അപൂര്‍വരാഗം ~ ഭാഗം 13 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അയാൾ പറഞ്ഞത് മനസ്സിലാക്കി ഞാന്‍ പടവുകള്‍ കയറി ഓടി പുറത്ത് വന്നപ്പോഴേക്കും അയാളുടെ കാർ അകന്നു പോയിരുന്നു..

എല്ലാം തകര്‍ന്നവളെപ്പോലെ ഞാന്‍ നിലത്തേക്കു ഇരുന്നു..

ഇനിയെന്ത്?.. ആ ചിന്തയില്‍ കണ്ണ് നീര് നിറഞ്ഞു ഒഴുകി..

ഹൃദയം നുറുങ്ങുന്ന വേദന..

എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ഞാന്‍ ആ മണ്ണില്‍ ഇരുന്നു…

ചുമലില്‍ ഒരു കര സ്പര്‍ശം ഏറ്റപ്പോൾ ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി..

“ഇച്ചൻ……”

നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ ഒരു ആശ്വാസത്തോടെ പറഞ്ഞു..

ഇച്ചൻ എന്നെ കൈ പിടിച്ചു എണീപ്പിച്ചു…

“കൊച്ചു.. നിനക്ക് ഒരുപാട് സംശയം ഉണ്ട് എന്ന് എനിക്ക് അറിയാം.. പക്ഷേ.. പക്ഷേ.. ഇപ്പൊ ഒന്നിനും ഉള്ള മറുപടി ഇച്ചന്റെ കൈയ്യിൽ ഇല്ല..”

തികഞ്ഞ നിസ്സഹായാവസ്ഥയോടെ ഇച്ചൻ പറഞ്ഞു..

ആ കണ്ണിലും നീര്‍ തിളക്കം ഞാന്‍ കണ്ടു..

“നിന്നെയും മേരിയെയും വേര്‍തിരിച്ചു കണ്ടിട്ടില്ല ഞാന്‍… ഇത് വരെ.. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആവും… “

എന്റെ തലയിൽ തലോടി കൊണ്ട് അലിവോടെ ഇച്ചൻ പറഞ്ഞു..

” പക്ഷേ… ഇച്ചാ… വീട്ടില്‍.. വീട്ടില്‍ ഞാന്‍ എന്താ പറയേണ്ടത്.. അത് കൂടെ പറഞ്ഞു താ…”

ഞാൻ ഒരു ഭ്രാന്തിയെ പോലെ ഇച്ചന്റെ ഷർട്ട് പിടിച്ചുലച്ചു….

” അപ്പു.. ഡാ മോളേ… അവന്‍…..കി….. “

എന്തോ അരുതാത്തത് പറഞ്ഞത് പോലെ പറയാൻ വന്നത് ഇച്ചൻ പെട്ടെന്ന് നിർത്തി..

ഞാന്‍ ഒരു സംശയത്തോടെ ഇച്ചനെ തന്നെ നോക്കി..

” മോളേ. അവന്‍.. വസു.. ചെയ്തത്‌ ശരിയാണെന്ന് ഞാന്‍ പറയില്ല.. പക്ഷേ.. ഇത് നിന്റെ നന്മയ്ക്ക് വേണ്ടി ആണെന്ന് മാത്രം ഇച്ചൻ ഉറപ്പ് തരാം… “

ഇച്ചന്റെ വാക്കുകൾ എന്നിലെ അഗ്നിയെ ആളിക്കത്തിക്കാനെ ഉപകരിച്ചുള്ളൂ…

“നന്മ… എന്തു നന്മ…”

എന്റെ ചുണ്ടില്‍ ഒരു പുച്ഛ ചിരി വിടര്‍ന്നു.

” എന്ത് നന്മ…. എന്റെ കുടുംബത്തിന്റെ സന്തോഷം മുഴുവന്‍ തല്ലി കെടുത്തിയിട്ട് എന്ത് നന്മയാണ് ഇച്ചൻ എനിക്ക് നേടി തന്നത്…….

