മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
” പക്ഷേ… ദേവ്… പാറു ജീവനോടെ ഉണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി… “
വീർ ദേവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..
അപ്രതീക്ഷിതമായി ഉള്ള ചോദ്യത്തിന് മുന്നില്‍ ദേവ് ഒന്ന് പതറി..
“പറയ് ദേവ്… എന്താ നിന്റെയീ മൗനത്തിന്റെ അര്‍ത്ഥം…”
വീർ അവനെ പിടിച്ചു ഉലച്ചു കൊണ്ട് പറഞ്ഞു…
” പറയ് ദേവേട്ടാ…. ഞാൻ മുന്നേ ചോദിച്ച ചോദ്യമല്ലെ ഇത്… എനിക്ക് അറിയണം എങ്ങനെയാ എന്റെ കിച്ചേട്ടൻ ഈ പാറുവിനെ തേടി വന്നത് എന്ന്…”
വീർനെ മാറ്റി നിർത്തി കൊണ്ട് അപ്പു ദേവിന്റെ മുന്നിലേക്ക് വന്നു…
സാമും ദേവും പരസ്പരം നോക്കി…
” ഇച്ചൻ… ഇച്ചന് അറിയാം എല്ലാം.. എനിക്ക് അറിയാം.. പറയ് ഇച്ചാ… “
അപ്പു സാമിന് നേരെ തിരിഞ്ഞു…
സാം ദൈന്യതയോടെ ദേവിനെ നോക്കി…
” അത്… അത്.. ദേവ്..”
സാം നിന്ന് പരുങ്ങി…
“അവനോടു ചോദിക്കേണ്ട… ഞാൻ പറയാം…”
ദേവ് ശാന്തതയോടെ പറഞ്ഞു…
എല്ലാവരും അവന്റെ മുഖത്തേക്കു ഉറ്റു നോക്കി.
എല്ലാ മുഖങ്ങളിലും ആകാംഷ ആയിരുന്നു..
സാമിന്റെയും വീർന്റെയും മുഖങ്ങളില്‍ ഒഴിച്ച്..
“എകദേശം അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്നേ… അന്ന് ഞങ്ങൾ ഫൈനല്‍ ഇയര്‍ ആയിരുന്നു… കോഴ്സ് കഴിയാറായ സമയം…
ആ സമയത്ത് ആണ് ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങളുടെ ഹെഡ് പറഞ്ഞത്…”
ദേവ് പറഞ്ഞ് തുടങ്ങി…
***************************
“ദേവ്… നീ അറിഞ്ഞോ… നമ്മുടെ മെഡിക്കല്‍ ക്യാമ്പ് മിക്കവാറും കുളമാക്കി കൈയ്യിൽ തരും ആ ഹെഡ്… “
ദേവിന്റെ ക്ലാസ്മേറ്റ് അര്‍ജുന്‍ ഓടി വന്നു പറഞ്ഞു…
” എന്ത് കുളമാകാൻ… നീ എന്താ അര്‍ജുന്‍ ഈ പറയുന്നത്… “
ദേവിന് അരികില്‍ ഇരുന്ന അദിധി സംശയത്തോടെ ചോദിച്ചു….
” എന്റെ പൊന്നു ആദി… “
അര്‍ജുന്‍ തലയില്‍ കൈ കൊടുത്തു കൊണ്ട് വിളിച്ചു…
” നിന്റെ ആദിയോ…. എപ്പൊ മുതൽ..”
