അതെ ഈ വാഷിംഗ്‌ മെഷീനും മിക്സിയും ഫ്രിഡ്‌ജും ഒന്നുമല്ല വീട്ടമ്മമാർക്ക്‌ അത്യാവശ്യംപാത്രം കഴുകുന്ന മെഷീൻ ആണ്……

ഹീറോ

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അതെ ഈ വാഷിംഗ്‌ മെഷീനും മിക്സിയും ഫ്രിഡ്‌ജും ഒന്നുമല്ല വീട്ടമ്മമാർക്ക്‌ അത്യാവശ്യംപാത്രം കഴുകുന്ന മെഷീൻ ആണ്. പത്തുകൂട്ടം കറി ഉണ്ടാക്കാൻ എളുപ്പമാണ് പക്ഷേ അതുകഴിഞ്ഞുള്ള പാത്രം കഴുകൽ ഓർക്കുമ്പോൾ കഴിച്ചത് മൊത്തം ദഹിച്ചുപോകും. മനുഷ്യന്റെ ഏറ്റവും വലിയ ദുഃശീലം പുകവലി,മദ്യപാനം ഒന്നുമല്ല ഈ ഭക്ഷണം കഴിപ്പ് തന്നെ. ഒന്നോ രണ്ടോ നേരമാണോ ?

ഓരോന്ന് ഓർത്തു പാത്രം കഴുകുമ്പോൾ ഓർമയുടെ കാഠിന്യം കൂടുന്നതിനനുസരിച്ചു ചില പാത്രങ്ങൾ കയ്യിൽ നിന്നും തെറിച്ചു താഴെവീഴുന്നു പരസ്പരം മുട്ടുന്നു തട്ടുന്നു പൊടിപൂരം. ഒട്ടും സൗണ്ട് ഇല്ലാത്തതുകൊണ്ടാവണം തൊട്ടിലിൽ ഉറക്കിയിട്ട ഇളയസന്താനം ഉറക്കം മതിയാക്കി അടുത്തെത്തി.

മണിക്കൂർ ഒന്ന് ഏതൊക്കെയോ പഴയ പാട്ടുകൾ റീമിക്സ് ചെയ്തു കഴുതരാഗത്തിൽ മധുരമായി പാടി ഉറക്കിയ പൊന്നുമോനാണ് പത്ത് പാത്രം കഴുകുന്ന മുമ്പ് അടുത്തു വന്നു മോങ്ങുന്നതു. കൂടാതെ പഞ്ചായത്ത് പൈപ്പിൽ വെള്ളം ആദ്യം വരുമ്പോൾ ഉള്ള ഫ്ലോയിൽ ഒരു പിടിപ്പീരും. മൂത്രം ഒഴിച്ചു തറ കുളമാക്കി തെന്നി വീഴുന്നതിനു മുമ്പ് തുണി എടുത്തിടാൻ പാത്രം വലിച്ചെറിഞ്ഞു ഓടുമ്പോൾ മൂപ്പര് കച്ചേരി തുടങ്ങി മ്മി മ്മി എക്ക് എക്ക്. എടുക്കാൻ.

രാവിലെ തൊട്ടു രാത്രി വരെ ഈ ട്രോഫിയും ഒക്കത്തു വച്ചിരുന്നാൽ വല്ല കാര്യവും നടക്കുവോ ?മിണ്ടാതിരി ചെക്കാ ന്നൊക്കെ പറഞ്ഞു ചവിട്ടി തുള്ളി ഒരു പാത്രം കൂടി കഴുകുമ്പോൾ ഓൻ മ്മടെ ചുരിദാറിൽ തൂങ്ങി ആടുന്നു. അയ്യോടാ കുട്ടാ അങ്ങോട്ട്‌ നോക്കിക്കേ ആരാ ആ വരുന്നതെന്ന് ?മോന്റെ അച്ചി ആണോ ?

ചെക്കൻ സ്ഥിരം കേട്ടു പയറ്റി തെളിഞ്ഞ ഡയലോഗ് ആണ് ഏൽക്കില്ല എങ്കിലും നല്ല ഒറിജിനാലിറ്റി വരുത്തി ഒന്നൂടെ പറഞ്ഞു ഭാഗ്യത്തിന് അപ്പോൾ വെളിയിൽ ഒരു സ്കൂട്ടർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടു. അച്ചി അച്ചി എന്നുപറഞ്ഞു കുഞ്ഞു തുള്ളിചാടിപ്പോയി.

