Story written by Latheesh Kaitheri
ഹല്ല ഇതാര് , മ്മുടെ ബ്രോക്കറു കാദർ അല്ലെ? ഇജ്ജ് ഈ വഴിയൊക്കെ മറന്നോ?
അങ്ങനെ മറക്കാൻ പറ്റുന്ന ആളാണോ ഹാജിയാരെ ങ്ങള്.
പിന്നെന്തേ ഈ വഴിക്കൊന്നും കണ്ടില്ല?
ഇങ്ങക്കറിയാലോ? നുമ്മവരുമ്പോഴൊക്കെ ഓരോരോ കോളും കൊണ്ടേ വരൂന്നു. ഇങ്ങളുടെ നാലെണ്ണത്തിനെ കെട്ടിച്ചിട്ടും ഒരു കുറവും ഉണ്ടായില്ലലോ? അതുപോലെ ഒരുകോളും കൊണ്ടാ ഇക്കുറിയും മ്മള് വന്നത്.
ഇജ്ജ് വളച്ചുകെട്ടാണ്ട് കാര്യം പറയൂ കാദറേ.
റസിയ്ക്കുപറ്റിയ ഒരു ചെക്കൻ ശരിയായിട്ടുണ്ട്. ആള് അങ്ങ് ദുബായിൽ കച്ചോടം ആണ്. ങ്ങളത്രയും കുടുംബ പാരമ്പര്യം ഒന്നുമില്ലെങ്കിലും നല്ല പൂത്തകായി ഉണ്ട് ഓന്റെ കയ്യിൽ.
അപ്പൊ അവനു മ്മളും നല്ലോണം കൊടുക്കേണ്ടിവരൂല്ലേ ?
വേണ്ടാ. ചെക്കന് ങ്ങളുടെ സ്വത്തും പണൂം ഒന്നും വേണ്ട പെണ്ണിനെ മതിയെന്നാ പറഞ്ഞ.
അങ്ങനെ എങ്കിൽ നീ വിടേണ്ട. അതൊന്നു ആലോചിച്ചോ
ചെക്കന് കല്യാണത്തിനെ വരാൻ പറ്റുമെന്ന പറഞ്ഞെ. ങ്ങക്ക് സമ്മതമാണെങ്കിൽ വളയിടൽ ചടങ്ങു അടുത്ത ആഴ്ച തന്നെ നടത്താം. കല്യാണത്തിനു മുന്പ് ഓൾക്ക് ഓനെ കാണണോ ?
അങ്ങനെ ഒരുസരിത്രം ഈ തറവാട്ടിലില്ല. മ്മളുറപ്പിക്കും അവരനുസരിക്കും അത്രന്നെ. മ്മൾ കണ്ടു ഉറപ്പിച്ചിട്ടു മൂത്തിയിട്ടുങ്ങൾക്കൊന്നും ഒരു കേടും വന്നില്ലാലോ? ഇതും അതുപോലെ തന്നെമതി.
വിവാഹം ഉറപ്പിച്ചത് മുതൽ ഏതൊരു പെണ്ണിനെയും പോലെ റസിയക്ക് ഉള്ള ആഗ്രഹം ആയിരുന്നു ചെക്കനെ ഒന്നുകാണുക എന്നത്.
അത് നടന്നില്ലെങ്കിലും ഫോട്ടോയെങ്കിലും കാണാൻ കിട്ടിയിരുന്നെങ്കിൽ. ഉപ്പയോട് നേരിട്ടുപോയി ചോദിക്കുവാനുള്ള ധൈര്യവുമില്ല
ഉമ്മപറഞ്ഞത്
ഉപ്പ കണ്ടിരിക്കണ് ,അവന്റെ പൊരെയിൽ പോയപ്പോൾ, ഫോട്ടത്തില്, ആള് നല്ല മൊഞ്ചനാണ് നീ പേടിക്കേണ്ട ഉപ്പ നല്ലതേ ഇനക്കു തരൂ.
കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴും ഫേസ്ബുക്കും വാട്സപ്പ്ഉം ലോകം വാഴുന്ന ഈ കാലത്തും കെട്ടുന്ന ചെക്കനെ ഒരുനോക്കുപോലും കാണാൻ പറ്റാത്ത റസിയയുടെ അവസ്ഥയെ പലരും കളിയാക്കി.
