അച്ഛാ, എനിക്കറിയാം, എന്നെ പോലൊരു പെൺകുട്ടി എല്ലാവർക്കും ഒരു ബാധ്യത തന്നെയാണെന്ന്. എന്നെ ഇനി പഠിപ്പിക്കേണ്ട. കല്യാണവും കഴിച്ചു വിടണ്ട……

രണ്ടാനച്ഛൻ

Story written by Jainy Tiju

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ചിത കത്തിത്തീർന്നിരിക്കുന്നു.  ഞാനിപ്പോഴും ഒരു മരവിപ്പിലാണ്.  കഴിഞ്ഞ കുറെ മണിക്കൂറുകൾ. എന്തൊക്കെയായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചത്?  പ്രാണന്റെ പാതിയായവൾ കണ്മുന്നിൽ ഒരുപിടി ചാരമായിക്കഴിഞ്ഞിരിക്കുന്നു.  മരണം ഒരു ബസ്സപകടത്തിന്റെ രൂപത്തിൽ ഞങ്ങളെ വേർപെടുത്തിയിരിക്കുന്നു.   ഇവിടെ കത്തിയമർന്നത് ഞങ്ങളുടെ സ്വപനങ്ങളും പ്രതീക്ഷകളും ആണല്ലോ. 

” ദേ മനുഷ്യാ,  നിങ്ങൾ മരിച്ചിട്ടേ ഞാൻ പോകൂ.  ഞാനില്ലാതെ നിങ്ങൾക്ക് ജീവിക്കാനാവില്ലെന്നു എനിക്കറിയാലോ. അല്ലെങ്കിലും ഈ മൂന്ന് പിള്ളേരെ നിങ്ങൾ ഒറ്റയ്ക്ക് എങ്ങനെ വളർത്തും.  വലിയ വീരശൂരപരാക്രമികളാണെങ്കിലും ഇതിനൊക്കെ ആണുങ്ങൾക്ക് കൂട്ടുവേണം. “

അവളുടെ പൊട്ടിച്ചിരിയോടൊപ്പം വാക്കുകളും എനിക്ക് ചുറ്റും മുഴങ്ങുന്നത് പോലെ. എന്നിട്ട്,  നീയിപ്പോ എന്താ ചെയ്തേ?  നീയില്ലാതെ ഞാനെങ്ങനാ ദേവൂ….. ദേവൂ…..

എനിക്കൊന്ന് അലറണമെന്ന് തോന്നി.  ഒരു ഭ്രാന്തനെപ്പോലെ.

തോളിൽ ആരുടെയോ കൈ പതിഞ്ഞതുപോലെ തോന്നിയപ്പോൾ ഞാൻ  ഞെട്ടിത്തിരിഞ്ഞു.  മഹേഷാണ്. പെങ്ങളുടെ ഭർത്താവ്.  ” അളിയാ,  ഒന്ന് എണീറ്റുവാ. എത്ര നേരമായി ഇവിടെ.  പോയവർ പോയി.  കുട്ടികൾക്ക് കൂടെ ധൈര്യം കൊടുക്കേണ്ടത് അളിയനല്ലേ?  വന്നൊന്ന് കുളിക്കു. എന്നിട്ട് വല്ലതും കഴിക്ക്.  ഇന്നലെ തൊട്ട് ജലപാനം നടത്തിയിട്ടില്ലല്ലോ.  അളിയൻ വരാതെ ഒന്നും കഴിക്കില്ലെന്ന് വാശിയിലാണ് അനുമോൾ.  കണ്ണനും അമ്മുവിനും പിന്നെ  കൊടുത്തു.  അവർ കൊച്ചു കുട്ടികളല്ലേ അവർക്കെന്തറിയാം..

അവൻ പറയുന്നത് കേട്ടപ്പോൾ യാന്ത്രികമായി അവനോടൊപ്പം നടന്നു.  ശരിയാണ്. താനിതുവരെ കുട്ടികളെക്കുറിച്ചോർത്തില്ലല്ലോ.  അവർക്കിനി ഞാൻ   മാത്രമല്ലെ ഉള്ളു.

