മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
കണ്ണ് നിറഞ്ഞൊഴുകി…. ഹൃദയം തകര്‍ന്ന്…മുറിവേറ്റ മനസ്സുമായി ഞാന്‍ ഹരിയേട്ടനോട് എല്ലാം പറയാന്‍ തയ്യാറായി..
വരാനിരിക്കുന്ന പ്രശ്നങ്ങൾ അറിയാതെ ഹരിയേട്ടനെ കാണാന്‍ ഞാന്‍ ഉറച്ചു…
***************************
ഹരിയേട്ടന്റെ കോൾ കട്ട് ചെയ്ത ശേഷം ഞാന്‍ താഴേക്കു ചെന്നു..
അച്ഛൻ ഉമ്മറത്ത് ഉണ്ട്… അച്ഛനോട് എന്ത് പറയും എന്ന് അറിയാതെ ഞാന്‍ കുഴങ്ങി..
എന്റെ പരുങ്ങൽ കണ്ടിട്ട് ആവണം അച്ഛൻ കണ്ണട പൊക്കി വച്ച് എന്നെ നോക്കി.
“ന്താ മോളേ.. മോൾക്ക് അച്ഛനോട് എന്തേലും പറയാന്‍ ഉണ്ടോ..?
ഞാൻ ഒന്ന് കണ്ണടച്ചു ശ്വാസം വലിച്ചു വിട്ടു.. പിന്നെ മുഖത്തു ഒരു ചിരി വരുത്തി.
” അത്… ഹരിയേട്ടൻ വൈകിട്ട് ഒന്ന് കാണാന്‍ വരും…. ഞാന്‍ ഒന്ന് പുറത്ത് പൊയ്ക്കോട്ടേ അച്ഛാ… “
മടിച്ചു മടിച്ചു ആണ് ഞാന്‍ ചോദിച്ചത്..
“ഹ.. ഹാ.. ഇതൊക്കെ ചോദിക്കാൻ ഉണ്ടോ എന്റെ അപ്പു.. ഇന്നത്തെ കാലത്ത് കല്യാണം ഉറപ്പിക്കുന്നതിന് മുന്നേ തന്നെ പരസ്പരം കാണാന്‍ ഒക്കെ പോകുന്ന ആള്‍ക്കാര് ഉണ്ട്..
മോള് പോയിട്ട് വാ.. അച്ഛൻ ഹരിയെ വിളിക്കണോ? “
അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്..
“എന്റെ മരുമോനോട് ഞാന്‍ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്… കേട്ടോ അപ്പു.. അല്ല ഹരി എത്ര മണിക്ക് ആണ് വരാൻ പറഞ്ഞത്.. “
അച്ഛൻ തമാശ ആയി പറഞ്ഞു..
” അത്… 5 മണിക്ക്.. പോയിട്ട് പെട്ടെന്ന് വന്നോളാം…. “
ഞാൻ അതും പറഞ്ഞു അകത്തേക്ക് നടന്നു..
ഉള്ളില്‍ കരയുമ്പോഴും പുറമെ ചിരിക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു…
വൈകിട്ടു വരെ എങ്ങനെ തള്ളി നീക്കും എന്ന് അറിയാത്ത അവസ്ഥ…
എന്റെ ഇരിപ്പ് കണ്ടു എല്ലാരും എന്നെ കുറെ കളിയാക്കി.
” കണ്ടോ അമ്മേ.. കല്യാണം ഉറപ്പിച്ചപ്പോഴേക്കും പെണ്ണ് സ്വപ്നത്തില്‍ ആണ്..”
ചേച്ചി എനിക്കിട്ടു ഒരു നുള്ള് തന്ന് കൊണ്ട് പറഞ്ഞു..
ഞാൻ പെട്ടെന്നു ഞെട്ടി എണീറ്റു..
“കണ്ടോ.. കണ്ടോ.. അവള്…. ഇത്.. സ്വപ്നം തന്നെ..”
ചേച്ചി പിന്നെയും പൊട്ടി ചിരിച്ചു..
എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് തോന്നി..
ഞാൻ പതിയെ മുറിയിലേക്ക് നടന്നു…
“നിനക്ക് കുറച്ചു കൂടുന്നുണ്ട് മാളു… അവള് കല്യാണം ഇങ്ങനെ പെട്ടെന്ന് ആയതിന്റെ സങ്കടത്തിൽ ആണ്.. “
പിറകില്‍ നിന്നും അമ്മ ചേച്ചിയോട് പറയുന്നത് ഞാന്‍ കേട്ടു..
