Story written by J. K
കടലിലേക്ക് നോക്കി ഇങ്ങനെ ഇരിക്കുമ്പോൾ ഉള്ളിലെ തീ അല്പം അണയുന്ന പോലെ തോന്നി ആദിത്യന്…
കാറ്റു വന്നു തഴുകുമ്പോൾ അമ്മയുടെ സാമിപ്യം പോലെ..
തിരകൾ വന്നു കാലിൽ തൊടുമ്പോൾ അച്ഛന്റെ കരുതൽ പോലെ..
ഫോണിൽ ഇന്നത്തെ ദിവസം ഒന്നു കൂടി അവൻ നോക്കി…
മാർച്ച് 14…
കുറച്ച് വർഷത്തിന് മുമ്പ് നശിച്ച ഈ ദിവസം ഇല്ലായിരുന്നു എങ്കിൽ… എന്ന് വെറുതെ അവനോർത്തു..
ഇരു മീഡിയയിലൂടെയും കണ്ണുനീർ അരിച്ചിറങ്ങി..
ആ മണലിൽ അങ്ങനെ മലർന്നു കിടക്കുമ്പോൾ ആകാശം പോലെ ശൂന്യമാണ് തന്റെയും ജീവിതം എന്ന് അയാൾക്ക് തോന്നി…. ഓർമ്മകൾ മെല്ലെ പുറകിലേക്ക് ഓടി പോയി..
എത്ര സന്തോഷകരമായിരുന്നു ജീവിതം അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം…. പരസ്പരം മത്സരിച്ച് സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും….
അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു…?രണ്ടു മക്കൾ ആയപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഉള്ള പാടുകൊണ്ടാവണം പണ്ട് എന്നോ പഠിച്ചു വെച്ച ടൈലറിംഗ് അമ്മ പൊടിതട്ടിയെടുത്തത്…. ബുദ്ധിമുട്ടുകൾ പലതവണ ജീവിതത്തിൽ വന്നു പോയിട്ടുണ്ട്… പക്ഷേ അമ്മയും അച്ഛനും അവരുടെ ആജ്ഞാശക്തി കൊണ്ട് അതിനെ എല്ലാം തരണം ചെയ്തു മുന്നോട്ടു പോയിരുന്നു…
കുട്ടികളായ ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം തരുന്നതിനും ഞങ്ങളുടെ എല്ലാ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു….
എത്ര ബുദ്ധിമുട്ടിയാലും അച്ഛൻ ഞങ്ങളുടെ ഒരു കാര്യത്തിനും ഒരു മുട്ടും വരുത്തിയിട്ടില്ല…
സന്തോഷത്തിന്റേ നാളുകൾ മുന്നോട്ടുപോയി….. മറ്റുള്ളവർക്ക് അസൂയ തോന്നും വിധത്തിലായിരുന്നു ഞങ്ങളുടെ ജീവിതം… എന്റെ പെങ്ങൾ കുട്ടിക്ക് ഞാൻ എന്നുവച്ചാൽ ജീവനായിരുന്നു….. എനിക്ക് തിരിച്ചും..
അച്ഛന്റെ വീട് ഭാഗിക്കുന്നത് സംബന്ധിച്ച് അച്ഛന്റെ പെങ്ങളുമായി തർക്ക മുണ്ടായിരുന്നു…. അച്ഛൻ ഏറെ സ്നേഹിച്ച പെങ്ങൾ സ്വത്തിന്റെ പേരിൽ അച്ഛനെ തള്ളിപ്പറഞ്ഞപ്പോൾ അത് അച്ഛന് സഹിക്കാൻ കഴിഞ്ഞില്ലയിരുന്നു….
ഏറെനാളായി ഞങ്ങളോട് വഴക്കിട്ട് മിണ്ടാതിരുന്ന അവർ അവരുടെ മകളുടെ കല്യാണം ആയപ്പോൾ മെല്ലെ ലോഹ്യത്തിന് വന്നു…
അച്ഛനോട്, ആ കുട്ടിക്ക് അച്ഛൻ ഇല്ല അതുകൊണ്ട് സഹായിക്കണമെന്നും പറഞ്ഞ്….
അത്രയും കാലം ചെയ്തതും പറഞ്ഞതും ഓർത്ത് അച്ഛൻ പരിഭവത്തിൽ ആയിരുന്നു. അമ്മ അച്ച്ചനെ പറഞ്ഞു മനസ്സിലാക്കി നമ്മൾ വേണം ഇതിന് മുൻകൈ എടുക്കാൻ എന്ന് അമ്മ അച്ഛനോട് പറഞ്ഞു കൊടുത്തു….
മനസ്സിൽ ആദ്യം ഒരു കരട് അവശേഷിച്ചിരുന്നു എങ്കിലും അച്ഛൻ അവരുടെ വിവാഹം മുന്നിൽനിന്ന് നടത്തി കൊടുക്കാമെന്ന് ഏറ്റു..
