എഴുത്ത്:-അപ്പു
” അമ്മേ.. എനിക്കുള്ള പൈസ എവിടെ..? “
മുറിയിൽ നിന്നും മകൻ വിളിച്ചു ചോദിക്കുന്നത് വനജ കേട്ടു.
“എന്റെ ബാഗിൽ ഉണ്ട് മോനെ..”
അവർ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. അത് കേട്ടതോടെ അവൻ പെട്ടെന്ന് തന്നെ അവരുടെ മുറിയിലേക്ക് ചെന്ന് ബാഗിൽ നിന്ന് പണം എടുത്തു.
ആവശ്യത്തിനുള്ള പണം എടുത്ത് പോക്കറ്റിൽ തിരുകിക്കൊണ്ട് അവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി.
ചെന്ന് പെട്ടത് അവന്റെ സഹോദരിയുടെ മുന്നിലായിരുന്നു.
” നിനക്ക് എന്തിനാടാ ഇപ്പൊ പൈസ..? എന്താ നിനക്ക് ഇത്ര അത്യാവശ്യം..?”
അവൾ അന്വേഷിച്ചു.
” എനിക്ക് പല അത്യാവശ്യങ്ങളും കാണും. അതൊക്കെ നിന്നോട് ബോധ്യപ്പെടുത്തണമെന്ന് നിർബന്ധമുണ്ടോ..? “
അവൻ അവളെ പുച്ഛിച്ചു.
” നീ മര്യാദയ്ക്ക് പൈസ അവിടെ കൊണ്ട് പോയി വച്ചോ.. നിനക്ക് ചുമ്മാ കുഞ്ഞു കളിക്കാൻ ഉള്ളതല്ല ഇവിടുത്തെ പൈസ… “
അവൾ അവനോട് ദേഷ്യപ്പെട്ടു.
” നിനക്കെന്താടി.. എനിക്ക് അമ്മ തന്നതല്ലേ..?”
അവളെ പരിഹസിച്ചു കൊണ്ട് അവൻ മുറിക്ക് പുറത്തേക്കിറങ്ങി.
” നിൽക്കടാ അവിടെ.. “
അവൾ അവനെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. പക്ഷേ ഒറ്റ തട്ടിന് അവളെ മാറ്റിയിട്ട് അവൻ പുറത്തേക്കു പോയി.
ദേഷ്യത്തോടെ അത് നോക്കിയിട്ട് അവൾ അമ്മയ്ക്ക് അടുത്തേക്ക് ചെന്നു.
” അമ്മ എന്തിനാ അവൻ ഇങ്ങനെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസ കൊടുക്കുന്നത്..? അതൊക്കെ എന്ത് കാര്യത്തിനാണ് കൊടുക്കുന്നത് എന്നെങ്കിലും അമ്മയ്ക്ക് അറിയാമോ..? “
അവൾ ദേഷ്യത്തോടെ അന്വേഷിച്ചു.
“അവനു എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾ ഉണ്ടാകും. കാര്യമില്ലാതെ ഒരു രൂപ പോലും അവൻ ഇവിടെ നിന്ന് കൊണ്ടുപോകാറില്ല. നീ നിന്റെ കാര്യം നോക്കി പോയേ…”
അമ്മ പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ തന്നെ തിരിഞ്ഞു നടന്നു.
“അനുഭവം കിട്ടുമ്പോൾ അമ്മ പഠിച്ചോളും..”
അവൾ പിറുപിറുത്ത് പോകുന്നത് അമ്മ കേട്ടെങ്കിലും അത് കേൾക്കാത്ത പോലെ നടിച്ചു.
മുറി അടിച്ചു വരുമ്പോൾ അവൾക്ക് അവന്റെ മുറിയിൽ നിന്നും ഒരു പാക്കറ്റ് കിട്ടി. അത് എന്താണെന്ന് അറിയാതെ അവൾ അതിലേക്കു തുറിച്ചു നോക്കി.
