എഴുത്ത്: Ezra Pound
ഭാര്യ അവളുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു..ഞാൻ തടഞ്ഞില്ല..പോവുന്നവർ പൊക്കോട്ടെ..എന്തിനത് നിഷേധിക്കണം..സ്വാതന്ത്ര്യത്തിന്റെ ചിറകടിച്ചവർ പറന്നുയരട്ടെ…അതുമാത്രമല്ല കാരണം..ആമസോൺ പ്രൈമിൽ മെമ്പർഷിപ്പെടുത്തിട്ട് രണ്ടുമാസമായി..എന്നിട്ടും ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂന്നു സിനിമകളാണ്..
കടുത്ത സാമ്പത്തിക മാന്ദ്യമനുഭവിക്കുന്ന ഈ കാലഘട്ടത്തിലത് വലിയ നഷ്ടമാണെന്ന് പറയാതെ വയ്യ..എന്തുകൊണ്ട് കണ്ടില്ലെന്ന് ചോദിക്കരുത്..ലോക്ക് ഡൗൺ ആയ ഈ മാസങ്ങളിലൊക്കെ എന്തു ചെയുവാരുന്നെന്നു ചോദിക്കരുത്..
നിങ്ങൾക്കറിയുമോ ഓരോ സിനിമയും റിലീസായതിന്റെ തൊട്ടുപിറ്റേന്ന് തന്നെ കാണാൻ വേണ്ടി കാത്തിരിക്കുന്നൊരു മനസ്സായിരുന്നെനിക്ക്..
പക്ഷെ സിനിമ കാണാൻ തുടങ്ങുമ്പോഴേക്ക് അവളടുത്തേക്ക് വരും..’നിങ്ങൾക്കിങ്ങനെ സിനിമയും കണ്ടുകൊണ്ടിരുന്നാൽ മതിയല്ലോ..അടുക്കളയില് കഷ്ടപ്പെടാൻ ഞാനൊരാളൊറ്റക്കും..എന്റെ ദൈവമേ..എന്തിനാണീ അടുക്കള സൃഷ്ടിച്ചത്..ആണുങ്ങളുടെ സ്വസ്ഥത കെടുത്താനോ..മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും അടുക്കളയില്ലല്ലോ..എന്നിട്ടും അവരൊക്കെ ഭക്ഷിക്കുന്നില്ലേ..
എന്തായാലും മനസ്സമാധാനത്തോടെ സിനിമ കാണാൻ വയ്യെന്നുറപ്പായി..അതൊടെ അടുക്കളയിലേക്കു നടക്കും..
‘പണിയെന്തുണ്ട് എന്ന ചോദ്യത്തിന് വെറുമൊരു കള്ളചിരിയാവും മുഖത്ത്..സകല ആണുങ്ങളെയും വീഴ്ത്തുന്ന ചിരി..പണിയൊന്നുമെടുക്കണ്ട ഒപ്പമുണ്ടായാൽ തന്നെ ഒരാശ്വാസമാണെന്നുള്ള മറുപടിയും..
ദൈവത്തിന്റെ ഏറ്റവും സങ്കീർണ്ണമായ സൃഷ്ടിപ്പ് ഏതാണെന്നു ചോദിച്ചാൽ അതിനുത്തരം സ്ത്രീയാണ്..അവളെ മനസിലാക്കാൻ ഒരു ജന്മമൊന്നും പോരാ..മനസ്സിലാക്കിയാലോ ഒരു ജന്മം കൊണ്ടും മതിയാവുകയുമില്ല..
അടുക്കള ജോലികളൊക്കെ തീർത്തു കാണാമെന്നു വെച്ചാലോ ഓൺലൈൻ ക്ളാസ്സ്..പീഡീയെഫ്..എൽഡീയെഫ്..’പടച്ചോനെ സ്കൂളൊന്നു തുറന്നാൽ മതിയായിരുന്നു..ഇവരെ സഹിക്കേണ്ടല്ലോ..
‘ദൈവമേ സ്കൂളൊന്നു തുറന്നാൽ മതിയാരുന്നു..ഉമ്മാനെം വാപ്പാനേം സഹിക്കെണ്ടല്ലോ…’
മോനാണ്..മക്കളൊക്കെ നമ്മളെക്കാൾ വളർന്ന്..
ഉച്ചക്കുള്ള ക്ളാസും കഴിഞു വൈകുന്നേരത്തോടെ മക്കളെയും കൂട്ടിയവൾ സ്വന്തം വീട്ടിലേക്ക് പോയി..
അതൊടെ കിളികളൊഴിഞ്ഞ കൂടുപോലെയായി വീട്..എങ്ങും കനത്ത നിശ്ശബ്ദത..ഉണ്ടായിരുന്നപ്പോൾ എന്തൊരു ബഹളമായിരുന്നു..പോവേണ്ടിയിരുന്നില്ലായെന്ന് തോന്നിപ്പോയി..മനുഷ്യരങ്ങിനല്ലേ..കണ്ണുള്ളപ്പോൾ അതിന്റെ വില മനസ്സിലാക്കില്ല..
