അപൂര്‍വരാഗം ~ ഭാഗം 18 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“ഞാൻ നോക്കിക്കോളാം ഡോക്ടർ…. താങ്ക് യു സോ മച്ച്…”

അതും പറഞ്ഞു വാതിൽ തുറന്നു ദേവ് പുറത്തേക്ക്‌ ഇറങ്ങി..

പുറത്ത് കാത്ത് നിന്ന സാമിന്റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് അവന്‍ പൊട്ടി കരഞ്ഞു…

അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ സാം കുഴങ്ങി നിന്നു…

” ഡാ.. നീ ഇങ്ങനെ തളര്‍ന്നു പോകല്ലേ… നീയും ഇങ്ങനെ ആയാൽ പിന്നെ…. മര്യാദയ്ക്ക് കണ്ണ് തുടയ്ക്ക്…..”

അവനെ പിടിച്ചു മാറ്റി കൊണ്ട് സാം പറഞ്ഞു..

“എനിക്ക്.. എനിക്ക്.. പറ്റുന്നില്ലെടാ…. അവളെ ഇനിയും നഷ്ടപ്പെടുത്താന്‍ വയ്യാ….അവളില്ലെങ്കിൽ പിന്നെ ഈ ദേവ് ഇല്ല…”

ഇരു കൈകൾ കൊണ്ടും കണ്ണുകൾ തുടച്ച് കൊണ്ട് ദേവ് പറഞ്ഞു..

” ഡോക്ടർ.. ഡോക്ടർ എന്താ പറഞ്ഞത്… “

വേവലാതിയോടെ സാം ചോദിച്ചു…

“നിനക്ക് അറിയാവുന്നത് അല്ലെ എല്ലാം… ഇനിയൊരു ഷോക്… അങ്ങനെ ഉണ്ടായാല്‍ ചിലപ്പോ എനിക്ക് എന്റെ പെണ്ണിനെ എന്നെന്നേക്കുമായി നഷ്ടപ്പെടും…”

ഇടറിയ സ്വരത്തില്‍ ദേവ് പറഞ്ഞു..

“ഡാ…. അപ്പൊ… പഴയ കാര്യങ്ങൾ… നോ… അങ്ങനെ ഉണ്ടാവില്ല…. നമ്മൾ ഒക്കെ ഇല്ലേ അവളുടെ കൂടെ.. ഷി വില്‍ ബി ഫൈന്‍… “

അവനെ ആശ്വസിപ്പിച്ചു കൊണ്ട് സാം പറഞ്ഞു..

” അതേടാ… ഇനി അവളെ ഒന്നിനും വിട്ടു കൊടുക്കില്ല ഞാന്‍.. എന്റേത് ആണ്…

എന്റേത്… ഞാൻ ജീവനോടെ ഉള്ള കാലം എന്റെ പെണ്ണിന് ഒരു പോറൽ പോലും ഏല്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല… “

ദേവ് ഉറച്ച സ്വരത്തില്‍ പറഞ്ഞു…

” അത് മതിയെഡാ…. എന്റെ അപ്പുന് നിന്നെക്കാൾ നല്ലൊരു ചോയ്സ് ഇല്ല… നിന്നെ പോലെ അവളെ സ്നേഹിക്കാന്‍ വേറെ ആര്‍ക്കും പറ്റുകയും ഇല്ല.. “

ദേവിന്റെ ചുമലില്‍ തട്ടി കൊണ്ട് സാം പറഞ്ഞു..

” ഡാ… ഹ… ഹരി…. അവന്‍… “

ഒരു പതര്‍ച്ചയോടെ ദേവ് ചോദിച്ചു..

