Story written by Shaan Kabeer
“മോളേ, നടന്നതൊന്നും ആരും അറിയേണ്ട”
മീനാക്ഷി അമ്മയേയും അച്ഛനേയും മാറിമാറി നോക്കി. അച്ഛൻ അവളെ ചേർത്തുപിടിച്ചു
“അടുത്ത മാസം നിന്റെ കല്യാണമാണ്, നടന്നതൊക്കെ ഒരു ദുസ്വപ്നമായി കണ്ടാൽ മതി”
ഇത് പറഞ്ഞ് തീരുമ്പോൾ ആ അച്ഛന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. മീനാക്ഷി അമ്മയെ ദയനീയമായൊന്ന് നോക്കി
“ഒരു പെണ്ണായ അമ്മക്കും ഇതുതന്നെയാണോ പറയാനുള്ളത്…? നമ്മുടെയൊക്കെ മാനത്തിന് ഇത്രേ വിലയൊള്ളൂ അമ്മേ…?”
അമ്മ മീനാക്ഷിയുടെ കണ്ണിലേക്ക് നോക്കി
“ഈകാര്യം പുറത്തറിഞ്ഞാൽ… മോൾക്ക് നല്ലൊരു ജീവിതം കിട്ടും എന്ന് തോന്നുന്നുണ്ടോ…? ഇപ്പൊ തീരുമാനിച്ചുറപ്പിച്ച കല്യാണം വരെ മുടങ്ങും”
ഒന്ന് നിറുത്തിയിട്ട് അമ്മ മീനാക്ഷിയെ നോക്കി
“ന്റെ മോൾക്ക് നല്ലൊരു ജീവിതം വേണ്ടേ, കല്യാണൊക്കെ കഴിഞ്ഞ് കുടുംബവും കുട്ടികളുമൊക്കെ ആവുമ്പോൾ മോളിതൊക്കെ മറക്കും”
മീനാക്ഷി അമ്മയുടെ കണ്ണിലേക്ക് നോക്കി
“അപ്പോ കല്യാണം കഴിഞ്ഞാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നതെങ്കിൽ അമ്മ പറഞ്ഞ ആ നല്ല ജീവിതം അപ്പോഴും ഉണ്ടാവുമായിരിക്കില്ല അല്ലേ…?”
ഒന്ന് നിറുത്തിയിട്ട് അവൾ അച്ഛനേയും അമ്മയേയും മാറിമാറി നോക്കി
“ഞാൻ ചെയ്യാത്ത തെറ്റിന് ജീവിതകാലം മുഴുവൻ വേദന സഹിച്ച് വായമൂടികെട്ടി ജീവിക്കുന്നതാണ് ആ സന്തോഷം എങ്കിൽ എനിക്കാ സന്തോഷം വേണ്ടമ്മേ”
അവളുടെ വാക്കുകളിലെ “തീ”വ്രത കണ്ടപ്പോൾ അച്ഛനും അമ്മക്കും മീനാക്ഷിയെ തടയാൻ സാധിച്ചില്ല. തന്റെ വീട്ടിൽ ഏത് നേരത്തും കടന്ന് വരാൻ സ്വാതന്ത്ര്യമുള്ള, അടുക്കളയിൽ വരെ വന്ന് അന്നത്തെ ഭക്ഷണത്തിൽ കയ്യിട്ട് വാരി വായിലിട്ട് കറികളുടെ രുചിയെ കുറിച്ച് വർണ്ണിക്കുന്ന, രസികനായ ഒരുപാട് തമാശകൾ പറയുന്ന ആ പകൽമാന്യന്റെ കാ മ വൈകൃതങ്ങൾക്ക് പത്ത് വയസുള്ളപ്പോൾ ഇരയായ മീനാക്ഷിക്ക് അയാളുടെ മുഖംമൂടി വലിച്ച് കീറി ഒരു പേപ്പട്ടിയെ പോലെ നടുറോട്ടിലൂടെ കല്ലെറിഞ്ഞ് കൊ ല്ലാൻ ഒരുപാട് തവണ കൈത്തരിച്ചിരുന്നു.
