മത്തിയുണ്ടാക്കിയ കലഹം
എഴുത്ത്:-ദേവാംശി ദേവ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
വൈകുന്നേരം ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി മീൻ വാങ്ങാൻ മർക്കറ്റിലോട്ട് കയറിയപ്പോ നല്ല മത്തി ,അതും ലാഭത്തിൽ കിട്ടി..
മത്തി പൊരിച്ചതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഓടും..
അങ്ങനെ ഓടിവന്ന വെള്ളമൊക്കെ തുപ്പികളഞ്ഞ് നൂറുരൂപയുടെ മത്തിയും വാങ്ങി വീട്ടിലോട്ട് പോയി..
ടു വീലർ ഷെഡിലേക്ക് ഒതുക്കി വെയ്ക്കുമ്പോൾ തന്നെ കേട്ടു അപ്പുറത്തെ വീട്ടിലെ ബഹളം. അവിടെ ഒരു അമ്മയും മോനും മോന്റെ ഭാര്യയുമാണ് താമസം.
ഹസ്ബൻഡിന്റെ ഫ്രണ്ട് ആണ് ആ ചേട്ടൻ.. അമ്മായിയും മരുമകളും തമ്മിലുള്ള ബഹളമാണ് കേൾക്കുന്നത്..
സോറി.. മരുമകളെ കൂട്ടാൻ പറ്റില്ല.. തീരെ സഹി കെടുമ്പോൾ മാത്രമേ ആ കൊച്ച് നാക്ക് പുറത്തെടുക്കു.. എന്നാൽ അമ്മായി അങ്ങനെയല്ലേ.. ആ ചേട്ടൻ സ്നേഹിച്ചു വിളിച്ചിട്ട് വന്ന കുട്ടിയാ..അതുകൊണ്ട് തന്നെ അവർക്ക് ആ കൊച്ചിനോട് അധികം താൽപ്പര്യം ഇല്ല..
ലീവുള്ള ഒരു ദിവസം ഉച്ചക്ക് ഞാൻ ഊണും കഴിഞ്ഞ് ഉറങ്ങുന്ന സമയത്താണ് ഒരു നിലവിളി കേട്ടത്.. സ്വപ്നം കണ്ടതാവു മെന്ന് കരുതി ഞാനൊന്ന് തിരിഞ്ഞു കിടന്നു.. അപ്പോഴും ബഹളം കേൾക്കുന്നുണ്ടായിരുന്നു… പെട്ടന്ന് ചാടി വീണ് എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി..
“എന്റെ മോന്റെ കല്യാണം കാണാൻ എനിക്ക് യോഗ മില്ലാതെ പോയല്ലോ..” എന്ന് പറഞ്ഞായിരുന്നു മാമിയുടെ, അതായത് ആ കൊച്ചിന്റെ അമ്മായിഅമ്മയുടെ കരച്ചിൽ..
“കർത്താവേ ചേട്ടന്റെ കല്യാണം കാണാതെ മാമി തട്ടിപോയോ” എന്ന ആത്മഗതം ചെയ്ത് ഉള്ളിലെ സന്തോഷത്തെ അടക്കി നിർത്തി ഞാനങ്ങോട്ടേക്ക് ഓടി…
എങ്ങനെ സന്തോഷിക്കാതിരിക്കും.. ആകെ പാടെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് മനുഷ്യൻ ഇച്ചിരി നേരം കൂടുതൽ ഉറങ്ങുന്നത്.. അന്ന് തന്നെ കൃത്യമായി വീട്ടിൽ വന്ന് “ചേച്ചി ഒരു പാവം ആയതു കൊണ്ട് മരുമോൾക്ക് സുഖം… രാവിലെ എഴുന്നേൽക്കണ്ടല്ലോ…എങ്കിലും പെമ്പിള്ളേര് ഇങ്ങനെ കിടന്നിറങ്ങിയാൽ വീട്ടിൽ മൂദേവി കയറും ചേച്ചി “എന്ന് എന്റെ അമ്മായി അമ്മയോട് പറഞ്ഞു കൊടുത്ത മുതലാണ്…
എന്തായാലും അവരുടെ വിളിയും കേട്ട് ഞാൻ ഓടി പോയപ്പോൾ അത്യാവ ശ്യം അയൽക്കാരൊക്കെ എത്തിയിട്ടുണ്ട്..
ആൾക്കൂട്ടത്തിന്റെ അറ്റത് ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് നിൽപ്പുണ്ട്. അപ്പോഴാണ് സംഗതി ഏകദേശം പിടികിട്ടിയത്… ചേട്ടൻ ആ കുട്ടിയെ വിളിച്ചിട്ട് വന്നു..
