അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. പക്ഷേ അമ്മ മനപ്പൂർവ്വം തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മ എന്നത് ഒരു ഭീകരസ്വപ്നമായി മാറിയത്….

എഴുത്ത്:-അപ്പു

” ചേട്ടാ.. വീട്ടിൽ നിന്ന് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു. നമ്മളോട് ഇന്ന് അങ്ങോട്ട് ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു. “

രാവിലെ ചെറിയൊരു മടിയോടെയാണ് ഗീതു സുജിത്തിനോട് ഈ വാർത്ത പറഞ്ഞത്. അത് കേട്ടതോടെ പത്രം വായിച്ചു കൊണ്ടിരുന്ന അവൻ തലയുയർത്തി അവളെ ഒന്നു നോക്കി.

” ഇന്നോ..? “

അവൻ മടിയോടെ ചോദിച്ചപ്പോൾ ആ കാര്യം നടക്കില്ല എന്ന് അവൾക്ക് ഏകദേശം ഉറപ്പായിരുന്നു.

” ഇന്ന് ചെല്ലാനാ പറഞ്ഞത്. “

എങ്കിലും ചെറിയൊരു പ്രതീക്ഷയോടെ അവൾ മറുപടി കൊടുത്തു.

“ഇന്ന് പറ്റില്ല. ഇന്ന് എനിക്ക് അവന്മാരുടെ കൂടെ കുറച്ചു പരിപാടികൾ ഉള്ളതാണ്. നിനക്ക് ഇതൊക്കെ ഒന്ന് നേരത്തെ പറയാമായിരുന്നില്ലേ.. ഒരു കാര്യം ചെയ്യാം നമുക്ക് വേറൊരു ദിവസം പോകാം.”

അവളെ ആശ്വസിപ്പിക്കുന്നത് പോലെ പറഞ്ഞുകൊണ്ട് അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് അകത്തേക്ക് പോയി.

അവൾ നിരാശയോടെ അവൻ പോകുന്നത് നോക്കി നിന്നു. പിന്നെ ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

” ഞങ്ങൾക്ക് ഇന്ന് വരാൻ പറ്റില്ല അമ്മേ. സുജിത്തേട്ടന് എന്തൊക്കെയോ അത്യാവശ്യങ്ങളുണ്ടെന്ന് പറഞ്ഞു. അമ്മ എന്തിനാ ഇന്ന് തന്നെ അത്യാവശ്യമായി വരാൻ പറഞ്ഞത്.? “

കാര്യം അറിയാനുള്ള ഒരു വ്യഗ്രത അവളിൽ പ്രകടമായിരുന്നു.

” അച്ഛന് നിന്നെ കാണണം എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചായി. സുഖമില്ലാത്ത ആളല്ലേ മോളെ.. “

അമ്മ പറയുന്നത് കേട്ട് അവളുടെ നെഞ്ചു വിങ്ങി.

” അമ്മ വിഷമിക്കേണ്ട.അടുത്ത ഒരു ദിവസം തന്നെ അവിടേക്ക് വരാമെന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്. അച്ഛനോട് പറഞ്ഞേക്ക് ഉടനെ തന്നെ ഞാൻ വരുമെന്ന്. “

അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് അവൾ ഫോൺ കട്ടാക്കി. എങ്കിലും സുജിത്തിന്റെ പ്രവർത്തി അവളുടെ ഉള്ളിൽ ഒരു കരടായി കിടന്നിരുന്നു.

രണ്ട് ദിവസങ്ങൾക്ക് ശേഷം അവൾ ഇതേ ആവശ്യവുമായി വീണ്ടും അവനെ സമീപിച്ചു.

