സമയം –അവസാനഭാഗം – വൈഗ വസുദേവ് എഴുതുന്ന നോവൽ

പതിനൊന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..

ഡോർ തുറന്ന് ഇറങ്ങാൻ തുടങ്ങിയ ശ്യാമയുടെ കയ്യിൽ പിടിച്ച് അരവിന്ദ് പറഞ്ഞു.

” പറയ് ..നമുക്ക് ഒന്നിച്ചൂടെ..”

” അരവിന്ദ് …” ചിലമ്പിയ നേർത്ത ശബ്ദത്തിൽ ശ്യാമ വിളിച്ചു.

” ഞാൻ… ഞാനെന്താ പറയ്ക…..” ശ്യാമയുടെ കണ്ണുനിറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സങ്കടം നെഞ്ചിൽ തടഞ്ഞു നിന്നു നെഞ്ച് പൊട്ടുംപോലെ .. വല്ലാത്ത വേദന ..ഈശ്വരാ ഈ നിമിഷം നീ എന്നെ വിളിച്ചിരുന്നു എങ്കിൽ ..ശ്യാമ രണ്ടുകൈകൊണ്ടും മുഖംപൊത്തി .

” ശ്യാമേ…ഇതു കരയേണ്ട സമയമല്ല. നീ തന്നെ ഒന്നുചിന്തിക്ക് .ഒരിക്കലും നമ്മൾ തമ്മിൽ കാണുമെന്ന് നീ കരുതിയോ ..ഇല്ലല്ലോ ഞാൻ കരുതിയില്ല. നീ എന്നെങ്കിലും തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിൽ അല്ല ഞാൻ വിവാഹം കഴിക്കാതിരുന്നത്. വിവാഹം എൻ്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഈശ്വരൻ നമ്മളെ വീണ്ടും ഒന്നിപ്പിച്ചു. അതും യാദൃശ്ചികമായി. പിരിയുമ്പോൾ നീ തന്നിട്ടുപോയ കോളേജ് ഡയറി ഈ പത്തു വർഷത്തിനിടയിൽ ഒരിക്കൽ പോലും ഞാൻ തുറന്നിട്ടില്ല. വീണ്ടും നമ്മൾ കണ്ടുമുട്ടിയപ്പോളാണ് അത് തുറന്നുനോക്കുന്നത്. നിന്നെ കണ്ടതിനുശേഷം എന്നിൽ എന്തോമാറ്റം ഉണ്ട് .അതാണ് എൻ്റെ മാറ്റത്തിന്റെ കാരണം തിരക്കി ലത നിൻ്റെ പിന്നാലെ കൂടിയത് . നീ വിവാഹിതയായി എന്നത് നിൻ്റെ കുറവല്ല. നീ എനിക്കുള്ളതാണ് എന്ന എൻ്റെ വിശ്വാസമാണ് എനിക്ക് വലുത് . നമ്മൾക്കുള്ള സമയം ഇപ്പോൾ ആണ്. ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് ഒന്നും പറയാനില്ലേ.. അതോ ഇനിയും നിൻ്റെ ജീവിതം അനിയത്തിക്കുവേണ്ടി ഉഴിഞ്ഞു വെക്കാനാണോ..”

അരവിന്ദ് പറയുന്നത് കേട്ടിട്ടും ശ്യാമയുടെ കരച്ചിൽ തീർന്നില്ല.

” ഇനിയും നിനക്ക് വലുത് അവർ ആണെങ്കിൽ ഞാൻ നിർബന്ധിക്കില്ല. ഇങ്ങനൊരുകാര്യം ഞാൻ പറഞ്ഞിട്ടില്ല. നീ കേട്ടിട്ടും ഇല്ല .ഓക്കെ.”
കണ്ണുകൾ നിറയുന്നത് ശ്യാമ കാണരുതെന്ന് അരവിന്ദ് കരുതി അരവിന്ദ് സ്റ്റിയറിംഗിൽ തലചായ്ചിരുന്നു.

” അരവിന്ദ്… ” ശ്യാമ അരവിന്ദിൻ്റെ കയ്യിൽ പതിയെ തട്ടി.
ഒരുമാത്ര .അരവിന്ദ് ശ്യാമയുടെ കയ്യിൽ പിടിച്ചു .
” നിനക്ക് ..നിനക്കെന്നെ മനസിലാക്കാൻ പറ്റുന്നില്ലേ.. ഞാൻ പോലും അറിഞ്ഞിരുന്നില്ല . എൻ്റെ മനസ്സിൽ സ്നേഹം എന്ന വികാരം ഉണ്ടായിരുന്നത് . .. ഈ കാലയളവിൽ നീൻ്റെ അഭാവത്തിൽ പോലും നിന്നെ ഞാൻ ഇത്രതീവ്രമായി സ്നേഹിച്ചിരുന്നു .. എന്നത് .. നിന്നെ കണ്ടതിനുശേഷമാണ് മനസിലായത് .നിനക്ക് എൻ്റെ സ്നേഹവും എന്നെയും തട്ടിമാറ്റിപ്പോകാൻ കഴിയുമോ..പറയ്.. “

ശ്യാമ തൻെറ കയ്യിൽ പിടിച്ച അരവിന്ദിൻ്റെ കയ്യിൽ മുറുകെ പിടിച്ചു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വാക്കുകക്കതിതമായി ആ സ്പർശനം മാത്രം മതിയായിരുന്നു അരവിന്ദിന് .
അവളുടെ രണ്ടുകയ്യുംകൂട്ടിപ്പിടിച്ച് അരവിന്ദ് ഉമ്മ വച്ചുകൊണ്ട് ചോദിച്ചു

