അപൂര്‍വരാഗം ~ ഭാഗം 16 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അങ്ങനെ കാത്തു കാത്തു നിന്നു എന്റെ കല്യാണ തലേന്ന് ആയി..

ഒരാളുടെ താലിയും കഴുത്തിൽ ചുമന്ന് മറ്റൊരാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടാന്‍ ഈ അപ്പു തയ്യാറല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാന്‍ ഇരുന്നു..

രാവിലെ എണീറ്റു വന്നപ്പോള്‍ മുതൽ എല്ലവരും എന്റെ പിന്നാലെ തന്നെ ആയിരുന്നു..

എന്നെ ഭക്ഷണം കഴിപ്പിക്കാനും ഒരുക്കാനും എല്ലാവരും മത്സരിക്കുക ആയിരുന്നു..

ഞാൻ ആകട്ടെ തീയില്‍ ചവിട്ടിയാണ് നിന്നത്..

നാളെ എന്താകും എന്ന് അറിയില്ല…. വല്ലാത്ത ഭയം നിറഞ്ഞു മനസ്സിൽ..

ഡോക്ടറുടെ മനസ്സിൽ എന്താണെന്ന് ഒരു ഊഹവും ഇല്ല..

രാവിലെ തന്നെ ക്ഷേത്രത്തില്‍ പോയി തൊഴുതു..

എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ക്ഷേത്ര നടയില്‍ എത്ര നേരം നിന്നു എന്ന് അറിയില്ല..

കുട്ടി പട്ടാളം എന്റെ പിറകെ തന്നെ ഉണ്ടായിരുന്നു..

ഇതിനിടയിൽ വീഡിയോ എടുക്കാൻ ആള്‍ക്കാര് വന്നു…

പിന്നെ തൊടിയില്‍ അവിടെയും ഇവിടെയും നിർത്തി ഫോട്ടോയും വീഡിയോയും എടുത്തു..

എന്റെ മനസ്സു അവിടെ ഒന്നും അല്ലായിരുന്നു..

അതിനിടയില്‍ അച്ഛൻ അങ്ങോട്ട് വന്നു..

“തല്‍കാലം ഇത്രേം മതി.. ബാക്കി വൈകിട്ട് എടുക്കാലോ….”

എന്റെ മുഖത്തെ ക്ഷീണം കണ്ടിട്ട് ആവണം അച്ഛൻ വീഡിയോ എടുക്കാൻ വന്ന ചേട്ടനോട് പറഞ്ഞു..

അവര് തിരിച്ച് പോയി.. കൂടെ

എനിക്ക് എന്തോ പെട്ടെന്ന് സങ്കടം വന്നു..

ഞാൻ അച്ഛനെ കെട്ടി പിടിച്ചു കരഞ്ഞു..

“അയ്യേ.. അച്ഛന്റെ അപ്പു കരയുവാണോ?…. അയ്യേ മോശം… “

പാതി കളിയായി അച്ഛൻ പറഞ്ഞു..

ഞാൻ തല ഉയർത്തി അച്ഛന്റെ മുഖത്തേക്ക് നോക്കി..

ഒരുവേള എല്ലാം അച്ഛനോട് പറഞ്ഞാലോ എന്ന് വരെ ഞാന്‍ ഓര്‍ത്തു..

“മാധവേട്ടാ…..അപ്പു… എവിടെയാ രണ്ടാളും….”

അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഞാന്‍ കണ്ണ് തുടച്ചു.

” ഇവിടുണ്ട് ദേവി…. താൻ ഇങ്ങട്ട് പോരേ…..”

അച്ഛൻ അമ്മയോട് വിളിച്ചു പറഞ്ഞു…

“എന്റെ ഏട്ടാ… രാവിലെ കഴിക്കാൻ ഉള്ള മരുന്ന് മറന്നില്ലേ… കുഞ്ഞ് കുട്ടികളെ പൊലെ ആവല്ലെ…”

കൈയിൽ ഒരു ഗ്ലാസ്സ് വെള്ളവും മറു കൈയിൽ ഗുളികയും കൊണ്ട് അമ്മ ഞങ്ങൾക്ക് അരികിലേക്ക് വന്നു..