അദിധി പുരികം പൊക്കി കൊണ്ട് അവനെ കൂർപ്പിച്ച് നോക്കി…
” എന്റെ…. ഓഹ്.. സോറി.. വല്ലവന്റേയും ആദി… നമ്മുടെ ഡ്രീം അല്ലെ ഇങ്ങനെ ഒരു മെഡിക്കല്‍ ക്യാമ്പ്…
ചാരിറ്റി ആയിട്ട് അല്ല… ഒരു സേവനം.. അതല്ലേ നമ്മള്‍ പ്ലാന്‍ ചെയ്തത്.. അപ്പൊ അത് അര്‍ഹത ഉള്ളവര്‍ക്ക് അല്ലെ കിട്ടേണ്ടത്…”
അര്‍ജുന്റെ സംസാരം കേട്ട് ചിരി വന്നെങ്കിലും ദേവ് അത് അടക്കി പിടിച്ചു…
” അതിനിപ്പോ എന്താ സഹോ… നമ്മൾ സേവനം തന്നെയല്ലേ ചെയ്യുന്നത്… ക്യാമ്പ് ഉണ്ടല്ലോ.. പിന്നെന്താ.. “
പിന്നാലെ വന്ന വീർ അവന്റെ തോളില്‍ കൂടി കൈയ്യിട്ട് കൊണ്ട് ചോദിച്ചു…
” എന്റെ പൊന്നു മസില്‍ അളിയാ… നീ ഇങ്ങനെ പിടിക്കാതെ… എനിക്ക് വല്ലതും പറ്റിപ്പോയാൽ ദേ.. ഇവിടെ നിന്റെ ഈ പെങ്ങള് അനാഥ ആയി പോകും.. “
അര്‍ജുന്‍ ശബ്ദം കുറച്ചു അവനോടു പറഞ്ഞു…
” അതേത് പെങ്ങള്‍ ആണ് അളിയാ..”
വീർ അവന്റെ കൈ പിറകില്‍ നിന്നും പിടിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു…
” യ്യോ… വിട്… ഞാൻ ഒന്ന് പറയട്ടെ.. “
അര്‍ജുന്‍ കുതറി മാറിക്കൊണ്ട് പറഞ്ഞു…
” നീ കാര്യം തെളിച്ചു പറയ് അര്‍ജുന്‍…”
ദേവ് ഗൌരവത്തില്‍ പറഞ്ഞു..
“നമ്മള്‍ ക്യാമ്പ് പ്ലാൻ ചെയ്തത് ഏതേലും ആദിവാസി ഏരിയയിൽ അല്ലെ…അവര്‍ക്ക് നല്ല മെഡിക്കല്‍ ട്രീറ്റ്മെന്റ് നൽകാൻ അല്ലെ നമ്മള് തീരുമാനിച്ചത്…”
അര്‍ജുന്‍ ഒന്ന് നിർത്തി..
“അതിനെന്താ… നമ്മള് പ്ലാൻ ചെയ്തത് പോലെ തന്നെ നടക്കും…”
ദേവ് ഉറപ്പിച്ചു പറഞ്ഞു..
” ഇല്ല ദേവ്… ഇവര് ഇപ്പൊ ക്യാമ്പ് നടത്താൻ ഉദ്ദേശിക്കുന്നത് ഇവിടെ അടുത്തുള്ള ഒരു കോളനിയിൽ ആണ്… എല്ലാവിധ മെഡിക്കല്‍ ഫെസിലിറ്റിയും കിട്ടുന്ന ആൾക്കാർക്ക് വേണ്ടി ക്യാമ്പ് നടത്തുന്നതില്‍ എന്ത് അർത്ഥം ആണുള്ളത്…
അതേ സമയം നമ്മൾ പ്ലാന്‍ ചെയ്തത് പോലെ ആണെങ്കില്‍ ഒരുപാട് പാവങ്ങൾക്ക് അത് സഹായകരമാകും… “
അര്‍ജുന്‍ വിഷമത്തോടെ പറഞ്ഞു…
” നമ്മൾ പ്ലാന്‍ ചെയ്തത് പോലെ തന്നെ നടക്കും.. അതിൽ ഒരു മാറ്റവും ഇല്ല… ചുമ്മാ ആള്‍ക്കാരെ കാണിച്ചു പബ്ലിസിറ്റി നേടാൻ അല്ലല്ലോ ഈ ക്യാമ്പ്… സേവനം ആണ് നമ്മുടെ ലക്ഷ്യം.. “
വീർ ദേഷ്യത്തോടെ പറഞ്ഞു…
” വാ ദേവ്.. നമുക്ക് എല്ലാര്‍ക്കും ഹെഡ്ഡിനോട് ഒന്ന് സംസാരിക്കാം… എന്നിട്ട് തീരുമാനിക്കാം.. നിങ്ങളും വാ.. “
അദിധി അവന്റെ കൈയ്യിൽ പിടിച്ചു…
” യ്യോ.. എന്റെ… ഓഹ്.. ആദി… ഞാനില്ല… അയാളുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ഞാനില്ല…”
അര്‍ജുന്‍ പിന്നോട്ട് നീങ്ങി..