ഒന്ന് സ്വപനം കണ്ടുറങ്ങാൻ പോലും ആ മുഖം ഒന്നുകണ്ടിരുന്നെങ്കിൽ.
നിക്കാഹ് കഴിഞ്ഞു.
എല്ലാവരും മട്ടൻ ബിരിയാണി തകൃതിയായി കഴിക്കുണ്ട്
ബിരിയാണികൊണ്ടുവരുന്ന ബേസിനുകൾ മിനുറ്റുകൾക്കകം കാലിയാകുന്നു.
നല്ല അസ്സല് ബിരിയാണി, ഹാജിക്ക തലശ്ശേരിയിൽ നിന്നും ആൾക്കാരെ കൊണ്ടുവന്നുവെപ്പിച്ചതാ ,ബ്രോക്കർ കാദർ ഹസ്സനോട് പറഞ്ഞു.
അല്പ സമയത്തിനകം പുയ്യാപ്ലയും ചെങ്ങായിമാരും വരും, എല്ലാം ഒക്കെ അല്ലെ ആമിന?
ഒരു ഞെട്ടലോടുകൂടിയാണ് റസിയ അതുകേട്ടതു.
പുയ്യാപ്ലയുടെ വരവ് അകലെ നിന്ന് തന്നെ കേൾക്കാം
അനവിധിവാഹനങ്ങളുടെ അകമ്പടിയോടെ ഹോണടികളോടെ ബെൻസുകാർ ഗെയ്റ്റിന് മുൻപിൽ വന്നു നിന്നു.
അകത് നിന്നും സ്ത്രീകൾ മത്സരിച്ചു ഒരൊരാളെ തള്ളിമാറ്റി ചെക്കനെ കാണാൻ തിക്കിതിരക്കി.
കൊള്ളാലോ റസിയ ചെക്കൻ മൊഞ്ചനാണല്ലോ.
അപ്പോഴും അവിടെ ആ ചെയറിൽ നിന്നും എഴുന്നേൽക്കാനാകാതേ മനസ്സിനെ പിടിച്ചു നിർത്തുകയായിരുന്നു റസിയ.
അടുത്ത നിമിഷങ്ങളിൽ അവൾ കണ്ടു. അയാളെ ,അതേ ഇത് ഹാരിസ് തന്നെ ,ദൈവമേ ഇയാളായിരുന്നോ വരൻ ,പേരുകേട്ടപ്പോൾ എവിടെയോ മിന്നി മറഞ്ഞതല്ലാതെ ,ഇങ്ങനെ ഒരു മുഖം മനസ്സിന്റെ പാതിവഴിയിൽ പോലും വന്നില്ല ,അവളുടെ ചിന്തകൾ ഏഴുവർഷം പിന്നിലോട്ടു പാഞ്ഞു.
ഒന്നുപറയെടോ ഇഷ്ടാണെന്നു എത്രനാളായി ഞാൻ നിന്റെ പുറകെ നടക്കുന്നു. ഞാൻ മുൻപേ പറഞ്ഞതല്ലേ എനിക്ക് ഇഷ്ടമല്ലാന്നു.
അതെന്താണെന്നല്ലേ ഞാൻ ചോദിക്കുന്നത്?
ഇഷ്ടമല്ല ,അത്ര തന്നെ.
ഉള്ള സമയം മുഴുവൻ നിന്റെ പിറകെ നടക്കുന്നതുകൊണ്ടു വായിനോക്കി എന്നപേരും കിട്ടി എന്നാലോ നിനക്കൊടുക്കത്തെ ഗമ
അതെ ഇച്ചിരി ഗമ കൂടുതലാണ് എനിക്ക്
നിന്റെ പിറകെ വന്നു സൈക്കിൾ ചവിട്ടി ചവിട്ടി എന്റെ കാലുവയ്യാതായി എന്നിട്ടും നിനക്കുമാത്രം ഒരു കണ്ടഭാവം ഇല്ലാ, പെൺപിള്ളേരുടെ മനസ്സിനൊക്കെ ഇത്ര കട്ടി ഉണ്ടാകുമോ ?