ഊണ് കഴിക്കാൻ ഇരുന്നപ്പോഴും ഞാന്‍ ഏതോ ലോകത്ത് ആയിരുന്നു.. ചുമ്മാ പ്ലേറ്റിൽ കുത്തി വരച്ച് ഇരുന്നു..
റൂമിൽ വന്നിരുന്നു ക്ലോക്കിൽ സമയം നോക്കി കൊണ്ടിരുന്നു..
സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ..
ഹരിയേട്ടനെ കണ്ടിട്ടില്ലെങ്കിൽ ഞാന്‍ ചത്ത് പോകുമെന്ന് തോന്നി.
വല്ലാത്ത പരവേശം.. ഒരു വിധം 4 മണി ആകാറായപ്പോൾ എണീറ്റു കുളിച്ചു..
ഷവറിനടിയിൽ കുറേ നേരം നിന്നു..
പിന്നെ ഡ്രസ് മാറി..ഒരു ചുരിദാർ എടുത്തു ഇട്ടു..
ഒരുങ്ങാന്‍ ഒന്നും വയ്യായിരുന്നു..
താഴെ എന്റെ സ്കൂട്ടി ഉണ്ടായിരുന്നു..
ബി ടെക് കഴിഞ്ഞപ്പോള്‍ അച്ഛൻ വാങ്ങി തന്നത് ആയിരുന്നു.. പിന്നെ പാലക്കാട്ടേക്ക് പോയപ്പോള്‍ അത് ഇളയച്ഛൻ ആയിരുന്നു ഉപയോഗിക്കാറ്..
താഴേക്കു ഇറങ്ങിയപ്പോൾ അമ്മ ഓടി വന്നു..
“എന്താ അപ്പു… ഇങ്ങനെയാണോ പോകുന്നെ… നിനക്ക് ഒരു പൊട്ട് എങ്കിലും വെക്കാൻ പാടില്ലേ…”
അതും പറഞ്ഞു അമ്മ തന്നെ ഒരു കറുത്ത പൊട്ടു കൊണ്ട് വന്നു വച്ച് തന്നു.
ഞാൻ പിന്നെ എതിര് ഒന്നും പറഞ്ഞില്ല..
“നിനക്ക് ഒറ്റയ്ക്കു പോകാൻ വയ്യെങ്കിൽ ജോയെ വിളിക്കാൻ പാടില്ലേ അപ്പു.. “
ചേച്ചി വീണ്ടും ഒരു ചിരിയോടെ പറഞ്ഞു..
” അയ്യേ ഹരിയേട്ടനെ കാണാന്‍ പോകുമ്പോ എന്തിനാ മാളു ചേച്ചി വേറെ ആള്‍ക്കാര്…”
പിന്നാലെ വന്ന ആദി കേറി ഗോള്‍ അടിച്ചു..
മൊട്ടേന്ന് വിരിഞ്ഞില്ല.. അതിനു മുന്നേ ഇതൊക്കെ അറിയാം..
പക്ഷേ… ആ തമാശ ഒന്നും ആസ്വദിക്കാന്‍ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാന്‍..
എല്ലാരോടും പറഞ്ഞു ഞാന്‍ ഇറങ്ങി..
വണ്ടി ഓടിക്കുമ്പോഴും മനസ്സു വേറെ എവിടെയോ ആയിരുന്നു..
പലപ്പോഴും വണ്ടി എവിടെയെങ്കിലും കൊണ്ട് ഇടിക്കുമോ എന്ന് ഞാന്‍ ഭയന്നു..
ബീച്ചിൽ എത്തി സ്കൂട്ടി പാര്‍ക്ക് ചെയ്ത് ഞാന്‍ പതിയെ കടൽ തീരത്തേക്ക് നടന്നു..
അപ്പോഴാണ് ഫോൺ റിങ് ചെയ്തത്..
ഹരിയേട്ടൻ ആകുമെന്ന് കരുതി. പക്ഷേ.. ഡിസ്പ്ലേയില്‍ തെളിഞ്ഞത് ജോയുടെ നമ്പര്‍ ആണ്.. ഞാൻ കോൾ എടുത്തു…
“ഹലോ.. അപ്പു… അപ്പു… നീ എവിടെയാ…”
ജോയുടെ ശബ്ദം കാതില്‍ മുഴങ്ങി..