അകത്തു അനുമോൾ കരഞ്ഞു തളർന്നിരിക്കുന്നുണ്ടായിരുന്നു. ഞാൻ ചേർത്തു പിടിച്ചപ്പോൾ അവൾ പൊട്ടിപ്പിളർന്നു കരഞ്ഞു.  കരയട്ടെ. അങ്ങനെ എങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ.  പിന്നെ വിളിച്ചു കൊണ്ടു പോയി ഭക്ഷണം കൊടുത്തു. ഞാനും കഴിച്ചെന്നു വരുത്തി.  മക്കളെ മൂന്നിനേയും ചേർത്തു പിടിച്ചു കിടന്നു; ഉറങ്ങാൻ കഴിയുമോ എന്നറിയില്ല എന്നാലും..

പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയി.  ഉണർന്നപ്പോൾ അനുമോൾ അടുത്തുണ്ടായിരുന്നില്ല.  അടുക്കളയിൽ മറ്റുള്ളവരോടൊപ്പം കണ്ടു.   എന്തൊക്കെയോ അവർ ചോദിക്കുന്നു. അവളെല്ലാം  എടുത്തു കൊടുക്കുന്നു. ഇടയ്ക്കു പോയി കുട്ടികളെ എഴുന്നേൽപ്പിച്ചു  കുളിക്കാൻ പറഞ്ഞു വിടുന്നത് കണ്ടു.  അവൾക്ക് പെട്ടെന്നൊരു ഉത്തരവാദിത്തം വന്ന പോലെ.
വല്യമ്മാവൻ വിളിക്കുന്നു എന്ന് മഹേഷ്‌ വന്നുപറഞ്ഞപ്പോൾ ഞാനെണീറ്റ് ഉമ്മറത്തേക്ക് നടന്നു.  അവിടെ അമ്മയും അമ്മാവന്മാരും സുരഭിയും മഹേഷും എല്ലാവരും കൂടിയിരിക്കുന്നു. സംസാരിച്ചിരുന്നത് എന്തോ എന്നെ കണ്ടപ്പോൾ മുറിഞ്ഞു. 

” മോനെ,  നിന്നോട് എങ്ങനെ പറയണം എന്നറിയില്ല, പക്ഷെ, പറയാതിരിക്കാൻ കഴിയില്ലല്ലോ.  ” തുടങ്ങിയത് ചെറിയമ്മാമയാണ്. 

” അനുമോൾടെ കാര്യത്തിലൊരു തീരുമാനം എടുക്കണ്ടേ? “

” എന്ത് തീരുമാനം? ” ഞാൻ ചോദ്യഭാവത്തിൽ ചെറിയമ്മാമയെ നോക്കി. 

” അല്ല,  ദേവൂന്റെ അടക്കത്തിന് ഉദയൻ വന്നിരുന്നു.  നീ ആകെ വിഷമത്തിലായതുകൊണ്ട്  പിന്നെ വന്നുകണ്ടോളാമെന്നു പറഞ്ഞിട്ടാ പോയത്. “

ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു.  ഉദയൻ ‘ ദേവൂന്റെ ആദ്യഭർത്താവ്. എന്റെ അനുമോളുടെ അച്ഛൻ…  അവൾക്ക് ഒരുവയസ്സുള്ളപ്പോൾ പിരിഞ്ഞതാണ് അവർ. ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.  ഉദയനും വേറെ വിവാഹം കഴിച്ചു.  പിന്നീടിതേവരെ  ഒരു കോൺടാക്ട് ഉണ്ടായിട്ടില്ല.  അതായിരുന്നു ഡിവോഴ്‌സിന്റെ സമയത്തു ദേവികയുടെ ആവശ്യവും.

ഉദയൻ ഒരു ശുദ്ധനായിരുന്നു. സമാധാനപരമായ ഒരു ജീവിതം തന്നെയായിരുന്നു അവരുടേത്, അനുമോൾ ജനിക്കുന്നത് വരെ.  അവളുടെ ജനനത്തോടെ എല്ലാം തകിടം മറിഞ്ഞു.  അനുമോളുടെ ജാതകം കുടുംബത്തിന് ദോഷമാണെന്നുള്ള ഏതോ ജ്യോൽസ്യപ്രവചനം. ഉദയാണുണ്ടായ ചെറിയ അപകടവും ബിസിനസിലുണ്ടായ ക്ഷീണവും കുഞ്ഞിന്റെ ജാതകത്തോട് കൂട്ടിവായിക്കപ്പെട്ടു.  ഉദയന്റെ അമ്മയുടെ അതിരുകവിഞ്ഞ  അന്ധവിശ്വാസവും അതിനു തീവ്രത കൂട്ടി.  കുഞ്ഞിന് നേർക്കുള്ള ശാപവാക്കുകളും അവഗണനയും കൂടിക്കൂടി  അവസാനം  കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാവുമെന്ന സ്ഥിതി വന്നപ്പോൾ ദേവു കുഞ്ഞുമായി ആ പടിയിറങ്ങി.  ഇനിയൊരിക്കലും തേടിവരരുതെന്ന കണ്ടിഷനിൽ പിരിയുമ്പോൾ അത് അവർക്കും ആശ്വാസം ആയിരുന്നു.  കുഞ്ഞിന്റെ ദൃഷ്ടി പോലും ആ തറവാട്ടിൽ  പതിയരുതല്ലോ. 

