Story written by Kavitha Thirumeni
” നാളെ കാരൂന്റെ കല്യാണമായിട്ട് നീയെന്താ ഇവിടെ വന്ന് നില്ക്കുന്നെ… ? അമ്മായി എത്രനേരായി നിന്നെ അന്വക്ഷിക്കുന്നുവെന്ന് അറിയുവോ.. ?
“അത് പിന്നെ….”
സേതുന്റെ പെട്ടെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഞാൻ നന്നേ പ്രയാസപ്പെട്ടു..
” ഏത് പിന്നെ.. ? നീ ഇങ്ങ് വന്നേ… അവിടെ എല്ലാരും നിന്നെയാ തിരക്കുന്നത്… വീഡിയോ എടുക്കാനൊക്കെ ആള് വന്നു.. കാരുനെക്കാൾ കൂടുതൽ നമ്മള് ഫോട്ടോയിൽ വേണമെന്ന് പ്ലാൻ ചെയ്തിട്ട്… ഇപ്പോൾ എന്താ അതൊന്നും വേണ്ടാതായോ.. ?
എന്റെ കൈ പിടിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോൾ ഞാനവനെ പിന്നിലേക്ക് പിടിച്ച് നിർത്തി…
” ടാ… അച്ഛൻ….. “
അസ്ഥിത്തറയിൽ കൊളുത്തിയ വിളക്കിലേക്ക് നോക്കവേ എന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…
” അച്ഛനില്ലാതെ എങ്ങനെയാടാ ഞാൻ സതോഷിക്കുന്നെ.. ?
സേതുന്റെ കൈകൾ ചേർത്തു പിടിച്ചു ഞാൻ വിതുമ്പുമ്പോൾ അവൻ എന്നിൽ നിന്നും ഒളിച്ചു വെക്കുന്നുണ്ടായിരുന്നു കണ്ണിലെ ഒരിറ്റുനനവ്.
” മാമൻ എന്തായാലും ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും.. ഇനി നീയായിട്ട് അദ്ദേഹത്തെ വേദനിപ്പിക്കരുത്.. കേട്ടോ.. ഇവിടെ ഒറ്റയ്ക്ക് നില്ക്കണ്ട .. എന്റെ കൂടെ വന്നേ… നമുക്ക് അവിടെ ഒരുപാട് പണിയുണ്ട്.. “
ആ സന്ധ്യയിൽ വീശുന്ന കാറ്റിന് പോലുമപ്പോൾ ഓർമ്മകളുടെ ഗന്ധമായിരുന്നു.. എന്റെ ബാല്യത്തിന്റെ മുഖവും, അച്ഛന്റെ സ്നേഹവുമായിരുന്നു അതിൽ നിറയെ..
എന്റെ കൈകളെ അവൻ മുന്നിലേക്ക് നയിക്കുമ്പോൾ യാന്ത്രികമായി ഞാനും അവനൊപ്പം നടന്നു.
വീട്ടിൽ വന്നു കേറിയ പാടെ കണ്ടത് മുഖവും വീർപ്പിച്ച് നിൽക്കുന്ന എന്റെ മാതാശ്രീയെയാണ്…
” എവിടായിരുന്നെടീ ഇത്രയും നേരം.. ? വരുന്നവരൊക്കെ നിന്നെ ചോദിക്കുമ്പോൾ ഞാൻ മേൽപ്പോട്ടും നോക്കി നില്ക്കുവാ.. പോകുമ്പോൾ നിനക്ക് ആരോടെങ്കിലും പറഞ്ഞൂടെ..?
അമ്മ രൗദ്രഭാവത്തിലായിരുന്നു..
