ജീവിതം
Story written by Ammu Santhosh
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങുകയായിരുന്നു നന്ദിത.
“ആന്റി?”
ഒരു കുഞ്ഞ് വിളിയൊച്ച കേട്ട് അവൾ നോക്കി
നാലഞ്ച് വയസ്സ് വരുന്ന ഒരു പെൺകുഞ്ഞ്. ഉള്ളിലൊരു വാത്സല്യത്തിന്റെ ഉറവ പൊട്ടുന്നുണ്ട് എന്നവൾ അറിഞ്ഞു
“മോളേതാ?”
അവൾ കുഞ്ഞിനെ വാരിയെടുത്തു
മോളുടെ അച്ഛൻ എന്ന് തോന്നിക്കുന്ന ആൾ പെട്ടെന്ന് അവിടേക്ക് വന്നപ്പോൾ അവൾ മോളെ താഴെ നിർത്തി
“ഞങ്ങൾ അപ്പുറത്തെ പുതിയ താമസക്കാരാ. എന്റെ പേര് വിഷ്ണു.. ഇത് മോളാ മാളു “
“ഞാൻ നന്ദിത സിറ്റി ഹോസ്പിറ്റലിൽ നഴ്സ് ആണ് “
“പരിചയപ്പെട്ടതിൽ സന്തോഷം “
അയാൾ കുട്ടിയെയും കൊണ്ട് പോയി
അതായിരുന്നു തുടക്കം. മോള് ഇടയ്ക്ക് ഓടി വരും. അമ്മ മരിച്ചു പോയ കുഞ്ഞ് എന്നറിഞ്ഞപ്പോൾ നന്ദിതയ്ക്ക് കൂടുതൽ അലിവായി.
അന്നത്തെ ദിവസം പുതിയതായ് തന്റെ വാർഡിൽ റൂം നമ്പർ ഒന്നിൽ അഡ്മിറ്റ് ആയ രോഗിയെ കണ്ട് അവൾ പകച്ചു നിന്നു പോയി
“നിന്നേ കുറേ തവണ അന്വേഷിച്ചു “
കൂട്ടുകാരി പല്ലവി പറഞ്ഞു
“എന്നെയെന്തിനാ അന്വേഷിക്കുന്നത്?”
അവൾ അമർഷത്തോടെ പറഞ്ഞു
പക്ഷെ പങ്കിട്ട പ്രണയകാലത്തിന്റ ഓർമ്മകളിൽ ജീവിക്കുന്ന ഒരു പെണ്ണിന് എത്ര കാലമിങ്ങനെ അകന്നു നിൽക്കാൻ കഴിയും
അയാൾ ഡോക്ടർ അശ്വിൻ
ഡോക്ടർ ആകും മുന്നേ അത് നന്ദനയുടെ അച്ചു
സ്കൂൾ കാലം മുതലുള്ള പ്രണയം വഴിപിരിഞ്ഞു പോയത് അശ്വിൻ ഡോക്ടറും അവൾ നേഴ്സ് മായി പോയപ്പോഴായിരുന്നു. ഒന്നുകിൽ ജോലി രാജി വെയ്ക്കുക അല്ലെങ്കിൽ എന്നെ മറക്കുക. അതായിരുന്നു ഡിമാൻഡ്. അനിയത്തിയും അനിയനും പഠിക്കുന്നു അച്ഛന്റെ വരുമാനം കൊണ്ട് കൂട്ടിയാൽ കൂടില്ല.അത് കൊണ്ട് ഈ ജോലി കളയില്ല എന്ന് അവൾ തീരുമാനിച്ചപ്പോൾ അശ്വിൻ എന്നെന്നേക്കുമായി അവളിൽ നിന്നും പോയി.
ചിലർ അങ്ങനെയാണ്ജീ വിതം കൊടുത്തു സ്നേഹിച്ചിട്ടൊന്നും ഒരു കാര്യവുമില്ലന്നെ
സ്വന്തം സന്തോഷം, സുഖം അതിന്റെ മുന്നിൽ സ്നേഹം എന്ന ഒരു പദത്തിന് വലിയ വാല്യൂ ഇല്ല.
സ്നേഹം നമുക്ക് മാത്രം ആണ്. അവർക്ക് അത് ഒരു തമാശയും
പക്ഷെ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ നന്ദിത അയാളെ കാണാൻ പോയി
അശ്വിൻ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ആയിരുന്നു . ഭാര്യ നിഷ അവിടേ തന്നെ ഗൈനക്ക് ഡിപ്പാർട്മെന്റിൽ. ഒരു ആക്സിഡന്റിൽ അയാളുടെ ഉടൽ തളർന്ന് പോയപ്പോൾ ആദ്യമൊക്കെ നിഷ ഒപ്പം തന്നെ ഉണ്ടായിരുന്നു. പിന്നെ ക്രമേണ പതിയെ പതിയെ അവർ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു പോയി. കുട്ടികൾ ഒന്നു മില്ലാത്തതു കൊണ്ട് ഡിവോഴ്സ് എളുപ്പമായിരുന്നു. എല്ലാം കഴിഞ്ഞു രണ്ടു വർഷം ആയി. സിറ്റി ഹോസ്പിറ്റലിൽ ഡോക്ടർ നന്ദകുമാർ എന്ന ന്യൂറോ സർജനെ കുറിച്ച് കേട്ടറിഞ്ഞാണ് ഒരു അവസാന ശ്രമം എന്ന നിലയിൽ അഡ്മിറ്റ് ആയത്. കൂടെ മാതാപിതാക്കൾ മാത്രം.
