മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“ദേവ്…. നീയെന്താ വീട്ടിൽ വിളിച്ചു പറയാൻ പോന്നത്…. എന്തിനാ മാധവന്‍ അങ്കിളിനോട് മറ്റന്നാള് നിന്റെ വീട്ടുകാര് അവിടെ എത്തും എന്ന് പറയാന്‍ പോയതു……
അവരോട് ഒന്ന് പറയുന്നതിനു മുന്നേ എന്തിനാ അങ്ങനെ പറഞ്ഞത്..”
ദേവിന്റെ മുഖത്തേക്ക് നോക്കി സാം തന്റെ സംശയം ഉന്നയിച്ചു….
ദേവിന്റെ ഒരു ഫ്രെണ്ടിന്റെ ഫ്ലാറ്റിൽ ആയിരുന്നു രണ്ടാളും… ദേവ് വരുമ്പോഴൊക്കെ താമസിക്കാറുള്ള സ്ഥലം..
ദേവ് ആകട്ടെ ബാൽക്കണിയിൽ ഇരുന്നു വിദൂരതയിലേക്ക് നോക്കുകയായിരുന്നു…
” ദേവ്….. “
സാം കുറച്ചു ഉച്ചത്തില്‍ വിളിച്ചു…
“ഹേ…”
ദേവ് ഞെട്ടി സാമിനെ എന്താണെന്ന് ഉള്ള അര്‍ത്ഥത്തില്‍ നോക്കി..
“നീ വീട്ടുകാരോട് പറയുന്നതിനു മുന്നേ എന്തിനാ മാധവന്‍ അങ്കിളിനോട് അങ്ങനെ പറഞ്ഞത് എന്ന്…”
സാം കുറച്ചു ദേഷ്യത്തില്‍ ചോദിച്ചു…
“എനിക്ക് ആരോടും ഒന്നും ചോദിക്കാൻ ഇല്ല സാം… ഇനി ആരെങ്കിലും എതിര്‍ത്താലും അപ്പു എന്റെ പെണ്ണ് തന്നെയായിരിക്കും…. അതിന് മാറ്റം ഇല്ല.. “
ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് ദേവ് പറഞ്ഞു..
” പക്ഷേ… മറ്റന്നാൾ നിന്റെ വീട്ടുകാര് അപ്പുവിനെ കാണാന്‍ പോകും എന്നല്ലെ നീ പറഞ്ഞത്.. അപ്പൊ പിന്നെ… “
സാം ഒന്ന് നിർത്തി…
” മം… പറയണം… അച്ഛന് ഞാന്‍ ഒരു സൂചന കൊടുത്തിട്ടുണ്ട്… അമ്മയുടെ കാര്യം നിനക്ക് അറിയാലോ.. ന്താ യാലും ഞാന്‍ അവരെ ഒന്ന് വിളിക്കട്ടെ… “
അതും പറഞ്ഞു ദേവ് ഫോൺ കൈയിൽ എടുത്തു..
പ്രൗഢ ഗംഭീരമായ മംഗലത്ത് തറവാട്…
അവിടത്തെ മൂത്ത കാരണവർ ആണ് ശിവശങ്കര മേനോന്‍… ഭാര്യ ദേവകി…
മേനോന്റെ മൂത്ത മകന്‍ ഡോക്ടർ ബാലശങ്കര മേനോന്‍.. ഭാര്യ ഡോക്ടർ മഹേശ്വരി…
മേനോന്റെ രണ്ടാമത്തെ മകൻ ചന്ദ്രശേഖര മേനോന്‍… ഭാര്യ സാവിത്രി..
ഇളയ മകന്‍ ജയന്ത് മേനോന്‍. ഭാര്യ സീതാലക്ഷ്മി…
തികഞ്ഞ ഒരു ശിവ ഭക്തന്‍ ആയ ശിവശങ്കര മേനോന്‍ മക്കള്‍ക്ക് എല്ലാം ശിവന്റെ പേരുകൾ തന്നെയാണ് ഇട്ടതു…
ആ വാശി പുറത്ത് ആണ് കൃഷ്ണ ഭക്തയായ ദേവകിയമ്മ മംഗലത്തെ ആദ്യത്തെ ഉണ്ണിയെ മഹേശ്വരി പ്രസവിച്ചപ്പോൾ അവന് വസുദേവ് എന്ന് പേരിട്ടത്…
ബാലശങ്കര മേനോനും മഹേശ്വരിക്കും കൂടി ഒറ്റ മകന്‍ ആണ്.. വസുദേവ് മേനോന്‍…
അച്ഛന്റെ പാത പിന്തുടര്‍ന്നു വസുദേവ് ഒരു ഡോക്ടർ ആയി..