” ഓഹ് … എന്റെ ഷീലക്കുട്ടിയേ ഇങ്ങനെ ദേഷ്യപ്പെടാതെ… ഞാനെന്റെ പിടിവാശിക്കരാൻ അച്ഛനെ കാണാൻ പോയതല്ലായോ.. കുറച്ചു നേരം സൊല്ലിക്കൊണ്ട് നിന്ന് സമയം പോയതറിഞ്ഞില്ല.. ഭവതി അടിയനോട് ക്ഷമിച്ചാലും… “
ആ ദേഷ്യം ഒരുചിരിയിൽ അവസാനിപ്പിച്ചെങ്കിലും എനിക്കറിയാമായിരുന്നു എന്റെ അമ്മയുടെ മനസ്സ് വിങ്ങുന്നത്…
” മതി.. മതി.. ന്യായീകരിച്ചത്… വേഗം കാരൂന്റെ അടുത്തേക്ക് ചെല്ല്.. നിന്നെയും നോക്കിയിരിക്കുവാ അവള്… “
” ദേ.. പോകുവാ… “
മുറിയിലേക്ക് കയറിപ്പറ്റാൻ ഒരു നീണ്ട പരിശ്രമം തന്നെ വേണ്ടി വന്നു.. കൂടുകാരികൾ വളഞ്ഞു നിൽക്കുവല്ലേ കല്യാണപ്പെണ്ണിനെ.. എല്ലാം കൂടി അവളോട് കൂടുതൽ സ്നേഹപ്രകടനം കാഴ്ച വെക്കുന്നത് എനിക്കത്ര ബോധിച്ചില്ല.. പണ്ടേ എനിക്കിത്തിരി കുശുമ്പ് കൂടുതലാണ്..
” എല്ലാരും ഒന്ന് ഇറങ്ങിക്കെ.. ഞാൻ മതി ഇനി കാരൂനെ ഒരുക്കാൻ..
മ്മം… വേഗം.. “
ഉന്തി തള്ളി എല്ലാത്തിനെയും പുറത്താക്കിയിട്ട് ഞങ്ങൾ മൂന്ന് പേരും കൂടി അകത്തു കയറി…കാരുനെ ഒന്ന് അടിമുടി നോക്കി തൊട്ടതിനും പിടിച്ചത്തിനുമൊക്കെ കുറ്റം പറയാനും തുടങ്ങി..
“ടാ.. സേതുവേ.. അവളുടെ കാലിന് നീല കളർ നെയിൽ പോളിഷ് ചേരില്ലടാ .. ചുവപ്പ് ഇട്ടുകൊടുത്ത് നോക്ക്… “
കാലിലെ പഴയ നെയിൽപോളിഷ് മായ്ച്ച് വളരെ ശ്രദ്ധയോടെ അവൻ ചുവപ്പ് കളർ ഇട്ടുകൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ പറഞ്ഞുപോയി അവനാണ് ആങ്ങളെയെന്ന്..
തലയിൽ ചൂടിയ മുല്ലപ്പൂ കുറഞ്ഞു പോയെന്ന് ആരോ പറയുന്നത് കേട്ട് പൂ വാങ്ങാൻ ധൃതിപിടിച്ച് പോകുന്ന വിഷ്ണുവിലും ഞാൻ കണ്ടിരുന്നു ഒരു വല്യേട്ടന്റെ പ്രൌഡി…
ക്യാമറകൾക്കും സെൽഫിക്കും മുന്നിൽ അവൾ തിളങ്ങി നിൽക്കുന്നത് കുറച്ചകലെ മാറിനിന്ന് കണ്ട് രസിക്കാനായിരുന്നു ഞാനും ഇത്രയും കാലം കാത്ത് നിന്നത്.. നാളെ മുതൽ അപരിചിതമായ കുറേ മുഖങ്ങൾക്കിടയിലേക്ക് അവൾ കടന്നുചെല്ലുമ്പോൾ ഇടയ്ക്കെങ്കിലും ആ കണ്ണുകൾ എന്നെ തിരയാതിരിക്കില്ല.. ഇപ്പോൾ തിരഞ്ഞതു പോലെ…
