അനൂപ് എത്ര അപേക്ഷിച്ചിട്ടും അയാള്‍ കേട്ട ഭാവം പോലും കാണിച്ചില്ല. ഒടുവില്‍ ‍ അയാളുടെ കാലില്‍ വീണ് അപേക്ഷിച്ചു…..

അനിയൻ

Story written by Shaan Kabeer

“എനിക്കിനി വയ്യ ആ മുഴുകുടിയനൊപ്പം ജീവിക്കാന്‍”

ചേച്ചി അഞ്ചു വയസ്സുകാരൻ മകന്റെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി വരുന്നത് അനൂപ് കണ്ടു.

“എന്താ ചേച്ചിയമ്മേ, അളിയന്‍ വീണ്ടും തുടങ്ങിയോ”

ചേച്ചി അനുപിന് തന്റെ കവിളിലെ പാട് ചൂണ്ടിക്കാണിച്ച്

” ഇത് കണ്ടോടാ നീ, ഇന്നലെ കുടിച്ച് വന്ന് എന്നെ തല്ലിയതാ”

അത് അനൂപിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അവനെ കഷ്ടപ്പെട്ടാണ് ചേച്ചി വളര്‍ത്തി വലുതാക്കിയത്. അവന് അവള്‍ അമ്മയായിരുന്നു ചേച്ചിയമ്മ.

” ചേച്ചിയമ്മേ, ഇത് ഇങ്ങനെ വിട്ടാൽ ശരിയാകില്ല. ഞാന്‍ അളിയനോടൊന്ന് സംസാരിക്കാം”

” നീ സംസാരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല മോനേ. അയാളെകൊണ്ട് കുടി നിര്‍ത്താന്‍ പറ്റില്ല. ചെറുപ്പത്തിലെ തുടങ്ങിയ ശീലമാ അത്. എനിക്കിനി അയാളോടൊപ്പം ജീവിക്കേണ്ട”

” അങ്ങനെയൊന്നും പറയല്ലേ. ചേച്ചിയമ്മ മോനേയും കൊണ്ട് അകത്ത് പോ, ഞാന്‍ അളിയനെ കണ്ടിട്ട് വരാം”

ഇത്രയും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി, കുറച്ചു ദൂരം നടന്ന് ഒന്നു നിന്നു

” ചേച്ചിയമ്മേ അവിടെ കഴിക്കാനൊന്നും കാണില്ല കെട്ടോ. ഇപ്പോ എന്റെ കഴിപ്പ് ഹോട്ടലീന്നാ. ഞാന്‍ വരുമ്പോള്‍ എന്തേലും കൊണ്ടു വരാം”

ചേച്ചിയമ്മ തലയാട്ടി. അവന്‍ മുണ്ടിന്റെ ഒരു അറ്റം പൊക്കി തന്റെ കയ്യില്‍ പിടിച്ച് നടന്നു പോകുന്നത് ചേച്ചിയമ്മ നോക്കി നിന്നു.

അനൂപ് അളിയന്റെ വീട്ടിലെത്തിയപ്പോള്‍ അളിയന്‍ നല്ല പൂസായിരുന്നു. അവന്‍ അളിയന്റെ മുന്നില്‍ കൈകള്‍ കൂപ്പി അപേക്ഷിച്ചു

” എന്തിനാ അളിയാ ഇങ്ങനെ കുടിച്ച് നശിക്കുന്നത്. പാവല്ലേ എന്റെ ചേച്ചിയമ്മ. അളിയന് അളിയന്റെ ആ പിഞ്ച് കുഞ്ഞിനെ ഓര്‍ത്തെങ്കിലും കുടിക്കാതെയിരുന്നൂടെ” ഇത് കേട്ടതും അയാള്‍ അവനോട് അലറി

” ഒന്ന് പോടാ പുല്ലേ, എന്റെ പണം എന്റെ ശരീരം ഞാന്‍ എത്ര വേണമെങ്കിലും കുടിക്കും. നീയാരാ ചോദിക്കാന്‍. ഒരു ഉപദേശി വന്നിരിക്കുന്നു”

അനൂപ് എത്ര അപേക്ഷിച്ചിട്ടും അയാള്‍ കേട്ട ഭാവം പോലും കാണിച്ചില്ല. ഒടുവില്‍ ‍ അയാളുടെ കാലില്‍ വീണ് അപേക്ഷിച്ചു. അയാള്‍ അവനെ കാലുകൊണ്ട് തള്ളിമാറ്റി തന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്ക് പോയി. അവന്‍ നിസ്സഹായനായി അത് നോക്കി നിന്നു.

