അങ്ങനെ രണ്ടുപേരും ഒന്നിച്ച് ഒരു ഫ്ലാറ്റിലേക്ക് താമസം മാറി.കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി അവർ ഒന്നിച്ചാണ്. ഭാര്യ ഭർത്താക്കന്മാരെ പോലെ തന്നെയാണ് ജീവിതം…..

_upscale

എഴുത്ത്:-ശ്രേയ

” നിന്റെ തീരുമാനം എന്താ രാഹുൽ..? “

അമ്മയുടെ കാൾ എടുത്തപ്പോൾ തന്നെ കേട്ട ചോദ്യം അതായിരുന്നു. ഉള്ളിൽ ഒരു വെപ്രാളം കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു. ഉള്ളിലുള്ള കാര്യങ്ങൾ ഒന്നും അമ്മയോട് തുറന്നു പറയാനാവില്ല.

” എനിക്കിപ്പോൾ ഒരു വിവാഹം വേണ്ടെന്ന് അമ്മയോട് ഞാൻ പറഞ്ഞതല്ലേ..? പിന്നെന്തിനാ അമ്മ വീണ്ടും വീണ്ടും ഇതുതന്നെ ചോദിക്കുന്നത്..? “

അവൻ ഒരല്പം അസ്വസ്ഥതയോടെയാണ് അത് ചോദിച്ചത്.

” വിവാഹം വേണ്ടെന്നു പറഞ്ഞു നിൽക്കാൻ നിനക്ക് പ്രായം 25 അല്ല.. വരുന്ന മാസത്തിൽ 30 ആണ്. നീ എന്ത് അർത്ഥത്തിലാണ് വിവാഹം വേണ്ടെന്ന് പറയുന്നത്.. ഞങ്ങളെല്ലാവരും എന്തായാലും ആ പെൺകുട്ടിയെ പോയി കണ്ടതാണ്. നല്ലൊരു പെൺകുട്ടി. നമ്മുടെ തറവാടുമായി ചേർന്നു പോകുന്ന കുട്ടി തന്നെ.. നീയും കൂടി ഒന്നു പോയി കാണേണ്ട താമസമേ ഉള്ളൂ.. അടുത്ത മാസം എന്തായാലും നീ ഇവിടേക്ക് വരണം. നമുക്കെല്ലാവർക്കും കൂടി ആ പെൺകുട്ടിയെ പോയി ഒന്ന് കാണാം..”

അമ്മ നിർബന്ധം പിടിച്ചപ്പോൾ അമ്മയോട് എതിർത്തു പറയാൻ അവന് കഴിയില്ലായിരുന്നു.

” ഞാൻ ആലോചിച്ചിട്ട് പറയാം.. “

അത് പറഞ്ഞുകൊണ്ട് അവൻ വേഗത്തിൽ കാൾ കട്ട്‌ ആക്കി.

യഥാർത്ഥത്തിൽ ആ സമയത്ത് അവന്റെ മുന്നിൽ ഉണ്ടായിരുന്നത് പ്രിയയുടെ മുഖമായിരുന്നു.

പ്രശസ്തമായ ഒരു ഐടി കമ്പനിയിൽ ജോലി ലഭിച്ചു മുംബൈ നഗരത്തിലേക്ക് എത്തിയതിനു ശേഷം അവൻ പരിചയപ്പെട്ടതായിരുന്നു പ്രിയയെ.. അവരുടെ സൗഹൃദം മറ്റൊരു തലത്തിലേക്ക് വളരുന്നത് അവർക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാനായി.

പക്ഷേ ജാതിയിലും മതത്തിലും ഒരുപാട് വിശ്വസിക്കുന്ന രാഹുലിന്റെ കുടുംബത്തേക്ക് ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ ഒരിക്കലും സ്വീകരിക്കില്ല എന്ന് അവന് നല്ല ബോധ്യം ഉണ്ടായിരുന്നു. പക്ഷേ അവളെ കൈവിട്ടുകളയാനും അവന് സാധിക്കില്ലായിരുന്നു.

അവന്റെ ഈ അവസ്ഥ കണ്ട ഒരു സുഹൃത്താണ് അവൻ ഒരു വഴി ഉപദേശിച്ചു കൊടുത്തത്.

” ലിവിങ് ടുഗെതർ.. “

അതിനെക്കുറിച്ച് എങ്ങനെ അവളോട് സംസാരിക്കും എന്നതിൽ അവനു ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ സംസാരിക്കാതെ വയ്യല്ലോ..

