സൂര്യവെളിച്ചം പോലെ….
Story written by Ammu Santhosh
“അച്ഛനോട് ചോദിക്കമ്മേ പ്ലീസ് “
“എങ്ങനെ അപ്പു..? ഇപ്പൊ അച്ഛന്റെ കയ്യിൽ കാശൊന്നും ഇരുപ്പില്ല. ഓട്ടോറിക്ഷയുടെ ലോൺ അടയ്ക്കണം. പിന്നെ മീനു പ്രസവത്തിനു അടുത്ത മാസം വരും. എങ്ങനെ എല്ലാം കൂടി എന്ന് ആധി പിടിച്ചിരിക്കുക അച്ഛൻ “
അവനു ദേഷ്യം വന്നു. പണ്ട് മുതലേ ഇങ്ങനെയാണച്ഛൻ.. തന്റെ കാര്യത്തിൽ നൂറു തടസ്സം പറയും. ഇപ്പൊ തന്നെ കൂട്ടുകാരന്റെ ബൈക്ക് കൊടുക്കാൻ ഉണ്ടെന്ന് കേട്ടു തത്കാലം ഇരുപതിനായിരം രൂപ കൊടുത്താൽ ബൈക്ക് കിട്ടും. പിന്നെ പതിയെ കൊടുത്താലും മതി.. തന്റെ കൂട്ടുകാരിൽ താൻ മാത്രം ആണ് സ്വന്തമായി ഒരു വാഹനം ഇല്ലാത്തത്.
അച്ഛനോട് നേരിട്ട് സംസാരിക്കാതെ ആയിട്ട് കുറെ നാളായി. വളർന്നു തുടങ്ങിയപ്പോൾ ഒരു അകൽച്ച പോലെ. എല്ലാം അമ്മ വഴിയാണ് പറയുക.മിക്കവാറും നടക്കാറുണ്ട്. ചിലപ്പോൾ അച്ഛന്റെ കയ്യിൽ പൈസ കാണില്ലായിരിക്കും. തനിക്കും കൂടി ഒരു ജോലി കിട്ടിയിരുന്നെങ്കിൽ.. അവൻ പുറത്തു പോകുകയാണെന്ന് അമ്മയോട് പറഞ്ഞിറങ്ങി.
“നിനക്കിപ്പോ ഒരു ഇരുപതിനായിരം രൂപ വേണം അത്രേ അല്ലെ ഉള്ളു “കൂട്ടുകാരൻ ഒരു കള്ളച്ചിരി ചിരിച്ചു
“കടമായി മതി . അച്ഛൻ ഒറ്റയ്ക്ക് എത്ര നാളായി ജോലി ചെയ്യുന്നു? എന്തെങ്കിലും ഒരു സഹായം ആവും എനിക്കും ജോലി ഉണ്ടെങ്കിൽ..കോളേജിൽ പോകും മുന്നേയുള്ള സമയം പത്രം ഇടാൻ ഒരു ജോലി കിട്ടി. ഒരു വണ്ടി ഉണ്ടെങ്കിൽ നന്നായേനെ. . ” അവൻ പറഞ്ഞു
“നീ തിരിച്ചു തരേണ്ട.. പകരം ഒരു ചെറിയ ജോലി ചെയ്താൽ മതി ” അപ്പു അമ്പരപ്പോടെ കൂട്ടുകാരൻ വിപിനെ നോക്കി..
“ഒരു സാധനം ഞാൻ പറയുന്നിടത്ത് എത്തിച്ചാൽ മതി “
“എന്ത് സാധനം? “അവൻ നെറ്റി ചുളിച്ചു
“സ്റ്റ ഫ്.. കുറച്ചേയുള്ളു “
“ഒന്ന് പോടാ. പോലീസ് പിടിച്ചാൽ ഞാൻ ജയിലിൽ കിടക്കും.. “
“പിടിച്ചാൽ അല്ലെ.. ഞാൻ ഇത് എത്ര തവണ ചെയ്തതാണ്? ആംബുലൻസ് വഴി ആണ്.. പോലീസ് നോക്കില്ല. “
“എന്നാലും.. “
“നിനക്ക് പൈസ വേണോ വാ നാളെ.. ok? “
അപ്പു മെല്ലെ തലയാട്ടി. ആംബുലൻസ് പോലീസ് ചെക്ക് ചെയ്യില്ല എന്നത് സത്യം തന്നെ. പക്ഷെ ചെയ്യുന്നത് ഒരു തെറ്റല്ലേ? പക്ഷെ ഇത് താൻ ഉപയോഗിക്കുന്നില്ലല്ലോ. താൻ അല്ലെങ്കിൽ മറ്റൊരാൾ ചെയ്യും.. അവൻ വീടെത്തും വരെ ഇതാലോചിച്ചു. തെറ്റില്ല എന്ന് തന്നെ അവന് തോന്നി.
