എഴുത്ത്:-സൽമാൻ സാലി
” ഡാ ഫാറൂക്കെ ആ കൊച്ചിന് ന്താ വേണ്ടതെന്ന് നോക്കിക്കേ ..!!
മാമൻ അകത്തൂന്ന് ലൈം അടിചോണ്ടിരിക്കുമ്പോള് വിളിച്ചുപറഞ്ഞത് കേട്ടിട്ടാണ് ഫാറൂക്ക് ഇൻസ്റ്റയിൽ നിന്നിറങ്ങിയത് .. ഇൻസ്റ്റാഗ്രാമിൽ ഓൻ ഫോള്ളോ അടിക്കാത്ത പെങ്കുട്യോളും ഇല്ലാ
ഓൻ സിൻസിയറായിട്ട് പതിനാറാമത്തെ പെണ്ണിനെ പ്രേമിച്ചോണ്ടിരിക്കുവാ ഇപ്പൊ ..
അതിൽ പതിമൂന്നാമത്തെ സിൻസിയർ പ്രേമം അടുത്ത ബന്ധുവായ ഒരു കുട്ടിയെ ആയിരുന്നു .. കുടുംബത്തിൽ പെണ്ണ് കെട്ടിക്കൂല എന്ന് പറഞ്ഞു ഉമ്മേം ബാപ്പേം ഓനെ തേച്ചു വീട്ടിൽ മോങ്ങിക്കൊണ്ടിരിക്കുമ്പോൾ പഹയൻ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇടാൻ കേറിയത് .. അറിയാതെ അതിൽ കണ്ട വേ ടു നിക്കാഹ് എന്ന പരസ്യത്തിൽ അവൻ അപ്പോഴത്തെ ആവേശത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു ..
ഒരു മണിക്കൂറിനുള്ളിൽ ഒരേ പെൺകൊച്ചു വിളിച്ചു കല്യാണത്തിന് തല്പര്യമുണ്ടെന്ന് പറയാൻ തുടങ്ങിയപ്പോളാണ് ഫാറൂഖിന് പണി പാളിയത് മനസിലായത് ..
പിറ്റേ ദിവസം കടയിൽ നിക്കുമ്പോളും നിർത്താതെ ഫോൺ വരുന്നത് കേട്ടിട്ട് ഞാൻ ഓനോട് ചോദിച്ചു എന്താടാ നിനക്ക് ഇത്രേം ഫോൺ വരുന്നത് വല്ല കൊച്ചിനേം നീ ഇറക്കികൊണ്ട് വന്നോ ന്ന് ..
ഒന്നൂല്ല ഇക്കാ ഒരു ചെറിയ പണി പാളി എന്നും പറഞ്ഞു അവൻ കാര്യം പറഞ്ഞു .. ആ ആപ്പ് തുറന്നു നോക്കിയ ഞാൻ ഞെട്ടി .. അഡ്രസ്സും പേരും നമ്പറും എല്ലാം അവന്റേത് പക്ഷെ ഫോട്ടോ എന്റെത് ..ഞാനും ആലോചിച്ചതാണ് ആരാണ് ഇവനെ ഇങ്ങനെ വിളിക്കുന്നത് എന്ന് ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത് ചുമ്മതല്ല എല്ലാരും ഇങ്ങനെ വിളിക്കുന്നത് .. അവസാനം അത് ലൊഗിന് ചെയ്യാനുള്ള പസ്വാവോർസ് മറന്നതുകൊണ്ട് ഫോൺ നമ്പർ ഒഴിവാക്കേണ്ടി വന്നു അവന് ..
” ആപ്പിളിനെന്താ വിലാ …??
ഫാറൂക്ക് ഫോണും പോക്കറ്റിൽ ഇട്ട് പുറത്തെ കിളിനാദം കേട്ട സൈഡിൽ ഒന്ന് നോക്കി ..
പടച്ചോനെ ന്റെ പതിനേഴാമത്തെ സിൻസിയർ പ്രേമം ഇവൾ തന്നെ ..