ദേവികക്ക് കാര്യമായി ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. തന്റെ സഹപ്രവർത്തകയായിരുന്ന ദേവികയെ എല്ലാമറിഞ്ഞുകൊണ്ട് തന്നെയാണ് സ്വീകരിച്ചത്.  ആ കുഞ്ഞിനെ സ്വന്തം മകളായി അംഗീകരിച്ചു കൊണ്ട്,  വീട്ടുകാരെപ്പോലും അതിനു മനസ്സൊരുക്കിക്കൊണ്ട്.   അന്നുതൊട്ടിന്നുവരെ അവളെ ആരും അറിയിച്ചിട്ടില്ല, ഞാനൊരു വളർത്തച്ഛനാണെന്ന്.  മറ്റൊരു കുട്ടിയായി എന്റെ വീട്ടിൽ ആരും കണ്ടിട്ടുമില്ല.

എനിക്ക് ദേവികയിലുണ്ടായ രണ്ടു മക്കൾക്കും അറിയില്ല, അവരുടെ ചേച്ചിക്ക് മറ്റൊരച്ഛനുണ്ടെന്ന്…

” അശോകാ,  ഉദയൻ വരാമെന്നു പറഞ്ഞത് വെറുതെ നിന്നെ കാണാനല്ല. അനുമോളെ കൊണ്ടുപോകാനാ.. ? 

വല്യമ്മാവൻ എന്റെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത്.
” അനുമോളെ.. കൊണ്ടുപോകുകയോ?  എന്തിന്?”

എന്റെ ശബ്ദം അറിയാതെ ഉയർന്നു. 

” അശോകാ,  നീ ഒന്നും മനസ്സിലാവാത്തത് പോലെ സംസാരിക്കരുത്.  ദേവിക ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് നിനക്ക് അവളുടെ കുഞ്ഞിൽ അവകാശമുള്ളൂ.  ഇപ്പോൾ ദേവിക ഇല്ല.  നീയാരാ അനുമോളുടെ?  അവളുടെ അച്ഛൻ ജീവനോടെ ഇരിക്കുമ്പോൾ,  അയാൾക്ക് അവളെ വേണമെന്ന് തോന്നിയാൽ വിട്ടുകൊടുക്കേണ്ടിവരും. “

ചെറിയമ്മാവനും ചെറുതായി ദേഷ്യം വന്നു.  ” അയാൾക്ക് അവളെ കൊണ്ടു പോകാൻ നിന്റെ സമ്മതം വേണ്ടിവരില്ല.  ഒരു കോടതിയും നിന്റെ കൂടെ അവളെ അയക്കാൻ പറയില്ല.  “

ഞാൻ തകർന്നു നിലത്തേക്കിരുന്നു.  അതു കണ്ടിട്ടാവണം ‘അമ്മ അടുത്ത് വന്നിരുന്നത്. 

” മോനെ,  കാര്യം അവളുടെ നമ്മുടെ കുട്ടി തന്നെയാ. രണ്ടായി കണ്ടിട്ടില്ല ഈ വീട്ടിൽ ആരും ഇതുവരെ.  എന്നുവെച്ചു സത്യം സത്യല്ലാണ്ടാവോ?   നീ കുട്ടിയോട് നല്ല രീതിയിലല്ല പെരുമാറുന്നെന്ന്‌ ഒരു കംപ്ലയിന്റ് പോയാൽ പിന്നെ….  കാലം വളരെ മോശമല്ലേ മോനെ?. “

എനിക്ക് മറുപടിയുണ്ടായില്ല. 