മംഗലത്ത് ഹോസ്പിറ്റലിന്റെ അധികാരം മുത്തച്ഛന്‍ അവനെ ഏല്‍പ്പിക്കുകയായിരുന്നു… പക്ഷേ അവന്‍ അത് നിരസിച്ചു..
ചന്ദ്രശേഖര മേനോന് രണ്ട് മക്കള്‍ ആണ്.. അഭയ് ചന്ദ്രശേഖരനും അനികേത് ചന്ദ്രശേഖരനും…
(അപ്പൊ ഇനി അഭയ് എന്ന അഭി ആരാണെന്ന് ഞാന്‍ പറയേണ്ടല്ലോ… 😉😉😉)
അഭയ് എഞ്ചിനീയറിംഗ് കഴിഞ്ഞു മംഗലത്ത് കണ്‍സ്ട്രക്ഷന്‍സിന്റെ ചാര്‍ജ് ഏറ്റെടുത്തപ്പോൾ
അനികേത് MBA കഴിഞ്ഞു ചന്ദ്രശേഖരനെ ബിസിനസ്സിൽ സഹായിച്ചു… സാവിത്രി വീട്ടമ്മയായി ഒതുങ്ങി..
ജയന്ത് മേനോന് മൂന്ന് മക്കള്‍ ആണ്.. മൂത്ത മകന്‍ കൈലാസ്… കൈലാസ് ബിടെക് കഴിഞ്ഞ് സ്വന്തമായി ഒരു ഐടി സ്റ്റാര്‍ട്ട് അപ് തുടങ്ങി…
ജയന്ത് മംഗലത്ത് ഗ്രൂപ്പിന്റെ ടെക്സ്റ്റയിൽസും കോളേജും മറ്റും നോക്കി നടത്തുന്നു
കൈലാസിന്റെ താഴെ ഇരട്ട പെൺകുട്ടികൾ ആണ്.. ദക്ഷയും രുദ്രയും… ഇരട്ടകളാണെങ്കിലും രണ്ടാളും കാണാന്‍ വ്യത്യസ്തമായിരുന്നു…
രണ്ടു പേരും മംഗലത്ത് കോളേജിൽ ഡിഗ്രീ ഫൈനല്‍ ഇയര്‍ സ്റ്റുഡന്റ്സ് ആണ്.. അവരുടെ അമ്മ സീതാലക്ഷ്മി അതേ കോളേജിലെ മലയാളം അധ്യാപികയാണ്…
“ദേവകി…… കുട്ട്യോളു ഇനിയും വന്നില്ലേ കോളേജിന്ന്…”
ശിവശങ്കര മേനോന്റെ ശബ്ദം കേട്ടപ്പോളാണ് ദേവകിയമ്മ പുറത്തേക്ക് വന്നത്..
“അവര് എത്താന്‍ ആവണതല്ലേ ഉള്ളു…പിന്നെ സീതയില്ലേ കൂടെ… അതോണ്ട് രണ്ടാളും നേരത്തും കാലത്തും ഇങ്ങ് എത്തും..”
ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു..
” മം… ദേവ് വിളിച്ചോ…. അവന്റെ വല്ല വിവരവും ഉണ്ടോ.. ബാലന്‍ വലതും പറഞ്ഞോ….”
ഒരു നിരാശയോടെ അയാൾ ചോദിച്ചു…
” മം… ബാലൻ ഒന്നും പറഞ്ഞില്ല…എല്ലാര്‍ക്കും ഇപ്പൊ എന്റെ കുട്ടിയെ വേണ്ടതായല്ലോ…. എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞിനെ തള്ളി കളയാന്‍ എനിക്ക് പറ്റില്ലല്ലോ… ആദ്യായിട്ട് കിട്ടിയ പേരക്കുട്ടി അല്ലെ… “
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ദേവകിയമ്മ പറഞ്ഞു.
