ ഏട്ടന്റെ കയ്യിൽ ഏല്പിച്ചിട്ടാണ് പോകുന്നത്… ഞങ്ങളെ തിരക്കേണ്ട…

എന്ന് ഏട്ടന്റെ മാത്രം ഇപ്പോൾ രാഹുലിന്റെതും കൂടിയായ സ്വന്തം മഹി…..

അടികിട്ടിയപോലെ അവൻ നിലത്തേക്കിരുന്നു… നാട്ടുകാർ കൂടി… അവൻ ഇത്തയുടെ മുഖത്തേക്ക് നോക്കി… പക്ഷെ ഇത്ത അപ്പോഴും മറ്റുപെണ്ണുങ്ങളുടെ പരദൂഷണം പറയുന്ന തിരക്കിലായിരുന്നു

” ന്നാലുമെന്റെ ശോഭേ…. ഈ പെണ്ണിങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല… ഒന്നുല്ലേല്ലും ആ പിള്ളേരുടെ കാര്യം ചിന്തിക്കേണ്ടേ…. അവനിങ്ങനെ മറ്റുള്ളപെണ്ണുങ്ങളുടെ വീട്ടിലാരെലും കേറുന്നുണ്ടോ അല്ലെങ്കിൽ അവരുടെ കുറവ് നോക്കി നടക്കലല്ലേ പണി… ഇപ്പൊ സ്വന്തം ഭാര്യയല്ലേ പോയത്…അവനെപ്പോഴും പറയും വീട്ടിലെ ആണുങ്ങൾക്ക് കഴകത്തില്ലെങ്കിൽ പെണ്ണുങ്ങൾ പോകുമെന്ന്… “

ഇതെല്ലാം കേട്ട് തലയ്ക്കുകൈകൊടുത്തിരിക്കാനേ അവന് കഴിഞ്ഞോള്ളൂ….. ന്നാലും അവൻ മനസ്സിൽ പറഞ്ഞു…..

” ഇത്താ നിങ്ങളീവർത്താനം ഞാൻ കേൾക്കെ ബേണ്ടാർന്ന് “

NB : പരദൂഷണത്തിൽ ആണെന്നോ പെണ്ണെന്നോയില്ല… സ്വന്തം കുടുംബത്തിലെ കുറവറിഞ്ഞിട്ട് പോരെ മറ്റുള്ളവരുടെ കുറവ് കണ്ടുപിടിക്കാൻ

Based on a true story