സമയം – ഭാഗം 10 – വൈഗ വസുദേവ് എഴുതുന്ന നോവൽ

ഒൻപതാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ലീല അടുക്കളയിൽ നിന്നും തിണ്ണയിൽ വന്നു.
” ആരോ വന്നല്ലോ .. “ആരാവും ..കാറിൽ നിന്നും ഇറങ്ങിയവരെ ലീലയ്ക്ക് മനസിലായില്ല. ഒരു പെണ്ണും രണ്ട് ആണും .

കാറിൽ നിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ പുഞ്ചിരിച്ചുകൊണ്ട് ലീലയുടെ അടുത്തു വന്ന് ചോദിച്ചു.
” ഇത് ശ്യാമയുടെ വീടല്ലേ..”

” അതെ…. ആരാന്ന് മനസിലായില്ല .എന്നാലും വരൂ..കയറി ഇരിക്കൂ..” ലീല ആതിഥ്യമര്യാദയോടെ പറഞ്ഞു.

” അമ്മേ..അമ്മാവാ..വരൂ..” ആ ചെറുപ്പക്കാരൻ തൻെറ കൂടെ വന്നവരോടു പറഞ്ഞു.

അവർ ലീലയുടെ കൂടെ അകത്തേക്ക് വന്നു

” ഇരിക്കൂ… പിന്നെ ശ്യാമയെ എങ്ങനെ അറിയാം .” ലീല ആകാംക്ഷയോടെ ചോദിച്ചു.

” ഞാൻ അരവിന്ദ് ..ഇത് എൻ്റെ അമ്മയും അമ്മാവനുമാണ്. ” അരവിന്ദ് പരിചയപ്പെടുത്തി.

” അവളെ എനിക്കറിയാം അവൾക്ക് എന്നേയും ” രുക്മിണിയമ്മ പറഞ്ഞു.

” ശ്യാമയെവിടെ.. കണ്ടില്ലല്ലോ..” ഇത്രനേരമായിട്ടും ശ്യാമയെ കാണാതിരുന്നതിനാൽ രുക്മിണിയമ്മ ചോദിച്ചു

” അവൾ അവളുടെ അനിയത്തിയുടെ അടുത്ത്പോയതാണ് ..അവൾക്കറിയാരുന്നോ നിങ്ങൾ വരുമെന്ന്.. ” ലീലയ്ക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

” ഇല്ല.. .. അവൾക്കൊരു സർപ്രൈസ് ആകട്ടെ എന്നുകരുതി. അതുസാരമില്ല. ഒരുകണക്കിന് അവൾ ഇല്ലാത്തത് നന്നായി. ഞങ്ങൾക്ക് ശ്യാമയുടെ അച്ഛനോടും അമ്മയോടും ആണ് സംസാരിക്കാനുള്ളത്. …” ബാലൻ പറഞ്ഞു.

” ആയിക്കോട്ടെ ..ഞാൻ ചായയെടുക്കാം ..ഇപ്പോൾ വരാം ..” ലീല അവരോട് പറഞ്ഞിട്ട് അകത്തേക്ക് നടന്നു.

നേരേ മുറിയിലേയ്ക്ക് ചെന്നു ..

” അതേയ്…എണീക്ക് രണ്ടുമൂന്നുപേർ കാണാൻ വന്നിട്ടുണ്ട്..” ലീല മാധവനെ തട്ടിവിളിച്ചു

” ങേ…എന്താ…” മയക്കത്തിൽ നിന്നും ഉണർന്ന മാധവന് എന്താന്നു മനസിലായില്ല.

” ശ്യാമയെ അറിയുന്നവർ ആണ്. അവർക്ക് നമ്മളോട് എന്തോ പറയാനുണ്ട്.”

” നീ കുടിക്കാൻ എടുക്ക് ഞാൻ ദാ വന്നു.”
മാധവൻ എണീറ്റു.

മാധവൻ ഹാളിലേക്ക് വന്നു.
മാധവനെകണ്ട് അരവിന്ദ് എണീറ്റു
” ഇരിക്കിരിക്കൂ..ഞാൻ മയങ്ങിപ്പോയി…”
ആഗതരോടായി പറഞ്ഞു.

