അപൂര്‍വരാഗം ~ ഭാഗം 27 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പക്ഷേ അഭിയുടെ നോട്ടം ചെന്നെത്തിയത് ദേവിന് പിറകില്‍ അവന്റെ സിന്ദൂരവും താലിയും അണിഞ്ഞ് നിക്കുന്ന അപ്പുവിൽ ആണ്…

അഭിയെ കണ്ട അപ്പുവും അതേ ഷോക്കിൽ ആയിരുന്നു…

“അഭിയേട്ടൻ…”

അവള് മനസ്സിൽ ഓര്‍ത്തു..

“അപ്പു…”

അഭി പിറുപിറുത്തു..

ഭൂമി പിളര്‍ന്നു താഴേക്കു പോയെങ്കിലെന്ന് അവന്‍ ആശിച്ചു… കണ്ണ് നിറഞ്ഞു… ഒരിറ്റു കണ്ണീര്‍ താഴേക്കു പതിച്ചു…

“ദേവേട്ടാ…….”

കൈലാസ് ഓടി വന്നു ദേവിനെ കെട്ടിപിടിച്ചു….

അവന്റെ കണ്ണുകള്‍ നിറഞ്ഞു… ദേവിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല..

എന്നാൽ അഭിയുടെ കണ്ണീരിന്റെ പൊരുള്‍ അവര്‍ക്കു ആര്‍ക്കും മനസ്സിലായില്ല..

അപ്പുവും അഭിയെ അന്തംവിട്ടു നോക്കുകയായിരുന്നു….

കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവ് തന്നെ കൈലാസിനെ തന്നില്‍ നിന്നും അടർത്തി മാറ്റി….

“എന്താഡാ ഇത്… കൊച്ചു കുട്ടികളെ പോലെ…”

ദേവ് സന്തോഷത്തോടെ അവനോടു ചോദിച്ചു…

“സന്തോഷം കൊണ്ട് അല്ലെ ഏട്ടാ…. എത്ര കാലമായി ഏട്ടനെ ഇങ്ങനെ ഒന്ന് കണ്ടിട്ട്…”

നിറഞ്ഞ കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു കൊണ്ട് കൈലാസ് പറഞ്ഞു…

“പോടാ… ഒന്ന് ചിരിക്ക്…”

അവന്റെ തോളില്‍ തട്ടി കൊണ്ട് ദേവ് പറഞ്ഞു..

“അല്ലാ… ഇവൻ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നത്…. “

ഏതോ മായിക ലോകത്ത് എന്ന പോലെ നിക്കുന്ന അഭിയെ ചൂണ്ടിക്കാട്ടി ദേവ് ചോദിച്ചു…

“ശരിയാണല്ലോ… ഏട്ടത്തിയമ്മയെ ഫോട്ടോയിൽ കാണുന്നതില്‍ ത്രില്ല് ഇല്ലാന്ന് പറഞ്ഞു ഫോട്ടോ കൂടെ നോക്കാതെ നിന്ന കക്ഷി ആണ് അഭിയേട്ടൻ… ഇതെന്ത് പറ്റി.. “

കൈലാസ് തിരിഞ്ഞു അഭിയെ നോക്കിക്കൊണ്ട് പറഞ്ഞു…

“ഇവന്റെ ആ വട്ട് ഇനിയും മാറിയിട്ടില്ലേ….”

ഒരു പുഞ്ചിരിയോടെ ദേവ് അഭിയുടെ അടുത്തേക്ക് നടന്നു..

” എന്താടാ ഇങ്ങനെ നോക്കുന്നതു… “

അഭിയുടെ തോളില്‍ കൈ വച്ചു കൊണ്ട് ദേവ് ചോദിച്ചു…

” ഏട്ടാ…. “

ഒരു കരച്ചിലോടെ അഭി അവനെ കെട്ടിപിടിച്ചു…

“എന്താടാ.. നിനക്കും ഇവനെ പോലെ ആനന്ദാശ്രു ആണോ… “

ദേവ് അവന്റെ തലയില്‍ തലോടി കൊണ്ട് ചോദിച്ചു..