“പോയി… പാവം…. അവനെ ഓര്‍ക്കുമ്പോൾ ആണ് സങ്കടം… എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ഒരു കോമാളി വേഷം കെട്ടിയത് അല്ലേടാ അവന്‍… “

കുനിഞ്ഞ മുഖത്തോടെ സാം പറഞ്ഞു…

“ഞാൻ…ഞാൻ എങ്ങനെയാ അവനോടു മാപ്പു ചോദിക്കുന്നത് സാം…

എന്റെ ജീവൻ ആണ് അവന്‍ വിട്ടു തന്നത്.. എന്റെ ജീവിതം.. അവന്റെ പ്രണയം വിട്ടു കൊടുത്തു കൊണ്ട്….

എന്ത് കൊടുത്താൽ ആണ് ആ കടം വീട്ടാന്‍ പറ്റുക… “

ഒരു തളര്‍ച്ചയോടെ ദേവ് അവിടെയുള്ള കസേരയില്‍ ഇരുന്നു..

“ഡാ… ആരും ഒന്നും മനഃപൂര്‍വ്വം ചെയ്തത് അല്ലലോ…. നമ്മൾ കുറേ ശ്രമിച്ചത് അല്ലെ…

ചിലരുടെ വാശി കാരണം അല്ലെ.. ഇല്ലെങ്കില്‍ ഹരിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടി വരില്ലായിരുന്നു… “

അവനെ സമാധാനിപ്പിച്ചു കൊണ്ട് സാം പറഞ്ഞു..

“ഇല്ല… സാം… നിനക്ക് ഞാന്‍ അത് പറഞ്ഞു തരേണ്ടല്ലോ….

ഇഷ്ടപ്പെട്ട പെണ്ണ് ഇട്ടിട്ട് പോയാലും അവളെ വേറുക്കാന്‍ പറ്റില്ല ചിലപ്പോ..

അങ്ങനെ ഉള്ളപ്പോൾ… സ്നേഹിച്ച പെണ്ണിനെ മനപ്പൂര്‍വ്വം വിട്ടു കൊടുക്കേണ്ടി വരുന്ന അവന്റെ അവസ്ഥയോ…”

ദേവ് പറഞ്ഞു കൊണ്ട് ഇരുന്നു..

” ഇല്ല ദേവ്.. ഹരിയുടെ പ്രണയം സത്യമല്ല എന്ന് ഞാന്‍ പറയുന്നില്ല…

പക്ഷേ.. പക്ഷേ.. അതൊരിക്കലും നിന്റെ കാത്തിരിപ്പിന്റെ അത്രയും വരില്ല…. ഒരിക്കലും…

വിട്ടു കൊടുക്കാൻ നീയും തയ്യാറായത് അല്ലെ… പഷേ.. വാശി.. ചിലരുടെ വാശി.. അത് കൊണ്ട് അല്ലെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്… “

രോഷത്തോടെ മുഷ്ടി ചുരുട്ടി ചുമരില്‍ ഇടിച്ചു കൊണ്ട് സാം പറഞ്ഞു..

” എന്റെ വിധി… ഇങ്ങനെ ആവും അല്ലെ സാം… നഷ്ടങ്ങള്‍ മാത്രമുള്ള കണക്ക് പുസ്തകം ആണല്ലോ എന്റെ ജീവിതം… ഇപ്പൊ ഹരിയുടെ ശാപവും…. “

സ്വയം പുച്ഛിച്ചു കൊണ്ട് ദേവ് പറഞ്ഞു..

” നോ.. നെവർ…. നിനക്ക് ഇനി ഒന്നും നഷ്ടമാവില്ല….

എന്റെ പെങ്ങള്‍ നിന്റെ കൈയിൽ സുരക്ഷിത ആയിരിക്കും എന്ന് എനിക്ക് അറിയാം..

അവള്‍ക്കു വേണ്ടി കാത്തിരിക്കാന്‍ നിനക്ക് മാത്രമേ അവകാശം ഉള്ളു… ദേവന്റെ പെണ്ണ് ആണ് അവള്…”.

ദേവിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് സാം പറഞ്ഞു..