അവൾ അത് തുറക്കുന്നതിനു മുൻപ് തന്നെ അവൻ എവിടെ നിന്നോ എത്തി അതിനെ പിടിച്ചു വാങ്ങി.
” എന്താടാ അത്..? “
അവൾ ദേഷ്യത്തോടെ ചോദിച്ചു.
“അതെന്തായാലും നിനക്കെന്താ..? നീ നിന്റെ കാര്യം നോക്കൂ..!”
അവൻ ദേഷ്യപ്പെട്ടു.
“എന്താ പിള്ളേരെ ഇവിടെ ബഹളം..? ഒരു സമയം ചെവി കേൾക്കാൻ സമ്മതിക്കില്ലല്ലോ..”
ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് വനജ അവിടേക്ക് വന്നു.
അവർ മുറിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ അവളെ ഒന്ന് തുറിച്ചു നോക്കിയിട്ട് മകൻ പുറത്തേക്കിറങ്ങി പോയിരുന്നു.
” നിനക്ക് എന്താടി..? അവനെ കാണുമ്പോൾ എന്തെങ്കിലുമൊക്കെ പ്രശ്നമുണ്ടാക്കി അവനോട് ബഹളം ഉണ്ടാക്കിയില്ലെങ്കിൽ നിനക്ക് സമാധാനമില്ല. ആ ചെറുക്കൻ ഇപ്പോൾ വന്നു കയറിയതല്ലേ ഉള്ളൂ.. അതിനിടയ്ക്ക് ബഹളമുണ്ടാക്കി അവനെ ഇവിടെ നിന്ന് ഇറക്കി വിട്ടു. “
അവർ മകളോട് ദേഷ്യപ്പെട്ടു.
“അമ്മ ഇത് എന്തറിഞ്ഞിട്ടാ ഈ പറയുന്നത്..? അവന്റെ പോക്ക് ശരിയല്ല. ഇപ്പോഴേ പറഞ്ഞാൽ ചിലപ്പോൾ അവൻ നന്നായെന്ന് വരും.ഒന്നിനും പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തിയിട്ട് പിന്നെ കരഞ്ഞിട്ടും നിലവിളിച്ചിട്ടും ഒന്നും ഒരു കാര്യവുമില്ല.”
മകൾ കാര്യ ഗൗരവത്തോടെ പറഞ്ഞപ്പോൾ അവർ ആകെ ചിന്തിച്ചത് മകൻ വീട്ടിൽ ഇല്ലാത്തതിനെ കുറിച്ചാണ്.
” നീ നിന്റെ കാര്യം നോക്കിപ്പോ. അവന്റെ കാര്യം നോക്കാൻ ഞങ്ങളുണ്ട് ഇവിടെ. “
അവർ ദേഷ്യപ്പെട്ടപ്പോൾ കൂടുതൽ ഒന്നും സംസാരിക്കാതെ അവൾ മുറിവിട്ട് പുറത്തേക്ക് പോയി.
പിന്നീട് ഒരിക്കൽ അമ്മയുടെ കണ്മുന്നിൽ തന്നെ അവർ കണ്ടു മകൻ ലiഹരി ഉപയോഗിക്കുന്നത്.
തകർന്നു പോയി വനജ..
” എന്താടാ ഇത്..? “
അവർ ദേഷ്യത്തോടെ അവനോട് അന്വേഷിച്ചു.
“അതൊന്നുമില്ല..”
അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
” നിന്നെ ഞങ്ങൾ സ്നേഹിച്ചിട്ട് അല്ലേ ഉള്ളൂ..? അതിന് നീ തരുന്ന പ്രതിഫലം ആണോ ഇതൊക്കെ.? നിനക്ക് എങ്ങനെ തോന്നിയെടാ ഇങ്ങനെ വഴിതെറ്റി ജീവിക്കാൻ..? ഒരു നിമിഷമെങ്കിലും നീ എന്നെക്കുറിച്ച് നമ്മുടെ കുടുംബത്തെക്കുറിച്ച് ഓർത്തോ..? “
ദേഷ്യത്തോടെയും സങ്കടത്തോടെയും പറയുന്നതിനോടൊപ്പം അവനെ അiടിക്കുകയും ചെയ്തു അവർ. അവൻ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദുർബലമായ അവന്റെ ശരീരം അവനെ അതിന് അനുവദിച്ചില്ല.