” മറന്നത് ആണെടോ…മോളുടെ കല്യാണം അല്ലെ. ന്റെ അപ്പുവിന്റെ..അതിനിടയില്‍… മറന്നു..”

എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു…

” ആരോഗ്യം കൂടെ നോക്കണ്ടേ… കഴിഞ്ഞ ആഴ്‌ച കൂടി ഡോക്ടർ പറഞ്ഞത് ഓര്‍മയില്ലേ…. ശ്രദ്ധി……”

ഒരു ശാസനയോടെ അത്രയും പറഞ്ഞപ്പോൾ ആണ് എന്തോ അബദ്ധം പറഞ്ഞത് പോലെ അമ്മ നിർത്തിയത്..

” ഡോക്ടർ… ഡോക്ടർ എന്താ പറഞ്ഞത്…”

ഞാൻ സംശയത്തോടെ അച്ഛനെ നോക്കി..

“ഏയ് ഒന്നുല്ലാ ന്റെ അപ്പു.. അമ്മ ചുമ്മാ പറയുന്നത് ആണ്.. “

” പറയ് അമ്മ.. എന്താ ഡോക്ടർ പറഞ്ഞത്….”

ഞാൻ അമ്മയെ കൂര്‍പ്പിച്ച് നോക്കി…

“എന്റെ അപ്പു.. നീ അമ്മയെ പേടിപ്പിക്കണ്ട…. അതൊരു ചെറിയ നെഞ്ച് വേദന വന്നപ്പോൾ ഡോക്ടർ തന്നതാണ് ഇത് മുഴുവന്‍..”

അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

” നെഞ്ച് വേദന…. എന്നിട്ട്.. എന്നിട്ട്.. എന്താ എന്നോട് പറയാഞ്ഞത്… പറയ് അമ്മ… “

ഇടറിയ സ്വരത്തില്‍ ഞാന്‍ ചോദിച്ചു..

കണ്ണ് ഒക്കെ വീണ്ടും നിറഞ്ഞു വന്നു..

” ഞാനാ പറഞ്ഞത് പറയണ്ട എന്ന്…. ഹാര്‍ട്ട് ഒന്ന് പണി മുടക്കാൻ നോക്കിയത്‌ ആണ്… ഞാൻ വിടുമോ..”

കണ്ണിറുക്കി കാണിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു..

സങ്കടം കൊണ്ട് ഞാന്‍ പിന്നെയും കരഞ്ഞു.

പിന്നെ അച്ഛൻ തന്നെ എന്നെ ഒരുവിധം സമാധാനിപ്പിച്ച് വീട്ടിലേക്ക് നടന്നു…

വീട്ടില്‍ എത്തിയിട്ടും എനിക്ക് നെഞ്ചിടിപ്പ് മാറിയില്ല..

അച്ഛന്റെ ഈ അവസ്ഥയില്‍ എങ്ങനെ ഇത് പറയുമെന്ന് അറിയാതെ ഞാന്‍ കുഴങ്ങി..

ഒറ്റയ്ക്ക് ഇരുന്ന് ഒന്ന് കരയാന്‍ പോലും ആകാത്ത അവസ്ഥ..

ഒരു കരച്ചില്‍ തൊണ്ട കുഴിയിൽ തികട്ടി വന്നു..

ഒന്നുറക്കെ കരഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടി മരിക്കും എന്ന് തോന്നി..

ഇടയ്ക് അടുത്ത് ആരും ഇല്ലാത്ത സമയത്ത് ഞാന്‍ റൂമിൽ കേറി.. കതകു അടച്ച് നന്നായി കരഞ്ഞു..

കരഞ്ഞപ്പോൾ വല്ലാത്തൊരു സമാധാനം..

പിന്നെ മുഖം ഒക്കെ കഴുകി താഴേക്കു ചെന്നു..