അങ്ങനെ രണ്ടും കൽപ്പിച്ചു അവൻ അവളോട് തുറന്നു പറഞ്ഞു.അവൻ പ്രതീക്ഷിച്ചത് പോലെ അവളുടെ ഭാഗത്തു നിന്ന് പൊട്ടിത്തെറി ഒന്നും ഉണ്ടായില്ല. അത്യാവശ്യം മോഡേൺ ചിന്താഗതിയുള്ള പെൺകുട്ടിയായിരുന്നു പ്രിയ.

അതുകൊണ്ടു തന്നെ അവൻ പറഞ്ഞതിനെ അവൾ ഒരു പുഞ്ചിരിയോടെയാണ് നേരിട്ടത്..

“എനിക്ക് പ്രശ്നമൊന്നുമില്ല.ഭാവിയിൽ നമ്മുടെ റിലേഷൻ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതിരുന്നാൽ മതി..”

അവൾ സമ്മതിക്കുമെന്ന് പോലും പ്രതീക്ഷയുണ്ടാകാതിരുന്ന രാഹുലിന് അത് മരുഭൂമിയിൽ മഴ പെയ്ത പോലെയായിരുന്നു.

അങ്ങനെ രണ്ടുപേരും ഒന്നിച്ച് ഒരു ഫ്ലാറ്റിലേക്ക് താമസം മാറി.കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി അവർ ഒന്നിച്ചാണ്. ഭാര്യ ഭർത്താക്കന്മാരെ പോലെ തന്നെയാണ് ജീവിതം.

പക്ഷേ ഈ ബന്ധത്തെക്കുറിച്ച് സ്വന്തം വീട്ടിൽ തുറന്നു പറയാനുള്ള ധൈര്യം മാത്രം രാഹുലിന് ഉണ്ടായിരുന്നില്ല. അമ്മ എന്തൊക്കെ ഭൂകമ്പങ്ങളാണ് ഉണ്ടാകാൻ പോകുന്നത് എന്നതിനെക്കുറിച്ച് അവന് നല്ല ധാരണ ഉണ്ടായിരുന്നു.

പക്ഷേ അവളെ ഉപേക്ഷിക്കാനും വയ്യ. ഇപ്പോൾ ജീവിതത്തിന്റെ ഭാഗം തന്നെയാണ് അവൾ.. എങ്ങനെയാണ് അവൾക്ക് പകരം മറ്റൊരുവളെ ജീവിതത്തിലേക്ക് ക്ഷണിക്കുക..?

അവന്റെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു. ഓഫീസിൽ നിന്ന് വീട്ടിലെത്തി കഴിഞ്ഞിട്ടും അവന്റെ ചിന്തകൾ മുഴുവൻ അമ്മയുടെ ഫോൺകോളിൽ തന്നെയായിരുന്നു. എല്ലാ തവണത്തെയും പോലെ ഇത്തവണയും അമ്മയെ പറ്റിക്കാൻ കഴിയില്ല.

സാധാരണ വിവാഹാലോചന വരുമ്പോൾ തന്നെ എന്തെങ്കിലും മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞു അതിനെ തട്ടിമുട്ടി ഒഴിവാക്കുകയാണ് പതിവ്. പക്ഷേ ഇത്തവണ തനിക്ക് അങ്ങനെ ഒരു അവസരം അമ്മ തരും എന്ന് തോന്നുന്നില്ല.. രണ്ടും കൽപ്പിച്ചു തന്നെയാണ് അമ്മയുടെ പുറപ്പാട്..

ഇതിനെക്കുറിച്ച് പ്രിയയോട് എങ്ങനെ തുറന്നു പറയും..? പറഞ്ഞാൽ തന്നെ അവൾക്ക് അത് ആക്സപ്റ്റ് ചെയ്യാൻ കഴിയുമോ..?

ഓരോന്ന് ആലോചിക്കുന്തോറും അവന് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു… പ്രിയ ഓഫീസിൽ നിന്ന് വരുമ്പോൾ പതിവിന് വിപരീതമായി രാഹുൽ സോഫയിൽ തന്നെ ചടഞ്ഞു കൂടിയിരിക്കുന്നതാണ് അവൾ കാണുന്നത്..