ഒന്നും അറിയാതെ എന്നെയും സ്വപ്നം കണ്ടു കഴിയുന്ന ഹരിയേട്ടനോ… ആ കുടുംബത്തിന്റെ സന്തോഷമോ….

അയാൾ…. ഒരു പരിചയവും ഇല്ലാത്ത ഒരാൾ.. അങ്ങനെ ഒരാളുടെ താലി ചുമക്കുന്നതിലൂടെ എന്ത് നന്മയാണ് ഇച്ചാ എനിക്ക് കിട്ടുന്നത്…. പറയ്….”

എന്റെ സ്വരം ആകെ തളര്‍ന്നു…

മുറിഞ്ഞ ഹൃദയത്തിൽ വീണ്ടും കുത്തി കുത്തി മുറിവ് വരുന്നു…

ചോര പൊടിയുന്നു…

” മോളേ… അപ്പു.. നീ ഇപ്പൊ വീട്ടിലേക്ക് പോ…. എല്ലാം ശരിയാകും.. നിന്റെ കഴുത്തിൽ താലി കെട്ടിയിട്ട് ഭീരുവിനെ പോലെ ഒളിച്ചോടുന്നവൻ അല്ല വസു… “

ഇച്ചന്റെ വാക്കുകൾ എനിക്ക് ആത്മവിശ്വാസം തന്നില്ലെന്ന് മാത്രം അല്ല അതെന്നെ കൂടുതൽ തകർത്തു..

“ഇല്ല…. ഞാൻ ഇനി വീട്ടിലേക്ക് ഇല്ല… എനിക്ക് പറ്റില്ല. അതിലും ഭേദം മരണം ആണ്…… “

ഞാൻ വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചു…

” നീ പോകണം.. പോയേ പറ്റു… അവന്‍ വരും… സ്വന്തം പ്രാണനെ വിട്ടു കളയാന്‍ മാത്രം ഭീരു അല്ല അവന്‍….. ഇപ്പൊ നീ പോകണം.. പോയെ പറ്റു.. “

എന്റെ കൈയിൽ പിടിച്ചു കൊണ്ട് ഇച്ചൻ പറഞ്ഞു..

ഞാൻ പിന്നെയും നിഷേധാർത്ഥത്തിൽ തലയാട്ടി…

എനിക്ക് അറിയില്ലായിരുന്നു.. എല്ലാവരെയും എങ്ങിനെ അഭിമുഖീകരിക്കും.. അതിലുപരി ഇത് അറിയുമ്പോള്‍ എല്ലാരുടെയും പ്രതികരണം… അത് എങ്ങനെ ആയിരിക്കും..

ശരീരം മുഴുവന്‍ മുറിവേറ്റ് മരണം യാചിച്ചു കിടക്കുന്ന ഒരുവളെ പൊലെ ഞാന്‍ നിന്നു.

ഒരിത്തിരി ദയ… ഞാന്‍ വീണ്ടും ഇച്ചനെ നോക്കി..

“എന്നെ ഒന്ന് കൊന്നു തരുമോ….”

എന്റെ ശബ്ദം വിറച്ചു…

“അപ്പു….വാ “

ഇച്ചൻ ശാസനയോടെ വിളിച്ചു..എന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി..

“ഇല്ല അപ്പു.. കരയരുത്….. പൊരുതണം.. തോറ്റു കൊടുക്കരുത്….”

എന്റെ മനസ്സു എന്നോട് തന്നെ മന്ത്രിച്ചു..

പെട്ടെന്ന് തോന്നിയ മനോബലത്തില്‍ ഞാന്‍ ഇച്ചന്റെ കൈ ബലമായി കുടഞ്ഞ് എറിഞ്ഞു….

ഇച്ചൻ എന്നെ അമ്പരപ്പോടെ നോക്കി..

