അന്ന് ഞാൻ പൊരി വെയിലത്തു വിയർത്തു കുളിച്ചു ജോലി ചെയ്തു ഉണ്ടാക്കിയ പണമാണ് ഒരു ഒപ്പിന് വേണ്ടി ആ ഉദ്യോഗസ്ഥർ യാതൊരു ഉളുപ്പും കൂടാതെ വാങ്ങി വെച്ചത്……

എഴുത്ത്:- ഹക്കീം മൊറയൂർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ചില സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കിട്ടിയില്ലെങ്കിൽ ജോലി ചെയ്യാൻ മടിയാണ്.

കഴിഞ്ഞ ആഴ്ച്ച കടയിൽ വന്ന ഒരാൾക്ക് 60,000 രൂപ സർക്കാർ സഹായം പാസ്സാക്കാൻ ഒരു മാഡം ചോദിച്ചത് പതിനായിരം രൂപയാണ്.

കേരള, കേന്ദ്ര സർക്കാറുകൾ നൽകി വരുന്ന ധന സഹായം അവരുടെ വീട്ടിൽ നിന്നും കൊടുക്കുന്ന പോലെയാണ് ചിലരുടെ പെരുമാറ്റം. പത്തു രൂപ കിട്ടാൻ നാലോ അഞ്ചോ ദിവസം ഓടി നടക്കണം. പിന്നെ നല്ല ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് നക്കാൻ കൈക്കൂലിയും നൽകണം.

എനിക്ക് തോന്നുന്നത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നത്തെ സാഹചര്യത്തിൽ സുഖമായി ജീവിക്കാനുള്ള വരുമാനം സർക്കാർ നൽകുന്നുണ്ട് എന്നതാണ്. പിന്നെയും എന്തിനാണ് ഈ പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്നത്.

ഒരു രൂപ പോലും കൈക്കൂലി വാങ്ങാതെ ആത്മാർഥമായി ജോലി ചെയ്യുന്ന ഒരു പാട് നല്ല സർക്കാർ ഉദ്യോഗസ്ഥരെ എനിക്ക് പരിചയമുണ്ട്. അവരുടെ പേര് കൂടെ ചീത്തയാക്കും ഈ ആക്രാന്തങ്ങൾ.

ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഞാൻ കൂലി പണിക്ക് പോവുമായിരുന്നു.

അന്നെനിക്ക് ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് വേണമായിരുന്നു.

മൂന്ന് ദിവസം അതിന് വേണ്ടി ഞാൻ നടന്നു. വളരെ നിസാരമായി കൊടുക്കാൻ പറ്റുന്ന സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ദിവസങ്ങളോളം നടന്നു ചെരിപ്പ് തേഞ്ഞവരെ ഞാൻ അവിടെ വെച്ചു കണ്ടു. പണവും സ്വാധീനവും ഉള്ളവർ മിനിറ്റുകൾക്കുള്ളിൽ കാര്യം നടത്തി പോകുന്നതും കണ്ടു.

100 രൂപ അപേക്ഷയോടൊപ്പം സമർപ്പിച്ചാണ് ഞാൻ നാലാം ദിവസം എന്റെ കാര്യം സാധിച്ചത്. ആ ഓഫീസിലെ ഒരാൾ പോലും ഞാനെന്നൊരു മനുഷ്യ ജീവി എന്തിനാണ് കയറി ഇറങ്ങുന്നതെന്നു ചോദിച്ചില്ല. പകരം അവരൊക്കെ മനപ്പൂർവം ഗൗരവം പൂണ്ടു നിന്നു. എന്തെങ്കിലും സംശയം ചോദിക്കുന്നത് പോലും അവർക്ക് ദേഷ്യമായിരുന്നു. പിച്ചക്കാശ് മേടിക്കാൻ വരുന്ന യാചകരോട് പോലും സാധാരണക്കാർ അതിലും നന്നായി പെരുമാറും എന്നെനിക്ക് ഉറപ്പായിരുന്നു.

അന്ന് ഞാൻ പൊരി വെയിലത്തു വിയർത്തു കുളിച്ചു ജോലി ചെയ്തു ഉണ്ടാക്കിയ പണമാണ് ഒരു ഒപ്പിന് വേണ്ടി ആ ഉദ്യോഗസ്ഥർ യാതൊരു ഉളുപ്പും കൂടാതെ വാങ്ങി വെച്ചത്.

