മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ലിവിങ് റൂമിലെ സെറ്റിയിൽ ഒരു കൈ നെറ്റിയിൽ അമർത്തി ചാരിയിരിക്കുകയായിരുന്നു സഞ്ജു.
അവന് ജ്യൂസുമായെത്തിയ രുദ്രയ്ക്ക് അവനെ ആ അവസ്ഥയിൽ കണ്ടപ്പോൾ സഹതാപം തോന്നി.
സിദ്ധുവിന്റെ കുറ്റസമ്മതം സഞ്ജുവിന് അവനിൽ സിമ്പതി ജനിപ്പിച്ചുവെന്നവൾക്ക് തോന്നി.
അവനെ തട്ടിയുണർത്തി ജ്യൂസ് നീട്ടി അവൻ കുടിക്കുന്നുണ്ടോയെന്ന് നോക്കി അവൾ അടുത്തിരുന്നു.
സഞ്ജു.. സിദ്ധു പറഞ്ഞതെല്ലാം നിന്നെ ഒരുപാട് സ്വാധീനിച്ചുവെന്നെനിക്ക് തോന്നുന്നു. നീയും വിശ്വസിക്കുകയാണോ അവനെ അവളുടെ സ്വരത്തിൽ പുച്ഛം നിഴലിച്ചിരുന്നത് സഞ്ജു പെട്ടെന്ന് തിരിച്ചറിഞ്ഞു.
ജ്യൂസ് കുടിക്കാതെ ടേബിളിൽ വച്ചുകൊണ്ട് അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.
ഇന്നിവിടെ നിന്ന് ഇറങ്ങിപ്പോയത് നിന്റെ ഭർത്താവാണ് രുദ്രൂ.. എന്റെ കൂടപ്പിറപ്പ് സഞ്ജുവിന്റെ സ്വരം ഇടറിയിരുന്നു.
അതെ.. അയാൾ എന്റെ ഭർത്താവ് ആയിരുന്നു. എന്നാൽ എന്റെ മനസ്സിൽനിന്നും വർഷങ്ങൾക്ക് മുൻപേ ഞാനയാളെ പടിയിറക്കിയിരുന്നു. ശരിയാണ് നിന്റെ കൂടപ്പിറപ്പാണ്. നിന്റെ കൊല്ലുന്നതിനായി ശ്രമിച്ച നിന്നെ ഈ അവസ്ഥയിലാക്കിയ കൂടപിറപ്പ്. ഇന്നയാളുടെ ഏറ്റുപറച്ചിൽ കേട്ടപ്പോൾ നിന്റെ മനസ്സും മാറിയോ സഞ്ജു… അവളുടെ ശബ്ദത്തിൽ നിഴലിച്ചിരുന്ന വേദന അവന്റെ മനസ്സിൽ തട്ടിനിന്നു.
അവനിങ്ങനെയാകാൻ ആരാണ് രുദ്രൂ കാരണം. അച്ഛനും അമ്മയും ചെയ്ത തെറ്റിന്റെ ഫലമായി അവനിങ്ങനെ ആയിത്തീർന്നതല്ലേ. കുട്ടിക്കാലത്ത് അവന് നിഷേധിച്ചിരുന്ന സ്നേഹവാത്സല്യങ്ങളും പരിഗണയും അതല്ലേ അവനെ ഇന്നത്തെ സിദ്ധാർഥ് ആക്കി മാറ്റിയത്. അച്ഛന്റെയും അമ്മയുടെയും വാശിക്കും ജീവിതത്തിനും ഇടയിൽ നശിച്ചു പോയൊരു ജന്മം. നീ.. നീ അവനെ മനസ്സിലാക്കിയിരുന്നോ രുദ്രൂ..സഞ്ജുവിന്റെ ചോദ്യം ചാട്ടുളി പോലവളുടെ നെഞ്ചിൽ പാഞ്ഞുകയറി.