അന്ന് രാത്രി കുറച്ച് വൈകിയാണ് അനൂപ് വീട്ടിലെത്തിയത്. അനൂപിനെ കണ്ടതും ചേച്ചിയുടെ മുഖത്ത് ആകാംക്ഷ

” എന്തായി മോനേ പോയ കാര്യം. അളിയന്‍ എന്ത് പറഞ്ഞു”

” ചേച്ചിയമ്മേ ഞാന്‍ കുറച്ച് ദിവസം ഇവിടെ ഉണ്ടാകില്ല. അളിയനേം കൊണ്ട് ഒരു സ്ഥലം വരെ പോവുകയാ”

” എവിടേക്ക്”

” എന്റെ കൂട്ടുകാരന്‍ വഴി അളിയനെ ഒരു വൈദ്യരുടെ അടുത്ത് കൊണ്ടു പോവാ. അവിടെ കുറച്ച് ദിവസം ചികിത്സിച്ചാൽ പിന്നെ ജീവിതത്തില്‍ അളിയന്‍ കുടിക്കില്ല”

” അതിന് അളിയന്‍ സമ്മതിച്ചോ”

” ഒന്ന് വിരട്ടിയപ്പോൾ ആള് പത്തി താഴ്ത്തി. എല്ലാം ഞാന്‍ പിന്നീട് വിശദമായി പറയാം. ഇപ്പോ ഞാന്‍ പോവാ. ഞാന്‍ വിളിക്കേണ്ട്”

ഇത്രയും പറഞ്ഞ് അവന്‍ തന്റെ വസ്ത്രങ്ങളുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങി.

രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അവന്‍ പിന്നീട് വീട്ടിലേക്ക് തിരിച്ചു വരുന്നത് കൂടെ അളിയനും ഉണ്ടായിരുന്നു. തന്റെ ഭര്‍ത്താവിനെ കണ്ട അവള്‍ ഞെട്ടി. ഭര്‍ത്താവിന്റെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. മുഖത്ത് എന്തോ ഒരു ഐശ്വര്യം വന്നപോലെ.

അവളെയും മകനേയും അയാള്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. സ്ഥിരം ക ള്ളുകുടി കൂട്ടുകാരുമായുള്ള ബന്ധം അയാള്‍ പാടെ ഉപേക്ഷിച്ചു. ആദ്യമൊക്കെ അവള്‍ കരുതിയത് കൂടിപോയാൽ ഒന്നോ രണ്ടോ ആഴ്ച, അത് കഴിഞ്ഞാല്‍ ഭര്‍ത്താവ് വീണ്ടും പഴയ പോലെ ആവുമെന്നാണ്. പക്ഷെ ഒരാഴ്ച കഴിഞ്ഞു ഒരു മാസം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞു അയാള്‍ മ ദ്യം എന്ന സാധനം തന്റെ കൈകൊണ്ട് പോലും തൊട്ടില്ല. കുടിക്കാൻ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും അയാള്‍ അവിടെ നിന്നെല്ലാം ഒഴിഞ്ഞു മാറുന്നത് കണ്ട അവള്‍ ശരിക്കും ഞെട്ടി.

ഒരുദിവസം ഭര്‍ത്താവിനേയും കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ അവള്‍ തന്റെ ഒരു ആഗ്രഹം പറഞ്ഞു

“ചേട്ടാ എനിക്ക് ആ വൈദ്യരെ ഒന്ന് കാണണം. എന്നിട്ട് ആ പാദങ്ങളിൽ നമസ്കരിക്കണം. അദ്ദേഹം എനിക്ക് ദൈവതുല്യനാണ്. എന്റെ ഭര്‍ത്താവിനെ തിരിച്ചു തന്ന, എനിക്കും മകനും നഷ്ടപ്പെട്ടു പോയ ജീവിതം തിരിച്ചുതന്ന ദൈവമാണ് അദ്ദേഹം”

ഇത് കേട്ട അയാള്‍ കുറച്ചു സമയത്തെ മൗനത്തിന് ശേഷം അവളുടെ മുഖാമുഖം കിടന്നു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി

“നീ നന്ദി പറയേണ്ടത്… സാങ്കല്പ്പിക കഥാപാത്രമായ വൈദ്യരോടല്ല”

“സാങ്കല്പ്പിക കഥാപാത്രമോ…?”