” വാവേ… ഇങ്ങ് വന്നേ…. “
ദൂരെ നിന്നും ആ വിളി കേട്ട് അവൾക്ക് അരികിലേക്ക് ഞാൻ ഓടിചെന്നു…
” എന്തുവാടീ… നിനക്ക് എന്റെ കൂടെ നിന്ന് ഫോട്ടോയൊന്നും എടുക്കണ്ടേ.. ? അവന്മാരെയും വിളിക്ക്… നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവുമില്ല… “
” ഓഹ്…പിന്നേ… എനിക്ക് അതിനല്ലേ നേരം.. ഒന്ന് പോടീ.. നീ പോയിട്ട് വേണം ഞങ്ങൾക്ക് ഒരു ഫോട്ടോഷൂട്ട് തന്നെ നടത്താൻ.. അടിച്ചുപൊളിക്കണം പിന്നെഅങ്ങോട്ട്.. “
പെട്ടെന്ന് അവളുടെ മുഖം വാടിയത് കണ്ടപ്പോൾ എന്റെ മനസ്സും നീറി.. അവിടെ നിന്നും മനപ്പൂർവം ഒഴിഞ്ഞു മാറുമ്പോൾ തിരിഞ്ഞ് നോക്കാതിരിക്കാനും വാടിയ ആ മുഖത്ത് നോക്കി ഒന്ന് കണ്ണ് ചിമ്മാതിരിക്കാനും എനിക്കായില്ല..
അന്ന് രാത്രി കിടക്കാൻ നേരം അവളെന്നോട് ചോദിച്ചു
” ഞാൻ പോകുന്നതിൽ നിനക്കൊരു സങ്കടവുമില്ലേന്ന്… ?
“സങ്കടമോ… സന്തോഷമാ എനിക്ക്… നാളത്തോടെ ഈ ശല്യം ഒഴിഞ്ഞു കിട്ടുമല്ലോ… പിന്നെ എനിക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാം.. “
എന്ന എന്റെ മറുപടി അവളെ ചൊടിപ്പിച്ചു.. ദേഷ്യപ്പെട്ട് തിരിഞ്ഞ് ഒരൊറ്റ കിടപ്പായിരുന്നു.. രാവേറെ കഴിഞ്ഞപ്പോൾ എന്റെ തേങ്ങലിന്റെ ശബ്ദം കേട്ട് ആ ദേഷ്യക്കാരി തന്നെയാണ് എന്നെ ഒന്നൂടെ കെട്ടിപിടിച്ചത്.. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു അവളോളം എന്നെ മനസ്സിലാക്കിയ മറ്റാരുമില്ലാന്ന്..
പിറ്റേന്ന് കല്യാണം പെണ്ണായി അണിഞ്ഞൊരുങ്ങി വന്നപ്പോൾ, അമ്മ പറഞ്ഞു തന്ന ഓർമ്മകളിലെ എനിക്ക് കാവൽ ഇരിക്കുന്ന, ” കുഞ്ഞാവേ.. വാവേ… എന്ന് വിളിച്ച് എന്നെ കളിപ്പിക്കുന്ന രണ്ടുവയസ്സുകാരിയെ ഓർത്ത് ഞാൻ അറിയാതെ ചിരിച്ചുപോയി… കാലം ഞങ്ങളിൽ എത്രമാത്രം മാറ്റങ്ങൾ വരുത്തി.. കല്യാണത്തിന് എന്റെ വക സമ്മാനമായി ആ കവിളിൽ അമര്ത്തിയൊരുമ്മ കൊടുത്തപ്പോൾ ന്റെ കാരു കരയുവായിരുന്നു.