അങ്ങനെ ഒരു കാഴ്ച പതിവില്ലാത്തതു കൊണ്ട് തന്നെ അവനെ എന്തെങ്കിലും വയ്യായ്കയുണ്ടാകുമോ എന്ന് കരുതി അവൾ ആദ്യം തന്നെ അവന്റെ നെറ്റിയിൽ കൈവെച്ചു നോക്കുകയാണ് ചെയ്തത്..

അവളുടെ കയ്യിലെ തണുപ്പറിഞ്ഞപ്പോഴാണ് അവൻ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്…

” താൻ എപ്പോഴെത്തി..? “

വരുത്തി തീർത്ത ഒരു ചിരിയോടെ അവൻ അന്വേഷിച്ചപ്പോൾ, അവൾക്ക് അവന്റെ പ്രവർത്തികളിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി.

” ഞാൻ ജസ്റ്റ് എത്തിയതേയുള്ളൂ.. തനിക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ..? “

അവൾ ആകുലതയോടെ ചോദിച്ചപ്പോൾ അവൻ കരുണയോടെ അവളെ നോക്കി.

” ഇല്ലടോ എന്തേ…? “

പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത് അവൻ അന്വേഷിച്ചു.

” പതിവില്ലാത്ത വിധം താൻ അസ്വസ്ഥൻ ആണെന്ന് എനിക്ക് തോന്നുന്നു… അതുകൊണ്ട് ചോദിച്ചതാണ്… “

തന്നെ അവൾ എത്രത്തോളം മനസ്സിലാക്കുന്നുണ്ട് എന്ന് ആലോചിച്ചപ്പോൾ തന്നെ അവനു വല്ലായ്മ തോന്നുന്നുണ്ടായിരുന്നു.

തന്നെ ഇത്രത്തോളം മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇവളോട് താൻ എങ്ങനെയാണ് മറ്റൊരു വിവാഹത്തിനെ കുറിച്ച് സംസാരിക്കുകയെങ്കിലും ചെയ്യുന്നത്..? പക്ഷേ അമ്മ വിളിച്ച കാര്യം മറച്ചു വയ്ക്കാനും കഴിയില്ലല്ലോ….

” താൻ ഒന്ന് പോയി ഫ്രഷ് ആയി വാ… അപ്പോഴേക്കും ഞാൻ കോഫി എടുക്കാം..”

പ്രിയ പറഞ്ഞപ്പോൾ അതിനെ എതിർക്കാതെ രാഹുൽ മുറിയിലേക്ക് പോയി. അവൻ ഫ്രഷായി വരുമ്പോഴേക്കും കോഫിയുമായി അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു.

” എനിക്ക് തന്നോട് ഒരു അല്പം സീരിയസ് ആയി സംസാരിക്കാനുണ്ട്.. “

രാഹുൽ മുഖവുരയോടെ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ പ്രിയയുടെ മുഖത്ത് സംശയം അലയടിച്ചു.

” എന്താണ് പതിവില്ലാത്ത വിധം ഒരു മുഖവുരയൊക്കെ..? “

അവൾ തമാശയായിട്ടാണ് ചോദിച്ചതെങ്കിലും എന്തോ പ്രധാനപ്പെട്ട ഒരു കാര്യമാണ് അവന് സംസാരിക്കാൻ ഉള്ളത് എന്ന് അവൾക്ക് മനസ്സിലായിരുന്നു..

” ഇന്ന് അമ്മ വിളിച്ചിരുന്നു..”

അത് കേട്ടപ്പോൾ തന്നെ അവളുടെ മുഖത്ത് പ്രകാശം ഇല്ലാതായി… ഇതിനു മുൻപും പലപ്പോഴും അമ്മ അവർക്കിടയിലേക്ക് ഒരു സംസാര വിഷയമായി കടന്നു വന്നിട്ടുള്ളതാണ്. അമ്മ വിളിക്കുമ്പോൾ ഒക്കെ അവൻ അത് അവളോട് പറയാറുണ്ട്..

” കല്യാണ കാര്യം തന്നെയാണോ വിഷയം..? “

തികച്ചും ലാഘവത്തോടെയാണ് അവൾ അത് ചോദിച്ചത്.. അവളുടെ ആ ഭാവം കണ്ടപ്പോൾ തന്നെ രാഹുലിന് ആകെ ഒരു മടുപ്പ് തോന്നി.