വീടെത്തിയപ്പോൾ അച്ഛന്റെ ശബ്ദം കേട്ട് അവൻ മുറ്റത്തു ഒരു നിമിഷം നിന്നു.. അച്ചനെ നേരിടാൻ ഒരു ഭയം. അച്ഛൻ ഇന്ന് നേരെത്തെ വന്നോ?
“ഇന്നുണ്ടല്ലോടി.. ഉച്ചക്ക് ഉണ്ണാൻ ഓട്ടോ ഒതുക്കിയപ്പോൾ ദേ ഒരു ബാഗ്.. ഇന്ന് നിറയെ യാത്രക്കാർ ഉള്ള ദിവസം ആയിരുന്നു താനും.. വല്ല അഡ്രെസോ മറ്റോ ഉണ്ടൊ എന്ന് നോക്കിയപ്പോൾ അഡ്രസ് ഒന്നുമില്ല. കുറച്ചു സ്വർണം പിന്നെ ബാങ്കിൽ പണമടച്ച രസീത്.. പിന്നെ പോലീസ് സ്റ്റേഷനിൽ പോയി. രസീത് നോക്കി പോലീസ് കണ്ടു പിടിച്ചു ആളിനെ. പാവം മോളുടെ കല്യാണത്തിന് സ്വർണം പണയം എടുത്തു കൊണ്ട് വരും വഴി ആയിരുന്നു.. ആൾക്ക് ഓർമ്മയില്ല എവിടെ വെച്ച് മറന്നുന്ന്. പോരാൻ നേരം കുറെ പൈസ നീട്ടി. നമുക്ക് എന്തിനാ അർഹത ഇല്ലാത്ത കാശ്? ഞാൻ വാങ്ങിയില്ല കേട്ടോ. പിന്നെ പോലീസ് ഒരു ചായ വാങ്ങി തന്നു. ഒരു ഉഴുന്ന് വടയും. ഊണ് കഴിക്കാഞ്ഞത് കൊണ്ട് നല്ല വിശപ്പ് ഉണ്ടായിരുന്നു. അതോണ്ട് ഞാൻ അത് കഴിച്ചു . “
അപ്പു നെഞ്ചിടിപ്പോടെ ജനാലയിലൂടെ അച്ഛനെ നോക്കി നിന്നു. ആ നിഷ്കളങ്കത നിറഞ്ഞ മുഖം. ആത്മാർത്ഥത നിറഞ്ഞ സ്വരം. തന്റെ അച്ഛൻ..
“ജീവിതത്തിൽ ആകെയുള്ളത് അഭിമാനം മാത്രമാണ്.. അത് പോയാൽ പിന്നെ എന്താ ല്ലേ? അർഹത ഇല്ലാത്ത നയാപൈസ എനിക്ക് വേണ്ട.. അല്ല അങ്ങനെ കിട്ടിയാൽ അത് ഹോസ്പിറ്റലിൽ കൊടുത്തു തീരും. അനുഭവിക്കാൻ യോഗമുണ്ടാകില്ല “
അച്ഛൻ പറയുന്നത് കേട്ട് അവന്റെ കണ്ണ് നിറഞ്ഞു. ഒരക്ഷരം മിണ്ടാതെ അവൻ മുറിയിലേക്ക് നടന്നു..രാത്രി എത്ര വൈകിയിട്ടും ഉറക്കം വരുന്നില്ല. നെഞ്ചിൽ ഒരു വിങ്ങൽ. അച്ഛന്റെ കാലടി ശബ്ദം അടുത്ത് കേട്ടപ്പോൾ അവൻ കണ്ണടച്ച് കിടന്നു.