കതിർ മണ്ഡപത്തലേക്ക് കയറാൻ നേരം അവളെന്നെ തിരയുന്നത് ഞാൻ ശ്രദ്ധിച്ചു.. പക്ഷേ അടുത്തേക്ക് ചെല്ലാൻ തോന്നിയില്ല… അവളുടെ കണ്ണുകളിൽ ഇന്നൊരു നനവ് പടർത്താൻ ഞാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല എന്നത്കൊണ്ടാവാം തിരക്കിലേർപ്പെട്ട് നടന്നത്.. എങ്കിലും അവൾ എന്നിൽ നിന്നും അകന്നു പോകുവാണല്ലോ എന്നോർത്തപ്പോൾ ഈ ദിവസം അവസാനിക്കരുതെയെന്ന് അറിയാതെ പ്രാർത്ഥിച്ചു പോയി.
” ടി…. നമുക്ക് ഇനി വേദി ഒന്ന് കളറാക്കണ്ടേ… വേഗം വാ… “
സേതുന് മാറിനിന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല..
” ഇപ്പോൾ വേണ്ടടാ.. പിന്നെ പോകാം..
” പിന്നെ എപ്പോഴാ… അവള്ടെ കൊച്ചിന്റെ പേരിടലിനോ.. ? കിടന്നു കൊഞ്ചാതെ വാടീ….”
ഒഴിഞ്ഞു മാറാൻ പോലും സമ്മതിക്കാതെ പിടിച്ചു വലിച്ച് എന്നെ കാരൂന്റെ അടുത്തേക്ക് കൊണ്ടുപോയത് അവരാണ്.. എന്റെ പുന്നാര ആങ്ങളമാരു..
ഒടുവിൽ ഞങ്ങൾ നാല് പേരും ഒരുമിച്ച് നിന്നപ്പോൾ ഇനി ഇങ്ങനൊരു ദിവസമുണ്ടാകില്ല എന്ന തിരിച്ചറിവ് എന്നിലൊരു നോവുണ്ടാക്കി… നാല് പേർക്കിടയിലേക്ക് അഞ്ചാമത് ഒരാളെത്തി.. ഇനി ആ എണ്ണം കൂടികൊണ്ടിരിക്കും..
ഏട്ടന്റെ കൈകളാൽ കാരൂന്റെ നെറ്റിയിൽ ഒരിത്തിരി സിന്ദൂരം ചാർത്തുമ്പോൾ സാരി തുമ്പ് കൊണ്ട് കണ്ണ് തുടക്കുന്ന അമ്മയെ ഞാൻ ഒരിക്കലേ നോക്കിയുള്ളൂ.. രണ്ടാമത് നോക്കാൻ എന്റെ കണ്ണുകൾ അനുവദിച്ചില്ല.
ഏട്ടന്റെ കൈകളിൽ അവളെ ഏല്പ്പിച്ച് ഒടുവിൽ യാത്ര അയക്കാൻ നിന്നപ്പോൾ എന്തുകൊണ്ടോ ഞാൻ കരഞ്ഞില്ല..
അമ്മയെ കെട്ടിപ്പിടിച്ച് ന്റെ കാരു കണ്ണീരു പൊഴിക്കുമ്പോഴും
വാവേ എന്നൊരു വിളിപ്പാടകലെ അവളുണ്ടാകുമെന്ന പ്രതീക്ഷയിൽ ഞാനൊന്നു പുഞ്ചിരിച്ചതേയുള്ളൂ..
എന്റെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് പോകാൻ മടിക്കുന്ന അവളെ മനപ്പൂർവം എന്നിൽ നിന്നും അടർത്തി മാറ്റി ഞാൻ വീട്ടിലേക്ക് ഓടി… ഒരു തിരി നാളത്തിന് മുന്നിൽ പ്രകാശിക്കുന്ന എന്റെ അച്ഛന്റെ തണലിലേക്ക്… ഞാനിനിയും അവളുടെ വരവിനായി കാത്തിരിക്കും ഒപ്പം ആ വിരലിൽ തൂങ്ങി വരുന്ന ചിറ്റമ്മ എന്ന വിളിയുടെ അവകാശിയെയും..
എന്റെ എല്ലാമെല്ലാമായ കാരൂന് എന്റെ പൊന്നേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ 😘😘😘😘😘