അച്ഛൻ വന്ന ദിവസം
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.
മായമ്മേ, ദേ ആ കൊഞ്ചൊന്ന് വൃത്തിയാക്കണേ.. അച്ഛൻ വരുന്നുണ്ട്..
പ്രീതിയുടെ ഒരുക്കം കണ്ട് അന്ധാളിച്ചു മായമ്മ. താനിവിടെ ജോലിക്ക് വന്നു തുടങ്ങിയിട്ട് ഏഴെട്ട് വർഷമായി. ഇടയ്ക്കിടെ സാറും ഭാര്യയും മോനും നാട്ടിൽ പോകുന്നതല്ലാതെ രണ്ടുപേരുടെയും അച്ഛനും അമ്മയും ഇങ്ങോട്ട് വന്നുകണ്ടിട്ടില്ല.
ചേച്ചീ, ഇതെന്താ ഇപ്പൊ വിശേഷിച്ച്?
വിശേഷമൊന്നുമില്ല.. അച്ഛൻ ഒന്ന് വന്ന് കാണാൻ തീരുമാനിച്ചു.. അത്രതന്നെ.എന്നെ കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ ഞാൻ ഒന്നും സംസാരിക്കുക ഉണ്ടായില്ല.. അതു കൊണ്ടാണെന്ന് തോന്നുന്നു അച്ഛൻ വരാമെന്ന് വെച്ചത്..
അതും പറഞ്ഞ് പ്രീതി വരാന്തയിലേക്ക് പോയി. മായമ്മ ആലോചിക്കുകയായിരുന്നു. അധികം സംസാരിക്കാത്ത ആളാണ് പ്രീതി. സാറും അതുപോലെതന്നെ.. ആവശ്യ മുള്ള കാര്യങ്ങൾ മാത്രം പറയും. കുടുംബവിശേഷങ്ങളോ മറ്റോ പങ്കുവെയ്ക്കുകയില്ല. അധികം കാര്യങ്ങൾ ചോദിക്കാൻ പാടില്ല എന്നാണ് നിയമം. തന്റെ വീട്ടിലെ കാര്യങ്ങളും കാര്യമായി ചോദിക്കാത്തതുകൊണ്ട് താനൊട്ട് പറയുകയുമില്ല.
പുറത്ത് കാറിന്റെ ശബ്ദം. അദ്ദേഹം വന്നെന്ന് തോന്നുന്നു.
മോളേ ..
അദ്ദേഹം പ്രീതിയെ നെഞ്ചോട് ചേർത്ത് പുണർന്നു.
അവൾ കണ്ണുതുടച്ചു.
എന്തേ കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ ഒന്നും സംസാരിക്കാതെ വെച്ചുകളഞ്ഞത്?
പ്രീതി മൌനമായി നിന്ന് ചുമൽ കുലുക്കി.
വിപിൻ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു. വാടകവീടാണെങ്കിലും ചെടികളും മറ്റും മനോഹരമായി വെച്ചിരിക്കുന്നു. മായമ്മ പെട്ടെന്ന് തന്നെ തയ്യാറാക്കിയ ഭക്ഷണമെല്ലാം എടുത്ത് മേശപ്പുറത്ത് വെച്ചു. കുശലം പറഞ്ഞുകൊണ്ട് അദ്ദേഹം ആഹാരം കഴിക്കാനിരുന്നു. അക്കു എല്ലാകാര്യത്തിനും വിളിക്കുന്നത് മായമ്മയെയാണ്. അവൾ അതേപടി എല്ലാം അനുസരിക്കുന്നുണ്ട്. വിപിനും ഓരോ കാര്യവും എടുത്തുകൊടുക്കാനും മറ്റും ആവശ്യപ്പെടുന്നത് മായമ്മയോടാണ്. പ്രീതിയുടെ മുഖം മ്ലാനമായി ഇരിക്കുന്നത് അച്ഛൻ കണ്ടു.
എന്താ മോളെ.. എന്തുപറ്റി?
അവൾ ഉത്തരമൊന്നും പറയാതെ അടുക്കളയിലേക്ക് നടന്നു. വിപിൻ പറഞ്ഞു:
പ്രീതി എപ്പോഴും ഇങ്ങനെത്തന്നെയാണ്.. അധികം സംസാരിക്കുകയൊന്നുമില്ല..