നന്ദിത ചെല്ലുമ്പോൾ പഴയ അശ്വിൻ മരിച്ചു കഴിഞ്ഞിരുന്നു. ഒരു പ്രേതം പോലെ ഒരാൾ. ദയനീയമായിരുന്നു ആ രൂപം. അവളെ കണ്ടപ്പോൾ അയാൾ പൊട്ടിക്കരഞ്ഞു. ചെയ്തു പോയ എല്ലാത്തിനും മാപ്പ് ചോദിച്ചു. അവൾ അതൊന്നും ഓർക്കേണ്ട എന്ന് പറഞ്ഞു
ചികിത്സ തുടങ്ങി ഫലം വളരെ വേഗത്തിൽ ആയിരുന്നു
നന്ദിത കൂടെ തന്നെ നിന്നു
ഒരു വിധം പിടിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വന്നു
ഫിസിയോ തെറാപ്പി ചെയ്തു കൊടുക്കണം എന്ന് പറഞ്ഞത് കൊണ്ട് അവൾ അതിനായ് വീട്ടിൽ ചെല്ലുമായിരുന്നു
അവന്റെ മാതാപിതാക്കൾ അവളോട് നന്ദി പറയാത്ത ദിവസം ഇല്ല..
ഒടുവിൽ എല്ലാം പഴയ പടിയായ ഒരു ദിവസം
“എല്ലാം മറന്നെങ്കിൽ എന്നോടൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാം നന്ദിത?”
ആ ദിവസം അശ്വിൻ അവളോട് ചോദിച്ചു..
“ഞാൻ ഇന്നും നഴ്സ് ആണ് അശ്വിൻ. അശ്വിൻ ഡോക്ടറും. ഒന്നും മാറിയിട്ടില്ല “
അവൾ മെല്ലെ പറഞ്ഞു
“എനിക്ക് ഇപ്പൊ അങ്ങനെ ഒരു വ്യത്യാസം ഇല്ല നന്ദിത.. ഞാൻ പഠിച്ചു.. എല്ലാം “
“ശരിയാണ് പക്ഷെ ഇങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടായിരുന്നില്ല എങ്കിൽ? ഉണ്ടായിട്ടും ഭാര്യ പിരിഞ്ഞു പോയിരുന്നില്ല എങ്കിൽ? അശ്വിൻ ഈ ചോദ്യം ചോദിക്കുമോ?”
അയാൾക്ക് മറുപടി ഇല്ലായിരുന്നു
” ഞാൻ എന്റെ ഡ്യൂട്ടി ചെയ്തു അശ്വിൻ..ഇന്ന് അത് കഴിഞ്ഞു. ഇനി എന്നിലേക്ക് വരരുത് “
അവൾ എഴുന്നേറ്റു.
അവൾ പോകുന്നത് കണ്ണീരിന്റെ കനത്ത മറയിലൂടെ അവൻ നോക്കി നിന്നു
അവളുടെ വീട്
ഉറങ്ങി പോയ മാളൂട്ടിയെ തോളിൽ എടുത്തു അയല്പക്കത്തെക്ക് നടക്കാൻ തുടങ്ങുമ്പോ ജോലി കഴിഞ്ഞു വിഷ്ണു വരുന്നത് അവൾ കണ്ടു
“സോറി കേട്ടോ.. ബുദ്ധി മുട്ട് ആയി അല്ലെ? അമ്മ ഇന്ന് വരും. പിന്നെ നന്ദിതക്ക് ബുദ്ധി മുട്ട് ഉണ്ടാക്കില്ല കേട്ടോ “
വിഷ്ണു അവളിൽ നിന്ന് കുഞ്ഞിനെ വാങ്ങി. നടന്ന് തുടങ്ങി
“വിഷ്ണു?”
“എന്താ നന്ദിത?”അവൻ നിന്നു
“വിരോധം ഒന്നുമില്ലെങ്കിൽ എന്നെ കല്യാണം കഴിക്കാമോ?”
അവൾ ഉറച്ച സ്വരത്തിൽ ചോദിച്ചു
അവൻ തളർന്നു പോയ പോലെ അവളെ നോക്കി
എത്രയോ ദിവസങ്ങളിൽ നാവിൻ തുമ്പിൽ വന്നിട്ട് ചോദിക്കാതെ പോയ ഒരു ചോദ്യം.
വിവാഹിതനായ,ഒരു കുഞ്ഞിന്റെ അച്ഛനായ ഒരുവന് ആ ചോദ്യം പെട്ടെന്ന് ചോദിക്കാൻ കഴിയില്ല
അതും മാലാഖ പോലെ ഒരു പെണ്ണിനോട്..
“മോളെ എനിക്ക് വലിയ ഇഷ്ടമാണ്. മോൾക്ക് ഒരു അമ്മയായിട്ട് കണ്ടാൽ മതി “
അവൾ മെല്ലെ പറഞ്ഞു
വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞു.
അവൻ മോളെ അവളുടെ കയ്യിൽ കൊടുത്തു
പിന്നെ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു..
ജീവിതം തുടങ്ങുകയാണ് നന്ദിത..
അവളുടെ സ്വന്തം ജീവിതം.