പിന്നെ നേരെ നടന്നു.. പിന്നില്‍ നിന്നും ഇച്ചന്റെ വിളി ഉയരുന്നത് കേട്ടില്ലെന്നു നടിച്ച് ഞാന്‍ കാലുകൾ നീട്ടി വലിച്ചു നടന്നു..

കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി.. എങ്കിലും പുറം കൈ കൊണ്ട് അതും തുടച്ചു ഞാന്‍ നടന്നു..

കാലുകള്‍ തളര്‍ന്നു ഞാന്‍ വീണു പോകുമോ എന്ന ഭയം.

നടന്നു നടന്നു വീടിന്റെ പടിപ്പുര എത്തിയപ്പോൾ ആണ് എനിക്ക് ബോധം വന്നത്..

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ഞാന്‍ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു…

പറ്റുന്നില്ല..

സെറ്റ് സാരിയുടെ മുന്താണി കൊണ്ട് മുഖം അമര്‍ത്തി തുടച്ചു…

അപ്പോഴാണ് എന്റെ കഴുത്തിൽ ചേര്‍ന്നു ഇരിക്കുന്ന ആലില താലിയെ കുറിച്ച് ഓര്‍ത്തു പോയതു..

ഞാൻ ഒന്ന് വിറച്ചു..

പെട്ടെന്ന് തന്നെ അത് സാരിയുടെ ഉള്ളില്‍ ഒളിപ്പിച്ചു..

നെറ്റിയില്‍ സിന്ദൂരത്തിന്റെ അവശേഷിപ്പിച്ച് ഉണ്ടോ എന്ന് അറിയില്ല.

സാരി കൊണ്ട് നെറ്റിയും അമര്‍ത്തി തുടച്ചു..

ഉമ്മറത്ത് ആരും ഉണ്ടാകരുതേ എന്നും പ്രാര്‍ത്ഥിച്ചു കൊണ്ട് ആണ് ഞാന്‍ നടന്നതു..

മുഖത്ത് ഒരു പുഞ്ചിരിയും നിറച്ച് ഞാന്‍ ഉള്ളിലേക്ക് കേറി..

ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല..

ആ ആശ്വാസത്തിൽ നേരെ മുകളില്‍ എന്റെ മുറിയിലേക്ക് കേറി.

റൂമിൽ എത്തി വാതിൽ അടച്ചു കഴിഞ്ഞ് ആണ് എനിക്ക് ശ്വാസം വീണത്..

വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ ഡ്രസ്സിങ് ടേബിളിലെ കണ്ണാടിക്കു അരികിലേക്ക് നടന്നു..

കണ്ണാടിയിലെ പ്രതിബിംബത്തിൽ ഒന്നേ നോക്കിയുള്ളൂ..

കണ്ണ് വീണ്ടും സജ്ജലങ്ങളായി..

കഴുത്തിൽ മഞ്ഞ ചരട്.. അതിന്റെ അറ്റത്ത് ഒരു കുഞ്ഞു ആലില താലി..

നെറ്റിയില്‍ കഴുകി കളഞ്ഞിട്ടും അവശേഷിക്കുന്ന സിന്ദൂരം..

തന്റെ വിവാഹത്തെക്കുറിച്ച് ഏതൊരു പെണ്ണിനെ പോലെയും എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങള്‍.. എല്ലാം ഒറ്റയടിക്ക് തകർന്നു…

താലി കെട്ടിയ ആൾ എങ്ങോട്ടോ പോയി..

വല്ലാത്ത വിധി ആണ് നിന്റെത് അപ്പു….

കണ്ണാടിയിലെ പ്രതിബിംബം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി..

ഇനി എന്ത് ചെയ്യണം.. ആരോടെങ്കിലും ഇതൊന്നു പറഞ്ഞില്ലെങ്കിൽ ഞാന്‍ ചത്ത് പോകുമെന്ന് തോന്നി..

ഓരോരുത്തരുടെ ആയി മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു..