” അപ്പു.. ഡാ സാം.. അവളെ റൂമിലേക്ക് മാറ്റും എന്നാണ് ഡോക്ടർ പറഞ്ഞത്… എനിക്ക് അവളെ കാണണം.. “

പെട്ടെന്ന് വന്ന ഓര്‍മ്മയില്‍ ദേവ് എണീറ്റു…

” ദേവ്…. നീ എന്താ അവളോട് പറയാന്‍ പോകുന്നത്….

അവളോട് മാത്രമല്ല… എല്ലാവരോടും… സത്യം അറിയുന്ന ആള്‍ക്കാര്‍ വളരെ ചുരുക്കം ആണ്.. അത് ഓര്‍മ്മ വേണം… “

ദേവിന്റെ കൈയിൽ പിടിച്ചു നിർത്തി കൊണ്ട് സാം ചോദിച്ചു..

“എനിക്ക് അറിയാം സാം… ഈ അവസ്ഥയില്‍ ഒന്നും അവളോട് പറയാന്‍ എനിക്ക് പറ്റില്ല…

അവളുടെ ആരോഗ്യം എനിക്ക് വീണ്ടെടുത്തേ പറ്റു… പിന്നെ… മറ്റുള്ളവര്‍…. എനിക്ക് അറിയാം.. നീ വാ “

വലിഞ്ഞു മുറുകിയ മുഖത്തോടെ ദേവ് പറഞ്ഞു നിർത്തി..

ശേഷം തിരിഞ്ഞു നടന്നു…


ചുവരില്‍ ഉള്ള വലിയ ചിത്രത്തിലേക്ക് നോക്കി നില്‍ക്കുക ആയിരുന്നു ഹരി..

കണ്ണുകള്‍ നിറഞ്ഞു ഒഴുകി കാഴ്ച മങ്ങി… എന്നിട്ടും അവന്‍ ആ ചുവരില്‍ നോക്കി നിന്നു..

” മോനേ….”

പിറകില്‍ ഒരു വിളി കേട്ടപ്പോൾ ആണ് ഹരിക്ക് ബോധം വന്നത്..

വാതില്‍ക്കല്‍ നില്‍ക്കുന്ന അച്ഛനും അമ്മയും…

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഹരി ചിരിക്കാന്‍ ഒരു വിഫല ശ്രമം നടത്തി..

“മോനേ.. നീ.. എല്ലാം മറക്കണം… ആ കുട്ടി എന്റെ മോന് വിധിച്ചിട്ടില്ല…. “

നിറഞ്ഞ കണ്ണുകളോടെ നാരായണന്‍ മാഷ് പറഞ്ഞു…

“അതെ മോനേ… മറക്കണം… എളുപ്പം ആവില്ലന് അച്ഛനും അമ്മയ്ക്കും അറിയാം… പക്ഷേ.. നിനക്ക് പറ്റും…”

കരഞ്ഞു കൊണ്ട് ഹരിയുടെ അമ്മ പറഞ്ഞു.

“എനിക്ക്.. എനിക്ക്.. വിഷമം ഒന്നുമില്ല അച്ഛാ… പിന്നെ… ചെറിയ ഒരു….

ഒന്നുമില്ലേലും 5 വര്‍ഷമായി നെഞ്ചില്‍ കൊണ്ട് നടന്നത് അല്ലെ….

ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ കല്യാണം കഴിക്കാൻ പോകുന്നു എന്നോര്‍ത്ത് ഞാൻ കുറച്ചു അഹങ്കരിച്ചു… അതിനു ദൈവം തന്ന ശിക്ഷ ആവും ഇത്… “

ഹരിയുടെ വാക്കുകൾ ഇടറിയിരുന്നു…

” എന്റെ മോന്‍ വലിയവന്‍ ആണ്.. ഒരുപാട് വലിയ മനസ് ഉള്ളവൻ..

