അച്ചായൻ പോയതിന്റെ തലേന്ന് നമ്മളൊന്നിച്ചു വന്നതാ.. പിന്നെ ഇല്ല… ഒരിടത്തും പോയിട്ടില്ല……..

പ്രിയമുള്ളവൾ

Story written by Ammu santhosh

പടിക്കെട്ടുകൾ അവിടിവിടെ ഇളകിയിട്ടുണ്ട്. താൻ പോയതിനേക്കാൾ വീടൊന്നു വയസ്സായ പോലെ .

പടികളിൽ സൂക്ഷിച്ചു കാല് വെച്ച് അലക്സച്ചായൻ വീടിനുള്ളിലേക്ക് കയറി

മക്കൾ ഒക്കെ എവിടെ പോയി?

അവൾക്ക് വയ്യാത്തതല്ലേ?

കൂട്ട് ആരെങ്കിലും വേണ്ടേ?

ഇച്ചിരി വെള്ളം വേണെങ്കിലോ?

ഒന്ന് മൂത്രമൊഴിക്കണമെങ്കിലോ?

അടുക്കളയിൽ തട്ടും മുട്ടും കേൾക്കുന്നുണ്ട്. മരുമകൾ ആയിരിക്കും

അവനെവിടെ? കുരുമുളക് പറിക്കാൻ പോയിക്കാണും.

അയാൾ ആനിയുടെ മുറിയിലേക്ക് ചെന്നു

“അച്ചായനിതെപ്പോ വന്നു? “

അവളുട മുഖത്ത് സൂര്യൻ ഉദിച്ച പോലെ.

അത് പണ്ടേ അങ്ങനെ ആണ്

പള്ളിയിൽ വെച്ച് ഒരു നോട്ടം കാണുമ്പോൾ

വഴിയിൽ വെച്ച് കൂട്ടുകാരുടെ കൂട്ടത്തിൽ വെച്ച് വെറുതെ കുശലം ചോദിക്കുമ്പോൾ

പിന്നെ ഇഷ്ടം പറഞ്ഞപ്പോൾ

അവളുട വീട്ടിൽ ചെന്ന് വരുന്നുണ്ടോടി എന്ന് ചോദിച്ചപ്പോൾ

പിന്നെ മിന്നു കെട്ടി ചേർത്ത് പിടിച്ചപ്പോൾ

ഒക്കെ ആ മുഖത്ത് ഈ പ്രകാശമുണ്ടായിരുന്നു

“ഒന്ന് നടന്നേച്ചും വന്നാലോ കൊച്ചേ?”

അയാൾ അവരുട കയ്യിൽ പിടിച്ചു നടത്തി

അവരങ്ങനെ ഒതുക്കുകൾ ഇറങ്ങി നടന്നു പോയി

“നോക്കെടി നമ്മുട പള്ളി? നീ പള്ളിയിൽ വന്നിട്ട് എത്ര നാളായി?”

“അച്ചായൻ പോയതിന്റെ തലേന്ന് നമ്മളൊന്നിച്ചു വന്നതാ.. പിന്നെ ഇല്ല… ഒരിടത്തും പോയിട്ടില്ല “

അയാൾ അവരെ ചേർത്ത് പിടിച്ചു

“ഇനിയെന്നും നമ്മൾ ഒന്നിച്ചല്ലേ?സന്തോഷം ആയില്ലേ?”

അവരുടെ മുഖത്ത് വീണ്ടും സൂര്യനുദിച്ചു

“അമ്മച്ചിക്ക് കാപ്പി കൊടുത്തോടി?”

കുരുമുളക് ചാക്ക് മുറ്റത്തു വെച്ച് ജോജി ചോദിച്ചു

“ദേ പോവാ….”

“എന്താ ഇത്രയും താമസം? “അയാൾ നീരസത്തോടെ ചെന്ന് അവളുട കയ്യിൽ നിന്ന് അപ്പവും കറിയും ഉള്ള പാത്രം വാങ്ങി മുറിയിലേക്ക് ചെന്നു

“അമ്മച്ചി.. ദേ ഇങ്ങോട്ട് നോക്ക് നമുക്ക് കഴിച്ചാലോ?”

“അമ്മച്ചി..”

“അമ്മച്ചി..”

“എടിയേ അമ്മ.”

അയാളുടെ അലറികരച്ചിലിൽ വീട് മുങ്ങിപ്പോയി..

അത്രമേൽ പ്രണയിച്ചിരുന്ന രണ്ടാത്മകളന്നേരം സ്വർഗ്ഗരാജ്യത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.

അലക്സിന്റെ സ്വന്തം സ്വർഗ്ഗരാജ്യത്തിലേക്ക്