ഞാൻ സ്നേഹിച്ചിരുന്നോ എന്നോ.. ഇനി എങ്ങനെയായിരുന്നു സഞ്ജു ഞാൻ അയാളെ സ്നേഹിക്കേണ്ടിയിരുന്നത്. ആകെ രണ്ട് പ്രാവശ്യം മാത്രം കണ്ടിട്ടുള്ള വ്യക്തി അത് അപരിചിതൻ തന്നെയല്ലേ. കഴുത്തിൽ കെട്ടിയ താലിച്ചരടിന്റെ ബലത്തിൽ മനസ്സുകൾ മനസ്സിലാക്കാനാവാതെ ശരീരം കൊണ്ട് ബന്ധം സ്ഥാപിച്ചപ്പോഴുള്ള ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ അവസ്ഥ നിനക്ക് ഊഹിക്കാൻ കഴിയുമോ. പിറ്റേന്ന് കുറ്റസമ്മതം നടത്തി എന്റടുക്കൽ വന്ന സിദ്ധു. അപ്പോഴെനിക്ക് അവനോട് തോന്നിയത് വാത്സല്യമായിരുന്നു. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോട് തോന്നുന്ന വാത്സല്യം.
മാറിമാറി വരുന്ന അവന്റെ സ്വഭാവം മനസ്സിലാക്കുവാൻ സാധിക്കാതെ പകച്ചു നിന്ന എന്റെ അവസ്ഥ നിനക്കറിയാമോ. അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദന മാറാതെ ഒൻപതാം ദിവസം മദ്യപിച്ച അവസ്ഥയിൽ എത്തിയ അയാളുടെ കൂടെ കിടന്നുകൊടുക്കാൻ വിസമ്മതിച്ചതിന് അയാൾ ഉഴുതു മറിച്ച ശരീരത്തിന്റെ അവസ്ഥ.. അതിലുപരി എന്റെ മാറിലും വയറിലുമായി ഓരോ സിഗരറ്റ് കുറ്റിയും അമർത്തിയുടയ്ക്കുമ്പോൾ ഞാൻ സഹിച്ച വേദന..ഉൾക്കൊള്ളാൻ കഴിയുമോ നിനക്ക്…അന്നത്തെ രംഗം കണ്മുന്നിൽ തെളിഞ്ഞതുപോലെ അവൾ കണ്ണുകൾ ഇറുകെയടച്ചു.
ഒടുവിൽ ഒരു കുഞ്ഞ് വന്നാലെങ്കിലും സിദ്ധു മാറുമെന്ന് വിശ്വസിച്ചു ഞാൻ. എന്നാൽ ആ കുഞ്ഞിനെയും ഇല്ലാതാക്കി. സ്വന്തം അമ്മയുടെ മരണത്തിന് കാരണം തന്റെ കഴുത്തിൽ താലി ചാർത്തിയവനാണെന്നറിയുന്ന വേദന അത് നിനക്കറിയാമോ.
കഴിയില്ല.. ഒരു പെണ്ണിന്റെ വേദന മനസ്സിലാക്കാൻ ആർക്കും കഴിയില്ല… മുഖം അമർത്തിയവൾ പൊട്ടിക്കരഞ്ഞു.
അതുപോലെയാണ് ആണിനും വേദന ഉള്ളത് രുദ്രൂ. അവന്റെ മാറ്റത്തിന്റെ കാരണം കണ്ടെത്താൻ നീ ശ്രമിച്ചിരുന്നുവെങ്കിൽ.. സഞ്ജു ഒന്ന് നിർത്തി.
പെൺകുട്ടികൾ എന്നാൽ പരീക്ഷണവസ്തു ആണോ. വിവാഹത്തിലൂടെ ആണിന്റെ സ്വഭാവം മാറ്റാൻ അവളെക്കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കാറുള്ളവരുണ്ട്.
അയാളുടെ മുൻപിൽ ഭയന്ന് മാത്രം നിന്നിരുന്ന ഞാൻ എന്ത് ചെയ്യണമായിരുന്നു. അയാളുടെ സ്വന്തമോ ബന്ധങ്ങളോ ആരൊക്കെയെന്ന് അറിയാത്ത ഞാൻ ആരോട് ചോദിച്ചറിയണമായിരുന്നു അയാൾ എങ്ങനെയായിരുന്നുവെന്ന്. രുദ്ര ഉറക്കെയുറക്കെ കരഞ്ഞു.