” മം.. നമ്മുടെ കണ്ണ് അടയുന്നതിന് മുന്നേ അവന്റെ മുഖത്ത് ഒരു ചിരി കാണാന്‍ ഉള്ള യോഗം നമുക്ക് ഉണ്ടാവുമോ ദേവകിയെ… “
വേദനയോടെ നെഞ്ച് തടവി കൊണ്ട് അയാൾ ചോദിച്ചു…
” എന്തേ.. വയ്യായ്ക വല്ലതും ഉണ്ടോ… ബാലനെ വിളിക്കണോ ഞാൻ…”
ഒരു വെപ്രാളത്തോടെ ദേവകിയമ്മ ചോദിച്ചു..
” ശരീരത്തിനേക്കാൾ വേദന മനസ്സിന് ആണ് ദേവകി… എന്റെ കുഞ്ഞിന്റെ സന്തോഷം തല്ലി കെടുത്തിയവന്‍ അല്ലെ ഞാന്‍…..”
വേദനയോടെ അയാൾ പറഞ്ഞു.
“അങ്ങനെ ഒന്നുമില്ല… തെറ്റ് എല്ലാരുടെ ഭാഗത്തും ഉണ്ട്… എല്ലാം വിധിയാണ്…. അങ്ങനെ കരുതിയ മതി…”
“മം…. വിധി… അല്ല അഭി….വിളിച്ചോ.. അവര് എന്നാണ് മടങ്ങുന്നത്…. വല്ലതും പറഞ്ഞോ അവന്‍… കൈലാസ് കൂടെ തന്നെയില്ലേ… “
ആധിയോടെ അയാൾ ചോദിച്ചു….
“ഇവിടുന്നു അതൊന്നും ഓര്‍ത്തു വേവലാതി വേണ്ട… അവര് രണ്ടാളും മടങ്ങി വരാൻ ഇനിയും രണ്ടു ആഴ്‌ച എടുക്കും… അങ്ങനെയാണ് സാവിത്രി പറഞ്ഞത്… എന്തോ ബിസിനസ്സിന്റെ ആവശ്യത്തിന് പോയതു അല്ലെ രണ്ടാളും…അമേരിക്ക എന്ന് പറഞ്ഞാൽ അത്ര അടുത്ത് ഒന്നും അല്ലലോ “
ദേവകിയമ്മ പറഞ്ഞു…
” മം.. മരിക്കുന്നതിനു മുന്നേ പേരക്കുട്ടികളുടെ കല്യാണവും കണ്ടു അവരുടെ മക്കളെയും കളിപ്പിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്… നടക്കുമോ എന്ന് അറിയില്ലല്ലോ… “
അയാൾ ഒന്ന് നെടുവീര്‍പ്പിട്ടു…
” അങ്ങനെ ഒന്നും പറയണ്ട.. എല്ലാം ശരിയാവും… എല്ലാം… കുട്ട്യോളു വന്നു എന്ന് തോന്നുന്നു.. കാറിന്റെ ശബ്ദം കേട്ടല്ലോ… “
ദേവകിയമ്മ നിറഞ്ഞ കണ്ണുകൾ വീണ്ടും തുടച്ച് കൊണ്ട് ഒരു ശാസനയോടെ ഭർത്താവിനെ നോക്കി…
അപ്പോഴാണ് മുഖവും വീര്‍പ്പിച്ച് ദക്ഷയും രുദ്രയും അകത്തേക്ക് വന്നത്…
” എന്തേയ്…. മുത്തച്ഛന്റെ രാജകുമാരിമാരുടെ മുഖം ഇങ്ങനെ കടന്നല് കുത്തിയത് മാതിരി.. “
ചിരിയോടെ അയാൾ ചോദിച്ചു..
“രാജകുമാരി… ദേ മുത്തച്ഛാ… എന്റെ വായിന്നു കേൾക്കരുത്…”
രുദ്ര കലിപ്പില്‍ പറഞ്ഞു… പേര് പോലെ തന്നെ ദേഷ്യം വന്നാല്‍ ആള് രുദ്രയാണ്….