അവസാനം നിയയുടെ മുഖം ഓര്‍മ വന്നു.. അവളെ വിളിക്കാനായി ഫോൺ കൈയിലെടുത്തപ്പോൾ ആണ് ഒരു കോൾ വന്നത്..

അറിയാത്ത നമ്പര്‍ ആണ്..

ഞാൻ എടുക്കാൻ ഒന്ന് മടിച്ചു..

ഒരു പ്രാവശ്യം കട്ട് ആയി.. വീണ്ടും റിംഗ് വന്നു..

രണ്ടും കല്പിച്ചു ഞാൻ കോൾ എടുത്തു..

“ഹ….. ഹ.. ഹലോ………”

വിറയ്ക്കുന്ന ശബ്ദത്തോടെ ഞാന്‍ ചോദിച്ചു..

“എന്താ ഡോ ഭാര്യേ…. താൻ ഇത്ര പെട്ടെന്ന് എന്നെ മറന്നോ..”

അപ്പുറത്ത് നിന്നും വന്ന ശബ്ദം എന്നെ ഭയപ്പെടുത്തി..

” ഞാന്‍……. ഞാന്‍…. ഇയാൾക്ക് എന്റെ നമ്പര്‍…… എന്തിന്.. എന്തിനാ വിളിച്ചത്….”

അത്രയും പറഞ്ഞ് ഒപ്പിക്കാൻ ഞാന്‍ ഏറെ പാടു പെട്ടു..

” എന്റെ ഭാര്യയെ അല്ലാതെ കണ്ടവന്റെ ഭാര്യയെ എനിക്ക് വിളിക്കാൻ പറ്റുവോ എന്റെ അപ്പു…..”

മറു തലയ്ക്കല്‍ നിന്നും ചിരി മുഴങ്ങി..

എനിക്ക് ദേഷ്യം വന്നു.. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു..

” ഞാൻ നിങ്ങളുടെ ഭാര്യ അല്ല മിസ്റ്റർ വസുദേവ്…”

ഞാൻ അല്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു..

മറു തലയ്ക്കല്‍ ശബ്ദം ഒന്നും കേട്ടില്ല..

എനിക്ക് വാശി കൂടി.

” ഭാര്യ എന്ന വാക്ക് ഉച്ചരിക്കാൻ തന്നെ എന്തു യോഗ്യത ആണ് നിങ്ങൾക്ക് ഉള്ളതു….

.ഒരു പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ താലി കെട്ടുന്നത് ആണോ ആണത്തം… “

വീറോടെ ഞാന്‍ ചോദിച്ചു..

മറു തലയ്ക്കല്‍ വീണ്ടും നിശബ്ദത പരന്നു..

ശേഷം എന്തൊക്കെയോ പൊട്ടി ചിതറുന്ന ശബ്ദം കേട്ടു..

ഞാൻ ഞെട്ടി ഫോൺ ചെവിയില്‍ നിന്നും എടുത്തു..

വീണ്ടും ചെവിയിലേക്ക് വച്ചപ്പോൾ വീണ്ടും അതേ ശബ്ദം..

എല്ലാം പൊട്ടി തകർന്നു എന്ന് മനസ്സിലായപ്പോള്‍ വീണ്ടും നിശബ്ദത പരന്നു..

മറുപുറത്ത് ഒരു ദീര്‍ഘനിശ്വാസം ഉയരുന്നത് ഞാന്‍ അറിഞ്ഞു..

“ഇനി മേലാൽ ഇങ്ങനെ പറയരുത്…”

സൗമ്യമായ ശബ്ദം വന്നു..

“പറയും…….. നിങ്ങൾ…. ആരാ…. വെറുപ്പാണ് എനിക്ക്… വെറുപ്പ്….”

വിറയ്ക്കുന്ന സ്വരത്തില്‍ ഞാന്‍ പറഞ്ഞു നിർത്തി..

“ഇനഫ്……….”