ആ അവസരത്തിന് ബാക്കി പാത്രം കൂടി കഴുകാൻ നമ്മൾ ജെറ്റ്‌ പോലെ പറന്നുനില്കുമ്പോൾ പോയതിനേക്കാൾ സ്പീഡിൽ മോൻ തിരിച്ചു വന്നു മ്മി അമ്മി മീ മി.

പടച്ചോനെ വന്നത് മീന്കാരൻ ചേട്ടൻ ആണ്. പണി ഒക്കെ ഒതുങ്ങി ഒരുവിധം പാത്രം കഴുക്കും കഴിഞ്ഞു ഇനി മീൻ വാങ്ങിയാൽ വീണ്ടും തുടങ്ങും കലാപരിപാടി വെട്ടൽ കഴുകൽ കറി വെക്കൽ പിന്നെ പാത്രം കഴുകൽ വെട്ടിയ സ്ഥലം ലോഷൻ ഒഴിച്ചു ക്ലീൻ ചെയ്യൽ ന്റമ്മോ വേണ്ട ഇന്ന് മീൻ വേണ്ടേ വേണ്ടാ.

പക്ഷേ ചെക്കനുണ്ടോ വിടുന്നു എന്റെ ചുരിദാറിൽ പിടിച്ചു വലിയോട് വലി. രണ്ടുവയസ് ആയില്ലെങ്കിലും രാവിലത്തെ കാപ്പിക്ക് തൊട്ടു അവനു മീൻ വേണം. അവന്റെ അമ്മയും അച്ഛനും അതെ സ്വഭാവക്കാർ ആയതിനാൽ അവനെ ഒട്ടു കുറ്റം പറയാനും പറ്റില്ല. മീനിൽ എന്തെല്ലാം മായം ചേർത്തു എന്നുപറഞ്ഞാലും ആ വാർത്ത ലൈവ് ടിവിയിൽ ഓടുമ്പോൾ പോയി മീൻ വാങ്ങി കറി വെച്ചു ചോറുണ്ടവരാണ് നമ്മൾ. പിന്നെ മോനായിട്ട് കുറയ്ക്കണോ ?

വെട്ടി നല്ല പോലെ ഉപ്പിട്ട് വെച്ചു, ഇത്തിരി മഞ്ഞപ്പൊടിയും കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു പാകം ചെയ്താൽ ഒരു വിഷവും ഏൽക്കില്ല എന്നതാണ് ഞങ്ങടെ ഒരു ലൈൻ. അന്ധവിശ്വാസാണ് പക്ഷേ ചില സമയത്തു വിശ്വാസത്തിലും വലുതും സമാധാനവും അന്ധവിശ്വാസത്തിനാണ്.

ഉൾപ്രേരണയും കുഞ്ഞിന്റെ നിര്ബന്ധവും കൂടിയായപ്പോൾ നോം വരാന്തയിലെത്തി. എന്നാ മീൻ ആണ് ചേട്ടാ എന്നുചോദിച്ചതേ ഉള്ളു ഒരു വലിയ വാള എടുത്തു കയ്യിൽ തന്നു.

മോളെ ഇതു വാങ്ങിക്കോ,

നല്ല പച്ചക്കുപച്ച വാളയാണ് ഒരു കിലോ മിച്ചം ഉണ്ട്.

എത്രയാ ചേട്ടാ വില

280 ഉള്ളൂ.

ഇരുന്നൂറ്റി എൺപതോ ?ന്റെ ചേട്ടാ ഇതു ഒരുനേരത്തെ കറി വെക്കാനേ ഉള്ളൂ. അത്രയും രൂപേടെ മീൻകറി കൂട്ടിയാൽ ശരിയാവില്ല..

കൊച്ചു ഇതങ്ങു വാങ്ങിക്കു. മീൻ കറിവെച്ചു നല്ലതാണെങ്കിൽ മാത്രം പൈസ തന്നാൽ മതി ഇപ്പോൾ തരണ്ട.

വാള മീൻ നല്ലതാണെന്നു മാത്രല്ല മൂപ്പർക്ക് ഭയങ്കര ഇഷ്ടവുമാണ്. മീൻ കാരൻ ചേട്ടന്റെ ഡയലോഗ് കൂടി ആയപ്പോൾ മ്മള് ഫ്ലാറ്റ് പോരാത്തതിന് കുഞ്ഞു ചെക്കന്റെ ആക്രാന്തവും . ആറ്റുമീൻ ആണ് ഒത്തിരി വിഷം ഒന്നും ചേർക്കാൻ ഇടയില്ല മക്കൾക്കും വിശ്വസിച്ചു കൊടുക്കാം.