എന്റെ മോന് നല്ലതേ വരൂ…

പ്രേമം നിരസിച്ചാൽ ഉടനെ ആസിഡ് ഒഴിച്ചും തീയിട്ടും പ്രതികാരം ചെയുന്ന ആള്‍ക്കാര്‍ ഉള്ള നാട്ടില്‍ പ്രേമിച്ച പെണ്ണിനെ അവളുടെ നന്മയ്ക്കു വേണ്ടി വിട്ടു കൊടുക്കാൻ നീ കാണിച്ച മനസ്സ് മതി…

അച്ഛന് അഭിമാനമേ ഉള്ളു… “

ഹരിയുടെ തോളില്‍ തട്ടി കൊണ്ട് നാരായണന്‍ മാഷ് തിരിഞ്ഞു നടന്നു…

ഹരിയെ ഒന്നു നോക്കി കൊണ്ട് അമ്മയും പിന്നാലെ പോയി..

ചുവരിലെ ചിത്രത്തിലേക്ക് ഹരി ഒന്നുടെ നോക്കി..

പുഞ്ചിരിച്ചു നില്‍ക്കുന്ന അപ്പുവിന്റെ ഛായാചിത്രം…

മനസ്സിൽ കേറി കൂടിയ നാള്‍ മുതൽ തുടങ്ങിയതാണ് ഈ വര…

ഒടുവില്‍ കല്യാണം കഴിഞ്ഞു വരുമ്പോൾ ഒരു സർപ്രൈസ് ആയി കൊടുക്കാൻ വച്ചതാണ്…..

“വേണ്ട ഹരി.. ഇനി ഇത് ഇവിടെ വേണ്ട… അപ്പു ദേവിന്റെ ആണ്.. ദേവിന്റെതു മാത്രം….”

ഹരി ടേബിളില്‍ ഇരുന്ന കറുപ്പ് പെയിന്റ് എടുത്തു ചുവരിലെ ചിത്രത്തിലേക്ക് ഒഴിച്ചു…

“ഇനി അപ്പു ഇല്ല ഹരിയുടെ ജീവിതത്തിൽ… ഇനി ഒരിക്കലും…”

വേദന കലര്‍ന്ന പുഞ്ചിരിയോടെ ഹരി പിറുപിറുത്തു..

കണ്ണടച്ച് കൊണ്ട് തന്റെ ജീവിതം മാറ്റി മറിച്ച ആ രാത്രിയെ കുറിച്ച് ഒന്നുടെ ഓര്‍ത്തു..


അപ്പു നേരിട്ട് കാണണം എന്ന് വിളിച്ചു പറഞ്ഞത് മുതൽ എന്തോ അസ്വസ്ഥത തോന്നിയിരുന്നു..

നേരിട്ട് കണ്ടപ്പോഴും ആ മുഖത്തെ സങ്കടം കണ്ടതാണ്.. പെട്ടെന്ന് കല്യാണം ഉറപ്പിച്ചതിന്റെ ടെന്‍ഷന്‍ ആണെന്ന് തന്നെയാണ് കരുതിയത്..

അതിനിടയില്‍ ആണ് ദേവും സാമും അങ്ങോട്ടേക്ക് വന്നത്.. അപ്രതീക്ഷിതമായി ദേവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷിച്ചു..

പക്ഷേ… അതിനു ആയുസ്സു കുറവായിരുന്നു എന്ന് ഹരി ഓര്‍ത്തു..

പിറ്റേന്ന് തന്റെ പ്രിയപ്പെട്ട ചിത്രകാരനും ഗുരുവുമായ ബാലാജി സർ ഹോട്ടൽ ഗ്രീന്‍ പാലസിൽ ഉണ്ടെന്ന് അറിഞ്ഞു ആണ് അവിടേക്ക് പോയതു..

സാറിനെ കണ്ടു കല്യാണത്തിന് ക്ഷണിച്ച് ഒരുപാട് സന്തോഷത്തില്‍ ഇറങ്ങിയപ്പോൾ ആണ് താഴെ ബാറിന് മുന്നില്‍ ബോധമില്ലാതെ കിടക്കുന്ന ദേവിനെ കണ്ടത്..

