Story written by Saanvi Saanvi
ആർത്തലച്ച് മഴ പെയ്തതു കൊണ്ടാവണം മീരേച്ചിയുടെ ശബ്ദം പുറത്തേക്ക് കേട്ടില്ല.
പതിവായി വല്ല്യമ്മയോട് വഴക്കിടാറുള്ള നേരം ആയിരുന്നു …
അകത്ത് അമ്മയും മകളും പൊടിപൊടിക്കുന്നുണ്ടാവും…
ഓരോ ദിവസവും മീരേച്ചിയ്ക്ക് പുതിയ പുതിയ വിഷയങ്ങളാണ്.
ചിലപ്പോ വല്ല്യമ്മ വച്ച കൂട്ടാൻ ഇഷ്ടാവില്ല..
അല്ലെങ്കിൽ തുണി ഇസ്തിരി ഇട്ടതിനു ചന്തം പോരാ…
” ആണിൻ്റെ ജന്മം ആവണ്ടതാ” വല്യമ്മ പറയും.
” തൃക്കേട്ടക്കാരിയ്ക്ക് മുൻകോപം കൂടും…
“മുത്തശ്ശി സമാധാനിപ്പിക്കും.
മീരേച്ചീടെ അച്ഛൻ മദ്രാസിലായിരുന്നു …
മാസത്തിൽ ഒരിക്കലേ വരലുള്ളൂ…
പണ്ടൊക്കെ എന്നോട് എന്തെങ്കിലും രണ്ട് വാക്ക് മിണ്ടുമായിരുന്നു….
അനന്തകൃഷ്ണൻ എന്നേ വിളിക്കു….
അനന്തൂന്ന് വിളിച്ചാലെന്താ? എനിക്കെപ്പഴും തോന്നീട്ടിണ്ട്… എല്ലാരും അനന്തൂന്ന് ഓമനപ്പേരു വിളിക്കുമ്പോ ഒരാള് മാത്രം വല്ല്യ പേര് വിളിക്കുന്നത് എനിക്കിഷ്ടല്ലാ…
എന്തോ ഞാൻ വല്ല്യ കുട്ടി ആയപ്പോലെ തോന്നുമായിരുന്നു ..
പഴയൊരു തറവാടാണ് മീരേച്ചീടെ …
ഇരുനിലയുണ്ട്…
ചേച്ചി എപ്പഴും മോളിൽ ആണ്…
വടക്കുവശത്തെ മുറിയിൽ ഇരുന്ന് വയലിലേക്ക് നോക്കി നിൽക്കും.
ഒരു ദിവസം എന്തോ എടുക്കാൻ വല്ല്യമ്മ മുറിയിലേക്ക് പറഞ്ഞു വിട്ടു..
എൻ്റെ അനക്കം കേട്ടതും ചേച്ചി തിരിഞ്ഞു നോക്കി…
നോട്ടം കണ്ടതും ഞാൻ പേടിച്ചു …
ശല്ല്യമായതു പോലെ തുറിച്ചൊരു നോട്ടം…
പിന്നെ താഴേക്കിറങ്ങി ഒറ്റ പോക്കാ…
” മീരേച്ചീടെ ഒറ്റ ആങ്ങള നീയാ ” പണ്ട് അമ്മ പറഞ്ഞു തരുമായിരുന്നു.
പക്ഷേ ചേച്ചിയ്ക്ക് എന്നോട് ആ വാത്സല്യമൊന്നും ഇല്ലായിരുന്നു …
“വല്ലാത്തൊരു പെണ്ണ്… ആരോടും ഒരു ഉള്ളലിവില്ലല്ലോ.. “അച്ഛൻ അമ്മയോട് പറഞ്ഞു കേട്ടിട്ടുണ്ട്.
ഒരു ദിവസം രാവിലെ മീരേച്ചീടെ വീട്ടിൽ നിന്ന് വല്ല്യ ബഹളം കേട്ടു …
കേട്ടു തഴമ്പിച്ചതാണെങ്കിലും വല്ല്യമ്മ കരയുന്നത് അപൂർവ്വമാണ് …
അമ്മ നേരത്തെ അവിടെയ്ക്ക് പോയിട്ടുണ്ട് …
ഞാൻ ചെന്നപ്പോൾ കുറേ മുടിയിഴകളാണ് കണ്ടത്…
വല്യമ്മയുടേതല്ല…
പിന്നെ ആർടെ?
“അവൾടെ തലയ്ക്ക് നൊസ്സാണോ?”വല്ല്യമ്മ പ്രാകണ സ്വരത്തിൽ ചോദിച്ചു..
“ഈശ്വരാ മീരേച്ചി മുടി വെട്ടി ” എനിക്കും ഒരു വിമ്മിട്ടം തോന്നി..
മുകളിലെ ആ മുറിയിൽ തിരിഞ്ഞു നിൽക്കുകയാണ് ആൾ….
മുട്ടോളം മുടിയുണ്ടായിരുന്നു.മുഖത്തേയ്ക്ക് നോക്കാൻ എനിക്ക് ധൈര്യം വന്നില്ല.
