മുൾമുനയിൽ അൽപനേരം
Story written by Shaan Kabeer
“അയ്യോ എന്റെ ഭാര്യ!!!”
ഷാനിന്റെ മനസ്സിലൂടെ ഭാര്യയുടെ ഉപ്പയുടേയും ആങ്ങളമാരുടേയും അമ്മാവന്മാരുടേയും മുഖങ്ങൾ മിന്നി മറഞ്ഞു. കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പോയ ഷാൻ പെട്ടന്ന് ബുള്ളറ്റ് ബ്രേക്കിട്ടു. പിന്നെ ഒന്നും നോക്കാതെ ഒറ്റത്തിരിച്ചി ലായിരുന്നു വീട്ടിലേക്ക്. ബുള്ളറ്റും കൊണ്ട് അതിവേഗം ഷാൻ കബീർ വീട്ടിലേക്ക് കുതിച്ചു. ഒരുതരം മരണവെപ്രാളം ഷാനിന്റെ മുഖത്ത് കാണാം. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഷാനിന്റെ ഹൃദയം പെടപെടാ ഇടിച്ചു. എത്രെയും വേഗം വീട്ടിലെത്തണം, അല്ലങ്കിൽ…? അയ്യോ എന്റെ ഭാര്യ!!!!
ഭാര്യ താഴത്തെ മുറിയിലോട്ട് എങ്ങാനും വന്നോ…? അയ്യോ!!! ഷാനിന് അത് ഓർക്കാൻ പോലും വയ്യായിരുന്നു. പിന്നെ ഒരു കുതിപ്പായിരുന്നു അവൻ. തന്റെ ബുള്ളറ്റ് മാക്സിമം സ്പീഡിൽ പായിച്ച് ഷാൻ വീടിനെ ലക്ഷ്യമാക്കി കുതിച്ചു.
വീടെത്തുന്നവരെ ഷാനിന്റെ മനസ്സിലൂടെ എന്തൊക്കെയോ ഭയവെപ്രാളം മിന്നിമറഞ്ഞു. പെട്ടന്നാണ് ഒരു ലോറി അവനുനേരെ ചീറിപ്പാഞ്ഞ് വന്നത്, തലനാരിഴക്കാണ് ഷാൻ ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പക്ഷേ, മരിച്ചാലും വേണ്ടില്ല ഭാര്യ താഴത്തെ മുറിയിൽ എത്തുന്നതിന് മുന്നേ വീട്ടിലെത്തണം. ഇല്ലെങ്കിൽ…? അയ്യോ!!! ഷാനിന്റെ കണ്ണുകൾ നിറഞ്ഞു.
ഒരുവിധത്തിൽ വീട്ടിലെത്തിയ ഷാൻ കബീർ ബുള്ളറ്റ് സ്റ്റാൻഡിട്ട് വീട്ടിലേക്കോടി. കുളികഴിഞ്ഞ് പടിക്കെട്ടിറങ്ങി വരുന്ന ഭാര്യയെ കണ്ടതും വന്ദനം സിനിമയുടെ ക്ലൈമാക്സിൽ ലാലേട്ടൻ ഫോണെടുക്കാൻ ഓടുന്നത് പോലെ ഒറ്റ ഓട്ടമായിരുന്നു മുറിയിലേക്ക്. കട്ടിലിൽ തന്റെ ഫോൺ കണ്ടതും തലകുത്തിമറിഞ്ഞ് ഫോൺ കൈകലാക്കി രാജ്യം പിടിച്ചടക്കിയ ചക്രവർത്തിയെപ്പോലെ അവൻ ബെഡിലിരുന്നു. ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ ഭാര്യ ഷാനിനെ നോക്കി അടുക്കളയി ലേക്ക് പോയി.
ഇന്നലെ രാത്രി ഭാര്യ ഒരുപാടങ്ങ് സ്നേഹിച്ചപ്പോൾ തന്റെ മൊബൈലിന്റെ നമ്പർ ലോക്ക് പറഞ്ഞ് കൊടുത്തിരുന്നു. ആ ഫോൺ വീട്ടിൽ മറന്ന് വെച്ചിട്ടാണ് ഷാൻ ഈ ഓട്ടമൊക്കെ ഓടിയത്.
ഫോണും കയ്യിൽ പിടിച്ച് ഷാൻ ഭാര്യയുടെ അടുത്തേക്ക് പോയി, അവളുടെ പിറകിലൂടെ കെട്ടിപിടിച്ച് പിൻകഴുത്തിൽ പതുക്കെ ചുംബിച്ചു. ഭാര്യ തിരിഞ്ഞ് നിന്ന് ഷാനിന്റെ കണ്ണിലേക്ക് നോക്കി
“നിങ്ങളുടെ കയ്യിലുള്ളത് എന്റെ ഫോണാണ്. നിങ്ങളുടെ ഫോൺ ഇപ്പോൾ എന്റെ വീട്ടിലെത്തിയിട്ടുണ്ടാവും”
ഷാൻ ഭാര്യയെ നോക്കി നിസ്സഹായനായി നിന്നു, ഭാര്യ ഷാനിനെ നോക്കി കണ്ണുരുട്ടി
“നിങ്ങൾ ഇന്ന് ഗുഡ് മോർണിംഗ് പറയാഞ്ഞിട്ട് ആറ് കാമുകി മാരാണ് പട്ടിണി കിടക്കുന്നത്”
ഒന്ന് നിറുത്തിയിട്ട് അവൾ ഷാനിനെ പുച്ഛത്തോടെ നോക്കി
“നിങ്ങളുടെ ഗുഡ് മോർണിംഗ് മെസ്സേജ് കിട്ടാതെ അവർ ഒന്നും കഴിക്കില്ലത്രേ”
ഷാൻ കബീർ പിന്നെ ഒന്നും നോക്കിയില്ല, തിരിഞ്ഞ് ഒറ്റയോട്ടമായിരുന്നു…