അത്രയും പറഞ്ഞു കൊണ്ട് നയനയ്ക്ക് നേരെ കൈ കൂപ്പിക്കൊണ്ട് അയാൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

എഴുത്ത്: അപ്പു

“മാഡം.. എനിക്ക് ഇനിയും ഇങ്ങനെ മുന്നോട്ട് പോവാൻ പറ്റില്ല. എനിക്ക് ഡിവോഴ്സ് വേണം..”

തന്റെ മുന്നിലിരുന്ന് ഉറപ്പോടെ സംസാരിക്കുന്നവനെ അമ്പരന്ന് നോക്കി പോയി അഡ്വക്കേറ്റ് നയന. അയാൾ വന്ന സമയം മുതൽ ആവർത്തിക്കുന്ന രണ്ട് വാചകങ്ങൾ ആണ് അവ. അതല്ലാതെ മറ്റൊന്നും അവൻ പറയുന്നുമില്ല. നയനയ്ക്ക് വല്ലായ്മ തോന്നി.

“ശരി.. നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലായി. നിങ്ങൾക്ക് ഡിവോഴ്സ് വേണം. നിങ്ങൾ ഇവിടേക്ക് വന്ന സമയം മുതൽ പറയുന്നത് ഈ കാര്യം തന്നെ അല്ലേ..? ഈ ഡിവോഴ്സ് വേണം എന്ന് നമ്മൾ കോടതിയിൽ പറഞ്ഞാൽ ഉടൻ നമുക്ക് ഡിവോഴ്സ് തരികയൊന്നും ഇല്ല. അതിന് വ്യക്തമായ ഒരു കാരണം ബോധിപ്പിക്കണം. അത് എന്താണെന്ന് ആദ്യം വക്കീലായ ഞാൻ അറിയണം. നിങ്ങൾ അത് പറയൂ..!”

നയന ശാന്തമായി അയാളോട് പറഞ്ഞു. അയാൾ ഒരു നിമിഷം നയനയെ നോക്കിയിരുന്നു.

“ഞാൻ പറയാൻ പോകുന്നത് വക്കീൽ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. തികച്ചും പേർസണൽ ആയ ഒരു കാര്യമാണ് എനിക്ക് പറയാനുള്ളത്.”

അയാൾ പറയാൻ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്ന് നയനയ്ക്ക് തോന്നി.

“എന്തായാലും മടിക്കേണ്ട.. പറഞ്ഞോളൂ..”

നയന അയാൾക്ക് ധൈര്യം കൊടുത്തു.

“അവൾ.. അവൾ ഇപ്പോൾ കിടപ്പറയിൽ തീരെ ആക്റ്റീവ് അല്ല മാഡം..ഒന്ന് തൊടാൻ പോലും സമ്മതിക്കില്ല.. അഥവാ തൊട്ടാലും എനിക്ക് സാറ്റിസ്‌ഫാക്ഷൻ കിട്ടില്ല. അവളെ കാണാൻ ഇപ്പോൾ ഒരു മെനയുമില്ല. മൊത്തത്തിൽ.. മൊത്തത്തിൽ ഉടഞ്ഞു പോയി..”

അയാൾ പറഞ്ഞത് കേട്ട് നയനയ്ക്ക് ദേഷ്യം ഇരച്ചു കയറി.

“മാറിടം മുഴുവൻ ഇടിഞ്ഞു തൂങ്ങി, വയറും ചാടി.. ആകെ വല്ലാത്തൊരു കോലം. അവളെ കണ്ടാൽ മനുഷ്യന് ഉള്ള മൂഡ് കൂടി പോകും.. മടുപ്പ് ആണ് മാഡം..”

അയാൾ വീണ്ടും പറഞ്ഞു. നയനയ്ക്ക് ദേഷ്യം കൊണ്ട് കണ്ണ് കാണാൻ പറ്റാതെ ആയി. പക്ഷെ, ഇവിടെ ദേഷ്യത്തെക്കാൾ ഗുണം ചെയ്യുക ശാന്തതയാണെന്ന് അറിയുന്നത് കൊണ്ട് അവൾ ശാന്തമായി അയാളോട് മറുപടി പറയാൻ ആരംഭിച്ചു.

