Story written by Jainy Tiju
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
” ഡോക്ടർ, എനിക്ക് എന്റെ ഗർഭപാത്രം ഡൊണേറ്റ് ചെയ്യണം “
ഒരു ഞെട്ടലോടെയാണ് ഞാൻ മുഖമുയർത്തി നോക്കിയത്. മുന്നിലിരുന്ന സ്ത്രീയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളൊന്നുമില്ല.
“മനസിലായില്ല? ” അവരുടെ വാക്കുകൾ വ്യക്തമായിരുന്നെങ്കിലും അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
20 വർഷത്തെ എന്റെ ഔദ്യോഗിക ജീവിതത്തിനിടെ ഇങ്ങനെ ഒരാവശ്യം ആദ്യമായാണ് ഞാൻ കേൾക്കുന്നത്. ഞാൻ മുന്നിലിരുന്ന സ്ത്രീയെ ഒന്ന് അളന്നു നോക്കി. നാല്പതിനോടടുത്ത പ്രായം. കാണാൻ നല്ല ആരോഗ്യവതി, കണ്ണുകളിൽ നിറഞ്ഞ ആത്മവിശ്വാസം.
സമയം ഒരു മണിയാവുന്നു. ഓപി അവസാനിപ്പിച്ചു എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് ഒരു പേഷ്യന്റ് കൂടി എന്ന് പറഞ്ഞു സിസ്റ്റർ ഇവരെയും കൂട്ടി വന്നത്. എന്താണ് അസുഖം എന്ന് പറഞ്ഞോളൂ എന്ന് പറഞ്ഞു കൊണ്ട് അലസമായി കേസ് ഷീറ്റ് തുറക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ ചോദ്യം.
” എന്താണ് നിങ്ങൾ ആവശ്യപ്പെടുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ? “
ഞാൻ വീണ്ടും ചോദിച്ചു.
അതിനു മറുപടിയായി അവർ ഒരു ഫയൽ എന്റെ മുന്നിലേക്ക് വെച്ചു.അവരെ ഒന്ന് സംശയത്തോടെ നോക്കിയിട്ട് ഞാനാ ഫയൽ തുറന്നു. അതു കാൻസർ ബാധിച്ചു രണ്ടു അണ്ഡശയങ്ങളും ഗര്ഭപാത്രവും പൂർണമായും മുറിച്ചു മാറ്റിയ ഒരു ഒരു പതിനെട്ടുകാരിയുടേതായിരുന്നു. ഒരു ഗൈനെക്കോളജിസ്റ്റ് എന്ന നിലയിൽ ഞാൻ ഒരുപാട് കണ്ടിട്ടുള്ള കേസാണെങ്കിലും ഈ ഫയൽ കണ്ടപ്പോൾ ഞാനൊരു നിമിഷം വല്ലാതായി.
” ഈ ഫയൽ എന്റെ മകളുടേതാണ് ഡോക്ടർ. പെൺകുട്ടികൾ നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ തുടങ്ങുന്ന പ്രായത്തിൽ അവൾക്ക് അവളുടെ സ്ത്രീത്വം തന്നെ നഷ്ടമായി. അന്നവളുടെ ജീവനായിരുന്നു ഞങ്ങൾക്ക് വലുത്. ഇന്നിപ്പോ അവൾക്ക് ഇരുപത് വയസ്സാകാറായി. ഹോർമോൺ ഗുളികകളുടെയും നിർവികാരതയുടെയും ലോകം അവൾക്ക് മടുത്തു തുടങ്ങിയത്രേ. കൂട്ടുകാരികളുടെ കൊച്ചുകൊച്ചു അടക്കം പറച്ചിലുകളിലും കുസൃതികളിലും അവൾ വെറും കേൾവിക്കാരിയും കാഴ്ചക്കാരിയും ആകുന്നുവെന്ന്. അവൾക്ക് കൂട്ടുകാരുമായി മാത്രം പങ്കുവയ്ക്കാൻ കഴിയുന്ന നിറമുള്ള കഥകളില്ല, പരാതികളും പരിഭവങ്ങളുമില്ല. ആരെയും ആകർഷിക്കാവുന്ന ഒരു ശരീരസൗന്ദര്യമുണ്ടായിട്ടും മനസ്സുകൊണ്ട് സ്വയം തീർത്ത ഒരു വേലിക്കുള്ളിൽ തീർത്തും ഉൾവലിഞ്ഞുകൊണ്ടുള്ള ഒരു ജീവിതം. “
അവരൊന്നു നിർത്തി. എനിക്ക് മിണ്ടാതെ അവരെ കേട്ടിരിക്കാനാണ് തോന്നിയത്.ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവർ തുടർന്നു.