അവൻ അതെ എന്ന് തലയാട്ടി…

” സോ…? താൻ എന്ത് തീരുമാനിച്ചു..? “

രാഹുലിന്റെ തീരുമാനം എന്താണെന്നറിയാൻ പ്രിയ കാതോർത്തു.

” ശരിക്കും പറഞ്ഞാൽ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല.. തന്നെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല. അമ്മയെ ധിക്കരിക്കാനും ആവില്ല… “

അവൻ ആകെ ഒരു പ്രതിസന്ധിയിലാണ് എന്ന് പ്രിയക്ക് അറിയാമായിരുന്നു.

” തനിക്ക് ഒരിത്തിരി ധൈര്യമുണ്ടെങ്കിൽ അമ്മയോട് നമ്മുടെ കാര്യം പറയൂ.. അതിനു ശേഷം മറ്റുകാര്യങ്ങളെ കുറിച്ച് ആലോചിച്ചാൽ പോരെ..? “

സാധാരണ ഒരു കാര്യം പറയുന്ന പോലെ അവൾ അത് പറഞ്ഞു നിർത്തിയെങ്കിലും രാഹുലിന് ഉള്ളിൽ പഞ്ചാരിമേളം മുഴങ്ങുന്നുണ്ടായിരുന്നു.. അമ്മയോട് അന്യമതത്തിൽ പെട്ട ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു എന്ന് പറയുന്ന കാര്യം ഓർക്കാൻ കൂടി വയ്യ…!

അവന്റെ കുന്തം വിഴുങ്ങിയ പോലുള്ള ഇരിപ്പ് കണ്ടപ്പോൾ തന്നെ അവൾക്ക് ചിരി വന്നു.

” തനിക്ക് അമ്മയോട് തുറന്നു പറയാൻ കഴിയില്ല എങ്കിൽ… നമ്മുടെ റിലേഷൻ മറന്നേക്കൂ.. നാട്ടിൽ പോയി അമ്മ പറയുന്ന ഒരു കുട്ടിയെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുക… “

അവളത് പറഞ്ഞു നിർത്തിയതും അവൻ ഞെട്ടലോടെ അവളെ നോക്കി..

” താൻ എത്ര സില്ലി ആയിട്ടാണ് ഈ കാര്യം പറയുന്നത്..? തനിക്ക് അപ്പോൾ ഈ റിലേഷനിൽ യാതൊരു താൽപര്യവുമില്ല എന്നാണോ..? “

അവൻ ദേഷ്യവും സങ്കടവും ഇടകലർന്ന ഭാവത്തിൽ അവളോട് ചോദിച്ചു..

” ഞാനൊരിക്കലും അങ്ങനെയല്ല പറഞ്ഞത്.. പക്ഷേ ലൈഫ് ലോങ്ങ്‌ താൻ എന്റെ കൂടെ ഉണ്ടാവില്ല എന്ന് ഈ റിലേഷൻ തുടങ്ങിയപ്പോൾ തന്നെ നമുക്ക് അറിയുന്നതല്ലേ..? ഞാൻ ആ ഒരു പോയിന്റ് അക്സെപ്റ്റ് ചെയ്തു തന്നെയാണ് മുന്നോട്ടു പോകുന്നത്. ഏതു നിമിഷം വേണമെങ്കിലും താൻ എന്നെ വിട്ടു പോകാമെന്ന് എനിക്കറിയാം.. “

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. അത് അവനെയും വിഷമത്തിൽ ആക്കി…

” താൻ എന്താണെന്ന് വെച്ചാൽ ആലോചിച്ചിട്ട് തന്റെ യുക്തി പോലെ ചെയ്യൂ.. “

അത്രയും പറഞ്ഞുകൊണ്ട് പ്രിയ അവിടെ നിന്ന് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.

അമ്മയെ വിഷമിപ്പിക്കാനും വയ്യ പ്രിയയെ ഉപേക്ഷിക്കാനും വയ്യ..!! ചെകുത്താനും കടലിനും നടുക്ക് എന്നു പറയുന്നതു പോലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ആയിരുന്നു രാഹുൽ..!!

എത്രയൊക്കെ ആലോചിച്ചിട്ടും ഒരു പ്രതിവിധിയും അവനു കണ്ടെത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. പതിവില്ലാത്ത വിധം ആ വീട്ടിൽ മൗനം തളം കെട്ടിക്കിടന്നു.

