എഴുത്ത്: അപ്പു
” ഹ്മ്മ്.. കെട്ടിയോനെ കളഞ്ഞിട്ട് അവന്റെ കൂട്ടുകാരന്റെ കൂടെ പോയേക്കുന്നു.. നാണമില്ലെടി നിനക്കൊന്നും.. “
പുച്ഛത്തോടെ ഉള്ള ചോദ്യം.. പരിഹാസത്തോടെ ഉള്ള നോട്ടം. അവളുടെ ചുണ്ടിലും പുച്ഛം തന്നെ ആയിരുന്നു.
“ഇത്രയുമൊക്കെ ഒപ്പിച്ചു വച്ചിട്ടും അവൾക്ക് പുച്ഛം തന്നെയല്ലേ..? എന്തെങ്കിലും ഭാവ വ്യത്യാസം ഉണ്ടോ എന്ന് നോക്കിക്കേ.. ഒരു കുറ്റബോധം പോലും ഇല്ലാതെ ഇങ്ങനെ നിൽക്കാൻ നിനക്കെങ്ങനെ കഴിയുന്നു കൊച്ചേ ..”
അയലത്തെ വീട്ടിലെ സുമതിയമ്മയുടെ ചോദ്യം കേട്ട് അവൾ മറുപടി ഒന്നും പറയാതെ അകത്തേക്ക് നടന്നു. അവിടെ കസേരയിൽ തല കുനിച്ചു ഇരിക്കുന്ന ഇപ്പോഴത്തെ ഭർത്താവ് സന്തോഷിനെ കണ്ടപ്പോൾ അവൾക്ക് വിഷമം തോന്നി.
“സന്തോഷേട്ടാ..”
അവൾ വിളിച്ചത് കേട്ട് അവൻ തല ഉയർത്തി നോക്കി. അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.
“ഞാൻ അന്ന് അത് വഴി വരാൻ പാടില്ലായിരുന്നു.. അല്ലെടോ..?”
അവൻ വേദനയോടെ ചോദിച്ചത് കേട്ട് അവൾക്ക് സങ്കടം തോന്നി.
“അങ്ങനെ ഒന്നും ചിന്തിക്കല്ലേ സന്തോഷേട്ടാ.. ഏട്ടൻ വന്നത് കൊണ്ടാണ് ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് പോലും..”
അവൾ പറഞ്ഞത് കേട്ട് മനസ്സിൽ ചെറിയൊരു സന്തോഷം തോന്നിയെങ്കിലും, അവന്റെ മുഖം തെളിഞ്ഞില്ല.
“ഈ നാട്ടുകാർ പറയുന്നത് കേട്ട് സങ്കടപ്പെടാൻ ആണെങ്കിൽ നമുക്ക് അതിനല്ലേ നേരം ഉണ്ടാകൂ.. നമ്മളെ നമുക്ക് അറിയാമല്ലോ.. അത് മതി.”
അവൾ അവന്റെ തോളിലേക്ക് കൈ ചേർത്ത് അവനെ ആശ്വസിപ്പിച്ചു.
” സുമതി അമ്മ പറഞ്ഞത് കേട്ട് സങ്കടപ്പെട്ടിരിക്കയാണ് എങ്കിൽ നമ്മൾ പട്ടിണി ആയി പോവുകയുള്ളൂ. അതുകൊണ്ട് വിഷമിക്കാതെ എഴുന്നേറ്റ് ജോലിക്ക് പോകാൻ നോക്ക്. ആളുകൾക്ക് പുതിയ ഒരു വിഷയം ചർച്ച ചെയ്യാൻ കിട്ടുന്നതു വരെയെ നമ്മുടെ കാര്യം അവർ ഓർക്കൂ.. “
അവൾ അവനെ ആശ്വസിപ്പിച്ചു. അവളുടെ വാക്കുകൾ നൽകിയ ഉണർവിൽ അവൻ ജോലിക്ക് പോകാൻ ഇറങ്ങി . അയലത്തു നിന്ന് പരിഹാസത്തോടെയുള്ള നോട്ടം അവന്റെ മേൽ പതിയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. ചുറ്റും തലയുയർത്തി നോക്കാതെ തല കുനിച്ചു തന്നെ അവൻ മുന്നോട്ടു നടന്നു. വാതിലിന് മറവിൽ ആ കാഴ്ച കണ്ടു നിന്ന് അവൾക്ക് വല്ലാത്ത സങ്കടം തോന്നി. താൻ കാരണമാണ് ആ മനുഷ്യൻ ഇപ്പോൾ ഇത്രയും നാണക്കേട് അനുഭവിക്കുന്നത് എന്ന് അവൾക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി.
