സമയം – ഭാഗം 6 – വൈഗ വസുദേവ് എഴുതുന്ന നോവൽ

അഞ്ചാമത്തെ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ബസിൽ ഇരിക്കുമ്പോളും ശ്യാമയുടെ ചിന്ത ലതയെക്കുറിച്ചായിരുന്നു. ” ലത എന്താണോ തന്നെക്കുറിച്ച് വിചാരിക്കുക.ഭർത്താവ് വേറൊരുപെണ്ണിൻ്റെകൂടെ കോഫീഹൗസിൽ പോകുന്നത് ഒരു ഭാര്യയും സഹിക്കില്ല. മിണ്ടുന്നത് സഹിക്കില്ല പിന്നെയാണോ ഒന്നിച്ച് കോഫി കുടിക്കുന്നത്. എങ്ങനെ തനിക്ക് ഇത്ര തരംതാഴാൻ കഴിഞ്ഞു. ശ്ശെ വേണ്ടായിരുന്നു. പോകേണ്ടായിരുന്നു.

ഒരിക്കൽ തങ്ങൾ സ്നേഹിച്ചവർ ആണെന്നും കരുതി അരവിന്ദ് ഇപ്പോൾ വിവാഹിതനാണ്. പഴയ സ്നേഹം മനസ്സിൽ വച്ച് ഇനി അരവിന്ദിനോട് പെരുമാറിയാൽ ശരിയാവില്ല. ഇപ്പോൾ സൗഹൃദം എങ്കിലും ഉണ്ട്. അത് നിലനിൽക്കണമെങ്കിൽ ഇനി ഇതുപോലുള്ള അവസരങ്ങൾ ഒഴിവാക്കണം. വല്ലപ്പോഴും കണ്ടാൽ മുഖം തിരിച്ചു കാണാതെ പോകാതിരിക്കാൻ താൻ പലതും മറക്കണം.”



” ആനക്കല്ല് ആനക്കല്ല് ഇറങ്ങാനുള്ളവർ എണീറ്റ് വാ..” ബസിലെ കിളിയുടെ ചിലക്കൽ

ഓരോന്നോർത്തിരുന്ന് ആനക്കല്ലെത്തിയത് അറിഞ്ഞില്ല.ബസിറങ്ങി കൂൾബാറിൽ എത്തിയപ്പോൾ നല്ല തിരക്ക് താൻ ബാങ്കിൽ പോയപ്പോൾ അച്ഛനാണ് കൂൾബാറിൽ .



” നീ എന്താ ഇത്രയും താമസിച്ചത്. ?

” ബാങ്കിൽ നല്ല തിരക്കാരുന്നു അച്ഛാ “

ഉച്ച സമയം ആയതിനാൽ കുട്ടികളുടെ തിരക്കാണ്.
—- —– —– —-


അരവിന്ദിന് ഒരുപാട് സന്തോഷമായി. ” ഇങ്ങനെയൊരു അവസരം ഉണ്ടാവും എന്ന്.കരുതിയതല്ല . ഇതിനാണ് ഒരുവെടിക്ക് രണ്ടുപക്ഷി എന്നുപറയുന്നത്. ഇനി ലതയുടെ ശല്യം ഉണ്ടാവില്ല. തനിക്ക് ഇഷ്ടമല്ലെന്ന് പലതവണ പറഞ്ഞതാണ്. പിന്നെയും പിന്നെയും ഓരോ കാരണങ്ങൾ ഉണ്ടാക്കി തൻെറ അടുത്തെത്തും. ഇനി സമാധാനമായി ജോലി ചെയ്യാം. അരവിന്ദിനേയും ശ്യാമയേയും ഒന്നിച്ചു കണ്ടതിനുശേഷം ലതയുടെ മുഖം കടന്നൽ കുത്തിയപോലെയായി.


” ഹും ഭർത്തിവിനൊപ്പം പോകുംപോലെയല്ലെ അവൾ അരവിന്ദിൻ്റെ ഒപ്പം പോയത്. രണ്ടുപേരുടെയും ഒന്നിച്ചുള്ള പോക്ക് .. അതും തൻെറ മുന്നിൽക്കൂടി. അരവിന്ദ് മനപ്പൂർവ്വം തന്നെ കാണിക്കാൻ പോയതാവും എന്താവും ഇവർ തമ്മിലുള്ള ബന്ധം. റിലേറ്റീവ്സ് ആവും. ഏയ് അങ്ങനെയാണേൽ ശ്യാമ എന്തിനു തന്നെ കണ്ടപ്പോൾ തെറ്റു ചെയ്തപോലെ നിന്നത് .
എന്തായാലും തൻെറ സമാധാനം പോയി. സത്യമറിയാൻ എന്താ മാർഗം. അരവിന്ദിനോട് ചോദിക്കതന്നെ. “
ലത അരവിന്ദിൻ്റെ ക്യാബിനിൽ ചെന്നു. അരവിന്ദ്. “പിന്നെയും വന്നോ ഇവൾക്ക് കണ്ടതൊന്നും പോരെ ..” അരവിന്ദ് മനസ്സിൽ പറഞ്ഞു.

” ഉംം പറയ് “
” അത് “
“ഏത് ?
” ഒരുകാര്യം “
” എന്തുകാര്യം . “
” അത് ഈ ശ്യാമ അരവിന്ദിൻ്റെ ആരാണ് .?
” എനിക്ക് വേണ്ടപ്പെട്ട ആളാണ്.”
“എന്നുവച്ചാൽ … ഭാര്യ ?
” ആഹ അപ്പോൾ എല്ലാം അറിയാം . എന്നിട്ടാണോ ചോദിക്കാൻ വന്നത്. ” അരവിന്ദ് ചിരിയോടെ പറഞ്ഞു.


” അരവിന്ദ് ..തമാശയല്ല . കാര്യായിട്ടാണ് .”
” ചോദ്യവും ഉത്തരവും ലത തന്നെ പറഞ്ഞു. ഇനിപോയി വർക്ക് പെൻഡിംഗ് വരാതെ ജോലിക്ക് ചെയ്യൂ..എൻ്റെ ജോലി ഞാനും ചെയ്യട്ടെ .”
രണ്ടു നിമിഷം ലത അവിടെത്തന്നെ നിന്നു. പിന്നീട് തൻെറ സീറ്റിലേയ്ക്ക് നടന്നു.
—– ——– —— ——


ഓഫീസു വിട്ട് അരവിന്ദ് നേരത്തെ വീടെത്തി.
തിണ്ണയിൽ അമ്മ കാത്തിരിപ്പുണ്ട് .
” ഇന്നെന്തുപറ്റി നേരത്തെ. മുഖം കഴുകിവാ
ചായ എടുക്കാം.”
” ചായ എടുക്കാൻ പത്ത് മിനിറ്റ് വേണാടി വരില്ലേ.. അപ്പോളേയ്ക്കും ഞാൻ കുളിച്ചിട്ട് വരാം..”അരവിന്ദ് ഒരു മൂളിപ്പാട്ടുംപാടി സ്റ്റെപ്പ് കയറി.
” എന്താ ഉണ്ണീ ..ഇന്നുനല്ല സന്തോഷത്തിലാണല്ലോ. “
” ഒന്നുമില്ല അമ്മേ .. “
” എങ്ങനെ അമ്മയോടു പറയും മകൻ പ്രണയത്തിലാണെന്ന് .

ആദ്യം ശ്യാമയുടെ മനസ്സറിയണം . ഒരു കാര്യം ഉറപ്പാണ് . അവളുടെ മനസ്സിൽ താനുണ്ട്. പെട്ടെന്ന് ചോദിച്ചാൽ സമ്മതിച്ചെന്നു വരില്ല. “
അരവിന്ദ് കുളികഴിഞ്ഞിറങ്ങി വന്നപ്പോൾ ഇലയടയും ചായയും റെഡി.
“എടാ ഉണ്ണീ… ഞാൻ ബാലനോട് പറഞ്ഞിട്ടുണ്ട് പെൺകുട്ടിയെ നോക്കാൻ .”
” ബാലനമ്മാവൻ ഈ പ്രായത്തിൽ പെൺകുട്ടിയെ നോക്കാൻ പോയാൽ ശരിയാവോ .. ?


” അവൻ പെണ്ണിനെ നോക്കിയാൽ എന്താ കുഴപ്പം ?
” ഉംം കൊള്ളാം ആ കുട്ടിയുടെ വീട്ടുകാർ ഓടിച്ചിട്ട് അടിക്കും .വയസ്സാംകാലത്ത് പെണ്ണുകാണൽ പോയാൽ.”
” പോടാ ..അവനല്ല നിനക്കുവേണ്ടിയാ “
” അത് ആദ്യമേ പറയേണ്ട.. ശരി ..അമ്മേ ഞാൻ ഒരാളെ അമ്മയ്ക്ക് കാണിച്ചു തരാം.
അമ്മയ്ക്ക് ഇഷ്ടാവോന്ന് നോക്ക് . എന്തിനാ അമ്മാവനെ ഒക്കെ ബുദ്ധിമുട്ടിക്കുന്നത്.”
” ങേ..നീ എന്നാ പെണ്ണുകാണാൻ പോയത് .അതും എന്നോട് പറയാതെ ?


” എൻ്റമ്മേ ഞാൻ ഒരിടത്തും പോയില്ല. പെണ്ണ് എൻ്റെ അടുത്തു വന്നു ബാങ്കിൽ. “
“എന്നിട്ട് .. നിനക്ക് ഇഷ്ടപ്പെട്ടോ ?
” ഉംം ..അവൾക്ക് ഇഷ്ടമാണോ എന്നറിയില്ല.
അതിനല്ലെ അമ്മയെ പരിചയപ്പെടുത്താം എന്ന് പറഞ്ഞത് .”
” നാളെ ആയാലോ ..ഇന്നെനിക്കു കിടന്നാൽ ഉറക്കം വരില്ല. എൻ്റെ ഉണ്ണിക്ക് ഇഷ്ടായ കുട്ടിയെപ്പറ്റി ഓർത്തു കിടക്കും .

എൻ്റെ ദേവീ ..ഉണ്ണീടെ ആഗ്രഹം പോലെ നടക്കണേ..”
” ഉണ്ണീ രാവിലെ എനിക്കൊന്ന് അമ്പലത്തിൽ പോകണം . “
” ശരിഅമ്മേ..ഞാനൊന്ന് ലൈബ്രറിയിൽ പോയിട്ട് വരാം “.
” ഒത്തിരി താമസിക്കരുത് “
” ഇല്ല ..” അരവിന്ദ് ബൈക്ക് സ്റ്റാർട്ട് ചെയ്തു.
—- —- —- —- —-

പതിവുപോലെ രാവിലത്തെ തിരക്കു കഴിഞ്ഞ് കൂൾബാറിനകം വൃത്തിയാക്കുന്ന തിരക്കിലാരുന്നു ശ്യാമ.
ഇടയ്ക്ക് പുറത്തേക്ക് നോക്കിയപ്പോൾ റോഡു ക്രോസ് ചെയ്ത് സെറ്റുടുത്ത ഐശ്വര്യ മുള്ള ഒരമ്മ കൂൾബാറിനുനേരെ വരുന്ന കണ്ടു. ശ്യാമ അകത്തുനിന്നും കൗണ്ടറിനരികിലേയ്ക്ക് വന്നു .
” എന്താ ചൂട് ..ഹോ ..” എന്നും പറഞ്ഞ് ആ അമ്മ അകത്തേക്ക് കയറി.


ആദ്യം കണ്ട കസേരയിൽ ചെന്നിരുന്നു. ആകെമൊത്തം ഒന്നു വീക്ഷിച്ചു.
നല്ല വൃത്തിയും വെടിപ്പും ഉണ്ട്.
ശ്യാമ ഫാൻ സ്പീഡ് കൂട്ടിയിട്ടു.
” കുടിക്കാൻ എന്താണ് എടുക്കേണ്ടത് .”
” സംഭാരം ഉണ്ടോ ഉണ്ടെങ്കിൽ അത് മതി. “
” ഉണ്ട് അതെടുക്കാം . “
ശ്യാമ മൂന്നുമിനിറ്റിനുള്ളിൽ സംഭാരം എടുത്ത് കൊണ്ടുവന്നു.

സ്വൽപം കുടിച്ചുനോക്കിയിട്ട് ആ അമ്മ പറഞ്ഞു
” നല്ല കൈപ്പുണ്യം ഉണ്ട് . ” അത് കേട്ട് ശ്യാമ ചിരിച്ചു.
” ഇത് സ്വന്തമാണോ .?
” അതെ “
” എന്താ നിൻ്റെ പേര് “
” ശ്യാമ “
കല്യാണം ? കുട്ടികൾ ?
” കല്യാണം കഴിഞ്ഞു കുട്ടികൾ ഇല്ല “
ഭർത്താവ് ?
” മരിച്ചു പോയി “
” മോളെ വിഷമിപ്പിച്ചോ ഞാൻ “
” ഏയ് ഇല്ല ..”
” ഭർത്താവിന്റെ വീട്ടിൽ ആണോ ?
” കുഞ്ഞുങ്ങൾ ഇല്ലെങ്കിൽ ഭർത്തൃവീട്ടിൽ എന്തു സ്ഥാനം . സ്വന്തം വീട്ടിൽ ആണ് അച്ഛനും അമ്മയും ഉണ്ട് അവർക്ക് ഞാനേ ഉള്ളൂ.”

” മോളാണോ ഈ കൂൾബാർ നടത്തുന്നത് “
” അല്ല അച്ഛൻ ആണ് .കുറച്ചു ദിവസായി അച്ചന് ക്ഷീണം ആണ് .അതുകൊണ്ട് ഞാൻ വന്നു. ഇതാണ് വരുമാനമാർഗം . അടച്ചിടാൻ പറ്റില്ലല്ലോ. “
” നല്ലത് . നിന്നെപ്പോലെ ചിന്തിക്കുന്നവർ ചുരുക്കമാണ്. കൂൾബാറിൽ വന്നിരിക്കാൻ നാണക്കേടാണ് മിക്കവർക്കും. “
” അമ്മ എവിടെ പോയതാണ് “
” ഇവിടെവരെ “
ഇവിടെ ?
” അതെ ഇവിടെ എനിക്ക് ഒരാളെ കാണാനുണ്ടായിരുന്നു .”
” അമ്മയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ?
” ഞാനും എൻ്റെ മോനും മാത്രം.”
” അമ്മ ഒറ്റയ്ക്കാണോ പോയത് “
” അതെ ..കൂടെ വരാൻ ആരാ ഉള്ളത് “
” അതിനാണോ മാർഗം ഇല്ലാത്തെ മോനെകൊണ്ട് പെണ്ണുകെട്ടിക്ക് ” ശ്യാമ ചിരിയോടെ പറഞ്ഞു.

ചിരിക്കുന്ന ശ്യാമയുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ ആ അമ്മയ്ക്ക് തോന്നിയില്ല.
നല്ല ഐശ്വര്യമുള്ള മുഖം . പക്ഷെ വിധവയാണ് . അവൻ എന്തിനാവും ഈ കൂൾബാറിൽ കയറാൻ പറഞ്ഞത്. ചിലപ്പോൾ ഇവളുടെ അനിയത്തിയെയാണോ ഉദ്ദേശിച്ചത്.
” അല്ല മോളെ നിനക്ക് അനിയത്തി ഇല്ലെ ?
” ഉണ്ട് .അവളുടെ വിവാഹം കഴിഞ്ഞു എന്താ അമ്മേ..”
രുക്മിണിയമ്മ ശ്യാമയെ തന്നെ നോക്കി യിരുന്നു.
” എന്താ അമ്മേ ഇങ്ങനെ നോക്കുന്നത്.”
” ഒന്നുമില്ല . മോൾക്ക് വേറൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചുകൂടെ “
” വരുംപോലെ വരട്ടെ അമ്മേ ..ആഗ്രഹിക്കുന്നതൊന്ന് നടക്കുന്നത് വേറൊന്ന് . “
” നിരാശയൊന്നും വേണ്ടമോളെ ..”
” ആശയില്ലല്ലോ അമ്മേ പിന്നല്ലേ നിരാശ അന്നന്നു കഴിഞ്ഞുപോണം അതേയുള്ളൂ ആഗ്രഹം. “
ശ്യാമയ്ക്ക് രുക്മിണിയമ്മയെ ഒരുപാട് ഇഷ്ടമായി .അതുപോലെ രുക്മിണിയമ്മ യ്ക്കും.
—- —- —- —-


കാറിൽ അമ്മയെ കാത്തിരുന്നു മടുത്ത അരവിന്ദ് പുറത്തിറങ്ങി.
കൂൾബാറിൽ തിരക്കില്ലല്ലോ പിന്നെ എന്താ താമസിക്കുന്നത് . സംസാരിച്ചു കുളമാക്കുമോ..എന്തായാലും ചെന്നുനോക്കാം. അരവിന്ദ് കൂൾബാറിലേയ്ക്ക് നടന്നു.
” ഹലോ” അരവിന്ദ് അകത്തേക്ക് നോക്കി വിളിച്ചു.
പുറത്തു നിന്നും ആരോ ചോദിക്കുന്നതുപോലെ ശ്യാമയ്ക്കു തോന്നി.
” അമ്മേ ആരോ വന്നു ഞാൻ നോക്കട്ടെ ..” ശ്യാമ കൗണ്ടറിലേയ്ക്ക് വന്നു.
” അരവിന്ദ് .. ഈ സമയത്ത് ” ശ്യാമ ആശ്ചര്യത്തോടെ ചോദിച്ചു.
” കാഞ്ഞിരപ്പള്ളി വരെപോയി .”
” വരൂ ഇരിക്ക് ഇപ്പോൾ ജ്യൂസ് എടുക്കാം .”
അരവിന്ദ് അകത്തുവന്ന് അമ്മയുടെ അടുത്തുളള സീറ്റിൽ ഇരുന്നു.

രുക്മിണിയമ്മയുടെ ശ്രദ്ധ ശ്യാമയിൽ ആയിരുന്നു. അമ്മ ശ്രദ്ധിക്കുന്നത് അവൾ അറിഞ്ഞില്ല.
അരവിന്ദിനെ കണ്ടപ്പോൾ ഉള്ള ശ്യാമയുടെ മുഖത്തെ സന്തോഷം കണ്ട് അമ്മ അത്ഭുതപ്പെട്ടു. ” എന്താവും ഇവർ തമ്മിലുള്ള ബന്ധം . ഉണ്ണി ഒരാളെ കാട്ടിത്തരാം എന്നാണ് പറഞ്ഞത്. അത് ഇവളെ ആണോ ഇന്നുവരെ ഒരു പെൺകുട്ടിയെപ്പറ്റിയും അവൻ പറഞ്ഞിട്ടുമില്ല . ഇത് വെറും പരിചയം ഒന്നുമല്ല. ഈ കുട്ടിയുടെ കണ്ണിൽ അവനോടുള്ള സ്നേഹം കാണാം . ” രുക്മിണിയമ്മ ആലോചനയിലായി.
അമ്മയുടെ മുഖത്തെ ഭാവമാറ്റം അരവിന്ദ് കണ്ടു.