എല്ലാവരും ഭയങ്കര സന്തോഷത്തില്‍ ആണ്..
തറവാട്ടിൽ ആണ് എല്ലാരും..

ഞാനും അങ്ങോട്ടേക്ക് നടന്നു..

കുട്ടി പട്ടാളം ഒക്കെ തുള്ളി രസിക്കുക ആണ്..

അച്ഛനും അമ്മാവനും ഇളയച്ഛനും മനുവേട്ടനും (ചേച്ചിയുടെ ഭർത്താവ്) അവിടെയും ഇവിടെയും ഒക്കെ ആയി ഓടി നടക്കുന്നു..

പെണ്ണുങ്ങളുടെ കാര്യവും മറിച്ച് അല്ല..

ശ്യാമേച്ചിയും ഭർത്താവ് അരുണേട്ടനും ഒക്കെ വന്നിട്ടുണ്ട്..

എല്ലാവര്‍ക്കും സന്തോഷം.. എന്റെ മനസ്സു മാത്രം കത്തുന്നു..

വര്‍ഗ്ഗീസ് അങ്കിളും ആനി ആന്റിയും രാവിലെ തന്നെ വന്നിരുന്നു..

ഇതിനിടയിൽ ഒക്കെ ഇച്ചന്റെ അഭാവം ഞാന്‍ ശ്രദ്ധിച്ചു..

ഉച്ച ആയപ്പോഴേക്കും നിയ വന്നു.. ബാക്കി ഉള്ള ഫ്രന്‍ഡ്സ് ഒക്കെ രാവിലെ എത്തും എന്ന് അവള് പറഞ്ഞു..

ഇതിനിടയില്‍ ജോയും പപ്പയും മമ്മിയും വന്നു..

നിയയും ജോയും എന്റെ ഇടം വലം തന്നെ ഉണ്ടായിരുന്നു..

ജോയോട് ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.. പക്ഷേ അവളെ തനിച്ച് കിട്ടിയില്ല..

വൈകിട്ടു ആയപ്പോൾ ആണ് മേരിയും ഡേവിച്ചായനും വന്നത്..

വന്നപാടെ അവളെന്നെ കെട്ടി പിടിച്ചു.. പാവം.. എന്നെ ഒരുപാട് മിസ് ചെയ്തു അവള്..

എല്ലാവരും കൂടെ ഉണ്ടായിരുന്നിട്ടും എനിക്ക് ഒരു സന്തോഷം തോന്നിയില്ല.. മറിച്ച് വല്ലാത്ത ശൂന്യത തോന്നി..

വല്ലാത്ത ഒരു അസ്വസ്ഥത..

ഹരിയേട്ടൻ ആണെങ്കില്‍ ഇന്നലെ മുതൽ വിളിച്ചിട്ടില്ല…എന്തെങ്കിലും തിരക്കില്‍ ആകും എന്ന് ഞാന്‍ കരുതി..

ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ ഒന്നുടെ ഹരിയേട്ടനെ വിളിക്കാൻ ഞാന്‍ ഉറച്ചു..

ഫോൺ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു..

സ്വിച്ച്ഡ് ഓഫ് ആണെന്ന് ആണ് കേട്ടതു…

തിരക്കില്‍ ആകും എന്ന് എനിക്ക് തോന്നി..

നാളെ എന്ത് സംഭവിക്കും എന്ന് അറിയാതെ ഞാന്‍ നിന്നു..

മരിച്ചാലോ എന്ന് വരെ തോന്നി…

നാളെ ഞാന്‍ കാരണം എല്ലാവരും നാണം കേടും എന്ന് ഓര്‍ത്തപ്പോൾ എനിക്ക് കരച്ചില്‍ വന്നു..

ഇതിനിടയിൽ ബന്ധുക്കൾ വന്നും പോകുന്നും ഉണ്ടായിരുന്നു..

വരണ്ട ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാന്‍ നിന്നു..

തലേന്ന്‌ വലിയ രീതിയില്‍ ഉള്ള പരിപാടികൾ ഒന്നും പ്ലാൻ ചെയ്തിരുന്നില്ല..

