Story written by Ezra Pound
കല്യാണം നിശ്ചയിച്ചപ്പോ തൊട്ട് ഉപദേശങ്ങളുടെ പെരുമഴ ആരുന്നു. അവിടെ ച്ചെന്നാൽ ഇവിടത്തെപോലെ കലപിലാന്ന് സംസാരിക്കരുത്.. ഉറക്കെ ചിരിക്കരുത്.. എല്ലാരോടും സൗമ്യതയോടെ പെരുമാറണം. അങ്ങനെ കാണാതെ പഠിക്കാനായി നീണ്ടൊരു ലിസ്റ്റ് കയ്യീത്തന്നു.
പരീക്ഷക്ക് പോലും ഇത്രേം തയാറെടുപ്പില്ലാരുന്നു.. ചുമ്മാതല്ല ചിലരൊക്കെ ഒളിച്ചോടുന്നെ… ഉപദേശങ്ങളില്ല.. തലേന്ന് തൊട്ടേയുള്ള വീർപ്പ് മുട്ടലില്ലാ.. ഭർതൃ വീട്ടിൽ ചെന്നാലെന്താവുമെന്നുള്ള ആധിയില്ല.. എന്ത് സുഖാണ്.
അതിനെങ്ങിനാ.. ആരേലും പ്രണയിക്കാന്ന് വെച്ചാത്തന്നെ ആർക്കേലും ഇങ്ങോട്ട് തോന്നണ്ടേ ഇവളെയൊന്ന് പ്രണയിച്ചാലോന്ന്.. പെൺകുട്ടികളുടെ കണ്ണുകളിൽ കവിത വിരിയൂന്നൊക്കെ പറഞ്ഞു കേട്ടതല്ലാതെ ഇന്നെവരെ ന്റെ കണ്ണിലങ്ങനൊരു സാധനം കണ്ടിട്ടില്ല.. ചുണ്ടിന്റെ കാര്യം പിന്നെ പറയണ്ട.. മുടിയാണേൽ കൈതയോല ഉണങ്ങിയ പോലേം.. അതിന്റൊക്കെ അപകർഷതാ ബോധം ഉള്ളതൊണ്ടേരിക്കും പ്രണയിക്കാനുള്ളൊരു സാഹചര്യമല്ലാരുന്നു കോളേജ് ലൈഫിൽ.
അതോണ്ടന്നെ വീട്ടുകാർക്കും നാട്ടുകാർക്കും ഞാനൊരു അടക്കോം ഒതുക്കോ മുള്ളൊരു പെണ്ണാരുന്നു.. അതിന്റെ ഗുണമെന്താന്ന് വെച്ചാ അത്തരക്കാർക്ക് വിവാഹ മാർക്കറ്റിൽ നല്ല ഡിമാന്റാരിക്കും.. അനീതിക്കെതിരെ അക്രമത്തിനെതിരെയൊക്കെ പ്രതികരിക്കുന്ന ആൺകുട്ടികൾക്ക് ഹീറോ പരിവേഷവും പെൺകുട്ടികൾക്ക് നിഷേധി അഹങ്കാരി പിഴച്ചവൾ പട്ടങ്ങളും നൽകുന്നതിൽ ഇപ്പഴും വല്യമാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
സ്നേഹം കൂടുമ്പം ഉമ്മാനോടും അനിയത്തിമാരോടും വഴക്കടിക്കും.. വല്ലപോഴും ഒന്ന് പിച്ചും മാന്തും അങ്ങനൊക്കെയുള്ള അല്ലറ ചില്ലറ ഹോബികളുണ്ടെന്നല്ലാതെ വീട്ടിലും ഞാനൊരു പഞ്ച പാവാരുന്നു.. അതോണ്ടാണല്ലോ ഇത്രേം ഉപദേശങ്ങള് തരുന്നെന്നൊക്കെ തോന്നിയേക്കാം.. അതുപിന്നെ നാട്ടുനടപ്പാവുമ്പം തന്നല്ലേ പറ്റുള്ളൂ.. അതോണ്ടാണ്.
അങ്ങനെ കല്യാണം കഴിഞു കണ്ണീരും കയ്യുമൊക്കെയായി എല്ലാരും കൂടി യാത്ര യാക്കി.. മോശമാക്കരുതല്ലോന്നു കരുതി പൊടിക്ക് കരഞ്ഞെന്ന് വരുത്തി ഞാനും എല്ലാരോടും യാത്ര പറഞ്ഞു പിരിഞ്ഞു.
അവിടെത്തിയപ്പോ മുടിഞ്ഞ നൊസ്റ്റാൾജിയ.. എനിക്കിപ്പം ഉമ്മാനെ കാണണൊന്നൊക്കെയുള്ള തോന്നൽ.. ആരൊടും പറയാൻ വയ്യല്ലൊ.. ബുദ്ധിക്ക് സ്ഥിരതയില്ലാത്ത ഒന്നിനെയാണല്ലോ എന്റെ മോന് കിട്ടീതെന്നൊക്കെ പറഞ്ഞോണ്ട് അമ്മായി അമ്മക്ക് നെഞ്ചത്തടിച്ചു നിലവിളിക്കാനുള്ള അവസരം ഞാനായിട്ട് ഉണ്ടാക്കിക്കൊടുക്കാനും പാടില്ല.