” ഇനിയും നിനക്കു കഴിയുമോ ഞാനില്ലാതെ ജീവിക്കാൻ… “

” അരവിന്ദ് …ഞാൻ ഇന്നുവരെ നിന്നെ പിരിഞ്ഞല്ല ജീവിച്ചത്. നീഎൻ്റെകൂടെ ഉണ്ട് എന്ന വിശ്വാസത്തിലാണ് . നീ എൻ്റൊപ്പം ഇല്ല എന്നതോന്നൽ ഉണ്ടായിട്ടില്ല. എനിക്ക് ധൈര്യമായി നിൻ്റെ സ്നേഹം എന്നും ഉണ്ടായിരുന്നു. നീ വിവാഹിതനാണെന്നായിരുന്നു എൻ്റെ വിശ്വാസം. അതൊന്നും നിന്നോടുള്ള സ്നേഹത്തിനു കാരണമായില്ല. തമ്മിൽ കണ്ടപ്പോളും അങ്ങനെ തന്നെ വിശ്വസിച്ചു. അതാണ് നീ കോഫികുടിക്കാൻ വിളിച്ചപ്പോൾ വന്നതും .ആ നിമിഷം എനിക്കു തന്ന ഈശ്വരനോട് ഒരുപാട് നന്ദി പറഞ്ഞു. വിവാഹിതനായ നിൻ്റെ കൂടെ വന്നപ്പോൾ… നിൻ്റെ ഭാര്യ എന്നു ഞാൻ കരുതിയ ലതയുടെ മുന്നിൽ തെറ്റുകാരിയായാലും വേണ്ടില്ല. എനിക്ക് കിട്ടുന്ന നല്ല നിമിഷങ്ങൾ വേണ്ടെന്നുവെക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നാലും ലതയെ വിവാഹം കഴിച്ചാലോ നീ വേറൊരു പെണ്ണിനെ കല്ല്യാണം കഴിച്ചാലോ ഞാൻ സന്തോഷിക്കയേ ഉള്ളൂ.. കാരണം എൻ്റെ സ്നേഹം ഒരിക്കലും ഞാൻ നിന്നോട് പറയില്ലാരുന്നു. പറയാനുള്ള അർഹത എനിക്കില്ല.ഒരിക്കൽ നിന്നെ വിട്ടുപോയ ഞാൻ വീണ്ടും …” ശ്യാമ ബാക്കി പറയാൻ വന്നത് പറയാൻ ആവാതെ വിഷമിച്ചു.

“ശ്യാമേ… കഴിഞ്ഞതുകഴിഞ്ഞു .നിനക്ക് സമ്മതമാണോ അതുമാത്രം പറയ്..”

” അരവിന്ദ് നീ വിളിച്ചാൽ ഈ ലോകത്തിൻ്റെ ഏതറ്റത്തേയ്ക്കും ഞാൻ വരും ..”

” ഇത്രയും കേട്ടാൽ മതി.. ബാക്കി കാര്യങ്ങൾ വേണ്ടപോലെ നടക്കും എല്ലാവരുടേയും ആശീർവാദത്തോടെ.. ” അരവിന്ദ് പറഞ്ഞു.

” അരവിന്ദ് ഒന്നുകൂടി ആലോചിച്ചു നോക്കൂ.. എനിക്ക് അതിന് അർഹതയുണ്ടോ..ഞാൻ ഒരു വിധവയല്ലേ.. “

” നോ..” അരവിന്ദ് പെട്ടെന്ന് ശ്യാമയുടെ ചുണ്ടിൽ വിരൽ വെച്ചു.” ഇനി ഇങ്ങനെ പറയരുത്. നീ അരവിന്ദിൻ്റെ പെണ്ണാണ്.. നിനക്കുമാത്രേ അർഹതയും എന്നിൽ അവകാശവും ഉള്ളൂ..
ഇനി ഈ കണ്ണുകൾ നിറയരുത്.. നിൻ്റെ ചിരിക്കുന്ന മുഖംമാത്രം എനിക്ക് കണ്ടാൽ മതി …” അരവിന്ദ് ശ്യാമയുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു.

” അരവിന്ദ് ഈശ്വരൻ ആണ് വീണ്ടും നിന്നെ എൻ്റെ മുന്നിൽ എത്തിച്ചത്. ചിലപ്പോൾ എൻ്റെ മനസ്സ് അറിഞ്ഞിട്ടാവും ഇപ്പോൾ നിന്നെക്കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത് ..
അച്ഛനും അമ്മയും സമ്മതിക്കണം .ഞാനും അവരെ വിട്ടുപോയി എന്ന ചിന്ത അവർക്കുണ്ടാകാൻ പാടില്ല. . അവർ വിസമ്മതിച്ചാൽ .. അതുപോലെ അരവിന്ദിൻ്റെ അമ്മ സമ്മതിക്കുമോ..
ഈ ശ്യാമ വിധവയാണെന്ന് അറിയാമോ..”

” ശ്യാമേ.്‌ നിന്നോടു പറയാതെ ..ഞങ്ങൾ ചില തീരുമാനങ്ങൾ എടുത്തിരുന്നു. “

” എന്തുതീരുമാനം ..”ശ്യാമയ്ക്ക് മനസിലായില്ല.

” അതൊക്കെയുണ്ട് . വാ ഞാനും വരുന്നു.” അരവിന്ദ് ശ്യാമയ്ക്കൊപ്പം കാറിൽനിന്നും ഇറങ്ങി.

” അരവിന്ദ് ആരാന്ന് ചോദിച്ചാൽ ഞാൻ ആരെന്ന് പറയും”

” നീ ഒന്നും പറയേണ്ട ..ഞാൻ പറഞ്ഞോളാം ” .

” ഇരിക്കൂ.. ഞാൻ ഇപ്പോൾ വരാം..” തിണ്ണയിൽ കയറിയിട്ട് ശ്യാമ പറഞ്ഞു.

” അമ്മേ.. അമ്മേ….”

അടുക്കളപ്പണിയിലാരുന്നു ലീല
” നീ എന്താ ഇത്രയും താമസിച്ചത് .”

” ഞാൻ പെട്ടെന്ന് വന്നല്ലോ ..”

” അവർ എന്തിനാ ചെല്ലാൻ പറഞ്ഞത് .”

” അതൊക്കെ പറയാം എൻ്റെ കൂടെ ഒരാൾ വന്നിട്ടുണ്ട്. ഞാൻ ചായയെടുക്കാം അമ്മ ചെന്നു സംസാരിക്ക് .”