വൈകുന്നേരത്തെ ചായയും കഴിഞ്ഞു പാത്രത്തിൽ ലേശം മിച്ചറുമെടുത്തോണ്ടു ഞാൻ ലാപിനു മുമ്പിലിരുന്നു..
പുറത്ത് നല്ല മഴയുണ്ട്..കറന്റാണെൽ പോയും വന്നും കൊണ്ടെയിരിക്കാണ്..രാവിലെതൊട്ടേ ഇതു തന്നെയാണവസ്ഥ..
കോൾഡ് കേസ് കാണാൻ തീരുമാനിച്ചു..പ്രിഥ്വിരാജിനോട് പണ്ടുതൊട്ടെ ഒരിഷ്ടമുണ്ട്..ലൂസിഫർ കണ്ടപ്പൊൾ അതൊന്നൂടെ കൂടി..
മഴ കൂടിക്കൊണ്ടിരിക്കാണ്..ഇടക്കെപ്പോഴോ കറന്റ് വന്നൊന്നു മുഖം കാണിച്ചു പിന്നെയും പോയി..
ഫ്രിഡ്ജിനകത്തെ പ്രേതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോവുന്നേ..
ഇനിയങ്ങോട്ട് പ്രേതങ്ങൾ അല്ലെങ്കില് നെഗറ്റീവ് എനർജി ഫ്രിഡ്ജിലും വാഷിങ് മെഷീനിലുമൊക്കെ കയറി ഇരിക്കുന്ന സാധ്യത തള്ളിക്കളയാൻ ആവില്ല..പാലമരങ്ങളൊക്കെ ഇല്ലാണ്ടാവല്ലേ..പാവങ്ങൾ..അതിജീവനത്തിനായി പൊരുതിക്കൊണ്ടിരിക്കുന്നു..
ആകാംക്ഷയോടെ കണ്ടോണ്ടിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്നെന്തോ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടത്..തോന്നിയതാവുമെന്ന് കരുതി മൈൻഡ് ചെയ്തില്ല..
കുറച്ചു കഴിഞ്ഞപ്പോഴുണ്ട് വീണ്ടും അതെ ശബ്ദം..പുറത്തു നല്ല കാറ്റും..ജനാല വാതിൽ വലിച്ചടയുന്ന ശബ്ദം..മോളിലെ റൂമിൽ നിന്നാണ്..കേറിച്ചെന്ന് അടക്കാമെന്ന് വെച്ചപോ മനസ്സിൽനിന്നാരോ തടയുന്നതു പോലേ..അല്ലാതെ പേടിയൊന്നുമല്ല..
ശബ്ദത്തിന്റെ ഉറവിടം തേടി അടുക്കളയിലേക്ക് നടന്നു..ഫ്രിഡ്ജിനകത്തൂന്നാണ് ശബ്ദം..തുറന്നു നോക്കിയാലോ..അല്ലെങ്കി വേണ്ട..
പാത്രങ്ങൾ പൊട്ടുന്ന പോലേ എന്തൊക്കെയൊ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്..ഇനി പ്രേതമെങ്ങാനും ആവോ..പണ്ടാരടങ്ങാൻ..സിനിമ കണ്ടുംപോയി..
ഒച്ചയുണ്ടാക്കാതെ ഹാളിലേക്കു നടന്നു..ഉള്ളിലെ ഭയം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു..വല്ല കോമെഡി സിനിമയും കണ്ടാൽ മതിയായിരുന്നു..ഇതിപ്പോ..
കെട്യോളെ വിളിച്ചാലോ..അല്ലെങ്കി വേണ്ട..പേടിത്തൊണ്ടനെന്ന് വിളിച് കളിയാക്കും..രണ്ടും കൽപ്പിച്ചു ഫ്രിഡ്ജ് തുറന്നു നോക്കിയാലോ..
തുറക്കുന്നേനു മുന്നെ അവളോടു പറയാൻ ബാക്കിവെച്ച രഹസ്യങ്ങളും
അവളോടു ചെയ്ത തെറ്റുകളുമൊക്കെ ഏറ്റുപറഞ്ഞൊരു എഴുത്തെഴുതിവെക്കാ..
അഥവാ വല്ലതും സംഭവിച്ചാൽ തന്നെയും ആത്മാവിനു മോക്ഷം കിട്ടാതായിപ്പോവരുതല്ലോ..പ്രേതമായിവന്ന് ഫ്രീസെറിലൊന്നും കറിയിരുന്നു ശ്വാസം മുട്ടാനൊന്നും വയ്യ..