” അനുമോൾക്ക് കുഴപ്പമുണ്ടാവില്ല. എത്രയായാലും കൊണ്ടുപോകുന്നത് അച്ഛനല്ലേ.  പിന്നെ കണ്ണനും അമ്മുവും.  അവരെ ഞങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കോളാം.  അല്ലെങ്കിലും അവർ കുട്ടികളല്ലേ.  വേഗം അഡ്ജസ്റ്റ് ആവും.  പിന്നെ,  ഇടയ്ക്കു അവരെ കൊണ്ടുപോയി കാണിക്കുകയും ചെയ്യാമല്ലോ. “

പറഞ്ഞത് മഹേഷാണ്. ബാക്കിയുള്ളവരുടെ മുഖത്തൊക്കെ അത് ശരിവെക്കുന്ന  ഭാവം.  അപ്പോൾ അവർ ഏതാണ്ട്  തീരുമാനം ഒക്കെ ആയിട്ടുണ്ട്. 

ഞാനൊന്നും മിണ്ടാതെ എഴുന്നേറ്റു പോന്നു.  ചങ്കുപൊടിയുന്നുണ്ടെനിക്ക്. ഞാൻ 12 വർഷം എന്റെ മകളായി  വളർത്തിയ കുഞ്ഞ്.  അവളെ പെട്ടെന്നങ്ങു വിട്ടുകൊടുക്കണമെന്നൊക്കെ പറഞ്ഞാൽ… നടക്കില്ല.  ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ.. എന്നിട്ടിപ്പോ അയാൾക്ക് മകൾ എന്നോടൊപ്പം സേഫാണോ എന്ന് സംശയം പോലും.  വിട്ടുകൊടുക്കില്ല ഞാൻ.. ഒരു കാരണവശാലും വിട്ടുകൊടുക്കില്ല…. ഞാൻ പുലമ്പിക്കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉദയൻ എന്നെ ഫോണിൽ വിളിച്ചു. അനുമോളെ കൊണ്ടോവാൻ എന്നാണ് വരേണ്ടത് എന്നറിയാൻ.  എനിക്ക് സഹിക്കാൻ കഴിയാത്ത ദേഷ്യമാണുണ്ടായത്. വായിൽ വന്നതെല്ലാം പറഞ്ഞു.

ഉദയൻ കൂടുതലൊന്നും പറഞ്ഞില്ല. .” ഈ ഞായറാഴ്ച ഞാൻ വരും. അന്ന് നിങ്ങൾ മോളെ എന്നോടൊപ്പം അയച്ചില്ലെങ്കിൽ പിന്നെ ഞാൻ വരുന്നത് പോലീസുമായിട്ടായിരിക്കും. “

അപ്പോൾ തന്നെ മഹേഷിനെയും ചെറിയമ്മാമയെയും വിളിച്ചു കാര്യം പറഞ്ഞു.  അങ്ങനെ അവനെ പേടിക്കേണ്ട കാര്യമെന്താ എനിക്ക്.  അവൻ വരട്ടെ പൊലീസോ പട്ടാളമോ എന്തായാലും എനിക്ക് വിഷയമല്ല.  പക്ഷെ, ഞാൻ  പ്രതീക്ഷിച്ച സപ്പോർട്ടൊന്നും അവരുടെ സംസാരത്തിൽ ഉണ്ടായില്ല.. വെറുതെ ഒരു കേസിനും വഴക്കിനും പോകുന്നതെന്തിനാ, അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല.  പിന്നെ  വളർന്നു വരുന്നൊരു  പെൺകുട്ടിയാണ്.  എന്തിനാ ഒരു അധിക ബാധ്യത ഏറ്റെടുക്കുന്നത് എന്നൊക്കെയായിരുന്നു അവരുടെ മറുപടി. 