“നോക്ക്.. നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത് തന്നെ തെറ്റാണ്. നിങ്ങൾ അവരുടെ ഭാഗത്ത് നിന്ന് കൂടി ഒന്ന് ചിന്തിച്ചു നോക്കൂ.. ഏറ്റവും ചെറിയ ഒരു ഉദാഹരണം പറഞ്ഞാൽ.. നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി..?”

സംസാരത്തിനിടക്ക് നയന ചോദിച്ചു.

” വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാല് വർഷമാകുന്നു. “

അവൻ വല്ലായ്മയോടെ പറഞ്ഞു.

“ശരി.നിങ്ങൾക്ക് കുട്ടികളുണ്ടോ..?”

” ഒരാളുണ്ട്.. “

അത് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഉണ്ടായ ചിരി നയന ശ്രദ്ധിച്ചു.

” മോനാണോ മോളാണോ..? “

“മോനാണ് മാഡം.. “

ചിരിയോടെ തന്നെ അയാൾ പറഞ്ഞു.

“നിങ്ങളുടെ ഭാര്യ വീട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ടു വന്നതാണോ അവനെ..?”

യാതൊരു ഭാവ മാറ്റവുമില്ലാതെ നയന ചോദിച്ചത് കേട്ട് അയാൾ പകച്ചു അവരെ നോക്കി.

“മാഡം എന്തു തോ, ന്നിവാസം ആണ് പറയുന്നത്..?”

അയാൾ ദേഷ്യത്തോടെ അവിടെ നിന്ന് ചാടി എഴുന്നേറ്റു.

” നിങ്ങൾ ഇങ്ങനെ ദേഷ്യപ്പെടരുത്. ഞാൻ ഒന്ന് പറഞ്ഞോട്ടെ..”

നയന ശാന്തമായി അയാളോട് പറഞ്ഞു. അയാൾ വീണ്ടും കസേരയിലേക്ക് ഇരുന്നു.

” നിങ്ങളുടെ വിവാഹത്തിന് മുന്നേയുള്ള ഫോട്ടോ എന്തെങ്കിലും നിങ്ങളുടെ കയ്യിൽ ഉണ്ടോ.? നിങ്ങളുടെ മാത്രമല്ല ആ പെൺകുട്ടിയുടെയും വേണം.”

നയന പറഞ്ഞത് കേട്ട് ഒരു നിമിഷം ചിന്തിച്ചു കൊണ്ട് അയാൾ ഫോൺ എടുത്തു. കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ ആ പെൺകുട്ടിയുടെ വിവാഹത്തിന് മുൻപുള്ള ഒരു ഫോട്ടോ അയാൾ കണ്ടെടുത്തു. എന്നിട്ട് അത് നായയ്ക്ക് നേരെ നീട്ടി. കാണാൻ സുന്ദരിയായ ഒരു പെൺകുട്ടി. കുട്ടിത്തം നിറഞ്ഞു നിൽക്കുന്ന മുഖം..!

” ഇനി ഇപ്പോഴുള്ള ഈ പെൺകുട്ടിയുടെ ഫോട്ടോ കാണിക്കാമോ..? “

നയന ചോദിച്ചത് കേട്ട് അയാൾ പകച്ചു പോയി. അയാൾ ഇല്ല എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി.

” എന്തുപറ്റി ഫോട്ടോ കയ്യിൽ ഇല്ലേ..? “

നയന ശാന്തമായി ചോദിച്ചു.

” ഇല്ല.. “

അയാൾ വല്ലായ്മയോടെ മറുപടി കൊടുത്തു.

” എന്തുകൊണ്ടാണ് ഇപ്പോൾ നിങ്ങൾ ഒരുമിച്ച് ഒരു ഫോട്ടോ പോലും നിങ്ങളുടെ ഫോണിൽ ഇല്ലാത്തത്..? “

നയന ചോദിക്കുന്നത് ശാന്തമായി ആണെങ്കിലും അയാളുടെ ഹൃദയത്തെ തകർത്തുകളയാൻ മാത്രം ശേഷിയുള്ള വാക്കുകളായിരുന്നു അവളുടേത്.