“ഏയ്.. അത് പെട്ടെന്ന് ഏട്ടനെ കണ്ടപ്പോൾ… “

അഭി പിന്നോട്ട് മാറിക്കൊണ്ട് പറഞ്ഞു…

തന്റെ കണ്ണീരു എങ്ങനെയെങ്കിലും മറച്ചു പിടിച്ചേ മതിയാകൂ എന്ന് അവന് തോന്നി…

അവന്‍ കഷ്ടപ്പെട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു..

അപ്പു അവരുടെ കരച്ചിലും കെട്ടിപിടുത്തവും കണ്ടു അമ്പരന്നു നില്‍ക്കുകയാണ്…..

” ഇങ്ങേർക്ക് ഇങ്ങനെ ചിരിക്കാന്‍ ഒക്കെ അറിയുമോ….”

അവള് പിറുപിറുത്തു…

അപ്പോഴാണ് കൈലാസ് അവളെ ശ്രദ്ധിച്ചത്…

“അല്ല ഏട്ടാ… ഞങ്ങളെ പരിചയപ്പെടുത്തുന്നില്ലേ… ദിസ് ഈസ് നോട്ട് ഫെയർ…”

പരിഭവത്തോടെ കൈലാസ് പറഞ്ഞു..

അപ്പോഴാണ് ദേവും അപ്പുവിനെ കുറിച്ച് ഓര്‍ത്തത്….

” നിങ്ങളെ കണ്ട സന്തോഷത്തില്‍ അത് മറന്നു പോയതാണ്‌ ഡാ… ക്ഷമിക്കൂ….”

ദേവ് കൈ ചെവിയില്‍ പിടിച്ചുകൊണ്ട് മാപ്പു പറയും പോലെ പറഞ്ഞു…

” ഞാന്‍ ചുമ്മാ പറഞ്ഞത് അല്ലെ ഏട്ടാ….”

കൈലാസ് കണ്ണിറുക്കി കൊണ്ടു പറഞ്ഞു..

“പിന്നെ ഏട്ടത്തീ…. അല്ല അപ്പു ഏട്ടത്തീ എന്ന് വിളിക്കണോ ഏട്ടാ…. “

കൈലാസ് കള്ള ചിരിയോടെ ദേവിനോട് ചോദിച്ചു…

“ഡാ… ഡാ… ആക്കല്ലേ… നീ ഏട്ടത്തീ എന്ന് വിളിച്ചാല്‍ മതി…”

കൈലാസിന്റെ വയറ്റിൽ ഇടിക്കുന്നത് പോലെ കാണിച്ചു കൊണ്ട് ദേവ് പറഞ്ഞു..

“യ്യോ… എന്തൊരു മസില്‍ ആണ് ഏട്ടാ… എങ്ങനെ സഹിക്കുന്നു ഏട്ടത്തീ… “

കൈലാസ് ദയനീയ ഭാവത്തില്‍ അപ്പുവിനോട് ചോദിച്ചു…

അപ്പുവിന് അവന്റെ മുഖഭാവം കണ്ടു ചിരി വന്നു…

രുദ്ര പറഞ്ഞ ഏട്ടൻമാർ ഇതായിരിക്കും എന്ന് അവള്‍ ഊഹിച്ചു…

പക്ഷേ അഭിയെ അവള് ഒട്ടും പ്രതീക്ഷിച്ചില്ല എന്നതായിരുന്നു സത്യം…

” അപ്പു.. ഇതെന്റെ അനിയന്മാർ ആണ്.. അഭയ് എന്ന അഭി…. കൈലാസ് എന്ന ക്രിഷ്…..”