അവൾ ഒരു നിമിഷം തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ആലോചിച്ചു.
ഡിഗ്രി ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് പ്രദീപിന്റെ വിവാഹാലോചന വരുന്നത്.അമ്മയും മകനും മാത്രമുള്ള കുടുംബമായിരുന്നു അത്. അവരുടെ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. പ്രദീപ് തീരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ആയിരുന്നു അച്ഛൻ ഒരു അപകടത്തിൽ മരണപ്പെടുന്നത്.അതിനു ശേഷം അമ്മയായിരുന്നു പ്രദീപിന് എല്ലാം. അമ്മയുടെ വാക്കിന് അനുസരിച്ച് മാത്രമാണ് ആ മകൻ പ്രവർത്തിച്ചിരുന്നത്.
അവന്റെ പഠനം കഴിഞ്ഞപ്പോൾ തന്നെ അവൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് പോകാൻ തുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ ഗവൺമെന്റ് ജോലിക്കായി പരിശീലനം നേടുകയും ചെയ്തു. അവന്റെ രാപ്പകൽ ഇല്ലാത്ത അധ്വാനം ഒടുവിൽ ഫലം കണ്ടു. അവന് നല്ലൊരു ഗവൺമെന്റ് ജോലി കിട്ടുകയും ചെയ്തു.
അതോടെ പ്രദീപിന് ഒരു കുടുംബം വേണം എന്നൊരു ചിന്ത അവന്റെ അമ്മയ്ക്ക് ഉണ്ടായി. അതിന്റെ ഫലമായിട്ടായിരുന്നു വിവാഹാലോചന അവളുടെ വീട്ടിൽ എത്തിയത്. ഒറ്റ നോട്ടത്തിൽ തന്നെ പ്രദീപിനെ അവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടിരുന്നു. ഒറ്റ മകന് ആയതു കൊണ്ട് തന്നെ നാത്തൂൻ പോരോ അനുബന്ധ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് വീട്ടുകാർ ഉറപ്പിച്ചു.
അതുകൊണ്ട് തന്നെ അവർ പറഞ്ഞ സ്ത്രീധനം കൊടുത്ത് ആഘോഷപൂർവ്വം ആണ് അവളുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ഒക്കെ അവൾക്ക് സന്തുഷ്ടമായ ജീവിതം ആയിരുന്നു. അവളുടെ ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഭർത്താവും അമ്മായിയമ്മയും.
പക്ഷേ അവർക്ക് കൊടുത്ത സ്ത്രീധനം തീരുന്നത് വരെ ഉണ്ടായിരുന്നുള്ളൂ ആ സ്നേഹം. അത് കഴിഞ്ഞതോടെ അവർക്ക് അവൾ ഒരു ബാധ്യതയായി തീർന്നു.
പണത്തിനോടും സമ്പത്തിനോടും ഒക്കെ ആർത്തിയുള്ള കൂട്ടത്തിലായിരുന്നു പ്രദീപിന്റെ അമ്മ. അതുകൊണ്ട് തന്നെ അവൾക്ക് സ്ത്രീധനം കിട്ടിയ തുക മുഴുവനായും അവർ പലവിധ ആർഭാടങ്ങൾക്ക് ഉപയോഗിച്ചു. അതിൽ പ്രദീപിന് ആദ്യമൊക്കെ എതിർപ്പുണ്ടായിരുന്നു. അവൻ അത് പ്രകടിപ്പിക്കുകയും ചെയ്തു.
” ഞാൻ നിന്നെ വളർത്തുന്ന തിരക്കിൽ യാതൊരു വിധ ആർഭാടങ്ങളും കണ്ടിട്ടില്ല.. ഇപ്പോൾ നിനക്ക് ഒരു കുടുംബമായി.ഇനി നിനക്ക് വേണ്ടി ഞാൻ ഒന്നും കാത്തു സൂക്ഷിക്കേണ്ട കാര്യമില്ല. “
അവർ തീർത്തു പറഞ്ഞു.
” അത് അമ്മ പറഞ്ഞത് ശരിയാണ്. ഇനി അമ്മ എനിക്ക് വേണ്ടി ഒന്നും സൂക്ഷിച്ചു വയ്ക്കേണ്ട. പക്ഷേ അവളുടെ വീട്ടുകാർ തന്നെ സ്വർണവും പണവും ഒക്കെ ഞങ്ങളുടെ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി ഉള്ളതല്ലേ.. അത് ഇങ്ങനെ ചെലവഴിച്ചാൽ ഭാവിയിൽ എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ എന്തു ചെയ്യും..? “
അവൻ ചോദിച്ചത് കേട്ട് അവർ പൊട്ടിച്ചിരിച്ചു.