“സാരില്ലാ… മുടിയല്ലേ വളർന്നോളും … അവൾടെ കല്ല്യാണം ആവുമ്പോഴേക്കും നിറയെ വളർന്നോളും “അമ്മ ആശ്വാസവാക്കുകൾ പറയുന്നുണ്ട്…
കണ്ണെഴുത്തും പൊട്ടുകുത്തും ഒന്നും വേണ്ട…
ആ മുടി അവടെ വേണ്ടിയിരുന്നു.
അടുത്ത വട്ടം വല്ല്യച്ചൻ വന്നത് മീരേച്ചിയ്ക്ക് ഒരു വിവാഹാലോചനയും കൊണ്ടാണ്…
വല്ല്യച്ചൻ്റെ കൂട്ടുകാരൻ്റെ മകനാണത്രേ..
മുടി ഒരു വഴിപാടിനു മുറിച്ചതാണെന്നാ അവരോട് പറഞ്ഞേക്കണേ…
പക്ഷേ മീരേച്ചിയ്ക്ക് ഇപ്പോ കല്ല്യാണം വേണ്ടാന്ന്.
വല്ല്യമ്മ ഭീഷണിപ്പെടുത്തി പെണ്ണുകാണൽ കഴിച്ചു ..
ആ ചെക്കൻ മീരേച്ചിയ്ക്ക് ചേരില്ല… ഒരു ചൊടി ഇല്ലാത്ത ചെക്കൻ…
അനന്തുൻ്റെ കൂടെ പഠിക്കണൊരു കുട്ടിക്ക് അർബുദം ആണത്രേ.. കുട്ടികളോടൊക്കെ പണപ്പിരിവ് ചോദിച്ചിട്ടുണ്ട് “. അമ്മ പറഞ്ഞത് മീരേച്ചി കേട്ടെന്ന് തോന്നുന്നു.
അന്ന് വൈകീട്ട് ഞാൻ അവിടെ തൈര് മേടിക്കാൻ ചെന്നപ്പോ മീരേച്ചി എന്നെ പടിക്കെട്ടിൽ നിന്നു വിളിച്ചു…
അകത്തുചെന്നതും കുറേക്കാശെടുത്ത് കൈയിൽ തന്നു. സുഖമില്ലാത്ത കൂട്ടുകാരനു കൊടുക്കാൻ പറഞ്ഞു…
എനിക്കും അത്ഭുതമായി…
അന്നാണ് ഞങ്ങൾ അവസാനമായി കണ്ടത്…
പിറ്റേന്ന് ഈ സമയമായപ്പോഴേക്കും മീരേച്ചിയുടെ ചിത തെക്കെപ്പറമ്പിൽ എരിഞ്ഞു തീരുകയായിരുന്നു.
കല്ല്യാണം ഉറച്ച പെണ്ണാ ….
“വിധി” അമ്മയുടെ മടിയിൽ കിടക്കുകയാണ് വല്ല്യമ്മ .
കരച്ചിലിനു പകരം നേർത്തൊരു മൂളൽ മാത്രമേ കേൾക്കാനുള്ളൂ..
വല്ല്യച്ഛൻ്റെ പാൻറും ഷർട്ടുമിട്ടാണ് മീരേച്ചി തൂങ്ങി നിന്നത്.
പലപ്പോഴും ആ വസ്ത്രങ്ങൾ ഒളിപ്പിച്ചു വച്ചത് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്.
അതൊക്കെ മീരേച്ചി ഇടുമോയെന്ന് സംശയം ആയിരുന്നു.
മരിക്കാൻ നേരം ഇടാനാണോ അതെല്ലാം എടുത്തു വച്ചത്….
ആളുകൾ എന്തൊക്കെയോ അടക്കം പറയുന്ന കേൾക്കാം…
അന്ന് അവിടെയാണ് കിടന്നത് …
വടക്കേമുറിയിലെ ജനൽപ്പാളി അടഞ്ഞ് കിടക്കുകയാണ്…
ഇടയ്ക്കെപ്പൊഴോ ആരോ അത് തുറന്ന് വയലിലേക്ക് നോക്കി നിൽക്കുന്ന പോലെ തോന്നും…
വെറുതെ ഓരോ തോന്നലുകൾ മാത്രം….
മീരേച്ചിയെ ഞാൻ മറക്കില്ല ….
എന്തിനാ മീരേച്ചി മരിച്ചേന്ന് ആരും പറയണൂല്ല….
വലുതാവട്ടെ …. ഞാൻ കണ്ടു പിടിക്കും….
” കുട്ടി ഉറക്കപ്പിച്ച് പറയാതെ കിടക്ക്”. അമ്മയുടെ നുള്ളൽ…..
ലേശം നൊന്തെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല..
വടക്കേതിലെ ജനാലകൾ ആരോ തുറക്കുന്ന സ്വരം കേട്ടു …
“നാമം ചൊല്ലി കിടക്ക് കുട്ടി…..” അമ്മ വീണ്ടും ചേർത്തു പിടിച്ചു…
പതിയെ എൻ്റെ കണ്ണിലും ഇരുട്ട് കേറിയടഞ്ഞു…