നെഞ്ചോരം
എഴുത്ത്:-വസു
അച്ഛന്റെ കൈയും പിടിച്ച് കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് നിർവികാരതയായിരുന്നു. ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവനോടൊപ്പം ഇനിയുള്ള ജീവിതം..!
നാദസ്വര മേളം ഉയരുന്നതും, കഴുത്തിൽ താലി മുറുകുന്നതും അറിയുന്നുണ്ട്. അപ്പോഴും താലികെട്ടിയവൻ ആരാണ് എന്ന് നോക്കാൻ തോന്നിയില്ല. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും യാന്ത്രികമായി ഇനിയുള്ള ജീവിതം മുന്നോട്ടു പോണം..!
” എടോ ഇനിയെങ്കിലും എന്റെ മുഖത്ത് നോക്കിക്കൂടെ..? ” ചെവിക്കരികിൽ കേട്ട ശബ്ദം എല്ലാ ചിന്തകളിൽ നിന്നും വിളിച്ചുണർത്തുന്നതായിരുന്നു. അത്ഭുത ത്തോടെയാണ് വരന്റെ സ്ഥാനത്ത് ഇരിക്കുന്നവനെ നോക്കിയത്. ആ ഒരു നിമിഷം ഉണ്ടായ സന്തോഷം ചെറുതൊന്നുമായിരുന്നില്ല. അത്രയും നേരം മൂടിക്കെട്ടിയിരുന്ന എന്റെ മുഖം വിടർന്നത് ചുറ്റും എല്ലാവരും ശ്രദ്ധിക്കുന്നു ണ്ടായിരുന്നു.
അമ്പരപ്പോടെ അവനെ തന്നെ ശ്രദ്ധിച്ചിരുന്ന എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. പിന്നീടുള്ള ഓരോ ചടങ്ങുകൾക്കും ഉത്സാഹത്തോടെ നിന്നു കൊടുക്കുന്നുണ്ടെങ്കിലും, എന്റെ ഉള്ളിൽ ചോദ്യങ്ങൾ അനവധി ആയിരുന്നു.
അത് മനസ്സിലാക്കിയത് പോലെ അവൻ എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അവനിൽ നിന്ന് തന്നെ കിട്ടും എന്നായിരുന്നു പ്രതീക്ഷ.
അവന്റെ അമ്മ നൽകിയ നിലവിളക്കുമായി ആ വീട്ടിലേക്ക് കയറുമ്പോൾ, പുതിയൊരു ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ മനസ്സിൽ നെയ്തു കൂട്ടിയിരുന്നു.അതിലും അപ്പുറം വരന്റെ സ്ഥാനത്ത് അവൻ എങ്ങനെയെത്തി എന്നുകൂടി അറിയേണ്ടിയിരുന്നു.
രാത്രിയിൽ മുറിയിൽ അവനു വേണ്ടി കാത്തിരിക്കുമ്പോൾ ചിന്തകൾ ഒരു നിമിഷം ഭൂതകാലത്തേക്ക് പോയി.
കോളേജിൽ പഠിക്കുന്ന കാലം. കോളേജ് വീട്ടിൽനിന്ന് കുറച്ച് അധികം ദൂരെ ആയതുകൊണ്ട് തന്നെ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങണം. ടൗണിലേക്ക് നാട്ടിൽ നിന്ന് ഒരു പ്രൈവറ്റ് ബസ് ഉണ്ട്. അത് കിട്ടിയാലേ സമയത്ത് കോളേജിൽ എത്തൂ. എല്ലാദിവസവും ആ ബസ്സ് പിടിക്കാൻ വീട്ടിൽ നിന്ന് ഓട്ടമാണ്.
ആ ബസ്സിലെ സ്ഥിരം യാത്രക്കാരി ആയതുകൊണ്ട് തന്നെ ഡ്രൈവറും കണ്ടക്ടറും ഒക്കെ തന്നെ കാത്തിരിക്കുന്നത് പതിവായി. അതിലെ ആ സമയത്ത് ഒരുവിധപ്പെട്ട യാത്രക്കാരൊക്കെ പരസ്പരം പരിചയക്കാരായി. അങ്ങനെ ഒരിക്കലാണ് അവനെ കാണുന്നത്.