“എന്താ.. എന്ത് പറ്റിയത് ആണ് മോളേ.. രണ്ടാളും എന്തേ മുഖം വീര്‍പ്പിച്ച് നില്‍ക്കുന്നത്….. കോളേജിൽ എന്തേലും പ്രശ്നം ഉണ്ടായോ… “
ആവലാതിയോടെ ദേവകിയമ്മ ചോദിച്ചു…
” ഇവര് രണ്ടും തന്നെ അല്ലെ അമ്മേ അവിടത്തെ ഏറ്റവും വലിയ പ്രശ്നങ്ങൾ…”
ഒരു പുഞ്ചിരിയോടെ സീത പറഞ്ഞു..
” എന്താ മോളേ ഇന്നത്തെ പ്രശ്നം…. ഇന്ന് എന്താ ഇവര് ഒപ്പിച്ചതു…. “
അയാൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു..
” ദേ.. മുത്തച്ഛാ… ഞങ്ങൾ ഒന്നും ഒപ്പിച്ച് വച്ചത് അല്ല… ഈ അമ്മ… അന്നേ ഞാന്‍ എല്ലാരോടും പറഞ്ഞതാണ്… എനിക്ക് വേറെ കോളേജിൽ അഡ്മിഷൻ മതിയെന്ന്….. ഇതിപ്പൊ.. ഒന്നിനും സ്വതന്ത്ര്യം ഇല്ല… “
ദേഷ്യത്തോടെ രുദ്ര പറഞ്ഞു….
” എന്താ മോളേ.. എന്താ ഉണ്ടായത്…”
ദക്ഷയെ അടുത്തേക്ക് വിളിച്ചു കൊണ്ട് അയാൾ ചോദിച്ചു…
ഇരട്ടകളാണെങ്കിലും രുദ്രയും ദക്ഷയും തമ്മില്‍ ഭൂമിയും ആകാശവും തമ്മില്‍ ഉള്ള അന്തരം ഉണ്ട്..
രുദ്ര പേര് പോലെ തന്നെ ദേഷ്യക്കാരി ആണെങ്കില്‍ ദക്ഷ ശാന്തയാണ്..
“അതെന്താ ഞാന്‍ പറഞ്ഞാൽ പറ്റില്ലേ…. ഈ വീട്ടില്‍ ആര്‍ക്കും എന്നെ വേണ്ടല്ലോ…. അല്ലേലും എല്ലാര്‍ക്കും ഇവളെ മതി… ഞാൻ ആരാ….. എന്റെ ദേവേട്ടന് മാത്രമേ എന്നെ ഇഷ്ടം ഉള്ളു…”
രുദ്ര കണ്ണ് നിറച്ച് കൊണ്ട് പരിഭവത്തോടെ പറഞ്ഞു..
അത് കണ്ടതും ദക്ഷയുടെ കണ്ണും നിറഞ്ഞു…
അവള് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് രുദ്രയെ കെട്ടിപിടിച്ചു….
” രണ്ടാളും ഇങ്ങു വന്നേ… “
മുത്തച്ഛന്‍ രണ്ട് പേരെയും അടുത്തേക്ക് വിളിച്ചു… ഒന്ന് മടിച്ചു നിന്ന് രണ്ടാളും അയാള്‍ക്ക് ഇരു വശത്തും ആയി ഇരുന്നു..
“ഇനി പറയ്…. കാരണം ഒന്നുമില്ലാതെ എന്റെ മക്കള് വഴക്കിനു പോവില്ല എന്ന് മുത്തച്ഛന് അറിയാം.. പറയ്.. എന്താ ഉണ്ടായത്…?…. “
അയാൾ രണ്ട് പേരോടുമായി ചോദിച്ചു…
രണ്ട് പേരും പരസ്പരം ഒന്ന് നോക്കി.
“അത് മുത്തച്ഛാ… ഇവളുടെ കാര്യം അറിയാലോ.. വായില്‍ കോലിട്ട് കുത്തിയാലും കൂടി കടിക്കില്ല എന്ന മട്ടില്‍ ആണല്ലോ ഇവളുടെ പെരുമാറ്റം… “
രുദ്ര പരാതിയോടെ ദക്ഷയെ നോക്കി…
ശിവശങ്കര മേനോന്‍ ഒന്ന് പൊട്ടി ചിരിച്ചു…
“ദേ.. മുത്തച്ഛാ…. വേണ്ടട്ടോ….”