ഇതിനോടകം മോൾക്ക് എന്തൊക്കെയോ മനസ്സിലായ പോലെ.  അവളോട്‌ ആരൊക്കെയോ സൂചിപ്പിച്ചു കാണണം. എപ്പോഴും എന്തൊക്കെയോ ആലോചിച്ചിരുന്നു, അമ്മയെ ദഹിപ്പിച്ച സ്ഥലത്തിരുന്നു കരയുന്നു..   എന്റെ അമ്മയും പെങ്ങളും അമ്മായിമാരുമെല്ലാം അവളെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്നൊരു സംശയം.  എന്റെ മക്കൾക്ക് കിട്ടുന്ന പരിഗണന അവൾക്കിവിടെ കിട്ടുന്നില്ലെന്ന് തോന്നി. ചോദിച്ചപ്പോൾ ‘അമ്മ പറഞ്ഞു ഞാനെന്തിനാ അവളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്?  അവളെന്റെ സ്വന്തം പേരക്കുട്ടിയൊന്നും അല്ലല്ലോന്നു.  മനുഷ്യർ എത്ര പെട്ടെന്നാണ് മാറുന്നത്.  അനുമോളെന്റെ വീട്ടിൽ കിടന്നു വല്ലാതെ ശ്വാസം മുട്ടുന്നപോലെ. 

ശനിയാഴ്ച വൈകിട്ട് ഞാനാകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു.നാളെ ഉദയൻ വരും.  മോളോട് ഞാനിതുവരെ അതേപ്പറ്റി  സംസാരിച്ചിട്ടില്ല. എന്റെ ദേവു. ആത്മാവ് എന്നൊന്ന് സത്യമാണെങ്കിൽ അത് വേദനിക്കുന്നുണ്ടാവും തീർച്ച.  ഞാൻ നെഞ്ചുതിരുമ്മി. 

  പെട്ടെന്നാരോ വാതിൽ തുറന്നു അകത്തേക്ക് വന്നു. അനുമോളാണ്.

” അച്ഛാ.. “ ഞാനൊന്ന് നടുങ്ങിയതായി തോന്നി.  ഒരുപക്ഷെ ഇത് അവൾ അവസാനമായി വിളിക്കുന്നതാവാം അച്ഛനെന്നു. നാളെ മുതൽ  ആ വാക്കിന് മറ്റൊരു അവകാശിയുണ്ട്,  യഥാർത്ഥ അവകാശി. 

” നാളെ എന്നെ കൊണ്ടോവാൻ വരുന്നുണ്ടല്ലേ?  “

” ആരു? “.അറിയാതെയോ ആകാംക്ഷ കൊണ്ടോ എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്. 

” അയാൾ,  എന്റെ അമ്മയുടെ ആദ്യഭർത്താവ്.. ” മോളേ,  അത് നിന്റെ അച്ഛനാണ്. ” ഞാൻ അവളുടെ തോളിൽ കൈ അമർത്തി. 

” ആണോ,  എനിക്കറിയില്ലത്.  എനിക്ക് ആകെ അറിയാവുന്ന അച്ഛൻ ഇതാണ്. ഇതാണ് എന്നെ വളർത്തിയ, എന്നെ സ്നേഹിച്ച എന്റെ അച്ഛൻ. “.അവളെന്റെ നെഞ്ചിൽ മുഖമമർത്തി. 

എനിക്ക് ഒരേസമയം അഭിമാനവും അഹങ്കാരവും  തോന്നി.  പതിനാലു വയസ്സുകാരിയായ എന്റെ മകൾഇന്നലെ വരെ എന്നോട് കൊഞ്ചി, ചോറുണ്ണുമ്പോൾ ഒരു ഉരുളയ്ക്ക് വാശിപിടിച്ചിരുന്നവൾ; ഇപ്പോൾ എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്. 

” അച്ഛാ, കഥകളൊക്കെ എനിക്കറിയാം.  അന്ന് ഞാനയാൾക്ക് നശിച്ച ജന്മമായിരുന്നു.

എന്റെ നിഴൽവെട്ടം പോലും അയാൾക്കും കുടുംബത്തിനും ദോഷമായിരുന്നു. ഇപ്പോഴെങ്ങനെയാ അച്ഛാ ഞാൻ നല്ലതായത്?  എന്റെ ജാതകദോഷം മാറിയോ?  അതോ ഇപ്പോൾ അയാൾക്ക് അതിലൊന്നും വിശ്വാസമില്ലാതായോ? “

അവൾ കിതക്കുന്നുണ്ടായിരുന്നു.  അവൾക്ക് ഇതെല്ലാം അറിയാ മായിരുന്നെന്നോ . എന്റെ ദേവു അവളോട്‌ എല്ലാം പറഞ്ഞു കൊടുത്തിരുന്നോ?  ഇങ്ങനെ ഒരു ദിവസം അവളുടെ ജീവിതത്തിൽ ഉണ്ടാകുമെന്നു ദേവു കണക്കുകൂട്ടിയിരുന്നോ?  അറിയില്ല. 

