ശ്രീ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് വീട്ടിൽ നിന്നും അമ്മ വന്നത്….. വയറ്റിലുള്ള കുഞ്ഞിനെ കളഞ്ഞാൽ നിനക്കു എന്നോടൊപ്പം വരാം നിന്നെ കെട്ടാൻ ഇപ്പോഴും അമ്മാവൻ്റെ മകൻ തയ്യാറാണെന്ന്…..

Story written by Aneesha Sudhish

ഒരിക്കൽ പിഎസ്‌സി exam കഴിഞ്ഞു പാലക്കാട് നിന്നും വരികയായിരുന്നു….

പാലക്കാട് തൃശൂർ ബസിൻ്റെ വേഗത ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ…

ഏതാ സ്ഥലം എന്നൊന്നും ഓർമ്മയില്ല വണ്ടി പെട്ടെന്ന് break ഇട്ട് നിർത്തി….

ചെറുതായി ഉറക്കത്തിലേക്ക് പോയ ഞാൻ ഞെട്ടി എഴുന്നേറ്റു….. മഴയുള്ള ദിവസമായതിനാൽ ഷട്ടർ എല്ലാം താഴ്ത്തിയിട്ടിരുന്നു.

എന്താ പ്രശ്നം എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്…..

ഞാൻ വെറുതെ ഷട്ടർ പൊക്കി പുറത്തേയ്ക്ക് നോക്കി…. തളം കെട്ടി നിൽക്കുന്ന രiക്തത്തിൽ ഒരു boost കുപ്പി തകർന്നു കിടക്കുന്നു… പിന്നെ അങ്ങോട്ട് നോക്കിയില്ല….. കണ്ണുകളിൽ ഇരുട്ട് നിറയും പോലെ….

“അച്ഛാ വരുമ്പോൾ boost വാങ്ങിയിട്ട് വരണേ” എന്ന് കൊഞ്ചിപറയുന്ന ഒരു കുരുന്നിൻ്റെ ശബ്ദം കാതിൽ മുഴങ്ങുന്നു…. വല്ലാത്തൊരു നൊമ്പരം…

ആകെ ബഹളം ഈ വണ്ടി ഇനി പോകില്ല എന്നാരോ പറഞ്ഞു…. അടുത്ത വണ്ടിയിൽ പോകാം

എല്ലാവരും ഇറങ്ങി…. ബസിൽ നിന്നും ഇറങ്ങുമ്പോൾ മുൻപിലോട്ട് നോക്കാൻ ഭയമായിരുന്നു….

ആൾക്ക് ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സ് നിറയെ….

ആളുകളുടെ ഇടയിലൂടെ ഞാനും നടന്നു…. ബൈക്കിന് സ്പീഡ് കൂടുതലായിരുന്നു…
ഹെൽമറ്റ് വെച്ചിട്ടില്ല ജീവനോടെ കിട്ടിയാൽ ഭാഗ്യം… ഓരോരുത്തരും അവരുടെ അഭിപ്രായം പറയുന്നുണ്ടായിരുന്നു….. ഇങ്ങോട്ട് വന്നു ഇടിച്ചത് ആണത്രേ….. തിരക്കല്ലേ എല്ലാവർക്കും…..

തിരക്കാണ്… ചിലപ്പോൾ അയാളുടെ കുട്ടി വിളിച്ചിട്ടുണ്ടാകം…. “Boost കൊണ്ട് വേം വാ അച്ഛേ ഇല്ലേൽ അച്ഛൻ്റെ പൊന്നൂസ് ഇന്ന് പാല് കുടിക്കില്ലാട്ടോ….”

ചിലപ്പോൾ അത് മകൾ ആയിരിക്കാം ആ അച്ഛൻ്റെ രാജകുമാരി….. എന്തോ കണ്ണ് നിറഞ്ഞുപോയി….

ഇതുപോലൊരു ദിവസമാണ് എന്നെ തനിച്ചാക്കി എൻ്റെ ശ്രീയും പോയത്….

അന്നൊരു മഴയുള്ള ദിവസമായിരുന്നു…. ഞങ്ങളുടെ കുഞ്ഞോള് എന്നിൽ നാമ്പെടുത്ത ദിവസം

“ശ്രീ… ഈ കുഞ്ഞോള് പറയാണേ അവൾക്കിപ്പം ചൂട് പരിപ്പുവട തിന്നണമെന്നു….*

“കുഞ്ഞോൾക്ക് ആണോ അതോ അവളുടെ ഈ കുറുമ്പി അമ്മയ്ക്കാണോ പരിപ്പുവട വേണ്ടത്….” തൻ്റെ മൂക്കിൽ പിടിച്ചു വലിച്ച് ശ്രീ ചോദിച്ചു…..

“അതു പിന്നെ….” മഴയൊക്കെ അല്ലേ ശ്രീ നല്ല ചൂട് പരിപ്പുവടയും കട്ടൻ കാപ്പിയും എന്തു രസമായിരിക്കും അല്ലേ……

“അതൊക്കെ ശരി തന്നെ കുഞ്ഞോൾ തന്നെ ആണെന്ന് ഉറപ്പിച്ചോ മോൻ ആണെങ്കിലോ….?”

