മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..
“ഈ കുട്ടിയുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തണം…എത്രയും പെട്ടെന്ന്.. ഇല്ലെങ്കില്‍ പിന്നെ 30 വയസ്സില്‍ ആണ് മംഗല്യ യോഗം.. മാത്രവുമല്ല ഒരുപാട് മനപ്രയാസങ്ങളും ഉണ്ടാകാന്‍ വഴിയുണ്ട്….”
എനിക്കുള്ള അവസാന ആണിയും അടിച്ചു കൊണ്ട് അയാൾ പറഞ്ഞു..
എന്റെ തലയിലെ കിളികള്‍ ഒക്കെ പാറി പറന്ന് കേരളം തന്നെ വിട്ടു പോയി എന്ന് എനിക്ക് തോന്നി..
അന്തംവിട്ടു കൊണ്ട് ഞാന്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.. ആ മുഖങ്ങളിലും ഞാന്‍ അതേ അമ്പരപ്പ് കണ്ടു.
“അതിപ്പോ… കല്യാണം എന്നൊക്കെ പറയുമ്പോ…. എന്താ ജ്യോത്സ്യരേ… എന്ത് പ്രശ്നം ആണ് ജാതകത്തില്‍…”
അച്ചച്ചന് ആവലാതിയോടെ ചോദിച്ചു..
എല്ലാവരുടെയും മുഖത്ത് അതേ ചോദ്യം തന്നെയാണ്..
“പ്രശ്നം വച്ചപ്പോ ഇങ്ങനെ ആണ് കണ്ടത് രാഘവന് നമ്പ്യാരേ….കുട്ടിയുടെ ജാതകം അങ്ങനെ ആണ്… “
അയാൾ ഒന്നുടെ ഉറപ്പിച്ചു പറഞ്ഞു..
” എന്നാലും.. എന്തേലും പ്രതിവിധി കാണില്ലേ…. പെട്ടെന്ന് ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ…”
അച്ഛനും പറഞ്ഞു…
“അത് തന്നെ.. അവള് ഇപ്പൊ പഠിക്കുവല്ലേ….. “
എല്ലാരുടെയും അഭിപ്രായം അത് തന്നെ ആയിരുന്നു…
ഞാൻ ആണെങ്കില്‍ ഒക്കെ കേട്ട് കാറ്റു പോയ ബലൂണ്‍ പോലെ ഇരിക്കുവാണ്..
ഒറ്റ നിമിഷം കൊണ്ട് ലോകം മാറി മറിഞ്ഞത് പൊലെ ഒരു ഫീൽ..
6 മാസം കഴിഞ്ഞാല്‍ കല്യാണം ഒക്കെ ആകും എന്ന് അറിയാമായിരുന്നു.. പക്ഷേ.. ഇത്രയും നേരത്തെ ഇങ്ങനെ ഒരു പണി.. അത് ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു..
ഞാൻ പ്രതീക്ഷയോടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി..
“ആയ്… അപ്പു ചേച്ചിയുടെ കല്യാണം…. ആയ്… നമ്മൾ അടിച്ചു പൊളിക്കും അല്ലേടാ…”
ആഹ്ലാദ പ്രകടനം വേറെ എവിടെ നിന്നും അല്ല.. എന്റെ കൂടെ നിന്നു കഥ പറഞ്ഞു കൊണ്ടിരുന്ന രണ്ട് കുട്ടി പിശാച്ക്കൾ തന്നെ.. അച്ചുവും ആദിയും…
ഞാൻ നിസ്സഹായതയോടെ രണ്ടിനെയും നോക്കി.. കൈയ്യിൽ എന്തേലും കിട്ടിയാൽ രണ്ടിന്റെയും മണ്ടയ്ക്കു ഇട്ടു ഒന്ന് കൊടുക്കാൻ തോന്നി..