അമ്മയ്ക്ക് അതില്പരം ഒരു സന്തോഷം വേറെ ഉണ്ടായിരുന്നില്ല…
പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും മാത്രം അറിയുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി മാത്രമായിരുന്നു അമ്മ…
എന്നെയും അനിയത്തിയെയും അമ്മയ്ക്ക് ജീവനായിരുന്നു… ഒരുതരം കളിക്കൂട്ടുകാരെ പോലെ…..
അല്ലെങ്കിൽ എന്റെ പ്രണയത്തെ പറ്റി അമ്മയോട് ഞാൻ പറയില്ലായിരുന്നു…
അപ്പച്ചി അച്ഛനെ എല്ലാം ഏൽപ്പിച്ചു..
ആളുകളെ ക്ഷണിക്കുന്നത് അടക്കം..
അച്ഛൻ പിന്നീട് നിറഞ്ഞ മനസ്സോടുകൂടി തന്നെയാണ് എല്ലാം ചെയ്തത് .. സ്വന്തം വീട്ടിലേ കല്യാണം നടക്കുന്നതുപോലെ സന്തോഷമായിരുന്നു അച്ഛനും അമ്മയ്ക്കും…
ഒടുവിൽ വിവാഹം വന്നെത്തി മാർച്ച് 14 ന്.. എടുക്കാൻ ഉള്ള സാധനങ്ങൾ എടുത്തു ഉടനെ അങ്ങോട്ട് വരാം എന്നാണ് അച്ഛനുമമ്മയും പറഞ്ഞത്…
കല്യാണ മണ്ഡപത്തിലേക്ക് അച്ഛനും അമ്മയും കൂടി അച്ഛന്റെ ഓട്ടോയിൽ തിരിച്ചു… ഞാനും അനിയത്തിയും മുൻപുതന്നെ പോന്നിരുന്നു… പിന്നെ അറിഞ്ഞത് ഓട്ടോയിൽ ഒരു ലോറി വന്നിടിച്ചു എന്നാണ്….
സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ടുപേരും വിട പറഞ്ഞിരുന്നു …..
താങ്ങാനാവാതെ ഞാനും അനിയത്തിയും…
എങ്ങനെയാണ് ആ ഒരു സന്ദർഭത്തിൽ നിന്നും കരകയറിയത് എന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല…
അവൾ കുറേ തവണ പറഞ്ഞതാണ് അവരുടെ കൂടെ പോകാം എന്ന്..
പാടില്ല നമുക്കുള്ള ജീവിതം ജീവിച്ചു തീർക്കണം വാശിയോടെ എന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിച്ചത് ഞാനാണ്…..
ജീവിതം എത്ര വിരസം ആണെന്ന് തിരിച്ചറിയുകയായിരുന്നു അവരുടെ അസാന്നിധ്യത്തിൽ…
ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും ആരുമില്ലാത്ത അവസ്ഥ… എത്ര ചിരിക്കാനുള്ള കാരണങ്ങൾ ഉണ്ടെങ്കിലും കരയാനുള്ള തോന്നൽ…
അനിയത്തി മാത്രമായിരുന്നു ഏക ആശ്വാസം കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ വിവാഹം കഴിഞ്ഞു പോയി… പിന്നീട് തീർത്തും ഒറ്റപ്പെട്ട നാളുകൾ…
പ്രണയിച്ചിരുന്നു അവളും ഓരോന്ന് പറഞ്ഞു എന്നെ തനിച്ചാക്കി പോയപ്പോൾ…
ഒന്നു ഉയർത്തിപ്പിടിച്ച് കരയാൻ എങ്കിലും അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോയി…
അനിയത്തി വല്ലപ്പോഴുമൊന്ന് വീട്ടിൽ വരും.. അലങ്കോലപ്പെട്ടു കിടക്കുന്ന വീട് എല്ലാം വൃത്തിയാക്കി ഇടും…
അവിടെ ഒരു മൂലയിൽ എങ്ങോ നോക്കിയിരിക്കുന്ന എന്നെ ഓർത്ത് സങ്കടപ്പെടും…
പരമാവധി ഞാൻ അവളെ പറഞ്ഞു ആശ്വസിപ്പിക്കും ചേട്ടൻ ഒക്കെ ആണെന്ന്..
അവൾക്കും പൂർണമായി എന്റെ അടുത്ത് നിൽക്കാൻ കഴിയില്ലല്ലോ…. അവരുടെ കുടുംബം ഇല്ലേ…
അതോർത്ത് അവളെ ഞാൻ ഉന്തി പറഞ്ഞു വിടും…
കരച്ചിൽ അടക്കാൻ ആവാതെ മനസ്സ് ഇവിടെ അർപ്പിച്ചു അവൾ പോകും..
അവളുടെ ഭർത്താവിനോട് സംസാരിച്ച് അവർ തന്നെയാണ് എനിക്ക് വേണ്ടി കല്യാണാലോചന നടത്താൻ തീരുമാനിച്ചത്..
അനാഥനെ ആർക്കും സ്വീകാര്യമല്ലായിരുന്നു….