അത് തന്നെ വല്യ അനുഗ്രഹം ആയി എനിക്ക് തോന്നി..

രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു ഉമ്മറത്ത് കൂടി.

അങ്കിളും ആന്റിയും രാവിലെ വരാം എന്ന് പറഞ്ഞ്‌ ഇറങ്ങി..

ഇച്ചനെ കുറിച്ച് ആരോ ചോദിച്ചപ്പോൾ എന്തോ തിരക്കില്‍ ആയതു കൊണ്ട് വരാത്തത് എന്ന് പറയുന്നത് കേട്ടു..

അതിൽ എല്ലാരും പരാതി പറഞ്ഞു..
എനിക്ക് മാത്രം ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല..

ഡേവിച്ചായനോട് ചോദിച്ചു മേരിയും എന്റെ കൂടെ തന്നെ നിന്നു..

ജോയും പപ്പയെയും മമ്മിയെയും പറഞ്ഞു വിട്ടു എന്റെ കൂടെ നിന്നു..

എല്ലാരും ഉമ്മറത്ത് ഇരുന്നു കുറേ വർത്തമാനം ഒക്കെ പറഞ്ഞു..

അവസാനം എല്ലാവരും ഇത് പോലെ കൂടിയത് ചേച്ചിയുടെ കല്യാണത്തിന് ആണെന്ന് ഞാന്‍ ഓര്‍ത്തു..

അമ്മയുടെ മടിയില്‍ തല ചായ്ച്ചു ഞാന്‍ കുറെ നേരം കിടന്നു..

ഇടയ്ക്കു ചേച്ചിയുടെ കണ്ണന്‍ എന്റെ അടുത്തേക്ക് മുട്ടിലിഴഞ്ഞ് വന്നു..

അവനെ പോലും ഉള്ളു തുറന്നു ഒന്ന് സ്നേഹിക്കാന്‍ പോലും എനിക്ക് പറ്റിയില്ല…

മുന്‍പു ഒക്കെ അവന്റെ കൂടെ കളിക്കാന്‍ ഉത്സാഹിച്ച ഞാന്‍ ഇന്ന് മിണ്ടാതെ ഇരിക്കുന്നത് കണ്ടു അവനും കരച്ചില്‍ ആയി..

പിന്നെ അച്ചച്ചൻ പറഞ്ഞപ്പോൾ എല്ലാരും ഉറങ്ങാൻ പോയി..

ഞാനും മേരിയും ജോയും നിയയും ഒരുമിച്ച് ആണ് കിടന്നത്..

കിടന്നു കുറേ നേരം പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു.. ഇടയ്ക്കു തല്ലു കൂടി.

എനിക്ക് മാത്രം ഒന്നും ആസ്വദിക്കാന്‍ പറ്റുന്നില്ല..

അമ്മ വന്നു പറഞ്ഞപ്പോൾ ഞങ്ങൾ ഉറങ്ങാൻ കിടന്നു..

കിടന്ന പാടെ മൂന്നും ഉറക്കം പിടിച്ചു..
എനിക്ക് മാത്രം ഉറങ്ങാൻ പറ്റുന്നില്ല..

കണ്ണ് തുറന്നു ഫാനിൽ തന്നെ നോക്കി കുറെ നേരം കിടന്നു..

പെട്ടെന്ന് ആണ് ഫോൺ വൈബ്രേറ്റ് ചെയതത്…

ഞാൻ ഒരു വെപ്രാളത്തോടെ ഡിസ്പ്ലേയില്‍ നോക്കി..

“ഡോക്ടർ കോളിങ്”

എന്റെ ഹൃദയമിടിപ്പ് കൂടി.. ഫാനിന്റെ കാറ്റിലും ഞാന്‍ വിയര്‍ത്തു..

ഫോൺ എടുത്തു ഞാൻ പതിയെ റൂമിന് പുറത്ത്‌ ഇറങ്ങി..