” ഞാനും വരുന്നില്ല ദേവ്.. നിങ്ങള് പോയി സംസാരിക്കൂ… ഞാന്‍ വന്നാല്‍ ചിലപ്പോള്‍ അയാളെ ചുമരില്‍ നിന്നും വടിച്ച് എടുക്കേണ്ടി വരും..കൈയ്യിൽ ഒതുങ്ങുന്നില്ലെങ്കിൽ എന്നോട് പറയ്… “
വീർ ചിരിയോടെ പറഞ്ഞു…
*********************
” എന്തായി ദേവ്.. അയാള്‍ എന്തു പറഞ്ഞു…”
കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്ന ദേവിനോട് അര്‍ജുന്‍ ആകാംഷയോടെ ചോദിച്ചു…
” അയാൾ കുറേ ഉടക്കി… ഒടുവില്‍ അയാൾ സമ്മതിച്ചു.. പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്… “
അദിധി നിരാശയോടെ പറഞ്ഞു…
“എന്താ അയാള് പറഞ്ഞത്…”
വീർ താല്പര്യമില്ലാത്തത് പോലെ ചോദിച്ചു…
“അത്.. ക്യാമ്പ് നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് നടത്താം.. പക്ഷേ അത് ഇവിടെ അടുത്തുള്ള സ്ഥലത്ത് ഒന്നും പോരാ… ഇൻഫാക്ട് കര്‍ണാടക തന്നെ വേണ്ടന്ന്.. കര്‍ണാടകയ്ക്ക് പുറത്ത് ഏതേലും ആദിവാസി കോളനി കണ്ടു പിടിക്കാൻ ആണ് അയാള് പറഞ്ഞത്… പുച്ഛം ആണ് അയാള്‍ക്ക്.. നമുക്ക് ഒറ്റയ്ക്കു ഇതൊന്നും ശരിയാക്കാൻ പറ്റില്ലെന്ന് ആണ് അയാളുടെ വിചാരം… “
ദേവ് നിരാശയോടെ പറഞ്ഞു.
” അതിനു ഇത്ര വിഷമിക്കാൻ എന്താ ദേവ്.. അങ്ങനെ ഒരു പ്ലേസ് നമുക്ക് കണ്ടു പിടിക്കാൻ എളുപ്പം അല്ലെ… “
അര്‍ജുന്‍ ആവേശത്തോടെ പറഞ്ഞു..
” എളുപ്പം അല്ല അര്‍ജുന്‍… കര്‍ണാടകയ്ക്കു പുറത്ത്.. അതായത് വേറെ ഏതെങ്കിലും സ്റ്റേറ്റ്.. അത് നമ്മള് നോക്കണം.. മാത്രമല്ല.. അവിടെ ക്യാമ്പിന് വേണ്ട തയ്യാറെടുപ്പുകള്‍ കൂടി നമ്മള് നടത്തണം…
അയാൾ ആകെ തന്നത് ഒരു ദിവസം ആണ്.. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ എല്ലാം കണ്ടുപിടിച്ചു ശരിയാക്കും.. “
ദേവ് തല കുനിച്ച് കൊണ്ട് പറഞ്ഞു…
” ഏയ് ഗൈസ്… ഐ ഹാവ് എ പ്ലാന്‍… “
എന്തോ ഓര്‍ത്തു ഇരുന്ന അദിധി ആവേശത്തോടെ പറഞ്ഞു…
” എന്ത്… പ്ലാന്‍.. “
വീർ സംശയത്തോടെ അവളെ നോക്കി..
” ഏയ്.. വീർ… ഞാൻ പണ്ട് പറഞ്ഞ ഒരു ട്രൈബൽ കോളനിയുടെ കാര്യം ഓര്‍മ്മയുണ്ടോ..”
അവള് ആവേശത്തോടെ വീർനെ നോക്കി…
“ഏതു കോളനി… “
അര്‍ജുന്‍ അമ്പരപ്പോടെ ചോദിച്ചു..