ദക്ഷ പരിഭവത്തോടെ അയാളെ നോക്കി…
” ശരി.. ശരി… ഇനി മോള് പറയ്… “
അയാൾ ചിരി നിർത്തി രുദ്രയെ നോക്കി..
” മുത്തച്ഛന് അറിയാലോ ഇവളുടെ സ്വഭാവം… ആരെന്തു പറഞ്ഞാലും മിണ്ടാതെ കേട്ട് നിക്കും…
ഇതിപ്പൊ ആ പിജി ക്ലാസിലെ സൂരജ്… അവന് ഇവളോട് പ്രേമം… അവനത് ഇവളോട് പറഞ്ഞു….
ഇവള് അപ്പൊ തന്നെ പറ്റില്ല എന്ന് പറഞ്ഞു.. കൂട്ടത്തിൽ ഞാനും അതിനെ സപ്പോര്‍ട്ട് ചെയ്തു രണ്ട് ഡയലോഗ് പറഞ്ഞു… “
രുദ്ര ദേഷ്യത്തോടെ പറഞ്ഞു..
” അതെന്താ മോളേ നീ നോ പറഞ്ഞത്. നല്ല പയ്യൻ ആണോ… ആലോചിച്ചാലോ നമുക്ക്.. “
മുത്തച്ഛന്‍ ഒരു കുസൃതി ചിരിയോടെ ദക്ഷയോട് ചോദിച്ചു…
” മുത്തച്ഛാ…… “
ദക്ഷ ദയനീയമായി വിളിച്ചു.. അയാള്‍ ചിരിച്ചു കൊണ്ട് വീണ്ടും രുദ്രയെ നോക്കി…
” കുറേ കഴിഞ്ഞപ്പോ അവന്റെ കസിൻ ഒരുത്തൻ ഉണ്ട്.. കിരണ്‍..
അവന്‍ ഞങ്ങളെ വഴിയില്‍ തടഞ്ഞു നിർത്തി കുറേ ഡയലോഗ്… സഹികെട്ടപ്പോൾ ഞാന്‍ അവന്റെ മുഖത്ത് നോക്കി ഒന്ന് കൊടുത്തു…
അതിനാണ് അമ്മ എന്നെ കൊണ്ട് അവനോടു മാപ്പു പറയിച്ചത്…”
നിഷ്കളങ്കമായ ഭാവത്തില്‍ രുദ്ര പറഞ്ഞു..
മുത്തച്ഛന്റെ കണ്ണുകൾ രണ്ടും തള്ളി ഇപ്പൊ പുറത്തേക്ക് വീഴും എന്ന നിലയില്‍ ആയി…
” നീ ആ പയ്യനെ തല്ലിയോ മോളേ… “
അയാൾ അവിശ്വസനീയതയോടെ അവളെ നോക്കി…
” മം…. അത്രയെ ചെയ്തുള്ളു… “
അവള് തലയാട്ടി…
” ഇനി അച്ഛൻ പറയ്.. സസ്പെന്‍ഷന്‍ അടിച്ചു കൊടുക്കേണ്ട പരിപാടി അല്ലെ ഇവള് കാണിച്ചതു….
എന്തിന്റെ പേരിലായാലും അവനെ തല്ലാന്‍ പാടുണ്ടോ…. ആ പയ്യന്‍ പരാതി ഇല്ലാന്ന് പറഞ്ഞത് ഭാഗ്യം…”
അതും പറഞ്ഞു സീത അകത്തേക്ക് നടന്നു..
” അല്ല മോളേ… നീ ശരിക്കും എന്തിനാ അവനെ തല്ലിയത്…? “
മുത്തച്ഛന്‍ ഒരു സംശയത്തോടെ അവളെ നോക്കി..