” അച്ഛാ,  അച്ഛമ്മ എന്നോട് പറഞ്ഞു, അർഹതയില്ലാത്തത് സ്വീകരിക്കുന്നതെന്തും മറ്റുള്ളവന്റെ ഔദാര്യമാണെന്ന്.  ഭിക്ഷയാണെന്ന്.

അച്ഛമ്മ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി.  പക്ഷെ അച്ഛാ,  എന്റെ യഥാർത്ഥ അച്ഛനെന്നു പറയുന്ന ആളും മറ്റൊരു കല്യാണം കഴിച്ചതാണ്. അവർക്ക് വേറെ കുട്ടികളുമുണ്ട്. അവിടെ ഞാൻ സ്വീകരിക്കേണ്ടതും ഇതേ ഭിക്ഷ തന്നെയാവില്ലേ അച്ഛാ. അതിലും എത്രയോ ഭേദമാണ് എനിക്കിവിടെ. എന്റെ അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും ഒപ്പം.  “

കരഞ്ഞു പോയിരുന്നു അപ്പോഴേക്കും അവൾ.  എന്തോ പറയാനാഞ്ഞ എന്നെ തടഞ്ഞുകൊണ്ടവൾ തുടർന്നു. 

” അച്ഛാ, എനിക്കറിയാം, എന്നെ പോലൊരു പെൺകുട്ടി എല്ലാവർക്കും ഒരു ബാധ്യത തന്നെയാണെന്ന്. എന്നെ ഇനി പഠിപ്പിക്കേണ്ട. കല്യാണവും കഴിച്ചു വിടണ്ട.  ഞാനിവിടെ അച്ഛന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കി ക്കഴിഞ്ഞോളാം.  ഒരു വേലക്കാരിയായിട്ടാണെങ്കിൽ അങ്ങനെ. എന്നാലും എന്നെ പറഞ്ഞു വിടരുത്. ഏത് കോടതിയിലും ഞാൻ പറഞ്ഞോളാം ഇതെന്റെ രണ്ടാനച്ഛനല്ല, ഇതാണ് എന്റെ ‘ അച്ഛനെന്ന്’. എന്നെ ഞാനാക്കിയ എന്റെ അച്ഛൻ.   ഇനി എന്നെ ഇവിടെ നിർത്താൻ ഇഷ്ടമില്ലെങ്കിൽ വല്ല അനാഥാലയത്തിലും കൊണ്ടുവിട്ടോളു. എന്നാലും ആ വീട്ടിലേക്ക് എന്നെ വിടല്ലേ അച്ഛാ… “

പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്റെ കാൽക്കലേക്കിരുന്നപ്പോൾ വാരിയെടുത്തു ഞാൻ നെഞ്ചോടു ചേർത്തു ഞാൻ ഉമ്മറത്തേക്ക് നടന്നു.  അവിടെ കൂടിയിരുന്നവരുടെ മുന്നിലേക്ക് അവളെ നീക്കി നിർത്തി.

” എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാണ്.  ഇതെന്റെ മകളാണ്.  ഇവിടെ നിന്നു പോകണമെന്ന് ഇവളായിട്ട് പറയാത്തിടത്തോളം ഇവളെ ഞാനെങ്ങോട്ടും പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നില്ല.  ഈ ലോകം മുഴുവൻ എതിരു നിന്നാലും ഞാൻ പോരാടും. ഇവളെ കൊണ്ടോവാനായിട്ട് നാളെ ഇങ്ങോട്ട് വരണമെന്നില്ല എന്ന് അയാളോട് വിളിച്ചു പറഞ്ഞേക്ക്.  “

ഇത്രയും പറഞ്ഞു തിരിച്ചു നടക്കുമ്പോൾ ഞാൻ കാണുകയായിരുന്നു എന്റെ മകളുടെ കണ്ണിലെ തിളക്കം.  അതോരു വിശ്വാസത്തിന്റെതാണ്. ജന്മം കൊണ്ടല്ല, കർമ്മം കൊണ്ട് അച്ഛനായയാളോടുള്ള വിശ്വാസത്തിന്റെ.  ഇതിൽ അധികം എന്ത് പ്രതിഫലമാണ് എനിക്ക് വേണ്ടത്?