നൊസ്റ്റാൾജിയ അണ്ണാക്കിലോട്ട് തള്ളിക്കേറി വീർപ്പ് മുട്ടുമെന്നായപ്പോ ഉമ്മാനെ ഒന്ന് വീഡിയോ കാൾ വിളിച്ചതാരുന്നു.. വിളിക്കേണ്ടിയിരുന്നില്ലാന്ന് തോന്നിപ്പോയി.. കണ്ണീരോടെ യാത്രയാക്കിയോരൊക്കെ അവിടെ കിടന്ന് ആട്ടവും പാട്ടും.. ദുഷ്ടൻമാര് ന്നെ കൊലക്ക് കൊടുത്തിട്ടവിടെ കിടന്നോണ്ട് ആറാടുകയാണ്.. വല്ലാത്ത ചതിയിത്. എന്താന്നേലും സഹിക്കാനും പൊറുക്കാനുമല്ലേ പറ്റുള്ളൂ.
ഇടക്ക് ചിലരൊക്കെ എക്സിബിഷൻ ഹാളിൽ കൊണ്ട് വെച്ച പാവയെപ്പോലെ തൊട്ടും അമർത്തിയുമൊക്കെ നോക്കിക്കൊണ്ട് പോയി.. ഒരുകണക്കിന് രാത്രിയായി..
ഫസ്റ്റ് നൈറ്റ്.. പലരും പറഞ് കേട്ടതല്ലാതെ ഇന്നുവരെ അനുഭവിച്ചിട്ടില്ലാലോ.. അതിന്റൊരു ത്രില്ലുണ്ടാരുന്നു മനസ്സിൽ.
പാലുമായി കുനിഞ്ഞ മുഖത്തോടെ നടന്ന് ചെല്ലുന്നതിനിടെ തല വാതിൽപ്പടിയിൽ ചെന്നിടിച്ചു.. ഇതിനിടക്കാരാ ഈ വാതിലിവിടെ കൊണ്ട് വെച്ചേ.. മന്ദം മന്ദം നടക്കുകയായിരുന്നില്ലേ.. അതോണ്ട് കാര്യമായി വേദനിച്ചോന്നുമില്ല.. ഇല്ലാത്ത നാണവും ഭാവിച്ചോണ്ട് പാലുമായി കടന്ന് വന്ന് കെട്യോനെ നോക്കിയ പാടെ ന്റുള്ളിലെ സ്വപ്നങ്ങ ളൊക്കെ പാൽപത പോലെ തകർന്നടിഞ്ഞു.. ഇങ്ങനല്ലാലോ വേണ്ടത്.. സ്നേഹത്തോടെ ചേർത്ത് നിർത്തി ചുംബിച്ചും മൃദുവായി മന്ത്രിച്ചുമൊക്കെ എന്തെല്ലാമോ അല്ലെ.
അങ്ങേരാണേൽ മൊബൈലിൽ കാര്യമായെന്തോ കണക്ക് കൂട്ടലിലാണ്.. പാൽ ഗ്ലാസ് തലേലോട്ട് കമിഴ്ത്തിയാലോ.. കൺട്രോൾ.. ആദ്യരാത്രി അങ്ങനൊന്നും പാടില്ല.. തെറ്റാണ്.. ഞാനെന്നെ തന്നെ ആശ്വസിപ്പിച്ചു.. എന്നിട്ട് പാൽ ടീപോയ്മ്മേൽ വെച് ഒന്നുമറിയാത്ത പോലെ അരികിൽ ചെന്നിരുന്നു മൊബൈലിലോട്ട് പാളി നോക്കി.
പന്തലിന്റേം സദ്യേടേം ചിലവ് കണക്ക് കൂട്ടുവാ.. ഈശ്വരാ.. ഇതെന്തൊരു മനുഷ്യനാ.. ന്റെ കണക്ക് കൂട്ടലുകളൊക്കെ തെറ്റുവോ.. ഓരോന്നോർത്ത് ആധി പിടിക്കാൻ തുടങ്ങുമ്പോഴേക്കും അങ്ങേര് മൊബൈലിൽ നിന്നിറങ്ങി എന്റടുത്തേക്ക് വന്നു.. ഭാഗ്യം.. പേടിച്ച പോലൊന്നും സംഭവിച്ചില്ല.. ഇനി ചേർത്ത് പിടിക്കുമാരിക്കും.. കണ്ണടച്ചിരുന്നേക്കാം.. ഒന്ന് രണ്ട് മൂന്ന്.. ഒന്നും സംഭവിച്ചില്ലെന്ന് മാത്രല്ല അങ്ങേര് കാര്യമായെന്തോ ഉപദേശിക്കാനുള്ള തയാറെടുപ്പിലാ.. മുരടനക്കം കേട്ടപ്പോ തന്നെ അത് മനസ്സിലായി.. എന്താന്നെലും സഹിക്കല്ലേ നിവൃത്തിയുള്ളൂ.. ഇന്നിനി ഒന്നും നടക്കാൻ പോണില്ല.
“ഇനിയങ്ങോട്ട് ഇത് നിന്റെം കൂടി വീടാണ്..” ആദ്യത്തെ ഉപദേശം.. മ്മ് ഇതൊക്കെ കൊറേ കേട്ടിട്ടുണ്ട്… പിന്നങ്ങോട്ട് കൊറേ കാര്യങ്ങൾ.. ഒക്കെ മൂളി കേട്ടോണ്ടിരിക്കുന്നതിനിടെ എപ്പോഴോ ഉറങ്ങിപ്പോയി.
പാവം ക്ഷീണം കാരണം ഉറങ്ങിപ്പോയതാന്ന് കരുതി അങ്ങേരുണർത്താനും ശ്രമിച്ചില്ലത്രേ.. എന്നാലും അങ്ങേര് കാണിച്ചത് വല്ലാത്തൊരു ചെയ്ത്തായ്പ്പോയി… ഒന്ന് തോണ്ടി വിളിച്ചിരുന്നേൽ ഒച്ച വെച്ചിരുന്നേൽ ഞാനുണർന്നേനെ.