” അത് പിന്നെ മുത്തച്ഛാ… കിരണ്‍ ഇവളോട് പറഞ്ഞു ഇവളെ കാണാന്‍ കൊള്ളാത്തത് കൊണ്ടാണ് ആരും പ്രേമിക്കാത്തത് എന്ന്…
എന്നോട് സൂരജ് ഇഷ്ടമാണ് എന്ന് പറഞ്ഞതില്‍ ഇവള്‍ക്ക് അസൂയ ആണെന്ന്… “
ദക്ഷ ഇടയ്ക്കു കേറി പറഞ്ഞു..
” ആണോ മോളേ.. അവന്‍ അങ്ങനെ പറഞ്ഞോ…. എന്റെ മോളെ കൊള്ളില്ല എന്ന് പറഞ്ഞോ… “
കള്ള ചിരിയോടെ അയാൾ അവളെ നോക്കി..
” പോ മുത്തച്ഛാ….. ഞാനില്ല…. നിന്നെ ഞാൻ എടുത്തോളാടി… “
അതും പറഞ്ഞു ചാടി തുള്ളി രുദ്ര അകത്തേക്ക് പോയി..
ഇതൊക്കെ കേട്ട് കിളി പോയി ഇരിക്കുക ആയിരുന്നു ദേവകിയമ്മ…
” ഈശ്വരാ.. ഈ കുട്ടി ഇതെന്ത് ഭാവിച്ചു ആണ്…. “
ദേവകിയമ്മ നെഞ്ചില്‍ കൈ വച്ചു കൊണ്ട് പറഞ്ഞു…
” അവള് മംഗലത്തെ പുലി കുട്ടി അല്ലെ ദേവകി…. “
മേനോന്‍ അഭിമാനത്തോടെ പറഞ്ഞു..
“അപ്പൊ ഞാനോ മുത്തച്ഛാ…”
പരിഭവത്തോടെ ദക്ഷ ചോദിച്ചു..
“നീ പൂച്ച കുട്ടി അല്ലെ… എന്തായാലും എന്റെ മോള് പോയി അവളെ സമാധാനിപ്പിക്ക്… ഇല്ലെങ്കില്‍ അവള് ഈ വീട് മറിച്ചിടും….”
അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു..
ദക്ഷ അകത്തേക്ക് പോകുന്നതും നോക്കി അയാൾ പുഞ്ചിരിച്ചു..
” നമ്മടെ മക്കളും മരുമക്കളും പേര കുട്ടികളും ഒക്കെ എന്നും ഇത് പൊലെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്… “
അയാൾ ഒരു ദീര്‍ഘനിശ്വാസം വിട്ടു കൊണ്ട് ദേവകിയമ്മയെ നോക്കി..
“ഞാൻ അടുക്കളയിലേക്കു ചെല്ലട്ടെ.. സാവിത്രി ഒറ്റയ്ക്കു ആണ്..”
അതും പറഞ്ഞു ദേവകിയമ്മ അകത്തേക്ക് നടന്നു…
മുറിയില്‍ എത്തിയ ദക്ഷയെ കാത്തു നിന്നത് പാറി പറക്കുന്ന തലയിണ ആയിരുന്നു…
തന്റെ നേര്‍ക്കു വന്ന തലയിണ കൈയില്‍ പിടിച്ച് കൊണ്ട് അവള് രുദ്രയ്ക്ക് ഒരു ചിരി പാസാക്കി കൊടുത്തു..
” ദുഷ്ടേ.. നിന്നെ രക്ഷിക്കാൻ നോക്കിയ എനിക്കിട്ടു തന്നെ പണിയും അല്ലെടി….”
രുദ്ര അവളെ കലിപ്പിച്ച് നോക്കി..
“സോറി മോളേ… ഞാൻ ആ ഫോയില്‍ പറഞ്ഞത് അല്ലെ..
അല്ല നീ എന്തിനാ ആ കിരണിന്റെ കവിളത്ത് ഒന്ന് കൊടുക്കാൻ പോയതു.. സത്യം പറയ് മോളേ… എന്താ കാര്യം…”
ദക്ഷ അവളെ തിരിച്ചും ഒന്ന് കലിപ്പിച്ച് നോക്കി..
” ഏയ്… അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ ദേഷ്യം വന്നു.. അല്ലാതെന്താ…”
അതും പറഞ്ഞു രുദ്ര വേഗം ബാത്റൂമിലേക്ക് കേറി..