” ആതാരാണ് …. ” അനിൽ ആണോ കൊണ്ടുവിടാൻ വന്നതാവും .. അല്ലാതെ ആരാണ് ഇപ്പോൾ വരാൻ ..തിണ്ണയിൽ അനിൽ ആവും എന്നുകരുതി വന്ന ലിലയ്ക്ക് അരവിന്ദിനെ കണ്ടപ്പോൾ എന്തു പറയണം എന്നറിയാതായി .
” മോനെ… ഇവിടെ ..ഇപ്പോൾ ..”

ലീലയെ കണ്ട് അരവിന്ദ് ചിരിയോടെ എണീറ്റു

” അമ്മ പേടിക്കേണ്ട .. എല്ലാം നമ്മൾ ആഗ്രഹിക്കുപോലെ നടക്കും ..ഇനി അമ്മ അവളോട്‌ ഞങ്ങൾ വന്നകാര്യം പറയ് ..അവൾ എന്താണ് പറയുന്നത് എന്നറിയാലോ..”

” മോൻ അവളോട് ചോദിച്ചോ….എന്തുപറഞ്ഞു.”

” ഒന്നും തീർത്തുപറഞ്ഞില്ല ..അമ്മ പറഞ്ഞ് കാര്യങ്ങൾ മനസിലാക്കൂ.. ” തങ്ങൾ സംസാരിച്ചതും അവൾ സമ്മതിച്ചതും അമ്മ അറിയേണ്ട ..ഇവരോട് ആലോചിക്കാതെ സ്വയം തീരുമാനിച്ചു എന്നാവും ..അരവിന്ദ് മനസ്സിൽ കരുതി.
” അമ്മേ ഞാനിറങ്ങട്ടെ ..”

” നിൽക്കൂ….അവൾ ചായയെടുക്കുന്നു.”

” വേണ്ടമ്മേ..ഞാൻ പോയെന്നുപറഞ്ഞാൽ മതി എന്നെ കാണാതെ അമ്മ വിഷമിക്കുന്നുണ്ടാവും … പ്രതീക്ഷയോടെ എന്നെ കാത്തിരിക്കും . അമ്മാവനും കൂടെ ഉണ്ടല്ലോ ..അപ്പോൾ ലേറ്റായിൽ ശരിയാവില്ല.”
അരവിന്ദ് മുറ്റത്തിറങ്ങി .

” അമ്മേ…അരവിന്ദ് എന്താ ചായകുടിക്കാതെ പോകുന്നത്. അമ്മ എന്തേലും പറഞ്ഞോ..”
ശ്യാമയ്ക്ക് സങ്കടം വന്നു .ആദ്യം വരുന്നതാ .ഒരു ഗ്ലാസ് ചായപോലും കുടിക്കാതെ ..നിറഞ്ഞുവന്ന കണ്ണുകൾ അമ്മ കാണാതിരിക്കാൻ ശ്യാമ ചായയുമായി അകത്തേക്ക് പോയി.

ശ്യാമയുടെ മുഖത്തെ ഭാവപ്പകർച്ച കണ്ട ലീലയുടെ ചുണ്ടിൽ ഒരു വിടർന്നു.

” ഈശ്വരാ ….ഒരിക്കൽ ചെയ്ത തെറ്റ് തിരുത്താൻ ഞങ്ങളെ സഹായിക്കണേ..” ലീല മാധവൻ്റെ അടുത്തേക്ക് നടന്നു.
°°°°°°° °°°°°°° °°°°°°°
അരവിന്ദ് ചെല്ലുമ്പോൾ തിണ്ണയിൽ രുക്മിണിയമ്മ നോക്കിയിരിപ്പുണ്ട് .

” വേഗം ഡ്രസ്സ് മാറിവാ.. ബാലൻ നീ വന്നിട്ട് കഴിക്കാമെന്നു പറഞ്ഞ് കിടന്നതാ ..ഉറങ്ങിപ്പോയി. ഞാൻ അവനെ വിളിക്കട്ടെ..നീ വേഗം വാ…”

” അമ്മ അമ്മാവനെ വിളിക്ക് ഞാൻ ഇതാ എത്തി.. ” അരവിന്ദ് ഒരുമൂളിപ്പാട്ടുംപാടി സ്റ്റെപ്പ് ഓടിക്കയറി.

മേശപ്പുറത്ത് എല്ലാം എടുത്തുവച്ചപ്പോഴേയ്ക്കും അരവിന്ദും ബാലനും എത്തി .

” എടാ നീ അവളെ കണ്ടോ ..” കഴിക്കുന്നതിനിടയിൽ രുക്മിണിയമ്മ ചോദിച്ചു.

” കണ്ടു അമ്മേ…അവൾക്ക് സമ്മതതമാണ്. എന്നാലും അച്ഛനും അമ്മയും എങ്ങനെ പ്രതികരിക്കും എന്നതാണ് .”

” അവൾക്കറിയില്ലല്ലോ ..അവർക്ക് സമ്മതമാണെന്ന്. .. “

” നീ അവളോട് പറഞ്ഞോ നമ്മൾ വീട്ടിൽ ചെന്ന കാര്യം ..” ബാലൻ ചോദിച്ചു.

” ഇല്ല.. പറഞ്ഞില്ല. അതൊന്നും സാരമില്ല ബാക്കി കാര്യങ്ങളെപ്പറ്റി ചിന്തിക്കാം..” അരവിന്ദ് പറഞ്ഞു.

” എടാ ബാലാ നീ ഇനി കല്യാണം കഴിഞ്ഞിട്ടു പോയാൽ മതി… എത്രയും പെട്ടെന്ന് നടത്തണം ..ഇനി കാത്തിരിക്കാൻ വയ്യ ബാലാ..”

അന്നു രാത്രി

അത്താഴം കഴിഞ്ഞ് അടുക്കള തൂത്തുതുടച്ച് വൃത്തിയാക്കി കുളിയും കഴിഞ്ഞ് ശ്യാമകിടക്കാൻ മുറിയിലെത്തി.

” എടീ..ശ്യാമേ..നിന്നെ അച്ഛൻ വിളിക്കുന്നു. “

” ഇപ്പോൾ വരാം ഇതൊന്നു കുടഞ്ഞു വിരിക്കട്ടെ ..”