ദേവ് രണ്ടുപേരെയും ചേര്‍ത്തു നിർത്തി കൊണ്ട് പറഞ്ഞു…

“ഏട്ടാ… വേണ്ടട്ടോ… ക്രിഷ് ഒന്നും വേണ്ടട്ടോ ഏട്ടത്തീ….. കൈലാസ് മതി…ഈ കിച്ചു ഏട്ടൻ ചുമ്മാ പറയുന്നത് ആണ്… “

കൈലാസ് പരിഭവത്തോടെ അപ്പുവിനോട് പറഞ്ഞു… പിന്നെ അബദ്ധം പറ്റിയ മാതിരി ദേവിനെ നോക്കി…

അവന്റെ മുഖത്ത് ഒരു ചിരി കണ്ടപ്പോൾ കൈലാസിന് സമാധാനം ആയി..

” കിച്ചു…കിച്ചുവേട്ടൻ…. “

അപ്പു ആ പേര് ഓര്‍ത്തു എടുത്തു കൊണ്ട് അതിശയത്തോടെ ചോദിച്ചു…

മേരിയുടെ കല്യാണത്തിന് അഭിയേട്ടനോട് ഇച്ചൻ ആ പേര് ചോദിച്ചത് അവള് ഓര്‍ത്തു…

അവള് അതിശയത്തോടെ ദേവിനെ നോക്കി..

പിന്നെ അഭിയെയും…

സര്‍വ്വവും നഷ്ടപ്പെട്ട മാതിരി നില്‍ക്കുകയായിരുന്ന അഭി അവളെ നോക്കി പുഞ്ചിരിക്കാന്‍ ഒന്ന് ശ്രമിച്ചു…

നിറഞ്ഞു വരുന്ന കണ്ണുകളെ തടയാൻ അവന്‍ ബന്ധപ്പെട്ട് ശ്രമിച്ചു..

“അത് വേറെ ഒന്നും അല്ല അപ്പു… എനിക്ക് വസുദേവ് എന്ന് പേരിട്ടത് മുത്തശ്ശിയാണ്…. മുത്തശ്ശി തന്നെയാണ് എന്നെ കിച്ചു എന്ന് വിളിച്ചതും…

എനിക്ക് ശേഷം അഭി ഉണ്ടായി.. പേര് അഭയ് എന്നാണെങ്കിലും അവനെ അഭി എന്നാണ് എല്ലാരും വിളിച്ചത്..

അനിയെയും ആരും അനികേത് എന്ന് വിളിക്കാറില്ല….

ഞങ്ങൾക്ക് എല്ലാര്‍ക്കും നിക്ക് നെയ്മ്സ് കിട്ടിയപ്പോള്‍ ഈ പാവത്തിന് അത് കിട്ടിയില്ല…

കൈലാസ് എന്ന് ചുരുക്കി എന്ത് വിളിക്കാൻ ആണ്.. അവസാനം മുത്തശ്ശി തന്നെയാണ് അവനെ ക്രിഷ് എന്ന് വിളിച്ചത്… “

ദേവ് ചിരിയടക്കി പിടിച്ചു കൊണ്ട് പറഞ്ഞു..

” ദേ.. ഏട്ടാ… വേണ്ടട്ടോ… അത് ഒന്നും ഇല്ല ഏട്ടത്തീ…. ക്രിഷ് നല്ല പേര് ആയിരുന്നു.. പക്ഷേ എനിക്കു താഴെ രണ്ട് കുരുപ്പുകള്‍ ഉണ്ടായല്ലോ…

അവള്മാര് സംസാരിക്കാന്‍ തുടങ്ങിയപ്പോൾ മുതൽ എന്നെ കളിയാക്കാൻ തുടങ്ങി..

ക്രിഷ് എന്ന് വിളിക്കുന്നതിന് പകരം ബ്രഷ് എന്ന് വിളിക്കും… “

കൈലാസ് മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു…

” ആഹ് ഡോ.. രുദ്രയും ദക്ഷയും വിളിക്കുന്നത് കേട്ട് ഇവന്റെ ഫ്രന്‍ഡ്സും കളിയാക്കാൻ തുടങ്ങി…

അവസാനം ഇവന്‍ തന്നെ പറഞ്ഞു എല്ലാരും കൈലാസ് എന്ന് വിളിച്ചാല്‍ മതിയെന്ന്….