കണ്ണീരോടെ ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി മകനെ അവർ മുറിക്കുള്ളിലാക്കി പൂട്ടി.
” അമ്മയോട് ഞാൻ അന്നേ പറഞ്ഞതല്ലേ ഇവന്റെ പോക്ക് ശരിയല്ല എന്ന്. അപ്പോൾ എന്നെ ഉപദേശിക്കാൻ വന്നു. എന്നിട്ട് ഇപ്പോൾ എന്തായി..? “
മകൾ ദേഷ്യത്തോടെ ചോദിച്ചപ്പോൾ കുറ്റബോധത്തോടെ അവർ തലകുനിച്ചു.
മണിക്കൂറുകൾ കടന്നു പോയപ്പോൾ മകൻ അക്രമാസക്തൻ ആകുന്നത് അവർ അറിയുന്നുണ്ടായിരുന്നു. വാതിൽ തട്ടുകയും വിളിക്കുകയും ചെയ്യുന്നതിനോടൊപ്പം അവിടെ അകത്ത് എന്തൊക്കെയോ തട്ടി മറിക്കുന്നതിന്റെ ശബ്ദങ്ങളും അവർ കേട്ടു.
അന്നത്തെ രാത്രി ഉറക്കമില്ലാത്തതായിരുന്നു ആ വീട്ടിലുള്ള എല്ലാവർക്കും.
പിറ്റേന്ന് രാവിലെ തന്നെ വനജ ഒരു ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി.ആ സമയം കൊണ്ട് മകൻ പൂർണമായും ബോധരഹിതനായിരുന്നു.
വിശദമായ പരിശോധനയ്ക്ക് ശേഷം മുറി പുറത്തു നിന്ന് പൂട്ടി ഡോക്ടർ അവർക്ക് അടുത്തേക്ക് വന്നു.
” അവന് എങ്ങനെയുണ്ട് ഡോക്ടർ..? “
വേദനയോടെ വനജ അന്വേഷിച്ചു.
” ലiഹരിക്ക് അടിമയായ മകന് എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ ഞാനെന്തു മറുപടി പറയാനാണ്..? പതിയെ പതിയെ മാത്രമേ അവന്റെ ഈ ശീലത്തിൽ നിന്ന് അവനെ പുറത്തുകൊണ്ടുവരാൻ കഴിയൂ.”
ഡോക്ടർ പറഞ്ഞപ്പോൾ അവർ കണ്ണീരോടെ തലകുലുക്കി.
“ഇവന്റെ അച്ഛൻ വിദേശത്താണ് എന്നല്ലേ പറഞ്ഞത്..?ഇവൻ ഇങ്ങനെ ആയിപ്പോയതിന് നിങ്ങൾ മാതാപിതാക്കളെ മാത്രമേ കുറ്റം പറയാൻ പറ്റൂ. നിങ്ങളുടെ മകൾ പുറത്തുപോകുമ്പോഴോ എന്തെങ്കിലും വേണമെന്ന് പറയുമ്പോഴോ അതിന്റെ ആവശ്യം എന്താണ് എന്ന് നിങ്ങൾ അന്വേഷിക്കാറില്ലേ? അതേ ചോദ്യം ഒരിക്കലെങ്കിലും നിങ്ങൾ നിങ്ങളുടെ മകനോട് ചോദിച്ചിട്ടുണ്ടോ..?”
ഡോക്ടർ ചോദിച്ചപ്പോൾ വനജ കുറ്റബോധത്തോടെ തലതാഴ്ത്തി.
