അത് പണ്ട് നിങ്ങളും ആയിറ്റുള്ള കല്യാണം തീരുമാനിക്കുമ്പം പോലും അച്ഛനും കാ൪ന്നോമ്മാരും ചോയ്ച്ചിറ്റ്ല്ല…..

കൺസെന്റ്

എഴുത്ത്:-ഭാഗ്യലക്ഷ്മി കെ. സി

നാരായണീ…

എന്താ കോരേട്ടാ?

ഈ കൺസന്റ് എന്ന് വെച്ചാൽ എന്താ? ഞ്ഞി കേട്ടിട്ടിന്റാ?

എന്റെ കോരാട്ടാ, ഞാൻ ങ്ങളെ കണ്ട സെന്റും എടുത്തിറ്റ്ല്ല, കേട്ടിറ്റും ല്ല..

അതല്ല നാരായണീ…

ദേ, കോരാട്ടാ എനിക്ക് ദേയ്ശം നല്ലോണം ബെര്ന്ന്ണ്ടേ.. ചോറ് ബെക്കാൻ അരി കഴ്കി അടുപ്പത്തിടുമ്പാ ഓരോ സെന്റും ചോയ്ച്ചോണ്ട് ബെര്ന്ന്..

നിനക്കീ ലോകത്ത് നടക്ക്ന്ന കാര്യം ബല്ലോം അറിയണാ..
അട്ക്കളേന്റെ നാല് ചൊമര്ന്റെ ഉള്ളിലല്ലേ നിന്റെ ലോകം..

അതോണ്ടെന്താ നിങ്ങളെ എട്ട് മക്കളെ പെറ്റ് പോറ്റീറ്റ്ല്ലേ ഞ്യാൻ? അവരിക്കെല്ലം കൂടി പതിനാല് പിള്ളേരും ഉണ്ടായി. വയസ്സ് എഴുപത്തിരണ്ടുമായി. ഇനി ഞാൻ കണ്ട സെന്റൊന്നും പൂശി നടക്കാൻ ഉദ്ദേശിച്ചിട്ടില്ല…

സെന്റല്ല നാരായണീ, കൺസെന്റ്… സമ്മതം..

ഓ… അത് പണ്ട് നിങ്ങളും ആയിറ്റുള്ള കല്യാണം തീരുമാനിക്കുമ്പം പോലും അച്ഛനും കാ൪ന്നോമ്മാരും ചോയ്ച്ചിറ്റ്ല്ല…

പിന്നല്ലേ..

ഞാൻ ചോയ്ക്കണം ന്ന് നിരീച്ചതാ, പക്ഷേ നിന്നെയൊന്ന് നേരാംവണ്ണം കാണാൻ കിട്ടണ്ടേ..

അതിരിക്കട്ടെ, ങ്ങക്ക്പ്പെന്തിനാ ഈ സമ്മതം?

ഇപ്പം ല്ലാരും പറേന്നത് ഒരുത്തിന്റെ ഒപ്പം കെടക്കാൻ തോന്നിയാ ഓളെ സമ്മതം ചോയ്ക്കണം ആദ്യം ന്ന്… ന്നിറ്റ് ഓള് സമ്മയ്ച്ചാ ആര്ക്കും അതാവാ ന്ന്..

ദേ… കോരേട്ടാ… ചട്ടീം കലോം എറിഞ്ഞ് പൊളിക്കാൻ എനിക്ക് അറിയാഞ്ഞിറ്റല്ല..
നിങ്ങളീ ബയ്യാത്ത കാലും ബെച്ച് പോയിറ്റ് ബേണ്ടേ ആദീം അതെല്ലാം ബാങ്ങിക്കൊണ്ടരാൻ..

അല്ല.. എന്റെ കാര്യല്ല നാരായണീ…

എനിക്കിപ്പം ആരോടാ അങ്ങനെ ചോയ്ക്കാനുള്ളെ..?

ബേണങ്കില്.. അത്രക്ക് ആശയ്ണ്ടങ്കില് എന്നോട് തന്നെ ചോയ്ച്ചോ.. പണ്ട് ചോയ്ച്ച്റ്റല്ലല്ലാ…

എന്നാപ്പിന്നെ ചോയ്ച്ചാലോ…

അതാരാ ബെര്ന്ന്? അങ്ങേലേ കാ൪ത്യായനിയാ?

ദേ.. എണീറ്റ് അപ്രത്ത് പോയാട്ടെ…ഇനി ഓളോട് സമ്മതം ചോയ്ക്കാൻ തോന്നണ്ട…

ഓ.. പിന്നെ..

നടുവും മണങ്ങി വാതത്തിന്റെ സൂക്കേട് കാരണം നേരാംവണ്ണം നടക്കാൻബരെ കയ്യാത്ത ഓളോട് കൺസെന്റ് ചോയ്ച്ചിട്ടെന്തിനാ..