പഴയ വീട് ആണേലും മുകളില്‍ ഒരു അറ്റത്ത് നീണ്ട ഒരു ബാല്‍ക്കണി ഉണ്ട്..

ഞാൻ ഫോൺ എടുത്തു അങ്ങോട്ടേക്ക് നടന്നു.

അവിടുന്ന് താഴേക്കു നോക്കിയാൽ മുറ്റം മുഴുവന്‍ കാണാം..

ഞാൻ പതിയെ കോൾ എടുത്തു..

“ഹലോ….”

വിറയ്ക്കുന്ന സ്വരത്തില്‍ ഞാന്‍ പറഞ്ഞു..

“എന്താണ് എന്റെ ഭാര്യേ.. ഉറക്കം ഒന്നും ഇല്ലേ..”

അപ്പുറത്ത് നിന്നും ഒരു ചിരിയോടെ ഡോക്ടർ പറഞ്ഞു..

“എന്റെ ഉറക്കം പോയിട്ടു ദിവസങ്ങൾ ആയല്ലോ… എന്താ.. എന്താ നിങ്ങളുടെ ഉദ്ദേശം…”

കിതച്ച് കൊണ്ട് ഞാന്‍ ചോദിച്ചു..

“നല്ല ഉദ്ദേശം.. തല്‍കാലം എന്റെ പെണ്ണ് പോയി ഉറങ്ങൂ… ചേട്ടൻ നാളെ വിളിക്കാം.. അല്ലെങ്കിൽ വേണ്ട.. നാളെ കാണാം..”

ഡോക്ടറുടെ ഓരോ വാക്കും എന്നെ വേദനിപ്പിച്ചു…

” എന്തിനാ… എന്തിനാ.. ഇങ്ങനെ എന്നെ വേദനിപ്പിക്കുന്നത്.. “

വിതുമ്പി കൊണ്ട് ഞാന്‍ ചോദിച്ചു…

മറുപുറത്ത് നിന്നും മറുപടി ഒന്നും വന്നില്ല..

” പറയ്… ഞാൻ എന്താ ചെയ്യേണ്ടത്…. അറിയാതെ കെട്ടിയ ഈ താലി പൊട്ടിച്ചു വേറൊരാള്‍ക്ക് കഴുത്ത് നീട്ടണോ… പറയ്.. എന്തിനാ… “

ഞാൻ കരഞ്ഞ് കൊണ്ട് നിലത്തേക്കു ഇരുന്നു..

” കരയരുത്… ഒരുത്തനും വിട്ടു കൊടുക്കില്ല…. എനിക്ക് വേണം… പിന്നെ കഴുത്തിൽ കെട്ടിയ താലി. അതെന്റെ ജീവൻ ആണ്.. ജീവിതം ആണ്.. അത് നിനക്ക് മനസ്സിലാവും ഒരു ദിവസം… “

ഡോക്ടർ പറഞ്ഞു..

അതൊന്നും എന്നെ സമാധാനിപ്പിച്ച് നിര്‍ത്താന്‍ പോന്നത് ആയിരുന്നില്ല..

“താലി.. എന്റെ അനുവാദം ഇല്ലാതെ നിങ്ങൾ കെട്ടിയ ഈ ലോഹത്തിനു എന്ത് വിലയാണ് ഉള്ളത്.. “

വേദന കലര്‍ന്ന ഒരു ചിരി എന്റെ ചുണ്ടില്‍ വിരിഞ്ഞു..

” കൂടുതൽ ഒന്നും എനിക്ക് ഇപ്പോള്‍ പറയാനില്ല… ഒന്ന് ഞാന്‍ പറയാം.. എന്റെ ജീവൻ ആണ് നീ.. അത് ഇല്ലാതെ ആയാൽ പിന്നെ ഈ വസുദേവ് ഇല്ല..”

അതും പറഞ്ഞു കോൾ കട്ട് ആയി..

കാലുകളിൽ മുഖം അമര്‍ത്തി ഞാന്‍ കുറെ നേരം കരഞ്ഞു..