അച്ഛന്റെ കൈവിരലുകൾ ശിരസ്സിലൂടെ തഴുകിയിറങ്ങി..
“നിങ്ങൾ ഇങ്ങു വന്നേ.എന്നും രാത്രി ആകുമ്പോൾ മോനെ ഒന്ന് പുന്നാരിക്കാതെ ഉറക്കം വരില്ലല്ലേ? ” അമ്മ
“എന്റെ കുഞ്ഞല്ലേടി അവൻ.. അവനോടു പറയണം അടുത്ത മാസം ബൈക്കിനു പൈസ കൊടുക്കാംന്ന് .. ഞാനൊരാളോട് കടം ചോദിച്ചു വെച്ചിട്ടുണ്ട് കുറച്ചു കാശ്”
അച്ഛൻ പോയിക്കഴിഞ്ഞ് അവൻ കമിഴ്ന്നു കിടന്നു വിങ്ങി പ്പൊട്ടി കരഞ്ഞു. അച്ഛന്റെ നേര് കൊണ്ടാണ് ഇന്ന് താൻ ഇതൊക്കെ കേട്ടത്. അറിഞ്ഞത്. ഇല്ലായിരുന്നു എങ്കിൽ വലിയ ഒരു തെറ്റിലേക്ക് കൂപ്പു കുത്തിപോയേനെ ജീവിതം..
രണ്ടു ദിവസം കഴിഞ്ഞ്. അവൻ അച്ഛന്റെ അരികിൽ ചെന്നു.
“അച്ഛാ “
“ഉം “
“അച്ഛന്റെ സൈക്കിൾ ഞാൻ എടുത്തോട്ടെ? ” അച്ഛൻ നേർത്ത ചിരിയോടെ അവനെ നോക്കി
“അല്ല അത് അച്ഛൻ ഇപ്പൊ ഉപയോഗിക്കുന്നില്ലല്ലോ. ഇരുന്നാൽ വെറുതെ തുരുമ്പ് ആകും. “
“അപ്പൊ ബൈക്ക്? “
“അത് അവൻ മറൊരാൾക്ക് വിറ്റു.. സാരോല്ല സൈക്കിൾ മതി. രാവിലെ കുറച്ചു വീടുകളിൽ പത്രം ഇടുന്ന ജോലി തരാംന്ന് പറഞ്ഞു നാരായണേട്ടൻ.. അതിനിപ്പോ ഇത് മതി “
“മോനെടുത്തോ അത്. അനുവാദം ചോദിക്കുന്നത് എന്തിനാ? “അച്ഛൻ വാത്സല്യത്തോടെ പറഞ്ഞു
അവൻ തലയാട്ടി സൈക്കിൾ ഷെഡിലേക്കു നടന്നു
“പതിവില്ലാതെ ചെക്കൻ നേരിട്ട് ചോദിക്കാൻ തുടങ്ങിയല്ലോ? “
അമ്മ ചിരിച്ചു
“എന്റെ മോനല്ലേ അവൻ.? എന്നോട് അല്ലാതെ ആരോടാ ചോദിക്കുക..? കണ്ടോ ജോലി ചെയ്യാൻ പോണത്.. അച്ഛന്റെ കഷ്ടപ്പാട് അറിയാവുന്നവനാ. മിടുക്കനാ അവൻ. എന്റെ പൊന്നുമോൻ. “
അയാൾ നിറകണ്ണുകളോടെ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു..
“എന്തിനാടി നമുക്ക് ഒരു പാട് സമ്പത്ത്? നല്ല മക്കൾ മതി.. എന്റെ ഏറ്റവും വലിയ സ്വത്ത് എന്റെ മക്കളാണ്.. അത് മതി നമുക്ക് ” അയാൾ അഭിമാനത്തോടെ ചിരിച്ചു..
അമ്മ നിറഞ്ഞ സന്തോഷത്തോടെ ആ മുഖം നോക്കി നിന്നു..
സൂര്യനെ പോലെ തിളങ്ങുന്ന ആ മുഖത്തേക്ക്..