ആഭ..
Story written by Rivin Lal
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
സുന്ദരിയായിരുന്നു ആഭ. പഠിക്കാൻ മിടുക്കി. ടീച്ചർമാരായ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. പി ജി കഴിഞ്ഞു അവളും ബാങ്കിൽ സ്വന്തമായി ഒരു ജോലി നേടി. ജോലി കിട്ടുന്ന വരെ ആഭയുടെ ജീവിതത്തിൽ ഒരു പ്രണയം പോലുമുണ്ടായില്ല എന്നതായിരുന്നു സത്യം. പക്ഷേ അവളുടെ പിന്നാലെ ഒരുപാട് പേര് ഇഷ്ടമാണെന്നു പറഞ്ഞു നടന്നിട്ടുണ്ട്. പി ജി ക്ലാസ്സിൽ കൂടെയുണ്ടായിരുന്ന ക്രിസ്റ്റിയോട് മാത്രമാണ് അവൾക്കൽപ്പ മെങ്കിലും തിരിച്ചു അടുപ്പം തോന്നിയത്. എന്നാലും അതൊരു പ്രണയമായി വളർത്താൻ അവൾ അനുവദിച്ചില്ല. “എനിക്ക് തന്നെ ഇഷ്ടമാണെന്നു” ക്രിസ്റ്റി പറഞ്ഞപ്പോൾ “നമുക്കു സൗഹൃദം മതി ക്രിസ്റ്റി, ഒരു അന്യ മതക്കാരനെ എന്റെ വീട്ടുകാർ അംഗീകരിക്കില്ല. അത് നിന്നെ കൂടുതൽ വിഷമിപ്പിക്കും” എന്നായിരുന്നു അവളുടെ മറുപടി. അതോടെ അതൊരു സൗഹൃദത്തിൽ അവസാനിച്ചു. അങ്ങിനെ സ്വന്തം ഇഷ്ടങ്ങൾ പോലും വീട്ടുകാർക്ക് വേണ്ടി മാറ്റി ജീവിച്ചവളാണ് ആഭ.
അങ്ങിനെയാണ് ഹൃഷിയുടെ കല്യാണ ആലോചന ആഭയ്ക്ക് വരുന്നത്. ആഭയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് ഹൃഷി. വിദേശത്ത് പഠനം. ഉയർന്ന ശമ്പളമുള്ള ജോലി. പേര് കേട്ട തറവാട്ടുകാർ. കാണാനും ജന്റിൽമാൻ. ആഭയെ പോലുള്ള ഒരു സാധാരണ പെൺകുട്ടിക്ക് കൂടുതൽ ഒന്നും ചിന്ദിക്കേണ്ടി വന്നില്ല. വീട്ടുകാർക്ക് ഇഷ്ടപെട്ട സ്ഥിതിക്കു അവളും ആ വിവാഹത്തിന് സമ്മതിച്ചു.
കല്യാണം കഴിയുന്ന വരെ ജോലി തിരക്കുകൾ ആണെന്ന് പറഞ്ഞു ആഭയോട് ഹൃഷിക്കു അത്ര അടുപ്പം ഇല്ലായിരുന്നു. വല്ലപ്പോഴും ചടങ്ങുകൾ തീർക്കാൻ വിളിക്കുന്ന ഫോൺ കാളുകൾ. വിദേശത്ത് നിന്നും ആഴ്ചയിൽ വരുന്ന ആ ഒരു ഫോൺ കോളിനെ പോലും അവൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. തിരക്കുകൾ കൊണ്ടായിരിക്കും എന്ന് കരുതി അവൾ ആദ്യമേ എല്ലാം ക്ഷമിച്ചു. ഒരു പരാതിയോ പരിഭവമോ പറയാതെ അവനെ കൂടുതൽ മനസിലാക്കാനാണ് അവൾ ശ്രമിച്ചത്. തനിക്കു കിട്ടേണ്ട പരിഗണന കിട്ടാഞ്ഞിട്ടു പോലും ദിവസങ്ങൾ കഴിയും തോറും ഹൃഷിയെ ആഭ പ്രണയിച്ചു തുടങ്ങുക യായിരുന്നു. വിവാഹ തീയതി അടുത്തപ്പോളും അവൾക്കു ഒന്നിലും പരാതിയില്ലായിരുന്നു.