കുറേ ഇടത്തുപോയി നാണം കെട്ടപ്പോൾ ഞാൻ തന്നെയാണ് അവരോട് ഇനി മതി എന്ന് പറഞ്ഞത്… ക്രമേണ അവളുടെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു…
ഒരു തരത്തിൽ പറഞ്ഞാൽ അത് നല്ലതായിരുന്നു..
അവൾ വരുമ്പോൾ പണ്ടത്തെ ഓർമ്മകൾ വീണ്ടും എന്നെ നോവിക്കാൻ എത്തുമായിരുന്നു…. പോകുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയും…
പണ്ടത്തെ ചില നല്ല ഓർമ്മകൾ മാത്രം കെട്ടിപ്പിടിച്ച് ഞാൻ ആ വീട്ടിൽ പിന്നെയും കഴിച്ചുകൂട്ടി..
ജോലിക്ക് ആദ്യമൊക്കെ പോയി പിന്നീട് അതും മടുപ്പായി തുടങ്ങി..
എന്തിന്????
ആർക്കുവേണ്ടി???
അവസാനം ജോലിയും ഉപേക്ഷിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ആയി…
തോട്ടത്തിൽ നിന്നുള്ള അടയ്ക്കയിൽ നിന്നും കശുവണ്ടിയിൽ നിന്നും മറ്റും ഭക്ഷണത്തിനുള്ള വക കണ്ടെത്തി..
ആളുകൾ ഭ്രാiന്തനെന്ന് മുദ്രകുiത്തി… എങ്കിൽ പിന്നെ ആ ഒരു പേരിൽ ഇനി ജീവിക്കാമെന്ന് ഞാനും വിചാരിച്ചു…
ഒറ്റപ്പെടലിന്റെ അങ്ങേയറ്റം, ഭ്രാന്തിനേക്കാൾ ഭീകരമാണെന്ന് എനിക്കല്ലേ അറിയാവൂ..
ആകെ ഇടക്ക് കടപ്പുറത്തു ചെന്നിരിക്കും…. ഇത്തിരി ആശ്വാസത്തിനു വേണ്ടി…
ഒറ്റപ്പെട്ലിൽ ഒരാശ്വാസം…. അതിന്റെ കൈപ്പേറിയ അനുഭവങ്ങൾ എത്രത്തോളം ഒരാളെ തളർത്തും എന്നും നിരാശാജനകം ആണ് എന്നും എന്നെക്കാളും അറിഞ്ഞ് മറ്റൊരാൾ ഉണ്ടോ???
ഇത്തവണയും ഉള്ള് ഒരു പാട് നൊന്തപ്പോൾ അവിടെ പോയിരുന്നു…
തിരമാലകൾ ഒന്നിനുപുറകെ ഒന്നായി വരുന്നത് കാണാൻ..
എന്റെ ജീവിതത്തിലെ ദുരന്തങ്ങൾ പോലെ…
അച്ഛന്റെയും അമ്മയുടെയും സാന്നിധ്യം അവിടെ ഉള്ളതുപോലെ…
ഒറ്റയ്ക്കാക്കി പോയതിന് പരാതി പറഞ്ഞു… ഇത്രയും നാളും പിടിച്ചുനിന്നു…
ഒടുവിൽ ജീവിച്ചു ജീവിച്ചു മടുത്തു… എന്ന്…
എന്നത്തെയുംപോലെ അമ്മയെയും അച്ഛനെയും വിളിച്ചു പരാതി പറഞ്ഞു..
ഇനിയും എനിക്ക് വയ്യ എന്ന്…. ഇത്തവണ മാത്രം ആശ്വസിപ്പിക്കുന്നതിനുപകരം അച്ഛനുമമ്മയും മാടി വിളിക്കുന്നതു പോലെ തോന്നി… അവരുടെ കൂടെ ചെല്ലാൻ…
പിന്നെ ഒന്നും നോക്കിയില്ല ഇറങ്ങി നടന്നു…
കടലിന്റെ ഉള്ളിലേക്ക്… ഒത്തിരി ദൂരം പിന്നിട്ടപ്പോൾ പുറകിൽ നിന്നും ആരൊക്കെയോ വിളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു…
ഭ്രാന്തന്റെ ചെയ്തികൾ… അതു മാത്രമായിരുന്നു അവർക്ക് ഞാൻ കാണിക്കുന്നത്…
മുന്നിൽ മാടിവിളിക്കുന്ന വാത്സല്യ കടൽ അവർക്ക് കാണാനാവില്ലല്ലോ..
അനുഭവിക്കാൻ ആവില്ലല്ലോ..
എനിക്ക് അല്ലാതെ..
കടലിന്റെ അഗാധതയിലേക്ക് നടന്ന് നീങ്ങുമ്പോൾ ഇരുവശത്തും അച്ഛനും അമ്മയും കൂട്ടു വന്നിരുന്നു…..
ഇനി സനാഥത്വത്തിലേക്ക്…..
From a real incident