വേദനയേക്കാൾ സിനിമയിലെ അവസരങ്ങൾ നഷ്ടമാകുമോ എന്ന ഭയമായിരുന്നു മമ്മൂട്ടിക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ആക്ടേഴ്സിൽ ഒരാളാണ് നടൻ മുകേഷ്. സിനിമയിലും പുറത്തും നിരവധി തമാശകളിലൂടെ ആളുകളെ കൈയ്യിലെടുക്കാൻ കഴിവുള്ള അപൂർവ്വം വ്യക്തികളിൽ ഒരാളുകൂടിയാണ് മുകേഷ്. അദ്ദേഹത്തിൻ്റെ ഒരു ഓർമ്മക്കുറിപ്പ് വായിക്കാം

കൊല്ലത്തിനടുത്ത് പുത്തൂർ എന്ന ഗ്രാമം. എന്റെ ആദ്യ സിനിമയായ ബലൂണിന്റെ ഷൂട്ടിങ് അവിടെ നടക്കുകയാണ്. സിനിമയിൽ മമ്മൂട്ടിയും ഒരു റോൾ ചെയ്യുന്നുണ്ട്. അന്ന് മമ്മൂട്ടി ഒരു താരമായി കൊണ്ടിരിക്കുന്ന സമയമാണ്. ഐ.വി.ശശി സംവിധാനം ചെയ്ത തൃഷ്ണ എന്ന പടത്തിൽ അഭിനയിച്ചിട്ട് പുള്ളി നേരെ എത്തിയത് ബലൂണിന്റെ സെറ്റിലേക്കാണ്.

സെറ്റിൽ ആരെ കണ്ടാലും മമ്മൂട്ടി വാ തോരാതെ സംസാരമാണ്. തൃഷ്ണയിലെ സീനുകളെ കുറിച്ചും ഐ.വി.ശശിയുടെ സംവിധാനത്തെക്കുറിച്ചും എം.ടിയുടെ തിരക്കഥയെക്കുറിച്ചുമൊക്കെ…”ഹോ…എന്താ ആ സീൻ…സ്‌ക്രിപ്റ്റ് ഒരൊന്നൊന്നര സ്‌ക്രിപ്റ്റ് തന്നെ…” എന്നൊക്കെ ചുമ്മാ പറയും.

ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാലും പുള്ളി ചുമ്മാ വിളിച്ചു പറയും. തൃഷ്ണ എന്ന സിനിമയിൽ അത്രത്തോളം പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ആ നടൻ. അന്നും മമ്മൂട്ടിക്ക് വാഹനങ്ങൾ ഭയങ്കര ക്രേസ് ആണ്.

ഒരു ദിവസം ഭദ്രൻ എന്നൊരാൾ ഒരു ബുള്ളറ്റുമായി ബലൂണിന്റെ ലൊക്കേഷനിൽ വന്നു. ഭദ്രൻ കൊല്ലത്ത് ഒരു ലാബ് നടത്തുന്ന ആളാണ്. സിനിമയിൽ ഒരു ചെറിയ റോൾ ചെയ്യാൻ വേണ്ടിയാണ് പുള്ളി വന്നിരിക്കുന്നത്. അന്നൊക്കെ സ്വന്തമായി ഒരു ബുള്ളറ്റ് ഉണ്ടെന്ന് പറഞ്ഞാൽ തന്നെ വലിയ ഗമയാണ്.

ഭദ്രൻ നന്നായി കഴുകിത്തുടച്ച് നല്ല വൃത്തിയിലാണ് ബൈക്ക് കൊണ്ട് നടക്കുന്നത്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് മമ്മൂട്ടി ഒരിക്കൽ ഭദ്രനോട് ചോദിച്ചു…”ഈ ബൈക്ക് ഞാനൊന്ന് ഓടിച്ചു നോക്കട്ടെ…”

“ഓടിക്കാനറിയാവോ….”?? ഭദ്രൻ ചോദിച്ചു.

“എടോ…താൻ എന്താ എന്നെക്കുറിച്ച് മനസ്സിലാക്കിയത്…ഈ ബുള്ളറ്റൊക്കെ ഞാൻ എത്രയോ കണ്ടിരിക്കുന്നു. ഞാൻ ബൈക്ക് ഓടിക്കുന്നത് കണ്ടിട്ടാണ് കെ.ജി.ജോർജ് എന്ന സംവിധായകൻ മേള എന്ന സിനിമയിൽ അഭിനയിക്കാൻ എന്നെ വിളിപ്പിക്കുന്നത് തന്നെ…മമ്മൂട്ടി തിരിച്ചടിച്ചു.

ശരി, വീഴ്ത്തരുത്…ഞാനെന്റെ കുഞ്ഞ് കണക്കെ നോക്കുന്ന വണ്ടിയാണ്…ഭദ്രൻ കീ മമ്മൂട്ടിക്ക് നേരെ നീട്ടി.

മുകേഷേ…നീയും വാ…നമുക്കൊന്ന് കറങ്ങിയിട്ട് വരാം…മമ്മൂട്ടി എന്നെ കൂട്ടു വിളിച്ചു. ഞാൻ പിറകിൽ കയറി. പുത്തൂർ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ വണ്ടിയോടിച്ച് പോകുമ്പോൾ മമ്മൂട്ടി തന്റെ സിനിമാസ്വപ്നങ്ങളും ആഗ്രഹങ്ങളും എന്നോട് പങ്ക് വച്ചു കൊണ്ടിരുന്നു..

“എടോ മുകേഷേ..നമ്മൾ എന്നെങ്കിലുമൊക്കെ വലിയ താരങ്ങൾ ആയി മാറുമോ…? എന്റെ ശബ്ദത്തിന്റെ ഗാംഭീര്യം ഓർത്തെടുക്കാൻ തക്ക വീരകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആഗ്രഹമുണ്ട് എനിക്ക്, ഇതൊക്കെ നടക്കുമോ എന്നറിയില്ല. എന്നെങ്കിലും നടക്കുമായിരിക്കും. അല്ലേ…? എങ്കിലും ഞാൻ വെറുതെ ആഗ്രഹിക്കും..”

വണ്ടി ഒരു വളവ് തിരിഞ്ഞപ്പോൾ പെട്ടെന്ന് ഒരു സൈക്കിളുകാരൻ കുറുകെ ചാടി. “ഠപ്പോ”…ദാ കിടക്കുന്നു ബൈക്ക് റോഡിൽ. ഞങ്ങൾ രണ്ട് ഭാഗത്തേക്കായി തെറിച്ചു വീണു. എനിക്ക് ഒന്നും പറ്റിയില്ല. മമ്മൂട്ടി റോഡിൽ നിലംപറ്റി കിടക്കുകയാണ്.

ഞാൻ പുള്ളിയെ പൊക്കിയെടുക്കാൻ നോക്കുമ്പോൾ നെറ്റിയിൽ നിന്ന് ചോര കുടു കുടാന്ന് ഒലിക്കുന്നു. “അയ്യോ…ദേ ചോര”…ഞാൻ പറഞ്ഞു. ചോര എന്ന് കേട്ടപാടെ അത് വരെ വീരകഥാപാത്രങ്ങൾ ചെയ്യണമെന്ന് പറഞ്ഞ മമ്മൂട്ടി കൊച്ചുകുട്ടി കണക്ക് ഉറക്കെ കരയാൻ തുടങ്ങി…

“അയ്യോ…എന്റെ നെറ്റി പൊട്ടിയല്ലോ..ഇനി ഞാൻ എങ്ങനെ സിനിമയിൽ അഭിനയിക്കും..നെറ്റി പൊളിഞ്ഞ എന്നെ ഇന് ആര് നായകനാകും…?എന്റെ സിനിമാജീവിതം പോയേ….” എന്നും പറഞ്ഞ് കരയുകയാണ് മമ്മൂട്ടി.

നെറ്റി പൊട്ടിയതിന്റെ വേദനയേക്കാൾ സിനിമയിലെ അവസരങ്ങൾ നഷ്ടമാകുമോ എന്ന ഭയമായിരുന്നു മമ്മൂട്ടിക്ക്. ഇത് സാരമില്ല..ചോര പൊടിഞ്ഞതാ..മുറിവ് കാര്യമുള്ളതല്ല…ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ പുള്ളി കരച്ചിൽ നിർത്തുന്നില്ല…

മുഖമല്ലെടാ, നമ്മൾ സിനിമാക്കാർക്ക് പ്രധാനം..മുഖത്ത് മുറിപ്പാട് വന്നാൽ പിന്നെ എങ്ങനെ സിനിമയിൽ നായകന്റെ റോൾ കിട്ടും…?

ഞാൻ ഉടനെ ഒരു ഓട്ടോ പിടിച്ച് പുള്ളിയെ കൊട്ടാരക്കരയിലെ ഒരു ക്ലിനിക്കിൽകൊണ്ട് പോയി. മുറിവ് മരുന്ന് വച്ചു കെട്ടി. തലയിൽ ഒരു സ്‌കാർഫ് കെട്ടിയാണ് പുള്ളി പിന്നെ ബലൂണിൽ അഭിനയിച്ചത്.

ഇപ്പോൾ ഇക്കാര്യങ്ങളൊക്കെ ആലോചിക്കുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരും. അന്ന് വീരകഥാപാത്രങ്ങൾ ചെയ്യണമെന്ന് മോഹം പറഞ്ഞ മമ്മൂട്ടി പിന്നീട്, എത്രയെത്ര വീരകഥാപാത്രങ്ങൾക്കാണ് വെള്ളിത്തിരയിൽ ജീവൻ നൽകിയത്. ഈ കഥ ഇവിടെ അവസാനിച്ചു.

പക്ഷേ ഇതിനൊരു രണ്ടാം ഭാഗം കൂടിയുണ്ട്. കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ബലൂൺ സിനിമയുടെ ഷൂട്ടിങ് നടന്ന പുത്തൂരിനടുത്ത് തന്നെയുള്ള മേലില എന്ന സ്ഥലത്താണ് ഷൂട്ടിംഗ് നടക്കുന്നത്. ആ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത് ഞാനാണ്.

സിനിമയിൽ ഒരു ഫൈറ്റ് എടുക്കുമ്പോൾ എന്റെ കാലിന് ചെറിയ പരുക്കേറ്റു. എല്ലാവരും കൂടി എന്നെ കൊട്ടാരക്കരയിലുള്ള ഏതോ ഒരു ആശുപത്രിയിൽ കൊണ്ട് പോയി. പത്ത് ദിവസം കിടക്കേണ്ടി വരുമെന്ന് എന്നോട് ഡോകടർ പറഞ്ഞു…

ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ തൊട്ടടുത്ത നിന്ന് നഴ്‌സിന് എന്തെന്നില്ലാത്ത സന്തോഷം. നഴ്‌സ് എന്റെ കാലിൽ മരുന്ന് വച്ചു കെട്ടുന്നതിനിടെ എന്നോട് പറഞ്ഞു…”മുൻപൊരിക്കൽ മമ്മൂട്ടിയുടെ നെറ്റി പൊട്ടിയിട്ട് ഇവിടെ കൊണ്ട് വന്നിരുന്നു. അന്ന് മരുന്ന് വച്ചു കെട്ടിയത് വേറെ നഴ്സായിരുന്നു. അന്ന് തൊട്ടേ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു…

അവർ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ ഞാൻ പറഞ്ഞു…കുട്ടിയെ പോലുള്ളവരുടെ പ്രാർത്ഥനയും കരുണയുമാണ് ഞങ്ങളുടെ കരുത്ത്.

എന്തോന്ന് പ്രാർത്ഥിച്ചു എന്നാ…? നഴ്‌സ് ചോദിച്ചു.

ഞങ്ങൾ സിനിമാക്കാരുടെ ആരോഗ്യത്തിനും സൗഖ്യത്തിനും വേണ്ടിയല്ലേ കുട്ടി പ്രാർത്ഥിച്ചത്…?

ഉടൻ നഴ്‌സിന്റെ മറുപടി…അയ്യേ..അതൊന്നുമല്ല..അന്ന് മമ്മൂട്ടിയെ പരിചരിച്ച നഴ്‌സിന് പിന്നീട് ഭയങ്കര അഹങ്കാരമായിരുന്നു, ഞാൻ മമ്മൂട്ടിയെ തൊട്ടേ എന്നൊക്കെ പറഞ്ഞ്..അന്നു മുതൽ ഞാൻ പ്രാർത്ഥിക്കുകയാണ് കൊട്ടാരക്കര റോഡ് വഴി എത്ര സിനിമാനടന്മാർ കാറിൽ പോകുന്നുണ്ട്. ഒരുത്തനെങ്കിലും ഒരു അപകടം പറ്റീട്ട് ഇവിടെ കൊണ്ട് വന്നെങ്കിൽ എന്ന്.

ഞാൻ അണ്ടി വിഴുങ്ങിയ അണ്ണാനെ പോലെ മിഴിച്ചു നിന്നു…!!!

മുകേഷിന്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ കഥയും ജീവിതവും എന്ന പുസ്‌തകത്തിൽ നിന്ന്