രുദ്രൂ… സഞ്ജു വിളിച്ചു.
ആരുമില്ലാതെ ആരുടേയും സ്നേഹം അറിയാതെ അനാഥാലയത്തിൽ വളർന്നവനല്ലേ നീ. എന്നിട്ടെന്താ സഞ്ജു നീ മറ്റൊരു സിദ്ധാർഥ് ആകാത്തത്. രുദ്ര സഞ്ജുവിനോടായി ചോദിച്ചു.
മറുപടിയില്ലാതെ സഞ്ജു തല താഴ്ത്തി.
ഞാൻ കാരണം ആർക്കും നഷ്ടങ്ങൾ സംഭവിക്കാൻ പാടില്ല. സിദ്ധുവിനരികിലേക്ക് രുദ്രാക്ഷ ഇനി മടങ്ങുമെന്ന് സഞ്ജയ് വിചാരിക്കുന്നുണ്ടെങ്കിൽ ഈ ജന്മം അത് നടക്കില്ല. എന്നിലെ സ്ത്രീയെയും അമ്മയെയും ഒരുപോലെ കുത്തിനോവിച്ച തകർത്തെറിഞ്ഞ ഒരു മനുഷ്യനെ വീണ്ടും സ്വീകരിക്കാൻ അയാൾ എത്ര നല്ലവൻ ആയെന്ന് പറഞ്ഞാലും എനിക്കതിനു കഴിയില്ല. ഇത് എനിക്ക് ജയിക്കാൻ അല്ല ആരെയും തോൽപ്പിക്കാനുമല്ല. എന്നിലെ സ്ത്രീക്ക് വേണ്ടി മാത്രം.
സഞ്ജു പൊയ്ക്കോ സിദ്ധുവിനരികിൽ. തെറ്റുകൾ ഓർത്ത് കുറ്റബോധം തോന്നിയ ഈ അവസരത്തിൽ അയാൾക്ക് സഹോദരനെ തിരിച്ചു കിട്ടട്ടെ. വണ്ടി ഞാൻ അറേഞ്ച് ചെയ്തു തരാം. രുദ്ര ഫോണുമായി എഴുന്നേറ്റു.
സഞ്ജുവിന്റെ മൗനം അതവളെ കൂടുതൽ വേദനിപ്പിച്ചെങ്കിലും ഒഴുകി വന്ന കണ്ണുനീരവൾ വാശിയിൽ തുടച്ചു നീക്കി.
ഫോണുമായി മുന്നോട്ട് നീങ്ങിയ അവളുടെ കൈയിൽ സഞ്ജുവിന്റെ പിടി വീണിരുന്നു.
ഈ സഞ്ജുവിന്റെ ജീവിതത്തിൽ സ്നേഹം ആദ്യമായി പകർന്നു തന്നത് അത് നീയായിരുന്നു. ഒരു സുഹൃത്തായി എന്നിലേക്ക് വന്നവളാണ് നീ. പക്ഷേ എനിക്ക് നീ എല്ലാമാണ്. സ്വന്തമായി ഒരു വീടും കുറച്ചു പണവുമല്ലാതെ മറ്റൊന്നുമില്ലാത്തവനാണ് ഞാൻ. ആ എന്റെ ജീവിതത്തിലേക്ക് ഞാൻ നിന്നെ ക്ഷണിച്ചത് നിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാനാണ്.. പ്രണയമെന്ന വികാരത്താൽ ലോലമായ ആ നൂലിഴയിൽ പരസ്പരം ഒന്നാകാനാണ്. അതിൽ എനിക്കിപ്പോഴും മാറ്റമില്ല പെണ്ണേ..സഞ്ജു പറഞ്ഞ് നിർത്തിയപ്പോഴേക്കും അവന്റെ നെഞ്ചിലേക്ക് രുദ്ര ചേക്കേറിക്കഴിഞ്ഞിരുന്നു. അപ്പോഴും അവന്റെ നാവ് മന്ത്രിച്ചു “സോറി സിദ്ധു “…
എത്രനേരം അവന്റെ നെഞ്ചിൽ കിടന്നെന്ന് അറിയില്ല… കണ്ണുനീർ വീണ് നെഞ്ച് നനഞ്ഞു കുതിർന്നു. ഫോണിന്റെ റിങ് ആണ് അവളെ യാഥാർഥ്യത്തിലേക്ക് കൊണ്ട് വന്നത്.
അച്ഛനാ… രുദ്ര ഫോൺ അവനുനേരെ നീട്ടി.
അങ്കിൾ.. അവൻ ഫോൺ ചെവിയോട് ചേർത്തു.
…………..
തിരിച്ചൊന്നും പറയാതെ ഫോൺ വയ്ക്കുമ്പോൾ രുദ്ര ചോദ്യഭാവത്തിൽ അവനെ നോക്കി.
സിദ്ധു.. സിദ്ധു… പോയി. ആക്സിഡന്റ്.. സഞ്ജുവിന്റെ സ്വരം ചിലമ്പിച്ചിരുന്നു. അത് അവൻ തന്നെ സ്വയം ജീവനെടുക്കാൻ സൃഷ്ടിച്ച മാർഗ്ഗമാണെന്ന് ഇരുവർക്കും അറിയാമായിരുന്നു.
അതിന് മറുപടിയായി ദീർഘനിശ്വാസമായിരുന്നു രുദ്രയിൽ നിന്നും വന്നത്.
ആരുമില്ലാത്തതിനാൽ സിദ്ധുവിനെ പെട്ടെന്ന് ചിതയിലേക്കെടുത്തു. സഞ്ജു ആണ് കർമ്മങ്ങൾ ചെയ്തത്. നീ ഇത് അർഹിക്കുന്നു സിദ്ധു… ചെയ്ത പാപങ്ങൾ അതിന് ഈ മരണമേയുള്ളൂ മോചനം. രുദ്രയുടെ മനസ്സ് അപ്പോഴും മന്ത്രിച്ചു. എന്നിട്ടും എന്തിനെന്നറിയാതെ ഒരു തുള്ളി കണ്ണുനീർ ആ മണ്ണിൽ വീണ് ചിന്നിച്ചിതറി.
ഒന്നരവർഷത്തിനുശേഷം..
ഇന്നായിരുന്നു രുദ്രയുടെയും സഞ്ജുവിന്റേയും വിവാഹം. ദ്രുവാസിന്റെ മാനേജിങ് ഡയറക്ടർ രുദ്രാക്ഷയുടെയും സി ഇ ഒ സഞ്ജയ് നരേന്ദ്രന്റെയും വിവാഹം മാധ്യമങ്ങൾ ഏറ്റു പിടിച്ചിരുന്നു. നരൻ കമ്പനി ഒക്കെ അവരെ ഏൽപ്പിച്ചു സ്വസ്ഥമായി ഗൃഹജീവിതം നയിക്കുകയാണ്. രുദ്രയുടെ വീട്ടിൽ തന്നെയാണ് ആളിപ്പോൾ. രുദ്ര തന്നെയാണ് സി ഇ ഒ സ്ഥാനം സഞ്ജുവിനെ ഏൽപ്പിച്ചതും.
രാത്രി രുദ്ര റൂമിലേക്ക് വരുമ്പോൾ സഞ്ജു ബാൽക്കണിയിലായിരുന്നു. നക്ഷത്രങ്ങളെ നോക്കി നിൽക്കുകയായിരുന്നു സഞ്ജു.
അതേയ്.. നക്ഷത്രങ്ങൾ എണ്ണിക്കഴിഞ്ഞോ.. കുസൃതിയോടെ അവൾ ചോദിച്ചു.
ഞാൻ വെറുതെ നോക്കിനിന്നതാ പെണ്ണേ.. അവൻ പറഞ്ഞു.
അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറുമ്പോൾ ഒന്നുകൂടി സഞ്ജു ആ നക്ഷത്രത്തെ നോക്കി. ആ നിമിഷം അവന്റെ മനസ്സിൽ നിറയെ സിദ്ധു ആയിരുന്നു.
ഒരാഴ്ച കടന്നുപോയി.
ബാൽക്കണിയിൽ നിന്നും പാർക്കിലേക്ക് നോക്കിയിരുന്ന രുദ്രയെ സഞ്ജു തട്ടി വിളിച്ചു
നീയെന്തിനാ എപ്പോഴും പാർക്കിൽ നോക്കുന്നത്. അവൻ തിരക്കി.
ഞാനാ കുഞ്ഞുങ്ങളെ നോക്കുന്നതാ . ജനിക്കാൻ ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞിനും ആ പ്രായമായിരുന്നേനെ അല്ലേ.. അവൾ അവനോട് ചോദിച്ചു.
ഒരുനിമിഷം അവളുടെ മിഴികളിലേക്ക് മിഴികൾ നട്ടു അവൻ. പിന്നിൽ നിന്നവളെ ചേർത്തു പിടിച്ച് അവൻ അവളോട് ചോദിച്ചു. കൊണ്ടുവരണ്ടേ നമുക്ക് നമ്മുടെ ആ കുഞ്ഞിനെ തിരികെ..
അവളുടെ മിഴികൾ നാണം കൊണ്ട് കൂമ്പി.
മൗനം കൊണ്ടവൾ അവളുടെ സമ്മതം അറിയിച്ച നിമിഷം അവനവളെ ഇരുകൈകളിലുമായി കോരിയെടുത്ത് അകത്തേക്ക് നടന്നു. ബെഡിലേക്ക് അവളെ ചായ്ച്ചു കിടത്തി. സ്വന്തമാക്കുകയാണ് സഞ്ജു രുദ്രയെ.. അവളുടെ ചെവിയിൽ അവന്റെ ചുടുനിശ്വാസം തട്ടിയ നിമിഷം അവളുടെ രോമകൂപങ്ങൾ ഉയർന്നു നിന്നു.
സീമന്തരേഖയിൽ അമർത്തി ചുംബിച്ചുകൊണ്ട് അവനവളുടെ കണ്ണുകളിൽ കവിതയെഴുതി. മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ചുകൊണ്ട് അവന്റെ അധരങ്ങൾ അതിന്റെ ഇണയുമായി കുറുകി. വേർപെടാൻ മടിച്ചു നിന്നപോൽ പിൻവാങ്ങിയ അധരങ്ങൾ വീണ്ടും ആവേശത്തോടെ ഒന്നായി മാറി. ദന്തനിരകളാൽ അവളുടെ കഴുത്തിൽ തീർത്ത ചിത്രപ്പണികളിൽ വിടവാങ്ങി അവന്റെ അധരം ദിശ തെറ്റവേ പിടഞ്ഞുയർന്ന അവളെ അടക്കി നിർത്താൻ എന്നോളം അവന്റെ വലംകൈ സാരിയെ വകഞ്ഞുമാറ്റി ഇടുപ്പിൽ ശക്തിയോടെ അമർന്നു.
മാറിൽനിന്നും സാരിത്തലപ്പ് മാറ്റാൻ പോയ അവനെ ചിണുങ്ങലോടെ തടഞ്ഞ അവളെ ചെറുചുംബനം കൊണ്ടവൻ നേരിട്ടു. ഒടുവിൽ വിയർപ്പുതുള്ളികൾ അലങ്കാരമാക്കി അവൻ അവളുടെ മാറിൽ തലചായ്ച്ചു. സുഖമുള്ള ചെറുനോവോടെ തന്നെ സ്വന്തമാക്കിയ തന്റെ പ്രാണനെ അവൾ മാറോടടക്കി പിടിച്ചു.
ഒന്നരമാസത്തിനുശേഷം..
സഞ്ജു ഓഫീസിൽ നിന്നും എത്തിയപ്പോൾ കണ്ടത് രുദ്ര കിടക്കുന്നതാണ്.