“നല്ലമല…… ആന്ധ്രയിലെ സ്ഥലം ആണ്.. അതാവുമ്പോ കര്‍ണാടകയ്ക്ക് പുറത്താണ്… നമ്മുടെ സേവനം ലഭിക്കാന്‍ ഏറ്റവും യോഗ്യരായ ആള്‍ക്കാര്‍ ആണ് അവിടെ ഉള്ളതും…
പിന്നെ ഇവിടുന്നു ഒരു 9 അല്ലെങ്കിൽ 10 മണിക്കൂര്‍ യാത്ര മാത്രമേ ഉള്ളു…
എന്റെ സ്ഥലം ആയതു കൊണ്ട് അറേഞ്ച്മെന്റ്സ് ചെയ്യാനും എളുപ്പം ആകും… “
അവള് ആവേശത്തോടെ തന്നെ പറഞ്ഞു…
” അതൊരു നല്ല ഐഡിയ ആണ് വീർ… കൂട്ടത്തിൽ എനിക്ക് എന്റെ അമ്മായിയച്ഛനെയും ഒന്ന് കാണാലോ… “
അര്‍ജുന്‍ ഇളിച്ചു കൊണ്ട് പതിയേ പറഞ്ഞു..
” നല്ലമല…. “
ദേവും വീർ ഉം ആ വാക്ക് ഒന്നുടെ പറഞ്ഞു..
**********************
” എന്നിട്ട്.. എന്തു ഉണ്ടായി..” മാധവന്‍ ആകാംഷയോടെ ചോദിച്ചു…
” ഒടുവില്‍ നല്ലമലയിൽ തന്നെ ക്യാമ്പ് നടത്താൻ ഞങ്ങള് തീരുമാനിച്ചു…
ആദി തന്നെ അവളുടെ വീട്ടില്‍ വിളിച്ചു പറഞ്ഞു അവരെ കൊണ്ട് ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്യിച്ചു…
അങ്ങനെ അഞ്ച് ദിവസത്തെ മെഡിക്കല്‍ ക്യാമ്പിനായി ഞങ്ങള് ആന്ധ്രയിലേക്ക് പോയി…” ദേവ് പറഞ്ഞു കൊണ്ട് അദിധിയെയും വീർനെയും നോക്കി…
” എന്നിട്ട്..”
അപ്പുവിന്റെ സ്വരം വിറച്ചു…
” ക്യാമ്പ് തുടങ്ങി…. പക്ഷേ ഞങ്ങള്‍ വിചാരിച്ച അത്രയും ആള്‍ക്കാര് വന്നില്ല..
പുറം ലോകവുമായി അധികം ബന്ധമില്ലാത്തവർ അല്ലെ എന്ന് ഞങ്ങൾ കരുതി…
പക്ഷേ പിന്നീടുള്ള രണ്ടു ദിവസവും അതേ അവസ്ഥ ആയിരുന്നു… കൂടി വന്നാൽ രണ്ടോ മൂന്നോ ആള്‍ക്കാര് മാത്രം.
അതോടു കൂടി ഞങ്ങള്‍ ആകെ നിരാശരായി…
ആഗ്രഹിച്ച് നടത്തുന്ന ക്യാമ്പ് വലിയ പരാജയം ആയി പോകുമോ എന്ന് ഞങ്ങള്‍ ഭയന്നു… “
ദേവ് പറഞ്ഞു നിർത്തി…
” അടുത്ത ദിവസം ക്യാമ്പിൽ വന്ന ഒരാളോട് ഞങ്ങൾ ഈ കാര്യം ചോദിച്ചു…
അതിനു അയാൾ തന്ന മറുപടി ഞങ്ങള്‍ക്ക് ശരിക്കും അല്‍ഭുതമായിരുന്നു…. “
അദിധി പറഞ്ഞു..
എല്ലാവരുടെയും മുഖത്ത് ആകാംഷ നിറഞ്ഞു…
” അതേ.. അയാൾ പറഞ്ഞ കാര്യം ഞങ്ങളെ അല്‍ഭുതപ്പെടുത്തി…
കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അവിടെ ആര്‍ക്കു എന്ത് അസുഖം വന്നാലും അവര് കാണിക്കുന്നത് അവിടെ തന്നെ ഉള്ള ഒരാളെ ആണെന്ന് അയാൾ പറഞ്ഞു…
ഊരും പേരും ഒന്നും ആര്‍ക്കും അറിയില്ല… എല്ലാവരും അദ്ദേഹത്തെ വൈദ്യര്‍ എന്ന് തന്നെയാണ് വിളിച്ചിരുന്നത്…
ആര്‍ക്കു എന്ത് അസുഖം വന്നാലും അയാൾ തന്നെ മരുന്ന് ഉണ്ടാക്കി കൊടുക്കും.. പച്ചില മരുന്നുകള്‍…
അത് കൊണ്ട് തന്നെ ചെറിയ ചെറിയ എന്ത് രോഗം വന്നാലും ആരും ആശുപത്രിയില്‍ പോകാറില്ല..