” എന്താ അമ്മേ..”
” എടാ.. “രുക്മിണിയമ്മ പറയാൻ തുടങ്ങിയതും ശ്യാമ ജ്യൂസുമായി എത്തി.
” നിങ്ങൾ തമ്മിൽ അറിയോ..” ശ്യാമ ചിരിയോടെ ചോദിച്ചു.
” അറിയും ” അമ്മ പറഞ്ഞു.
അമ്മ പറഞ്ഞതുകേട്ട അരവിന്ദ് ചിരിച്ചുകൊണ്ട് ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
” നിങ്ങൾ തമ്മിൽ എങ്ങനെ അറിയും .” രുക്മിണിയമ്മ ചോദിച്ചു.
” ഞങ്ങൾ ക്ലാസ്മേറ്റാരുന്നു. പത്തു വർഷങ്ങൾക്കുശേഷം കുറച്ചു നാൾ മുന്നേ ആണ് വീണ്ടും കണ്ടത്. അതും ഇവിടെ വച്ച് .” ശ്യാമ അരവിന്ദിനെ നോക്കി പറഞ്ഞു.
“അരവിന്ദ് വൈഫും മക്കളും സുഖായിരിക്കുന്നോ.. ” ശ്യാമയുടെ ചോദ്യം അരവിന്ദിനെ ഒന്നമ്പരപ്പിച്ചു .
അവൻ അമ്മയുടെ മുഖത്തുനോക്കി . അമ്മ തന്നെ ചോദ്യരൂപേണ നോക്കി യിരിക്കുന്നു. ” എന്തു പറയും ശ്ശെ ഇപ്പോൾ ഇങ്ങോട്ടു വരേണ്ടായിരുന്നു . “


” അരവിന്ദ് എന്താ മിണ്ടാത്തെ .”
” ഏയ് ഒന്നുമില്ല. അവർ സുഖമായിരിക്കുന്നു.”
” അന്നുനമ്മളെ ഒന്നിച്ചു കണ്ടത് വൈഫിന് ഇഷ്ടായില്ലെന്ന് ആ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി. തെറ്റ് ഞാൻ ചെയ്തുപോയില്ലെ. അങ്ങനൊരു സാഹചര്യം ഒഴിവാക്കണാരുന്നു. ഒരുഭാര്യയും സഹിക്കില്ല. ആ കുട്ടിയായതിനാൽ എന്നോടൊന്നും പറഞ്ഞില്ല.” പറഞ്ഞു പറഞ്ഞ് ശ്യാമയുടെ കണ്ണുനിറഞ്ഞു. ” എൻ്റെ ജീവിതമോ ഇങ്ങനായി അരവിന്ദിൻ്റെ ജീവിതം ഞാൻ കാരണം തകരാൻ പാടില്ല.”
” ശ്യാമ അതൊന്നും മനസ്സിൽ വെക്കേണ്ട “


” ഈശ്വരാ. എന്താ ഇവൻ പറയുന്നത് വൈഫും മക്കളും സുഖമായിരിക്കുന്നു എന്നോ. ” അവർക്ക് വിശ്വസിക്കാനായില്ല. ” ഞാനറിയാതെ കല്യാണം കഴിച്ചോ ..തനിക്ക് കൊച്ചുമക്കളും ഉണ്ട് . തന്നെ മറച്ച് അവൻ അങ്ങനെ ചെയ്യില്ല. ചിലപ്പോൾ ഈ കുട്ടിയോട് അങ്ങനെയാവും പറഞ്ഞിരിക്കുക.” രുക്മിണിയമ്മ യുടെ ചിന്തകൾ കാടുകയറാൻ തുടങ്ങി.