ഞാൻ ഒന്നുടെ ജ്യോത്സ്യന്റെ മുഖത്തേക്ക് നോക്കി…
“താൻ പക പോക്കുവാണല്ലേടോ….?” ഞാൻ എന്റെ മനസ്സിൽ പറഞ്ഞ്…
“ജാതകവശാൽ കുട്ടിക്ക് ഇപ്പൊ മംഗല്യത്തിന് അത്യുത്തമമായ സമയം ആണ്.. മനസ്സിൽ ആഗ്രഹിക്കുന്ന ആളെ കിട്ടാൻ ഉള്ള യോഗം ഉണ്ട്..”
അതും പറഞ്ഞു അയാൾ എന്നെ നോക്കി…
“ജാതകവശാൽ തനിക്കു ഇപ്പൊ മോശം സമയം ആണെടോ….. “
ആരും പേടിക്കേണ്ട.. മൈന്റ് വോയ്സ് ആണ്.. ആത്മഗതം..
” അതായത് കുംഭം കുട്ടിയുടെ ജന്മ മാസമാണ്.. കുട്ടിക്ക് അന്നേക്ക് 23 വയസ്സു തികയും.. 23 വയസ്സിന് അപ്പുറം പോയാൽ പിന്നെ മംഗല്യ യോഗം 30 വയസ്സില്‍ ആണ്.. അതും നടക്കാൻ ഒരുപാട് ബുദ്ധിമുട്ട് ആവും… “
ജ്യോത്സ്യന് എല്ലാ പഴുതും അടച്ചു കൊണ്ടാണ് ഓരോ വാക്കും പറഞ്ഞത്..
” അപ്പൊ പറഞ്ഞു വരുന്നത് എന്താ ജ്യോത്സ്യരേ…. “
അച്ഛൻ ആകാംഷയോടെ ചോദിച്ചു..
” അതായത് ഇന്നേക്ക് ഇരുപത്തി അഞ്ചാം ദിവസം കുട്ടിയുടെ ജന്മ മാസമാണ്.. ജന്മ മാസം കല്യാണം പാടില്ല.. അതിനു മുന്നേ വേണം കല്യാണം.. അതായത് ഇനി 24 ദിവസങ്ങള്‍.. അതിനുള്ളിൽ കുട്ടിയുടെ മാംഗല്യം നടക്കണം..”
ജ്യോത്സ്യന് പറഞ്ഞത് കേട്ട് ഞാൻ അടക്കമുള്ള എല്ലാരും പകച്ചു നില്‍ക്കുവാണ്.
” അതായത്.. ഈ പറഞ്ഞ സമയത്തിനുള്ളില്‍ കല്യാണം നടക്കണം.. ഉത്തമമായ ജാതകം തന്നെ കുട്ടിയെ തേടി വരും…. നല്ല ഒരു ദാമ്പത്യം ഉണ്ടാവുകയും ചെയ്യും.. “
” എന്താ ഇവിടെ ഇപ്പൊ നടന്നത്… ആരാ പടക്കം പൊട്ടിച്ചത്… ഇന്നെന്താ വിഷുവാ…”
മനസ്സു ഇങ്ങനെ പറഞ്ഞ് കൊണ്ടിരുന്നു.. എനിക്ക് തന്നെ ഒന്നും മനസ്സിലായില്ല..
ഇന്നലെ വരെ ഓടി ചാടി നടന്ന ഞാന്‍… അതും ഫ്രീ ബേഡ് ആയിട്ട് നടന്ന ഞാന്‍ ആണ്.. ഇന്നിപ്പോള്‍ പെട്ടെന്ന് കല്യാണം എന്നൊക്കെ പറയുന്നത്…
“പെട്ട് മോളേ അപ്പൂ….. പെട്ട്… “
ഞാൻ മാക്സിമം ദയനീയമായി എല്ലാവരെയും നോക്കി…
“പക്ഷേ… 24 ദിവസം എന്ന് പറഞ്ഞാൽ.. അതിനുള്ളിലെങ്ങനെ കല്യാണം നടക്കും.. ആദ്യം ചെക്കനെ കണ്ടു പിടിക്കണ്ടേ…..”
ന്യായമായ സംശയം അമ്മാവന്റെത് ആയിരുന്നു…..