“അതെ, എന്നെ ചികിത്സിച്ച വൈദ്യരുടെ കഥ വെറും കെട്ടുകഥ മാത്രമാണ്. നിന്റെ അനിയന്റെ കാലില്‍ ഒരു ആയിരം തവണ ഞാന്‍ ദിവസവും എന്റെ മനസ്സുകൊണ്ട് നമസ്ക്കരിക്കുന്നുണ്ട്. ഇങ്ങനെയൊരു അനിയനെ കിട്ടിയ നീ ഭാഗ്യം ചെയ്തവളാണ്. ലോകത്ത് ഒരു സഹോദരനും സ്വന്തം ചേച്ചിയെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല”

ഇത്രയും പറഞ്ഞ് അയാള്‍ ബെഡിൽ നിന്നും എഴുന്നേറ്റു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ ശ്രദ്ധിച്ചു.

” എന്താ ചേട്ടാ സംഭവിച്ചേ”

” നീ ഒരിക്കലും അറിയരുത് എന്ന് അവന്‍ പറഞ്ഞതാണ്. പക്ഷെ എനിക്ക് വയ്യ ഇങ്ങനെ ഉരുകി തീരാൻ. നീ എല്ലാം അറിയണം”

ഒന്ന് നിറുത്തിയിട്ട് അവന്‍ തുടര്‍ന്നു

“അന്ന് എന്നെ കാണാന്‍ വന്ന ദിവസം ഞാന്‍ അവനെ വഴക്ക് പറഞ്ഞ് കാലുകൊണ്ട് തള്ളിമാറ്റി ബൈക്കെടുത്ത് പോയത് ഒരു വലിയ അപകത്തിലേക്കായിരുന്നു. ചോരയില്‍ കുളിച്ചു കിടന്ന എന്നെ അവന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞാണ് ഞാന്‍ ഒന്ന് അനങ്ങുന്നത് തന്നെ. എന്റെ എല്ലാ കാര്യങ്ങളും കൂടെ നിന്ന് അവന്‍ ചെയ്തു. എന്റെ മലവും മൂത്രവും വരെ അവന്‍ കഴുകി. ഞാന്‍ ഷർദ്ദിച്ചത് അറപ്പില്ലാതെ വൃത്തിയാക്കി. അതിനിടയിലാണ് ഡോക്ടര്‍ പറയുന്നത്”

ഒന്ന് നിറുത്തിയിട്ട് അവൻ ഭാര്യയെ നോക്കി

“എന്റെ കരളിന് സരമായ പ്രശ്നങ്ങൾ ഉണ്ടെന്നും ഉടന്‍ കരൾ മാറ്റി വെച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാണ് എന്ന് ഡോക്ടർ പറഞ്ഞപ്പോള്‍, അതുവരെ ജീവിതം എന്ന് പറഞ്ഞാല്‍ പുച്ഛമായിരുന്ന എനിക്ക് മരണ ഭയം വന്നു. പക്ഷെ അനൂപ് അപ്പോള്‍ തന്നെ പോയി ഡോക്ടറെ കണ്ടു. ഞങ്ങള്‍ളുടേത് രണ്ടു പേരുടേയും ഒരേ ബ്ലഡ് ഗ്രൂപ്പ് ആയതുകൊണ്ട് തന്നെ അനൂപിന്റെ കരളിന്റെ ഒരുഭാഗം എനിക്ക് പകുത്ത് നൽകാൻ സമ്മതമാണ് എന്ന് എഴുതി കൊടുത്തു. ഓപ്പറേഷന് മുന്നേ എന്നോട് അവന്‍ ഒരേയൊരു കാര്യമേ ആവശ്യപ്പെട്ടൊള്ളൂ, അളിയന്‍ ഇനി ഒരിക്കലും കുടിക്കരുത്, ചേച്ചിയമ്മയെ ഒരിക്കലും സങ്കടപ്പെടുത്തരുത് എന്ന്. അവന്‍ തന്ന പിച്ചയാടീ എന്റെ ഈ ജീവിതം”