ശ്യാമ ചെല്ലുമ്പോൾ അച്ഛനും അമ്മയും എന്തോ പതിയെ സംസാരിക്കുന്നു.

” എന്താ അച്ഛാ..വിളിച്ചത്. ..” അവൾ കട്ടിലിൽ വന്നിരുന്നു.

” ക്ഷീണം കുറവില്ലേ..നാളെ ഹോസ്പിറ്റലിൽ പോണോ…”

” അതല്ല … ഞങ്ങൾ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് .. ആദ്യം ഞങ്ങൾ പറയുന്നത് മുഴുവൻ കേൾക്കണം എന്നിട്ട് മറുപടി പറഞ്ഞാൽ മതി.”

” എന്ത് തീരുമാനം…”

” എനിക്ക് തീരെ വയ്യാതായി ..എൻ്റെ കണ്ണടഞ്ഞാൽ ..നീയും ഇവളും ആൺതുണയില്ലാതെ എങ്ങനെ ജീവിക്കും. കാലം വല്ലാത്തതാ.. “

” അതിനിപ്പോ എന്താ ഉണ്ടായത്…”

” ഉണ്ടായില്ല ..ഉണ്ടാവാതിരിക്കാൻ..”

” വരുപോലെ വരട്ടെ .. അച്ഛൻ അതോർത്ത് വിഷമിക്കേണ്ട.. അമ്മേ ..അച്ഛന് മരുന്നുകൊടുത്തോ.. ഇതൊന്നും ഓർത്ത് അച്ഛൻ വിഷമിക്കേണ്ട.” . ശ്യാമ എണീറ്റു.

” പോകാതെ..എനിക്ക് മറ്റൊന്നുകൂടി പറയാനുണ്ട് ..”

“;ഇനി എന്താച്ഛാ..”

” ഇന്ന് ഇവിടെ ചിലർ വന്നിരുന്നു..നിന്നെ കെട്ടിച്ചു തരുമോ എന്നുചോദിച്ച് ..”

” ആര്… ?

” അവർ നിന്നെ കണ്ടിട്ടുണ്ട് ..ഇഷ്ടവുമായി എന്നുപറഞ്ഞു. “

” അമ്മേ ..ഈ അച്ഛൻ എന്താ പറയുന്നത്..”

” അച്ഛൻ പറഞ്ഞത് ശരിയാ ..നീ സമ്മതിച്ചാൽ മതി ഞങ്ങൾക്ക് സമ്മതമാണ്. അത് അവരോട് പറഞ്ഞിട്ടുണ്ട്. നീ എന്തു പറയുന്നു. നാളെ അവരോട് പറയട്ടെ നിനക്ക് സമ്മതമാണെന്ന് ..”

” അമ്മേ …എന്നെ അറിയുന്നവർ ആണന്നല്ലേ പറഞ്ഞത്. അപ്പോൾ അവരെ ഞാനും അറിയേണ്ടതല്ലേ..അതൊന്നും വേണ്ടമ്മേ… അവർ ഞാൻ വിധവയാണെന്ന് അറിയാത്തവർ ആയിരിക്കും .അത് അറിയാവുന്നവർ ആരും വരില്ല പെണ്ണുചോദിച്ച് ..”

” ശ്യാമേ…ഇന്നു നിൻ്റെ കൂടെ വന്ന ആ ചെറുപ്പക്കാരൻ ആരാണ്.. ” ലീല ചോദിച്ചു.

“അത്.. എൻ്റെ കൂടെ പഠിച്ച അരവിന്ദ് ആണ്.ഞാൻ വിളിച്ചിട്ട് വന്നതാ. നല്ലയാൾ ആണ്. ബാങ്കിൽ ആണ് ജോലി.”

” നിന്നെ ഇവിടെ കൊണ്ടുവിടാൻ എന്താ കാരണം.. ചുമ്മാ ഒരാൾ അങ്ങനെ ചെയ്യില്ല. അവൻ നിന്നോട് എന്തെങ്കിലും പറഞ്ഞോ..”

“എന്തുപറയാൻ… “

” നിനക്ക് അവനെ ഇഷ്ടമാണോ…” ലീല തുറന്നുചോദിച്ചു.

ശ്യാമ ഞെട്ടിപ്പോയി….ഒരു വിറയൽ കാലിൽനിന്നും ഇരച്ചുകയറി.. ” താൻ കേട്ടത് സത്യമോ..അതോ…?

” അമ്മ എന്താ പറഞ്ഞത്.. ?

” ചോദിച്ചത് നീ കേട്ടില്ലേ ….. ?

” കേട്ടു ..എൻ്റെ കേൾവിയുടെ തകരാറാണോ..എന്നൊരു സംശയം. ഇങ്ങനെ എന്നോടു ചോദിക്കാൻ എന്താ കാരണം.?

” കാരണം… അത് നീ അവൻെറ കൂടെ വന്നതിനാൽ …”

” അതോരുകാരണമാണോ… അമ്മേ എൻ്റെ കൂടെ പഠിച്ച ഒരാൾ ..അത്രയല്ലേ ഞാൻ അമ്മയോട് പറഞ്ഞുള്ളൂ.. ഒന്നുചോദിച്ചോട്ടെ.. അമ്മയ്ക്ക് അരവിന്ദിനെ നേരത്തെ അറിയാരുന്നോ.”

” അല്ല അതൊരു കാരണമല്ല.”

” .പിന്നെയെങ്ങനെ എന്തൊക്കയോ ഞാനറിയാതെ ഇവിടെ നടക്കുന്നുണ്ട്. കുറച്ചു മുമ്പ് അച്ഛൻ പറഞ്ഞു .ഒരുകൂട്ടർ എന്നെ പെണ്ണുകാണാൻ വന്നെന്ന്. എൻ്റെ ജീവിതം ഇനിയും തട്ടിക്കളിക്കാനാണോ.. എൻ്റെ ജീവിതത്തിൽ എൻ്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയുമില്ലേ .. ഒരുകണക്കിന് പറഞ്ഞാൽ എനിക്കെന്തിഷ്ടം .ഇഷ്ടങ്ങളെല്ലാം നിങ്ങളുടെ അല്ലേ.. ” ശ്യാമയ്ക്ക് സങ്കടം സഹിക്കാവതായി.