പുസ്തകത്തിനിടയിൽ പാത്തുവെച്ച അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊടുത്തു മീൻ വാങ്ങുമ്പോൾ ഇത്തിരി സങ്കടം തോന്നാതിരുന്നില്ല എങ്കിലും കെട്യോന്റെ വാള വെട്ടിവിഴുങ്ങുന്ന മുഖം ഓർത്തപ്പോൾ പതിനായിരം മുടക്കാനും നോം റെഡി.

വാങ്ങി പക്ഷേ ഇതുവരെ ഈ ടൈപ്പ് മീൻ വെട്ടിയിട്ടില്ല. അമ്മ വീട്ടിലും ഇല്ല. കേട്യോൻ വരുമ്പോൾ സർപ്രൈസ് കൊടുക്കണേൽ തന്നെ വെട്ടണം. ഇഷ്ടമുള്ള കാര്യങ്ങൾ നേടിയെടുക്കാൻ നാം ആത്മാർത്ഥമായി പരിശ്രമിക്കും. ശരിയല്ലേ ?ഫ്രിഡ്ജിൽ കൊണ്ടു മീൻ വെച്ചു മോനെ ഒന്ന് മയപ്പെടുത്താൻ ശ്രമം തുടങ്ങി.

ഏറെനേരത്തെ പരിശ്രമത്തിനുശേഷം അൽപ്പം ഒതുക്കമായപ്പോൾ പതിയെ മീൻ എടുത്തു. പാമ്പ് ആണെന്നൊക്ക പറഞ്ഞു മോനേ പേടിപ്പിച്ചു നമ്മൾ അത് റെഡി ആക്കി. അരമണിക്കൂർ കൊണ്ടു കറി റെഡി കൂടെ ഒരു കഷ്ണം കപ്പയും പുഴുങ്ങി മൂപ്പർക്കായി കട്ട വെയ്റ്റിംഗ്.

പ്രതീക്ഷിച്ചപോലെ നീലക്കുറിഞ്ഞി പൂത്ത പോലെ വിടർന്ന മുഖവുമായി കേട്യോൻ എത്തി കഴിപ്പ് തുടങ്ങി, മൂപ്പരെ തോൽപിച്ചു മകൻ. ഒരു കഷണവുമായി ഒരു കാര്യത്തിലും ആർത്തിയില്ലാത്ത മകൾ. ഇതിനിടക്ക് എല്ലാ പാത്രങ്ങളിൽ നിന്നും അടിച്ചുമാറ്റി ഈ ഞാൻ. ഒറ്റ നേരം കൊണ്ടു വാള ഫിനിഷ്ഡ്.

എല്ലാം കഴിഞ്ഞു മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ഒരു ലോഡ് പാത്രവും ഞാനും. വീണ്ടും ഞാൻ എന്റെ ആലോചനകളുടെ ലോകത്തേക്ക്. ഏതൊരു വീട്ടമ്മയെയും കലാകാരിയാക്കുന്നതു ഈ പാത്രം കഴുകൽ ആണ്. എന്തെല്ലാം ആണെന്നോ ഈ സമയം ഞങ്ങൾ ചിന്തിച്ചു കൂട്ടുക.

കഴിച്ചുകഴിഞ്ഞു ഞാൻ ഇന്നത്തെ കാലത്തെ ചിലവുകളെ പറ്റി ഒരു അവലോകനം നടത്തി. മുന്നൂറു രൂപ അടുത്ത് മീൻ വാങ്ങിയാൽ ഒറ്റ നേരം. കാലം പോയ പോക്കേ. ആ സമയം വേറൊരാൾ മനസിലേക്ക് എം ഐ റ്റി ഓടിച്ചു ഹോൺ മുഴക്കി എത്തി പ്രഭാകരൻ ചേട്ടൻ.

ഇത്രയും ആഡംബരങ്ങൾ ഇല്ലാത്ത, ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞ കുട്ടിക്കാലം. അന്ന് അഞ്ചാറ് വീടുകളിൽ രാവിലെ വീട്ടമ്മമാർ ചെവി വട്ടം പിടിക്കും. പ്രഭാകരൻ ചേട്ടൻ മീനുമായി വരുന്നുണ്ടോ എന്നറിയാൻ. ചേട്ടൻ വരുന്നതും പെൺപട റോഡിൽ റെഡി. ചട്ടികളിൽ മത്തിയോ കിളിയോ അയലയോ ഒക്കെയായി മടങ്ങും.വേറെ ഏതു മീൻ കാരൻ വന്നാലും ഇവർക്കാർക്കും മീൻ വേണ്ട. എന്താ അതിന്റെ രഹസ്യം എന്നറിയാൻ എനിക്കു ഭയങ്കര ആകാംഷ.