” ഭാവിയിൽ എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ അവളുടെ വീട്ടുകാരോട് പോയി ചോദിക്കണം. നല്ലൊരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ മരുമകനായി കിട്ടിയതല്ലേ..? കൈ നനയാതെ മീൻ പിടിക്കാം എന്ന് ആരും കരുതണ്ട. നിങ്ങൾക്കുള്ള ആവശ്യങ്ങളൊക്കെ അവളുടെ വീട്ടിൽ പറഞ്ഞു നടത്തി എടുക്കണം. അത് പെൺമക്കളെ കെട്ടിച്ചു വിട്ട എല്ലാ അച്ഛനമ്മമാരുടെയും കടമയാണ്. “
അവർ ധാർഷ്ട്യത്തോടെ പറഞ്ഞു. അമ്മയെ എതിർത്ത ശീലമില്ലാത്ത പ്രദീപിന് ഈ വാക്കുകളും അനുസരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. പിന്നീട് അമ്മ പണം ചെലവഴിക്കുമ്പോൾ അവൻ യാതൊന്നും ചോദിക്കാതെ ആയി. അത് അവർക്ക് കൂടുതൽ സൗകര്യമായി മാറുകയും ചെയ്തു.
കൈയ്യിലുള്ള പണം തീർന്നതോടെ പ്രദീപിനെ അമ്മ അവളോട് മോശമായി പെരുമാറാൻ തുടങ്ങി. ഓരോ ആവശ്യങ്ങളും പറഞ്ഞു അവളെ അവളുടെ വീട്ടിലേക്ക് അയക്കുക പതിവായി. പിന്നീട് ആയപ്പോഴേക്കും അവൾക്ക് മടുത്തിരുന്നു. എത്രയെന്നു വച്ചാണ് പ്രായമായ അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കുക..?
അവൾ അതൊരു പരാതിയായി പ്രദീപിനോട് പറഞ്ഞെങ്കിലും അവൻ അത് കാര്യമാക്കി എടുത്തില്ല. എന്ന് മാത്രമല്ല അമ്മ പറഞ്ഞത് അനുസരിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു. ആ വാക്കുകൾ അവളെ തകർത്തു കളഞ്ഞു.
പിന്നെ പിന്നെ അമ്മായിയമ്മയോട് എതിർത്തു നിൽകാൻ അവൾ ശീലിച്ചു. അവർ പറയുന്ന ഓരോന്നിനെയും അവൾ എതിർത്തു. അതിനുള്ള ശിക്ഷ മുഴുവൻ വൈകുന്നേരം മകൻ ജോലി കഴിഞ്ഞു വരുമ്പോൾ ഇല്ലാത്ത കഥകൾ പറഞ്ഞു കൊടുത്തു അമ്മ വാങ്ങി കൊടുക്കാറുണ്ടായിരുന്നു.
കൃത്യമായി പറഞ്ഞാൽ അടിമയെ പോലുള്ള ജീവിതമായിരുന്നു അവൾക്ക് ആ വീട്ടിൽ. മകന്റെ ശാരീരിക ഉപദ്രവത്തിനു പുറമേ അമ്മയുടേത് കൂടിയായപ്പോൾ അവൾ പൂർണമായും തളർന്നു പോയിരുന്നു.
പിന്നീട് ഒരിക്കൽ, വീട്ടിൽ നിന്ന് പണം വാങ്ങുന്ന കാര്യം പറഞ്ഞ് അമ്മായിയമ്മയും അവളുമായി തർക്കമായി. അവളെ വെ, ട്ടാൻ അവർ വെട്ടുക, ത്തി കൈയ്യിലെടുത്തപ്പോഴേക്കും അവൾ അവിടെ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.
അന്ന് പ്രദീപ് വൈകുന്നേരം വീട്ടിലേക്ക് വന്നിരുന്നില്ല. അതുകൊണ്ടുതന്നെ രാത്രിയായിരുന്നു ഈ സംഭവങ്ങളൊക്കെ അരങ്ങേറിയത്.
അവൾ ഓടി വന്നു പെട്ടത് സന്തോഷിന്റെ മുന്നിലായിരുന്നു. തന്നെ രക്ഷിക്കണമെന്ന് സന്തോഷിന്റെ മുന്നിൽ കൈ നീട്ടി അപേക്ഷിച്ച് അവളെ ഉപേക്ഷിച്ചു കളയാൻ അവന് കഴിഞ്ഞില്ല.