” നീ എന്തൊക്കെയോ പറയുന്നത് എന്ന് നിനക്ക് ബോധമില്ല ഗീതു..? ഇന്ന് എനിക്ക് ജോലിക്ക് പോകാനുള്ളതാണെന്ന് നിനക്കറിയില്ലേ.? ഒരു ദിവസം ലീവ് എടുത്താൽ എത്ര രൂപയാണ് നഷ്ടം എന്ന് അറിയാമോ..? ഇതിപ്പോൾ പെട്ടെന്ന് അങ്ങോട്ട് ചെന്നിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ.. അടുത്ത അവധി ദിവസം നോക്കി പോകാം. ഞായറാഴ്ച എന്തായാലും അവധി ആണല്ലോ. അന്ന് പോകാം. “

അവൻ സ്വരം കടുപ്പിച്ച് അത് പറഞ്ഞപ്പോൾ സമ്മതിക്കാതെ തരമില്ലായിരുന്നു അവൾക്ക്. പിന്നീട് കൂടുതൽ സംസാരത്തിൽ നിൽക്കാതെ അവൾ തന്റെ പണികളിലേക്ക് തിരിഞ്ഞു.

അതൊന്നു നോക്കിയിട്ട് അവൻ ജോലിക്ക് പോയി.

അന്ന് വൈകുന്നേരം അവൻ വന്നത് അവന്റെ അമ്മയെയും കൂട്ടി കൊണ്ടായിരുന്നു. അമ്മയെ കണ്ടപ്പോൾ ആദ്യം ഒന്ന് പകച്ചെങ്കിലും അവൾ സന്തോഷത്തോടെ അവരെ സ്വീകരിച്ചു.

പക്ഷേ അവരുടെ മുഖത്ത് അത്രയും സന്തോഷം ഒന്നും കാണാനില്ലായിരുന്നു.

” അമ്മ വരുന്ന വിവരം ഒന്ന് പറഞ്ഞതു പോലുമില്ലല്ലോ.. “

സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നുകൊണ്ട് അവൾ അന്വേഷിച്ചു. അത് കേട്ടതോടെ അവരുടെ മുഖം വീർത്തു.

” എന്റെ മോന്റെ വീട്ടിലേക്ക് ഞാൻ വരണമെങ്കിൽ നേരത്തെ മുന്നറിയിപ്പ് തന്നിട്ടു വേണോ..? “

അവളെ നോക്കി അവർ രൂക്ഷമായി ചോദിച്ചപ്പോൾ അവൾ തലകുനിച്ചു.

” ഞാൻ അങ്ങനെ ഉദ്ദേശിച്ച് ചോദിച്ചതല്ല അമ്മ.. “

അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” നിന്റെ ഭാര്യ വന്നു വന്ന് എന്നോട് തറുതല പറയാൻ മാത്രം വളർന്നു. നീ വേറൊരു വീട്ടിലേക്ക് താമസം മാറുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ഇതുകൊണ്ടാണ്. നിങ്ങളുടെ സ്വന്തം വീട് ആകുമ്പോൾ ഞങ്ങളെ ആരെയും ബഹുമാനിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ ഞാൻ ഇവിടെ വലിഞ്ഞു കയറി വന്നതുപോലെ അല്ലേ ഇവളുടെ പെരുമാറ്റം.. “

അവർ ദേഷ്യത്തോടെ പറയുന്നത് കേട്ട് അവൾ കണ്ണു മിഴിച്ചു. അവൾ ദയനീയമായി സുജിത്തിന്റെ മുഖത്തേക്ക് നോക്കി.പക്ഷേ അവിടെ തന്നെ രൂക്ഷമായി നോക്കുന്ന കണ്ണുകളെയാണ് അവൾ കണ്ടത്.

” നമ്മളോടൊപ്പം കുറച്ചു ദിവസം നിൽക്കാനുള്ള ആഗ്രഹത്തിലാണ് അമ്മ വന്നത്. നീ ഇവിടെ നിന്ന് ഓരോന്ന് പറയാതെ അമ്മയെ വിളിച്ച് അകത്തേക്ക് കയറിപ്പോ.. “

സുജിത്ത് രൂക്ഷമായി പറഞ്ഞപ്പോൾ അവൾ തലകുലുക്കി .

“എന്നെ ഇവിടെ ആരും ക്ഷണിച്ച് ആനയിച്ചിരുത്തേണ്ട. എന്റെ മകന്റെ വീടാണ്. എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉള്ള വീട്.”