അയാള്‍ അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾക്കും ആകാംഷ ആയി…
അയാളുടെ കൂടെ ഞങ്ങളും ആ വൈദ്യനെ കാണാന്‍ പുറപ്പെട്ടു…
പക്ഷേ… ഞങ്ങളെ കാത്തിരുന്നത്…. “
ദേവ് ഒന്ന് നിർത്തി… പിന്നെ വീർനെ നോക്കി..
” ഞാൻ പറയാം ദേവ്… അവിടെ ഞങ്ങള് കണ്ടത് ഒരു 50 വയസ്സു ഒക്കെ ഉള്ള ഒരു മനുഷ്യനെ ആയിരുന്നു… അല്ലെ ദേവ്… “
വീർ ചിരിയോടെ അവനെ നോക്കി…
എല്ലാവരും ദേവിന്റെ മുഖത്തേക്കു തന്നെ നോക്കി..
” അതേ… ഒരു 50 വയസ്സിന് മേലെ പ്രായം വരുന്ന ഒരു മനുഷ്യന്‍…
ആള്‍ക്ക് സ്വയം ആരാണെന്ന് അറിയില്ല. സ്വന്തം പേര് അറിയില്ല.. നാട് അറിയില്ല തെലുഗു സംസാരിക്കുന്ന ഒരു മനുഷ്യന്‍…
പക്ഷേ ഞങ്ങളെ അല്‍ഭുതപ്പെടുത്തി കൊണ്ട് ഞങ്ങള്‍ സംസാരിച്ച മലയാളം അദ്ദേഹത്തിന് മനസ്സിലായി…
അദ്ദേഹത്തിനും അതൊരു അല്‍ഭുതം ആയിരുന്നു..
സ്വന്തം ഓര്‍മകള്‍ നഷ്ടപ്പെട്ട ഒരു മനുഷ്യന്‍.. പക്ഷേ അയാള്‍ക്കു മരുന്നുകള്‍ അറിയാം.. അവ ഓരോന്നും എങ്ങനെ ഓരോ അസുഖത്തിനും പ്രയോഗിക്കണം എന്ന് അറിയാം…
ശരിക്കും പറഞ്ഞാൽ ഒരു വിചിത്ര മനുഷ്യന്‍.. “
ദേവ് പറഞ്ഞു കൊണ്ട് അപ്പുവിന്റെ മുഖത്തേക്ക് നോക്കി…
” അതാരാണെന്ന് നിനക്ക് അറിയേണ്ടേ പാറു… “
അവന്‍ അലിവോടെ ചോദിച്ചു…
അവള് പതിയെ തലയാട്ടി.
” നിന്റെ അച്ഛൻ.. എന്റെ അമ്മാവന്‍.. ഗോപിനാഥന്‍… “
ദേവ് പറഞ്ഞത് വിശ്വസിക്കാൻ ആവാതെ ഇരിക്കുകയായിരുന്നു അപ്പുവും മാധവനും ദേവിയും.
“എന്താ.. എന്താ പറഞ്ഞത്.. എന്റെ ഗോപിയോ… “
മാധവന്‍ നിറകണ്ണുകളോടെ അമ്പരപ്പിൽ ചോദിച്ചു..
അപ്പുവിന്റെയും ദേവിയുടെയും കണ്ണുകളില്‍ അവിശ്വാസ്യത നിറഞ്ഞു നിന്നു…
” എന്താ.. എന്താ ദേവേട്ടൻ പറഞ്ഞത്..”
അപ്പു ഒരു കുതിപ്പിന് അവന്റെ അടുത്തേക്ക് എത്തി…
“സത്യമാണ് പാറു.. നമ്മുടെ അച്ഛൻ.. അച്ഛൻ ജീവനോടെ ഉണ്ട്…”
വീർ ഇടറിയ സ്വരത്തില്‍ പറഞ്ഞു…
“അച്ഛൻ…”
അപ്പു കണ്ണീരോടെ പിറുപിറുത്തു…
ദേവ് അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
തന്റെ ഉറ്റ സുഹൃത്ത് ജീവനോടെ ഉണ്ടെന്ന് ഉള്ള അമ്പരപ്പിലും സന്തോഷത്തിലും ആയിരുന്നു മാധവനും ദേവിയും..