ഒന്നര മാസത്തെ ലീവിനാണ് ഓസ്ട്രേലിയയിൽ നിന്നും ഹൃഷി കല്യാണത്തിനായി വന്നത്. വിവാഹം നാട് നീളെ അറിയിച്ചു ആർഭാടമായി തന്നെ നടന്നു. ആദ്യ രാത്രിയിൽ മണിയറയിലേക്ക് കാലെടുത്തു വെച്ചപ്പോളാണ് ഹൃഷിയുടെ തനി നിറം ആഭ അറിഞ്ഞത്.
പാലുമായി ആദ്യമായി റൂമിലേക്ക് കയറിയ ആഭ കണ്ടത് രണ്ടു ഗ്ലാസിൽ സ്കോ ച്ച് വിസ്കി ഒഴിക്കുന്ന ട്രൗസറിൽ നിൽക്കുന്ന ഹൃഷിയെയാണ്. ആഭയ്ക്കണേൽ മ ദ്യപാനം എന്ന് പറയുന്നതേ ഇഷ്ടമില്ലാത്ത ഒരു കാര്യമായിരുന്നു. മ ദ്യത്തിന്റെ മണമടിച്ചതും അവളുടെ മുഖത്തു ആ നീരസ ഭാവം താനേ വന്നു.
ആഭയെ കണ്ടതും ഹൃഷി ചോദിച്ചു “ആഹ്.. താൻ എത്തിയോ… ഞാൻ തനിക്കു കൂടി വേണ്ടി ഒരു പെഗ് ഒഴിക്കുകയായിരുന്നു..!”
അവൾ പാല് ബെഡിന്റെ അടുത്തുള്ള ടേബിളിൽ വെച്ചു കട്ടിലിൽ ഇരുന്നു, എന്നിട്ടു അവനോടായി പറഞ്ഞു. “ഹൃഷിയേട്ടാ.. എനിക്ക് മ ദ്യപാനം ഇഷ്ടമല്ല. ഞാൻ ഇത് വരെ കുടിച്ചിട്ടുമില്ല. അത് കൊണ്ട് എന്നെ നിർബന്ധിക്കരുത്”.
ഹൃഷി അത് കേട്ടപ്പോൾ ഒന്ന് പൊട്ടിച്ചിരിച്ചു. “ഹൃഷിയേട്ടനോ… ഹേയ്.. കമോൺ ആഭ.. കാൾ മി ഹൃഷി.. നമ്മൾ തമ്മിൽ മൂന്ന് വയസു വ്യത്യാസമല്ലേ ഉള്ളൂ.. ഈ ഏട്ടൻ വിളിയൊക്കെ പഴയ കാലത്തല്ലേ.. ഓസ്ട്രേലിയയിലൊന്നും മദാമ്മമാർ പീറ്റർ ഏട്ടാ.. ജോൺസൺ ഏട്ടാ എന്നൊന്നും വിളിക്കില്ല.. പീറ്റ്.. ജോണി… അങ്ങിനെ ചുരുക്കി പേരെ വിളിക്കു.. അത് കൊണ്ട് താനും എന്നെ ഹൃഷ് എന്നോ.. ഹൃഷി എന്നോ വിളിച്ചാൽ മതി. അതാണ് എനിക്കും ഇഷ്ടം..!”
“ഭർത്താവിനെ പേര് വിളിക്കുന്നവർ ഉണ്ട് ഒരുപാട്.. എന്നാലും.. എനിക്ക് ഏട്ടാ എന്ന് വിളിക്കുന്നതാണ് ഇഷ്ടം. ഞാനൊരു കേരളത്തിൽ ജനിച്ചു വളർന്ന സാധാരണ പെൺകുട്ടിയാണ്, എനിക്ക് മദാമ്മയെ പോലെ ഒന്നും ആവാൻ കഴിയില്ല കേട്ടോ..!” ആഭ അല്പം പരിഭവത്തോടെയാണ് അത് പറഞ്ഞത്.