അന്നത്തോടെ ഇവന് ചെല്ലപ്പേര് വേണം എന്ന ആഗ്രഹം ഇല്ലാതെ ആയി..എന്നാലും ഇടയ്ക് ദേഷ്യം വരുമ്പോ രണ്ടും ഇവനെ ബ്രഷ് എന്ന് തന്നെ വിളിക്കും.. “

ദേവ് ചിരിയോടെ പറഞ്ഞു..

“എന്നാൽ പിന്നെ ഇനി ഞാനും ക്രിഷ് എന്ന് വിളിച്ചാല്‍ പോരേ… കൈലാസ് ഒക്കെ ഭയങ്കര ബുദ്ധിമുട്ട് അല്ലെ… “

അപ്പു കുസൃതി ചിരിയോടെ ചോദിച്ചു..

” ഏട്ടത്തീ… യൂ ടൂ… “

കൈലാസ് പരിഭവത്തോടെ പറഞ്ഞു..

” അല്ല ഇവന്‍ എന്താ ഒന്നും മിണ്ടാത്തത്..”

ദേവ് അഭിയുടെ തോളില്‍ കൂടി കയ്യിട്ടു കൊണ്ട് ചോദിച്ചു…

” അത് അഭിയേട്ടനെ എനിക്ക് അറിയാലോ… ഞാൻ കണ്ടിട്ടുണ്ട്… “

അപ്പു ചാടി കേറി പറഞ്ഞു..

“ആണോ അഭി….”

ദേവ് അല്‍ഭുതത്തോടെ ചോദിച്ചു..

“അഭിയേട്ടനോ.. ഏതു വകയില്‍… അപ്പൊ ഞാനോ… “

കൈലാസ് അമ്പരപ്പിൽ ചോദിച്ചു..

“എടാ മണ്ടാ… സ്ഥാനം കൊണ്ട് മൂത്തത് ആണേലും പ്രായം കൊണ്ട് അഭിയെക്കാൾ ഇളയത് ആണ് അവള്.. അപ്പൊ അങ്ങനെ വിളിക്കുന്നത് ആണ് നല്ലത്..

നിങ്ങള് രണ്ടും ഒരേ പ്രായം അല്ലെ… അപ്പൊ നിന്നെ പേര് വിളിച്ചാല്‍ മതി.. “

ദേവ് അവന്റെ തലയില്‍ തട്ടി കൊണ്ട് പറഞ്ഞു..

“ആഹ്.. അങ്ങനെ.. അല്ല ഏട്ടത്തീ… നിങ്ങള് എങ്ങനെയാ പരിചയം.. “

കൈലാസ് ചോദിച്ചു… ദേവും അത് അറിയാൻ വേണ്ടി അപ്പുവിനെ നോക്കി..

” അത്.. മേരിയുടെ കല്യാണത്തിന്… അന്ന് ഇച്ചന്റെ കൂടെ ഉണ്ടായിരുന്നു അഭിയേട്ടനും… അല്ലെ…അഭിയേട്ടാ…”

അപ്പു അവനെ ചോദ്യ ഭാവത്തില്‍ നോക്കി..

” ഡാ… നീ ഇത് ഏതു ലോകത്ത് ആണ്… “

ദേവ് തട്ടി വിളിച്ചപ്പോള്‍ ആണ് അഭി ചിന്തയില്‍ നിന്നും ഉണര്‍ന്നത്….

“എന്തോ.. എന്താ… ഏട്ടാ… എന്താ പറഞ്ഞത്… “

അവന്‍ അന്താളിപ്പിൽ ചോദിച്ചു..