“അതേ… ഗോപി അങ്കിള്‍…. ആദ്യം കണ്ടപ്പോൾ എനിക്ക് ചെറിയ സംശയം തോന്നി… എങ്കിലും മനസ്സിന്റെ ഏതോ കോണില്‍ ഉള്ള മുഖം പിന്നെയും പിന്നെയും തെളിഞ്ഞു വന്നു…
പക്ഷേ അങ്കിളിന് ഒന്നും ഓര്‍മ്മയില്ലായിരുന്നു….
കൂടെ എല്ലാവരും ഉള്ളതു കൊണ്ട് എനിക്ക് ഒന്നും ചോദിക്കാനും പറയാനും ഉള്ള സാവകാശം കിട്ടിയില്ല…
എങ്കിലും കുറേ ഏറെ സംശയങ്ങള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു…
എല്ലാം മനസ്സിൽ വച്ചാണ് ഞാൻ ക്യാമ്പ് കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങിയത്…
തിരിച്ചു നല്ലമലയിലേക്ക് പോകാനും അങ്കിളിനെ കാണാനും ഞാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു…
അങ്ങനെ മൂന്ന് മാസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും അവിടേക്ക് പോയി..
പക്ഷേ ഞാൻ അവിടെ എത്തിയപ്പോഴേക്കും വൈകിയിരുന്നു..
അങ്കിളിനെ എനിക്ക് അവിടെ കാണാന്‍ സാധിച്ചില്ല…
അന്ന് അങ്കിളിനെ അന്വേഷിച്ച് ഞാൻ ഒരുപാട് അലഞ്ഞു…
പക്ഷേ എവിടെയും കാണാൻ സാധിച്ചില്ല…
ഒരുപാട് നിരാശപ്പെട്ട് ആണ് ഞാന്‍ മടങ്ങിയത്..
പിന്നെയും നാല് വര്‍ഷം കഴിഞ്ഞു..
പക്ഷേ ഞാൻ എന്റെ അന്വേഷണം നിർത്തിയില്ല..
ഒരുപാട് അലഞ്ഞു നടന്നു ആണ് പിന്നെ അങ്കിളിനെ കണ്ടു മുട്ടിയത്…
അതായത് എകദേശം ഒരു വര്‍ഷം മുന്നേ..
അതും ആന്ധ്രയിൽ വച്ച് തന്നെ…
അങ്കിളിനെ കണ്ടു…. നയത്തില്‍ ഞാന്‍ അദ്ധേഹത്തെ അവിടെ തന്നെ ഉള്ള ഒരു ഡോക്ടറുടെ അടുത്ത് എത്തിച്ചു…
അന്നത്തെ അപകടത്തിൽ തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണ് അദ്ദേഹത്തിന്റെ ഓര്‍മകള്‍ നഷ്ടപ്പെട്ടത് എന്ന് ഞാൻ കരുതി…
പക്ഷേ സത്യം അത് അല്ലായിരുന്നു… അതെനിക്ക് അധികം വൈകാതെ മനസ്സിലായി..”
ദേവ് ആ ഓര്‍മ്മകളിൽ മുഴുകി…
****************************
” ദേവ്… സീ… ഞാനിനി പറയാൻ പോകുന്ന കാര്യം കേട്ട് താന്‍ ഞെട്ടരുത്… “
ഡോക്ടർ ദേവിനോടായി പറഞ്ഞു..