പതിവു പോലെ ഒരു ദിവസം ബസ്സിൽ ഓടി കയറിയപ്പോൾ എനിക്ക് പിന്നാലെ ബസ്സിലേക്ക് ഓടി കയറിയവൻ. പിന്നീടുള്ള ദിവസങ്ങളിൽ അവൻ ബസ്സിലെ പതിവ് കാഴ്ചയായി. പതിയെ പതിയെ തമ്മിൽ കണ്ടാൽ പുഞ്ചിരി നൽകുന്ന ഒരു സൗഹൃദമായി. അപ്പോഴും പരസ്പരം ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ല.
ഇടയ്ക്കെപ്പോഴോ ആരോടോ പറയുന്നത് കേട്ടിരുന്നു, ടൗണിലെ ഏതോ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. അതിന്റെ കൂടെ പി എസ് സി പഠിത്തവും ഉണ്ട്.അതിന്റെ ക്ലാസിനു വേണ്ടിയാണ് രാവിലെയുള്ള ഈ യാത്ര..!
സ്ഥിരമായി അവനെ കാണുന്നതു കൊണ്ടാണോ അതോ അവന്റെ പ്രകൃതം കൊണ്ടാണോ എന്ന് അറിയില്ല, താൻ പോലും അറിയാതെ അവനോട് ഒരു ഇഷ്ടം രൂപപ്പെട്ടു. അത് ഒരിക്കലും അവനോട് തുറന്നു പറയാൻ ആഗ്രഹിച്ചിരുന്നില്ല. അഥവാ പറഞ്ഞാലും അവൻ അത് തള്ളിക്കളഞ്ഞാൽ തനിക്ക് അത് സഹിക്കാൻ കഴിയില്ല എന്നുള്ളതായിരുന്നു കാരണം.
ആരുമറിയാതെ രണ്ടു വർഷത്തോളം എന്റെ ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു. ആത്മാർത്ഥ സൗഹൃദം എന്ന് അവകാശപ്പെടാനായി ആരുമില്ലാത്തതു കൊണ്ട് തന്നെ എന്റെ മനസ്സ് ആരും അറിഞ്ഞില്ല.
അങ്ങനെയിരിക്കെ ഒരിക്കൽ വീട്ടിൽ ഒരു വിവാഹാലോചന വന്നു. അവിടെ മുതലാണ് തന്റെ ജീവിതം മുഴുവനായി മാറി തുടങ്ങിയത്.
” എനിക്ക് ഇപ്പോൾ ഒരു വിവാഹം ഒന്നും വേണ്ട അച്ഛാ.. ഞാൻ പഠിക്കുകയല്ലേ..? പഠിച്ച് നല്ലൊരു ജോലി വാങ്ങണമെന്നാണ് എന്റെ ആഗ്രഹം. “
അത് പറയുമ്പോൾ അച്ഛൻ അതിന് അനുവദിക്കും എന്ന് വല്ലാത്ത ഒരു പ്രതീക്ഷയായിരുന്നു.
” അങ്ങനെയെല്ലാം നിന്റെ ഇഷ്ടത്തിന് മാത്രം വിടാൻ പറ്റില്ലല്ലോ..? ഇപ്പോൾ വന്നിരിക്കുന്നത് നല്ലൊരു ആലോചനയാണ്. ചെക്കന് നല്ല ജോലിയുണ്ട്. സാമ്പത്തികമായും വലിയ പ്രശ്നമില്ലാത്ത വീട്ടുകാരാണ്. നല്ല വീടും വീട്ടുകാരും ഒക്കെയാണ്. ഇങ്ങനെയൊക്കെ ഒരു ആലോചന വരുന്നത് ഭാഗ്യമാണ്. പിന്നീട് ഒരുപക്ഷേ ഇങ്ങനെ ഒരെണ്ണം വന്നില്ലെങ്കിലോ..? “
അച്ഛന് മറുപടി പറയാൻ അവസരം കൊടുക്കാതെ അമ്മ പറയുമ്പോൾ പ്രതീക്ഷയോടെ കണ്ണുകൾ തിരഞ്ഞത് അച്ഛനെയായിരുന്നു. പക്ഷേ അമ്മയുടെ അഭിപ്രായം തന്നെയാണ് അച്ഛനും എന്ന രീതിയിലായിരുന്നു അച്ഛന്റെ നിൽപ്പ്. അതോടെ ആകെ തളർന്നു പോയി.
