മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
മെഡിസിറ്റി ഹോസ്പിറ്റലിന്റെ ഓപ്പറേഷൻ തീയേറ്ററിന് മുൻപിൽ തളർന്നിരിക്കുകയായിരുന്നു രുദ്ര. സമയം ഉച്ചയോടടുക്കാറായി.
മിഴികൾ ചുവന്നു കലങ്ങി കിടക്കുന്നു. ഒരാശ്രയത്തിനെന്നോളം അവൾ നരൻ നമ്പ്യാരുടെ തോളിലേക്ക് ചാഞ്ഞു. അയാളവളെ ചേർത്തു പിടിച്ചു. വർഷങ്ങൾക്കുശേഷം അവൾ ഉള്ളുരുകി ദൈവങ്ങളെ വിളിച്ചു.
കാരണം അകത്ത് ജീവന് വേണ്ടി മല്ലിടുന്നവൻ അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു അവൾക്ക്. എന്ത് കാര്യവും വിശ്വസിച്ച് തുറന്നു പറയാൻ കഴിയുന്ന സുഹൃത്തായി..പ്രതിബന്ധങ്ങളിൽ അവൾക്ക് ഒരച്ഛനെപ്പോലെ താങ്ങായി..കുറുമ്പുകളിൽ കൂടെ നിൽക്കുന്ന ഒരേട്ടനായി… വേദനകളിൽ സാന്ത്വനമാകുന്ന ഒരമ്മയുടെ വാത്സല്യക്കടലായി കൂടെ നിന്നവനാണ് അകത്ത് കിടക്കുന്നത്. അതും തനിക്ക് വേണ്ടിയാണെന്നോർത്തപ്പോൾ അവളുടെ കരച്ചിലിന്റെ ആക്കം കൂടി.
സിദ്ധു. അവനെ തനിക്കല്ലാതെ മറ്റാർക്കാണ് കൂടുതലായി അറിയാവുന്നത്. തന്നെ സ്നേഹിച്ചിരുന്ന താൻ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ടവരെയെല്ലാം തന്നിൽ നിന്നും ഒരിക്കലും തിരിച്ചു വരാനാകാത്തവിധം അകറ്റിയവൻ. പലപ്പോഴും അവന്റെ താലിയേറ്റ് വാങ്ങേണ്ടി വന്ന നിമിഷത്തെ അവൾ ശപിച്ചിരുന്നു. സഞ്ജു അവനിന്ന് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിനിടയിലാണ്. അവനെ ആ അവസ്ഥയിലേക്ക് തള്ളിവിട്ടത് സിദ്ധു ആണെന്ന കാര്യത്തിൽ അവൾക്ക് തെല്ലും സംശയമില്ലായിരുന്നു.
മൂന്നുവർഷം മുൻപുള്ള ഒരു സായാഹ്നം അവളുടെ മുൻപിൽ തെളിഞ്ഞു വന്നു. അലയടിക്കുന്ന ആഴക്കടലിന്റെ തീരത്തായി അസ്തമയ സൂര്യനെ നോക്കി നിൽക്കുമ്പോഴായിരുന്നു സഞ്ജു ചോദിച്ചത്.
രുദ്രൂ.. നീയിപ്പോഴും സിദ്ധാർഥിനെ സ്നേഹിക്കുന്നുണ്ടോ.?
തലചരിച്ചവനെ നോക്കുമ്പോൾ അവന്റെ മിഴികളിൽ തെളിഞ്ഞ ഭാവം എന്തായിരുന്നു.