“തൽകാലം സാരമില്ല.. താനിപ്പോൾ ഈ പാലൊക്കെ വാഷ് ബേസിൽ കളഞ്ഞു ഈ പെഗ് ഒന്ന് പിടിച്ചേ… കം ടു 2022 ആഭ.. ഇത് മാറിയ ലോകമാണ്.. നമ്മുടെ നാട്ടിലെ ആളുകളുടെ ജീവിത മൊക്കെ ഇനിയും ഒരുപാട് അഡ്വാൻസ്ഡ് ആകേണ്ടതുണ്ട്. എന്റെ കൂടെ കഴിയുമ്പോൾ താനും മാറണം. പിന്നെ എനിക്ക് ചില കണ്ടിഷൻസ് ഉണ്ട്. താനീ സാരിയൊക്കെ കളഞ്ഞു കുറച്ചു മോഡേൺ ഡ്രസ്സ് ഒക്കെ അണിഞ്ഞു വേണം എന്റെ കൂടെ നാളെ മുതൽ പുറത്തേക്കൊക്കെ ഇറങ്ങാൻ. പിന്നെ തന്റെ ഈ ഹെയർ സ്റ്റൈൽ മാറ്റണം. ചുരുളൻ മുടി ആക്കിയാൽ കുറച്ചൂടി നന്നാവും. അല്പം ബ്രൗൺ കളറും ആക്കാം. താൻ അല്പം തടി കുറക്കണം. നാളെ മുതൽ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യണം. ഫുഡ് വാരി വലിച്ചു കഴിക്കാതെ ബോഡി മെയിന്റൈൻ ചെയ്യണം. പിന്നെ കുട്ടികൾ. അതൊന്നും നമുക്കു ഒരു രണ്ടു മൂന്ന് വർഷത്തേക്ക് വേണ്ടാ. ഈ പിള്ളേരെയും കൊണ്ട് താൻ ഇങ്ങിനെ താങ്ങി പിടിച്ചു നടക്കുന്നതൊന്നും എനിക്കിഷ്ടമല്ല. കൂടെ തന്റെ സ്ട്രക്ച്ചറും പോകും. കുഞ്ഞു കുട്ടികൾ ചിലപ്പോൾ ഭയങ്കര ഡിസ്റ്റർബൻസ് ആണെന്നെ. അത് കൊണ്ട് താനിതൊക്കെ അംഗീകരിച്ചു വേണം എന്റെ ലൈഫിലേക്ക് വരാൻ.” അത്രയും പറഞ്ഞു ഹൃഷി നിർത്തി.
ഈ നിമിഷം താൻ ഭൂമിക്കടിയിലേക്ക് വീണു പോയിരുന്നെങ്കിൽ എന്നാണ് എല്ലാം കേട്ടപ്പോൾ ആഭയ്ക്ക് തോന്നിയത്. . അവൾക്കിതൊന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. അവളുടെ കണ്ണുകൾ താനേ നിറഞ്ഞു. എങ്കിലും അവളത് പിടിച്ചു വെച്ചു അവനോടു സംസാരിച്ചു.