ഇഷ്ടം ഇല്ലാതെ താലി കെട്ടിയത് ആയിട്ട് കൂടി ആ മനുഷ്യനെ പൂര്‍ണമായും വെറുക്കാന്‍ എനിക്ക് കഴിഞ്ഞില്ല..

താലി തെരുകെ പിടിച്ചു കൊണ്ട് ഞാന്‍ അങ്ങനെ ഇരുന്നു..

പിന്നെ പതിയെ മുറിയിലേക്ക് നടന്നു…

എപ്പോഴാണ് ഉറങ്ങിയത് എന്ന് തന്നെ നിശ്ചയം ഇല്ലായിരുന്നു.

പുലര്‍ച്ചെ വീണ്ടും ആ പഴയ സ്വപ്നം കണ്ടു ആണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്..

എന്റെ കഴുത്തിൽ താലി ചാര്‍ത്തുന്ന ആ നീലക്കണ്ണുകള്‍… പക്ഷേ ഇപ്രാവശ്യം ആ കണ്ണുകളുടെ ഉടമയെ ഞാന്‍ വ്യക്തമായി തന്നെ കണ്ടു…

“ഡോക്ടർ……”

ഞാൻ പിറുപിറുത്തു…

“അത് എങ്ങനെ ശരിയാവും……”

എനിക്ക് ആകെ വട്ട് പിടിച്ചു..

ഞാൻ ഞെട്ടി എണീറ്റത് കണ്ട് നിയയും ഉണര്‍ന്നു..

എന്ത് പറ്റിയെന്ന് പലയാവര്‍ത്തി അവള് ചോദിച്ചിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല.

പിന്നെ ഉറക്കം വന്നതും ഇല്ല..

രാവിലെ ബ്യൂട്ടീഷ്യൻ വന്നു ആണ് എന്നെ ഒരുക്കിയത്..

മിതമായ ആഭരണങ്ങള്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു…

മാലകള്‍ അണിയിച്ചു വന്നപ്പോള്‍ ആണ് എന്റെ കഴുത്തിലെ നേരിയ ചെയിന്‍ ബ്യൂട്ടീഷ്യൻ കണ്ടത്..

“അത് അങ്ങ് അഴിച്ചു വെച്ചേക്ക് കുട്ടി…”

അവര് അത് പറഞ്ഞപ്പോൾ ഞാന്‍ ഞെട്ടി..

അതിനുള്ളിൽ ആണ് എന്റെ താലി…

പറ്റില്ല… എന്തിന്റെ പേരിലായാലും അത് അഴിച്ചു കളയാന്‍ എനിക്ക് പറ്റില്ല…

മറ്റൊരാള്‍ക്ക് മുന്നില്‍ താലി കെട്ടാന്‍ നിന്ന് കൊടുക്കാനും എനിക്ക് പറ്റില്ല..

” വേണ്ട.. അത് അവിടെ നിന്നോട്ടെ….”

ഞാൻ ചെയിന്‍ അഴിക്കാൻ മടിക്കുന്നത് കണ്ട് അമ്മ തന്നെ അവരോട് പറഞ്ഞു..

എനിക്ക് ഒരു ആശ്വാസം തോന്നി..

റെഡ് ചില്ലി കളറിലെ സാരിയും ആഭരണങ്ങളും ഒക്കെ ആയപ്പോൾ ഇത് ഞാന്‍ തന്നെ ആണോ എന്ന് എനിക്ക് സംശയം തോന്നി..

പഴയ അപ്പുവില്‍ നിന്നും ഒരുപാട് ദൂരെയാണ് ഈ പുതിയ അപ്പു എന്നെനിക്കു തോന്നി..

എന്നാലും എല്ലാം കൂടി ആയപ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥത..

ഒരുങ്ങി കഴിഞ്ഞ് എല്ലാവർക്കും ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി..

ഒരുങ്ങി വന്ന എന്നെ കണ്ടു അച്ഛനും അമ്മയും കരയുന്നത് ഞാന്‍ കണ്ടു..