ഒരു അലര്‍ച്ച മുഴങ്ങിയപ്പോൾ ഞാന്‍ വീണ്ടും ഞെട്ടി…

“നിന്നോട് പല പ്രാവശ്യം ഞാന്‍ പറഞ്ഞു…….യു ആര്‍ മൈൻ… എന്റേത് മാത്രം….. ഈ വസുദേവിന്റെതു മാത്രം…..

അങ്ങനെ ഏതേലും ഒരുത്തന്റെ മുന്നില്‍ ഇട്ടു കൊടുക്കാൻ അല്ല ഞാന്‍ നിന്നെ ഹൃദയത്തിൽ കൊണ്ട് നടന്നത്…. ഡാമിറ്റ്….”

ആ ശബ്ദത്തിലെ രൗദ്രത എന്നെ വല്ലാതെ ഭയപ്പെടുത്തി..

” നിന്റെ കഴുത്തിൽ ആരും അറിയാതെ താലി കെട്ടിയത് ഈ വസുദേവ് ഒരു ഭീരു ആയതു കൊണ്ട്‌ അല്ല…..

നിന്നെ കൊണ്ട് പോകാൻ ഞാന്‍ തീരുമാനിച്ചാൽ ഒരുത്തനും എന്നെ തടയാനും പറ്റില്ല..

അത് ഓര്‍ത്തു വെച്ചേക്കു എന്റെ ഭാര്യ…

പിന്നെ നിന്റെ കഴുത്തിൽ കെട്ടിയ താലി…

അതിന്റെ മഹത്വം എന്താണെന്ന് നീ എന്നെ പഠിപ്പിക്കേണ്ട….

അത് നിന്റെ കഴുത്തിൽ കെട്ടിയത് ഈ ഞാന്‍ ആണേലു നിന്നെ പൊന്നു പോലെ നോക്കാനും എനിക്ക് അറിയാം..”

എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…

” പിന്നെ.. നിന്റെ കഴുത്തിലെ താലി.. അത്‌ നിന്റെ കഴുത്തിൽ തന്നെ കാണും.. അതിന്റെ അവകാശി ഞാന്‍ മാത്രം ആണ്….

അങ്ങനെ ഇന്നലെ വന്ന ഏതേലും ഒരുത്തന് വിട്ടു കൊടുക്കില്ല ഞാന്‍…”

പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല…

കുറേ നിമിഷം മറു തലയ്ക്കലും മൗനം നിറഞ്ഞു..

“ഡോ… എന്റെ ഭാര്യേ…. ആ താലി അഴിച്ചു വെക്കാം എന്ന് എന്റെ മോള് കരുതണ്ട..

ഞാൻ വരുന്നത് വരെ അത് നിന്റെ കഴുത്തിൽ വേണം….. അറിയാലോ എന്നെ…

പിന്നെ ആത്മഹത്യ പോലുള്ള ചീപ് ഐറ്റം ഒന്നും എന്റെ അപ്പു ചെയ്യില്ലന്നു എനിക്ക് അറിയാം..

ഞാൻ വരുമ്പോ നീ അവിടെ ഉണ്ടായിരിക്കണം..

അപ്പൊ തല്‍കാലം നിര്‍ത്താം അല്ലെ ഡോ ഭാര്യേ….”

അതും പറഞ്ഞു അപ്പുറത്ത് കോൾ കട്ട് ആയി..

എല്ലാം നഷ്ടപ്പെട്ടത് പോലെ ഞാന്‍ നിലത്തേക്കു ഇരുന്നു പോയി…

കഴുത്തിലെ താലിയില്‍ തെരുകെ പിടിച്ചു കൊണ്ട് ഞാന്‍ കരഞ്ഞു…

” അപ്പു.. മോളേ… വാതിൽ തുറക്ക്… വന്നു വല്ലതും കഴിക്കു… “

അമ്മയുടെ സ്വരം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്…

അപ്പോഴാണ് ഞാനും സമയം നോക്കിയതു..