” അപ്പോൾ അരവിന്ദിനെ നിനക്ക് ഇഷ്ടമായില്ലേ..” ലീല നിരാശയോടെ ചോദിച്ചു.

” അമ്മേ.. ഈ അരവിന്ദിനും ഇന്നു വന്നചെറുക്കൻകൂട്ടരുമായി എന്തു ബന്ധം. ..അരവിന്ദ് ഇവിടെ ആദ്യം വന്നതല്ലേ..”

” അല്ല ..അവനാണ് അവൻെറ അമ്മയെക്കൂട്ടി ഇന്ന് ഇവിടെ വന്ന് നിന്നെ കെട്ടിച്ചു തരുമോ എന്നു ചോദിച്ചത് .”

” ങേ…. ” ശ്യാമ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി

“അതെ ..ഞങ്ങൾ സമ്മതിച്ചു. “

” ഈശ്വരാ….” ശ്യാമ പെട്ടെന്ന് കട്ടിലിൽ ഇരുന്നു.

” മോളെ….. ഞങ്ങൾ ആലോചിച്ചപ്പോൾ എല്ലാം കൊണ്ടും ഇത് നിൻ്റെ ഭാഗ്യമാണെന്ന് തോന്നി. ആ അമ്മയ്ക്ക് നിന്നെ അത്രയ്ക്കിഷ്ടമാണെന്ന് അവരുടെ വാക്കുകളിൽനിന്നും മനസിലായി. ആ അമ്മയ്ക്ക് നിന്നെ അറിയാം എന്നും പറഞ്ഞു. അരവിന്ദിനെ പോലുള്ള ഒരുമകൻ ഉണ്ടെങ്കിൽ അത് ഒരു ഭാഗ്യമാണ് . അവൻ ഈകുടുംബത്തിൽ വന്നാൽ അത് നമുക്കും നല്ലതല്ലേ. നിനക്കിഷ്ടമില്ലെങ്കിൽ ….ഇനിയും നിന്നോട് തെറ്റുചെയ്യാൻ ഞങ്ങൾക്കാവില്ല..” മാധവൻ പറഞ്ഞു.

” അച്ഛാ…അരവിന്ദ് നല്ലൊരു വ്യക്തിയാണ്. അരവിന്ദിനെയും അമ്മയേയും എനിക്കറിയാം.. പറഞ്ഞാൽ നിങ്ങൾക്കും ഓർമ്മ വരും .പത്തുവർഷം മുമ്പ് ഞാൻ നഷ്ടപ്പെടുത്തിയ എൻ്റെ ജീവിതമാണ് പത്തു വർഷത്തിനുശേഷം എനിയ്ക്കുവേണ്ടി ഇന്ന് നിങ്ങളുടെ അടുത്ത് ഞാനറിയാതെ വന്നത്.”

” ശ്യാമേ….. ഈ അരവിന്ദായിരുന്നോ..ആ പയ്യൻ”

” അതേ.. അപ്പോൾ മനസിലായില്ലേ ആ മനസിൻ്റെ വലിപ്പം.”

” എൻ്റെ മോളേ.. നീ സമ്മതിക്കണം ഇത്രയും നാൾ കാത്തിരിക്കാൻ അവന് തോന്നിയത് ദൈവനിയോഗമായതിനാലാണ്. ഇനി ഒന്നും നോക്കേണ്ട. ഇത് എത്രയും വേഗം നടത്തണം .ഈശ്വരാ ഒരിക്കൽ ചെയ്ത തെറ്റുതിരുത്താൻ നീ തന്ന അവസരമാണ്.. നീയേ തുണ ഭഗവാനേ…” മാധവൻ മനസ് നിറഞ്ഞ് ദൈവത്തെ വിളിച്ചു.

” അമ്മേ ..വല്ലാത്ത തലവേദന.ഞാനൊന്നു കിടക്കട്ടെ..” ശ്യാമ തൻെറ മുറിയിലേക്ക് പോയി.

കിടന്നിട്ടും ശ്യാമയ്ക്ക് ഉറക്കം വന്നില്ല. കണ്ണടച്ചാൽ ലതയുടെ മുഖം മനസ്സിൽ തെളിഞ്ഞു വരും . ” അരവിന്ദ് വിവാഹം കഴിക്കുന്നത് തന്നെയാണെന്ന് ലതയോട് എങ്ങനെ പറയും . അവളോട്‌എല്ലാം തുറന്നു പറയണം. അതാവും ശരി ..”
ഓരോന്ന് ഓർത്തുകിടന്ന് എപ്പോളോ ഉറങ്ങി.

       ***.        ***.         ***.      ***.    

കുറെനേരമായി ലത ഇരിപ്പുതുടങ്ങിയിട്ട് . എന്തിനാവും തന്നോട് ശ്യാമ വരാൻ പറഞ്ഞത്. എന്തോ സീരിയസ് കാര്യമുണ്ട്. കൂൾബാറിലെ തിരക്കുകാരണം ശ്യാമയ്ക്ക് സമയം കിട്ടിയില്ല.

” സോറി ലതേ ഈ കുട്ടികളെ ഒന്നു പറഞ്ഞുവിടട്ടെ ..”

” സാരമില്ല .. ” കുട്ടികൾ ശ്യാമയെ വട്ടംചുറ്റിക്കുന്നുണ്ട്. നോക്കിയിരിക്കാൻ നല്ല രസം. ” ശ്യാമേച്ചീ..അത് ശ്യാമേച്ചീ ഇത് ..ഹോ സമ്മതിക്കണം. ” ലതയ്ക്ക് ആ കാഴ്ച കൗതുകമായി.

“സ്കൂൾ വിട്ടാൽ കുറച്ചു നേരത്തേന് നല്ല തിരക്കാണ് ..ലത മുഷിഞ്ഞോ ഇനി ആരും വരില്ല.”

” ഏയ് ..ഇല്ല ..ശ്യാമയെങ്ങനെ ഇത് മാനേജ് ചെയ്യുന്നു.”