അയാൾക്ക് നിയമപരമായി ശിക്ഷ വാങ്ങിച്ച് കൊടുക്കുക എന്നത് മാത്രമായിരുന്നു മീനാക്ഷിയുടെ ജീവിത ലക്ഷ്യം. അയാൾക്കെതിരെ തുറന്ന ഒരു യുദ്ധത്തിന് മനസ്സും ശരീരവും പാകപ്പെട്ടു എന്ന് അവൾ തീരുമാനിച്ചുറപ്പിച്ച നേരത്താണ് വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കുന്നത്. അവൾ ഒരുപാട് എതിർത്തിട്ടും വീട്ടുകാർ കല്യാണം നിശ്ചയിച്ചു. പക്ഷേ, തന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറാൻ മീനാക്ഷി തയ്യാറല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് അവൾ വീട്ടിൽ എല്ലാം തുറന്ന് പറഞ്ഞതും.
അച്ഛനും അമ്മയും മീനാക്ഷിയുടെ മനസ്സ് മാറ്റാൻ ഒരുപാട് ശ്രമിച്ചെങ്കിലും, അവൾക്കൊരു നിലപാടുണ്ടായിരുന്നു, ആ നിലപാടിന് മുന്നിൽ അവർക്ക് തല കുനിക്കേണ്ടി വന്നു.
തന്നെപ്പോലെ ഇങ്ങനെയുള്ള പീ ഡനങ്ങൾ അനുഭവിക്കുന്നവർക്ക് അല്ലങ്കിൽ അനുഭവിച്ച് കൊണ്ടിരിക്കുന്നവർക്ക്…
ആട്ടിൻകുട്ടിയുടെ മുഖംമൂടി അണിഞ്ഞ് നടക്കുന്ന ചെന്നായകളെ വകവരുത്താൻ വേണ്ടി…
ഒരു പെണ്ണിന്റെ ജീവിതം പൂർത്തിയാക്കുന്നത് കല്യാണം കഴിച്ചാൽ മാത്രമാണെന്ന് വിശ്വസിച്ച്, തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മാറ്റിവെച്ച് ജീവിക്കുന്ന അനേകായിരം പെണ്ണുങ്ങൾക്ക് വേണ്ടി…
എന്നെ ഒരുത്തൻ മൃഗീയമായി ബ ലാത്സംഗം ചെയ്തു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാൽ സമൂഹത്തിൽ ഒറ്റപ്പെടും എന്ന് കരുതുന്നവർക്ക് വേണ്ടി…
പീ ഡിപ്പിച്ച കാര്യം പുറത്തറിഞ്ഞാൽ നല്ലൊരു ജീവിതം ഉണ്ടാകില്ല എന്ന് കരുതി മുഖംമൂടി അണിഞ്ഞ് ഇരുട്ടിൽ ഇരിക്കുന്ന നിസ്സഹായകർക്ക് വേണ്ടി…
മീനാക്ഷി നീ”തി”ക്ക് വേണ്ടി ഇറങ്ങുകയാണ്. തന്റെ മുഖം മറക്കാതെ, തനിക്ക് നേരെ ഉയരുന്ന മാധ്യമ മൈക്കുകളെ പേടിക്കാതെ, സോഷ്യൽ മീഡിയയിൽ പച്ചത്തെ റി പറയുന്ന നന്മമരങ്ങളെ പേടിക്കാതെ അവൾ ഉറക്കെ വിളിച്ച് പറഞ്ഞു
“ഞാൻ ഇരയാണ്, ഒരു പേപ്പട്ടിയുടെ കാമമെന്ന വിശപ്പിന്റെ ഇര, എനിക്ക് നീതി വേണം”
സന്തോഷമായ ജീവിതം എന്നാൽ ആഗ്രഹങ്ങളും, ലക്ഷ്യങ്ങളും തച്ചുടച്ച് നിങ്ങളോട് അനീതി കാണിച്ചവരുടെ മുന്നിൽ തല കുനിച്ച് നിന്ന് മരിക്കുവോളം സങ്കടങ്ങളും വേദനകളും കടിച്ചമർത്തി ജീവിക്കുന്നതാണ് എന്ന് കരുതാത്ത നിലപാടുള്ള, ധീരതയുള്ള, തനിക്ക് നീതി കിട്ടാൻ വേണ്ടി ഏതറ്റം വരേയും പോയി (അതിൽ വിജയിച്ചോ ഇല്ലയോ അത് രണ്ടാമത്തെ കാര്യം) തനിക്ക് നേരെ പാഞ്ഞടുത്ത അമ്പുകളെ നോക്കി പുച്ഛത്തോടെ ഒരു ചിരി ചിരിച്ച് തട്ടിമാറ്റുന്ന പെണ്ണിന് വേണ്ടി ഒരാണ് എഴുതുന്നത്…