അതിശയം ആണ് തോന്നിയത്…. യാതൊരു വിധ ദുശ്ശീലങ്ങളും ഇല്ലാത്ത ദേവിനെ ആ അവസ്ഥയില്‍ കണ്ടതിന്റെ…

ആ അവസ്ഥയില്‍ വിട്ടിട്ട് പോകാൻ തോന്നിയില്ല…

താങ്ങിയെടുത്ത് കാറിൽ കയറ്റി..

വീടിന്റെ അഡ്രസ് ഒക്കെ അബോധാവസ്ഥയിൽ ദേവ് പറഞ്ഞ ഊഹം വച്ച് ആണ് ഡ്രൈവ് ചെയ്തത്…

അതിനിടയില്‍ ആണ് സാമിനെ വിളിച്ചു പറഞ്ഞാലോ എന്ന് ഓര്‍ത്തത്…

നമ്പര്‍ കൈയിൽ ഇല്ലാത്തത് കൊണ്ട് ആണ് ദേവിന്റെ പോക്കറ്റില്‍ നിന്നും ഫോൺ എടുത്തത്..

ലോക്ക് തുറന്നതും കണ്ടത് അപ്പുവിന്റെ ചിത്രം ആയിരുന്നു…

ഒരു നിമിഷം ഹൃദയം നിലച്ചത് പോലെ തോന്നി..

വിചാരിക്കുന്നത് പോലെ ഒന്നും ഉണ്ടാകരുതേ എന്ന് മനസ്സിൽ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഗ്യാലറി തുറന്ന്‌ നോക്കിയത്‌…

ഹൃദയം മുറിഞ്ഞു ചോര വന്നു…

അപ്പുവിന്റെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു ആ ഗ്യാലറി.. അവളുടെ പല പ്രായത്തില്‍ ഉള്ള പല ഫോട്ടോസ്….

മനസ്സിനെ ഒരുവിധം പറഞ്ഞു നിർത്തി സാമിന്റെ
നമ്പർ ഡയല്‍ ചെയ്തു കാര്യം പറഞ്ഞു..

അതിനിടയില്‍ ആണ് അബോധാവസ്ഥയിലും ദേവ് പറയുന്നത് അപ്പുവിന്റെ പേര് ആണെന്ന് ശ്രദ്ധിച്ചത്..

ഹൃദയം തകർന്ന് ആണ് സാം വരുന്നത് വരെ ദേവിനെയും കൊണ്ട് ആ കാറിൽ ഇരുന്നത്..

സാം വന്നതും ദേവിനെ അവന്റെ കാറിൽ കയറ്റി ഇരുത്തി… താങ്ക്സ് പറഞ്ഞു കാറിലേക്ക് കയറാൻ തുടങ്ങിയ അവന്റെ മുന്നിലേക്ക് ആണ് ഹരി ദേവിന്റെ ഫോൺ നീട്ടിയത്..

“എന്താ.. എന്താ.. ഇതിന്റെ ഒക്കെ അര്‍ത്ഥം സാം… പറയ്…”

കിതച്ച് കൊണ്ട് ഹരി ചോദിച്ചു..

പ്രേതത്തെ കണ്ടത് പോലെ സാമിന്റെ മുഖം വിളറി വെളുത്തു…

“പറയ്.. എന്താ ഇത്.. അപ്പു.. ദേവ്.. എന്താ ഇതൊക്കെ.. ഫോര്‍ ഗോഡ് സെക്…വില്‍ യു പ്ലീസ് ടെല്‍ മി..”

ഹരി പൊട്ടിത്തെറിക്കുകയായിരുന്നു…

കണ്ണ് നിറഞ്ഞു ഒഴുകി.

എന്ത് പറയണം എന്ന് അറിയാതെ സാം നിന്നു…

ഒടുവില്‍ ഹരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി സാമിന് എല്ലാം പറയേണ്ടി വന്നു… ദേവിന്റെ പ്രണയം..

അപ്പുവിന്റെ സമ്മതമില്ലാതെ താലി കെട്ടിയ ദേവിനോട് ആദ്യം ദേഷ്യമാണ് തോന്നിയത്..