ഒരിക്കൽ അമ്മച്ചിയോടു ചോദിച്ചു എന്താ അമ്മച്ചി എല്ലാരുടെ കയ്യിലും ഒരേതരം മീൻ എങ്കിലും നിങ്ങൾ പ്രഭാകരൻ ചേട്ടനോട് മാത്രം വാങ്ങുന്നത്. മറുപടി കേട്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി മോനേ ചേട്ടൻ മാത്രമേ കാൽകിലോ മീൻ തരൂ. വേറെ ആരും കാൽകിലോ ആയി മീൻ തരില്ല. അന്ന് നിറഞ്ഞ കണ്ണുകൾ ഓർത്തെടുത്തപ്പോൾ വീണ്ടും നിറയുന്നു.

ദിവസവരുമാനക്കാർക്ക് വല്യ ഒരു ആശ്വാസമായിരുന്നു പ്രഭാകരൻ ചേട്ടൻ എന്നും കൊടുക്കുന്ന കാൽകിലോ മീൻ. ഭർത്താക്കന്മാർ ഏല്പിക്കുന്ന പൈസ പിടിച്ചു ചെലവാക്കി ആ അമ്മമാർ കാൽകിലോ മീനിൽ അവരുടെ വീട്ടുകാരെ മീൻകൂട്ടി ചോറുണ്ണിച്ചു. ചെറുതായി മുറിച്ചും തല വെട്ടിയെടുത്തു തോരൻ വെച്ചുമൊക്ക അവർ ഭക്ഷണത്തിൽ മീൻരുചി ചേർത്തുവെച്ചു. മിച്ചം വരുന്ന പൈസ സമ്പാദ്യമാക്കി.

ആർത്തിയില്ലാത്ത വിൽപ്പനക്കാരൻ എന്നതിലുപരി എനിക്കു തോന്നിയത് സഹാനുഭൂതിയുള്ള മനുഷ്യൻ ആയിരുന്നു പ്രഭാകരൻ ചേട്ടൻ. ഈ കച്ചവടത്തിൽ ലാഭത്തേക്കാൾ നഷ്ടം വന്നിരിക്കാം. കാൽകിലോ മീൻ തൂക്കി കൈകൊണ്ടു ഒരു പിടി വേറെയും വാരിയിട്ട് കൊടുക്കുമ്പോൾ ആ തൂക്കം അരകിലോക്ക്‌ ഒപ്പം എത്തും. എങ്കിലും സാധാരണക്കാരായ പല കുടുംബങ്ങളിൽ ആ കാരുണ്യം ദിവസവും എത്തി. പരാതിയോ പുച്ഛഭാവമോ ഇല്ലാതെ.

ഇന്ന് ഒരു കിലോ മീൻ സ്വർണം തൂക്കുന്ന പോലെ തൂക്കി തന്നു ലോകത്തിൽ ഇല്ലാത്ത വിലയും വാങ്ങി മീൻകാരൻ നടന്നുമറയുമ്പോൾ അദ്ദേഹത്തിനെ കുറ്റം പറയാൻ നമുക്കും പറ്റില്ല. എത്ര വീശി എറിയാനും നമുക്കു മടിയില്ല. അഞ്ചു രൂപയ്ക്കു വാങ്ങിയ കാൽകിലോ മത്തി കൂട്ടി വയറു നിറച്ചു ചോറുണ്ട ഞാൻ ഇന്ന് അഞ്ഞൂറ് മുടക്കിയാലും ഒരു ദിവസം ഓടില്ല.

ഇന്നലെ fbyil മീൻവില്പനയുമായി വന്ന കുട്ടി പെട്ടന്ന് ഹീറോയും അതിലും പെട്ടന്ന് സീറോയും ആയി പോസ്റ്റുകൾ നിറയുമ്പോൾ അതിലെ നെല്ലും പതിരും തിരയാൻ എനിക്കു നേരമില്ല കാരണം അതിലും വലിയ ഒരു ഹീറോ പ്രഭാകരൻ ചേട്ടൻ മരണം വരെ ഓർമകളിൽ ഉണ്ട് ആൾ മരിച്ചിട്ടു വർഷങ്ങൾ പലതു കഴിഞ്ഞിട്ടും.