സിദ്ധു.. അയാൾ എന്റെ ഭർത്താവല്ലേ സഞ്ജു. എന്റെ കഴുത്തിൽ താലി ചാർത്തിയവൻ. നിയമപരമായി ആ ബന്ധം ഇന്നും നിലനിൽക്കുന്നു. പക്ഷേ എന്റെ മനസ്സിൽ അയാൾക്കിന്ന് ഒരു സ്ഥാനവുമില്ല. മനസ്സിന്റെ ഒരു കോണിൽ പോലും ഒരിത്തിരി അലിവോ സ്നേഹമോ ഇനി അയാൾക്കായി ബാക്കിയില്ല. നിനക്കറിയാമോ സഞ്ജു.. അയാളെന്നെ ഓരോ പ്രാവശ്യവും ദ്രോഹിക്കുമ്പോഴും ഞാനയാളെ സ്നേഹിച്ചിട്ടേയുള്ളൂ. ആരുമില്ലാത്തവനായ അയാളോട് എനിക്ക് പ്രണയത്തിനും അപ്പുറം വാത്സല്യമായിരുന്നു. എന്റെ വയറിൽ മുഖം പൂഴ്ത്തിയവൻ കിടക്കുമ്പോഴെല്ലാം എന്നിൽ കാമമെന്ന വികാരമല്ല മറിച്ച് വാത്സല്യമാണ് തോന്നിയിരുന്നത്.. ഓർമ്മയ്ക്ക് തന്റെ കുഞ്ഞിനോടെന്നപോലുള്ള വാത്സല്യം.
അദ്ഭുതമായിരുന്നു എനിക്ക് അയാളുടെ മാറിമാറി വരുന്ന ഭാവങ്ങളിൽ. ഒടുവിൽ മനസ്സ് മടുത്തെന്ന് തോന്നിയ ആ ദിവസങ്ങളിൽ എന്റെ അടിവയറ്റിൽ അയാളുടെ ജീവന്റെ അംശം തുടിക്കുന്നുണ്ടെന്നറിഞ്ഞ നിമിഷം എനിക്ക് അയാളോടുള്ള പ്രണയം പതിന്മടങ്ങ് ശക്തിയായി കൂടുകയാണുണ്ടായത്.
അയാളുടെ കൈകൾ എന്റെ വയറിനോട് ചേർത്ത് അച്ഛനാകാൻ പോകുന്നെന്ന് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ തെളിയുന്ന സന്തോഷം കാണാനാഗ്രഹിച്ച എനിക്ക് അതൊരിക്കലും കാണാൻ കഴിഞ്ഞില്ല. അബോർഷൻ എന്ന വാക്കിലയാൾ അയാളുടെ അച്ഛനെന്ന അവകാശം ഒഴിപ്പിക്കാൻ നോക്കിയപ്പോൾ എനിക്ക് സഹിക്കാനായില്ല. കാരണം അയാളുടെ കുഞ്ഞിനെ ഈ ലോകത്ത് കൊണ്ടുവരാൻ ഞാൻ അത്രയും ആഗ്രഹിച്ചിരുന്നു.
വയറിൽ കൈകളമർത്തി ആ മണലിലേക്ക് മുട്ടുകുത്തുമ്പോൾ സഞ്ജു ചേർത്തു പിടിച്ചിരുന്നു.
ഞാൻ നിന്നെ സ്നേഹിച്ചോട്ടെ രുദ്രൂ. ഞാനെന്ന പ്രണയത്തെ നീ സ്വീകരിക്കുമോ.. ഉറച്ച സ്വരത്തിൽ സഞ്ജു അവളുടെ തേങ്ങൽ ഒന്നടങ്ങിയപ്പോൾ ചോദിച്ചു.
പെട്ടെന്നവന്റെ മാറിൽ നിന്നും പിടഞ്ഞു മാറി.
അവനെ തന്നെ കൂർപ്പിച്ചു നോക്കി.
വേണ്ട സഞ്ജു.. എനിക്കിപ്പോൾ പേടിയാണ് ഭർത്താവെന്നാൽ. നീയെനിക്കിപ്പോൾ എല്ലാമാണ്. ഒരു അമ്മയുടെയും അച്ഛന്റെയും കൂടപ്പിറപ്പിന്റെയും സുഹൃത്തിന്റേയുമൊക്കെ കരുതലും വാത്സല്യവും സ്നേഹവും നീയെനിക്കാവോളം തരുന്നുണ്ട്. ആ ബന്ധം നിർവചിക്കാൻ എനിക്ക് വാക്കുകൾ തികയാതെ വരും.
അതുമതി സഞ്ജു.
അന്ന് അവിടെ നിന്നും തിരിക്കുമ്പോൾ നിറഞ്ഞ മിഴികൾ താൻ കാണാതെ അവൻ തുടക്കുന്നത് താൻ കണ്ടിരുന്നു.