” ബെസ്റ്റ്.. എടാ നിങ്ങള് ഡേവിഡിന്റെ കല്യാണത്തിന് കണ്ടിരുന്നു എന്നാണ് അവള് പറഞ്ഞത്‌… “

ദേവ് അവനോടു പറഞ്ഞു..

“ആഹ്… ഓര്‍മയുണ്ട്…. കണ്ടിട്ടുണ്ട്…”

അഭി ചിരിക്കാന്‍ വിഫലമായ ഒരു ശ്രമം നടത്തി..

” ഇങ്ങനെ ഒരു ചെക്കന്‍… അമേരിക്കയില്‍ പോയി ഇവന്റെ കിളി പോയോ… അതോ അവിടെ വല്ല കിളിയും തലയിൽ കേറിയോ മോനേ…. “

ദേവ് കുസൃതിയോടെ അവനോടു ചോദിച്ചു..

“ആ ഡൌട്ട് എനിക്കും ഇല്ലാതെ ഇല്ല ഏട്ടാ…. ആള് അവിടെ ഭയങ്കര റൊമാന്റിക് മൂഡിൽ ആയിരുന്നു…

ഒറ്റയ്ക്കു ഇരിക്കലും… പുഞ്ചിരിയും ഒക്കെ.. “

കൈലാസ് കേറി ഗോൾ അടിച്ച്…

” ഏയ്.. അങ്ങനെ ഒന്നും ഇല്ല ഏട്ടാ… ഇവൻ ചുമ്മാ… അങ്ങനെ ഒന്നും ഇല്ല..”

അഭി വെപ്രാളത്തോടെ പറഞ്ഞു..

” നല്ലത് ആണേലു പറയെടാ.. നമുക്ക് നോക്കാം… നിന്റെ സന്തോഷം അല്ലെ ഞങ്ങൾക്ക് വലുത്.. “

അവനെ ചേര്‍ത്തു പിടിച്ചു കൊണ്ട് ദേവ് പറഞ്ഞു…

എന്റെ സന്തോഷം ആണ് ഏട്ടൻ്റെ കൂടെ ഉള്ളതു എന്ന് വിളിച്ചു പറയാന്‍ തോന്നി അഭിക്ക്…

പക്ഷേ ദേവിന്റെ മാറ്റവും മുഖത്തെ സന്തോഷവും അവനെ പിന്തിരിപ്പിച്ചു….

” ഞാന്‍ ഒന്ന് കിടക്കട്ടെ ഏട്ടാ… യാത്ര ചെയ്തത് കൊണ്ട് ആവും ഭയങ്കര തലവേദന…”

അവിടെ നിന്നും രക്ഷപ്പെടാന്‍ ആയി അഭി പറഞ്ഞു…

“ആഹ്.. ഞാന്‍ അത് മറന്നു.. രണ്ടാളും പോയി ഫ്രഷ് ആയിട്ട് വല്ലതും കഴിച്ചു റസ്റ്റ് എടുക്കു.. പിന്നെ കാണാം…”

അവരെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ദേവ് പറഞ്ഞു..

രണ്ടാളും തിരിച്ചു അവരവരുടെ മുറികളിലേക്ക് പോയി..

അവര് രണ്ടുപേരും മാത്രം ആയപ്പോൾ ദേവിന് അപ്പുവിന്റെ മുഖത്ത് നോക്കാന്‍ ഒരു ചമ്മല് തോന്നി.

അപ്പുവും അതേ അവസ്ഥയില്‍ ആയിരുന്നു..

അവള് അവന് മുഖം കൊടുക്കാതെ താഴേക്കു നടന്നു.. ദേവിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു…


മുറിയില്‍ എങ്ങനെ എത്തി എന്ന് അഭിക്ക് അറിയില്ലായിരുന്നു…

താന്‍ സ്നേഹിച്ച പെണ്‍കുട്ടി ഇന്ന് തന്റെ ഏട്ടൻ്റെ ഭാര്യ ആണെന്ന ചിന്ത അവനെ പൊളിച്ചു….