കല്യാണം ഉറപ്പിച്ചതിൽ പിന്നെ ആരോടും മര്യാദക്ക് സംസാരിച്ചിട്ടില്ല.. ജോയോട് പോലും.. ഞാൻ ഓര്‍ത്തു..
“ഞാന്‍… ഞാൻ… ഇവി… ഇവിടെ.. ബീച്ചിൽ ഉണ്ട്.. ഹരിയേട്ടനെ കാണാന്‍… ഞാ.. ഞാൻ പിന്നെ വിളിക്കാം… “
അതും പറഞ്ഞു ഞാന്‍ കോൾ കട്ട് ആക്കി..
ഒന്നും സംസാരിക്കാൻ ഉള്ള മൂഡിൽ അല്ലായിരുന്നു ഞാന്‍..
ബീച്ചിലെ ഒഴിഞ്ഞ കോണില്‍ ഒരു പാറയില്‍ ചാരി ഞാന്‍ ഇരുന്നു…
അസ്തമയ സൂര്യൻ…. ആകാശമാകെ ചുവന്നു തുടങ്ങിയിരിക്കുന്നു..
കടൽ കാറ്റില്‍ മുടി പാറി പറന്നു..
വാച്ചിലെ സമയം ഇടയ്ക്കു ഇടയ്ക്ക് നോക്കി കൊണ്ടിരുന്നു..
സമയം വല്ലാതെ ഇഴഞ്ഞു നീങ്ങുന്നു..
ഹൃദയം പൊട്ടി പോകുന്നത് പോലെ.. ഈ ഭാരം ഒന്ന് ഇറക്കി വെക്കാതെ ശ്വാസം പോലും വിടാന്‍ പറ്റാത്ത അവസ്ഥ..
കഴുത്തിൽ ഉള്ള ലോക്കറ്റില്‍ ഞാന്‍ ഒന്നുടെ അമര്‍ത്തി പിടിച്ചു..
കണ്ണ് ഒക്കെ വീണ്ടും നിറയുന്നു..
പാടില്ല.. കരയാന്‍ പാടില്ല.. വാശിക്ക് ഞാന്‍ പുറം കൈ കൊണ്ട് കണ്ണീര് തുടച്ചു കൊണ്ടേ ഇരുന്നു..
സമയം നോക്കിയപ്പോൾ 5 മണി കഴിഞ്ഞിരിക്കുന്നു…
എനിക്ക് ആകെ വെപ്രാളം തോന്നി.. ഇനി ഹരിയേട്ടൻ വരാതെ ഇരിക്കുമോ…
വല്ലാത്ത ടെന്‍ഷനോടെ ഞാന്‍ ചുറ്റും നോക്കി..
ദൂരെ നിന്നും ഹരിയേട്ടൻ നടന്നു വരുന്നത് കണ്ടപ്പോൾ ഒരേ സമയം എനിക്ക് ആശ്വാസവും അതിലുപരി ഭയവും തോന്നി..
എന്നെ കണ്ടപ്പോൾ ഉള്ള ആ കണ്ണുകളിലെ തിളക്കം എനിക്ക് ദൂരെ നിന്നും തന്നെ കാണാമായിരുന്നു..
സന്തോഷം നിറഞ്ഞ മുഖം.. പ്രണയം നിറഞ്ഞ കണ്ണുകൾ..
സത്യം അറിഞ്ഞാല്‍.. എനിക്ക് ഓര്‍ക്കാന്‍ തന്നെ ഭയം തോന്നി..
എല്ലാം അറിയുമ്പോൾ ഉള്ള ഹരിയേട്ടന്റെ പ്രതികരണം എനിക്ക് ഊഹിക്കാൻ കൂടി വയ്യായിരുന്നു…
“സോറി അപ്പു…. ആകെ പെട്ട് പോയി.. നല്ല ട്രാഫിക് ആയിരുന്നു..”
ഹരിയേട്ടൻ കിതച്ചു കൊണ്ട് പറഞ്ഞു..
“സാരമില്ല…..”
ഞാൻ പതിയെ പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു..
“ഇറങ്ങിയപ്പോൾ ഭയങ്കര ബ്ലോക്ക്.. ഒരു വിധം ഓടി എത്തിയത് ആണ്.. കൈയിൽ ഇരുന്ന കർചീഫ് കൊണ്ട് മുഖം തുടച്ചു കൊണ്ട് ഹരിയേട്ടൻ പറഞ്ഞു..
ഞാൻ ഒന്ന് തലയാട്ടി..
“അല്ല.. താന്‍ ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ ആണോ കാണാന്‍ ഉണ്ടെന്ന് പറഞ്ഞത്…
എന്താ ഡോ കാര്യം.. പറയ്.. എന്തു പറ്റി എന്റെ അപ്പുവിന്..”
ഒരു കുസൃതി ചിരിയോടെ ഹരിയേട്ടൻ അത് പറഞ്ഞപ്പോൾ ഞാന്‍ തല ഉയർത്തി ഹരിയേട്ടനെ നോക്കി.. പ്രണയം നിറഞ്ഞ ആ കണ്ണുകൾ എന്നെ അസ്വസ്ഥയാക്കി ..
എന്റെ അപ്പു…. ആ പ്രയോഗം എന്നെ വല്ലാതെ തകർത്തു…
“ഞാന്‍ അത്… അത്.. പിന്നെ.. “
ഞാൻ പറയാന്‍ ഒരു ശ്രമം നടത്തി…
” തനിക്കു ഒരു കാര്യം അറിയുമോ അപ്പു… “
കടലിലേക്ക് നോക്കി നിന്നു കൊണ്ട് ഹരിയേട്ടൻ ചോദിച്ചപ്പോൾ ഞാന്‍ എന്താ എന്ന ഭാവത്തില്‍ നോക്കി..
“എല്ലാരുടെയും വിചാരം നമ്മടെതു കംപ്ലീറ്റ് അറേഞ്ജ്ട് മാര്യേജ് ആണെന്ന് ആണ്.. പക്ഷേ…”
ഒരു ചിരിയോടെ ഹരിയേട്ടൻ എന്നെ നോക്കി..
“പക്ഷേ…”
ഞാൻ സംശയത്തോടെ തിരിച്ചും നോക്കി..
” പക്ഷേ.. അവര്‍ക്കു അറിയില്ലല്ലോ… എനിക്ക് തന്നെ എത്ര ഇഷ്ടമാണെന്ന്.. ആ ഇഷ്ടത്തിന് കുറച്ച് അധികം വർഷത്തെ പഴക്കം ഉണ്ടെന്ന്…
എന്റെ പ്രണയത്തെ തന്നെയാണ് ഞാന്‍ സ്വന്തമാക്കാന്‍ പോകുന്നത് എന്ന് അവര്‍ക്കു ആര്‍ക്കും അറിയില്ലല്ലോ…”
എന്റെ ശ്വാസം നിലച്ചത് പൊലെ തോന്നി.. പ്രണയം… വർഷങ്ങൾ ആയുള്ള പ്രണയം…
എന്റെ ഹൃദയം വീണ്ടും മുറിഞ്ഞു… ചോര പൊടിഞ്ഞു…
” എന്ത്… എന്.. എന്താ ഹരിയേട്ടൻ പറഞ്ഞത്…?”
ഞാൻ ശ്വാസം വലിച്ചു എടുത്തു കൊണ്ട് ചോദിച്ചു..
” അതെ ഡോ… തന്നോട് കല്യാണം കഴിഞ്ഞ് പറഞ്ഞാൽ മതിയെന്ന് ആണ് കരുതിയത്.. പക്ഷേ… പക്ഷേ. എന്തോ ഇപ്പൊ പറയാന്‍ തോന്നി..
കൃത്യമായി പറഞ്ഞാൽ ഒരു 5 വര്‍ഷം മുന്നേ.. അന്ന് കേറി കൂടിയതാണ് താൻ എന്റെ ഹൃദയത്തിൽ….. “
നെഞ്ചില്‍ തൊട്ടു കാണിച്ച് കൊണ്ട് ഹരിയേട്ടൻ പറഞ്ഞു..
ഞാൻ ഒരു ബലത്തിന് പാറയില്‍ പിടിച്ചു നിന്നു..
ന്റെ കൃഷ്ണാ… പ്രണയം.. അതും…. എനിക്ക് ആകെ വട്ട് പിടിക്കുന്നത് പോലെ തോന്നി..