എന്റെ മനസ്സിന് നല്ലകട്ടിയാ ,അതുകൊണ്ടു കൂടുതൽ വിളവെടുക്കേണ്ട ,ആൾക്കാരുനോക്കുന്നു ഒന്നുപോയെ ,
അന്ന് ഒരുമിന്നായം പോലെ പോയ ആളാണ് പിന്നെ കാണുന്നത് ഇപ്പോൾ…
പ്ലസ് ടു വിനു പഠിക്കുമ്പോൾ സ്ഥിരമായി വരുന്ന വായിനോക്കി അങ്ങനെയാണ് സുഹൃത്തുക്കൾ പരിചയപ്പെടുത്തിയത്
ഒരു പക്ഷെ അവർക്കു നിഷേധിച്ച സ്നേഹം മറ്റുള്ളവരോട് കാണിക്കുന്നതിൽ ഉള്ള അസൂയയും അവരിലുണ്ടാകാം.
എപ്പോഴും കൂടെ ഉള്ളവർ പറയും ആ സുന്ദരനായ വായിനോക്കിക്കു നിന്നെയാണ് നോട്ടം
പലവട്ടം തന്റെ പിറകെ വന്നപ്പോഴും അപമാനിച്ചുവിട്ടു
ഉമ്മ വന്നു രണ്ടാൾക്കും സ്പൂണിൽ പാലുതരുമ്പോഴാണ് വീണ്ടും ഓർമ്മയിൽ നിന്നും ഞെട്ടിയത്.
അതെ അയാൾ തന്റെ തൊട്ടടുത്ത് തന്റെ ദേഹത്തിനു മുട്ടി ഇരിക്കുന്നു.
തന്നെ കാര്യമായി ശ്രെദ്ധിക്കുന്നില്ല എന്നുതോന്നി.
ചടങ്ങുകൾ അല്പം ഒതുങ്ങിയപ്പോൾ ,ഇത്താത്ത വന്നുപറഞ്ഞു പുയ്യാപ്ലക്ക് നിന്നോടൊന്നു സംസാരിക്കണം ,മോളിൽ എന്റെ അറയിൽ ഉണ്ട് ആള് ,നീ ഒന്ന് അവിടെവരെ ചെല്ല് ,കൂടെ തമാശ രീതിയിൽ വേറൊരു ഡയലോഗും നിങ്ങളുടെ മണിയറ താഴെയാണ്, ഇതു എന്റെമണിയറ ആണട്ടൊ അതുമറക്കണ്ട.
എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ ,വെറുപ്പിച്ചുവിട്ട ഒരാളുടെ മുൻപിൽ ഭാര്യയായി ആദ്യമായി ചെല്ലുകയാണ്
എങ്ങ്നെ പോകാതിരിക്കും
മനസ്സിൽ ചിന്തകൾ അനവധി ഉണ്ടായെങ്കിലും പതിയെ പതിയെ പടികൾകയറി ചെല്ലുമ്പോൾ ഞാൻ കണ്ടു പുഞ്ചിരിക്കുന്ന ആ മുഖം ,
കൊടും ചൂടിൽ ചാറ്റൽ മഴ പെയ്ത ഒരു സുഖം ,അത്രയും നേരം ചങ്കിൽ കൊണ്ട് നടന്ന ആ തീ കെടുത്താൻ ആ പുഞ്ചിരിക്ക് പെട്ടെന്ന് കഴിഞ്ഞു ,
റസിയാ നിനക്കിപ്പോഴും ആ പഴയ വെറുപ്പുതന്നെയാണോ എന്നോട്? നിന്റെ സങ്കല്പത്തിലുള്ള ഒരാളല്ല ഞാൻ എന്ന് എനിക്കറിയാം, എങ്കിലും എത്രതന്നെ മനസ്സിൽ നിന്നും മായിക്കാൻ ശ്രെമിച്ചിട്ടും എനിക്കതിന് സാധിക്കുന്നില്ല ,ഓരോ തവണ മറക്കാൻ ശ്രെമിക്കുമ്പോഴും എന്റെ ചിന്തകളുടെ രാജഗോപുരത്തിലിരുന്നു നീ എന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ തോന്നും.