എന്താണ് ഇന്ന് എന്റെ പ്രിയതമ നേരത്തെ പോന്നത്. കുറുമ്പോടെ സഞ്ജു അവൾക്കരികിലിരുന്നു.
രുദ്രൂ.. നീ കരയുകയാണോ.. എന്താടാ പറ്റിയത്.. നിറഞ്ഞ പരിഭ്രമത്തോടെ അവനവളെ എഴുന്നേൽപ്പിച്ചു.
അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചവൾ ഭ്രാന്തമായി അവനിൽ ചുംബനം വർഷിച്ചു.
കാര്യമറിയാതെ അമ്പരന്നിരുന്ന സഞ്ജുവിന്റെ കൈകൾ തന്റെ ഉദരത്തിലേക്കവൾ അടുപ്പിച്ചു.
നക്ഷത്രം പോലെ തിളങ്ങി സഞ്ജുവിന്റെ മുഖം. അവളുടെ മുഖമെടുത്ത് അമർത്തി ചുംബിച്ചു അവൻ.
നമ്മുടെ കുഞ്ഞ്… നമ്മുടെ ബന്ധത്തിന്റെ പൂർണ്ണത അല്ലേടീ. സഞ്ജു നിറകണ്ണുകളോടെ ചോദിച്ചു.
മ്.. അവളൊന്ന് മൂളിക്കൊണ്ട് അവനെ ചേർന്നിരുന്നു.
മോനാ നമുക്ക്.. സഞ്ജു പറഞ്ഞത് കേട്ടവൾ അവന്റെ മുഖത്തേക്ക് നോക്കി.
ഇപ്പോഴേ ഉറപ്പിച്ചോ.. കുറുമ്പോടെ രുദ്ര ചോദിച്ചു.
മ്.. സിദ്ധു അവന്റെ പുനർജ്ജന്മം. അവന് നഷ്ടമായ സ്നേഹവാത്സല്യങ്ങൾ കൊടുക്കാനായി അവനെത്തന്നെ നമുക്ക് ദൈവം തരും. നമ്മുടെ മുഴുവൻ സ്നേഹവും നൽകി ഈ ജന്മം അവനെ നല്ലവനാക്കണം.. വേണ്ടേ.. സഞ്ജു ചോദിക്കുമ്പോൾ രുദ്രയുടെ മനസ്സും ഉരുവിട്ടു അത് സിദ്ധു ആകണമെന്ന്..
അവന് നഷ്ടപ്പെട്ട സ്നേഹം മുഴുവൻ നൽകാൻ.. അവർ കാത്തിരിക്കുന്നു അവരുടെ സിദ്ധുവിനായി…
ഇനിയൊരു കാത്തിരിപ്പില്ല. എല്ലാവർക്കും എത്രത്തോളം ഇഷ്ടമാകുമെന്നറിയില്ല. കഥ തുടങ്ങുമ്പോഴേ ഇതിന്റെ അവസാനം എന്റെ മനസ്സിൽ ഇങ്ങനെ ആയിരുന്നു.
കാരണം ഇത്രയേറെ തന്നെ ദ്രോഹിച്ച സിദ്ധുവിനോട് പൊറുക്കാനും അവന്റ ജീവിതത്തിലേക്ക് തിരികെ പോകാനും രുദ്രയ്ക്കെന്നല്ല ഒരു സ്ത്രീയ്ക്കും സാധിക്കില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. സ്നേഹം നഷ്ടമായെന്ന് പറഞ്ഞ് തിന്മയിലേക്ക് നടന്നു കയറിയ സിദ്ധു ഒരു വശത്ത്… സ്നേഹം ലഭിക്കാതെ നന്മയിലേക്ക് നടന്നു കയറിയ സഞ്ജു ഒരുവശത്ത് . അഭിപ്രായങ്ങളും സ്നേഹവും പ്രതീക്ഷിക്കുന്നു.. മറ്റൊരു രചനയുമായി നിങ്ങളുടെ മുൻപിൽ എത്താമെന്ന ഉറപ്പോടെ വിട..
ആർദ്ര നവനീത്