കറുത്ത കുഞ്ഞ്
” ഇത് ഞങ്ങടെതല്ല.. “
ആ പ്രഖ്യാപനം കേട്ട് ഒരു ഞെട്ടലോടെ അവൾ അയാളെ നോക്കി. അടുത്ത വീട്ടിലെ ചേച്ചി മെല്ലെ കയ്യിൽ തോണ്ടി.
“ഇതെന്തൊരു വർത്തമാനമാണ്
ഇവരീ പറയുന്നത് “!മകന്റെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ വന്ന അമ്മൂമ്മയുടെ വാക്കുകൾ കേട്ട് മുറിയിലുണ്ടായിരുന്ന സിസ്റ്റർ അവരെ തുറിച്ചു നോക്കി !!തന്റെ മടിയിലുറങ്ങുന്ന കുഞ്ഞിനെ അവൾ സൂക്ഷിച്ചു നോക്കി.. അതെ കുറച്ചു കറുത്തത് തന്നെ..മുടിയും കുറവ്..
പക്ഷേ അവന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും അതെ നിറം !!
ഗർഭിണി ആണെന്നറിഞ്ഞപ്പോൾ മുതൽ
ഒന്നു മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളൂ.. അംഗവൈകല്യങ്ങളൊന്നുമില്ലാതെ ആയുസ്സും ആരോഗ്യത്തോടെയും ഒരു കുഞ്ഞ്. നിറവും സൗന്ദര്യവും പിന്നെയുള്ളതല്ലേ.. കാഴ്ചക്കാരൊക്കെ ഒന്നു പോയിക്കിട്ടിയാൽ മതിയെന്നായി.. തനിച്ച് ഭർത്താവിനെ അടുത്ത് കിട്ടാനായി കാത്തിരുന്നു..
“ചേട്ടനും അമ്മയുടെ അഭിപ്രായം തന്നെയാണോ” കൈയിൽ വലിയൊരു കവറുമായി മുറിയിലേയ്ക്കു വന്ന അയാളോട് അവൾ നീരസത്തോടെ ചോദിച്ചു.. അയാൾ ഒരു ചെറുപുഞ്ചിരിയോടെ അവളുടെ മടിയിൽ ഉറങ്ങികിടക്കുന്ന കുഞ്ഞിനെ മെല്ലെ തലോടി.. “നീ ഒന്ന് പോടീ..എനിക്കിപ്പോൾ ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.. അടുത്ത് തവണ നീയൊരു വെളുത്ത കുഞ്ഞിനെ പ്രസവിക്ക്.. അല്ല പിന്നെ “
അച്ഛന്റെ ഫലിതം രസിച്ചതു പോലെ കുഞ്ഞുവാവ അപ്പോൾ കൈകാലിളക്കി ചിരിച്ചു !!