” നാളെ അവിടെ നിന്ന് ആളുകൾ കാണാൻ വരും. അത് കഴിഞ്ഞിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. “
തളർന്നു നിൽക്കുന്ന തന്നെ കണ്ടിട്ട് സഹതാപത്തോടെ അച്ഛൻ പറഞ്ഞു. അതും ഒരു ആശ്വാസം തന്നെയായിരുന്നു. പിറ്റേന്ന് പെണ്ണ് കാണാൻ ആളുകൾ വന്നപ്പോൾ, ആ കൂട്ടത്തിൽ ചെക്കൻ ഉണ്ടായിരുന്നില്ല.അയാളോട് എന്തെങ്കിലും ഒരു നുണ പറഞ്ഞ് വിവാഹം മുടക്കാം എന്നുള്ള എന്റെ ചിന്ത അവിടെ അവസാനിച്ചു.
“വന്നവർക്കൊക്കെ പെൺകുട്ടിയെ ഇഷ്ടമായി.ഇനി ഒരു ചോദ്യത്തിന്റെയും പറച്ചിലിന്റെയും ഒന്നും ആവശ്യമില്ല എന്നാണ് തോന്നുന്നത്.”
ചടങ്ങ് കഴിഞ്ഞ ഉടനെ അമ്മ അച്ഛനോട് പറയുന്നത് കേട്ടു.
“എന്നാലും ചെക്കനെ ഒന്ന് കാണുക പോലും ചെയ്യാതെ എങ്ങനെയാണ്..?”
അച്ഛന് വ്യക്തമായ ഒരു അഭിപ്രായം പറയാൻ കഴിയുന്നില്ല.
” നിങ്ങളോട് അവിടെ വരെ ചെല്ലാൻ പറഞ്ഞതല്ലേ..? ചെക്കന് എവിടെയോ അത്യാവശ്യമായി പോകേണ്ടി വന്നതുകൊണ്ട് അല്ലേ..? എന്തായാലും ഇവിടെ നിന്ന് കാരണവന്മാർ എല്ലാവരും കൂടി ചെല്ലുമ്പോൾ ചെക്കനെ കാണാമല്ലോ.. അതൊക്കെ മതി.. “
വിവാഹം നടന്നു കാണാൻ ഏറ്റവും തിടുക്കം അമ്മയ്ക്ക് ആണെന്ന് അതോടെ ഉറപ്പായി.
” എടീ എന്നാലും മോൾക്ക് അവനെ ഒന്ന് കാണണ്ടേ..? “
അച്ഛന് ചെറിയൊരു മടിയുണ്ട്.
” അതിന്റെ ആവശ്യമൊന്നുമില്ല. പണ്ട് നിങ്ങളെ ഞാൻ കണ്ടിട്ടാണോ കല്യാണം കഴിച്ചത്..? എന്നിട്ട് നമ്മൾ ഇപ്പോൾ സുഖമായി ജീവിക്കുന്നില്ലേ..? “
അമ്മയുടെ വാഗ്വാദം കേട്ടപ്പോൾ പുച്ഛം തോന്നി.പിന്നീട് അച്ഛനും ഒന്നും എതിർത്തു പറയുന്നത് കണ്ടില്ല.എന്റെ അഭിപ്രായം ആരും ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്തില്ല. ഒരുതരം അടിച്ചേൽപ്പിക്കൽ ആയിരുന്നു.
കല്യാണത്തിന് മണ്ഡപത്തിൽ കയറുന്ന നിമിഷം വരെയും ചെക്കന്റെ പേര് എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. കല്യാണക്കുറിയിലേക്ക് വെറുതെ പോലും ഒന്നു നോക്കാൻ തോന്നിയില്ല.
പക്ഷേ തീരെ പ്രതീക്ഷിക്കാതെ മണ്ഡപത്തിൽ അവനെ കണ്ടപ്പോൾ, സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയായിരുന്നു.
” എന്താടോ.. വല്ലാത്ത ചിന്തയായിരുന്നല്ലോ..!”