പക്ഷേ.. പിന്നിട് അവന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല..

ആ പ്രണയം ആണ് തന്നെ തകര്‍ത്തു കളഞ്ഞത് എന്ന് വേദനയോടെ ഹരി ഓര്‍ത്തു..

ദേവിന്റെ പ്രണയം.. അതിന്റെ തീവ്രത.. ആഴം അതൊക്കെ അറിഞ്ഞപ്പോള്‍ വിട്ടു കൊടുക്കാൻ ആണ് തോന്നിയത്..

ദേവിനെ പോലെ ഒരിക്കലും തനിക്കു അപ്പുവിനെ സ്നേഹിക്കാന്‍ പറ്റില്ല എന്ന് തോന്നി..

പക്ഷേ… എന്തു ചെയ്യും എന്ന് ഒരു ഊഹവും ഇല്ലായിരുന്നു..

എന്ത് പറഞ്ഞു ഈ കല്യാണം വേണ്ടെന്ന് വെക്കും… അറിയില്ലായിരുന്നു…

കല്യാണം മുടങ്ങിയാൽ ഒരുപക്ഷേ തന്നോടുള്ള വാശിക്ക് അപ്പുവിന്റെ വീട്ടുകാർ അവളെ മറ്റു ആർക്കെങ്കിലും കല്യാണം കഴിപ്പിച്ചു കൊടുത്താലോ എന്ന സംശയം വേറെ..

സാമിനോട് പറഞ്ഞപ്പോൾ അവനും അതെ സംശയം പറഞ്ഞു..

ബോധം ഇല്ലാതെ പിച്ചും പേയും പറയുന്ന ദേവിനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല..

ഒടുവില്‍ സ്വയം നാണം കെട്ടാലും കുഴപ്പമില്ല എന്ന അവസ്ഥയിലേക്ക് എത്തി ചേര്‍ന്നു..

പിന്നെ അപ്പുവിനെ വിളിച്ചില്ല.. വിളിച്ചാല്‍ ചിലപ്പോൾ അവളെ വിട്ടു കൊടുക്കാൻ പറ്റില്ല എന്ന് തോന്നി..

ഫോൺ മനപ്പൂര്‍വ്വം ഓഫ് ആക്കി വച്ചു…

വീട്ടില്‍ അച്ഛനോടും അമ്മയോടും എല്ലാ കാര്യവും പറഞ്ഞു….

ആദ്യം കുറേ ഉപദേശിച്ചു എങ്കിലും അവരും കൂടെ തന്നെ നിന്നു….

ആ ക്ഷേത്ര നടയില്‍ വച്ച് തന്നെ അപ്പുവിനെ അവളുടെ അവകാശിക്ക് വിട്ടു കൊടുക്കണമെന്ന് തന്നെയാണ് കരുതിയത്..

കല്യാണ പെണ്ണായി അവളെ അവിടെ കണ്ടപ്പോൾ മനസ്സിനെ നിയന്ത്രിക്കാന്‍ ഒരുപാട് പാടു പെട്ടു..

പക്ഷേ.. അവള് അങ്ങനെ ഒരു ബുദ്ധി മോശം കാണിക്കും എന്ന് കരുതിയില്ല…

നാട്ടുകാര്‍ക്ക് മുന്നില്‍ അപഹാസ്യനായി നില്‍ക്കേണ്ടി വന്നാലും അപ്പുവിന് അവള്‍ക്കു നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു കൊടുക്കാൻ പറ്റുമല്ലോ എന്ന സന്തോഷത്തില്‍ ആയിരുന്നു..

നേടുന്നത് മാത്രമല്ല പ്രണയം എന്ന് ഈ ലോകത്തോട് വിളിച്ചു പറയാന്‍ ആണ് തോന്നിയത്…

പക്ഷേ.. എല്ലാത്തിനും മുന്നേ അവള് കുഴഞ്ഞു വീണപ്പോള്‍ ഒന്നും ചെയ്യാൻ പറ്റിയില്ല..