” ഞാൻ മാഡത്തിനോട്‌ പറഞ്ഞതല്ലേ…? ഇപ്പോൾ അവളോടൊപ്പം എവിടെയെങ്കിലും പോകാൻ തന്നെ എനിക്ക് നാണക്കേടാണ്. ഒരിക്കൽ ഞാനും അവളും കൂടി പുറത്തു പോയപ്പോൾ അത് എന്റെ ചേച്ചി ആണോ എന്ന് ആരൊക്കെയോ ചോദിച്ചു.അത് കണ്ടുനിന്ന എന്റെ കൂട്ടുകാരൻ മറ്റുള്ള സുഹൃത്തുക്കളോടും വിവരം പറഞ്ഞു. അതിന്റെ പേരിൽ ഇപ്പോഴും ഞാൻ അപമാനം സഹിക്കുകയാണ്. അവൾക്ക് ഇതൊന്നും അറിയേണ്ടല്ലോ. സത്യം പറഞ്ഞാൽ എല്ലാം കൂടി കേട്ട് കേട്ട് മനുഷ്യന് മടുത്തു.”

അയാൾ പറഞ്ഞത് കേട്ട് നയനയ്ക്ക് സഹതാപം തോന്നി.

” ഇപ്പോഴും നിങ്ങൾ ചിന്തിക്കുന്നത് നിങ്ങളെക്കുറിച്ച് മാത്രമാണ്.. നിങ്ങൾ അവരെ പുറത്തുകൊണ്ടു പോകാറില്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഞാൻ ഒന്ന് ചോദിച്ചോട്ടെ.. അവരുടെ ശരീരത്തിൽ ഇത്രയും മാറ്റങ്ങൾ വന്നത് നിങ്ങളുടെ മകനെ പ്രസവിച്ചതിനു ശേഷം അല്ലേ..? അവരുടെ ശരീരത്തിന്റെ ഷേപ്പ് പോയതും അവർ വണ്ണം വെച്ചതും ഒക്കെ അതിനു ശേഷം ഉണ്ടായ മാറ്റങ്ങൾ അല്ലേ..? “

നയന ചോദിച്ചത് കേട്ട് അയാൾ അമ്പരന്നു. പിന്നെ ശരിയാണ് എന്ന അർഥത്തിൽ തലകുലുക്കി.

” അപ്പോൾ നിങ്ങൾ വെറുക്കേണ്ടത് നിങ്ങളുടെ മകനെ അല്ലേ..? നിങ്ങൾ മാത്രമല്ല നിങ്ങളുടെ ഭാര്യയും അതു തന്നെയാണ് ചെയ്യേണ്ടത്.. “

ഭാവമാറ്റം ഇല്ലാതെ നയന പറഞ്ഞത് കേട്ട് അയാൾ പകച്ചു പോയി.

” മാഡം എന്തു തോ, ന്നിവാസം ആണ് പറയുന്നത്..? ഞങ്ങളുടെ മകനാണ്.. അവനെ എന്തിനു വെറുക്കണം..? “

അയാൾ അമ്പരപ്പോടെ ചോദിച്ചത് കേട്ട് നയന ചിരിച്ചു.

” നിങ്ങളുടെ ഭാര്യയുടെ ശരീരത്തിൽ ഇത്രയും മാറ്റങ്ങൾ ഉണ്ടാകാൻ കാരണക്കാരൻ നിങ്ങളുടെ മകനാണ്. അവനെ ഗർഭം ധരിച്ച അതുകൊണ്ടാണ് അവൾക്ക് കുടവയർ ഉണ്ടായത്. അവന്റെ വിശപ്പു മാറ്റിയതു കൊണ്ടാണ് അവളുടെ മാറിടം ഇടിഞ്ഞു തൂങ്ങിയത്.ശരിയല്ലേ..? “

നയന ചോദിച്ചതിനുള്ള മറുപടി അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.