ഞാൻ പ്രത്യാശയോടെ അമ്മാവനെ നോക്കി…
” അത് തന്നെ.. കല്യാണത്തിന് ബാക്കി എന്ത് ഉണ്ടായിട്ടും കാര്യമില്ലല്ലോ.. നല്ലൊരു പയ്യൻ വേണ്ടെ… അങ്ങനെ കണ്ട ഏതേലും ഒരുത്തന്റെ കൈയ്യിൽ നമ്മുടെ അപ്പുവിനെ ഏല്‍പ്പിക്കാൻ പറ്റുവോ..”
ഇളയച്ഛനും അതിനെ പിന്താങ്ങി..
എനിക്ക് ഒരു പ്രതീക്ഷ വന്നു..
അച്ഛൻ ആവട്ടെ കാര്യമായ എന്തോ ചിന്തയില്‍ ആണ്.. അമ്മയും അങ്ങനെ തന്നെ..
” മഹേഷേ. പ്രശ്നം വച്ചപ്പോൾ കണ്ട കാര്യം ആണ് ഞാന്‍ പറഞ്ഞത്… ഞാൻ പറഞ്ഞല്ലോ.. ഏറ്റവും യോഗ്യമായ ഒരു ജാതകം തന്നെയാണ് ഈ കുട്ടിയുടെതുമായി കൂടി ചേരാന്‍ പോകുന്നത്… അത് അതിന്റെ വഴിക്ക് നടക്കും.. പക്ഷേ.. കല്യാണം.. അത് നടന്നേ പറ്റുള്ളൂ…”
അതും പറഞ്ഞ് ജ്യോത്സ്യന് എണീറ്റു…ദക്ഷിണ കൊടുത്തു അയാളെ യാത്ര അയക്കാൻ നേരം അച്ചച്ചന് കേറി ഗോൾ അടിച്ചു..
” അപ്പുന് യോജിച്ച പയ്യനെ എത്രയും പെട്ടെന്ന് കണ്ടെത്തണം.. എത്രയും പെട്ടെന്ന്.. “
അത്രയും പറഞ്ഞ് അയാളെ യാത്രയാക്കി അച്ചച്ചൻ ഉമ്മറത്ത് ഇരുന്നു..
” അച്ഛാ.. പെട്ടെന്ന് ഒരു കല്യാണം.. എങ്ങനെ നടക്കും…”
അച്ഛൻ അച്ചച്ചനോട് പറഞ്ഞു..
“നീയും കേട്ടതു അല്ലെ മാധവാ ആ പറഞ്ഞത്.. നമുക്ക് വലുത് നമ്മുടെ കുട്ടിയുടെ ജീവിതം ആണ്.. അതിനി കല്യാണം നടക്കണം എന്ന് ആണെങ്കില്‍ അങ്ങനെ.. അത് നടക്കും..”
അച്ചച്ചൻ അവസാന വാക്ക് എന്ന പൊലെ പറഞ്ഞു..
” പിന്നെ.. എന്റെ കൊച്ചു മകളെ കെട്ടിക്കാനുള്ള ആസ്തി ഒക്കെ ഇപ്പഴും എനിക്ക് ഉണ്ട്… വേണ്ടത് നല്ലോരു പയ്യനെ ആണ്.. “
അച്ചച്ചൻ അങ്ങനെ പറഞ്ഞതോടെ അച്ഛമ്മയും അതിനെ ശരി വച്ചു..
” സ്കൂളിൽ എന്റെ കൂടെ ഒരു നാരായണൻ മാഷ് ഉണ്ടായിരുന്നു.. ആളും ഇപ്പൊ റിട്ടയേർഡ് ആയി.. മാഷ്ക്ക് രണ്ട് മക്കള്‍ ആണ്.. ഒരു ആണും പെണ്ണും.. മോളുടെ കല്യാണം നേരത്തേ കഴിഞ്ഞു.. പിന്നെയുള്ള മോന് ഹരി കോളേജ് മാഷ് ആണ്….”
അമ്മാവന് അതിനിടയില്‍ അടുത്ത ഗോൾ അടിച്ചു.. എല്ലാരും ഗോൾ അടിക്കുന്നത് എന്റെ മണ്ടയ്ക്കു ഇട്ട് ആണെന്ന് മാത്രം…
” യു ടൂ ബൂട്ടസ്… “
ഞാൻ പല്ലിറുമ്മിക്കൊണ്ട് അമ്മാവനെ നോക്കി..
ആള് ഭയങ്കര ആവേശത്തിലാണ്..
” കഴിഞ്ഞ ആഴ്ച കണ്ടപ്പോഴും മാഷ് എന്നോട് മോന്റെ കല്യാണ കാര്യം പറഞ്ഞിരുന്നു… അന്ന് അപ്പുവിന്റെ കാര്യം എന്നോട് സൂചിപ്പിക്കുകയും ചെയ്തു.. അവള് പഠിക്കുവാണ് എന്ന് ഞാന്‍ അന്ന് പറഞ്ഞത്.. ഹരി ആണെങ്കില്‍ മോളേ കണ്ടിട്ടും ഉണ്ട് പോലും… അവന് ഇഷ്ടായി എന്ന് മാഷ് അന്ന് പറഞ്ഞത്.. “
അമ്മാവന് പറഞ്ഞത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞാന്‍ പിന്നെയും ബോധം കെടും എന്ന നിലയില്‍ ആയി..
വഴിയെ പോകുന്ന വയ്യാവേലി മുഴുവന്‍ എന്റെ തലയില്‍ ആണല്ലോ ന്റെ കൃഷ്ണാ…
” എന്നാൽ പിന്നെ നീ അവരോട് ഈ കാര്യം ഒന്ന് സൂചിപ്പിക്കു സത്യാ… എന്നിട്ട് ജാതകം നോക്കിട്ടു നമുക്ക് തീരുമാനിക്കാം…”
അതും പറഞ്ഞു അച്ചച്ചൻ എന്റെ അടുത്തേക്ക് വന്നു..
“മോള്‍ക്ക് ഇതൊന്നും പെട്ടെന്ന് ഉള്‍കൊള്ളാന്‍ പറ്റില്ലെന്നു അച്ചച്ചന് അറിയാം.. പക്ഷേ ഞങ്ങൾ എന്ത് ചെയ്താലും അത് മോളുടെ നന്മയ്ക്കു വേണ്ടി ആയിരിക്കും എന്ന് എന്റെ അപ്പുവിന് അറിയാലോ.. “
എന്റെ തലയിൽ തലോടി കൊണ്ട് അച്ചച്ചൻ പറഞ്ഞു..
ഞാൻ നിറഞ്ഞു വന്ന മിഴികള്‍ തുടച്ചു കൊണ്ട് തലയാട്ടി..
എത്ര പറഞ്ഞാലും എന്റെ കുടുംബത്തിന്റെ സന്തോഷത്തിനു അപ്പുറം എനിക്ക് ഒന്നും ഇല്ലായിരുന്നു എന്നതാണ് സത്യം..
” അങ്ങനെ ആണേലു അവരോട് എത്രയും പെട്ടെന്ന് ഈ കാര്യം പറഞ്ഞോളൂ സത്യാ.. എല്ലാം… കല്യാണം പെട്ടെന്ന് വേണം എന്നത് ഉള്‍പ്പെടെ..”
അച്ചച്ചൻ പറഞ്ഞു നിർത്തി..
അതോടെ ആ കാര്യത്തിൽ ഒരു തീരുമാനമായി..
പിന്നെ ഒന്നിനും ഒരു ഉഷാര്‍ തോന്നിയില്ല…
എല്ലാവരും പറയുന്നത് കേള്‍ക്കുന്നുണ്ട് എന്നതു ഒഴിച്ച് ഒന്നും എന്റെ തലയിൽ കേറുന്നുണ്ടായിരുന്നില്ല…
തിരിച്ചു വീട്ടില്‍ എത്തി ഫോൺ എടുത്തു നോക്കിയപ്പോള്‍ നിയയുടെ കുറേ മിസ്ഡ് കോൾസ്.
ക്ലാസ് മറ്റന്നാള്‍ തുടങ്ങും എന്ന് പറഞ്ഞു അവള്.
എന്തായാലും കോളേജിൽ പോകാതെ പറ്റില്ല..
അച്ഛനോട് കാര്യം പറഞ്ഞു.. എങ്കിൽ നാളെ അവര്‍ വന്നു പെണ്ണ് കണ്ടോട്ടെ എന്ന് മറുപടിയും വന്നു..
അച്ഛൻ പറഞ്ഞപ്പോൾ എതിര് പറയാനും തോന്നിയില്ല.. ഇന്ന് വരെ എന്റെ ഒരു കാര്യത്തിനും അച്ഛൻ നിര്‍ബന്ധം പിടിച്ചിട്ടില്ല. എനിക്ക് എല്ലാ വിധ സ്വതന്ത്ര്യവും തന്നിട്ടുണ്ട്…
പിറ്റേന്ന് രാവിലെ തന്നെ തറവാട്ടിലേക്ക് പോയി..
പെണ്ണ് കാണൽ അവിടെ വച്ച് മതി എന്ന് അച്ചച്ചന്റെ തീരുമാനം ആയിരുന്നു..
നീലക്കണ്ണുകളും ആ വിളിയും ഇനി മറന്നേ പറ്റുള്ളൂ എന്ന് ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു..
എല്ലാം എന്റെ ചിന്തകൾ മാത്രം ആയിരുന്നു എന്ന് ഞാന്‍ പലയാവര്‍ത്തി മനസിനെ പറഞ്ഞു പഠിപ്പിച്ചു..
എന്നിട്ടും ഞാന്‍ കരഞ്ഞു പോകുമെന്ന് തോന്നി..
എല്ലാവരും കൂടെ ഒരു സെറ്റ് സാരി ഒക്കെ ഉടുപ്പിച്ചു.. എനിക്ക് ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല..
ചിരിക്കാന്‍ ഉള്ള ശ്രമങ്ങൾ ഒക്കെ പാഴായി പോകുകയായിരുന്നു..
“അവര്‍ വന്നു എന്ന് തോന്നുന്നു….”
അമ്മായിയാണ് പറഞ്ഞത്..
വിറച്ചിട്ട് പാടില്ലായിരുന്നു… കൈയും കാലും ഒക്കെ തളരുന്നതു പോലേ… ഇളയമ്മ വന്നു തലയിൽ മുല്ല പൂ വച്ചു തന്ന്..
അമ്മ എന്റെ കൈയിൽ ചായയുടെ ട്രേ തന്നു.. വിറച്ചു വിറച്ചു ആണ് ഞാന്‍ അവരുടെ മുന്നിലേക്ക് പോയതു..
തല ഉയര്‍ത്താന്‍ ധൈര്യം വന്നില്ല..
ചായ ട്രേ അവിടെ വച്ച് ഞാന്‍ പിന്തിരിഞ്ഞു നടന്നു വാതിലിനു അടുത്തുവന്നു നിന്നു..
“മോളേ. ഞാൻ നാരായണന് മാഷ്.. ഇത് എന്റെ ഭാര്യ ഹേമലത.. ഇതാണ് പയ്യൻ.. ഞങ്ങളുടെ മോന്.. ഹരി.. ഹരിനാരായണന്… ഇവിടെ ഗവണ്മെന്റ് ആര്‍ട്സ് കോളേജിൽ എക്കണോമിക്സ് മാഷ് ആണ്..”
പയ്യന്റെ അച്ഛൻ പറഞ്ഞു.. ഞാൻ പതിയെ ഒന്ന് തല പൊക്കി നോക്കി.. അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു.. കൈയും കാലും വിറച്ച് വീണു പോകുമോ എന്ന് തോന്നി..
” ഇവനെ കൂടാതെ ഒരു മോള് കൂടിയുണ്ട് ഞങ്ങൾക്ക്.. നന്ദന.. അവള് കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ കൂടെ ബാഗ്ലൂര് ആണ്.. അതാണു വരാൻ പറ്റാത്തത്..”
ഇപ്രാവശ്യം പറഞ്ഞത് അമ്മയായിരുന്നു..
ഞാൻ പുഞ്ചിരിച്ച് കാണിച്ച്…
ചായ കുടി ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ ആണ് എന്റെ അച്ഛൻ അടുത്ത പണി തന്നത്..
” അവര്‍ക്ക് എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.. പുതിയ കുട്ടികൾ അല്ലെ.. “
“
ഞാനെന്തു സംസാരിക്കാൻ എന്ന ഭാവത്തില്‍ അച്ഛനെ നോക്കി.. അച്ഛൻ എന്നെ കണ്ണടച്ച് കാണിച്ചു സമാധാനിപ്പിച്ചു..
” മോളേ.. നീ ഹരിയെ കൂട്ടി പോയിട്ട് സംസാരിക്കൂ… ” അച്ചച്ചനും പറഞ്ഞതോടെ വേറെ വഴിയില്ലാതെ ഞാന്‍ മുന്നേ നടന്നു..
തറവാട്ടിന് പിന്നില്‍ ഉള്ള വല്യ മാവിന്റെ ചുവട്ടില്‍ ആണ് നടത്തം അവസാനിച്ചത്..
എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ അങ്ങനെ നിന്നു..
“ഡോ.. താൻ തല ഉയർത്തി എന്നെ ഒന്ന് നോക്കു ആദ്യം.. “
ചിരിയോടെ ഉള്ള സംസാരം കേട്ടപ്പോൾ ആണ് ചമ്മലോടെ ഞാന്‍ തല ഉയർത്തി നോക്കിയത്..
മുന്നിലുള്ള ആളെ ഞാന്‍ ശരിക്ക് നോക്കിയത് അപ്പോഴാണ്.. കാണാന്‍ നല്ല ചേട്ടൻ.. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും ആരെയും ആകര്‍ഷിക്കാന്‍ പോന്ന രൂപവും ഒക്കെ..
ഒരു പെണ്ണും വേണ്ടന്ന് പറയില്ല.. പക്ഷേ.. എനിക്ക് എന്തോ….
എന്റെ വെപ്രാളം കണ്ടിട്ട് ആവണം പുള്ളി വീണ്ടും ചിരിച്ചു..
“താൻ ഇത്രയ്ക്കു പാവം ആണോഡോ… ഞാൻ ഒരു പുലി കുട്ടിയെ ആണ് പ്രതീക്ഷിച്ചത്..”
“അത് പിന്നെ.. പെട്ടെന്ന്.. അത്.. ചേട്ടൻ..”
എനിക്ക് സ്വയം വിക്ക് വന്നോ എന്ന് തോന്നി പോയി.. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ..
“താൻ എന്നെ ഹരിയേട്ടൻ എന്ന് വിളിച്ചാല്‍ മതി.. പിന്നെ.. തനിക്കു കല്യാണത്തിന് എന്തേലും ഇഷ്ടക്കേട് ഉണ്ടോ.. ഉണ്ടെങ്കിൽ പറയാന്‍ മടിക്കണ്ട…”
ആള് അങ്ങനെ പറഞ്ഞെങ്കിലും ഞാന്‍ നോ പറയരുതേ എന്ന ഭാവം ആ മുഖത്തു എനിക്ക് കാണാന്‍ സാധിച്ചു..
‘അത്.. അങ്ങനെ ഒന്നുമില്ല.. പെട്ടെന്ന് കല്യാണം എന്നൊക്കെ കേട്ടപ്പോൾ.. അതിന്റെ ടെന്‍ഷന്‍ ആണ്…”
ഞാൻ പറഞ്ഞു ഒപ്പിച്ചു..