അകം പുറം എരിയുന്നതു പോലെ തോന്നി അവന്…

കണ്ണില്‍ നിന്നും നീർ മണികള്‍ ഉതിര്‍ന്നു വീണുകൊണ്ടിരുന്നു…

അവന്‍ ബാത് റൂമിൽ കേറി ഷവർ ഓണാക്കി…

അതിന്റെ ചുവട്ടില്‍ നിന്നു…

“എല്ലാം നിന്റെ തെറ്റ് ആണ് അഭി.. ഒരിക്കല്‍ പോലും നീ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല…

സൗഹൃദത്തിൽ കവിഞ്ഞു ഒരു ഇഷ്ടവും അവളും ഇങ്ങോട്ട് പ്രകടിപ്പിച്ചിട്ടില്ല….

എല്ലാം നിന്റെ തെറ്റാണ്… എടുത്തു ചാടി ചിന്തിച്ചത് നീയാണ്…

നിന്റെ ഏട്ടൻ്റെ പ്രണയത്തെ തന്നെ പ്രണയിക്കാൻ ശ്രമിച്ച വിഡ്ഢി..

ഒരിക്കൽ പോലും അവളുടെ ഇഷ്ടം അറിയാൻ നീ ശ്രമിച്ചില്ല.. അതിനു മുന്നേ അമ്മയോട് വരെ ആ കാര്യം പറഞ്ഞു…

ഇനി പാടില്ല അഭി….. അപ്പു ഇപ്പൊ നിന്റെ പ്രണയം അല്ല..

ഏട്ടൻ്റെ ഭാര്യയാണ് … ഏട്ടത്തിയമ്മ… അമ്മയ്ക്കു തുല്യം… “

അഭിയുടെ മനസ്സിൽ ഒരു പിടിവലി നടക്കുകയായിരുന്നു..

കലങ്ങി മറിഞ്ഞ മനസ്സുമായി അവന്‍ നിലത്തേക്കു ഊർന്നിരുന്നു….


അന്ന് പിന്നെ അഭി അപ്പുവിന്റെ മുന്നിലേക്ക് പോയതേ ഇല്ല…

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുമോ എന്ന് അവന്‍ ഭയന്നു…

തന്റെ സങ്കടം ആരും കാണാതെ ഇരിക്കാൻ അവന്‍ മുറിയില്‍ തന്നെ ഇരുന്നു..

വൈകിട്ട് ആയിരുന്നു റിസപ്ഷൻ….

താഴെ എല്ലാവരും അതിന്റെ ഒരുക്കത്തിലാണ് എന്ന് അവന് മനസ്സിലായി..

പക്ഷേ ഒന്നിലും ശ്രദ്ധിക്കാന്‍ അവന് പറ്റിയില്ല..

അപ്പുവും ദേവും അതേ പോലെ തന്നെ പരസ്പരം കാണാതെ ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു..

രാവിലത്തെ സംഭവത്തില്‍ രണ്ട് പേര്‍ക്കും ജാള്യത ഉണ്ടായിരുന്നു…

അപ്പുവിന്റെ വീട്ടുകാര് രാവിലെ തന്നെ അവിടുന്ന് തിരിച്ചിരുന്നു… അവര്‍ക്കു എല്ലാവർക്കും താമസിക്കാന്‍ മംഗലത്ത് ഹോട്ടലിൽ തന്നെ അനി റൂം ബുക്ക് ചെയ്തിരുന്നു..

വേറെ ബുക്കിങ് ഒന്നും മുന്‍കൂട്ടി സ്വീകരിക്കാത്തതിനാൽ അത് ഒരു പ്രശ്നം ആയിരുന്നില്ല..