” ആഹ് ഡോ.. താൻ ഇങ്ങനെ അന്തം വിട്ടു നോക്കല്ലേ.. താൻ അന്ന് ബി ടെക്കിന് പഠിക്കുവാണ്..രണ്ടാം വര്‍ഷം….
എക്കണോമിക്സ് ആണ് വിഷയം എങ്കിലും എനിക്ക് വര എന്നും പ്രിയപ്പെട്ടത് ആയിരുന്നു.. അങ്ങനെ ആണ് ഞാന്‍ എന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം വച്ചത്..
അന്ന് താനും വന്നിരുന്നു.. എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം…പ്രദര്‍ശനത്തിന് മാത്രമായി വച്ച ഒന്ന്.. “
ഹരിയേട്ടൻ ഒന്ന് പറഞ്ഞു നിർത്തി…
ഞാൻ ആ സംഭവം ഓര്‍ത്തു.. അന്ന്… ആ എക്സിബിഷൻ കാണാന്‍ പോയതു..
അന്ന് ഒരു ചിത്രം.. അതിൽ മാത്രം നോക്കി എത്ര നേരം നിന്നു എന്ന് അറിയില്ല…
കണ്ടാല്‍ വല്യ പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം.. അധികം ആരും ശ്രദ്ധിക്കാത്ത ഒന്ന്..
കടല്‍ത്തീരത്ത് അസ്തമയ സൂര്യനെ നോക്കി പുറം തിരിഞ്ഞു നിക്കുന്ന ഒരു പെണ്‍കുട്ടി…
അവള്‍ക്ക് പുറകില്‍ ദൂരെ നിന്ന് അവളെ വീക്ഷിക്കുന്ന ഒരു പുരുഷൻ..
പക്ഷേ… അതെന്നെ വല്ലാതെ ആകര്‍ഷിക്കാന്‍ പോന്നത് ആയിരുന്നു.
അന്ന് ആ ചിത്രം വാങ്ങാൻ കുറെ ശ്രമിച്ചു.. പക്ഷേ.. അത് വില്പനയ്ക്ക് അല്ലെന്ന് അറിഞ്ഞപ്പോള്‍ കുറെ സങ്കടപ്പെട്ടു…
ഞാൻ ആ കാര്യം ഓർത്തു എടുത്തു ഹരിയേട്ടന്റെ മുഖത്ത് നോക്കി..
“അല്‍ഭുതപ്പെടേണ്ട താന്‍… എന്റെ പ്രിയപ്പെട്ട ചിത്രം വേണം എന്ന് ശാഠ്യം പിടിക്കുന്ന ഒരു പെണ്‍കുട്ടി എന്ന് ഫ്രന്‍ഡ്സ് വന്നു പറഞ്ഞപ്പോൾ ആദ്യം ഒരു കൗതുകം ആയിരുന്നു..
പിന്നെ നിരാശപ്പെട്ട് നീ ഇറങ്ങി പോയപ്പോള്‍ അത് കൗതുകത്തിനും അപ്പുറം ആയി..
വേറെ നാട്ടില്‍ കണ്ട ഒരു കുട്ടി.. ഇനി ഒരിക്കലും കാണാന്‍ പറ്റില്ല എന്ന് തന്നെ ആണ് കരുതിയത്… “
പഴയ കുസൃതി ചിരിയോടെ ഹരിയേട്ടൻ വീണ്ടും പറഞ്ഞു തുടങ്ങി..
“പക്ഷേ.. ഗോഡ് ഈസ് ഗ്രേറ്റ്.. ആ പ്രാവശ്യം ലീവിന് നാട്ടില്‍ വന്നപ്പോള്‍ ആണ് അമ്മ ഒരു കല്യാണ വീഡിയോയും കൊണ്ട് വന്നത്.. തന്റെ അമ്മാവന്റെ മോന്റെ.. ഉണ്ണീയേട്ടന്റെ…. അതിൽ ആണ് തന്നെ വീണ്ടും കണ്ടത്….
പിന്നെ … പിന്നെ… കൈ വിട്ടു കളയാന്‍ തോന്നിയില്ല…. തന്റെ പഠിത്തം കഴിയട്ടെ എന്ന് തന്നെയാണ് കരുതിയത്.. പക്ഷേ.. ഇങ്ങനെ പെട്ടെന്ന്.. എല്ലാം നടക്കും എന്ന് ഞാന്‍ കരുതിയില്ല… “
ഹരിയേട്ടൻ പറഞ്ഞു നിർത്തി…
ഞാൻ ഇപ്പൊ ശ്വാസം നിലച്ചു വീഴുമെന്ന അവസ്ഥയില്‍ എത്തിയിരുന്നു..