അമ്മയുടെ മുഖത്തെ ഭാവമാറ്റം അരവിന്ദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” പാവം അമ്മ .എന്തൊക്കെയാവും ചിന്തിച്ചിട്ടുണ്ടാവുക. ഇനി ഇവിടിരുന്നാൽ ശരിയാവില്ല. “
“ഞങ്ങൾ ഇറങ്ങുന്നു.അമ്മ വരൂ ഞാൻ വീട്ടിൽ വിടാം ” അരവിന്ദ് പറഞ്ഞു.
” ഉംം… ” അമ്മ ഘനത്തിൽ മൂളി.
പോട്ടെ മോളെ ..
അമ്മയ്ക്ക് കൂട്ടായല്ലോ ..ശ്യാമ പറഞ്ഞു.
അമ്മയുടെ മുഖത്തെ സന്തോഷം മാഞ്ഞത് ശ്യാമ കണ്ടു.
—- —– —- —-


വീടെത്തും വരെ രുക്മിണിയമ്മ ഒരക്ഷരം സംസാരിച്ചില്ല. മുഖം വീർത്തു തന്നെയിരുന്നു.
” അമ്മേ ഒരു ചായ ..” വീട്ടിൽ കയറിയതേ അരവിന്ദ് പറഞ്ഞു.
രുക്മിണിയമ്മ അത് കേട്ടതായിപോലും ഭാവിച്ചില്ല.
” അമ്മേ…ചായ എടുക്ക് ഞാൻ ഡ്രസ് മാറീട്ടു വരാം ” അരവിന്ദ് മുറിയിലേക്ക് പോയി.
അരവിന്ദ് ഡ്രസ്മാറി തിരിച്ചുവന്നിട്ടും അമ്മ അതേ ഇരിപ്പു തുടർന്നു.
” അമ്മ ചായ എടുത്തില്ലേ..എന്താ അമ്മേ അമ്മയ്ക്ക് എന്തുപറ്റി. “


” ഉണ്ണീ ..എവിടെ എൻ്റെ കൊച്ചുമക്കൾ . എന്നെ അവരുടെ അടുത്ത് കൊണ്ടുപോ ..എനിക്കവരെ ഇപ്പോൾ കാണണം . അവർ ഇവിടെ എൻ്റൊപ്പം ആണ് കഴിയേണ്ടത്. നീ എന്നോടിത് ചെയ്തല്ലോ ഉണ്ണീ . നിനക്കിഷ്ടപ്പെട്ട കുട്ടി ആരായാലും അവളെ ഞാൻ സന്തോഷത്തോടെ സ്വീകരിക്കുമല്ലോ .. ഈ അമ്മയെ നീ മനസിലാക്കിയില്ലല്ലോ.അവർക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല .
” എൻ്റെ അമ്മേ .. അതു ഞാൻ അവളോട് കള്ളം പറഞ്ഞതാ. അങ്ങനെ പറയേണ്ടിവന്നു.”


” അല്ല കള്ളമല്ല .അവൾക്കറിയാം നിൻ്റെ ഭാര്യയെ. നിങ്ങളെ രണ്ടുപേരേയും നിൻെറ ഭാര്യ കണ്ടു എന്നല്ലേ അവൾ പറഞ്ഞത്. ഇനി ഒന്നും ഒളിക്കേണ്ട ഉണ്ണീ ..വാ അവരെ നമുക്ക് ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരാം..” അമ്മയുടെ മുഖത്ത് അവരോടുള്ള സ്നേഹവും വാത്സല്യ വും പ്രകടമായി.
” അമ്മേ.. എനിക്ക് ഭാര്യയും ഇല്ല മക്കളും ഇല്ല . ഞാൻ പറയുന്നത് വിശ്വസിക്ക് ..”
” ഉണ്ണീ.. നീ വരുന്നുണ്ടോ ..അതോ…” രുക്മിണിയമ്മ അരവിന്ദ് പറഞ്ഞതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

തുടരും….