” ആദ്യം കുറച്ചു ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇതാണ് ജീവനോപാധി .ഇപ്പോൾ ഇത് ശീലമായി. ഇപ്പോൾ ഈ കുട്ടികളെ കണ്ടില്ലേലാണ് വിഷമം .”

” ഞാൻ ഒരു ചായ എടുത്തോണ്ടു പെട്ടെന്ന് വരാം .. “

നിമിഷത്തിനകം ശ്യാമ രണ്ടുഗ്ലാസ് ചായയുമായി എത്തി.

” ചായ കുടിക്കൂ..”

” കുടിക്കാം എന്തിനാ എന്നെ വിളിച്ചു വരുത്തിയത് .. ” ആകാംക്ഷയോടെ ലത ചോദിച്ചു.

” പറയാം .. എവിടെ തുടങ്ങണം എന്നറിയിയില്ല.
എന്നാലും പറയാതിരിക്കാൻ ആവില്ല. “

ശ്യാമ താനും അരവിന്ദും തമ്മിലുള്ള എല്ലാക്കാര്യങ്ങളും താൻ വേറെ കല്യാണം കഴിച്ചതും വിധവയായതും എല്ലാം ലതയോട് പറഞ്ഞു.

ശ്യാമപറഞ്ഞതെല്ലാം മറിച്ചൊരു ചോദ്യം പോലും ചോദിക്കാതെ ലത കേട്ടിരുന്നു.

” അപ്പോൾ അതാരുന്നു അരവിന്ദ് എന്നോട് അങ്ങനെ പെരുമാറിയത് . എൻ്റെ സ്നേഹം മനസിലായിട്ടും അറിഞ്ഞില്ലാന്നു നടിച്ചത് .പത്തു വർഷം നിന്നെ കാണാതിരുന്നിട്ടും നിന്നെ ഇത്രയ്ക്കും സ്നേഹിക്കാൻ അരിവിന്ദിന് കഴിയുന്നത് .എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതാവും സത്യമായ സ്നേഹം.
ഇതൊക്കെ ഇപ്പോൾ പറയാൻ എന്താ കാര്യം ..”

” അത് അരവിന്ദ് ഞാൻ അറിയാതെ അമ്മയെകൂട്ടി എൻ്റെ വീട്ടിൽ വന്ന് കല്യാണം ആലോചിച്ചു. ഇതൊന്നും എൻ്റെ അറിവോടെയല്ല. രണ്ടുവീട്ടുകാർക്കും സമ്മതമാണ് . ഞാൻ സമ്മതിച്ചാൽ മാത്രം മതി. ഞാനെന്താ അവരോട് പറയേണ്ടത്.
അരവിന്ദ് മറ്റൊരു വിവാഹം ചെയ്യുന്നതിനുവേണ്ടി എനിക്ക് സമ്മതമല്ല എന്നുവേണേൽ പറയാം . ലത അരവിന്ദിനോട് സംസാരിക്കണം . നിങ്ങൾ തമ്മിൽ തീരുമാനിച്ചിട്ട് എന്നോട് പറയണം. എന്നിട്ടുവേണം എനിക്ക് തീരുമാനം എടുക്കാൻ. “

ലതയുടെ കണ്ണുനിറഞ്ഞിരിക്കുന്നത് ശ്യാമ കണ്ടു.

” വിഷമിക്കരുത് ..സ്നേഹം എന്താന്ന് എനിക്ക് നന്നായിട്ടറിയാം .ഒരുപക്ഷെ ലതയെക്കാൾ .അരവിന്ദിൻ്റെ സ്നേഹം ലതയ്ക്ക് കിട്ടുമെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളൂ..ഇത്രയും കാലവും ജീവിച്ചപോലെ ഇനിയും ..”

” ഞാനിറങ്ങട്ടെ ശ്യാമേ ..വിളിക്കാം ..പറ്റുമെങ്കിൽ ഇന്നുതന്നെ.”

” ശരി…ലതയുടെ തീരുമാനം ആണ് എനിക്ക് വലുത് അത് മറക്കേണ്ട ..”

ലതയൊന്നു ചിരിക്കാൻ ശ്രമിച്ചു.

  ***   ***   ****    ***  ****  

അരവിന്ദ് ബാങ്കിൽ ചെന്നപ്പോൾ ലേറ്റായി. രാവിലത്തെ തിരക്കുകഴിഞ്ഞു വെറുതെ ലതയുടെ സീറ്റിലേക്ക് നോക്കി .കസേര ശൂന്യം .

” എവിടെപ്പോയി..ചിലതു സംസാരിക്കണം എന്നു കരുതിയതാണ്. . “

” അരവിന്ദ് ഈ കവർ ലത ഏൽപ്പിച്ചിട്ട് പോയതാണ്. ലത കുറച്ചു ദിവസം ലീവാണ്” സഹപ്രവർത്തകൻ മനോജ് പറഞ്ഞു.

” കാരണം പറഞ്ഞില്ലേ..”

” എവിടോ യാത്രയാന്ന് പറഞ്ഞു.”

അരവിന്ദ് .കവർ പൊട്ടിച്ചു. ഒരു ലറ്റർ.

” അരവിന്ദ് ..ആദ്യമേ ആശംസകൾ നേരുന്നു.
ശ്യാമ എന്നോട് എല്ലാക്കാര്യവും പറഞ്ഞു.എൻ്റെ പറയുന്നപോലെ അവൾ തീരുമാനം എടുക്കൂ എന്നുപറഞ്ഞു. അരവിന്ദിനോട് സംസാരിച്ചു തീരുമാനിക്കാൻ എന്നോട് പറഞ്ഞു. ഞാൻ എന്തു തീരുമാനിക്കണം . എനിക്ക് നിന്നെ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. ഞാൻ എന്തുചെയ്യും. എനിക്ക് വട്ടുപിടിക്കും .
എന്നാലും നിങ്ങൾ വേർപിരിയരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. പാവം ശ്യാമ .ഇനിയെങ്കിലും നിങ്ങൾക്ക് നല്ല ജീവിതം കിട്ടട്ടെ . ഞാൻ ട്രാൻസ്ഫറിന് കൊടുത്തിട്ടുണ്ട്.. അതുവരെ ലീവ് എടുത്തു. ഇനിയും നമ്മൾ ഒന്നിച്ചു ജോലിചെയ്താൽ എനിക്ക് നിങ്ങളോട് പകയാവും . അരവിന്ദ് ഈ കത്ത് ശ്യാമയെ ഏൽപ്പിക്കണം അവൾക്കുള്ള മറുപടിയും ഇതാണ് . കൂടുതൽ ഒന്നും പറയാനില്ല.