” നിന്നെ ഞാൻ എടുത്തോളാം മോളേ…. “
ഡോറിൽ തട്ടിക്കൊണ്ട് ചിരിയോടെ ദക്ഷ പറഞ്ഞു…
” ബാത്റൂമിൽ നിന്ന രുദ്രയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു…
രാത്രി എല്ലാരും ഡൈനിംഗ് ടേബിളിന് ചുറ്റും ഇരിക്കുകയായിരുന്നു…
രാത്രി ഭക്ഷണം എല്ലാരും ഒരുമിച്ച് കഴിക്കണം എന്ന് മേനോന് നിര്‍ബന്ധം ആണ്..
” ബാലാ… ദേവ് വിളിച്ചോ നിന്നെ.. എന്തേലും പറഞ്ഞോ…”
മേനോന്‍ ഗൗരവത്തോടെ മകനെ നോക്കി…
ബാലൻ തല തിരിച്ചു മഹേശ്വരിയെ ഒന്ന് നോക്കി.. രണ്ടു പേരുടെയും മുഖം ഒരു പോലെ വിളറി വെളുത്തു..
“എന്താ ഏട്ടാ.. ഏട്ടത്തി… എന്തേലും പ്രശ്നം ഉണ്ടോ. അവന് കുഴപ്പം ഒന്നുമില്ലല്ലോ…? “
ചന്ദ്രശേഖരന്‍ ആശങ്കയോടെ ചോദിച്ചു..
” അവന്‍ എന്ന മടങ്ങുക എന്ന് വല്ലതും പറഞ്ഞോ ബാലാ…”
ദേവകിയമ്മയും ചോദിച്ചു…
“എന്താ ബാലേട്ട….”
എല്ലാരും ഒരുപോലെയാണ് ചോദിച്ചത്…
ദക്ഷയും രുദ്രയും അനികേതും പരസ്പരം എന്തെന്ന് ഉള്ള അര്‍ത്ഥത്തില്‍ നോക്കി…
” അത്.. അത്.. അച്ഛാ.. അവന് കല്യാണം കഴിക്കണം എന്ന്… “
മടിച്ചു മടിച്ചു ആണ് ബാലൻ അത് പറഞ്ഞത്..
“ഈശ്വരാ.. നീ എന്റെ പ്രാര്‍ത്ഥന കേട്ടു…. അവന് നല്ല ബുദ്ധി തോന്നിയല്ലോ….”
ദേവകിയമ്മ സന്തോഷത്തോടെ പറഞ്ഞു…
“അതിനെന്താ… നമുക്ക് നോക്കാം… ഉടനെ തന്നെ…”
മേനോനും സന്തോഷത്തോടെ പറഞ്ഞു…
” അത്.. അങ്ങനെയല്ല അച്ഛാ… കുട്ടിയെ അവന്‍ കണ്ടു പിടിച്ചിട്ടുണ്ട്… അങ്ങനെയാണ് പറഞ്ഞത്… പിന്നെ… അത്… “
മഹേശ്വരി വിക്കി വിക്കി പറഞ്ഞു…
” എന്താ മോളേ.. എന്താ ബാലാ.. എന്താ ഒരു പക്ഷേ… “
മേനോന്‍ ആകുലതയോടെ ചോദിച്ചു…
“അത്.. അച്ഛാ… ഒരു പ്രത്യേക സാഹചര്യത്തിൽ അവന് ആ കുട്ടിയെ താലി കെട്ടേണ്ടി വന്നു എന്ന്….
നമ്മളോട് ആ കുട്ടിയുടെ വീട്ടില്‍ നേരിട്ട് ചെന്ന് കല്യാണം ആലോചിക്കാൻ ആണ് അവന്‍ പറഞ്ഞത്… “
ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് ബാലന്‍ എല്ലാവരെയും നോക്കി..
എല്ലാ മുഖങ്ങളും അതിശയത്തിൽ വിടരുന്നതു അയാൾ കണ്ടു..
ഡൈനിംഗ് ടേബിള്‍ ഒരു നിമിഷം നിശബ്ദമായി..മഹേശ്വരി ഒരു പേടിയോടെ ബാലനെ നോക്കി…
തുടരും…..