ഹോട്ടലിലെ വലിയ ഹാളില്‍ തന്നെയായിരുന്നു റിസപ്ഷനും പ്ലാന്‍ ചെയ്തത്…

മാധവനും കൂട്ടരും പുലര്‍ച്ചെ യാത്ര തുടങ്ങിയത് കൊണ്ട്‌ വൈകിട്ടു ആയപ്പോഴേക്കും ഹോട്ടലിൽ എത്തി..

അത് അവര് അപ്പുവിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു..

അപ്പു ആകെ സന്തോഷത്തില്‍ ആയിരുന്നു..

ഒരു ദിവസം അവരെ എല്ലാവരെയും പിരിഞ്ഞു ഇരുന്നപ്പോഴേക്കും അവള്‍ക്കു അവരെ കാണാന്‍ ഉള്ള ആഗ്രഹം കൂടിയിരുന്നു…

അപ്പുവിനെ ഒരുക്കാന്‍ ബ്യൂട്ടീഷ്യനെ കൊണ്ടു വന്നിട്ടുണ്ടായിരുന്നു…

ദേവ് അവള്‍ക്ക് മുന്നേ തന്നെ റെഡി ആയി താഴേക്കു പോയി..

ബ്ലൂ കളറിൽ ഉള്ള മനോഹരമായ ഒരു വെഡിംഗ്‌ ഗൗൺ ആയിരുന്നു അവളുടെ വേഷം…

മഹേശ്വരി തന്നെ ഇതിനിടയില്‍ അവള്‍ക്കു ഒരു ഡയമണ്ട് സെറ്റ് സമ്മാനിച്ചിരുന്നു…

താലി മാലയും പിന്നെ ആ ഡയമണ്ട് സെറ്റിലെ മാലയും അവള് കഴുത്തിൽ അണിഞ്ഞു…

അതിന് മാച്ച് ആയിട്ടുള്ള ഒരു ജോഡി വളകളും കമ്മലും അതില്‍ തന്നെ ഉണ്ടായിരുന്നു…

അവള് അധികം ആഭരണങ്ങള്‍ വേണ്ട എന്ന് പറഞ്ഞെങ്കിലും രുദ്ര നിര്‍ബന്ധം പിടിച്ചു.. ബ്യൂട്ടീഷ്യൻ തന്നെ അവളെ ആ വളകളും കമ്മലും അണിയിച്ചു…

മുടി പൊക്കി കെട്ടി വച്ചു…

ആകെ മൊത്തം സിൻഡ്രല്ല സ്റ്റോറിയിലെ സിൻഡ്രല്ലയെ പോലെയാണ് അവള്‍ക്കു തോന്നിയത്…

ഇത്രയും വേണോ എന്ന ഭാവത്തില്‍ അവള് രുദ്രയെയും ദക്ഷയെയും നോക്കി…

അവര് സൂപ്പര്‍ ആയിട്ട് ഉണ്ടെന്ന് കൈ കൊണ്ട് കാണിച്ചു…

രുദ്രയ്ക്കും ദക്ഷയ്ക്കും ഒപ്പം ആണ് അവള് താഴേക്കു ഇറങ്ങിയത്…

“ഏട്ടത്തിയെ കണ്ടു ഏട്ടൻ വാ പൊളിച്ചു നില്‍ക്കുന്നത്‌ നീ കണ്ടോ ദക്ഷേ… നോക്കിക്കോ…”

രുദ്രയുടെ കമന്റ് കേട്ടപ്പോൾ അപ്പു അവളെ ദയനീയമായി ഒന്ന് നോക്കി…

“ദാ ഏട്ടത്തി വന്നല്ലോ…”

അനി പറഞ്ഞപ്പോൾ ആണ് താഴെ നിന്ന ദേവ് തല ഉയർത്തി നോക്കിയത്‌…

ഒരു രാജകുമാരിയെ പോലെ തനിക്ക് അരികിലേക്ക് പടികള്‍ ഇറങ്ങി വരുന്ന അപ്പുവിനെ അവന്‍ കണ്ണിമ വെട്ടാതെ നോക്കി നിന്നു…

(തുടരും..)