“അത്‌ മാത്രമോ.. വിവാഹം കഴിഞ്ഞ് വന്നപ്പോൾ മുതൽ അവളുടെ ശരീരം തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. താൻ തന്നെ അല്ലേ അവളുടെ ശരീരം ഇങ്ങനെ ആകാൻ കാരണക്കാരൻ..? “

നയന ചോദിച്ചത് കേട്ട് അയാൾ തറഞ്ഞിരുന്നു.

“നിങ്ങൾക്ക് മാത്രമല്ല, ആ പെൺകുട്ടിയും അവളുടെ കൂട്ടുകാർക്ക് മുന്നിൽ നാണംകെടുന്നുണ്ടാവും. അപ്പോൾ സ്വാഭാവികമായും ആ പെൺകുട്ടി നിങ്ങളെ വെറുക്കേണ്ടതല്ലേ..? അവൾ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ..? വിവാഹത്തിന് മുൻപ് ഉണ്ടായിരുന്ന നിങ്ങളെ പോലെ ആണോ നിങ്ങൾ ഇപ്പോൾ..? അപ്പോൾ ആ പേരും പറഞ്ഞു നിങ്ങൾ അവളോട് പെരുമാറുന്നത് പോലെ അവൾക്കും ആകാമല്ലോ..? അവൾ ഇന്ന് വരെ അങ്ങനെ ചെയ്തിട്ടുണ്ടോ..? “

അവരുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ അവൻ തല താഴ്ത്തി.

“നിങ്ങളുടെ ഒക്കെ ഇത്തരത്തിലുള്ള ചിന്തയാണ് ആദ്യം മാറേണ്ടത്. പെൺകുട്ടികൾ ഭോ, ഗിക്കാനുള്ള വെറും ശരീരം മാത്രമല്ല.അവർക്കും മനസ്സുണ്ട്. ആഗ്രഹങ്ങളുണ്ട്. അവർക്ക് വേണമെങ്കിൽ അവരുടെ ശരീരം കേടാകും എന്ന പേരും പറഞ്ഞു പ്രസവിക്കാതെ ഇരിക്കാം. അവളെ ആരും ചോദ്യം ചെയ്യില്ല. പക്ഷെ, ഒരു അമ്മ ആകണം എന്നുള്ള അവളുടെ ആഗ്രഹത്തിന് മുന്നിൽ അവളുടെ ശരീരത്തിന് നഷ്ടപ്പെടാൻ പോകുന്ന ആകാര വടിവിനെ കുറിച്ച് അവൾ ചിന്തിക്കില്ല.നിങ്ങളുടെ മകനെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾക്ക് എന്തൊരു സന്തോഷം ആയിരുന്നു..? ആ സന്തോഷം നിങ്ങൾക്ക് തന്നത് അവൾ അല്ലേ..? അതുകൊണ്ട് അല്ലേ അവളുടെ രൂപം മാറിയത്..? ഒരുപാട് വേദന സഹിച്ചും, ബുദ്ധിമുട്ടുകൾ തരണം ചെയ്തും ഒക്കെയാണ് ഓരോ പെണ്ണും അമ്മയാകുന്നത്.അപ്പോൾ അവളുടെ ഷേപ്പ് പോയി, എനിക്ക് വികാരം തോന്നുന്നില്ല എന്നൊക്കെ പറഞ്ഞു അവളെ കുത്തി നോവിക്കാതെ ചേർത്ത് പിടിക്കണം..”

നയന പറഞ്ഞു അവസാനിപ്പിക്കുമ്പോൾ, അവന്റെ കണ്ണ് നിറഞ്ഞിരുന്നു.

“ഞാൻ എത്ര വലിയ തെറ്റാണ് പറഞ്ഞതെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. സോറി മാഡം.. “

അത്രയും പറഞ്ഞു കൊണ്ട് നയനയ്ക്ക് നേരെ കൈ കൂപ്പിക്കൊണ്ട് അയാൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *