VIPIN PG
” ഡീ , മറിയാമ്മ തീരുമാനിച്ചു “
” ശോ , വയസ്സാൻകാലത്ഇ വക്കിതെന്നാത്തിന്റെ കേടാ “
” ഓ , അമ്പത്തഞ്ചോന്നും ഒരു വയസ്സല്ലെന്നേ. എടച്ചേറിലെ ശോശാമ്മ അമ്പത്തഞ്ചിൽ കെട്ടിയതല്ലേ ,,, എന്നിട്ട് മൂന്ന് കൊല്ലം കഴിഞ്ഞപ്പോ പെറ്റു ,,, ദേ കൊച്ചിപ്പോ സ്കൂളിൽ പോകാൻ തുടങ്ങി “” അത് ശോശാമ്മയല്ലേ ,,, അവളൊരു മൊതലല്ലേ ത്രേസ്യേ ,,, ആറടി പൊക്കത്തിലൊരു നെടുവിരിയൻ മൊതല് “
” മറിയാമ്മയും മൊതലാടീ ,,, നിനക്കറിയാൻ മേലാഞ്ഞിട്ടാ “” അത് നിനക്കെങ്ങനെ അറിയാം “
” ദേ ,, നീ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കാൻ നിക്കണ്ട. എന്റെ കയ്യിൽ ഒരുത്തനെ കിട്ടീട്ടുണ്ട്. ഒരു ഫിലിം ഡയറക്റ്റർ ആണ്. നാളെയല്ലേൽ മറ്റന്നാൾ ചെക്കൻ കാണാൻ പോണം. ഞാൻ വിളിക്കാം “” ആ ശരി ,,, എപ്പോഴാണേൽ വിളിക്ക് “
ആരാണ്ടിനോടൊ ബെറ്റ് വെച്ച് തെങ്ങേൽ കേറിയ മത്തായി തെങ്ങിൽ നിന്ന് വീണു മരിചിട്ട് കൊല്ലം പതിനഞ്ചായി. അന്ന് നാൽപ്പതിൽ നിന്ന മറിയാമ്മക്ക് ഇന്ന് അമ്പത്തഞ്ചായി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം മറിയാമ്മ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ അതിന്റേതായ ഒരു കാരണം കൂടിയുണ്ടെന്നു കൂട്ടിക്കോ. മറിയാമ്മ തീരുമാനം ഉറപ്പിച്ചപ്പോൾ ഞായറാഴ്ച പള്ളിയിലെ കുർബാന കഴിഞ്ഞു വരുന്ന വഴി കൂട്ടുകാരികൾ ആയ അന്ന് അമ്മയോടും ത്രേസ്യാമ്മയോടും കാര്യം പറഞ്ഞു.
” മാറിയാമ്മോ ,,,, ഈ പ്രായത്തിൽ ഇനി കെട്ടാൻ പിള്ളേര് സമ്മതിക്കുമോ ” ” പിള്ളേരുടെ സമ്മതം എന്നാത്തിനാഡി അന്നാമ്മേ . ഞാൻ കർത്താവിനോട് പറഞ്ഞിട്ടുണ്ട്. കെട്ടിക്കോളാൻ സമ്മതവും കിട്ടിയിട്ടുണ്ട്. അമേരിക്കയിലും ലണ്ടനിലുമുള്ള അച്ചികോന്തൻമാരോട് തലേന്ന് വന്നിട്ട് കപ്പബിരിയാണി തിന്നിട്ട് പോകാൻ പറയന്നാമ്മോ “
മറിയാമ്മയുടെ മരണ മാസ് ഡയലോഗ് കേട്ട് അന്നാമ്മയും ത്രേസ്യാമ്മ യും പള്ളിമുറ്റത്തു നിന്നുതന്നെ കുരിശു വരച്ചു…
” ആമേൻ “
മൂന്നാഴ്ചയ്ക്കകം ത്രേസ്യാമ്മ പറഞ്ഞ ചെക്കനെ കാണാൻ മൂവരുംകൂടി പോവുകയാണ്. ആള് സിനിമാക്കാരൻ ആണ്. പുതിയ സിനിമയ്ക്കുള്ള ഡിസ്കഷനും ആയി എറണാകുളത്ത് ഒരു വീടെടുത്ത് താമസിക്കുകയാണ്.അന്നാമ്മ പറഞ്ഞ് അയാൾക്ക് കാര്യങ്ങളറിയാം. കല്യാണം കഴിഞ്ഞാൽ മറിയാമ്മയെ മറിച്ച് മറിയാമ്മയുടെ കാശും മറിച്ച് സിനിമ പിടിക്കാമെന്നാണ് അങ്ങേരുടെ ഉദ്ദേശം.ഒരുക്കം ത്രേസ്യാമ്മ അയാളെ വിളിച്ചു പറഞ്ഞു
” അതേ ,, ഞങ്ങൾ കുറച്ചു പേര് ചെക്കൻ കാണാൻ വരുന്നുണ്ട്. അപ്പൊ ഒന്ന് കുളിച്ചൊരുങ്ങി വൃത്തിയായി ഇരുന്നോ. അവര് വരുമ്പോ പേക്കോലം കണ്ടു ഞെട്ടരുത് “കേട്ടപാതി കേൾക്കാത്ത പാതി ഫിലിം ഡയറക്ടർ കരുണൻ കുളിക്കാൻ കയറി. യാദൃശ്ചികമെന്ന് പറയട്ടെ ദേഹത്ത് ആകമാനം സോപ്പിട്ട് വച്ചപ്പോൾ പൈപ്പിലെ വെള്ളം തീർന്നു പോയി. ബക്കറ്റിലൊന്നും വെള്ളം പിടിച്ചു വെച്ചിട്ടുമില്ല. കൈകൊണ്ട് കണ്ണിലെ സോപ്പ് തുടച്ച് കണാരൻ തത്തി പിടിച്ച് ബാത്ത്റൂമിൽ നിന്ന് പുറത്ത് വന്നു മോട്ടോർ ഓൺ ചെയ്തു.
എന്നിട്ട് നേരെ ബാത്ത് റൂമിലേക്ക് വീണ്ടും ഓടി. യാദൃശ്ചികമെന്ന് പറയട്ടെ മോട്ടോർ അടിച്ചിട്ട് വെള്ളം കേറുന്നില്ല. അവിടുത്തെ മോട്ടർ ഇടയ്ക്കിടയ്ക്ക് കമ്പ്ലീറ്റ് ആകുന്നതാണ്. ഇനി വാൽവിൽ വെള്ളം കോരി ഒഴിച്ചാല് മോട്ടോർ വർക്ക് ആവുള്ളു. എന്തുചെയ്യണമെന്നറിയാതെ കണാരൻ കുഴങ്ങി. കാരണം ഇനി ഒരേയൊരു ജലസ്രോതസായ കിണർ വീടിന്റെ മുറ്റത്തു തന്നെയാണ്.
വേറെ നിവൃത്തിയില്ലാതെ കണാരൻ ഡയറക്ടർ മുറ്റത്തേക്കിറങ്ങി കിണറ്റിൽനിന്ന് വെള്ളം കോരാൻ തുടങ്ങി. ഒരു നെറ്റ് വെള്ളം എടുത്ത് തലയിൽ കൂടി കമഴ്ത്തിയ കണാരൻ ആ സമയത്ത് തന്റെ പുറകിൽ വന്നു നിന്ന് കാർ കണ്ടില്ല. പെട്ടെന്ന് ഒരു തൊട്ടി വെള്ളം കൂടി കോരി തലയിൽ കൂടി കമഴ്ത്തിയ കണാരൻ പെട്ടെന്ന് തന്നെ ഒരു തൊട്ടി വെള്ളം കൂടി കോരി തലയിൽ കൂടി കമഴ്ത്തി.
മൂന്നു തൊട്ടി വെള്ളം കോരി തലയിൽ കൂടി കമഴ്ത്തിയ നേരംകൊണ്ട് താൻ നിൽക്കുന്നത് മുറ്റത്ത് ആണെന്നുള്ള കാര്യം കാണാരൻ മറന്നു പോയി. ഉടുത്തിരുന്ന തോർത്ത് അഴിച്ചു പിഴിഞ്ഞു കുനിഞ്ഞുനിന്ന് തല തോർത്തി തിരിഞ്ഞു നോക്കിയപ്പോഴാണ് കണാരനെ പുറകിൽ വന്നു നിന്ന് കാറും കാറിന്റെ മൂന്ന് ഡോറിൽ നിന്നും പുറത്തിറങ്ങി തന്നെ ചെക്കൻ കാണാൻ വന്ന പെണ്ണുങ്ങളെയും കണ്ടത്. ത്രേസ്യാമ്മ ഒഴികെ ബാക്കി രണ്ടുപേരുടെയും മുഖത്ത് ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവം വന്നപ്പോൾ കണാരനെ എടുത്ത് കിണറ്റിൽ ഇടാനുള്ള ഭാവമാണ് ത്രേസ്യാമ്മയുടെ മുഖത്ത് വന്നത്.
മൂന്ന് പേരോടുമായി കണാരൻ വിനീത വിധേയനായി പറഞ്ഞു. ” വരൂ ,,, അകത്തോട്ട് ഇരിക്കാം “” പ്ഭാ ” ന്നൊരു ആട്ടാട്ടിയ ത്രേസ്യാമ്മ വന്നതിന്റെ ഇരട്ടി വേഗത്തിൽ തിരിച്ചു പോയി. ഒന്നാമത്തെ ചെക്കൻ കാണൽ ചീറ്റിപ്പോയ വിഷയത്തിൽ മറിയാമ്മ ഇരുന്നപ്പോൾ ഫിലിം ഡയറക്ടർ കണാരനെ കാണാൻ പോയിട്ട് കൊണോനിട്ട കണാരനെ കാണേണ്ടിവന്ന വിഷമത്തിലാണ് ത്രേസ്യാമ്മ ഇരിക്കുന്നത്.
ഞാൻ ഇതൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരുന്ന് മിച്ചർ തിന്നുകയാണ് അന്നാമ്മ. അങ്ങനെ മിച്ചർ തിന്നോണ്ടിരിക്കുമ്പോൾ അതിനിടയിൽ കുടുങ്ങിയ ഒരു കല്ലു കടിച്ചപ്പോൾ അന്നാമ്മക്ക് വെളിപാട് കിട്ടി.
കല്ലുവാതുക്കൽ തൊമ്മിച്ചൻ. അന്നാമ്മയുടെ മൂത്തമ്മാവന്റെ മൂത്തമകൻ. മറിയാമ്മയുടെ കാര്യം പറഞ്ഞ പോലെ തന്നെ ആറടി പൊക്കത്തിൽ ഒരു നെടുവരിയൻ ചേട്ടൻ. ഭാര്യ പ്രസവത്തിന് പോയ സമയത്ത് റബ്ബർ തോട്ടത്തിൽ പാലെടുക്കാൻ കയറിയ തൊമ്മിയെയും സഹായി മോളിയേയും റബറും കാട്ടിൽ വച്ച് രണ്ടുതവണയും മിഷ്യൻ പുരയിൽ വെച്ച് ഒരു തവണയും പിടിച്ചപ്പോൾ അവളെ കെട്ടി കൂടെ പൊറുപ്പിച്ചോളാൻ പറഞ്ഞു വിളിച്ചതാണ് തോമാച്ചന്റെ ഭാര്യ.പെറാൻ പോയ ഭാര്യ പിന്നെ തിരിച്ചു വന്നിട്ടില്ല. തന്റെ രക്തത്തിൽ ഉണ്ടായ കൊച്ചിനെ തൊമ്മിച്ചൻ ഇതുവരെ കണ്ടിട്ടുപോലുമില്ല. മിഷൻ പുരയിൽ വച്ചുണ്ടായ മൂന്നാമത്തെ പിടുത്തത്തിന് തൊമ്മിച്ചന്റെ നടുപുറം ഇടിച്ച് കലക്കിയ നാട്ടുകാര് മോളിയെ നാട് കടത്തിയെന്നാണ് പറഞ്ഞു കേട്ടത്.
തൊമ്മിയുടെ ഫോട്ടോ കണ്ട മറിയാമ്മ ഓക്കെയാണ്. അന്നാമ്മ മത്തായിയെ വിളിച്ച് ഡേറ്റ് ഫിക്സ് ചെയ്തു. അങ്ങനെ മൂവരും കൂടി രണ്ടാമങ്കത്തിന് പുറപ്പെട്ടു. തൊമ്മിയുടെ വീട്ടിലെത്തിയ മൂന്നുപേരെയും മത്തായി വരവേറ്റു. തൊമ്മിയുടെ വീരപ്പൻ മേശയും പിണ്ടി കുരിശുമാലയും ഭിത്തിയിൽ ആണിയടിച്ചു വെച്ചിരിക്കുന്ന ഡബിൾ ബാരൽ ഗണ്ണും കാപ്പിക്ക് തന്ന കപ്പയും പന്നിയും എല്ലാം തന്നെ മറിയാമ്മയ്ക്ക് ബോധിച്ചു. ഫിക്സ്,,, തൊമ്മിച്ചൻ ഫിക്സ്. കല്യാണത്തിന് ഡേറ്റ് കണ്ടോളാൻ പറഞ്ഞ് മൂന്നുപേരും വീട്ടിലേക്ക് തിരിച്ചു. മൂന്നിന്റെ അന്ന് കല്യാണക്കുറി അടിക്കാൻ വേണ്ടി അന്നാമ്മയ്യും ത്രേസ്യാമ്മയും കൂടി ആൾക്കാരുടെ ലിസ്റ്റ് എടുത്തു കൊണ്ടിരിക്കുമ്പോൾ മറിയാമ്മയും തോമാച്ചനും ഫോണിൽ സൊള്ളുകയായിരുന്നു.
പെട്ടെന്നതാ ഒരു പഴയ മോഡൽ അംബാസഡർ കാർ മുറ്റത്ത് വന്നു നിൽക്കുന്നു. കാറിന്റെ ഫ്രണ്ട് ഡോറിൽ നിന്നും ഒരു പ്രായമുള്ള പെണ്ണുമ്പിള്ളയും പുറകുവശത്ത് ഇടത്തുനിന്നും വലത്തുനിന്നും ഓരോ ഘടാഘടിയൻമാരായ ആൺമക്കളും ഇറങ്ങി. ആരാണെന്ന് നോക്കാൻ മുറ്റത്തേക്കിറങ്ങിയ മറിയാമ്മയോട് വന്നവരുടെ ചോദ്യം
” മറിയാമ്മ അല്ലേ “” അതെ ,,, വരൂ അകത്തൊട്ടിരിക്കാം “” പ്ഭാ ,,, എരണം കെട്ടവളേ ,,, നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല ഞാൻ. നിനക്കെന്റെ തോമാച്ചനെ കെട്ടണം അല്ലേടി മരപ്പട്ടി. എന്നെ കൊന്നേച്ചു കെട്ടിക്കോ. എന്നിട്ട് ഈ പിള്ളേരെയും നോക്കിക്കോ “ഒന്നും മനസ്സിലാവാതെ സ്തംഭിച്ചു നിൽക്കുകയാണ് മറിയാമ്മ. സംഭവം വിശദമായി ചോദിച്ചപ്പോഴാണ് മനസ്സിലാകുന്നത് ഇതാണ് മോളി. നാട്ടുകാര് നാടുകടത്തിയ മോളി. റബ്ബർ കാട്ടിൽ നിന്നും ശേഷം മിഷ്യൻപുരയിൽനിന്നും തോമാച്ചന്റെ കൂടെ പിടിച്ച തോമാച്ചന്റെ സ്വന്തം മോളി.
തോമാച്ചൻ അതുകൊണ്ടൊന്നും നിർത്തിയില്ല മക്കളേ. ആരുമറിയാതെ തോമാച്ചന് മോളിയുടെ അടുത്ത് പോക്കുവരവുണ്ടായിരുന്നു. ഇനിയിപ്പോൾ അത്രയും ദൂരം പോകണ്ടല്ലോ എന്ന് കരുതിയാണ് തോമാച്ചൻ മറിയാമ്മയുടെ കാര്യം ആലോചിച്ചത്.
ഫോൺ എടുത്തു വെച്ച് തോമാച്ചന്റെ നമ്പറു ഞെക്കിയ മറിയാമ്മ തോമാച്ചൻ ഫോണെടുത്തത് മുതൽ ഒരു അരമണിക്കൂർ നേരം ഭരണി പാട്ട് പാടി. എന്നിട്ട് മോളിയേയും പിള്ളേരെയും സമാധാനത്തിൽ തിരിച്ചയച്ചു.
ഇത്രയും ദിവസം ഒലിപ്പിച്ചത് വെറുതെയായല്ലോ എന്ന് ഓർത്ത് മറിയാമ്മ ഇരിക്കുമ്പോൾ മത്തായി പറ്റിച്ചതിന്റെ വിഷമത്തിൽ അന്നാമ്മയും ഇരുന്നു. ത്രേസ്യാമ്മ ആണെങ്കിൽ രണ്ടുപേരുടെയും ഇരുത്തം നോക്കിയിരുന്നു.
മറിയാമ്മ തോറ്റു കൊടുക്കാൻ തയ്യാറായില്ല. പത്ര പരസ്യം കൊടുത്തു എഫ്ബി പോസ്റ്റ് ഇട്ടു തകൃതിയായി ചെക്കൻ അന്വേഷിച്ചു. കഴിഞ്ഞ സംഭവത്തിൽ ഇത്തിരി നാണക്കേടുണ്ടായതുകൊണ്ട് കുറച്ചുദിവസമായി മൂന്നുപേരും പുറത്തോട്ടെങ്ങോട്ടും പോയിട്ടില്ല.അപ്പോഴാണ് ലണ്ടനിൽ നിന്ന് മൂത്തമകന്റെ വിളി. അവിടെ ഒരു സായിപ്പുണ്ട്. അമ്മച്ചിയുടെ ഫോട്ടോ കണ്ടിട്ടുമുണ്ട്. സായിപ്പിന് കല്യാണത്തിനു സമ്മതമാണ്.
സായിപ്പെങ്കിൽ സായിപ്പ്.എന്തെങ്കിലും ദുരുദ്ദേശം ഇല്ലാതെ ലണ്ടനിലുള്ള സായിപ്പിനെ കൊണ്ട് തന്റെ മക്കൾ തന്നെ കെട്ടിക്കില്ലെന്ന് ഉറപ്പുള്ള മറിയാമ്മ അര സമ്മതം മൂടി. അന്നാമ്മയും ത്രേസ്യാമ്മയും കണ്ടു സമ്മതിച്ചാൽ ഞാനും സമ്മതിക്കാം എന്ന് മറിയാമ്മ. വീഡിയോ കോൾ വഴി ആളെ കണ്ടപ്പോൾ അന്നാമ്മയും ത്രേസ്യാമ്മയും സമ്മതിച്ചു.അപ്പൊ മറിയാമ്മ മുഴുവനായും സമ്മതിച്ചു.
അവരെല്ലാവരും സായിപ്പിനെയും കൂട്ടി നാട്ടിലേക്ക് വരാം എന്നാണ് പറയുന്നത്. അമ്മച്ചിയുടെ കല്യാണം പ്രമാണിച്ച് അമേരിക്കയിലും ലണ്ടനിലും ഉള്ള എല്ലാ മക്കളും നാട്ടിൽ വന്നു. നാടുവിട്ട് എങ്ങോട്ടും പോകില്ലെന്ന് ഉറപ്പിച്ച അമ്മച്ചിയെ സായിപ്പിനെ കൊണ്ട് കെട്ടിച്ചു ലണ്ടനിലേക്ക് കൊണ്ടു പോകാമെന്നാണ് മൂത്ത മകന്റെ ദുരുദ്ദേശം.
ഇടവക പള്ളിയിൽ വച്ച് വളരെ ലളിതമായ ഒരു ചടങ്ങിൽ മറിയാമ്മയും സായിപ്പുമായുള്ള കല്യാണം നടന്നു. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മക്കളെല്ലാവരും തിരികെ പോയി. ഹണിമൂൺ എന്ന് പറഞ്ഞ് മറിയാമ്മ സായിപ്പിനെ കൊണ്ടുപോയത് കുട്ടനാട്ടിലേക്കും കുമരകത്തേക്കും ഫോർട്ട് കൊച്ചിയിലേക്കുമൊക്കെയാണ്. ഹണിമൂണ് കഴിഞ്ഞ് തിരികെ വന്ന മറിയാമ്മയും പുതു മണവാളനും കൂട്ടുകാരികളുടെ വക ഒരു സമ്മാനം ഉണ്ടായിരുന്നു. മറിയാമ്മയ്ക്ക് ഒരു ചട്ടയും മുണ്ടും സായിപ്പിന് ഒരു മുണ്ടും ഷർട്ടും.
മുണ്ടും ഷർട്ടും ഇട്ട് കൂട്ടുകാരികളുടെ വീട്ടിൽ വിരുന്നു പോയ സായിപ്പ് അന്ന് വൈകിട്ട് ലണ്ടനിലുള്ള മൂത്തമകനെ വിളിച്ചുപറഞ്ഞു” മോനെ ,,,മൂത്ത മോനെ ,,, എന്നെ കാണണമെങ്കിൽ നിങ്ങൾ ഇനി കേരളത്തിൽ വരണം. ഞാൻ മരിച്ചാൽ എന്നെ ഇവിടെ അടക്കണം. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് “
മൂത്ത മകൻ മാസ്സ് ആണെങ്കിൽ മറിയാമ്മ മരണമാസ് ആണ്.