“ഹൃഷിയേട്ടാ.. നിങ്ങൾ പറയുന്ന പോലത്തെ മോഡേർണായ ഒരുപാട് പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. ആദ്യ രാത്രിയിൽ കൂടെയിരുന്നു മ ദ്യപിക്കുന്ന, ഭർത്താവിന്റെ ഇഷ്ടങ്ങൾക്കൊത്തു സ്വന്തം കാരക്റ്റർ മാറ്റുന്ന ഒരുപാട് പെൺകുട്ടികൾ ഈ നാട്ടിലുണ്ട്. അതിലൊന്നും ഞാൻ തെറ്റ് പറയുന്നില്ല. അതൊക്കെ അവരുടെ ജീവിത രീതികൾ, അവരുടെ ഇഷ്ടങ്ങൾ, താല്പര്യങ്ങൾ. പക്ഷേ അത് പോലെ ഒരു പെൺകുട്ടിയാവാൻ ശ്രമിച്ചാൽ എനിക്കൊരിക്കലും അതിനു കഴിയില്ല. എനിക്കങ്ങനെ ആവാനും താല്പര്യമില്ല എന്നാണ് ഞാൻ പറഞ്ഞു വരുന്നത്. എനിക്കെന്റെതായ ഇഷ്ടങ്ങളും തീരുമാനങ്ങളും വ്യക്തിത്വവും ഉണ്ട്. പക്ഷേ അത് നിങ്ങളെ ഇഷ്ടത്തിനൊത്തു മാറ്റി ഞാൻ ജീവിക്കണം എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. എന്നോടൊപ്പം എന്നെ മനസിലാക്കി എന്റെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കുന്ന ഒരു ഭർത്താവിനെയാണ് എനിക്ക് വേണ്ടത്. അല്ലാതെ നിങ്ങളെ ഇഷ്ടത്തിനൊത്തു ആടുന്ന ഒരു ബൊമ്മയാവാൻ എനിക്ക് കഴിയില്ല. സോറി ഹൃഷിയേട്ടാ.. ഇത്രയെങ്കിലും ഞാൻ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ ഒരിക്കലും നിങ്ങൾക്ക് എന്നെ മനസിലാക്കാൻ പറ്റിയെന്നു വരില്ല.!” അവൾ പറഞ്ഞു നിർത്തി.
ഹൃഷിയുടെ മുഖം അത് കേട്ടപ്പോൾ ചുവന്നു തുടുത്തു. “ഇതാണ് ഞാൻ പണ്ടേ എന്റെ മമ്മിയോട് പറഞ്ഞത് ഈ നാട്ടിൻ പുറത്തെ പെൺകുട്ടികളെ കല്യാണം കഴിക്കരുത് എന്ന്. ആക്ച്വലി എനിക്ക് ഈ കല്യാണ ചടങ്ങ് തന്നെ ഇഷ്ടമല്ല. ലിവിങ് ടുഗെതർ ആണ് നല്ലത്. പിന്നെ വീട്ടുകാർ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് തന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയത്. അതിപ്പോൾ ഒരു കുരിശായി എന്നെനിക്കിപ്പോൾ തോന്നുന്നു. ഇങ്ങിനെയാണേൽ താൻ നാട്ടിൽ തന്നെ നിൽക്കും, ഞാൻ തിരിച്ചു ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോകും” അതും പറഞ്ഞു ഹൃഷി ടേബിളിൽ വെച്ച ഗ്ലാസ്സിലെ മ ദ്യം ഒറ്റ വലിക്കു കു ടിച്ചു തീർത്തു കട്ടിലിൽ കയറി കിടന്നു.
ആഭ പ്രതിമയെ പോലെ എല്ലാം കേട്ടു കൊണ്ട് കട്ടിലിൽ തരിച്ചിരുന്നു. തന്റെ ജീവിത സ്വപ്നങ്ങളെല്ലാം ചില്ലു പാത്രം പോലെ പൊടിഞ്ഞു പോകുന്നത് അവളറിഞ്ഞു. നിറ കണ്ണോടെ കട്ടിലിന്റെ അപ്പുറത്ത് അവൾ കിടക്കാൻ ഒരുങ്ങിയപ്പോൾ അവൻ പറഞ്ഞു “താനിന്നു താഴെ കിടന്നാൽ മതി. നമ്മളൊന്നു മാനസികമായി ആദ്യ മൊന്നു സെറ്റ് ആവട്ടെ. എന്നിട്ടു മതി കൂടെയുള്ള കിടത്തം”.
തന്റെ ദാമ്പത്യ ജീവിതം എന്നന്നേക്കുമായി തകരാൻ പോവാണെന്ന സത്യം മനസിലാക്കി കണ്ണീരോടെ ആഭ ആ രാത്രി മുഴുവൻ കരഞ്ഞു തീർത്തു.
*************
ദിവസങ്ങൾ ഓരോന്നായി കഴിയും തോറും ഹൃഷിയുടെ സ്വഭാവം മോശമായി വന്നു. മിക്ക ദിവസങ്ങളിലും മ ദ്യപിച്ചാണ് വരിക. പു ക വലിക്കു ഒട്ടും പഞ്ഞമില്ല. ഇടയ്ക്ക് ക ഞ്ചാവും. ആഭയറിയാതെ വിദേശത്തു കൂടെ ജോലി ചെയ്യുന്ന പല മോശം സ്ത്രീകളുമായി ഹൃഷിക്കു ബന്ധമുണ്ടെന്നു താമസിയാതെ ആഭയ്ക്ക് മനസിലായി.
വീട്ടുകാരുടെ മുന്നിൽ ഹൃഷി മാന്യനാണ്. അത് കൊണ്ട് ആർക്കും ഒരു സംശയവും തോന്നിയില്ല. പക്ഷേ എല്ലാം സഹിച്ചു ആഭ ദിവസങ്ങൾ നീക്കി.
കല്യാണം കഴിഞ്ഞു ഒന്നര മാസം പെട്ടെന്നു പോയി. ഹൃഷിയുടെ ലീവ് കഴിഞ്ഞു അവൻ തിരിച്ചു പോവാനായി. പോകുന്നതിന്റെ തലേ ദിവസം രാത്രി ആഭയോട് ഒരു യാത്ര പോലും പറയാതെ ഹൃഷി തിരിച്ചു പോയി.
ഹൃഷിയുടെ അമ്മയുടെ നിർബന്ധം കാരണം ഹൃഷി തിരിച്ചു പോയി മൂന്നു മാസത്തിനുള്ളിൽ ആഭയെയും അവൻ ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോയി. ഇനി മുന്നോടുള്ള ജീവിതം എങ്ങിനെയാവും എന്ന് ഒരു തീർച്ചയും ഇല്ലാതെയാണ് ആഭ ബാങ്കിലെ ജോലി രാജി വെച്ചു ഓസ്ട്രേലിയയിലേക്ക് പറന്നത്.
ഓസ്ട്രേലിയൻ മണ്ണിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ ഒരു ഇംഗ്ലീഷ്കാരിയെയും കൊണ്ടാണ് ഹൃഷി അവളെ പിക്ക് ചെയ്യാൻ എയർ പോർട്ടിൽ വന്നത്. ആരാണെന്നു ചോദിച്ചപ്പോൾ കൂടെ ജോലി ചെയുന്ന മറീനയാണെന്ന് പറഞ്ഞു അവൻ.
മറീനയുമായുള്ള സ്വകാര്യ സംഭാഷണം എത്രയോ തവണ ആഭ ഹൃഷിയുടെ ഫോണിൽ കണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഒരു നിമിഷം ഹൃഷിയോട് പുച്ഛമാണ് ആഭയ്ക്ക് തോന്നിയത്. തന്റെ വെറുപ്പ് പുറത്ത് കാണിക്കാതെ ആഭ അവർക്കൊപ്പം ഹൃഷിയുടെ ഫ്ലാറ്റിലേക്ക് പോയി.
ആദ്യത്തെ ദിവസങ്ങളിൽ ഹൃഷി ഓഫിസിൽ പോയാൽ ആഭ ശരിക്കും ഒറ്റപ്പെട്ടു. സ്വന്തം നാടും.. ഉണ്ടായിരുന്ന നല്ല ജോലിയും എല്ലാം അവൾക്ക് നഷ്ടപ്പെട്ടത് ഓർത്തു കൊണ്ട് ദിവസങ്ങൾ നീക്കി.
ഹൃഷിയുടെ സ്വഭാവത്തിനൊരു മാറ്റവും വന്നില്ല. ആഭ ഒരിക്കലും താൻ ആഗ്രഹിക്കുന്ന പോലെ ഒരു ഭാര്യ ആവില്ലെന്നറിഞ്ഞതോടെ ഹൃഷി തോന്നിയ പോലെ ജീവിക്കാൻ തുടങ്ങി. ഇഷ്ടമുള്ള സ്ത്രീകളെ വീട്ടിൽ കൊണ്ട് വരും.ആഭയുടെ മുന്നിൽ വെച്ചു വാതിൽ അടച്ചു അവരോടൊപ്പം കഴിയും. ആഭ എന്ന വ്യക്തി അവിടെ ഉള്ളതായേ അവൻ ഭാവിച്ചില്ല.