പ്രദീപിന്റെ വീട്ടിലുള്ള അവളുടെ ജീവിതത്തെ കുറിച്ച് അറിയാമായിരുന്നതുകൊണ്ടു തന്നെ അവിടെ എന്തോ പ്രശ്നം ഉണ്ടാക്കിയിട്ട് ആണ് അവൾ പുറത്തേക്ക് ഓടിയെത്തിയത് എന്ന് മാത്രം സന്തോഷിന് മനസ്സിലായി. അവളുടെ വീട്ടിലേക്ക് വിവരം പറയാനായി വിളിച്ചെങ്കിലും അവിടെ ആരും ഫോണെടുത്തതും ഇല്ല.
അന്ന് രാത്രി സന്തോഷിന്റെ വീട്ടിൽ അവൾക്ക് അഭയം കൊടുത്തു. പക്ഷേ പിറ്റേന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. അവൾ ആ വീട്ടിൽ ഉണ്ടെന്ന് പ്രദീപിന്റെ വീട്ടിൽ അറിഞ്ഞു. അതോടെ കാമുകനോടൊപ്പം ഓടി പോയതായി വരുത്തി തീർത്തു. അതിൽ മുൻപന്തിയിൽ നിന്നത് പ്രദീപിന്റെ അമ്മ തന്നെയായിരുന്നു.
സന്തോഷും അവളും കൂടി അവളുടെ വീട്ടിൽ വിവരങ്ങൾ ധരിപ്പിക്കാൻ ആയി പോയെങ്കിലും വളരെ മോശമായ അനുഭവം ആയിരുന്നു അവിടെ നിന്നും അവർക്ക് ഉണ്ടായത്. ആ നാട്ടിൽ അവർക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് വീട്ടുകാർ തന്നെയായിരുന്നു.
ഇത്രയും സംഭവങ്ങൾ നടന്നിട്ടും ഒരിക്കൽ പോലും പ്രദീപ് അവളെ വന്നു കാണുകയോ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുകയോ ചെയ്തില്ല. അമ്മ പറഞ്ഞ വാക്കുകൾ തന്നെയായിരുന്നു അയാൾക്ക് വിശ്വാസം.
ആ നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നതോടെ സന്തോഷും അവളും ആ നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് അഭയം തേടിയെത്തി. അവളും പ്രദീപും തമ്മിലുള്ള ഡിവോഴ്സ് കഴിഞ്ഞതോടെ, സന്തോഷ് അവളെ സ്വീകരിക്കാൻ തയ്യാറായി.
പക്ഷേ അവൾക്ക് അവനെന്നും സഹോദരന്റെ സ്ഥാനത്താണ് എന്ന് പറഞ്ഞു കൊണ്ട് അവൾ അവന്റെ ആ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇല്ലാതെ വന്നതോടെയാണ് അവന്റെ താലിക്ക് മുന്നിൽ തലകുനിച്ച് കൊടുക്കാൻ അവൾ തീരുമാനിച്ചത്.
ആ നാട്ടിലും അവരെ കുറിച്ചുള്ള കഥകൾ പൊടിപ്പും തൊങ്ങലും വച്ച് എത്തിച്ചേർന്നപ്പോൾ, അവർ അവിടെ നിന്ന് ഓടിയെത്തിയത് ഈ നാട്ടിലേക്ക് ആയിരുന്നു.ഇപ്പോൾ ഇവിടെയും കഥകൾ അറിഞ്ഞിരിക്കുന്നു. ഇനി ഇവിടെ നിന്ന് ഒരിടത്തേക്ക് ഓടി പോകില്ല എന്നുള്ളത് നേരത്തെ തന്നെ എടുത്ത തീരുമാനമാണ്.
തങ്ങൾ തെറ്റ് ചെയ്യാത്ത കാലത്തോളം തല കുനിച്ചു നടക്കേണ്ട കാര്യമില്ല. ആ തിരിച്ചറിവിൽ പൊരുതി ജീവിക്കാൻ തന്നെയാണ് അവരുടെ തീരുമാനം.
വൈകുന്നേരം ജോലി കഴിഞ്ഞ് വരുന്ന സന്തോഷിനെ കാത്ത് പടിവാതിലിൽ ഇരിക്കുമ്പോൾ പരിഹാസം നിറഞ്ഞ പല നോട്ടങ്ങളും തന്നെ തേടിയെത്തുന്നത് അറിഞ്ഞു എങ്കിലും, അവയൊക്കെ ഒരു പുഞ്ചിരിയോടെ അവൾ നേരിട്ടു.