ഹോട്ടലിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ നേരം വൈകുന്നതറിഞ്ഞു അവൻ അസ്വസ്ഥനായി….

അമ്മയ്ക്കൊരുമ്മ

Story written by Ammu Santhosh

” എടാ താഴെ ഇറങ്ങിക്കെ ..അപ്പോൾ നോക്കിയാലും എന്റെ അമ്മയുടെ എളിയിൽ കയറി ഇരുന്നോണം ..നീ നിന്റെ അമ്മയുടെ എളിയിൽ പോയിരിക്ക് ” ശ്രീ ചേച്ചിയുടെ മകൻ നന്ദുകുട്ടനോട് പറഞ്ഞു .

ചേച്ചി ജോലിക്കു പോകുമ്പോൾ നന്ദുവിനെ ഇവിടെ ഏല്പിച്ചു പോകും അവനിപ്പോൾ മൂന്നു വയസ്സായി എന്നാലും എപ്പോൾ നോക്കിയാലും അമ്മയുടെ ഒക്കത്തു തന്നെ. ‘അമ്മ പിന്നെ അവനെ എടുത്തു കൊണ്ടാകും ജോലികളെല്ലാം ചെയ്യുക .

“അയ്യടാ എന്റെ അമ്മമ്മയാ നീ പോടാ മാമാ”

“പോടാ മാമാന്നോ?നിന്നെ ഇന്ന് ഞാൻ ….”

ഒരു കുഞ്ഞു വടിയെടുത്തു ശ്രീ പിന്നാലെ ചെന്നു

“എന്റെ പൊന്നു ശ്രീകുട്ടാ നീ നന്ദൂട്ടനെക്കാളും ചെറിയ കുട്ടി ആകല്ലേ അടങ്ങി യിരിക്കു” ‘അമ്മ ശ്രീയെ തള്ളിമാറ്റി ,

“അമ്മമ്മേ ഈ മാമന് എന്നോട് കുശുമ്പാ ” നന്ദു അവനെ നോക്കി കൊഞ്ഞനം കുത്തി ,

ശ്രീ ഒന്ന് ചമ്മി .അവൻ പറഞ്ഞതിൽ കുറച്ചു സത്യം ഇല്ലാതില്ല .തന്റെ ‘അമ്മ അവനെ ലാളിക്കുമ്പോളും ചോറ് വാരിക്കൊടുക്കുമ്പോളും കൂടെ കിടത്തി ഉറക്കുമ്പോളും ഒക്കെയും വളരണ്ടായിരുന്നു എന്ന് തോന്നാറുണ്ട് .അമ്മയുടെ സാരി തുമ്പിൽ തൂങ്ങി നടന്ന ആ കുട്ടിയിൽ നിന്ന് വളരണ്ടായിരുന്നു .

‘ വളർന്നതിനു ശേഷം അമ്മ തന്നെ കെട്ടിപ്പിടിക്കാറില്ല ,ഉമ്മയും തരാറില്ല .തനിക്കു ചിലപ്പോൾ അമ്മയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനുമൊക്കെ തോന്നാറുണ്ട് .അരികിൽ ചെന്നു ദേഹത്തെങ്ങാനും തൊട്ടാലുടനെ ‘അമ്മ പറയും

“ചെക്കാ വലിയ ആണായി , കുഞ്ഞാണെന്നാ വിചാരം അങ്ങോട്ട് നീങ്ങി നിന്നെ “

താൻ വലിയ പുരുഷനായി മീശയും താടിയുമെല്ലാം വന്നെങ്കിലും ‘അമ്മ വളർന്നില്ലല്ലോ …’അമ്മ അതേപോലെ തന്നെ ..ഇരുപത്തിരണ്ടു വർഷങ്ങൾ അമ്മയിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല . അതെ ചിരി,അതെ അലിവ്, അതെ സ്നേഹം ,അതെ കൈപ്പുണ്യം .

“എന്താടാ ചെക്കാ നോക്കി നിൽക്കുന്നെ,,?”

“അല്ല അമ്മെ അമ്മയ്ക്ക് ചുരിദാറിട്ടു കൂടെ? ഈ നേരിയതും മുണ്ടും തന്നെ യൂണിഫോം പോലെ …ഇതൊന്നു മാറ്റിപിടിക്കു …ചുരിദാർ ഇട്ടാൽ അമ്മക്ക് പകുതി പ്രായമേ പറയുവുള്ളു “

“എന്നിട്ടെന്തിനാ ?”‘അമ്മ പൊട്ടിച്ചിരിച്ചു …” “നീ പോയി വാഴക്കു വെള്ളമൊഴിച്ചിട്ടു വാ ഞാൻ കുഞ്ഞിന് ചോറ് കൊടുക്കട്ടെ ?”