രാവിലെ ക്ഷേത്രത്തില്‍ പോയത് ആണ്. കഴിക്കാൻ ആണ് അമ്മ വിളിക്കുന്നത്..

“ഇപ്പൊ വരാം അമ്മേ…..”

മുഖം അമര്‍ത്തി തുടച്ചു ഞാന്‍ എണീറ്റു..

കണ്ണാടിയിൽ നോക്കി..

പിന്നെ പതിയെ കഴുത്തിലെ താലി അഴിച്ചു..

എന്റെ കഴുത്തിൽ ആദ്യമേ ഉള്ള മാലയിലെ ലോക്കറ്റ് അഴിച്ചു..

ഹാര്‍ട്ട് ഷേപ്പിൽ ഉള്ള ലോക്കറ്റ് ആണ്.. തുറക്കാന്‍ പറ്റുന്നത്…

അതിനുള്ളിലെക്ക് താലി വച്ച് അടച്ചു.. പിന്നെ വീണ്ടും അത് മാലയില്‍ കോര്‍ത്ത്‌ ഇട്ടു..

വീണ്ടും കണ്ണാടിയിലൂടെ നോക്കി… ഇല്ല പെട്ടെന്ന് ആര്‍ക്കും മനസ്സിലാവില്ല..

“എന്റെ കണ്ണില്‍ വീണ്ടും വെള്ളം നിറഞ്ഞു..

മുഖം കഴുകി ഞാന്‍ താഴേക്കു നടന്നു..

മുഖത്ത് ചിരി വരുത്തിയേ പറ്റുള്ളൂ…

എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാന്‍ പഴയ അപ്പു ആകാൻ ശ്രമിച്ച് കൊണ്ടേ ഇരുന്നു.

ഇനി ഒരിക്കലും പഴയ അപ്പു ആകാൻ എനിക്ക് പറ്റില്ല എന്ന് അറിഞ്ഞിട്ടും..

ചേച്ചിയുടെ കൈയിൽ ഇരുന്ന വാവ എന്നെ കണ്ടപാടെ കൈയിലേക്ക് ചാടി…

അവനെയും കൊണ്ട് കുറച്ചു നേരം ഇരുന്നു..

പറ്റുന്നില്ല.. മനസ്സു കൈ വിട്ടു പോകുന്നു…

തൊണ്ട കുഴിയിൽ ഒരു കരച്ചില്‍ തികട്ടി വന്നു..
കരയണം.. ഉറക്കെ… അതിനും പറ്റുന്നില്ല..

ഹരിയേട്ടനെ ഇത് അറിയിച്ചേ പറ്റുള്ളൂ എന്ന് എനിക്ക് തോന്നി..

ഫോണിൽ കൂടി പറയാൻ പറ്റില്ല…

നേരിട്ട് കാണണം..

ഇനിയും വൈകി കൂടാ..

വാവയെ അമ്മയെ ഏല്പിച്ചു ഞാന്‍ മുറിയിലേക്ക് നടന്നു..

വാതിൽ അടച്ചു..

വിറയ്ക്കുന്ന കൈകളോടെ ഞാന്‍ ഫോൺ എടുത്തു.

കോണ്ടാക്ട് ലിസ്റ്റില്‍ ഹരിയേട്ടൻ എന്ന പേര് കണ്ടപ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടി..

രണ്ടും കല്പിച്ച് ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു..

ആദ്യത്തെ റിംഗിന് തന്നെ ആള് ഫോൺ എടുത്തു..

“ഹലോ… ഡോ… അപ്പു….”

ഹരിയേട്ടന്റെ ശബ്ദത്തിലെ എക്സൈറ്റ്മെന്റ് എനിക്ക് തിരിച്ച് അറിയാൻ പറ്റി..