ഹൃഷിയുടെ പെരുമാറ്റം ആഭയുടെ സ്വഭാവത്തിലും വരുത്തി. അവൾ സ്വന്തം ജീവിതത്തെ വെറുത്തു തുടങ്ങി. ഏകാന്തത അവളെ ശരിക്കും മാറ്റാൻ തുടങ്ങി. ഹൃഷിയില്ലാത്ത ദിവസം അവൾ അല്പം മ ദ്യം കഴിച്ചു നോക്കി. ഇഷ്ടമില്ലാത്ത ശീലങ്ങൾ അവളും ശീലിച്ചു തുടങ്ങി. ആദ്യമായി അവൾ സി ഗരറ്റ് വലിക്കാൻ നോക്കിയപ്പോൾ നന്നായി ചുമച്ചു. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു. എങ്കിലും അവൾ വെറുപ്പോടെ വീണ്ടും വീണ്ടും അത് പഠിക്കാൻ ശ്രമിച്ചു.
ഒന്ന് രണ്ടു തവണ ആഭ മ ദ്യപിക്കുന്നത് ഹൃഷിയും കണ്ടു വന്നു. അവനൊരു പുച്ഛമായിരുന്നു അവളോട്. അവസാനം ഞാൻ വിചാരിച്ച വഴിക്കു നീ വന്നല്ലോടി എന്ന മട്ടായിരുന്നു അവന്.
ഒരിക്കൽ നന്നായി മ ദ്യപിച്ചു ഓഫിസിൽ നിന്നും വന്ന ഹൃഷിയോട് ആഭ പൊട്ടിത്തെറിച്ചു . മേലാൽ വേറെ സ്ത്രീകളെ ഈ വീട്ടിൽ കയറ്റിയാൽ അവളെ പച്ചക്കു ക ത്തിക്കും എന്ന് പറഞ്ഞു. അന്ന് മുതൽ മിക്ക ദിവസങ്ങളിലും അവർ തമ്മിൽ വഴക്കായി.
മറ്റു സ്ത്രീകളെ കൊണ്ട് വരരുത് എന്ന് കേൾക്കുമ്പോളേക്കും ഹൃഷി അവളുടെ കരണത്തടിക്കും. കൂടെ ആ വാശിക്കു രണ്ടു മൂന്ന് സ്ത്രീകളെ ഒരുമിച്ചു വീട്ടിൽ കൊണ്ട് വരാൻ തുടങ്ങി. അവരെ കൊണ്ടും അവളെ മാറി മാറി തല്ലിച്ചു. ഓരോ തവണ അവളുടെ മുടി കുത്തിൽ പിടിച്ചു കട്ടിലിൽ കെട്ടിയിട്ടു തല്ലുമ്പോളും അവൻ പറയും “എനിക്ക് വേണ്ടത് സമാധാനം ആണെടി പുല്ലേ.. നിനക്ക് തരാൻ കഴിയാത്തതും അതാണ്. എന്റെ ഉറക്കം കളയാനായി ജനിച്ച പെണ്ണാണ് നീ.. നീയിങ്ങിനെ ഇവിടെ എരിഞ്ഞു തീരണം ..!”
ആഭ ഓരോ ദിവസം കഴിയും തോറും മറ്റൊരു ആഭയായി മാറി. സ്മാർട്ട് ആയിരുന്ന.. പഠിക്കാൻ മിടുക്കിയായിരുന്ന.. ജോലി ചെയ്യാൻ ഇഷ്ടപെട്ടിരുന്ന ആഭയിൽ നിന്നും ഇപ്പോൾ സന്തോഷമോ സമാദാനമോ ഇല്ലാത്ത… ജീവിതം വെറുക്കുന്ന.. ഒന്ന് ചിരിക്കാൻ പോലും കഴിയാത്ത മറ്റൊരു ആഭയായി മാറുകയായിരുന്നു അവൾ.
മിക്ക ദിവസങ്ങളും അവൾക്കു നന്നായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഹൃഷി അവളെ ക്രൂശിച്ചു കൊണ്ടാണ് അവളുടെ രാത്രികൾ തീർത്തത്.