പിന്നീടവൻ അതിനെപ്പറ്റി സംസാരിച്ചതേയില്ല. ഒരു നോട്ടം കൊണ്ടോ സ്പര്ശനം കൊണ്ടോ അവനത് പ്രകടിപ്പിച്ചിട്ടുമില്ല.
ഓർക്കുന്തോറും അവൾക്ക് തല പൊട്ടിപ്പിളരുന്നതായി തോന്നി.
ഡോക്ടർമാർ ഓപ്പറേഷൻ തീയേറ്ററിന് പുറത്തിറങ്ങിയപ്പോൾ അവളോടി അവർക്കരികിലെത്താൻ. കാൽ തെറ്റി വീഴാൻ പോയെങ്കിലും അവൾ പിടഞ്ഞെഴുന്നേറ്റ് അവർക്കരികിൽ എത്തി.
ഡോക്ടർ എന്റെ സഞ്ജു…
കണ്ണുനീരോടെ തന്റെ മുൻപിൽ പതറി നിൽക്കുന്ന യുവതിയെ ഡോക്ടർ അനുകമ്പയോടെ നോക്കി.
പേടിക്കേണ്ട.. തലയ്ക്കായിരുന്നല്ലോ മുറിവ്. ബ്ലഡ് കോട്ടിംഗ് നീക്കിയിട്ടുണ്ട്. ബോധം തെളിയാൻ സമയമെടുക്കും. വലതു കൈയ്ക്ക് ഫ്രാക്ച്ചർ ഉണ്ട്. ഇടത് കാൽപ്പാദം പൊട്ടലും. ഡോണ്ട് വറി. അപകടനില പൂർണ്ണമായും തരണം ചെയ്തു. കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രം. അല്ലെങ്കിലും തന്നെപ്പോലെ ഭർത്താവിന്റെ ജീവനുവേണ്ടി ഉള്ളുരുകി പ്രാര്ഥിക്കുന്ന ഭാര്യയുള്ളപ്പോൾ ദൈവം അയാളെ അങ്ങനെ കൈവിടുമോടോ..രുദ്രയുടെ തോളിൽ തട്ടി പറഞ്ഞുകൊണ്ട് ഡോക്ടർ നടന്നകന്നു.
ഡോക്ടറുടെ വാക്കുകൾ അവളുടെ ചെവിയിൽ കിടന്ന് മുഴുകുന്നുണ്ടായിരുന്നു.
ഒന്നും സംഭവിച്ചില്ലല്ലോ മോളേ. സമാധാനിക്ക്. സ്പീഡിൽ പോയിക്കാണും അവൻ. ബോധം തെളിയട്ടെ കൊടുക്കുന്നുണ്ട് ഞാൻ.. അവളെ സമാധാനിപ്പിക്കാനെന്ന പോലെ അയാൾ പറഞ്ഞു.
അങ്ങനെ എന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കാൻ ബുദ്ധിമുട്ടുന്നല്ലേ അച്ഛൻ ഒരുപാട്.. കൂർത്ത സ്വരത്തിൽ രുദ്ര പറയുമ്പോൾ അയാൾ നോട്ടം മാറ്റി.
അയാളുടെ കൂടെ കുറച്ച് മാസങ്ങൾ എങ്കിലും ഞാൻ ജീവിച്ചതല്ലേ അച്ഛാ. എനിക്കറിയില്ലേ സിദ്ധാർഥിനെ. എനിക്കുള്ള ബന്ധങ്ങളെല്ലാം ഇല്ലാതാക്കിയിട്ടും അവനെന്നെ ദ്രോഹിച്ചു മതിയായില്ല. ഇപ്പോൾ അവനെന്റെ സഞ്ജുവിനെയാണ് ഇല്ലാതക്കാൻ നോക്കിയത്. ഇനി ഞാൻ സിദ്ധാർഥിനോട് ക്ഷമിക്കില്ല. അവളുടെ മിഴികളിൽ ആഞ്ഞു ജ്വലിക്കുന്ന ക്രോധം അയാളിൽ ഭയമാണുണ്ടാക്കിയത്.
മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സഞ്ജുവിന് ബോധം തെളിഞ്ഞെന്ന് പറഞ്ഞു. കാണാനുള്ള അനുവാദം ചോദിച്ചെങ്കിലും ഇൻഫെക്ഷൻ ആകാതിരിക്കാൻ വിസിറ്റേഴ്സ് അനുവദിക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. തളർന്നു നിൽക്കുന്ന രുദ്രയെ കണ്ടതിനാലാകാം. ഗ്ലാസ്സ് ഡോറിന് പുറത്തുനിന്നും അവനെ കാണാനുള്ള അനുവാദം കൊടുത്തത്.
ഒരുപാട് വയറുകളുടെയും മെഷീന്റെയും നടുവിൽ കിടക്കുന്ന സഞ്ജുവിനെ കാണുന്തോറും അവളുടെ ഏങ്ങലടി ഉയർന്നു.
അച്ഛൻ ഏറെ നിർബന്ധിച്ചപ്പോഴാണ് പിറ്റേന്ന് രാവിലെ ഫ്രഷ് ആയതുപോലും. റൂം എടുത്തിട്ടും ഐ സി യു വിന് മുൻപിൽ ജലപാനമില്ലാതെ ഒരു പോള കണ്ണടയ്ക്കാതെ രാത്രി മുഴുവൻ രുദ്ര കാത്തിരുന്നു.
പിറ്റേന്ന് ഉച്ചയോടടുത്തപ്പോൾ രുദ്രയെ സഞ്ജു അന്വേഷിക്കുന്നുണ്ടെന്ന് നേഴ്സ് അറിയിച്ചു. ഇൻഫെക്ഷൻ ആകാതിരിക്കുവാനുള്ള മുൻകരുതൽ സ്വീകരിച്ചാണ് രുദ്ര അവനടുത്തേക്ക് കയറിയതും. കണ്ണുതുറന്ന സഞ്ജു മുന്നിൽ നിന്ന രുദ്രയുടെ കോലം കണ്ട് അമ്പരന്നു.
രുദ്രൂ.. അവന്റെ പതിഞ്ഞ വിളിയിൽ മുള ചീന്തും പോലെ അവളുടെ കരച്ചിൽ പുറത്തുവന്നു.
കരയല്ലെടീ.. എനിക്കൊന്നുമില്ല.. അവളെ ആശ്വസിപ്പിക്കാനായി അവൻ പറഞ്ഞു.
അധികം സംസാരിക്കേണ്ട പുറത്തിറങ്ങിക്കോളൂ..നഴ്സ് പറഞ്ഞതനുസരിച്ച് രുദ്ര മനസ്സില്ലാമനസ്സോടെ പുറത്തിറങ്ങി.
ഓഫീസിലേക്ക് ചെല്ലുമ്പോൾ ബാക്കിയുള്ളവരെ അവൾ ശ്രദ്ധിച്ചില്ല. നേരെ സിദ്ധുവിന്റെ ക്യാബിനിൽ പാഞ്ഞുകയറി.
പാഞ്ഞുവന്ന രുദ്രയെക്കണ്ട് സിദ്ധു മുഖമുയർത്തി.
എന്തിനാടാ നീയെന്റെ സഞ്ജുവിനെ ഇല്ലാതാക്കാൻ നോക്കിയത് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചവൾ ചീറി.
പുറത്ത് മാനേജർ ഗോപിനാഥ് വന്ന് സ്റ്റാഫുകളെ ജോലി ചെയ്യാൻ പറയുന്നത് സിദ്ധു കണ്ടു.
അതേടീ ഞാൻ തന്നെയാ. അവൻ ചത്തില്ലല്ലേ. നിന്റെ സഞ്ജുവോ.. ആഹാ അങ്ങനൊക്കെ ബന്ധങ്ങളുണ്ടാക്കിയോ രുദ്രാക്ഷ അവളുടെ കൈകൾ തട്ടിമാറ്റി അവൻ ചോദിച്ചു. ഞാൻ പറഞ്ഞിട്ടില്ലേ നീയെന്നെ വേണം സ്നേഹിക്കാൻ സിദ്ധു പറഞ്ഞു നിർത്തിയതും അവന്റെ ഇരുകവിളിലുമായി ആഞ്ഞടിച്ചു രുദ്ര.