ആഹാരം കഴിച്ചുകൊണ്ടിരിക്കെ റിട്ടയേഡ് കേണൽ ചന്ദ്രശേഖരമേനോൻ ആലോചനയിലാണ്ടു. മകളുടെ വിവാഹത്തിന് ലീവിൽ വരുമ്പോൾ തന്റെ ഉള്ളിൽ വലിയ പ്രതീക്ഷകളായിരുന്നു. ഭാര്യ വിളിച്ചുപറഞ്ഞിരുന്നു:
ദേ, നമ്മുടെ മോൾക്ക് നല്ലൊരു കല്യാണാലോചന വന്നിട്ടുണ്ട്. നല്ല പയ്യൻ..
വിദ്യാഭ്യാസവും ജോലിയും വീട്ടുകാരും എല്ലാം കൊള്ളാം.
അവൾ പറഞ്ഞത് സത്യമായിരുന്നു. തനിക്കും നാട്ടിൽ വന്നപ്പോൾ വിപിനെയും വീട്ടുകാരെയും വിപിന്റെ പെരുമാറ്റവും എല്ലാം വളരെയധികം ബോധിച്ചു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. വിവാഹനിശ്ചയവും ഹാൾ ബുക്ക് ചെയ്യലും വസ്ത്രങ്ങൾ ആഭരണം ഒക്കെ എടുക്കലും ബന്ധുക്കളെ ക്ഷണിക്കലും… എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്നു പോയത്. മകൾ വിവാഹ മണ്ഡപത്തിൽനിന്നും ഇറങ്ങുന്ന സമയം വന്നപ്പോൾ തന്റെ കണ്ണ് നിറഞ്ഞു. അവളും കുറച്ചുദിവസങ്ങളായി നല്ല ടെൻഷനിലായിരുന്നു എന്ന് തോന്നി.
വിവാഹം കഴിഞ്ഞ് അതിന്റെ ക്ഷീണത്തിൽ ഇരിക്കുമ്പോഴായിരുന്നു ഭാര്യ പറഞ്ഞത്:
പ്രീതിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല ഈ വിവാഹം…
അദ്ദേഹം അത് ആദ്യമായി കേൾക്കുകയായിരുന്നു.
പിന്നെ?
അയാൾ ചോദിച്ചു.
അവൾക്ക് ഒരു ഓട്ടോക്കാരനുമായി പ്രേമം…
ങേ!
അയാൾ അക്ഷരാ൪ത്ഥത്തിൽ ഞെട്ടി.
എന്നിട്ട്?
ഞാൻ പറഞ്ഞു, അതൊന്നും നടക്കില്ല എന്ന്…മനസ്സില്ലാമനസ്സോടെയാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചത്. സോഫ്റ്റ് വെയർ എഞ്ചിനീയ൪ എവിടെ കിടക്കുന്നു, ഓട്ടോക്കാരൻ എവിടെ കിടക്കുന്നു..
അതും പറഞ്ഞ് അവൾ എഴുന്നേറ്റ് പോയി.
താനിതൊന്നുമറിഞ്ഞില്ലല്ലോ എന്നൊരു ചിന്ത ചന്ദ്രശേഖരമേനോനെ വിഷമിപ്പിച്ചു.
പിന്നീടൊരിക്കൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഭാര്യ ചൂണ്ടിക്കാണിച്ചുതന്നിരുന്നു അവനെ. കാണാൻ തെറ്റൊന്നുമില്ല…പക്ഷേ… വ൪ഷങ്ങൾ കടന്നുപോകെ അഖിൽമോൻ ജനിച്ചതോടെ പഴയതൊക്കെ മറന്നതായിരുന്നു. പക്ഷേ ഇപ്പോൾ പ്രീതിയുടെ നിസ്സംഗത കാണുമ്പോൾ മനസ്സിലൊരു നൊമ്പരം.