” കേൾക്കുന്നവർക്ക് ഇതൊരു നിസ്സാരപ്രശ്നമായി തോന്നിയേക്കാം. കാരണം അവരാരും ഇത് അനുഭവിക്കുന്നില്ലല്ലോ. ഞാനിതേപ്പറ്റി സംസാരിച്ചവരൊക്കെ എന്നോട് പറഞ്ഞത് അവളെ നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിക്കാനാണ്.സംഭവിച്ചത് അംഗീകരിക്കാനും അത് അനുസരിച്ചു ജീവിക്കാൻ പഠിക്കാനും അവൾക്കൊരു കൗൺസിലിംഗ് നൽകുകയാണ് വേണ്ടതെന്ന്. പക്ഷെ, എന്റെ മകളുടെ ആഗ്രഹം അവളുടെ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികളെയും പോലെ ജീവിക്കണമെന്നാണ്.അവൾക്കും പ്രണയിക്കണം, വിവാഹം കഴിക്കണം, കുഞ്ഞുങ്ങളെ പ്രസവിക്കണം. അതിന് അമ്മക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് കണ്ണീരോടെ അവളെന്നോട് ചോദിച്ചു. എന്റെ മോൾക്ക് വേണ്ടി ഈ അമ്മ ജീവൻ വരെ തരും എന്ന് വാക്കുകൊടുത്തിട്ടാണ് ഞാൻ വന്നിരിക്കുന്നത് . അതിനു എവിടെ വരെ പോകേണ്ടിവന്നാലും പോകാനും , എത്ര പണം മുടക്കേണ്ടി വന്നാലും മുടക്കാനും ഞങ്ങൾ തയ്യാറാണ് . എന്റെ മോളുടെ സന്തോഷത്തിനായി ഞങ്ങൾ ഏതറ്റം വരെയും പോകും “.
വികാരത്തള്ളലിലാവാം അവർ ചെറുതായി വിതുമ്പുന്നുണ്ടായിരുന്നു.
ഇപ്പോൾ എനിക്കിവരെ മനസ്സിലായിത്തുടങ്ങി.
” നിങ്ങൾക്ക് ഗർഭപാത്രം മാറ്റിവെക്കുന്നതിനെ പറ്റി എന്തറിയാം? ഇതുവരെ വ്യക്തമായ വിജയശതമാനം പറയാൻ കഴിഞ്ഞിട്ടില്ല, പിന്നെ.. “?
” അറിയാം ഡോക്ടർ, ഞങ്ങൾ ഇതേപ്പറ്റി ഒരുപാട് വായിച്ചു. അറിയാൻ ശ്രമിച്ചു. ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഇത് ചെയ്യുന്നതെന്നും അറിയാം. എന്നാലും നമുക്കൊന്ന് ശ്രമിക്കാലോ. അവളുടെ പ്രായത്തിൽ ഈ അമ്മയ്ക്ക് ഒരു പെണ്ണെന്ന നിലയിൽ കിട്ടിയ എല്ലാ ഭാഗ്യങ്ങളും എന്റെ മോൾക്കും കിട്ടാൻ ചെയ്യാൻ കഴിയാവുന്നതിന്റെ മാക്സിമം ചെയ്യാൻ ശ്രമിച്ചു നോക്കാമല്ലോ. “
അവരുടെ മുഖത്ത് ഒരു പ്രതീക്ഷയുടെ തിളക്കം.
” ഓക്കേ. ഇതിപ്പോ നമ്മൾ ചെയ്തു എന്ന് തന്നെ കരുതുക. സ്വന്തം ഗർഭപാത്രം നീക്കം ചെയ്യേണ്ടിവരുമ്പോൾ നിങ്ങൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയിട്ടുണ്ടോ? “
ഞാൻ ചോദിച്ചു.
” എന്റെ പ്രായത്തിലുള്ള ഏതൊരു പെണ്ണും പത്തോ പതിനഞ്ചോ വർഷങ്ങൾക്കുള്ളിൽ നേരിടേണ്ടി വരുന്ന, ഒഴിച്ചുകൂടാനാവാത്ത ആ സാഹചര്യം കുറച്ചു നേരത്തെ വരുന്നു എന്നല്ലേ. അവളെ പ്രസവിക്കാൻ പ്രാണവേദന അനുഭവിച്ച ഈ അമ്മക്ക് അതും സന്തോഷത്തോടെ നേരിടാൻ കഴിയും. എന്റെ ഭർത്താവിന് എന്നെ മനസ്സിലാവും . “
അവരുടെ ശബ്ദം ശാന്തമെങ്കിലും ഉറച്ചതായിരുന്നു.