അവളുടെ കണ്ണുകളിലെ ഭാവം അവനിലെ അസുരനെ ഉണർത്തുന്നുണ്ടായിരുന്നു.
ടീ.. ചീറിക്കൊണ്ടവൻ അവളെ ചുമരോട് ചേർത്തു. വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോൾ കൂടുതൽ തിളയ്ക്കുന്നോടി. ദേ.. ഇത്രയേ ഉള്ളൂ പെണ്ണ്. ആണിന്റെ കൈക്കരുത്തിൽ നീയൊക്കെ ഒന്നുമല്ലെടീ .. സിദ്ധു മുരണ്ടു.
അവന്റെ തലയവൻ അവളുടെ മുഖം ലക്ഷ്യം വച്ച് താഴ്ത്തി. തന്റെ അധരങ്ങൾ ലക്ഷ്യമാക്കി വരുന്ന അവനെക്കണ്ട് അവൾ വെറുപ്പോടെ മുഖം തിരിച്ചു.മുഴുവൻ ശക്തിയും കൈകളിലേക്ക് ആവാഹിച്ചവൾ അവനെ ആഞ്ഞുതള്ളി.
പെട്ടെന്നുള്ള നീക്കത്തിൽ ബാലൻസ് കിട്ടാതെ സിദ്ധു തറയിൽ വീണു.
പെണ്ണിനെ അടിമയെപ്പോലെ കണ്ട് ഇത്രയും ദ്രോഹിച്ചിട്ടും നിനക്ക് മതിയായില്ല അല്ലേടാ. നിനക്ക് ജന്മം തന്നതും ഒരു സ്ത്രീയല്ലേ. സ്നേഹം കിട്ടിയില്ല പോലും..പുച്ഛത്തോടെ രുദ്ര മുഖം വെട്ടിച്ചു.
നിന്നെ സ്നേഹിക്കാൻ നിനക്ക് ചുറ്റും ആളുണ്ടായിരുന്നു. നീ തിരിച്ചു വന്നപ്പോൾ സ്നേഹം നീട്ടിയ അമ്മയെ നിന്റെ അച്ഛനെ അവർക്കാർക്കെങ്കിലും നീ ഒരിറ്റ് സ്നേഹം തിരികെ കൊടുത്തിട്ടുണ്ടോ. ഒന്നുമറിയാത്ത പ്രായത്തിൽ നിന്നെ അവർ അകറ്റിയത് തെറ്റ് തന്നെയാണ്. എന്നെ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞ് എന്നെ വിവാഹം കഴിച്ചപ്പോൾ നീയെനിക്ക് സ്നേഹം തന്നോ. ആദ്യരാത്രി പോലും മൃഗീയമായല്ലേ നീയെന്നോട് പെരുമാറിയത്.
പിന്നെ നീ പറഞ്ഞല്ലോ സഞ്ജുവുമായി ഞാൻ ബന്ധമുണ്ടാക്കിയോ എന്ന്. എന്നാൽ നീ കേട്ടോ. എന്നേക്കാൾ കൂടുതൽ സഞ്ജുവുമായി ബന്ധമുള്ളത് നിനക്ക് തന്നെയാ. നീ കൊല്ലാൻ ശ്രമിച്ച സഞ്ജയ് ആരാണെന്ന് നിനക്കറിയാമോ.
നിന്റെ അമ്മയുടെ വയറ്റിൽ പിറന്ന നിന്റെ സഹോദരൻ. രക്തബന്ധവും പൊക്കിൾക്കൊടി ബന്ധവും ഒരുപോലെ ഉള്ള നിന്റെ സ്വന്തo സഹോദരൻ. നിന്റെ അമ്മയിൽ നരേന്ദ്രനാഥൻ എന്ന ആദ്യഭർത്താവിന് ജനിച്ച നിന്റെ ജ്യേഷ്ഠൻ. സഞ്ജു… സഞ്ജയ് നരേന്ദ്രൻ…
തുടരും….