എന്തായാലും ആരൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് മാമിയെ കൊണ്ട് നിലവിളക്ക് കൊടുത്ത് ആ കൊച്ചിനെ വീട്ടിൽ കേറ്റി.. എങ്കിലും ഇടക്കിടക്ക് മാമിക്ക് ബാധകേറും.. അപ്പോഴക്കെ “എന്റെ ചെറുക്കന്റെ കല്യാണം കാണാൻ പറ്റിയില്ലല്ലോ” എന്ന് പറഞ്ഞ് നിർവൃതി അടയും..
പാവം കൊച്ച് കുറെ ആകുമ്പോ രണ്ട് പാത്രമെടുത്ത് തറയിൽ അടിക്കും.. സഹികെടുമ്പോൾ എന്തെങ്കിലും തിരികെ പറയും..അത്രയേയുള്ളു..
ഇന്നെന്താണോ പ്രശ്നം എന്നാലോചിച്ച് ഞാൻ മത്തി ക്ളീൻ ചെയ്യാൻ പുറകു വശത്തേക്ക് ഇറങ്ങി… അപ്പൊ ദേ അപ്പുറത്ത് ആ കൊച്ച് നിൽപ്പുണ്ട്..കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.
“എന്താടാ ഇന്നത്തെ പ്രശനം.”
“എന്ത് പറയാനാ ചേച്ചി..ചേട്ടൻ ഇന്ന് നേരത്തെ വന്നതുകൊണ്ട് ഞങ്ങളൊരു സിനിമക്ക് പോയി..വീടിന്റെ രണ്ട് താക്കോലിൽ ഒന്ന് അമ്മയുടെ കൈയ്യിൽ ആണ്.. അതുകൊണ്ട് അമ്മ തൊഴിലുറപ്പിന് പോകുന്ന സമയത്ത് ഞങ്ങൾ എവിടെയെങ്കിലും പോയാൽ പൂട്ടിതാക്കോൽ കൊണ്ടു പോകും. അമ്മ വന്ന് അമ്മയുടെ കൈയ്യിലെ താക്കോൽ കൊണ്ട് തുറന്നു കയറും.. ഇന്നും ഞാൻ താക്കോൽ കൊണ്ടുപോയി. അമ്മ താക്കോൽ എടുക്കാതെ പോയതുകൊണ്ട് വീട്ടിൽ കേറാൻ പറ്റിയില്ല..ഞങ്ങൾ വരുന്നത് വരെ അപ്പുറത്ത് ഇരിക്കു വായിരുന്നു.. അതാ പ്രശ്നം.”
പാവം..ഞാൻ നോക്കിയിട്ട് ആ കൊച്ചിന്റെ ഭാഗത്ത് തെറ്റൊന്നും കണ്ടില്ല.. അതിനെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് വൃത്തിയാക്കിയ മത്തികൊണ്ടുവന്ന് മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിട്ട് ഞാൻ കുളിക്കാൻ പോയി.. പിറ്റേന്ന് രാവിലെ മീൻ പൊരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ഷെയ്പ്പ് ചെയ്യാൻ കൊടുത്ത ടോപ്പും കൊണ്ട് ആ കൊച്ച് വന്നത്..
“നിന്റെ അമ്മായിയമ്മ പോയോ “
“പോയി ചേച്ചി…അതുകൊണ്ടല്ലേ സമാധാനത്തോടെ ഞാൻ ഇങ്ങോട്ടേക്ക് വന്നത്..”
“മീൻ കിട്ടിയോടാ..”
“ഇല്ല ചേച്ചി…രാവിലെ മീൻകാരൻ പോകുമ്പോ അമ്മയല്ലേ വാങ്ങുന്നത്.. ഇന്നലത്തെ ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു ചേച്ചി ഇന്ന് മീൻ വാങ്ങിയില്ല.”
പാവം തോന്നി എനിക്ക്..പൊരിച്ചു വച്ചിരുന്ന മത്തിയിൽ നിന്ന് കുറച്ചെടുത്തൊരു പാത്രത്തിൽ ആക്കി ഞാൻ അവൾക്ക് കൊടുത്തു..
അതും വാങ്ങി അവൾ വീട്ടിലേക്ക് പോയി.. വേഗം റെഡിയായി ഞാൻ ജോലിക്കും പോയി..
വൈകുന്നേരം വരുമ്പോൾ വഴിയിൽ വെച്ച് അവിടുത്തെ ചേട്ടൻ ബൈക്കിൽ പോകുന്നത് കണ്ടു. എന്നെ കണ്ടിട്ട് മൈൻഡ് പോലും ചെയ്തില്ല.. മുഖമാണെങ്കിൽ ദേഷ്യത്തിലും..
സാധാരണ കണ്ടാൽ ചിരിക്കാതെ പോകില്ല..ഇതെന്ത് പറ്റി എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് ചെന്നു..