” കുറച്ചു ചാലഞ്ചിങ് ആയ കേസുകൾ ഏറ്റെടുക്കാൻ മാഡത്തിന് താല്പര്യം ഉണ്ടെന്നു കേട്ടിട്ടാണ് ഞാൻ മാഡത്തിനെ തന്നെ അന്വേഷിച്ചു വന്നത്. എന്നെ കൈവെടിയരുത്. “
അവർ എന്റെ മുന്നിൽ കൈകൂപ്പി. ഞാനെന്റെ സുപ്പീരിയർസിനോടൊന്നു സംസാരിക്കട്ടെ, എത്രയും പെട്ടെന്ന് വിവരം അറിയിക്കാം എന്ന് ഉറപ്പുകൊടുത്താണ് അവരെ ഞാൻ യാത്രയാക്കിയത്.
പ്രതീക്ഷിച്ചതുപോലെ തന്നെ എസ്‌സിക്യൂട്ടീവ് മീറ്റിംഗിൽ നിരാശാജനകമായ ഉത്തരമാണ് എനിക്ക് കിട്ടിയത്. ഇപ്പോഴും പരീക്ഷണങ്ങൾ മാത്രം നടന്നുകൊണ്ടിരിക്കുന്ന ഈ മേഖലയിൽ നമ്മളെന്തിന് റിസ്കെടുക്കണം എന്ന്.
തോറ്റുപിന്മാറാൻ എനിക്ക് കഴിയില്ലായിരുന്നു. ആ അമ്മയുടെ മുഖത്തെ നിശ്ചയദാർഢ്യം എനിക്ക് ആത്മവിശ്വാസം പകരുന്നുണ്ടായിരുന്നു. ഈ സബ്‌ജെക്ടിൽ ഇന്നോളം വന്നിട്ടുള്ള എല്ലാ ഡീറ്റൈൽസും വായിച്ചു. ഗൂഗിളിൽ സേർച്ച് ചെയ്ത് ഇതിനു മുൻപ് ” യൂട്രസ്സ് ട്രാൻസ്‌പ്ലാന്റേഷൻ” ഇന്ത്യയിൽ ചെയ്തിട്ടുള്ള ഹോസ്പിറ്റലുകളുടെയും ഡോക്ടർമാരുടെയും ലിസ്റ്റ് എടുത്തു. ആ ഡോക്ടർമാരുമായി സംസാരിച്ചു.
അതുകൊണ്ട് തന്നെ അടുത്ത മീറ്റിംഗിൽ വീണ്ടും ഞാനീ ടോപ്പിക്ക് എടുത്തിട്ടു.
” കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇങ്ങനൊരു സർജറി കൊണ്ട് താനെന്താണ് ഉദ്ദേശിക്കുന്നത്, പ്രശസ്തിയോ? “.
ആദ്യത്തെ മറുചോദ്യം പരിഹാസത്തിന്റേതായിരുന്നു. ഞാനൊന്നും മിണ്ടിയില്ല. പറയാനുള്ളവരുടെ എല്ലാം പറഞ്ഞു കഴിയട്ടെ എന്നോർത്തു.
” ഡോക്ടർ ഡെയ്സി, നമ്മുടെ ഹോസ്പിറ്റലിൽ അതിനുമാത്രം ഉള്ള സൗകര്യങ്ങളില്ല. സ്റ്റാഫിന് ഇങ്ങനൊരു സർജറി അസ്സിസ്റ്റ് ചെയ്തു പരിചയമില്ല. മാത്രമല്ല, ഒരു ജീവൻ രക്ഷാ ഉപാധിയൊന്നുമല്ലാത്തതുകൊണ്ട് എത്തിക്കൽ ഇഷ്യൂസ് ഉണ്ടായേക്കാം. അറിഞ്ഞുകൊണ്ട് നമ്മളെന്തിന് ഇങ്ങനെ ഒരു കേസ് ഏറ്റെടുക്കണം? ” മെഡിക്കൽ സൂപ്രണ്ടിന്റെ പ്രതികരണം ഇതായിരുന്നു.
ഞാൻ പതുക്കെ എഴുന്നേറ്റു. ഇതുവരെ ഈ രംഗത്തുണ്ടായിട്ടുള്ള പുരോഗതിയുടെയും സർജറി ചെയ്ത ഡോക്ടർസിന്റെ അനുഭവം അവർ പങ്കുവെച്ചതും, അവരുടെ ഏത് തരത്തിലുള്ള സഹായവും വാദ്ഗാനം ചെയ്തതും വിശദമായി തന്നെ പറഞ്ഞു.