” ആപ്പിൾ കിലോ 90 രൂപ .. എന്ന് പറഞ്ഞതും അകത്തുനിന്നും ലൈം അടിക്കുന്ന മിഷീൻ ഓഫ് ആയതും ഒരുമിച്ച് ..
” ഒറേഞ്ചോ ..?
ഓറഞ്ച് അറുപത് .. എന്ന് കേട്ടതും മാമൻ ലൈം അവിടെ ഇട്ട് പുറത്തേക്കിറങ്ങി .. നൂറ്റിമുപ്പതിന്റെ ആപ്പിൾ തൊണ്ണൂറിനും നൂറ് രൂപയുടെ ആപ്പിൾ അറുപതിനും കൊടുക്കാൻ ഇവൻ ആര് എന്ന ചിന്തയിൽ ആണ് മാമൻ ..
ഇരുനൂറ്റി മുപ്പതിന്റെ സാധനം നൂറ്റമ്പത് രൂപക്ക് വാങ്ങി ഓള് പോയി ..
” അല്ല ഫാറൂക്കെ ആപ്പിളിന്റെ വില എത്രയാ
” നൂറ്റിമുപ്പത് ..!!
” ഒറേഞ്ചോ ..?
” നൂറ് ..
” ആ പോയവൾ നിന്റെ മാമന്റെ മോൾ അല്ലാലോ ..
” അയിന് മാമാ എനിക്ക് നിങ്ങളല്ലേ മാമൻ ഉള്ളൂ ….ഇങക്ക് രണ്ട് ആൺമക്കൾ അല്ലെ ..
” ആണല്ലോ .. അപ്പൊ നീ ഇപ്പൊ വില കുറച്ചു കൊടുത്തതോ ..?
” അത് .. അത് .. അത് മാമാ ഓള് ആരും ഇല്ലാത്ത കുട്ടിയ അതോണ്ട് ഞാൻ കരുതി ..( നന്മയുള്ള ലോകമേ ബിജിഎം ഫാറൂഖിന്റെ മനസ്സിൽ )
” ഇയ്യ് എന്തേലും കരുതിക്കോ ആരും ഇല്ലാത്ത കുട്ടിയാണ് ഒറ്റക്ക് കാറും ഓടിച്ചു വന്നത് അല്ലെ ..
” അതല്ലേ മാമാ ഞാൻ പറഞ്ഞത് ഓൾക് ആരും ഇല്ലാ എന്ന് ..
ഓന്റെ പറച്ചിൽ കേട്ട് കയ്യിൽ കിട്ടിയ ഏത്തക്കായുടെ തണ്ട് കൊണ്ട് തലക്ക് ഒന്ന് കൊടുക്കാൻ തോന്നിയതാ മാമന് ..
” മോനെ ഫാറൂകെ ഇനീം ആരുമില്ലാത്ത കൊച്ചുങ്ങൾ സ്കൂട്ടിയും ജീപ്പുമൊക്കെ ആയി വരും അപ്പൊഴൊക്കെ ഇയ്യ് വില കുറക്കും .. തൽകാലം ന്റെ പെരേല് ചിലവ് കഴിയാൻ ഈ പീടിക മാത്രേ ഉള്ളൂ .. മോൻ ഉള്ളിൽ ആ അടിച്ചു വെച്ച ലൈം ഉണ്ട് അത് ഗ്ലാസിൽ ഒഴിച്ച് കുടിക്ക് .. എന്നിട്ട് ഇന്നുമുതൽ ഉള്ളിൽ ഇരുന്നാൽ മതി .. പുറത്ത് എന്ത് തന്നെ ഒച്ച കേട്ടാലും ഇയ്യ് പുറത്തിറങ്ങിയേക്കരുത് …
പിറ്റേദിവസം മുതൽ കടേൽ കച്ചോടം കുറഞ്ഞെങ്കിലും ലാഭം കൂടുതൽ കിട്ടുന്നുണ്ടെന്നാ മാമൻ പറയുന്നത് ..
സൽമാൻ ..