” നമ്മുടെ നാട്ടിൽ ഭൂരിപക്ഷം രക്ഷിതാക്കൾക്കും പറ്റുന്ന ഒരു തെറ്റാണത്. മകൾക്ക് നിയന്ത്രണങ്ങൾ ഒരുപാട് ആയിരിക്കും. എന്നാൽ മകനെ സംബന്ധിച്ച് യാതൊരുവിധ നിയന്ത്രണവും ഉണ്ടാവുകയും ഇല്ല. എന്തെങ്കിലും ചോദിച്ചാൽ അവൻ ഒരു ആണല്ലേ എന്നായിരിക്കും മറുപടി. ശരിക്കും പറഞ്ഞാൽ ആൺകുട്ടികളാണ് ഏറ്റവും എളുപ്പത്തിൽ വഴി തെറ്റി പോവുക. അവർക്ക് എന്തു സംഭവിച്ചാലും അവൻ ഒരു ആണല്ലേ എന്നുള്ള പറച്ചിലിൽ അതങ്ങ് തീരും. പക്ഷേ അങ്ങനെയല്ല. ഇവിടെ തന്നെ കണ്ടില്ലേ നിങ്ങൾ എല്ലാവിധ സുഖസൗകര്യങ്ങളും കൊടുത്തു വളർത്തുന്ന മകനാണ് ഇങ്ങനെ.അവൻ ലiഹരിക്ക് ഇത്രയധികം അടിമയായിട്ടു പോലും ഇവിടെ ആരും അറിഞ്ഞിട്ടില്ല. അവന് ഇതിനുള്ള പണം എവിടെ നിന്ന് കിട്ടുന്നു..? “
“അവൻ എന്റെ കയ്യിൽ നിന്നാണ് പണം വാങ്ങാറ്.”
വനജ പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു.
” അങ്ങനെ അവൻ പണം കൊണ്ടുപോകുമ്പോൾ അത് എന്ത് ആവശ്യത്തിനാണെന്ന് നിങ്ങൾ അന്വേഷിക്കാറില്ലേ..? “
ഡോക്ടറുടെ ചോദ്യത്തിന് അവർ മറുപടി ഒന്നും പറഞ്ഞില്ല.
” ഇതുതന്നെയാണ് പ്രശ്നം. നിങ്ങളുടെ മകന്റെ സ്ഥാനത്ത് മകളായിരുന്നെങ്കിൽ അവൾക്ക് ഒരു രൂപ കൊടുക്കുമ്പോഴും നിങ്ങൾ ഒരു 100 ചോദ്യങ്ങൾ ചോദിച്ചേനെ. പുറത്തു പോകുന്ന മകൾ വീട്ടിലെത്താൻ അരമണിക്കൂർ താമസിച്ചാൽ തന്നെ അവളെ നിർത്തി ചോദ്യം ചെയ്യും. എന്നാൽ മകന്റെ കാര്യത്തിൽ അങ്ങനെ എന്തെങ്കിലും നടക്കുന്നുണ്ടോ..? ഉണ്ടാവില്ല. ഇനിയെങ്കിലും ഈ തെറ്റായ ധാരണ മാറ്റിവയ്ക്കണം. മക്കളാണായാലും പെണ്ണായാലും സ്വാതന്ത്ര്യം കൊടുക്കേണ്ടിടത്ത് അത് കൊടുക്കണം. നിയന്ത്രണങ്ങൾ ചെയ്യേണ്ട സ്ഥലത്ത് അത് അങ്ങനെ ചെയ്യുകയും വേണം. അല്ലെങ്കിൽ നഷ്ടപ്പെട്ട് പോകുന്നത് അവരുടെയൊക്കെ ജീവിതമാണ്. പിന്നീട് അതിനെ ഓർത്ത് പരിതപിച്ചിട്ട് കാര്യമില്ല.”
അവരോട് അത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ പടിയിറങ്ങി പോകുമ്പോൾ കുറ്റബോധത്താൽ നീറുകയായിരുന്നു വനജ.
ശരിയാണ്….തെറ്റ് തങ്ങളുടേതു തന്നെയായിരുന്നു..!