ന്റെ കൃഷ്ണാ… എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാൾ… ഞാൻ ഇനി പറയാന്‍ പോകുന്ന കാര്യം ഇനി എങ്ങനെ സഹിക്കും..
എന്റെ വല്ലായ്മ കണ്ടു ആവണം ഹരിയേട്ടൻ പെട്ടെന്ന് ടെന്‍ഷന്‍ ആയി..
“എന്താ അപ്പു.. എന്തു പറ്റി. വയ്യേ..”
വെപ്രാളത്തോടെ ഹരിയേട്ടൻ ചോദിച്ചു..
തൊണ്ട വരണ്ടു പോയ പൊലെ..
“എനിക്ക്.. എനിക്ക് ഇത്തിരി വെള്ളം വേണം….”
ഞാൻ വിക്കി വിക്കി പറഞ്ഞു..
“ഞാൻ ഇപ്പൊ കൊണ്ട് വരാം.. താൻ ഇവിടെ ഇരിക്കൂ..”
എന്നെ പാറയുടെ മേലെ ഇരുത്തി ഹരിയേട്ടൻ വെള്ളം വാങ്ങാന്‍ പോയി..
എന്റെ കണ്ണ് ഒക്കെ നിറഞ്ഞു വന്നു..
ന്റെ കൃഷ്ണാ… ഈ മനുഷ്യനോട് ഞാന്‍ എങ്ങനെ എല്ലാം പറയും..
കണ്ണ് നീര് നിറഞ്ഞു കാഴ്ച മറഞ്ഞു..
എന്നെ ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തിച്ച വസുദേവിനോട് എനിക്ക് വല്ലാത്ത വെറുപ്പ് തോന്നി…
മാലയില്‍ അമര്‍ത്തി പിടിച്ചു കൊണ്ട് ഞാൻ താഴേക്കു നോക്കി ഇരുന്നു..
ഹരിയേട്ടൻ തിരിച്ചു വരുന്നത് കണ്ടപ്പോൾ ഞാന്‍ ഷാൾ കൊണ്ട് മുഖം തുടച്ചു..
“ദാ… അപ്പു… ഇത് കുടിക്കു. എന്നിട്ടും വയ്യാ എങ്കിൽ നമുക്ക് ഡോക്ടറെ കാണാം..
എന്റെ ക്ഷീണം കണ്ടു ഹരിയേട്ടൻ പറഞ്ഞു..
” വേണ്ട.. ഹരിയേട്ടാ…. ഞാൻ ഓക്കെ ആണ്.. ഐ കാൻ മാനേജ്… “
ഞാൻ പറഞ്ഞു ഒപ്പിച്ചു.
” പറഞ്ഞ് തീര്‍ന്നില്ല.. നൂറു ആയുസ്സു ആണ്… “
അതും പറഞ്ഞു ഹരിയേട്ടൻ എനിക്ക് പിറകിലേക്ക് കൈ വീശി കാണിച്ചു..
പിറകിലേക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ എനിക്ക് നേരെ നടന്നടുക്കുന്ന ആള്‍ക്കാരെ കണ്ടു ഞെട്ടി..
കൈ വിറച്ചു.. ബോട്ടിൽ താഴേക്കു വീണു..
എന്റെ തൊണ്ട വരണ്ടു.. കണ്ണ് നിറഞ്ഞു…
വീണു പോകുമോ എന്ന് തോന്നി.. ഒരു ആശ്രയത്തിന് എന്നോണം ഞാന്‍ പാറയില്‍ പിടിച്ച് നിന്നു…
(തുടരും)
(കൊല്ലരുത്… ഞാൻ ഇങ്ങനെ ആയി പോയി.. സസ്പെന്‍സ് ഇട്ടു ഇട്ടു അത് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലായി…. ഹരിയുടെ പ്രണയം ഇങ്ങനെ ആണ്.. ഇനി വസുദേവിനും ഉണ്ട് പറയാന്‍ ഒരു കഥ..എല്ലാവരുടെയും സപ്പോര്‍ട്ടിന് ഒരുപാട് നന്ദി )