   എല്ലാ നന്മകളും നേരുന്നു.
                             ലത

അരവിന്ദിന് സങ്കടം തോന്നി. ശ്യാമ അവളോട് പറഞ്ഞത് നന്നായി

അരവിന്ദ് നേരത്തെ ഇറങ്ങി .ശ്യാമയെ കാണണം. ഈ കത്ത് അവളെ ഏൽപ്പിക്കണം .

അരവിന്ദ് ചെല്ലുമ്പോൾ കൂൾബാറിൽ ആരും ഇല്ല ശ്യാമ മാത്രം.

അരവിന്ദിനെ കണ്ട് ശ്യാമ ചോദിച്ചു .

” അരവിന്ദ് ലത എന്തെങ്കിലും പറഞ്ഞോ..”

ഒന്നുമിണ്ടാതെ അരവിന്ദ് ആ കവർ നീട്ടി .

കവർവാങ്ങി അതു ൽനിന്നും കത്തെടുത്ത് വായിച്ചിട്ട് ..ശ്യാമ പറഞ്ഞു.

” പാവം ലത അവൾ എത്രയധികം അരവിന്ദിനെ സ്നേഹിക്കുന്നുണ്ട്. “

” ഉംം…. കുറച്ചു കഴിയുമ്പോൾ അവൾ അതൊക്കെ മറക്കുമെന്നു കരുതാം . ഇനി ഒരു കാര്യം കൂടി ക്ലിയർ ചെയ്യാനുണ്ടല്ലോ..അല്ലേ ..” അരവിന്ദ് ശ്യാമയോട് പറഞ്ഞു.

  ****    ****    ****    ****   *****

വാതിൽ തുറന്ന അനിൽ ഒന്നുഞെട്ടി. ചേച്ചിയും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളും .

” ചേച്ചീ… കയറി വാ ..വരൂ..” അനിൽ രണ്ടുപേരേയും വിളിച്ചു.

” ഇരിക്കൂ … ഞാൻ സീമയെ വിളിക്കട്ടെ ..”

അല്പനിമിഷത്തിനകം സീമയെകൂട്ടി അനിൽ എത്തി.

സീമയ്ക്ക് ആളെ മനസിലാവാൻ കുറച്ചു സമയം വേണ്ടി വന്നു.

” അരവിന്ദ്..” സീമ പതിയെപറഞ്ഞു.

” ചേച്ചീ..നിങ്ങൾ രണ്ടും ..”

” ഇതുവാങ്ങൂ ..” ലത കയ്യിലിരുന്ന ബാഗിൽനിന്നും ഒരു കവർ എടുത്ത് അനിലിനു കൊടുത്തു.

” അച്ഛന് വയ്യാത്തിനാലാണ് ഞാൻ വന്നത്. അടുത്ത ആഴ്ച ഞങ്ങളുടെ കല്യാണമാണ് . എല്ലാവരും വരണം .അനുഗ്രഹിക്കണം .
അനിൽ ഇത് അരവിന്ദ് ..”

” ഹായ് അനിൽ ” അരവിന്ദ് അനിലിന് ഷേക്ഹാൻഡ് കൊടുത്തു.

” വരണം എല്ലാവരും .. “

” ഞങ്ങൾ ഇറങ്ങട്ടെ..”

ശ്യാമയും അരവിന്ദും പോയിട്ടും അവരുടെ അമ്പരപ്പ് മാറിയില്ല.

” ശ്യാമേച്ചിയും ഭർത്താവും ഇവിടെ താമസമാക്കിയാൽ നമുക്ക് ഈ വീട് ഒഴിഞ്ഞു കൊടക്കേണ്ടി വരും അനിലേട്ടാ…”

” എല്ലാം കൈവിട്ടു പോയി ..” അനിൽ തലയ്ക്ക് കയ്യുംകൊടുത്ത് ഇരുന്നു..

 ****     ****     ****    *****    *****

ബാലൻ രണ്ടുകുടുംബത്തിലേയും കാരണവർ റോളിൽ കാര്യങ്ങൾ നിയന്ത്രിച്ഛു .

വായ്ക്കുരവയുടെയും നാദസ്വരമേളത്തിൻ്റേയും അകമ്പടിയോടെ തീരുമേനി പൂജിച്ചു കൊടുത്ത താലി അരവിന്ദ് ശ്യാമയുടെ കഴുത്തിൽ ചാർത്തി . മാധവൻ ശ്യാമയുടെ കൈ പിടിച്ച് അരവിന്ദിൻ്റ കയ്യിൽ കൊടുത്തു. അവർ മാധവൻ്റെ കാൽ തൊട്ടു അനുഗ്രഹം വാങ്ങി. ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ലതയുംഎത്തി.
ലത അവരുടെ അടുത്തെത്തി.

” നല്ല മനസ്സോടയാണ് ഞാൻ വന്നത് .നിങ്ങളുടെ സ്നേഹത്തിനുമുന്നിൽ ഈശ്വരൻ പോലും തോറ്റുപോയി .. ഇപ്പോളാണ് ഈശ്വരൻ നിങ്ങൾക്കുള്ള സമയം തന്നത് . “

” ലതേ നീ വന്നില്ലാരുന്നെങ്കിൽ എനിക്ക് എന്നും അതൊരു സങ്കടമായേനെ… “

” നാളെ മുതൽ ഞാൻ ഡ്യൂട്ടിക്ക് കേറുകയാണ് ..ഇപ്പോൾ ഇറങ്ങണം അല്ലേൽ ഹോസ്റ്റലിൽ ചെല്ലുമ്പോൾ ലേറ്റാവും .. ” ലത രണ്ടുപേരോടുമായി പറഞ്ഞു.