അത്രയും പറഞ്ഞു അധികാരത്തോടെ അവർ അകത്തേക്ക് കയറിപ്പോയി. നിസ്സഹായതയോടെ ഗീതു അത് നോക്കി നിന്നു.

ഇനി അമ്മയെ വീട്ടിലുള്ള അത്രയും ദിവസങ്ങൾ തന്റെ അവസ്ഥയെക്കുറിച്ച് ഓർക്കുമ്പോൾ അവൾക്ക് തന്നോട് തന്നെ സഹതാപം തോന്നുന്നുണ്ടായിരുന്നു.

വിവാഹം കഴിച്ച നാൾ മുതൽ അമ്മ അങ്ങനെയാണ്. താനും സുജിത്തേട്ടനും ഒന്നിച്ച് എവിടെയെങ്കിലും ഇരിക്കുന്നത് പോലും അമ്മയ്ക്ക് ഇഷ്ടമല്ല.

അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. പക്ഷേ അമ്മ മനപ്പൂർവ്വം തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മ എന്നത് ഒരു ഭീകരസ്വപ്നമായി മാറിയത്.

പലപ്പോഴും അമ്മയെ സ്നേഹിക്കാൻ ശ്രമിക്കുമ്പോൾ അമ്മ തന്നെ ആട്ടി അകറ്റുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. സുജിത്തേട്ടനോട് അമ്മ എന്തു പറഞ്ഞു കൊടുത്താലും, അത് തെറ്റാണോ ശരിയാണോ എന്ന് പോലും ഓർക്കാതെ അമ്മയുടെ വാക്കുകൾ വിശ്വസിക്കുന്ന മകനാണ് സുജിത്തേട്ടൻ.

അതിന്റെ പേരിൽ എത്രയോ തവണ താൻ അപമാനിക്കപ്പെട്ടിട്ടുണ്ട്.

” ഗീതു.. എനിക്കൊരു ചായ എടുത്തു തരാൻ പോലും നിനക്ക് വയ്യേ..? “

ദേഷ്യത്തോടെ സുജിത്ത് ചോദിച്ചപ്പോൾ ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ അവൾ അടുക്കളയിലേക്ക് കയറിപ്പോയി.

സുജിത്തിനും അമ്മയ്ക്കും ഉള്ള ചായ കൊണ്ടു കൊടുത്തപ്പോൾ തന്നെ അമ്മ കുറ്റം പറച്ചിൽ തുടങ്ങി. ഇനിയുള്ള കുറച്ചു ദിവസങ്ങൾ തനിക്ക് ഇതുതന്നെയായിരിക്കും അവസ്ഥ എന്ന് ഓർത്തത് കൊണ്ട് അവൾ ഒന്നും മിണ്ടിയില്ല. ഇതൊക്കെ അവൾക്ക് അപ്പോൾ ശീലങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു.

ഞായറാഴ്ച രാവിലെ തന്നെ വീട്ടിലേക്ക് പോകുന്ന കാര്യം ഗീതു സുജിത്തിനെ ഓർമിപ്പിച്ചു.

” അമ്മ ഇവിടെ ഉള്ളപ്പോൾ നമ്മൾ എങ്ങനെ പോകാനാ..? “

അവൻ ദേഷ്യത്തോടെ ചോദിച്ചു.

” നമുക്ക് പോയാൽ അവിടെ നിൽക്കുകയോ ഒന്നും വേണ്ട. അച്ഛന് തീരെ സുഖമില്ല. എന്നെ കാണണം എന്ന് ആഗ്രഹം പറയുമ്പോൾ പോകാതിരുന്നാൽ മോശമല്ലേ..? എന്റെ അച്ഛന് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ ഈ ജന്മം എനിക്ക് സമാധാനം ഉണ്ടാവില്ല. “

അവൾ ദയനീയമായി പറഞ്ഞു.

” അപ്പോൾ പിന്നെ അമ്മയോ..?”