ഒരു ദിവസം രാത്രി അവൾ തീരുമാനിച്ചു. നാളത്തോടെ ഇതിനൊരു തീരുമാനം ആവണം. എത്ര കാലം എന്ന് വെച്ചാ ഇങ്ങിനെ സഹിക്കുക. എന്തും വേണ്ടാന്നു തോന്നിയാൽ പിന്നെ വേണ്ടാന്നു വെക്കണം. കൂടുതൽ ഒന്നും ചിന്ദിക്കരുത്. അവളുടെ ഉള്ളിലെ ആ പഴയ സ്മാർട്ടായ ആഭ അടുത്ത ദിവസത്തെ ഒരു പുഞ്ചിരിക്കായി കാത്തിരുന്നു.
അടുത്ത ദിവസം ഹൃഷി ഒറ്റക്കാണ് ഓഫിസിൽ നിന്നും വന്നത്. നന്നായി മ ദ്യപിച്ചിട്ടുണ്ടായിരുന്നു അവൻ. ആഭ വാതിൽ തുറന്നതും നാലു കാലിലാണ് അവൻ ഫ്ലാറ്റിലേക്ക് കയറിയത്.
“നീ ഇത് വഴെ ഉറങ്ങീലെടി പുല്ലേ..” അവൻ വഴങ്ങാത്ത നാവോടെ ചോദിച്ചു..
“ഇല്ലാ.. ഉറങ്ങിയില്ല.. ഉറങ്ങണം..!” അവൾ അല്പം ഗൗരവത്തോടെ പറഞ്ഞു.
“എന്നാൽ പോയി കിടന്നുറങ്ങേടി. മനുഷ്യന്റെ സമാദാനം കെടുത്താതെ..!” അതും പറഞ്ഞു അവൻ നാലു കാലിൽ ബെഡ് റൂമിൽ ബെഡിൽ പോയി കിടന്നു.
അവളവന്റെ പിന്നാലെ പോയി റൂമിന്റെ വാതിൽ തുറന്നു നോക്കി. “കു ടിച്ചു ബോധമില്ലാതെ കിടക്കുന്ന ഭർത്താവ്.. ഭാര്യയെ ഇഷ്ടപ്പെട്ടു സ്നേഹിക്കേണ്ട ഭർത്താവ്… മനസിലാക്കി, തന്നെ പ്രൊട്ടക്ട് ചെയ്യേണ്ട ഭർത്താവ്.. അതൊന്നും തരാതെ അയാൾക്ക് എന്നിൽ നിന്നും സമാദാനം വേണമത്രേ. അതും എന്റെ ജീവിതം തകർത്തിട്ടുള്ള സമാദാനം.. കൊടുക്കാം ഞാൻ സമാദാനം..” അവൾ സ്വയം പിറു പിറുത്തു.
അടുത്ത ദിവസം രാവിലെ എല്ലാ ന്യൂസിലും ഒരു വാർത്ത വന്നു “ഓസ്ട്രേലിയയിൽ ഭർത്താവിനെ കൊ ന്നു തല വെ ട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ച മലയാളി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.”
മറു വശത്തു ഓസ്ട്രേലിയൻ പോലീസ് ആഭയെ പോലീസ് കാറിലിട്ടു വിലങ്ങുമായി കൊണ്ട് പോകുമ്പോൾ കരഞ്ഞു ഇടുങ്ങിയ കണ്ണുകളുമായി സമനില തെറ്റിയ അവൾ സ്വയം പറയുന്നുണ്ടായിരുന്നു “പ്രണയം ഒരാളിൽ തുടങ്ങി ഒരാളിൽ തന്നെ അവസാനിക്കേണ്ട ഒന്നാണ്. അയാൾക്ക് പ്രണയമില്ല. അയാൾക്ക് വേണ്ടത് സമാദാനം അല്ലേ. അത് ഞാൻ ഇന്നലെ രാത്രി അയാൾക്കു കൊടുത്തു. ഇനി അയാൾ സമാദാനത്തോടെ എന്നന്നേക്കുമായി ഉറങ്ങിക്കോളും…!!””
★★★★★★★