അപ്പുറത്ത് മാ മി ഉറക്കെ എന്തൊക്കെയോ പറയുന്നുണ്ട്.. വീട്ടിലേക്ക് കയറിയപ്പോ കെട്യോനും അമ്മായി അമ്മയും എന്നെ തന്നെ നോക്കി ഇരിക്കുന്നു..
ഇതെന്ത് പറ്റി എല്ലാവർക്കും.
“നീ ഇന്ന് മീൻ വറുത്തത് അപ്പുറത്ത് കൊടുത്തോ..” കെട്യോൻ ചോദിച്ചു..
“ഉവ്വ്..അവള് രാവിലെ വന്നപ്പോ ഞാൻ മീൻ പൊരിക്കുകയായിരുന്നു.. അവൾക്ക് മീൻ കിട്ടിയില്ലെന്ന് പറഞ്ഞപ്പോ ഞാൻ കുറച്ച് കൊടുത്തു..
എന്താ കാര്യം.”
“മക്കളെ ആ കൊച്ച് അവൻ ഉച്ചക്ക് ഉണ്ണാൻ വന്നപ്പോ അതെടുത്ത് അവന് കൊടുത്തു. ബാക്കി രണ്ടെണ്ണം എടുത്ത് അടച്ചു വെച്ചു..അവള് തൊഴിലുറപ്പ് കഴിഞ്ഞു വന്നപ്പോ മീൻ പൊരിച്ചത് ഇരിക്കുന്നു.. അവളോട് പറയാതെ മീൻ വാങ്ങി പൊരിച്ച് തിന്നെന്ന് പറഞ്ഞ് ആ നേരം തൊട്ട് തുടങ്ങിയതാ..സഹി കെട്ടപ്പോൾ ആ കൊച്ചും തിരിച്ച് എന്തൊക്കെയോ പറഞ്ഞു… ദേഷ്യം വന്ന അവൻ അതിനെ ത ല്ലി എന്നാ തോന്നുന്നത്..അപ്പൊ തന്നെ അത് ബാഗൊക്കെ എടുത്ത് വീട്ടിൽ പോയി..നീയാണ് മീൻ കൊടുത്തതെന്ന് അത് പറഞ്ഞിട്ട് അവള് വിശ്വസിക്കുന്നില്ല”
ദൈവമേ… എന്റെ മീൻ വറുത്തത് ഒരു കുടുംബം തകർത്തോ…
സത്യമായും ഞാനൊന്ന് ഞെട്ടി.. എന്തായാലും അവരോട് കാര്യം പറയാമെന്ന് കരുതി ഞാൻ പുറകിലോട്ട് ഓടി..
“മാമി..” ഞാൻ വിളിച്ചതും ഓടി വന്നവർ അവളുടെ കുറ്റങ്ങൾ പറയാൻ തുടങ്ങി.
“മാമി..ഞാനാണ് മീൻ കൊടുത്തത്.”
“അവളെ ന്യായീകരിക്കണ്ട മക്കളെ നീ..” ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ആ കിളവി അത് വിശ്വസിക്കുന്നില്ല.. വിശ്വസിക്കില്ല എന്ന വാശി പോലെ. ഇനി എന്ത് ചെയ്യും..പാവം ഞാൻ കാരണ മാണല്ലോ അത് ഇവിടുന്ന് പോയതെ ന്നോർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു..
“എന്തായാലും അവളെ ഇനി ഈ വീട്ടിൽ കേറ്റൂല..”
“നിങ്ങള് കേറ്റണ്ട മാമി.. അവൻ അവളുടെ കൂടെ പോയി തമാസിച്ചോളും.. അവളുടെ വീട്ടുകരുമൊക്കെ ഇപ്പൊ സഹരിക്കുന്നുണ്ടല്ലോ…” അങ്ങോട്ടേക്ക് വന്ന കെട്യോന്റെ ഡയലോഗിൽ ബിഗ് ബോസ് നടക്കുമ്പോൾ കറണ്ടു പോയതു പോലെ അവര് നിശബ്ദമായി.. ഞങ്ങൾ വേഗം അകത്തേക്ക് കയറി..
രാത്രി ആ ചേട്ടൻ തിരികെ വരുന്നത് കണ്ടു… പിറ്റേന്ന് വൈകുന്നേരം ഞാൻ വീട്ടിൽ എത്തുമ്പോൾ അവൾ തിരികെ വന്നിട്ടുണ്ടായിരുന്നു.. എന്തായാലും കുറച്ചു ദിവസം കൊണ്ട് അവര് നിശ്ശബ്ദമാണ്…ഇനി എന്നാണോ അടുത്ത അങ്കം തുടങ്ങുന്നത്….