” ശരി ..വീണ്ടും കാണാം ..”.ലത യാത്ര പറഞ്ഞിറങ്ങി. കണ്ണുകൾ നിറയുന്നത് അവൾ അറിഞ്ഞില്ല. .കുറച്ചു നടന്നിട്ട് ലത തിരിഞ്ഞുനോക്കി . അരവിന്ദ് ശ്യാമയെ നോക്കി ചിരിച്ചുകൊണ്ട് എന്തോ പറയുന്നതും ശ്യാമ ലജ്ജയാൽ മുഖം താഴ്ത്തി ചിരിക്കുന്നതും ലത കണ്ടു. ” ഭാഗ്യം ചെയ്തവർ അവരുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.. ” ലത മനസ്സിൽ പറഞ്ഞു.

സീമയും അനിലും യാത്രപറയാൻ എത്തി .

” ചേച്ചീ …ഞങ്ങൾ ഇറങ്ങട്ടെ ..അച്ഛനും അമ്മയും അല്ലേ ഉള്ളൂ ..”

” ഞങ്ങൾ വരാം ..അനിൽ ..”

ശ്യാമ ലീലയോട് എന്തോ ശബ്ദം താഴ്ത്തി പറഞ്ഞു.

ലീല കയ്യിലിരുന്ന ബാഗിൽ നിന്നും ഒരു ഫയൽ എടുത്ത് ശ്യാമയുടെ കയ്യിൽ കൊടുത്തു.

” അനിൽ ഇത് നിൻ്റെ പേർക്ക് വീടും സ്ഥലവും എഴുതിയതിൻ്റെ ആധാരമാണ്. അതിൻെറ അവകാശി ഇപ്പോൾ നീയാണ്. ആരും നിങ്ങളെ ഇറക്കിവിടില്ല. സന്തോഷമായി പൊക്കോളൂ .. സീമേ… അനിലിനുമാത്രമല്ല നിനക്കും അച്ഛനും അമ്മയും ഉണ്ടെന്ന് മറക്കാതിരിക്കുക ..ബന്ധങ്ങൾ സ്വത്തുകൊണ്ട് അളക്കരുത് . ഇടയ്ക്ക് നിങ്ങൾ വീട്ടിൽ വരണം .ഞങ്ങൾ വരും ..”

എല്ലാവരും യാത്രയായി .

വീട്ടിൽ രുക്മിണിയമ്മയും ബാലനും അരവിന്ദും ശ്യാമയും മാത്രമായി.

” ചേച്ചീ.. ശരിക്കുറങ്ങിയിട്ട് കുറെ ദിവസമായി. ഞാൻ കിടക്കട്ടെ വല്ലാത്ത ക്ഷീണം ” ബാലൻ പറഞ്ഞു.

” മോളെ .. കിടക്കാൻ സമയമായില്ലേ… ?

” അമ്മയ്ക്ക് ഉറക്കം വന്നോ..?

” എൻ്റെ പ്രാർത്ഥന ഈശ്വരൻ കേട്ട ദിവസമാ ..ഇന്നെനിക്ക് സമാനമായി ഉറങ്ങണം .മോളും പോയി കിടന്നോ..അവൻ മുകളിൽ ഉണ്ട്. “

ശ്യാമ സ്റ്റെപ്പ് കേറാൻ തുടങ്ങിയതും രുക്മിണിയമ്മ പറഞ്ഞു.

” നിൽക്ക് ..ഞാൻ ദാ ഇപ്പോൾ വരാം ..” അവർ ഒരു ഗ്ലാസിൽ പാലുമായെത്തി .

” ഇതുംകൂടി ..”

ശ്യാമയ്ക്ക് .. നാണം തോന്നി .. അവൾ ഗ്ലാസ് വാങ്ങി തലതാഴ്ത്തി നിന്നു.

” പോയി ഉറങ്ങിക്കോ .. ” രുക്മിണിയമ്മ തൻെറ മുറിയിലേയ്ക്ക് കടന്നു വാതിൽ അടച്ചു.

ശ്യാമ ചെല്ലുമ്പോൾ അരവിന്ദിൻ്റെ മുറിയുടെ വാതിൽ ചാരിയിട്ടിരിക്കുകയാണ് .
അവൾ പതിയെ വാതിൽ തുറന്നു .

ചുറ്റുംനോക്കി.ജനലരികിലുള്ള ചാരുകസേരയിൽ കിടപ്പുണ്ട് അരവിന്ദ്.

അവൾ അടുത്തുചെന്ന് നോക്കി . ഏതോ ബുക്ക് നെഞ്ചിൽ ചേർത്ത് പിടിച്ചിട്ടുണ്ട്.

” അരവിന്ദ് … ഉറങ്ങിയോ…”

” ഇല്ല.. ഇന്നുറങ്ങാനോ .. “

” പിന്നെ…”

അരവിന്ദ് എണീറ്റ് കയ്യിലിരുന്ന ബുക്ക് ശ്യാമയെ കാണിച്ചു .

” ഇതെന്താന്നറിയോ നിനക്ക് ..”

” ഇത് അന്നു ഞാൻ തന്ന ഡയറി അല്ലേ…”

” അതെ ..ഇനിമുതൽ നമുക്കിതിൽ എഴുതാം ഒരുമിച്ച്. ശ്യാമയുടെയും അവളെ ജീവനുതുല്യം സ്നേഹിച്ച അരവിന്ദിൻ്റെയും ഇനിയുള്ള ജീവിതം. “

” അരവിന്ദ് … ഞാൻ ഭാഗ്യവതിയാണ് അല്ലേ… “

” അതെ നീമാത്രമല്ല നിന്നോടൊപ്പം ഞാനും നമുക്ക് ജനിക്കാൻ പോകുന്ന നമ്മുടെ മക്കളും “

അരവിന്ദ് അവളെ ചേർത്തു പിടിച്ചു. നെറ്റിയിൽ ഉമ്മ വെച്ചു ..

അവരുടെ സമയം ഇവിടെ തുടങ്ങുകയായി …

******ശുഭം*****