ആ ചോദ്യം കേട്ടപ്പോഴാണ് തന്റെ തൊട്ടടുത്ത് ആളുണ്ടെന്ന് മനസ്സിലായത്.
” തന്റെ ചിന്ത എന്തായിരുന്നു എന്നൊക്കെ എനിക്കറിയാം. അത് ഇങ്ങനെ ആലോചിച്ചു കൂട്ടേണ്ട കാര്യമൊന്നുമില്ല. തനിക്ക് വന്ന വിവാഹാലോചന എന്റെ തന്നെയായിരുന്നു. പക്ഷേ അത് വിവാഹത്തിന്റെ അന്ന് മാത്രം താൻ അറിഞ്ഞാൽ മതി എന്നുള്ളതും എന്റെ തീരുമാനമായിരുന്നു. “
അവൻ പറഞ്ഞപ്പോൾ സംശയത്തോടെ കണ്ണു ചുരുക്കി.
” അന്ന് പെണ്ണുകാണാൻ വരുന്നത് ഒക്കെ ഒരുപാട് മുൻപ് തന്നെ തന്റെ വീട്ടിലേക്ക് ഞാനും ഇവരും ഒക്കെ വന്നു സംസാരിച്ചിരുന്നു. അന്ന് തന്നെ ബസ്സിൽ വച്ച് നമ്മൾ സ്ഥിരമായി കാണുന്ന കാര്യവും തനിക്ക് എന്നെ ഇഷ്ടമാണെന്നും ഒക്കെ ഞാൻ വീട്ടിൽ അറിയിച്ചിരുന്നു. അവർക്ക് അതൊക്കെ ഒരു അത്ഭുതം തന്നെയായിരുന്നു കേട്ടോ. പിന്നീട് സംഭവിച്ചതൊക്കെ ഒരുതരം നാടകം കളി ആയിരുന്നു. തന്റെ അമ്മ തന്നെ കൊണ്ട് ഈ വിവാഹത്തിന് സമ്മതിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്ന് എനിക്കറിയാം. അമ്മയോട് വിരോധം ഒന്നും തോന്നണ്ട.ഒക്കെയും ഞാൻ പറഞ്ഞിട്ടാണ്.. “
അവൻ അത് പറഞ്ഞു നിർത്തുമ്പോൾ താൻ പോലും അറിയാതെ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. വിവാഹ പന്തലിൽ കയറുമ്പോൾ വരെയും അമ്മയെയും അച്ഛനെയും ദേഷ്യത്തോടെ നോക്കിയത് ഓർമ്മ വന്നു. അമ്മയോട് എപ്പോഴൊക്കെയോ ഒരു വെറുപ്പ് തോന്നിയിരുന്നു എന്നത് ഞെട്ടലോടെ തിരിച്ചറിഞ്ഞു.
വല്ലാത്തൊരു കുറ്റബോധം എന്നെ വന്ന് മൂടുന്നത് അറിഞ്ഞു. അത് മനസ്സിലാക്കിയത് പോലെ ആകണം അവൻ ചേർത്ത് പിടിച്ചത്. അതേ നിമിഷം തന്നെ ഫോണിൽ അമ്മയുടെ കോൾ വന്നു.
” സോറി അമ്മ.. “
ഫോണെടുത്ത് ഉടനെ കരച്ചിലോടെ അമ്മയോട് പറയാൻ അതേ ഉണ്ടായിരുന്നുള്ളൂ.
“ഞാനല്ലേ സോറി പറയേണ്ടത്..? ഈ നാടകത്തിനൊന്നും കൂട്ടുനിൽക്കില്ല എന്ന് ആദ്യമേ ഞാൻ പറഞ്ഞതാണ്. പിന്നെ നല്ലൊരു കാര്യത്തിനാണല്ലോ എന്ന് ചിന്തിച്ചിട്ടാണ് ഇവർക്കൊപ്പം നിന്നത്. മോൾക്ക് അത് ഒരുപാട് വിഷമമായിട്ടുണ്ട് എന്നറിയാം. അതൊന്നും മനസ്സിൽ വയ്ക്കരുത്. നല്ല രീതിയിൽ ജീവിച്ചു കണ്ടാൽ മതി..”
അത്രയും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്യുമ്പോൾ, അവൻ നെഞ്ചോട് ചേർത്തിരുന്നു തന്നെ..!!