” ചേട്ടാ..ഞങ്ങൾ വന്നത് ഒരു കല്ല്യാണാലോചനയുമായിട്ടാണ്. ” ബാലൻ തുടക്കമിട്ടു.

” ആർക്ക് .. “.മാധവന് ഇവർ എന്താണ് പറഞ്ഞുവരുന്നത് എന്ന് പിടികിട്ടിയില്ല.

” ഇത് എൻ്റെ പെങ്ങൾ രുക്മിണി .ഇത് അവളുടെ മകൻ അരവിന്ദ് .ബാങ്കിൽ ജോലിയാണ്. വളച്ചു ചുറ്റാതെ പറയാം അതാവും നല്ലത്. ചേട്ടൻ്റെ മകൾ ശ്യാമയെ ഇവന് ഇഷ്ടമാണ് .എല്ലാവർക്കും സമ്മതമാണേൽ നമുക്ക് ഈ കല്യാണം നടത്താം.
ഇതിനാണ് ഞങ്ങൾ വന്നത്. ” ബാലൻ പറഞ്ഞു. എന്നിട്ട്‌ രുക്മിണിയെ നോക്കി.

ചായയുമായി വന്ന ലീലയ്ക്ക് ഇപ്പോൾ ആണ് കാര്യം മനസിലായത്.

മാധവൻ എന്താണ് പറയേണ്ടത് എന്നറിയാതെ ലീലയെ നോക്കി.

” നിങ്ങളോട് എന്തുപറയണം എന്ന് അറിയില്ല. മാതാപിതാക്കൾ എന്ന നിലയിൽ സന്തോഷിക്കണം. എന്നാൽ ഞങ്ങൾക്ക് അതിനും അർഹതയില്ല. അവൾ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചകുട്ടിയാണ്. ഞങ്ങൾക്കുവേണ്ടിയാണ് അവൾ ജീവിക്കുന്നതുതന്നെ. അവളെപ്പറ്റി ഒന്നും നിങ്ങൾക്ക് അറിയില്ല .അതാണ് ഈ ആലോചനയുമായി വന്നത്.” ബാക്കി പറയാനാവാതെ മാധവൻ വിഷമിച്ചു.

” അറിയാം അച്ഛാ.. അറിഞ്ഞിട്ടുതന്നെയാണ് വന്നത്. ഒരിക്കൽ അവൾ നഷ്ടപ്പെടുത്തിയ അവളുടെ ജീവിതം . സ്വന്തം അനിയത്തിക്കുവേണ്ടി..കുടുംബത്തിൻ്റെ അഭിമാനത്തിനുവേണ്ടി … മറ്റ് ആർക്കോക്കയോവേണ്ടി…. അതാണ് അവളുടെ ജീവിതം.. ഇതല്ലെ അച്ഛന് പറയാനുള്ളത്..”

” എല്ലാം അറിഞ്ഞിട്ടാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ഒന്നും പറയാനില്ല. ഈ കാര്യം ശ്യാമയ്ക്ക് അറിയോ. ” അരവിന്ദിനോട് മാധവൻ ചോദിച്ചു.

” ഇല്ല ..കാര്യങ്ങൾ നേരായ മാർഗ്ഗത്തിൽ പോകട്ടെ എന്നു കരുതി.” ബാലൻ പറഞ്ഞു.

” എൻ്റെ ഉണ്ണിക്ക് അവളെ ഇഷ്ടമാണ് . അവൾക്കും ആണ് എന്നാണ് എൻ്റെ വിശ്വാസം .എനിക്ക് ഇവനേ ഉള്ളൂ.. അവൻെറ ഇഷ്ടമാണ് എൻ്റെ ഇഷ്ടം. ” രുക്മിണിയമ്മ പറഞ്ഞു.

” ഞങ്ങൾക്ക് സമ്മതമാണ് ചേച്ചി.. അവൾ എന്താണ് പറയുന്നത് എന്നേ അറിയേണ്ടൂ..എൻ്റെ കുഞ്ഞ് സന്തോഷത്തോടെ കഴിയുന്നത് കണ്ടാൽ മതി.” ലീല പറഞ്ഞു.

” ഇനി ഒരു ഭാഗ്യപരീക്ഷണത്തിന് അവൾ തയ്യാറാവുമോ.. ഞങ്ങൾ അവളോട് തെറ്റുചെയ്തു..” മാധവൻ സങ്കടത്തിൽ പറഞ്ഞു.

” കഴിഞ്ഞതുകഴിഞ്ഞു ..വരാനുള്ളതിനെപ്പറ്റി ചിന്തിക്കാം ..നിങ്ങൾക്ക് സമ്മതാണല്ലോ..
അതുമതി ബാക്കി ഇവൻ നേരിട്ട് ചോദിച്ചോളും..”
ബാലൻ മാധവനെ സമാധാനിപ്പിച്ചു.

°°°°°°° °°°°°°°° °°°°°°°°°° °°°°°°°°°
” ഇത് ..എന്ന്…എപ്പോൾ എഴുതി .. ഇതൊന്നും ഞാനറിഞ്ഞിട്ടില്ല. ” ശ്യാമ പറഞ്ഞു.

വിൽപ്പത്രം .
ഈ വീടും വീടിരിപ്പ് നാൽപ്പത്തഞ്ച് സെൻ്റ് സ്ഥലവും ഈ വിൽപ്പത്രപ്രകാരം ഇപ്പോൾ തൻെറ ആണ്. ശ്യാമയുടെ നോട്ടം ഭിത്തിയിൽ ഫ്രെയിം ചെയ്തുവച്ചിട്ടുള്ള സുനിലിന്റെ ഫോട്ടോയിലായി.
ആ മുഖത്ത് ഒരു ചിരി വിടർന്നുവോ ..ശ്യാമയ്ക്ക് അങ്ങനെ തോന്നി.

” ഇതൊന്നും ചേച്ചിയുടെ അറിവോടെയല്ല എന്നുഞങ്ങൾക്ക് അറിയാം .അനിൽപറഞ്ഞു.ഞങ്ങൾ അറിഞ്ഞിട്ടും അധികമായില്ല.തുടരെത്തുടരെ ബിസിനസ് തകർച്ചയിലേക്ക് കൂപ്പുകുത്തി. വാങ്ങാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങി. ബിസിനസ് ലോൺ അടയ്ക്കാനാവാതെ വന്നു. ഈ വീടും പറമ്പും കൊടുത്ത് കടംവീട്ടാം എന്നു തീരുമാനിച്ചു. അതിനായി ആധാരംഎഴുതാൻ ചെന്നപ്പോൾ ആണറിയുന്നത് ചേട്ടൻ വിൽപ്പത്രം ചേച്ചിയുടെ പേർക്ക് എഴുതിയിട്ടുണ്ടെന്ന് അറിഞ്ഞത്.അമ്മയ്ക്കത് ഷോക്കായി ഈ അവസ്ഥയിൽ ആയത്. ” അനിൽ പറഞ്ഞു .

” ഇപ്പോൾ ഈ വീടിന്റെ അവകാശി ചേച്ചിയാണ്.
കല്യാണത്തിന് ചേട്ടന് സമ്മതമായിരുന്നില്ല.
എനിക്കുവേണ്ടിയാണ് ചേച്ചിയെ കല്യാണം കഴിഞ്ഞ് ക്കാൻ ചേട്ടൻ തീരുമാനിച്ചത്. ഒരു ഡിമാന്റ് വച്ചു .കല്യാണത്തിനു മുന്നേ ഈ വീടും പറമ്പും ചേട്ടന്റെ പേർക്ക് എഴുതികൊടുക്കണമെന്ന് .അച്ഛൻ സമ്മതിച്ചു.
ആധാരം രജിസ്റ്റർ ചെയ്തു. ചേട്ടന് അറിയാമായിരുന്നു ചേച്ചി സീമയ്ക്കുവേണ്ടിയാണ് ഈ കല്യാണത്തിനു സമ്മതിച്ചതെന്ന്.ചേച്ചിയുടെ ഭാവിയെക്കുറിച്ച് വളരെ ഉത്കണ്ഠയായിരുന്നു. അതാണ്. ഇങ്ങനെയൊരു വിൽപ്പത്രം എഴുതാൻ ചേട്ടനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഇവിടുത്തെ അവസ്ഥ ചേച്ചിക്ക് മനസിലായി കാണുമല്ലോ അല്ലേ.ഞങ്ങളുടെ അഹങ്കാരത്തിന് ഈശ്വരൻ തന്ന ശിക്ഷയാണ് ഇത്. ചേച്ചിയ്ക്ക് വേണമെങ്കിൽ ഞങ്ങളെ ഇറക്കിവിടാം . ഞങ്ങൾ എന്താവേണ്ടതെന്ന് ചേച്ചിയ്ക്ക് തീരുമാനിക്കാം .. “

” അനിൽ എനിക്ക് കുറച്ചു സമയംവേണം എല്ലാം ഒന്ന് ഉൾക്കൊള്ളാൻ. ഇപ്പോൾ ഞാൻ പോകുന്നു. താമസിയാതെ വരാം .”.ശ്യാമ പറഞ്ഞു.

” ചേച്ചീ.. ചേച്ചി പോകരുത്… ഞങ്ങളുടെ അവസ്ഥ അറിഞ്ഞിട്ടും .”സീമ കരഞ്ഞുകൊണ്ട് ശ്യാമയുടെ കയ്യിൽ പിടിച്ചു.

” പേടിക്കണ്ട ഞാൻ ഇറക്കിവിടില്ല. എല്ലാവരും ഒരുപോലല്ലല്ലോ.ഇറങ്ങിപ്പോകേണ്ടി വരുമ്പോൾ അനുഭവിക്കുന്ന വിഷമം എനിക്ക് നന്നായിട്ടറിയാം.. ഞാൻ വരാം ..പോയി എന്ന് അമ്മയോടും അച്ഛനോടും പറയൂ..” ശ്യാമ ഫയൽ മടക്കി തന്റെ ബാഗിൽ വച്ചു. സെറ്റയിൽ നിന്നും എണീറ്റു. എത്രയും പെട്ടെന്ന് ഇവിടുന്ന് പോകണം ഈ വീട്ടിൽ താൻ അനുഭവിച്ച ഓരോന്നും ശ്യാമയുടെ മനസ്സിൽ ഓടിയെത്തി.
വാതിൽ കടന്ന് മുറ്റത്തിറങ്ങി.

” മോളേ….. “

ഒരു നിമിഷം ശ്യാമ നിന്നു . …

” മോളേ…നീ പോകുവാണോ…”
ആരെന്നറിയാൻ തിരിഞ്ഞു നോക്കാതെ തന്നെ ശ്യാമയ്ക്ക് മനസിലായി സുനിലിൻ്റെ അച്ഛൻ .

” അതെ .. “അവൾ അടുത്തേക്ക് ചെന്നു ” സുഖമാണോ.. അച്ഛന് .”

” പ്രായത്തിൻ്റെ ചില പ്രശ്നങ്ങൾ സാരമില്ല ഇപ്പോൾ ഇവരാണ് എൻ്റെ ലോകം. കണ്ടില്ലേ രണ്ടിനേയും എപ്പോഴും ഉണ്ട് കൂടെ.. അച്ഛച്ഛാ..വിളിച്ച് . “

” അത് ഭാഗ്യമല്ലേ.അച്ഛാ.. ” ശ്യാമ കുട്ടികളുടെ തലയിൽ തലോടി.

“വല്യമ്മ പോയിട്ട് വരാം..കേട്ടോ..”

” വരണം ഇത് നിൻ്റെ വീടാണ് .നിനക്കായി എൻ്റെ മകൻ തന്നത് . “സുനിലിൻ്റെ അച്ഛൻ പറഞ്ഞു.

” ഞാൻ വരും.. ഞാൻ താമസിച്ചാൽ എൻ്റെ അച്ഛനും അമ്മയും വിഷമിക്കും. അച്ഛൻ ക്ഷീണത്തിലാണ്. പോട്ടെ..” ശ്യാമ ഇറങ്ങി.

 °°°°       °°°°°        °°°°       °°°°°    

” ചേട്ടാ നിങ്ങൾ ശ്യാമയോട് ഞങ്ങൾ വന്നകാര്യം പറയരുത് . ആദ്യം ഉണ്ണി അവളോട് നേരിട്ട് സംസാരിക്കട്ടെ .എന്നിട്ട് ബാക്കികാര്യം തീരുമാനിക്കാം ..” ഇറങ്ങാൻ നേരം ബാലൻ മാധവനോട് പറഞ്ഞു
” ശരി ..അവൾ എന്താണ് പറയുന്നത് എന്നറിയട്ടെ. ” മാധവൻ സമ്മതിച്ചു.

കാറിൽ കേറാൻ തുടങ്ങിയ അരവിന്ദിൻ്റെ ഫോൺ ബെല്ലടിച്ചു.

ആരെന്നു നോക്കിയ അരവിന്ദ് പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങി കുറച്ചു മാറിനിന്നുകോൾ എടുത്തു.

” ഹലോ.. ഉംം ..ശരി ..ഞാൻ ഉടനെ എത്താം .”
കോൾ കട്ട് ചെയ്ത് .വേഗം വന്നു കാറിൽ കേറി.

” അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ താമസിയാതെ വീണ്ടും കാണാം ..” അരവിന്ദ് പറഞ്ഞു.

കാർ സ്റ്റാർട്ട് ചെയ്തു.

” ആരാ ഉണ്ണീ നിന്നെവിളിച്ചത് ” അരവിന്ദിൻ്റെ മുഖത്തെ ടെൻഷൻ കണ്ടിട്ട് രുക്മിണിയമ്മ ചോദിച്ചു.

” അത് എൻ്റെ ഫ്രണ്ടാ അമ്മേ.. അവൻ കാഞ്ഞിരപ്പള്ളിയിൽ ആണ് .എന്നോട് അവിടംവരെ ചെല്ലാൻ വിളിച്ചതാണ്.അർജൻ് ആണ്.”

” ശരി എന്നാൽ ഞങ്ങളെ പള്ളിയുടെ അവിടെ ഇറക്കിയേരെ. ഞങ്ങൾ ബസിനുപൊക്കോളാം .നീ കാഞ്ഞിരപ്പള്ളിക്ക് പൊക്കോളു… ” ലീല പറഞ്ഞു.

ആനക്കല്ല് പള്ളിയുടെ മുന്നിൽ അവരെ ഇറക്കവിട്ടു.
” അമ്മാവാ …തിടനാട് ചെന്നിട്ട് ഓട്ടോയ്ക്ക് പോയാൽ മതി.” അരവിന്ദ് പറഞ്ഞു.

“ശരി ..അവൻ കാത്തിരിക്കുന്നു. ” അരവിന്ദ് കാർ കാഞ്ഞിരപ്പള്ളിക്ക് വിട്ടു .

°°°°°° °°°°° °°°°°° °°°°°°°

കുറച്ചു നേരമായി ശ്യാമ നിൽപ്പുതുടങ്ങിയിട്ട്. ” ഇതിന്റെ സത്യാവസ്ഥ അറിയണം എത്രയും വേഗം . അല്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല. എല്ലാം നേരേയായി വന്നല്ലോ എന്നു സമാധാനിച്ചതാ ..വീണ്ടും ഓരോകുരുക്ക് വിടാതുണ്ട്. അച്ഛനും അമ്മയും ഇല്ലാരുന്നേൽ ഈ ജീവിതം എന്നേ തീർന്നേനെ.പണ്ടുള്ളവർ പറയുംപോലെ അരിക്കുചിലവും ഭൂമിക്കുഭാരവുമായി എന്തിനുജീവിക്കണം…”

“എല്ലാം മറന്ന് ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ്‌ അരവിന്ദ് മുന്നിൽ വന്നത്. മറക്കാൻ ശ്രമിച്ചതെല്ലാം ഒന്നിനുപിറകെ ഒന്നായി വേദനിപ്പിക്കാനും തുടങ്ങി. അറിയാതെ മനസ്സിൽ പ്രതീക്ഷ ഉണർന്നു. ഓരോതവണകാണുമ്പോഴൂം കൂടുതൽ അടുക്കുന്നപോലെ. എന്നാൽ അതെല്ലാം തകിടംമറിക്കുന്നതാണ്. പിന്നീട് നടന്നത് .
അരവിന്ദ് തന്നെ നല്ലൊരു ഫ്രണ്ട് എന്നനിലയിൽ ആവും കാണുന്നത്. അത് തകർക്കാൻ താൻ നിമിത്തം ആവരുത്. വല്ലപ്പോഴും കണ്ടാൽ മുഖംതിരിച്ചു പോകരുത്.
തൻെറ മനസ് അരവിന്ദ് അറിയാൻ പാടില്ല.
നല്ലൊരു ജീവിതം മോഹിക്കാൻ മാത്രമേ കഴിയൂ.. അത് ലഭിക്കണമെങ്കിൽ .ഭാഗ്യവും വേണം .. ” ശ്യാമ പലതും ചിന്തിച്ചു .

ഇടയ്ക്കിടെ ഫോണിൽ നോക്കും .ഫോൺ ഉള്ളതിനാൽ വാച്ച് കെട്ടാറില്ല .സമയം അറിയാൻ ഫോണിൽ നോക്കിയാൽ മതിയല്ലോ.അരമണിക്കൂർ ആയല്ലോ.. ഇത്രയും നേരമായിട്ടും കണ്ടില്ലല്ലോ..ഒന്നുകൂടി വിളിച്ചുനോക്കാം. ശ്യാമ ഫോൺ എടുത്തു കോൾകൊടുത്തു. ബെല്ലടിക്കുന്നുണ്ട്
.സിലിൽസ്റ്റേഷൻ്റെ മുറ്റത്തേയ്ക്ക് ഒരുകാർ കടന്നു വന്നു. അതിൽനിന്നും ഇറങ്ങിയയാൾ ഫോൺ എടുത്തു.
അതുപോലെ തന്നെ പോക്കറ്റിൽ ഇട്ടു.

ശ്യാമ ആ കാർ ശ്രദ്ധിച്ചതേ ഇല്ല.

കാറിൽ നിന്നും ഇറങ്ങിയ ആൾ നേരെ ശ്യാമയുടെ അടുത്തെത്തി.

” ശ്യാമേ… ” അയാൾ വിളിച്ചു.

ശ്യാമ ഒന്നുഞെട്ടി .

” അരവിന്ദ് … അരവിന്ദ് വന്നത് ഞാൻ കണ്ടില്ലല്ലോ.. “

“അതെങ്ങനാ നീ വേറെ ലോകത്തല്ലേ..എന്താ ഇത്ര ടെൻഷനടിക്കാനും ആലോചിക്കാനും ഉള്ളത്. എന്തിനാ പെട്ടെന്ന് വരാൻപറഞ്ഞ് വിളിച്ചത്. ആകെ ടെൻഷൻ അടിച്ചാ ഞാൻ വന്നത്. നിന്നെ കണ്ടപ്പോൾ ആണ് സമാധാനം ആയത്. എന്താന്ന് കാര്യം പറയ്…”

” ശ്യാമേ..നിൻ്റെ മുഖം എന്താ പേടികിട്ടിയപോലെ.. “

“അരവിന്ദ് .. ഒന്നൊഴിയാതെ …പിറകെ പിറകെ ഓരോ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. എനിക്ക് അരവിന്ദിൻ്റെ സഹായം വേണം. എന്തു ചെയ്യണം …എന്തു തീരുമാനിക്കണം എന്നറിയില്ല. ഒരുകാര്യം മാത്രമറിയാം ഈ ജീവിതത്തിൽ എനിക്ക് സന്തോഷവും സമാധാനവും വിധിച്ചിട്ടില്ല.” ശ്യാമയുടെ കണ്ണു നിറഞ്ഞു.

” നോക്കൂ ഇവിടെ നിന്നു കരഞ്ഞാൽ മറ്റുള്ളവർ തെറ്റിദ്ധരിക്കും വാ നമുക്ക് ആ കോഫീഹൗസിൽ പോകാം .അവിടിരുന്ന് സംസാരിക്കാം .എന്തിനും ഞാൻ കൂടെയുണ്ട്. വാ ..”

അരവിന്ദും ശ്യാമയും റോഡ് ക്രോസ് ചെയ്ത് ഇൻഡ്യൻ കോഫീഹൗസിൽ കയറി .

അരവിന്ദ് കോഫിക്ക് പറഞ്ഞിട്ട് ഒഴിഞ്ഞഭാഗത്തുള്ള ടേബിളിൻ്റെ അടുത്തെത്തി.

” ഇരിക്ക് … ഇനി സമാധാനമായി പറയ് ..
അനിയത്തിയുടെ വീട്ടിൽ പോയതല്ലേ ..അവർ മോശമായിട്ടെന്തെങ്കിലും പറഞ്ഞോ ..”

“ഇല്ല.. ഇതാ ഇത് നോക്കൂ.. ” ശ്യാമ ബാഗിൽ നിന്നും ഒരു ഫയൽ എടുത്തു നീട്ടി

” ഇത് എന്താണ്..”

” നോക്കൂ.. എന്നിട്ട് ..ഞാൻ എന്താ ചെയ്യേണ്ടതെന്ന് പറയ്..എനിക്ക് ആലോചിച്ചിട്ട് തല പെരുക്കുന്നു..”

അരവിന്ദ് ആ ഫയൽ എടുത്ത് നോക്കി.. അത് വായിച്ച അരവിന്ദിൻ്റെ മുഖത്ത് ആശ്ചര്യം നിഴലിച്ചു. പതിയെ മുഖഭാവം ഗൗരവത്തിലായി.

അത് വായിച്ചിട്ട് അരവിന്ദ് അല്പസമയം മിണ്ടാതിരുന്നു.

” അരവിന്ദ് ..എന്താ മിണ്ടാത്തെ.. ഞാൻ എന്തു ചെയ്യണം.. അവർ പറയുന്നു അവിടെ താമസിക്കണം അത് എൻ്റെ വീടാണ്. അവർ മാറിത്തരാം എന്നൊക്കെ… എന്നാൽ സുനിൽ ഇങ്ങനെ എഴുതിവച്ചത് ഞാനറിഞ്ഞിരുന്നില്ല.
ഇപ്പോൾ അവരുടെ അവസ്ഥ ദയനീയമാണ്.
ബിസിനസ് പൊളിഞ്ഞു. വായ്പ എടുത്തത് അടയ്ക്കാൻ നിവൃത്തിയില്ല. “

” അവർക്ക് എങ്ങനെ കിട്ടി ഈ വിൽപ്പത്രം.”

” അനിലിൻ്റെ പേർക്ക് ആധാരം എഴുതാൻ ചെന്നപ്പോൾ ആണറിയുന്നത് .”

” ശ്യാമയുടെ തീരുമാനം എന്താണ്…”

” ഞാനെന്തു തീരുമാനിക്കാൻ..”

” നിനക്ക് അവിടെപ്പോയി താമസിച്ചൂടെ.. “

“എന്തിന് ..എനിക്ക് എൻ്റെ ചെറിയവീട് മതി .ഇപ്പോൾ എങ്ങനാണോ അതുപോലെ .”

” ശ്യാമേ ..”

” ഉംം.. “

” ഞാൻ ഒരു കാര്യം പറയട്ടെ.. നിനക്ക് ഇനിയും ജീവിതം ഉണ്ട്. ചിലപ്പോൾ ഇങ്ങനൊക്കെ സംഭവിച്ചത് നല്ലതിനുവേണ്ടിയാവും ..”

” ഇല്ല അരവിന്ദ് .. ഈശ്വരൻ എനിക്ക് ഇടയ്ക്കിടെയ്ക്ക് പ്രതീക്ഷ തരും .
പക്ഷെ ആ പ്രതീക്ഷയ്ക്ക് അല്പായുസ്സും ..”

” നിനക്ക് ..എന്നെപ്പറ്റി എന്താണ് അഭിപ്രായം. എന്തായാലും തുറന്നു പറയണം. “

” അരവിന്ദ് ..ഈ ചോദ്യം എന്നോടു വേണോ..ഞാൻ ..” ബാക്കി പറയാൻ ശ്യാമ മടിച്ചു.

” എന്താ നിർത്തിയത് പറയ്..”

“നിന്നെ കിട്ടുന്ന ആ കുട്ടി ഭാഗ്യവതിയാണ്. ഭാഗ്യം എല്ലാവർക്കും ഒരുപോലല്ലല്ലോ. മനസുകൊണ്ടുപോലും നിന്നെ ആഗ്രഹിക്കാൻ എനിക്ക് അർഹതയില്ല. അർഹത ഉണ്ടായിരുന്നു ..എങ്കിൽ.. ഇങ്ങനൊന്നും എൻ്റെ ജീവിതത്തിൽ സംഭവിക്കില്ല . എന്നെപ്പറ്റി എന്താണ് അരവിന്ദിൻ്റെ മനസ്സിൽ..” ശ്യാമ അരവിന്ദിൻ്റെ മറുപടിയ്ക്കായി കാതോർത്തു..

തുടരും….