രാത്രിയിൽ അത്താഴം കഴിക്കുന്ന സമയത്ത് പോലും അവളെ അവൻ കണ്ടില്ല..

പിറ്റേന്ന് രാവിലെ തന്നെ അമ്മ ഏതോ ഒരു കുട്ടിയുടെ ഫോട്ടോ വാട്സ്ആപ്പ് അയച്ചിരുന്നു.. അമ്മ കണ്ടെത്തിയ പെൺകുട്ടിയാണെന്നും കണ്ടിട്ട് അഭിപ്രായം പറയണമെന്നും ഒരു വോയിസ് മെസ്സേജ് കൂടി ഉണ്ടായിരുന്നു. മനസ്സ് അതിനൊന്നും തയ്യാറല്ലാത്തതു കൊണ്ട് യാതൊരു മറുപടിയും കൊടുക്കാൻ പോയില്ല…

പക്ഷേ അവളുടെ ശീത യുദ്ധം നീണ്ടു പോയപ്പോഴാണ് ആകെ ഒരു മടുപ്പ് തോന്നിയത്.. അവൾ തന്നിൽ നിന്ന് അകന്നു പോകാൻ മനപൂർവ്വം ശ്രമിക്കുകയാണെന്ന് അവന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു…

ഒരു ദിവസം അവൾ ജോലി കഴിഞ്ഞു വന്നപ്പോൾ അവൻ അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.

അവനെ കണ്ടതും അവൾ വഴി മാറി പോകാൻ ശ്രമിച്ചെങ്കിലും അവൻ തടഞ്ഞു.

” നമ്മൾ ഒന്നിച്ച് ഒരു വീട്ടിലാണ് താമസമെങ്കിലും ഇപ്പോൾ പരസ്പരം കണ്ടിട്ടും സംസാരിച്ചിട്ടും എത്ര ദിവസമായി എന്നറിയാമോ..? താൻ മനപ്പൂർവ്വം എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് എന്നെനിക്കറിയാം.. പക്ഷേ അതുകൊണ്ടല്ലെങ്കിലും കാര്യം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ..?”

അവൻ ചോദിച്ചപ്പോൾ അവൾക്ക് മറുപടിയുണ്ടായിരുന്നില്ല.

“ഞാനെന്തായാലും ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചു.. അതിന്റെ പേരിൽ താൻ എന്റെ കൺവെട്ടത്ത് വരാതെ നടക്കുകയൊന്നും വേണ്ട..”

അവൻ അത് പറഞ്ഞപ്പോൾ അവളിൽ ഒരു ഞെട്ടൽ പ്രകടമായിരുന്നു. അങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര പെട്ടെന്ന്….!!

” കൺഗ്രാറ്റ്സ്… “

ഒട്ടും പതറാതെ അവന്റെ മുഖത്ത് നോക്കി അത് പറയാൻ ശ്രമിച്ചെങ്കിലും അവൾ പരാജയപ്പെട്ടു പോയി..

” എന്റെ മുഖത്തുനോക്കി ഇങ്ങനെ ഒരു വാചകം പറയാൻ നിനക്ക് പറ്റില്ല..അങ്ങനെ ഉള്ള നീ ഞാൻ ഇല്ലാതെ എങ്ങനെ സർവൈവ് ചെയ്യും ..? “

അവന്റെ ആ ചോദ്യം കേട്ടപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു.

അവളെ ചേർത്തുപിടിച്ച് അവൻ ആശ്വസിപ്പിച്ചു..

” അമ്മയോട് ഞാൻ നമ്മുടെ കാര്യം പറഞ്ഞിട്ടുണ്ട്.. ഗ്രീൻ സിഗ്നൽ ഒന്നും കിട്ടിയിട്ടില്ല.. എങ്കിലും കിട്ടാതിരിക്കില്ല.. എന്തൊക്കെ വന്നാലും തന്നെ വിട്ടു പോകാൻ എനിക്ക് കഴിയില്ല… “

അവളെ ചേർത്തുപിടിച്ചു കൊണ്ടു തന്നെ അവൻ അത് പറഞ്ഞു… അവന്റെ ആ വാക്കുകൾ അവളെ സന്തോഷത്തിൽ ആക്കി.. അവനെ ഒരിക്കൽ കൂടി അവൾ മുറുകെ പിടിച്ചു, ആർക്കും വിട്ടുകൊടുക്കാൻ ഇഷ്ടമില്ലാത്തത് പോലെ….!!!!!