രണ്ടാളും എന്നെ കെട്ടിപിടിച്ചു കരഞ്ഞു..

“അതേയ്.. കരച്ചില്‍ ഒക്കെ പിന്നെ ആവാം….”

അമ്മാവന്‍ കളിയായി പറഞ്ഞു..

എല്ലാരും അത് കേട്ട് ചിരിച്ചു..

എനിക്ക് മാത്രം അതൊന്നും ആസ്വദിക്കാന്‍ ഉള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല..

“പയ്യന്റെ കൂട്ടര് എത്തി.. നമുക്കും ക്ഷേത്രത്തിലേക്ക് നടക്കാം..”

മനുവേട്ടൻ വന്നു പറഞ്ഞു..

എന്റെ നെഞ്ചില്‍ വെള്ളിടി വെട്ടി..

മറ്റൊരാളുടെ താലി എന്റെ കഴുത്തിൽ വീഴില്ല എന്ന് ഉറപ്പിച്ച് തന്നെ ആണു ഞാന്‍ വീടിന്റെ പടികള്‍ ഇറങ്ങിയത്..

ക്ഷേത്രത്തിന്റെ പടികള്‍ കയറുമ്പോള്‍ എന്റെ കാലുകള്‍ വിറച്ചു..

അവിടെ… ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ ക്ഷേത്ര നടയില്‍ നിക്കുന്ന ഹരിയേട്ടനിൽ എന്റെ നോട്ടം ചെന്നെത്തി..

വല്ലാത്തൊരു തിളക്കം ഉണ്ട് ആ കണ്ണുകളില്‍..

വിറച്ചു വിറച്ചു കൊണ്ട് ആണ് ഞാന്‍ അവര്‍ക്കു അരികിലേക്ക് നടന്നത്..

തകർന്ന മനസ്സോടെ ഞാന്‍ ആ ദേവി നടയില്‍ തൊഴുതു നിന്നു..

പൂജാരി ഒരു താലത്തിൽ പൂജിച്ച താലിയുമായി വന്നു…

“താലി കെട്ടിക്കോളൂ… മുഹൂര്‍ത്തം ആയി…

പൂജാരി അത് പറഞ്ഞപ്പോൾ ഞാന്‍ തല ഉയർത്തി ഹരിയേട്ടനെ നോക്കി…

അരുത് എന്ന ഭാവത്തില്‍ ഞാന്‍ ആ മുഖത്തേക്ക് നോക്കി..

” നിര്‍ത്തു…. ഈ വിവാഹം നടക്കില്ല…….”

ആള്‍ക്കൂട്ടത്തിനിടയിൽ നിന്നും ഒരു ശബ്ദം ഉയർന്നു..

എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി..

വെപ്രാളത്തോടെ ഞാന്‍ എന്റെ കഴുത്തിലെ താലിയില്‍ മുറുകെ പിടിച്ചു..

തൊണ്ട വരളുന്നു… കാഴ്ച മങ്ങി.. കാലുകൾ ഇടറി…. കാലുകൾ കുഴഞ്ഞു ഞാന്‍ താഴെ വീണു..

എന്റെ നേരെ ഓടി വരുന്ന ഡോക്ടറെ ആയിരുന്നു മങ്ങിയ കാഴ്ചയില്‍ ഞാന്‍ അവസാനം കണ്ടത്..

മരണത്തിലേക്ക് വഴുതി വീഴാന്‍ പോയ എന്നെ രണ്ട് കൈകൾ താങ്ങി നിര്‍ത്തുന്നത് ഞാന്‍ അറിഞ്ഞു..

(തുടരും)

(ഈ പാര്‍ട്ട് ഒട്ടും നല്ലൊരു മാനസികാവസ്ഥയില്‍ അല്ല എഴുതിയത്.. തെറ്റുകൾ ഉണ്ടാവാം.. അപ്രതീക്ഷിതമായി വന്ന ഒരു മരണ വാര്‍ത്ത മൂഡ് ആകെ നശിപ്പിച്ചു… എല്ലാവരും ക്ഷമിക്കണം..)