എഴുത്തെഴുതി മേശപ്പുറത്തുവെച്ചു..ആയത്തുൽ കുർസിയും ഉരുവിട്ടുകൊണ്ടു അടുക്കളയിലേക്കു നടന്നു..
ഒന്നുരണ്ടുവട്ടം കൂടി ശ്വാസം ആഞ്ഞുവലിച്ചു പുറത്തേക്കു വിട്ടു..ഇനി ചിലപോ വലിക്കാനുള്ള അവസരം കിട്ടണമെന്നില്ലല്ലോ..
ഫ്രഡ്ജിനരികിലെത്തിയപ്പോ കാലിനൊരു നനവുപോലെ..കീഴ്പോട്ട് നോക്കി..ഒന്നേ നോക്കിയുള്ളൂ..പടച്ചോനെ ചോര..അപ്പൊത്തന്നെ ബോധംപോയി..
കണ്ണുതുറന്നപ്പോ ആശുപത്രീലാണ്..തലക്കൊരു കെട്ടുമുണ്ട്..നല്ലവേദനയുണ്ട്..ഉണ്ടായതൊക്കെ ഓരൊന്നായി ഓർത്തെടുത്തുനോക്കി..
രാവിലേ ഒച്ചയും അനക്കവും കേൾക്കാത്തൊണ്ട് അയൽപക്കത്തുള്ള ആരോ വന്നു നോക്കിയപ്പോഴാണല്ലോ വെട്ടിയിട്ട ചക്കപോലെ ഞാൻ കിടക്കുന്നത് കണ്ടേ..
തറയിലെ ചോരയും കൂടി കണ്ടപ്പോ അവരൊക്കെ പേടിച്ചു പോയി.. അപ്പൊത്തന്നെ പൊലീസിൽ വിവരം അറിയിച്ചു..ഒപ്പം ഭാര്യയെയും..
പോലീസെത്തിയതോടെ കാര്യങ്ങൾക്കൊക്കെ തീരുമാനമാവുകയും ചെയ്തതാണ്..കറന്റ് പോവുകയും ഫ്രിഡ്ജിന്റെ തണുപ്പ് കുറയുകയും ചെയ്തതോടെ ഉറഞ്ഞുകിടന്നിരുന്ന ഐസിനു ശാപമോക്ഷം കിട്ടിയതിന്റെ പൊട്ടലും ചീറ്റലുമായിരുന്നു ആദ്യംകേട്ടത്..
ഫ്രീസെറിലുണ്ടാരുന്നു ബീഫിന്റെ തണുപ്പിറങ്ങിയപ്പോ ഒലിച്ചിറങ്ങിയ ചോരയായിരുന്നു പിന്നീടുകണ്ടത്..
മുഖത്തേക്ക് വെള്ളം തളിച്ചപ്പോഴേക്കും ഞാനുണരുകയും ചെയ്തു..
മേലാൽ ഇമ്മാതിരി കാര്യങ്ങൾക്ക് പോലീസിനെ വിളിച്ചു മെനക്കെടുത്തരുതെന്നും പറഞോണ്ടവര് പോവുകയും ചെയ്തതാണ്..
അപ്പോ പിന്നേ ആശുപത്രീലെക്ക് എത്തിയതെങ്ങിനാ..
“കൂടുതലാലോചിക്കേണ്ട..അത് ഞാൻ പറയാം..”
ങേ..കെട്യോളുടെ ശബ്ദമാണല്ലോ..കയ്യിലൊരു കടലാസുമുണ്ടല്ലോ..പടച്ചോനെ..
സംഭവറിഞ്ഞ ഉടനെ ഓടിയെത്തിയ അവൾ എന്റെ കിടപ്പ് കണ്ടലറി കരഞ്ഞതാണത്രേ..അതിനിടയിലാണ് ആരോ ഞാനെഴുതിവെച്ച എഴുത്തെടുത്തു കെട്യോൾക്ക് കൊണ്ടോയിക്കൊടുത്ത്..അതൊടെ സ്വിച്ചിട്ടതുപോലെ കരച്ചിലങ്ങട് സ്റ്റോപ്പായി..
ഇതെന്തുമറിമായം..എല്ലാരും മൂക്കത്തു വിരൽ വെച്ചു..
എഴുത്തു വായിച്ചു മുഴുമിപ്പിക്കുന്നെന് മുമ്പന്നെ അവളെഴുന്നേറ്റ് എന്റടുത്തേക്ക് വരികയും കയ്യീക്കിട്ടിയ ചിരവ കൊണ്ട് അറഞ്ചം പുറഞ്ചം സ്നേഹത്തോടെ തലോടുകയും ചെയ്തുവത്രേ..
നാലു തുന്നുണ്ടായിരുന്നു..
പടച്ചോനെ..ഇതിലും ഭേദം പ്രേതമായിരുന്നു.