പഠിക്കാൻ കഴിവില്ലാത്ത ഒരുപൊട്ടനാണ് ഞാൻ , ആ എന്നെ അനവധി പടിപ്പുള്ളോർക്കു ജോലികൊടുക്കാൻ തക്കതായ ഒരു സ്ഥാപനത്തിന്റെ മുതലാളി വരെ ആക്കിയത് നിന്നോടുള്ള സ്നേഹം ആണ് ,നിന്നെ എനിക്ക് നഷ്ടപെടരുത് എന്നുള്ള ചിന്തയാണ് ,അതിനുവേണ്ടിയാ രാവെന്നോ പകലെന്നോ ഇല്ലാതെ കിട്ടുന്ന ജോലിയൊക്കെ ചെയ്തു കാശു സ്വരൂപിച്ചു വെച്ച് ഒരു കച്ചോടം തുടങ്ങിയത്. പടച്ചോന്റെ അനുഗ്രഹം കൊണ്ടും പിന്നെ എന്റെ സ്നേഹം സത്യമായതും കൊണ്ടും നിക്കാഹുവരെ കൊണ്ടെത്തിച്ചു.
എന്റെ ഫോട്ടോ കണ്ടു നീ എന്നെ വേണ്ടാ എന്നുപറയുമോ എന്നുള്ള ഭയം വല്ലാതെ മനസ്സിലുണ്ടായിരുന്നു.
അതുകൊണ്ടാണ് നിന്റെ ഉപ്പ ആവശ്യപ്പെട്ടപ്പോഴും അത് നൽകാതിരുന്നത്.
ഇപ്പോഴും നിനക്കെന്നോട് വെറുപ്പുതന്നെയാണ് തോന്നുന്നതെങ്കിൽ വൈകിട്ട് ഞാൻ വരുമ്പോൾ നീ തുറന്നുപറയണം, പൂർണ്ണമനസ്സോടെ നീ എന്നെ മനസ്സിലേക്ക് സ്വീകരിക്കുന്നതുവരെ ഞാൻ കാത്തിരുന്നോളം,
പടി ഇറങ്ങി പോകുന്ന അയാളുടെ കാലൊച്ചകൾ കുറഞ്ഞു കുറഞ്ഞുവന്നു.
ഓർക്കുന്തോറും അവൾക്കു അവനെക്കുറിച്ചുള്ള ബഹുമാനം ഇരട്ടിച്ചു വന്നു , ഇത്താത്ത മാരുടെ ഭർത്താക്കൻ മാരൊക്കെ ലക്ഷങ്ങളും കാറും ചോദിച്ചു വാങ്ങിയപ്പോൾ എന്നെ മാത്രം മതി എന്നുപറഞ്ഞ വന്ന ആൾ ,അന്നേ ആളെ നേരിട്ടുകണ്ടില്ലിങ്കിലും മനസ്സിൽ ബഹുമാനം തോന്നിയിരുന്നു,,,
ഇപ്പൊ ഇതാ എന്നെ നേടാൻ വേണ്ടി മാത്രം കഷ്ടപ്പെട്ടുനേടിയ ഉന്നത വിജയങ്ങളുമായി തൊട്ടു മുൻപിൽ അയാൾ നിൽക്കുമ്പോൾ ഞാൻ ഏങ്ങനെ വെറുക്കും അയാളെ?
ഇല്ലാ എനിക്കതിന് സാധിക്കില്ല,
ഓർക്കുന്തോറും ഓരോ നിമിഷവും അയാളോടുള്ള ഇഷ്ടം കൂടികൂടിവന്നു മനസ്സിൽ ഒരു പെരുമഴപെയ്യുകയാണ്.
എല്ലാ പരിശുദ്ധിയോടും കൂടി എന്റെ പൂവാലന്റെ വൈകുന്നേരതെ വരവിനായി കാതിരിക്കുകയാണ് ഞാൻ.
ഒരു കാലത്തു അവനുനിഷേധിച്ച എന്റെ സ്നേഹം മുഴുവനായി നൽകുന്നതിനായി.