” എന്താ.. എന്താ ഡോക്ടർ… അങ്കിളിന് എന്തെങ്കിലും പ്രശ്നം… “
ദേവ് വെപ്രാളത്തോടെ ചോദിച്ചു…
” പ്രശ്നം തന്നെയാണ് ദേവ്… സീ..ഏകദേശം കഴിഞ്ഞ ഒന്‍പതു മാസങ്ങൾ ആയി നമ്മൾ ട്രീറ്റ്മെന്റ് തുടങ്ങിയിട്ട്…
ഇത് വരെയും ഒരു പോസിറ്റിവ് റെസ്പോൺസ് നമുക്ക് കിട്ടിയിട്ടില്ല…
ഡോക്ടർ സംശയത്തോടെ നിർത്തി…
“എന്താ ഡോക്ടർ പറഞ്ഞു വരുന്നത്… “
ദേവ് സംശയത്തോടെ ചോദിച്ചു…
“അത്… ഐ തിങ്ക്.. ഹി ഈസ് പെർഫക്ട്ലി ആൾറൈറ്റ്…”
ഡോക്ടർ ശങ്കയോടെ നിർത്തി…
“വാട്ട് ഡു യു മീന്‍ ഡോക്ടർ…”
ദേവ് അമ്പരപ്പോടെ ചോദിച്ചു…
“അതേ ദേവ്… അയാൾ അഭിനയിക്കുകയാണ്… അയാളുടെ ഓര്‍മകള്‍ക്ക് ഒരു തകരാറും ഇല്ല…”
ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു…
**********************
” പിന്നെ.. പിന്നെ എന്തിനാ അച്ഛൻ മനപ്പൂര്‍വ്വം അങ്ങനെ ഒക്കെ…”
അപ്പു ഞെട്ടലോടെ ചോദിച്ചു…
” അത് എനിക്കും അറിയില്ലായിരുന്നു… പക്ഷേ…ഡോക്ടർ പറഞ്ഞ കാര്യം എന്നെ ഒരുപാട് ദേഷ്യം പിടിപ്പിച്ചു…
ഒരു വിഡ്ഢി ആയതു പോലെ…
ഞാൻ നേരെ അങ്കിളിന്റെ അടുത്തേക്ക് ചെന്നു…
അഭിനയിച്ചത് എന്തിനാണെന്ന് മാത്രം അങ്കിള്‍ പറഞ്ഞില്ല…
പക്ഷേ ഞാന്‍ ആരാണെന്നു കൂടി അറിഞ്ഞപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അങ്കിള്‍ കരഞ്ഞു…
അപ്പച്ചിയുടെ കാര്യം അങ്ങോട്ട് പറയുന്നതിന് മുന്നേ അങ്കിള്‍ എന്നോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ…
അങ്കിളിന്റെ കൈ പിഴവ് കൊണ്ട് മകള്‍ നഷ്ടപ്പെട്ട പ്രിയ സുഹൃത്തിനെ പോയി കാണണം എന്ന്…
അങ്ങനെയാണ് ഞാനും അങ്കിളും അപ്പുവിന്റെ അച്ഛനെ തേടി കേരളത്തിലേക്ക് വന്നത്…
അങ്കിളിന്റെ വീടും നാടും ഒക്കെ പഴയ ഓര്‍മകള്‍ മാത്രമായിരുന്നു… അത് കൊണ്ട് തന്നെ കണ്ടുപിടിക്കാന്‍ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി….
എങ്കിലും ഒടുവില്‍ അങ്കിളിനെ ഞങ്ങൾ കണ്ടെത്തി…
പക്ഷേ ഇവിടെ അപ്പുവിന്റെ പ്രായത്തില്‍ തന്നെയുള്ള മാധവന്‍ അങ്കിളിന്റെ മകളെ കണ്ടപ്പോള്‍ ഞങ്ങൾക്ക് രണ്ട് പേര്‍ക്കും സംശയമായി…
അവിടെ മുതൽ ആണ് ഞാന്‍ അപ്പു എന്ന എന്റെ പാറുവിന് പിന്നാലെ കൂടിയത്… “
ദേവ് പുഞ്ചിരിയോടെ പാറുവിനെ നോക്കി..
തുടരും
(😉.. പിന്നെ ഞാനൊരു ലോല ഹൃദയ ആണ്..മുന്നേ പറഞ്ഞല്ലോ.. കൊലപാതകം ഒന്നും പറ്റില്ല… പിന്നെ അപ്പുവിനെ പാറു ആയി അവതരിപ്പിക്കാൻ ഒരു ബുദ്ധിമുട്ട്… അവള് അങ്ങനെ തന്നെ തുടരട്ടെ… അത് കൊണ്ട് അപ്പുവിനെ പാറു ആക്കി എഴുതിയിട്ടില്ല…അടുത്തത് അവസാന ഭാഗം ആണ്… 😉 😉 സ്നേഹപൂര്‍വം ❤️)