” സർ, എല്ലാം വിധിയെ പഴിച്ചു കഴിയാനാണെങ്കിൽ മെഡിക്കൽ സയൻസ് ഇത്രമാത്രം റിസേർച്ചുകൾ നടത്തേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? നമ്മളിപ്പോൾ പറഞ്ഞത് പോലെ ആദ്യമായി കിഡ്നിയും ലിവറും എന്തിനു ഹാർട്ടും വരെ ട്രാൻസ്‌പ്ലാന്റ് ചെയ്ത സർജൻസ് റിസ്കിനെ ഭയപ്പെട്ടിരുന്നുവെങ്കിൽ എത്രയോ ജീവിതങ്ങൾ ഇന്നും വിധിയെ പഴിച്ചു വേദനയിൽ കഴിയുമായിരുന്നു? എത്രയോ ജീവനുകൾ കാലമെത്തും മുന്പേ അവസാനിക്കുമായിരുന്നു?പുണെയിലും ചെന്നൈയിലും ഇങ്ങനെ ഒരു സർജറി ആകാമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ?. .പിന്നെ സർ, ഗർഭപാത്രം ജീവൻ നിലനിർത്താൻ അത്യാവശ്യമൊന്നുമല്ല. എങ്കിലും, സ്ത്രീത്വത്തിന്റെ ഋതുഭേദങ്ങൾ നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് അത് തിരിച്ചു നൽകാൻ കഴിയുമെങ്കിൽ, തീവ്രമായി ആഗ്രഹിച്ചിട്ടും ശരീരത്തിന്റെ അപര്യാപ്തതകൊണ്ട് ഒരു കുഞ്ഞിനു ജന്മം നൽകാൻ കഴിയാത്ത സ്ത്രീകൾക്ക് ആ തീരാവേദനയിൽനിന്ന് മോക്ഷം നൽകാൻ കഴിയുമെങ്കിൽ, അതിന് കരണക്കാരാവുന്നത് നമ്മളാണെങ്കിൽ, അതിൽ നിന്ന് കിട്ടുന്നത് പ്രശസ്തിയായാലും അനുഗ്രഹമായാലും അത് നല്ലതല്ലേ? “
ഒരു നിമിഷത്തെ പരിപൂർണ നിശ്ശബ്ദതക്ക് ശേഷം ആദ്യം കയ്യടിച്ചത് ആദ്യം പരിഹസിച്ച സഹപ്രവർത്തകനായിരുന്നു.
” എങ്കിൽ പ്രെപറേഷൻസ് തുടങ്ങിക്കോളൂ ഡെയ്സി..തന്നെ സപ്പോർട്ട് ചെയ്യാൻ ഒരു എക്സ്പെർട് മെഡിക്കൽ ടീമിനെ എത്തിച്ചു തരേണ്ട ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു. “
അത് സൂപ്രണ്ട് സാറിന്റെ വാക്കായിരുന്നു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഡോണറിന്റെയും സ്വീകർത്താവിന്റെയും മാച്ചിങ് ടെസ്റ്റുകൾ, മറ്റു ഫുൾ ചെക്കപ്പുകൾ, എല്ലാ റിസ്കും പരാജയസാധ്യതകളും മനസ്സിലാക്കികൊടുത്തുകൊണ്ടുള്ള അവരുടെ കൺസെന്റ് എല്ലാം കഴിഞ്ഞു.
എനിക്കിന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. കാരണം നാളെയാണ് ആ ദിവസം. ഒരുപക്ഷെ, കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയേക്കാവുന്ന ആ സർജറി ദിവസം….നാളത്തെ ദിനം വിജയത്തിന്റേതാണ്.പ്രതീക്ഷകൾ നഷ്ടപ്പെട്ടവർക്ക് മനസ്സിൽ പ്രത്യാശയുടെ തിരിനാളം കൊളുത്താൻ ഞങ്ങൾക്ക് ഇവിടെ വിജയിച്ചേ തീരൂ..
(Uterus transplantation എന്ന സർജറി വിഭാഗത്തിൽ ഇപ്പോഴും പഠനങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നതെ ഉള്ളു. പലരാജ്യങ്ങളിലും നടന്നിട്ടുണ്ടെങ്കിലും പ്രചാരത്തിൽ ആയിട്ടില്ല. ഇന്ത്യയിൽ തന്നെ പുണെയിലും ചെന്നൈയിലും ഈ ഓപ്പറേഷൻ ചെയ്തിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. പക്ഷെ, കേരളത്തിൽ ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ല. അതുകൊണ്ടാണ് ഓപ്പറേഷൻ വിജയിച്ചു എന്ന് എഴുതി അവസാനിപ്പിക്കാൻ കഴിയാതെ പോയത്. എങ്കിലും, ഇങ്ങനെ ഒരു സാധ്യത ഉണ്ട് എന്ന അറിവ് പങ്കുവെക്കുകയായിരുന്നു കഥയുടെ ഉദ്ദേശം. എത്രയും പെട്ടെന്ന് നമ്മുടെ കൊച്ചുകേരളവും ഈ രംഗത്ത് മുദ്ര പതിപ്പിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.)