മരണത്തോട് മല്ലിട്ട് നിന്ന അവളെയും എടുത്തു ദേവ് ഓടുമ്പോള്‍ പിന്നാലെ ഓടി…

എന്റെ പ്രണയം തന്നെയാണല്ലോ ICU വില്‍ ഉള്ളതു എന്ന ചിന്ത മനസ്സിനെ മദിച്ചു കൊണ്ടിരുന്നു..

അതാണ് അവള്‍ക്ക് ബോധം വരുന്നത് വരെ അവിടെ തന്നെ നിന്നത്…

ഇനി ഒരിക്കല്‍ കൂടി കണ്ടാല്‍ അവളെ നഷ്ടപെടുത്താൻ പറ്റില്ല എന്ന് തോന്നി….

“എവിടെ ആണേലും സന്തോഷമായി ഇരുന്നാല്‍ മതി… അത്രേം മതി എനിക്ക്…”

ഹരി പിറുപിറുത്തു.

“ഇല്ല….. ഹരിക്ക് എല്ലാം മറക്കാൻ പറ്റും.. എല്ലാം…”

കണ്ണ് നീര് തുടച്ച് കൊണ്ട് ഹരി പുഞ്ചിരിച്ചു…


ദേവും സാമും ICU വിന്റെ അടുത്ത് എത്തിയപ്പോൾ ആണ് അപ്പുവിനെ റൂമിലേക്ക് മാറ്റി എന്ന് നഴ്സ് പറഞ്ഞത്‌..

കേട്ടപാടെ ദേവ് ഓടുകയായിരുന്നു…

അവന്റെ ജീവനെ കാണാന്‍…

ഇതേ സമയം റൂമിൽ അപ്പുവിന് ചുറ്റും മാധവനും ദേവിയും ഉണ്ടായിരുന്നു…

നിറഞ്ഞ കണ്ണുകളോടെ ദേവിയും മാധവനും അപ്പുവിന്റെ കൈയിൽ തലോടി കൊണ്ടിരുന്നു..

മുറിയിലേക്ക് ഓടി വന്ന ദേവ് ഇത് കണ്ട് ദേഷ്യത്തോടെ നിന്നു…

കണ്ണില്‍ തീ എരിഞ്ഞു…

വാതില്‍ക്കല്‍ ശബ്ദം കേട്ട് ആണ് മാധവനും ദേവിയും തിരിഞ്ഞു നോക്കിയത്‌…

ദേവിനെ കണ്ട് മാധവന്റെയും കണ്ണുകൾ ചുവന്നു..

“തൃപ്തി ആയില്ലേ നിനക്ക്… ഇനിയും എന്തിനാ വന്നത്..”

ദേവിന് അടുത്തേക്ക് നടന്നു രോഷത്തോടെ മാധവന്‍ ദേവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു…

“വിട് എന്നെ…. തൃപ്തി ആയതു നിങ്ങക്ക് രണ്ടാൾക്കും അല്ലെ… ഞാൻ മുന്നേ പറഞ്ഞത് അല്ലേ…യാചിച്ചത് അല്ലെ….”

നിറഞ്ഞ കണ്ണുകളോടെ ക്ഷോഭത്തോടെ ദേവ് പറഞ്ഞു…

കണ്ണുകൾ ബദ്ധപ്പെട്ട് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പു …

കയ്യിലെ വേദന കൊണ്ട് മുഖം ചുളിഞ്ഞു…

അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്ന് അവൾ നോക്കി..

മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാന്‍ ആണ് ആദ്യം കണ്ടത്…

തല പെരുക്കുന്നു… അസഹ്യമായ തലവേദന..

അപ്പു ചുറ്റും നോക്കി..

ദേവിന്റെ ഷർട്ടിൽ പിടിച്ചു ക്ഷുഭിതനായി നില്‍ക്കുന്ന അച്ഛനെ കണ്ട് അവള്‍ ഞെട്ടി…

(തുടരും)