എനിക്കും ഒരു ഉരുള എന്ന് പറയണമെന്നുണ്ടായിരുന്നു .”ഓടെടാ ചെക്കാ “എന്ന് ചിലപ്പോൾ ‘അമ്മ പറഞ്ഞാലോ എന്ന് വിചാരിച്ചു അവൻ പറമ്പിലേക്ക് പോയി .ഇന്ന് കൂട്ടുകാരൻ മനുവിന്റെ പിറന്നാളാണ്. ഒരു കൊച്ചു പാർട്ടി ഉണ്ട്. അവന് ചെറിയ ഒരു ഗിഫ്റ് വാങ്ങികൊടുക്കണം അമ്മയെ സോപ്പിട്ട് അച്ഛനോട് കുറച്ചു കാശ് വാങ്ങണം .

“അതേ..അമ്മെ വെള്ളം നനച്ചു കേട്ടോ ..അച്ഛൻ എവിടെ ?”

“മുറിയിലുണ്ടല്ലോ “‘അമ്മ പറഞ്ഞു

” ‘അമ്മെ അതേ …”അവൻ പതിയെ കാര്യം അവതരിപ്പിച്ചു

“ദേ ശ്രീകുട്ടാ അച്ഛൻ തരില്ല കേട്ടോ. അഞ്ഞൂറ് രൂപയോ ?”

“ചക്കര അമ്മയല്ലേ പ്ലീസ് പ്ലീസ് പ്ലീസ് ..ഇനി ഈ മാസം വേണ്ട സത്യം “

“ഇനി അച്ഛൻഎന്തൊക്കെ പറയുമോ എന്തോ ഞാൻ ചോദിച്ചു നോക്കട്ടെ…” ‘അമ്മ അച്ഛന്റെ മുറിയിലേക്ക് പോകുന്നത് നോക്കി അവൻ ചിരിയോടെ ഇരുന്നു .

അച്ഛൻ അമ്മയെ ഒന്നും പറയില്ല എന്നവന് അറിയാം .അത്ര ഇഷ്ടമാണ് അമ്മയെ അച്ഛന് .പണ്ടൊക്കെ താൻ എല്ലാം അച്ഛനോടായിരുന്നു നേരിട്ടു പറയുക മുതിർന്നപ്പോൾ അത് ‘അമ്മ വഴിയായി

“ദാ..അഞ്ഞൂറ് രൂപ വൈകിട്ട് എപ്പോൾ എത്തുമെന്ന് ചോദിച്ചു അച്ഛൻ “

” മാക്സിമം ഒമ്പതു മണി”

“വൈകരുത് “

ഇല്ല അമ്മെ .ഹോട്ടലിൽ നിന്ന് ഫുഡ് .അത് കഴിഞ്ഞാൽ വേഗം വരും ..അമ്മക്ക് പൊറോട്ടയും ചിക്കനും വാങ്ങി വരാട്ടോ. അമ്മേടെ ഫേവറിറ്റ് ഫുഡ്”

” ഈ രൂപയിൽ നിന്നോ? വേണ്ട ..നീ കഴിച്ചോ “‘അമ്മ ചിരിച്ചു കൊണ്ടവന്റെ കവിളിൽ തൊട്ടു .

“പോയി ഷേവ് ചെയ്യടാ ചെക്കാ ..മുള്ളു കൊള്ളും പോലെ ഹൂ ..”‘അമ്മ നടന്നു പോകുന്നത് കണ്ടു അവനു ചിരി വന്നു .

ഹോട്ടലിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ ,നേരം വൈകുന്നതറിഞ്ഞു അവൻ അസ്വസ്ഥനായി ഉള്ളിൽ അമ്മയാണ് .ഉമ്മറത്ത് തൂണിൽ ചാരി തന്നെ നോക്കി നിൽക്കുന്ന ‘അമ്മ

“രണ്ടു പൊറോട്ടയും ഒരു ചിക്കൻ കറിയും പാർസൽ “അവൻ വെയ്റ്ററോടു പറഞ്ഞു .

കള്ളച്ചിരി ചിരിച്ച കൂട്ടുകാരെ അവൻ ഒന്ന് നോക്കി കണ്ണുരുട്ടി

“ചിരിക്കേണ്ട അമ്മയ്ക്ക് തന്നെയാ ..”

“ഉവ്വേ ഞങ്ങൾക്കുമുണ്ടേ അമ്മമാര് ..”

