അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു……

എഴുത്ത് :- മഹാ ദേവൻ

” ഏട്ടാ, വേദനിക്കുന്നു…. “

അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു.

മൊബൈലിൽ ആയിരുന്നു അപ്പോഴും ശ്രദ്ധ.വിശ്രമമില്ലാത്ത വിരലുകൾ ആരുടെയൊക്കെയോ സ്വകാര്യതകൾ ഒപ്പിയെടുക്കുമ്പോൾ അടുത്തുള്ളവളുടെ പരിഭവങ്ങൾ വല്ലാത്ത അരോചകമായിരുന്നു.

” എന്റെ ഭാമേ, എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ. നിനക്ക് മാത്രേ ലോകത്തു ഈ മെ ൻസസ്സും വേദനയും ഉള്ളോ. നിന്റ വിളിയും കരച്ചിലും പറച്ചിലും കേട്ടാൽ അങ്ങനെ ഒക്കെ തോന്നും.

എല്ലാ പെണ്ണുങ്ങളും ഓരോ മാസവും ഇതൊക്കെ കടന്നു തന്നെയാ ജീവിക്കുന്നത്. എന്നും പറഞ്ഞ് ങ്ങനെ കാറികൂവി കിടക്കുകയല്ല. “

ഭർത്താവിന്റെ പുച്ഛം നിറഞ്ഞ സംസാരം കേട്ടപ്പോൾ ഭാമയ്ക്ക് അടിവയറിലെ വേദനയെക്കാൾ കൂടുതൽ ഇടനെഞ്ചായിരുന്നു വേദനിച്ചത്.

” ഏട്ടാ. എന്റെ വേദന എനിക്കല്ലേ അറിയൂ. അതിനെ എന്തിനാണ് മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്. ഓരോ സ്ത്രീയ്ക്കും ഓരോ രീതിയിൽ ആയിരിക്കില്ലേ ഇതൊക്കെ. അതിനെ ങ്ങനെ നിസ്സാരമായി കാണണോ?

പണ്ടൊക്കെ ഈ ദിവസങ്ങളിൽ എന്നെ ചുറ്റിപിടിച്ചിരുന്ന ഏട്ടനെ ഈ നിമിഷങ്ങളിൽ ഞാൻ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട്. ഞാൻ ഇത് പറയുമ്പോൾ ഏട്ടന് പുച്ഛം തോന്നാം. പക്ഷെ, ഒരു പെണ്ണ് ഈ നിമിഷങ്ങളിൽ നിങ്ങടെ സാമിപ്യം അത്രത്തോളം ആഗ്രഹിക്കാറുണ്ട്. കേൾക്കുമ്പോൾ ഇതൊക്കെ പഴഞ്ചനല്ലേ, നീയൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത് എന്നൊക്കെ ചോദിക്കാൻ ഒരുപാട് പേരുണ്ടാകും, പെണ്ണുങ്ങൾ അടക്കം.

എന്നാൽ ഭൂരിഭാഗം സ്ത്രീകളും പ്രിയപ്പെട്ടന്റെ കരുതൽ ആഗ്രഹിക്കുന്നവർ ആയിരിക്കും.”

അവളുടെ വാക്കുകൾ കേട്ടപ്പോൾ അവനു ദേഷ്യമാണ് തോന്നിയത്. കേട്ടും വായിച്ചും മടുത്ത കരുതൽകഥകളിലേക്ക് വേണേൽ എഴുതിച്ചേർക്കാൻ ഒന്നുകൂടി എന്നവൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവൾക്കരികിൽ നിന്ന് എഴുനേൽക്കുമ്പോൾ

മൊബൈലിൽ ” ഞാൻ വരട്ടെ ” എന്ന ചോദ്യത്തിന് അപ്പുറത്ത് നിന്നുള്ള മറുപടി അവനെ തെല്ലിട നിരാശനാക്കി.

“വേണ്ട മോനെ, ഇനി ഒരാഴ്ച നോ രക്ഷ. ഹോ, എന്തൊരു വേദന ആണെന്ന് അറിയോ…. ഞാനിവിടെ കിടന്ന് പുളയുവാ”

അപ്പുറത്ത് നിന്നുള്ള വാക്കുകൾ കേട്ടപ്പോൾ വിഷമത്തോടെ അവൻ ടൈപ്പ് ചെയ്തു,

” എന്നാ ഞാൻ ഓടി വരാം… വന്നിട്ട് നിന്റെ വയറിൽ കൈ ചുറ്റിപിടിച്ചു കിടക്കാം.. അപ്പൊ നിന്റ വേദനയൊക്കെ അലിഞ്ഞലിഞ്ഞു പോകും… “

അപ്പുറത്ത് നിന്ന് അവൾ പുഞ്ചിരിച്ചു. അവനും പുഞ്ചിരിച്ചു.

“എന്നാ ഞാൻ കെട്ടിപിടിക്കട്ടെ…..”

അവന്റ ചോദ്യം ഫോണിനപ്പുറത്തെ ഹൃദയം കവരുമ്പോൾ, അതെ സമയം തൊട്ടടുത്ത മുറിയിൽ ഭാമ അടിവയറ്റിൽ കൈ ചുറ്റി പുളയുകയായിരുന്നു. ഭർത്താവിന്റെ കൈകൾ സ്നേഹത്തോടെ വയറിൽ പിണയുന്നതോർത്തുകൊണ്ട്……

******************