“മോൾ മതി ശ്രീ ….. അവളച്ചൻ്റെ രാജകുമാരി ആകണം…. നീ കേട്ടിട്ടില്ലേ പെൺമക്കൾക്ക് അവരുടെ അമ്മയെക്കാൾ അച്ഛനെ ആണ് ഇഷ്ടം കൂടുതൽ…. നമ്മുടെ മോൾ എന്നെക്കാൾ അധികം നിന്നെ സ്നേഹിക്കണം… എന്നെങ്കിലും ഞാൻ ഇല്ലാതായാൽ നീ ഒറ്റപ്പെട്ട് പോകരുത്….”

“ദേ പെണ്ണേ വെറുതെ ആവശ്യം ഇല്ലാത്തതു പറയരുത് ….” അവനാകെ ദേഷ്യം കൊണ്ട് വിറച്ചു….

“നിന്നെക്കാൾ മുമ്പ് ഞാൻ പോയാലോ ….”

“ശ്രീ….” പെട്ടെന്നത് കേട്ടപ്പോൾ അവനെ നെഞ്ചോടടക്കി പിടിച്ചു….

ശ്രീ ഒരു അനാഥനാണ്…. അതുകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്…. ഞാനില്ലാതായാലും അവനു സ്നേഹിക്കാനും അവനെ സ്നേഹിക്കാനും ഒരു പെൺകുട്ടി വേണമെന്ന്…. ആൺമക്കൾക്ക് സ്നേഹം ഇല്ലെന്നല്ല….. തന്നോളം ആയാൽ അവർ വേറൊരു ലോകത്തായിരിക്കും…

“ഇനി അതും പറഞ്ഞു വിഷമിക്കണ്ട ഇവിടിപ്പോ ആരും ചാകാനൊന്നും പോണില്ല…. ഞാനേ രാമേട്ടൻ്റെ കടയിൽ നിന്നും നല്ല ചൂട് പരിപ്പുവട വാങ്ങി വരാം എൻ്റെ മാളൂസ് പോയി കാപ്പി വെയ്ക്കാൻ നോക്ക്….”

എൻ്റെ മിഴിനീർക്കണങ്ങളെ തുടച്ച് നെറ്റിയിലൊരു മുത്തവും തന്നു ആ ചാറ്റൽ മഴയെ വക വെയ്ക്കാതെ ബൈക്ക് എടുത്ത് പോയതാണ്……

പിന്നീട് വന്നത് തുന്നി കെട്ടിയ മൃതശരീരം ആയിട്ടാണ്….. മഴയത്ത് ബൈക്ക് തെന്നിയതാണ് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ……..

അറം പറ്റിയ ആ വാക്കുകൾ ഇന്നും ഒരു തീരാ വേദനയാണ് ……ശ്രീയുടെ മരണശേഷം ഒരിക്കൽ പോലും പരിപ്പുവട കഴിക്കണമെന്ന് തോന്നിയിട്ടില്ല…ആരെങ്കിലും തന്നാൽ അതിലെൻ്റെ ശ്രീയുടെ രക്തം കലർന്ന തോന്നലാണ്…..

പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്…. ഒരു അനാഥൻ ആയത് കൊണ്ട് തന്നെ വീട്ടിലെ ആർക്കും ഇഷ്ടമല്ലായിരുന്നു… അവൻ്റെ കൂടെ ഇറങ്ങി വന്നതിൽ പിന്നെ വീട്ടുകാരുമായുള്ള ബന്ധവും നിന്നു….

ഒരു ചെറിയ വാടക വീട്ടിൽ ആയിരുന്നു ഞങ്ങളുടെ താമസം….ശ്രീ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് വീട്ടിൽ നിന്നും അമ്മ വന്നത്….. വയറ്റിലുള്ള കുഞ്ഞിനെ കളഞ്ഞാൽ നിനക്കു എന്നോടൊപ്പം വരാം നിന്നെ കെട്ടാൻ ഇപ്പോഴും അമ്മാവൻ്റെ മകൻ തയ്യാറാണെന്ന്…..

ഒരു കുഞ്ഞിനെ കൊiല്ലാൻ പറയാൻ മാത്രം അത്രയ്ക്ക് ദുiഷ്ടയാണോ എൻ്റെ അമ്മ എന്ന് തോന്നിപ്പോയി….

ഇങ്ങനെയൊരു മകൾ ഇല്ലെന്നല്ലേ അന്നു ഞാനാ പടിയിറങ്ങുമ്പോൾ നിങ്ങൾ പറഞ്ഞത്….. ശരിയാ ആ മകളിന്ന് മരിച്ചെന്ന് കരുതിയാൽ മതി എന്നും പറഞ്ഞ് അമ്മയെ തിരിച്ചയച്ചു…… ഇനിയുള്ള തൻ്റെ ജീവിതം എന്തായി തീരും എന്ന് ചിന്തിച്ചപ്പോൾ ആത്മഹ ത്യയെ പറ്റി വരെ ചിന്തിച്ചു…..

“ഇല്ല ജീവിച്ചു കാട്ടണം… ശ്രീ ഇല്ലാത്ത കുറവ് ഇല്ലാതെ ഈ കുഞ്ഞിനെ പ്രസവിച്ച് വളർത്തണം…. അന്നെടുത്ത തീരുമാനം നന്നായെന്ന് തോന്നിയത് ഇന്നെൻ്റെ മകളുടെ പുഞ്ചിരി കാണുമ്പോൾ ആണ്…..

മരിക്കും മുമ്പ് ശ്രീ പറഞ്ഞത്രേ എൻ്റെ മാളൂനും ഞങ്ങളുടെ കുഞ്ഞിനും നിങ്ങളൊക്കെ ഉള്ളൂന്ന്….

മക്കളില്ലാത്ത ഒരു പട്ടാള കാരൻ്റെ വീട്ടിൽ ആണ് ഞങ്ങൾ താമസിച്ചിരുന്നത്… അയാളുടെ കാരുണ്യം കൊണ്ട് ചെറിയൊരു ജോലി കിട്ടി….ഒറ്റയ്ക്ക് തന്നെ ജീവിച്ചു കാണിച്ചു…. ഇന്നെൻ്റെ മോൾക്ക് 10 വയസ്സ് കഴിഞ്ഞു….. അവൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്… അവളുടെ മുഖത്തെ പുഞ്ചിരി കാണുവാൻ….. ശ്രീയുടെ ചിരിയാണ് അവൾക്ക്….. അതു കാണുമ്പോൾ ഇടനെഞ്ച് വിങ്ങും…. നിറയാൻ വരുന്ന കണ്ണുനീരിനെ പിടിച്ചു നിർത്തും….

പക്ഷേ ഇടയ്ക്കവളുടെ ചോദ്യത്തിന് മുന്നിൽ പതറി പോകാറുണ്ട്….

“എന്താ അമ്മേ കുഞ്ഞോളുടെ അച്ഛൻ മാത്രം നക്ഷത്രമായത്…. ബാക്കി എല്ലാവർക്കും അച്ഛൻ ഉണ്ടല്ലോ….ഇന്നാളേ ദിയ മോൾ പറയാ അവൾഎന്നും അച്ഛനെ കെട്ടിപിടിച്ഛാ ഉറങ്ങായെന്ന്……. എനിക്ക് മാത്രം അച്ഛനില്ല……. ആ കുഞ്ഞി കണ്ണുകൾ നിറയുന്നത് കാണാനാവാതെ അവളെ അടക്കി പിടിക്കും…..

”മോൾക്ക് അച്ഛനും അമ്മയും ആയിട്ട് ഞാനില്ലേ …..മോൾടെ അച്ഛനെ ദൈവത്തിന് ഒത്തിരി ഇഷ്ടായിട്ടല്ലേ അങ്ങോട്ട് കൊണ്ട് പോയത്….. അച്ഛനെ വിളിച്ചു കരഞ്ഞാലേ മോൾടെ അച്ഛന് വിഷമാകും…… അപ്പോൾ നമ്മളെ വിട്ട് ആ നക്ഷത്രം ദൂരേക്ക് പോകും…… പിന്നീട് ഒരിക്കലും നമ്മളെ കാണാൻ വരില്ല…..” തേങ്ങലുകൾ അടക്കിപിടിച്ച് അവളോടത് പറയുമ്പോൾ “ഇനി ഞാൻ കരയില്ലമ്മേ എന്നും പറഞ്ഞവൾ ഒരുപാട് മുത്തങ്ങളീ നെറ്റിയിൽ തരും…..

ഇന്നവൾ തന്നെയും കാത്തിരിപ്പുണ്ടാകും ……. തന്നെ കാണുമ്പോൾ ആ മുഖത്ത് കാണുന്ന പുഞ്ചിരി മതി ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ ……

“ചേച്ചീ സ്റ്റാൻ്റ് എത്തി, ഇറങ്ങുന്നില്ലേ…… ” കണ്ടക്ടറുടെ വിളിയാണ് ചിന്തയിൽ നിന്നുണർത്തിയത്……

“ആക്സിഡൻ്റിൽ പെട്ട ആളെ കുറിച്ചറിഞ്ഞോ?…….

“ചാൻസ് കുറവാ……” അയ്യാളതും പറഞ്ഞ് ഇറങ്ങിയപ്പോൾ ഒന്നും സംഭവിക്കല്ലേ ൻ്റെ കൃഷ്ണാ എന്നു മനസ്സിൽ പ്രാർത്ഥിച്ചു……

മരണം അച്ഛനായാലും അമ്മയായാലും മക്കൾക്കത് വലിയൊരു നഷ്ടം തന്നെയാണ്…

അനു……