“നിനക്കൊക്കെ സ്നേഹമില്ലാത്തതിന് ഞാൻ എന്ന ചെയ്യാനാ “അവൻ മറുപടി പറഞ്ഞു

“അനുപമേ നമ്മുടെ ശ്രീക്കുട്ടൻ വളവിൽ ബൈക്കിന് ഒന്ന് വീണു “അപ്പുറത്തെ വീട്ടിലെ രമേശൻ ചേട്ടൻ വന്നു പറഞ്ഞതെ അനുപമയ്‌ക്ക് ഓര്മയുണ്ടായിരുന്നുള്ളു

“ഇതിപ്പോൾ മോന്റെ കാലിൽ ചെറിയ ഒരു പൊട്ടലേ ഉള്ളു ,’അമ്മ ബോധം കേട്ട് കിടന്നതു ഒരു രാത്രിയും പകലും. നേരം സന്ധ്യയായി “

നേഴ്സ് ഡ്രിപ്പ് സ്റ്റാൻഡിലെ ബോട്ടിൽ മാറ്റി നീഡിൽ കൈയിൽ നിന്നൂരി കൊണ്ട് പറഞ്ഞു

അനുപമ ഒരു ഭ്രാന്തിയെ പോലെ ശ്രീയുടെ ബെഡിനരികിലേക്കോടി

“ഒന്നല്ല അമ്മെ “അവൻ മെല്ലെ പറഞ്ഞു

ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ മുഖത്ത് തെരുതെരെ ഉമ്മ വെച്ച് പൊട്ടിക്കരഞ്ഞു ‘അമ്മ

“നീയെന്താണ് കാട്ടുന്നെ? അവനു സ്വൈര്യം കൊടുക്ക് “അച്ഛൻ അവരോടായി പറഞ്ഞു

അവർ അവന്റെ നെഞ്ചിലും ദേഹത്തുമൊക്കെ ആധിയോടെ തലോടി .

“വേദനയുണ്ടോ മോനെ ?”

“ഇല്ലമ്മേ” അവൻ ചിരിച്ചു

“ബൈക്ക് വാങ്ങി കൊടുക്കരുത് എന്ന് എത്ര തവണ പറഞ്ഞതാ “‘അമ്മ അച്ഛനോട് ചീറി.

“ങേ ? നീ അല്ലെ റെക്കമെന്റ് ചെയ്‌തത്‌ വാങ്ങി കൊടുക്കാൻ “അച്ഛൻ കണ്മിഴിക്കുന്നതു കണ്ടു ശ്രീ ചിരിച്ചു പോയി

“എനിക്ക് വിശക്കുന്നമ്മേ “അവൻ മെല്ലെ പറഞ്ഞു

ചോറ് ഉരുളകൾ ‘അമ്മ വായിൽ വെച്ച് കൊടുക്കുമ്പോൾ അവനു സന്തോഷം തോന്നി .ഇങ്ങനെ ഒരു അപകടം ഉണ്ടായതു നന്നായി .’അമ്മ അടുത്തിരുന്നു,ഉമ്മ വെച്ചു ,ചോറ് വാരി തന്നു ,,അവൻ ദീർഘമായി നിശ്വസിച്ചു .

“അമ്മെ ?”

“ഉം “

“അമ്മയ്ക്ക് മേടിച്ച ഒരു പാർസൽ ഉണ്ടായിരുന്നു .അതെവിടെയോ പോയി “

‘അമ്മ കണ്ണീരോടെ ആ നെറ്റിയിൽ ഉമ്മ വെച്ചു.

“എന്റെ മോനിത് കഴിക്ക്”അവർ ഇടർച്ചയോടെ പറഞ്ഞു

നേരം വൈകിയപ്പോൾ ‘അമ്മ കാത്തിരിക്കുമെന്ന ആധിയിൽ ബൈക്കിനു വേഗം കൂടി പോയതാണെന്ന് അവൻ അമ്മയോട് പറഞ്ഞില്ല . ഉള്ളിലെപ്പോലും ‘അമ്മ മാത്രമെ ഉള്ളു അവൻ പറഞ്ഞില്ല .

“അമ്മെ എനിക്ക് അമ്മെ എന്തിഷ്ടമാണെന്നോ “അവൻ ഹൃദയത്തിൽ പറഞ്ഞു.

അവന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി

മങ്ങിയ കാഴ്ചയിലും അമ്മയുടെ രൂപം തെളിഞ്ഞു പ്രകാശിച്ചു

ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കു പോലെ. ശോഭയോടെ……