അവൻ മടിച്ചു.

” ഇവിടെ നിന്ന് എന്റെ വീട്ടിലേക്ക് അധികം ദൂരം ഒന്നും ഇല്ലല്ലോ. നമുക്ക് പോയാൽ വൈകുന്നേരം തന്നെ മടങ്ങി വരാം. അമ്മ അതുവരെ ഇവിടെ തനിയെ നിൽക്കില്ലേ..? “

കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു അവളിൽ നിന്നും. അവൻ ഈർഷ്യയോടെ തല കുടഞ്ഞു. അതും കണ്ടുകൊണ്ടാണ് അമ്മ അവിടേക്ക് കയറി വന്നത്.

“എന്താ ഇവിടെ..?”

അവർ ചോദിച്ചു.

” അത് അമ്മ..ഗീതുവിന് വീട്ടിൽ പോകണം എന്ന് പറയുന്നു.”

സുജിത്ത് അമ്മയോട് പറയുന്നത് അവൾ കേട്ടു.

“എന്താ ഇപ്പൊ പെട്ടെന്ന് വീട്ടിലേക്ക് പോകാൻ..?”

അവർ ഗൗരവത്തോടെ അന്വേഷിച്ചു.

” അച്ഛൻ സുഖമില്ലാതെ കിടക്കുകയല്ലേ അമ്മേ..കഴിഞ്ഞയാഴ്ച അമ്മ വിളിച്ച് അച്ഛനു കാണണം എന്നൊരു ആഗ്രഹം പറഞ്ഞു.എന്നിട്ട് ഇതുവരെയും പോകാൻ കഴിഞ്ഞില്ല.ഇന്ന് കൊണ്ടു പോകാമെന്ന് ഏട്ടൻ പറഞ്ഞിരുന്നതാണ്. ഞാൻ അത് ഓർമ്മിപ്പിച്ചതാണ്. “

അവൾ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

” എന്തെങ്കിലും ഒരു കാരണം കിട്ടാൻ നോക്കിയിരിക്കുകയാണ് ഓടി വീട്ടിലേക്ക് പോകാൻ. ഇവിടെ ഇതൊന്നും നടപ്പില്ലെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്. കുറച്ചു ദിവസം എന്റെ മോന്റെ കൂടെ സമാധാനത്തോടെ നിൽക്കാനാണ് ഞാൻ ഇവിടെ വന്നത്. അപ്പോൾ അവൻ ആകെ അവധി കിട്ടുന്ന ഈ ഞായറാഴ്ചയും അവനെയും വിളിച്ചുകൊണ്ട് നിനക്ക് എവിടെയെങ്കിലും പോണം. അപ്പോൾ പിന്നെ ഞാൻ ഇവിടെ വന്നതുകൊണ്ട് എന്താ കാര്യം..? ഇന്ന് പോകുന്ന കാര്യം എന്തായാലും നീ മനസ്സിൽ നിന്ന് കളഞ്ഞേരെ. അടുത്ത ആഴ്ച എങ്ങാനും പോകാം. നിന്റെ അച്ഛൻ സുഖമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായില്ലേ.. എന്തായാലും കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. “

ക്രൂരമായി പറഞ്ഞുകൊണ്ട് അവർ സുജിത്തിന് നേരെ തിരിഞ്ഞു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നത് അവൾ കേൾക്കുന്നുണ്ടെങ്കിലും അതൊന്നും അവളുടെ തലച്ചോറിലേക്ക് എത്തുന്നുണ്ടായിരുന്നില്ല.

വിങ്ങി കരഞ്ഞുകൊണ്ട് അവൾ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു..

നമ്മുടെ ചുറ്റും ഇപ്പോഴുമുണ്ട് ഭാര്യവീട്ടുകാരെ ശത്രുക്കളായി കാണുന്ന ചില ഭർത്താക്കന്മാർ.. സുജിത്ത് ഇവിടെ അങ്ങനെ ഒരാളാണ്..!

Leave a Reply

Your email address will not be published. Required fields are marked *