ആ നൂറു രൂപ കിട്ടാൻ ഞാൻ എട്ട് മണിക്കൂറാണ് ചോര നീരാക്കിയത്. അത് വാങ്ങാൻ അവർ എടുത്തത് രണ്ട് സെക്കണ്ടിന്റെ ഒരു ഒപ്പിടാനുള്ള സമയവും.

വിജിലൻസിനെ കൊണ്ട് പിടിപ്പിച്ചാലോ എന്നൊക്കെ ഞാൻ ആലോചിച്ചു. പിന്നെ തോന്നി അവർ നക്കിക്കോട്ടെ എന്ന്. സത്യമായും അന്ന് അതിലും വലിയ തെറികളാണ് ഞാൻ മനസ്സിൽ പറഞ്ഞത്.

അന്നത്തെ ദിവസം മുഴുവൻ ആ സംഭവം എന്റെ മനസ്സിൽ കിടന്നു. പിറ്റേന്നു വൈകുന്നേരം ഞാൻ അവിടെ വീണ്ടും പോയി.

മൂന്ന് ബൈക്കിന്റെ ടയർ രണ്ടും കാറ്റ് ഒഴിച്ച് കളഞ്ഞപ്പോഴാണ് എനിക്ക് തൃപ്തി വന്നത്. അതും പോരാഞ്ഞു ബബിൾഗം ചവച്ചു കീ ഹോളിലും കയറ്റി. സീറ്റ് കീറാൻ ആലോചിച്ചു പിന്നെ വേണ്ടെന്നു വെച്ചു.

അന്നത്തെ ആ പത്തൊമ്പതുകാരന് അതേ കഴിയുമായിരുന്നുള്ളൂ. ഇന്നാണെങ്കിൽ അവരുടെ മുഖത്ത് നോക്കി ഇതിലും നല്ലത് തീട്ടം വാരി തിന്നൂടെ എന്ന് ചോദിച്ചേ ഞാൻ തിരിച്ചു പോരൂ.

നല്ലവരായ സർക്കാർ ഉദ്യോഗസ്ഥർ സദയം ക്ഷമിക്കുക.

ഞാൻ പറഞ്ഞത് നിങ്ങളുടെ ഇടയിലുള്ള ചില ചെ റ്റകളെ കുറിച്ചാണ്.

മനപ്പൂർവം സേവനം തടഞ്ഞു വെച്ചു പാവങ്ങളുടെ വിയർപ്പിന്റെ ഓഹരി പറ്റുന്ന ആ മരപ്പാഴുകളെ പറ്റി മാത്രമാണ്.

പത്തു രൂപക്ക് കുഞ്ഞുങ്ങൾക്ക് ബിസ്ക്കറ്റ് വാങ്ങിയാൽ പോലും 1 രൂപ 80 പൈസ നികുതിയായി അടക്കുന്ന പൊതു ജനത്തിന്റെ ആ നികുതി പണത്തിൽ നിന്നാണ് നിങ്ങൾക്ക് സർക്കാർ ശമ്പളം നൽകുന്നത്.

നിങ്ങൾ ചെയ്യുന്ന ജോലിക്ക് ആനുപാതികമായി നിങ്ങൾക്ക് ശമ്പളം ഇല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ ഒന്നുകിൽ സമരം ചെയ്തു ശമ്പളം കൂട്ടി വാങ്ങുക.

ഇല്ലെങ്കിൽ വേറെ പണി നോക്കി പോവുക.

ഇന്നാട്ടിൽ പഠിച്ചിട്ടും ജോലിയില്ലാതെ നടക്കുന്ന ഒരു പാട് ആളുകളുണ്ട്. അവർക്കെങ്കിലും നിങ്ങളെ കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെ.

(ഇപ്പൊ ആലോചിക്കുമ്പോൾ ഞാൻ ചെയ്തത് തെറ്റായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ, ആ ഉദ്യോഗസ്ഥരൊക്കെ ഇപ്പോൾ പെൻഷനും പറ്റി സുഖിച്ചു ജീവിക്കുകയാവും എന്നോർക്കുമ്പോൾ വിഷമവും. ആവുന്ന കാലത്ത് ജനങ്ങളെ ദ്രോഹിക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്നവർക്ക് എന്തിനാണ് പെൻഷൻ?. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പെൻഷൻ കട്ട് ചെയ്താൽ ഈ കിമ്പളമൊക്കെ വാങ്ങുന്നത് താനേ നിൽക്കും എന്നാണ് എന്റെ ഒരു ഇത്).

വായനക്ക് നന്ദി.