എന്റെ തൊണ്ട വരണ്ടു… ഒന്നും പറയാന്‍ പറ്റാത്ത പൊലെ…

“ഡോ.. കേള്‍ക്കാന്‍ പറ്റുന്നുണ്ടോ… അപ്പു….”

വീണ്ടും അതേ ശബ്ദം വന്നപ്പോൾ ഞാന്‍ എങ്ങനെ ഒക്കെയോ സംസാരിച്ചു..

” എനി.. എനിക്ക്… എനിക്കൊന്നു കാണണം ഹരിയേട്ടനെ….”

എങ്ങനെയോ ഞാന്‍ പറഞ്ഞു ഒപ്പിച്ചു..

പേടി കൊണ്ട് ഹൃദയമിടിപ്പ് കൂടി ഞാന്‍ മരിച്ചു പോകുമെന്ന് തോന്നി.

എല്ലാം അറിയുമ്പോൾ ഹരിയേട്ടൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ഒരു ഊഹവും ഇല്ലായിരുന്നു..

“എന്ത്… എന്ത് പറ്റി… എന്താ അപ്പു…പെട്ടെന്ന് കാണണം എന്നൊക്കെ… എനിത്തിങ്ങ് സീരിയസ്…?”

ഹരിയേട്ടന്റെ ശബ്ദത്തില്‍ ആകാംഷയും ഒപ്പം ടെന്‍ഷനും ഉണ്ടായിരുന്നു..

“പറയെടോ…….എന്താ കാര്യം..”

എന്റെ അനക്കം ഒന്നും കേള്‍ക്കാത്തതു കൊണ്ട് ഹരിയേട്ടൻ ചോദ്യം ആവര്‍ത്തിച്ചു..

” ഒന്നുമില്ല… എനിക്ക്.. എനിക്ക്.. ഒന്ന് കാണണം….. ഇന്ന്.. ഇന്ന്… പറ്റുമോ…?”

ഞാൻ വിക്കി വിക്കി ചോദിച്ചു..

“പിന്നെന്താ…. എവിടെ…എവിടെയാ വരേണ്ടത്…”

ഹരിയേട്ടൻ സന്തോഷത്തോടെ ചോദിച്ചു….

ആ സന്തോഷം ഈ കൂടി കാഴ്ച വരെയേ ഉണ്ടാകൂ എന്നെനിക്കു അറിയാമായിരുന്നു..

” ഇവിടെ….ബീച്ച് വരെ ഒന്ന് വരാമോ…. ഞാൻ അവിടെ വരാം…. വൈകിട്ട്….”

ഞാൻ ചോദിച്ചു..

“പിന്നെന്താ…. എന്റെ പെണ്ണ് ആദ്യമായിട്ട് ഒരു കാര്യം പറയുമ്പോ ഞാന്‍ അനുസരിക്കാതെ ഇരിക്കുമോ…. ഞാന്‍ വരാം.. എത്ര മണിക്കാണ്…”

ഹരിയേട്ടൻ മറുപടി തന്നു…

“ഒരു 5 മണി… 5 മണിക്ക് വരാമോ…. “

” വരാം…. “

ഹരിയേട്ടന്റെ സന്തോഷം എന്റെ ഹൃദയമിടിപ്പ് പിന്നെയും കൂട്ടി..

” ശരി…. ഞാ… ഞാന്‍… വെക്കുവാണ്… “

മറുപടി വരുന്നതിനു മുന്നേ ഞാന്‍ കോൾ കട്ട് ചെയ്തു…

കണ്ണ് നിറഞ്ഞൊഴുകി…. ഹൃദയം തകര്‍ന്ന്…മുറിവേറ്റ മനസ്സുമായി ഞാന്‍ ഹരിയേട്ടനോട് എല്ലാം പറയാന്‍ തയ്യാറായി..

വരാനിരിക്കുന്ന പ്രശ്നങ്ങൾ അറിയാതെ ഹരിയേട്ടനെ കാണാന്‍ ഞാന്‍ ഉറച്ചു

(തുടരും)