ഊണുകഴിഞ്ഞ് വിശ്രമിക്കുമ്പോൾ അദ്ദേഹം മായമ്മയെ ശ്രദ്ധിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് അവൾ എല്ലാ ജോലികളും ചെയ്യുന്നത്. ഇടയ്ക്കിടെ ചെറിയ മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട്. പാത്രങ്ങളൊക്കെ കഴുകിവെയ്ക്കുന്നതും അടിച്ചുതുടയ്ക്കുന്നതും എല്ലാം ആത്മാർത്ഥമായിട്ടാണ്. സ്വയം സന്തോഷമായിരുന്ന്, ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകി, ഒരോ കാര്യവും കൃത്യമായി ചെയ്യുന്ന മായമ്മയെ കണ്ടുപഠിക്കാൻ എവിടെയോ മനസ്സുകളഞ്ഞതുപോലെ ജീവിക്കുന്ന തന്റെ മകളോട് പറയണം എന്ന് അദ്ദേഹത്തിനു തോന്നി.
വൈകുന്നേരം അദ്ദേഹം ഒന്ന് നടക്കാനിറങ്ങി. ഒരു വളവു കഴിഞ്ഞപ്പോൾ മായമ്മയുണ്ട് ഒരു വീട്ടിലേക്ക് കയറിപ്പോകുന്നു. ചെറിയൊരു വീട്. രണ്ടുകുട്ടികൾ മുറ്റത്തുനിന്നും കളിക്കുന്നുണ്ട്. ഇതാണോ മായമ്മയുടെ വീട്.. അയാളോർത്തു.
അപ്പോഴാണ് ആ ഓട്ടോക്കാരനെ മദ്യപിച്ച നിലയിൽ ആരോ താങ്ങി ആ വീട്ടിലേക്ക് കൊണ്ടുവന്നാക്കുന്നത് അദ്ദേഹം കണ്ടത്. അദ്ദേഹം അതുനോക്കി അവിടെ ഒരുനിമിഷം നിന്നു.
മായമ്മ വെറുപ്പൊന്നുമില്ലാതെ അവനെ താങ്ങിയെടുത്ത് അകത്തേക്ക് കൊണ്ടുപോയി. പുറത്തിറങ്ങിവന്ന് കുട്ടികളോട് എന്തോ പറയാൻ ഒരുങ്ങുമ്പോഴാണ് പ്രീതിയുടെ അച്ഛനെ അവൾ കാണുന്നത്. അവൾ ഓടിവന്നു, അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് റോഡിൽത്തന്നെ നിന്നതേയുള്ളൂ. അവളുടെ വിശേഷങ്ങളൊക്കെ തിരക്കി. കൂട്ടത്തിൽ അവളുടെ ഭർത്താവിനെക്കുറിച്ചും.
എന്ത് പറയാനാ സാറേ.. എന്റെ ഒരു ദുര്യോഗം.. അല്ലെങ്കിൽ ഞനീ വീട്ടുപണിക്ക് ഒക്കെ പോകണോ… അങ്ങേ൪ക്ക് ഓട്ടോ ഓടിച്ച് കിട്ടുന്നതൊക്കെ കുടിക്കാനേ തികയൂ..
നാട്ടിൽ ചെറിയ വീടുണ്ട്. അവിടെ നിൽക്കുന്നതിഷ്ടമല്ല. ഇവിടെ വന്ന് വാടക വീടെടുത്ത് താമസിക്കുകയാണ്. എന്നാൽ അതിനുമാത്രം വരുമാനമൊന്നുമില്ല താനും. മക്കളെ പഠിപ്പിക്കേണ്ടേ.. പിന്നെ ചേച്ചി കൈയയച്ച് സഹായിക്കുന്നതുകൊണ്ട് കുട്ടികളുടെ ഡ്രസ്സും പുസ്തകവുമൊക്കെ കിട്ടുന്നു..
മായമ്മ പക്ഷേ എപ്പോഴും സന്തോഷത്തിലാണല്ലോ.. ഇങ്ങനെ ഒരു കഥയാണ് മായമ്മയുടേത് എന്ന് വിചാരിച്ചില്ല…
അദ്ദേഹം പറഞ്ഞു.
സങ്കടപ്പെട്ടിട്ട് എന്തിനാ സാറേ… ആരൊക്കെ നമ്മെ സങ്കടപ്പെടുത്താൻ തീരുമാനിച്ചാലും സങ്കടപ്പെടില്ല എന്ന് നമ്മളും തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ..
മായമ്മ അതും പറഞ്ഞ് നിസ്സഹായത ചാലിച്ച ഒരു പുഞ്ചിരിയോടെ വീട്ടിലേക്ക് നടന്നു. അദ്ദേഹം മുന്നോട്ടും..