നിറഞ്ഞ കണ്ണുകളോടെ അയാൾ തന്റെ ബനിയൻ ഊരിമാറ്റി

“ഓപ്പറേഷൻ കഴിഞ്ഞ ഈ പാട് കാണാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഏത് സമയവും ഈ ബനിയനും ഇട്ടോണ്ട് നടക്കുന്നത്”

അവൾ നിറക്കണ്ണുകളോടെ ഭർത്താവിനെ നോക്കി

“എനിക്ക് ഇപ്പോ എന്റെ മോനെ കാണണം”

ആ പാതിരാത്രി അവര്‍ രണ്ടു പേരും അനൂപിന്റെ വീട്ടിലെത്തി. അനൂപിനെ കണ്ടതും അവള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു

“എന്തിനാണ് മോനേ ഈ ത്യാഗം നീ എന്നോട് ചെയ്തേ”

“ഹോ!!! അളിയന്‍ എല്ലാം പറഞ്ഞു അല്ലേ..? എന്റെ ചേച്ചിയമ്മേ, പണ്ട് അച്ഛനും അമ്മയും മരിച്ച സമയത്ത് ചേച്ചിയമ്മ സ്വന്തം കാര്യം നോക്കിപ്പോയിരുന്നെങ്കിൽ ഞാന്‍ ഇന്ന് വല്ല ബസ്റ്റാന്റിലോ റെയില്‍വേ സ്റ്റേഷനിലോ തെണ്ടുന്നുണ്ടാവുമായിരുന്നു. അവര്‍ എന്റെ കണ്ണും മൂക്കും എല്ലാം കുത്തി പൊട്ടിച്ച് വിരൂപനും ആക്കിയിട്ടുണ്ടാവും. ഇത് ഇപ്പോ എന്റെ ശരീരത്തിന്റെ അകത്ത് കിടക്കുന്ന ലിവറിന്റെ ചെറിയൊരു ഭാഗമെടുത്ത് ന്റെ അളിയന് പകുത്ത് നൽകി, അത്രേ ഒള്ളൂ. അതിനെയൊക്കെ ത്യാഗം എന്ന് പറഞ്ഞാല്‍… ചേച്ചിയമ്മ ഉണ്ണാതെ എന്നെ ഊട്ടിയതും, പഠിക്കാതെ എന്നെ പഠിപ്പിച്ചതും, ചേച്ചിയമ്മ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് എനിക്ക് പുത്തന്‍ ഉടുപ്പ് വാങ്ങിത്തന്നതിനേയും എല്ലാം എന്ത് പേരിട്ടാ വിളിക്കാ”

അവന്‍ അളിയനെ നോക്കി പറഞ്ഞു

“എന്റെ അളിയാ, വീട്ടില്‍ നിന്നും ഒരു പെണ്ണിനെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുമ്പോൾ അത് സഹോദരിയാവട്ടേ മകളാവട്ടേ, പിടയുന്നത് ഞങ്ങളുടെ നെഞ്ചാണ്. ഒരിക്കലും കണ്ണീരോടെ അവള്‍ ഞങ്ങളുടെ അടുത്തേക്ക് വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഞങ്ങള്‍ അവളെ നിങ്ങളുടെ കൈ പിടിച്ച് ഏല്‍പ്പിക്കുന്നത്. ഇതൊക്കെ അളിയന് ഒരു പെണ്‍കുട്ടി ജനിച്ചാൽ മനസ്സിലാകും”

അവരെ യാത്രയാക്കാൻ നേരം അനൂപ് ഒരു കാര്യം കൂടി പറഞ്ഞു

“ഒരു ആയുസ്സിന്റെ പാതി എനിക്ക് വേണ്ടി മാത്രം ജീവിച്ച ചേച്ചിയമ്മയുടെ മുഖത്ത് സന്തോഷം വരാന്‍ വേണ്ടി എന്റെ ഈ ആയുസ്സ് തന്നെ ബലി നൽകാൻ ഞാന്‍ തയ്യാറാണ്”