“ഹാവൂ.. സമാധാനം.. താന്‍ ഇനി നോ എങ്ങാനും പറയുമോ എന്ന് ഞാന്‍ പേടിച്ചു.. അത്രയും ഇഷ്ടമാണ് എനിക്കുതന്നെ.. എന്തായാലും കല്യാണത്തിന് സമ്മതം ആണെന്ന് ഞാന്‍ പറയട്ടെ അവരോട്.. “
ഹരിയേട്ടൻ ചോദിച്ചപ്പോൾ പകച്ചു ഞാന്‍ ഒന്ന് നോക്കി.. പിന്നെ തലയാട്ടി..
“എങ്കിൽ പിന്നെ നമുക്ക് കാണാം.. “
അതും പറഞ്ഞു ഹരിയേട്ടൻ തിരിഞ്ഞു നടന്നു.. ഒരു അഭയത്തിന് എന്നോണം ഞാന്‍ ആ മരത്തിൽ ചാരി നിന്ന്…
അവര്‍ യാത്ര പറഞ്ഞു ഇറങ്ങി.. ഇറങ്ങുമ്പോഴും ഹരിയേട്ടന്റെ പ്രേമ പൂര്‍വ്വം ഉള്ള നോട്ടം എനിക്ക് നേരെ വരുന്നുണ്ടായിരുന്നു..
ജാതകം നോക്കിയിട്ട് വിളിക്കാം എന്നും പറഞ്ഞു അവര്‍ ഇറങ്ങി..
ഹരിയേട്ടൻ കണ്ണ് കൊണ്ട് എന്നോട് യാത്ര പറഞ്ഞു..
മനസ്സിൽ രൂപവും പേരും നാടും ഒന്നും അറിയാത്ത ഒരാളെ സൂക്ഷിച്ചു കൊണ്ട് മറ്റൊരാളെ കല്യാണം കഴിക്കാൻ പോകുന്ന എന്നോട് തന്നെ എനിക്കു വെറുപ്പ് തോന്നി..
എല്ലാവരും നല്ല സന്തോഷത്തില്‍ ആണെന്ന് എനിക്ക് മനസ്സിലായി. ഹരിയേട്ടനെ എല്ലാര്ക്കും ഒരുപാട് ഇഷ്ടമായി എന്ന് അവരുടെ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി..
രാത്രി ഭക്ഷണം കഴിക്കുമ്പോഴും ഞാന്‍ നിശബ്ദ ആയിരുന്നു..
എന്റെ മൗനം എല്ലാവരെയും വേദനിപ്പിക്കുന്നു എന്ന് എനിക്ക് അറിയാമെങ്കിലും കുറച്ചുനേരം എങ്കിലും ഒറ്റയ്ക്കു ഇരിക്കാൻ ഞാന്‍ ആഗ്രഹിച്ചിരുന്നു..
ഉറങ്ങാൻ കിടന്നപ്പോഴും എല്ലാം മറക്കണം എന്ന ചിന്ത തന്നെ ആയിരുന്നു മനസ്സിൽ..
പുലര്‍ച്ചെ എപ്പഴോ വല്ലാത്തൊരു സ്വപ്നം കണ്ടു ആണ് ഞാന്‍ ഞെട്ടി ഉണര്‍ന്നതു..
അതേ ഞെട്ടലിൽ ഞാന്‍ എന്റെ കഴുത്തും സിന്ദൂര രേഖയും തൊട്ടു നോക്കി.. സ്വപ്നത്തില്‍ കഴുത്തില്‍ വീണ ആലില താലിയും നെറ്റിയിലെ സിന്ദൂരവും.. പിന്നെ അതെന്നെ അണിയിച്ച കൈകളുടെ ഉടമയെയും…. മുഖം അവ്യക്തമായിരുന്നെങ്കിലും പ്രണയം തുളുമ്പുന്ന ആ നീലക്കണ്ണുകള് എനിക്ക് വ്യക്തമായി കാണാമായിരുന്നു..
ഒപ്പം നെഞ്ചിന് താഴെയായി പച്ച കുത്തിയ ആ പേരും..”പാർവതി”
(തുടരും)